Latest News
|^| Home -> Novel -> Novel -> എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് -> എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് (14)

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് (14)

Sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

വിനോദിനെ സമാശ്വസിപ്പിച്ചുകൊണ്ട് കോടതിപ്പരിസരത്തു നില്‍ക്കുകയാണ് പ്രാഞ്ചിയും ബേസിലും. അപ്പോളാണ് ഉള്‍ക്കിടിലമുണ്ടാക്കുന്ന ആ കാഴ്ച! അപര്‍ണ കിഷോറിന്റേയും കൂട്ടരുടെയും കൂടെ തെല്ലും കൂസലന്യേ വാഹനത്തില്‍ കയറിപ്പോകുന്ന ഉദ്വേഗത്തിന്റെ കാഴ്ച!!…
കോടതിയുടെ നീളന്‍ വരാന്തയില്‍ ദുഃഖാര്‍ത്ഥരായി നില്‍ക്കുന്ന ജോര്‍ജി യും കുടുംബാംഗങ്ങളും മറ്റുള്ളവരും ആ അനിഷ്ടദൃശ്യത്തിന്റെ കിടിലപെരുക്കത്തിലായിരുന്നു. ആ കാഴ്ച പിടിക്കാഞ്ഞ് കൊച്ചുപ്പാപ്പന്‍ ആരോടെന്നില്ലാതെ ഉരുവിട്ടു.
”ഊരുണ്ടെങ്കില്‍ പേരുണ്ട്
പേരുണ്ടെങ്കില്‍ വേരുമുണ്ട്.”
ഒരു വിനാഴിക ഒന്നു നിര്‍ത്തിയിട്ട് അദ്ദേഹം വികാരഭരിതനായി തുടര്‍ന്നു: ”ആ പെങ്കൊച്ച് ഊ രും വേരുമൊക്കെ പറിച്ചെറിഞ്ഞിട്ടല്ലേ ഇന്നലെ കണ്ട ഒരു ചെക്കന്റെ കൂടെ വണ്ടീല്‍ കേറിപ്പോണത്…”
”കൊച്ചുപ്പാപ്പാ, വാ നമുക്ക് പോകാം…” വിനോദ് ഗദ്ഗദകണ്ഠനായി പറഞ്ഞു: ”പപ്പ തീരേ വയ്യാണ്ടായിരിക്കുന്നു! എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ മുഖത്താകെ കരിഓയില്‍ കോരിയൊഴിച്ച് ഒരുമ്പെട്ടവള് പോയ കണ്ടല്ലോ!…”
അതിനിടയില്‍ ജോര്‍ജി തലചുറ്റി വരാന്തയില്‍ നിലംപറ്റേ വീണു. അയാളെ കോരിയെടുത്തു ബെഞ്ചില്‍ കിടത്തി. മിനറല്‍ വാട്ടര്‍ മുഖത്തു തളിച്ചപ്പോള്‍ അയാള്‍ കണ്ണുകള്‍ തുറന്നെങ്കിലും വീണ്ടും അബോധാവസ്ഥയിലായി. തമസിച്ചില്ല. അയാളെ കാറില്‍കയറ്റി ലിസി ഹോസ്പിറ്റലിലേയ്ക്കു കൊണ്ടുപോയി.
തീവ്ര പരിചരണ വിഭാഗത്തിലെ ട്രീറ്റ്‌മെന്റിലിരിക്കേ ഡോക്ടര്‍ അറിയിച്ചു:
”ജോര്‍ജീടെ നില ക്രിട്ടിക്കലാണ്… ബിപി ഹൈയാണ്… ഇസിജിയില്‍ വേരിയേഷന്‍ കാണിക്കുന്നുണ്ട്….”
നിശ്ചിതനേരത്ത് ഏതാനും പേരേ മാത്രമേ രോഗിയെ കാണാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാ ലും വിവരമറിഞ്ഞ് ഹോസ് പിറ്റലില്‍ ബന്ധുക്കളും മിത്രങ്ങളുമായ ഒരുപാടു പേര്‍ വന്നും പോയുമിരുന്നു.
