എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് (അദ്ധ്യായം 12)

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് (അദ്ധ്യായം 12)

മാത്യൂസ് ആര്‍പ്പൂക്കര

എയഞ്ചല്‍ ഗാര്‍ഡന്‍സിലെ ജോര്‍ജിയും കുടുംബവും ഒതുങ്ങി നില്‍ക്കുന്ന കോടതി വരാന്തയുടെ അടുത്തായി പ്രാഞ്ചിയണ്ണനും ബേസിലും നിന്നു. ഹൈക്കോടതിയുടെ വരാന്തയിലും പരിസരത്തും പതിവിലേറെ ആള്‍ക്കൂട്ടം ! അതേപ്പറ്റിയായിരുന്നു പ്രാഞ്ചിയണ്ണന്റെ ചോദ്യം "എന്താടാ ബേസിലേ ഇത്ര തിരക്ക്? … അടുത്തനാളിലെങ്ങും കാണാത്ത തിരക്ക്?…"
"പ്രാഞ്ചിയണ്ണാ എറണാകുളത്തെ ഏറ്റം വല്യൊരു കുടുംബത്തെ പെണ്‍കുട്ടിയുടെ ഇമ്മാതിരിയൊരു വ്യതിചലനം വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു! …ലോകര്‍ക്ക് ആയിരമായിരം നാവുകള്‍! അതിലേറെ കണ്ണുകള്‍! …വക്രദൃഷ്ടികള്‍! …ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെന്ന അനിഷ്ട സംഭവവികാസം മാധ്യമപ്പടയേറ്റെടുത്തു കഴിഞ്ഞു… ചേട്ടന്‍ ശ്രദ്ധിച്ചോ!… അപര്‍ണയേയും അവളുടെ കാമുകന്‍ കിഷോറിനേയും ഒന്നു കാണാന്‍ എല്ലാമറിയുന്ന ജനം തിരിക്കിത്തിരക്കുന്ന കണ്ടോ?…"
"അപര്‍ണ ഇന്നു എയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ വന്നു അന്തിയുറങ്ങുമോടാ?…" പ്രാഞ്ചിയണ്ണന്‍ ആശങ്കയോടെ തിരിക്കാതിരുന്നില്ല.
"സാദ്ധ്യതയേറെയുണ്ട്…" ബേസില്‍ കാര്യകാരണസഹിതം തുടര്‍ന്നു: "പ്രഗത്ഭനായ അഡ്വക്കേറ്റ് വില്‍സണ്‍ ജോണും അതിസമര്‍ത്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ലൂക്കോസുമൊക്കെ അവരുടെ സ്വന്തക്കാരല്ലേ?… പേരെങ്കില്‍ ബാര്‍ അസ്സോസിയേഷനിലും ഹൈക്കോടതിയിലുമൊക്കെ അവരുടെ കുടുംബക്കാരും മിത്രങ്ങളുമുണ്ട്…."
"അതൊക്കെ വിസ്തരിച്ചെടുത്തിട്ടെന്തു കാര്യം?… നിയമവും നിയമനടപടികളും അതിന്റെ വഴിയിലല്ലേ നടക്കൂ…" പ്രാഞ്ചിയണ്ണന്‍ തുടര്‍ന്ന് അന്വേഷിച്ചു: "ബേസിലേ, ആ ചെക്കന്‍ കിഷോറെവിടെ നില്‍ക്കുന്നു?…"
"അണ്ണാ, കിഷോറും അവന്റെ ആള്‍ക്കാരുമൊക്കെ ഇക്കൂട്ടത്തിലൊണ്ട്…" ബേസില്‍ സ്വരമടക്കിക്കൊണ്ട് തുടര്‍ന്നു: "കിഷോറും അവന്റെ ഫ്രണ്ട്‌സും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമൊക്കെയുണ്ടെന്നറിഞ്ഞു. ഈ ചെക്കന്‍ ദളിത് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടതാണ്. ദളിത് ക്രിസ്ത്യാനികളുടെ സംഘടനയുടെ സംസ്ഥാന നേതാവും സെക്രട്ടറിയുമായ ദേവലോകം കുട്ടന്‍ ജോസഫ് കിഷോറിന്റെ അമ്മാവനാ… കേട്ടറിഞ്ഞിടത്തോളം അപര്‍ണ പ്രശ്‌നം അവരുടെ കൈയ്ക്കുള്ളിലായോന്നാ സംശയം! ദേവലോകം കുട്ടന്‍ ജോസഫ് പ്രശ്‌നം ഏറ്റെടുത്തിരിക്കയാ… അയാളും, കൂട്ടരുമാ ഇപ്പോള്‍ പ്രശ്‌നം അണിയറയില്‍ കൈയാളുന്നേ!… കൂടെ പാര്‍ട്ടിക്കാരുമുണ്ട്…"