ഷൈനിയുടെ അനിയത്തി ബെറ്റിയാന്റിയും ഭര്‍ ത്താവും പെരുമ്പാവൂരില്‍ നിന്നും വന്നപ്പോള്‍ ബോ ബിച്ചായനാണ് വിനോദിനോടു ചോദിച്ചത്:
”അപര്‍ണയെ വിവരമൊന്നറിയിക്കണ്ടേ?…”
പെട്ടെന്നു വിനോദിന്റെ ഭാവം മാറി. ഡിജിറ്റല്‍ സീന്‍ മാതിരി ക്രൂദ്ധനായി ബോബിച്ചായനെ നോക്കി അവന്‍ പറഞ്ഞു:
”അവളെയോ?… അവള്‍ ചത്തുകെട്ട് എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ പടിയിറങ്ങിപ്പോയതല്ലേ?… ചത്തവളെ എന്തിനറിയിക്കണം. എയ്ഞ്ചല്‍ ഗാര്‍ഡന്‍സീന്നാരും അവളെ അറിയിക്കാന്‍ പോണില്ല ബോബിച്ചായാ…”
എയ്ഞ്ചല്‍ ഗാര്‍ഡന്‍ സിന്റെ ബന്ധുക്കളില്‍ അപര്‍ണയോട് എന്തെങ്കിലും ഫേവര്‍ കാണിക്കുന്നവരാണ് കുഞ്ഞാന്റിയും ബോബിച്ചായനും. വിനോദ് ചിന്തിക്കാതിരുന്നില്ല. അപര്‍ണ പോകാറുള്ള ഒരേയൊരു ബന്ധുവീടാണത്. പെരുമ്പാവൂരിലെ കളത്തൂര്‍ കുഞ്ഞാന്റിയുടെ വീട്, അവള്‍ ആരെയെങ്കിലും സ്‌നേഹിക്കയോ ബഹുമാനിക്കയോ ചെയ്യുന്നുണ്ടെങ്കില്‍ അവരേയുള്ളൂ.
കുഞ്ഞാന്റിയേയും ബോബിച്ചായനേയും!
കൂടെ ഒരു കാര്യം കൂടി വിനോദ് ഓര്‍ത്തുപോയി. ബിഎസ്‌സി നഴ്‌സിംഗിനു ബാംഗ്‌ളൂരില്‍ അഡ്മിഷനു പോയപ്പോള്‍ കൂടെപ്പോയ തു ബെറ്റിയാന്റിയും ബോ ബിച്ചായനുമാണ്. പപ്പയേ യോ മമ്മയേയോ സഹോദരനേയോ കൂട്ടാന്‍ അവള്‍ താല്പര്യം കാണിച്ചില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരുമാതിരി താല്പര്യക്കേട്!
ബെറ്റിയാന്റിയുടെയും ബോബിച്ചായന്റേയും ഏകമകള്‍ രേഷ്മയുടെ കഥയും തഥൈവ. അപര്‍ണയുടെ സീനിയറായി അവളും ബാംഗ്ലൂരില്‍ ബിഎസ്‌സി നെഴ്‌സിംഗിനു പഠിച്ചതാണ്. പഠിത്തത്തിനിടയില്‍ പ്രണയക്കുരുക്കില്‍ വീണു. അവളെ പഠിപ്പിച്ച കര്‍ണ്ണാടകക്കാരന്‍ അദ്ധ്യാപകന്‍. ഹിന്ദുപയ്യന്‍ – ഗണേഷ്. രണ്ടുപേരുടേയും വീട്ടില്‍ എതിര്‍പ്പുകളുടെ ചങ്ങലകിലുക്കം! ആത്മഹത്യാഭീഷണി! ഒടുക്കം രണ്ടുപേരുടേയും മാതാപിതാക്കള്‍ ചേര്‍ന്നു വിവാഹം നടത്തിക്കൊടുത്തു. കല്യാണം കഴിഞ്ഞിട്ട് ഒരുവര്‍ഷം പോലുമായിട്ടില്ല. രണ്ടുപേരും തമ്മില്‍ രസക്കേടിലായിരിക്കുന്നു!… രേഷ്മ വിവാഹമോചനത്തിനു കുടുംബകോടതിയെ സമീപിച്ചിരിക്കയാണ്. ന്യൂ ജനറേഷന്റെ വ്യൂ പോയിന്റ്!….