"ആരൊക്കെയുണ്ടായാലെന്താ?…" പ്രാഞ്ചിയണ്ണന്‍ ബേസിലിന്റെ ചെവിയടക്കം പറഞ്ഞു: "രണ്ടു പ്രഗത്ഭരല്ലേ കേസ് കൈകാര്യം ചെയ്യുന്നേ… ഉടനേ ജഡ്ജിയാകാന്‍ സാദ്ധ്യതയുള്ള സീനിയര്‍ അഡ്വക്കേറ്റ് വില്‍സണ്‍ ജോണല്ലേ ജോര്‍ജിക്കുവേണ്ടി കേസെടുത്തിരിക്കുന്നത്… പ്രഗത്ഭനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ര്‍ രാജന്‍ ലൂക്കോസ് കേസന്വേഷണം നടത്തുന്നു. എതിര്‍ക്കക്ഷിയുടെ സാദ്ധ്യതകളുടെ എല്ലാ പഴുതുകളുമടച്ചാണ് അന്വേഷണം. അടുത്ത ഡിവൈഎസ്പി ലിസ്റ്റിലുള്ളയാളാ രാജന്‍… പത്രത്തില്‍ വരെ പേരു കണ്ടു.. രണ്ടുപേരും വടക്കേടത്തു എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് കുടുംബാംഗങ്ങള്‍!… അവര്‍ എതിര്‍കക്ഷികളെ വെറുതേ വിടുമോ?… രണ്ടുപേരും കൂടി എതിര്‍കക്ഷികളെ കത്രികപ്പൂട്ടിലാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടാ…"
"അവിടെയും കുട്ടന്‍ ജോസഫ് പ്രശ്‌നമുണ്ടാക്കീട്ടൊണ്ട്…" ബേസില്‍ രഹസ്യഭാവേന തുടര്‍ന്നു: "കേസന്വേഷകനും വക്കീലും അതേ കുടുംബത്തില്‍പ്പെട്ടവരാണെന്നതിനെചൊല്ലി അയാള്‍ പത്രപ്രസ്താവനയിറക്കിയിരിക്കുന്നത് കുട്ടിപ്പത്രത്തില്‍ കണ്ടു. എങ്ങനെയൊക്കെയായിത്തീരുമെന്നാര്‍ക്കറിയാം…"
"കോടതി കൂടിത്തുടങ്ങിയെന്നു തോന്നുന്നു…" പ്രാഞ്ചിയണ്ണനും ബേസിലും ജോര്‍ജിയും കുടുംബാംഗങ്ങളുമൊക്കെ നില്‍ക്കുന്നിടത്തേയ്ക്കു ആള്‍ക്കൂട്ടത്തിനിടയിലൂടെ നീങ്ങി. ജോര്‍ജിയുടെ ഓഫീസ് സ്റ്റാഫില്‍പ്പെട്ടവരും സിറ്റി ക്ലബംഗങ്ങളും കുടുംബക്കാരും നാട്ടുകാരുമൊക്കെ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു.
ബ്ലാക് ഗൗണുകളുടെ ചലനങ്ങള്‍!
ഹൈക്കോടതി ഹാളാകെ വക്കീലന്മാരുടെ പടയൊരുക്കം! മാധ്യമപ്പടയുമുണ്ട്.
ഹൈക്കോടതി ജഡ്ജിയുടെ മുമ്പാകെ അപര്‍ണ നില്‍ക്കുന്നു. ഹേബിയസ് കോര്‍പസ് ഹര്‍ജി കണ്ടെടുത്ത ആള്‍രൂപം!… വീണ്ടെടുത്ത സ്ത്രീരൂപം!… ഒന്നും സംഭവിച്ചിട്ടില്ലാത്ത ഭാവമാണവള്‍ക്ക്! മുഖത്തു വിട്ടൊഴിയാത്ത ഗൗരവഭാവമുണ്ടെന്നു മാത്രം.
"പേര്?…"
കോടതി ചോദിച്ചു.
"എന്റെ പേര് അപര്‍ണ…" അവള്‍ ചടുലമായി അറിയിച്ചു.
"അപര്‍ണയെ പോലീസ് ഇവിടെ ഹാജരാക്കിയതു എന്തടിസ്ഥാനത്തിലാണെന്നു മനസ്സിലായോ?…." കോടതി വീണ്ടും ചോദിച്ചു.