വിചിത്രാനുഭവങ്ങള്‍!…
എങ്ങും പൊരുത്തക്കേടുകള്‍!
ജീവിതവും സഹനവുമൊക്കെ എവിടെക്കിടക്കുന്നു?
സഹനമില്ലെങ്കില്‍ പിന്നെ ജീവിതത്തിന്റെ മൂല്യമെന്ത്? സുഖം, ഭക്ഷണം, ഉറക്കം, ടോയ്‌ലറ്റ് ഇത്രമാത്രമാണോ ജീവിതം?… സുഖലോലുപത എന്ന സ്വര്‍ണ്ണനാണയത്തുട്ടിനു മറുവശമുണ്ട്. കഷ്ടപ്പാടിന്റേയും ദുരിതത്തിന്റേയും മറുവശം!… സഹിക്കാന്‍ തയ്യാറാകണം. മനസ്സ് നന്നായി തയ്യാറാക്കണം. ജീവിതവിജയത്തിനത് അനിവാര്യമാണ്. കുരിശെടുത്താലേ വിജയത്തിലേയ്ക്കു ഉയിര്‍പ്പിക്കാന്‍ സകലത്തിന്റേയും നാഥനായ ദൈവം കൈനീട്ടി അണയൂ.
ഹോസ്പിറ്റല്‍ കാന്റീനില്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രാഞ്ചി പ്ര ശസ്തമായൊരു ആംഗ്‌ളേയകവിതയിലെ ആശയ സാമ്രാജ്യം വിനോദിനു മുന്നില്‍ തുറന്നിട്ടു.
”മനുഷ്യന്‍ നിസ്സാരമെന്നു കരുതി തള്ളിവിടു ന്ന ഓരോ വാക്കും ചെയ്തിയും അവനെ ഓരോരോ സംഭവഗതിയിലാക്കുന്നു. ഇവന്റ്ട്രാപ്പ്!… അലക്ഷ്യമായി സംസാരിക്കരുത്, പ്രവര്‍ത്തിക്കരുത്, സംസാരശേഷിയുള്ള ഏക മൃഗമാണ് മനുഷ്യന്‍!… ചിന്തയും സംസാരശക്തിയുമാണ് മനഷ്യനിലെ ദൈവച്ഛായ പകരുക. അശ്രദ്ധ കൊണ്ട് നാമതു വികൃതമാക്കാതിരിക്കുക. പക്ഷേ, സത്യമെന്താണ്? നാമും നമ്മുടെ പിള്ളേരും ന്യൂജനറേഷനും അതിപ്പോള്‍ വികൃതമാക്കിക്കൊണ്ടിരിക്കുന്നു!….”
കിഷോറിനും അപര്‍ണ യ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നു പ്രാഞ്ചി സമര്‍ത്ഥിക്കുന്നു. ”അവരുടെ ജീവിതം എവി ടെ നില്‍ക്കുന്നു?… പ്രണയപ്പന്തല്‍ നൂറായിരം പൂക്കള്‍ ക്കൊണ്ട് അലങ്കരിച്ച് അതിനുള്ളില്‍ മയൂരസിംഹാസ നം തീര്‍ത്തവര്‍!.. അത് സ്‌നേഹം കുരുതികൊടുക്കുന്ന മരണപ്പന്തലാകാതിരിക്കട്ടെ…”
വിനോദി നു ഈര്‍ഷ്യ അനുഭവപ്പെടുന്നുണ്ടെന്നു പ്രാഞ്ചിക്കു തോന്നി. അവര്‍ ഹോസ്പിറ്റലിന്റെ വലിയ പോര്‍ട്ടിക്കോവിലെത്തു മ്പോള്‍ ഐസിയുവില്‍ നിന്നും ഡോക്ടര്‍ മനുറോയിയുടെ ഫോണ്‍കോള്‍.
വിനോദും പ്രാഞ്ചിയും ഉടനേ തന്നെ ജോര്‍ജി കിടക്കുന്ന ഐസിയു ലക്ഷ്യമാക്കി നടന്നു. പക്ഷേ, പ്രവേശനമില്ല. അഞ്ചുമണി യാകുമ്പോള്‍ അടുത്തബന്ധുക്കളെ മാത്രം പേഷ്യ ന്റിനെ കാണിക്കും. രോഗിയെ മുറിയിലേയ്ക്കു മാറ്റുംവരെ ഓരോ ദിവസവും അതേപറ്റൂ. പേഷ്യന്റിനു അലോട്ട് ചെയ്യപ്പെട്ട നാലാം നിലയിലെ 414-ാം നമ്പര്‍ മുറിയിലായിരുന്നു ഷൈനിയും നവോമിയും. ഡോര്‍ ബെല്ലടിച്ചപ്പോള്‍ മൊബൈല്‍ നോക്കിക്കൊണ്ടുതന്നെ നവോമി വാതില്‍തുറന്നു. കിടക്കുക യായിരുന്ന ഷൈനി ബെഡില്‍ എഴുന്നേറ്റിരുന്നു. വിനോദും പ്രാഞ്ചിയും സോഫയിലിരുന്നു.
”മമ്മി ഐസിയുവില്‍ ചെന്നു കണ്ടപ്പോള്‍ പപ്പ വല്ലതും സംസാരിച്ചോ?…” വിനോദ് തിരക്കി.
”ഷൈനീ, അപര്‍ണമോളെന്തിയേ?… അപര്‍ണമോളെന്തിയേ?… അങ്ങനെ രണ്ടു മൂന്നു വട്ടം ചോദിച്ചു. അത്രമാത്രം. സംസാരത്തില്‍ അത്ര നല്ല വെളിവായിട്ടില്ല!… വാസ്തവത്തില്‍ ജോര്‍ജി അപ്പോളും അവ ളെ വിളിച്ചുകരയുകയായിരുന്നു!….”
”മമ്മീക്കറിയാല്ലോ?… ഫിഷറീസ് വകുപ്പിന്റെ ഓഫീസറായി നല്ല എനര്‍ ജിയോടെ നല്ല സ്മാര്‍ട്ടായി ജോലി നോക്കിപ്പോന്ന പപ്പേടെ ചങ്ക് പറിച്ചെടുത്തിട്ടാണാ മൂതേവി ഇന്നലെയെങ്ങോ കണ്ട ഒരു ചെപ്പിട്ടേടെകൂടെ പോയത്….
പെട്ടെന്നു നവോമിക്കു ഫോണ്‍ വന്നതിനാല്‍ സ്വകാര്യതതേടി അവള്‍ വരാന്തയിലേയ്ക്കിറങ്ങിപ്പോയി. വാതില്‍ തുറന്നപ്പോള്‍ മറ്റൊരു കാഴ്ച. വിലങ്ങിട്ടതിനാല്‍ കൂട്ടിപ്പിടിച്ച കൈയുമായി ഒരു പ്രതിയെകൂട്ടി രണ്ടുപോലീസുകാര്‍ പോ കുന്നു. മര്‍ഡര്‍ കേസുമായി തെളിവെടുക്കാനാണത്രേ.
ഷൈനി എഴുന്നേറ്റുചെന്നു വാതില്‍ അകത്തുനിന്നു ബോള്‍ട്ടിട്ട് തിരിച്ചെ ത്തി ഫോള്‍ഡിംഗ് സ്റ്റൂളിലിരുന്നു.
”മമ്മി നോക്കിക്കോ!…” വിനോദ് രോഷത്തോടെ തുടര്‍ന്നു: ”അവനെ ഞാന്‍ മണവാളനായി അധികകാലം വാഴിക്കത്തില്ല. അവള്‍ ഒറ്റപ്പെടും. ഒരു മാസം മുമ്പേ അവന്‍ മിസാകും. അല്ലേല്‍ അവള്‍ വിധവയാകും. എനിക്കതു വാശിയാ… ദുര്‍വ്വാശിയെന്നു തന്നെ കൂട്ടിക്കോ!…”
”നമ്മടെ സമയം വളരെ മോശമാ വിനോദേ… തല്ക്കാലം നീ ഒന്നിനും പോകണ്ടാ… അതാ നല്ലത്…” ഷൈനി ഉപദേശിച്ചു.
”ഷൈനി പറഞ്ഞതാ ശരി.” പ്രാഞ്ചിയുടെ അഭിപ്രായം വീണു.
”ഞാനൊന്നും ചെയ്യാ നും ചെയ്യിക്കാനും പോണില്ല മമ്മീ…” വിനോദ് കൂട്ടിച്ചേര്‍ത്തു. ”അതൊക്കെ വേണ്ടവണ്ണം കണ്ടു പ്രവര്‍ ത്തിക്കാന്‍ എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലൊരു അധോലോകമൊണ്ട്… അതേപ്പറ്റി മമ്മിക്കു കൂടുതലറിയില്ല. പ്രാഞ്ചിയണ്ണനും എനിക്കുമറിയാം. രായ്ക്കുരാമാനം ആനയെ ഇരുട്ടാക്കി മാറ്റു ന്ന വാടകക്കൊലയാളികള്‍ വരെ ആ അധോലോകത്തുണ്ട്. ജഡ്ജിയും സയ ന്റിസ്റ്റും കോളേജ് പ്രൊഫസറുമൊക്കെയുള്ള എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ മറ്റൊരു മുഖമാണത്. പിസ്റ്റ ളോ വടിവാളോ ഒക്കെ കരുതി നടക്കുന്ന അധോലോക ഗുണ്ടകള്‍ നമ്മുടെ കുടുംബത്തൊണ്ട്. പച്ചാളം പാപ്പൂട്ടീടെ മകനെ മമ്മി അറിയും. കോന്തുരുത്തി റോബര്‍ട്ടിനെയും ചാക്കുവിനേയുമൊന്നും മമ്മി അറിയില്ല… ഒന്നാന്തരം മര്‍ഡര്‍ അപകടമരണമായി മാറ്റാന്‍ പറ്റുന്നവര്‍!.. അന്വേഷകരും വിധികര്‍ത്താക്കളും സുല്ലിട്ടുപോകുന്ന ക്രൈമുകള്‍ നടത്താന്‍ പോന്നവര്‍!… അവനെ പൂശിക്കളഞ്ഞാലാരും അറിയില്ല…”
”മോനേ, അതൊക്കെ കൂടുതല്‍ പ്രശ്‌നങ്ങളല്ലേ ഉണ്ടാക്കൂ…” ഷൈനി മിനറല്‍ വാട്ടര്‍ബോട്ടില്‍ അടു പ്പു തുറന്നു വെള്ളം മടു ക്കേ കുടിച്ചിട്ട് താക്കീതി ന്റെ സ്വരത്തില്‍ തുടര്‍ന്നു: ”ഒന്നിനും പോകണ്ടാന്നു തന്നെയാ എന്റെ അഭിപ്രായം. അവനെ പൂശിക്കളഞ്ഞാലോ, അവളെ ബലമായി പിടിച്ചുകൊണ്ടുവന്നാലോ ഇനി ഈ പ്രശ്‌നം തീരുമോ?.. രണ്ടുപേരും നിയമവഴിക്കു വിവാഹിതരായിക്കഴിഞ്ഞു… ഇനി ആ ഇഷ്ടം നടക്കട്ടെ… അവള്‍ ചിറകടിച്ചു പറക്കട്ടെ… ഫീനിക്‌സ് പക്ഷിയാകട്ടെ… കുടുംബത്തിനുവരുത്തിവച്ച കളങ്കം ഇനി തിരിച്ചുകിട്ടുമോ?…”
”അതിനു കാരണക്കാരായവനു മതിയായ ശിക്ഷ കൊടുക്കണം…” വിനോദിന്റെ മുഖത്ത് അപ്പോള്‍ അമര്‍ഷത്തിന്റെ ഇരുണ്ട ഭാവം വീണു. ”വടക്കേടത്ത് എയ്ഞ്ചല്‍ ഗാര്‍ഡന്‍ സ് ആ ശിക്ഷ ഏതു സമയ ത്തും അവനു കൊടുത്തിരിക്കും. അതിന്റെ ഭവിഷ്യത്ത് എന്തായാലും വേണ്ടീ ല്ല!?…”
”കൂനിന്മേല്‍ കുരുവാക്കല്ലേ വിനോദ് മോനേ…” ഷൈനിയുടെ സ്വരത്തില്‍ പരിദേവനത്തിന്റെ നനവ്.
”ആ കുരു ഒരു പൂപോലെ നുള്ളിക്കളയും മമ്മി. ശവം നാറിപ്പൂ പ്ലക് ചെയ്യുമ്പോലെ!…” അവന്റെ ദുര്‍വാശിയുടെ കടുപ്പിച്ച സ്വരം.
പ്രാഞ്ചി വിനോദിന്റെ ചുമലില്‍ പയ്യേ കൈവച്ചു കൊണ്ട് അറിയിച്ചു: ”വിനോദേ, ചുവരിനും ചെവിയുണ്ടെന്നോര്‍ക്കണം. ഈ സബ്ജക്ട് ഇവിടെ വച്ചു നിര്‍ത്തുന്നതാണ് നല്ലത്….”
പിന്നേ വിനോദ് സംസാരിച്ചില്ല. രണ്ടുപരും ഒന്നിച്ച് വരാന്തയിലേയ്ക്കിറങ്ങി.
നാലുനാള്‍ കഴിഞ്ഞപ്പോളേയ്ക്കും ജോര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അയാളെ റൂമിലേയ്ക്കു മാറ്റി. അന്നു ഉച്ചതിരിഞ്ഞ് സ്‌തേഫാനോസച്ചന്‍ ജോര്‍ജിയെ കാണാന്‍ വന്നു. വടക്കേടത്തു കുടുംബാംഗവും ബൈബിള്‍ പണ്ഡിതനും ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കുന്ന തൊണ്ണൂറ്റൊ ന്നു വയസ്സുള്ള സ്‌തേഫാനോസച്ചന്‍ പോകും മുമ്പേ മുറിയിലൊരു പ്രാര്‍ത്ഥന നടത്തി. അദ്ദേഹം മുറിവിട്ടിറങ്ങിയപ്പോള്‍ നൈനയും ഷൈനിയും നേരത്തെ ഉദ്ദേശിച്ചപ്രകാരം അദ്ദേഹത്തോടു സംസാരിച്ചു. പ്രതികാര വാഞ്ച വെടിയാതെ നടക്കുന്ന വിനോദിനെ അച്ചന്‍ നന്നായി ഉപദേശിക്കണമെന്ന റിക്വസ്റ്റായിരുന്നു സംസാരത്തിന്റെ കാതല്‍. വിനോദിന്റെ മനസ്സ് മാറാത്തപക്ഷം ഇനി കൊലപാതകത്തിനു കൂടി എയ്ഞ്ചല്‍ ഗാര്‍ഡന്‍ സ് കണക്കുപറയേണ്ടി വരുമെന്നായിരുന്നു നൈന അച്ചനെ അറിയിച്ചത്.
”വിനോദിനെ ഞാന്‍ വിളിച്ചു സംസാരിക്കാം. അവനെ കൂട്ടി നൈന രാവിലെ ആശ്രമത്തിലേയ്ക്കു വരിക…” അച്ചന്‍ നിര്‍ദ്ദേശിച്ചിട്ട് കാറില്‍ കയറിപ്പോയി.
സ്‌തേഫാനോസച്ചന്‍ അന്നുരാത്രി വിനോദിനെ വിളിച്ചു. ”വിനോദ് നൈനയേയും കൂട്ടി നാളെ രാവിലെതന്നെ ഇങ്ങോട്ടൊന്നു വരിക… ചില പ്രധാനപ്പെട്ടകാര്യങ്ങള്‍ പറയാനൊണ്ട്…”
അച്ചന്‍ പറഞ്ഞതനുസരിച്ച് വിനോദും നൈനയും അതിരാവിലെ തന്നെ ചാലക്കുടിക്കു പുറപ്പെട്ടു.

(തുടരും)

Leave a Comment

*
*