"മനസ്സിലായി…" അപര്‍ണ ഭാവഭേദമെന്യേ തുടര്‍ന്നു: "ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എന്നെ കോടതി സമക്ഷം ഹാജരാക്കിയിരിക്കുന്നേ…"
"ആരാണ് ആ ഹര്‍ജി നല്കിയതെന്നറിയാവോ?…"
"എന്റെ പപ്പ ജോര്‍ജി…"
"എന്തിനാണങ്ങനെ ജോര്‍ജി ചെയ്തതെന്നറിയാമോ?…"
"ഞാന്‍ മിസ്സായിട്ട്…"
"അപര്‍ണ മിസ്സാകാന്‍ കാരണം?…"
"ഞാനെന്റെ ലവറിന്റെ കൂടെ പോയതാണ്…"
"ലവറിന്റെ കൂടെ പോകാന്‍ മിസിംഗിന്റെ കാര്യമുണ്ടോ?… നല്ല വഴികളില്ലേ?… വീട്ടില്‍ പറയേണ്ടതല്ലേ… ഈ ചെറുപ്രായത്തില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ് വരുത്താമോ?…"
"എനിക്ക് ഇരുപത്തിരണ്ട് വയസ്സായി…"
"എറണാകുളത്തെ പ്രമുഖ കുടുംബമായ വടക്കേടത്ത് എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ പുതിയ തലമുറക്കാരിയാണ് അപര്‍ണ. അപര്‍ണ ഇങ്ങനെ വഴിതെറ്റി നടക്കാമോ?.. ജീവിതാന്തസ് കീപ് ചെയ്യണ്ടേ?… ഇനിയിപ്പോള്‍, അപര്‍ണ പപ്പയ്ക്കും മമ്മിക്കുമൊപ്പം എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലേയ്ക്കു പോകയല്ലേ?…"
"അല്ല!!…"
അപര്‍ണയുടെ നിഷേധത്തിന്റെ രണ്ടക്ഷരങ്ങള്‍! അതുകേട്ട ക്ഷണം കോടതിയാകെയൊന്നു ഞെട്ടിത്തരിച്ചപോലെ!…
"പിന്നേ?…" ജഡ്ജിയുടെ മുഖത്ത് ആകാംക്ഷ ഉയര്‍ന്നു.
"എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് ഒരു സ്വര്‍ഗ്ഗമായി ഞാന്‍ കരുതിയ കാലമുണ്ടാര്‍ന്നു…" അപര്‍ണ സധൈര്യം തുടര്‍ന്നു: "ഇന്നിപ്പം അതൊക്കെ നഷ്ടപ്പെട്ടു. അതൊരു നരകമാണ്. അങ്ങോട്ട് പോകാന്‍ ഞാനാഗ്രഹിക്കുന്നില്ല…"
"വഴിത്തെറ്റിപ്പോയ അപര്‍ണ അപകടച്ചതികളുടെ വലിയ ഗര്‍ത്തത്തില്‍നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടിരിക്കുകയാണെന്നു മനസ്സിലാക്കുന്നുണ്ടോ?…" കോടതിയുടെ നിശിതമായ ചോദ്യം.
"ഞാന്‍ വഴിതെറ്റി പോയിട്ടില്ല. ഞാനൊരു അപകടത്തിലും ചെന്നു ചാടീട്ടില്ല. എന്റെ എല്ലാ പ്രവൃത്തികളും ബോധപൂര്‍വ്വമാണ്…" അവള്‍ ഉറപ്പായി കോടതിയില്‍ ബോധിപ്പിച്ചു.
"സംഭവിച്ചതൊക്കെ സംഭവിച്ചു. അതൊക്കെ പോകട്ടെ. പൊറുക്കാനും മറക്കാനും പറ്റാത്തതൊന്നും ജീവിതത്തിലില്ല. അപര്‍ണ വീട്ടുകാരോടൊപ്പം പോകയല്ലേ നല്ലത്. ജീവിതം കൈവിട്ടുപോകാതെ നോക്കേണ്ടതു അപര്‍ണയാണ്…" കോടതി നിരീക്ഷിച്ചു.
"എന്റെ ജീവിതം കൈവിട്ടുപോകാതിരിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ട് ഞാനെടുത്ത തീരുമാനമാണത്. എയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ എനിക്കു സമാധാനോം സന്തോഷോം കിട്ടില്ല. ഞാനെന്റെ ലവര്‍ കിഷോറിന്റെ വീട്ടിലേയ്ക്കു പോകാനാണ് ആഗ്രഹിക്കുന്നത്…"
"കിഷോറിന്റെ വീട്ടിലേയ്‌ക്കോ?… ആരാണ് കിഷോര്‍?…"
"കിഷോറാണ് എന്റെ ലവര്‍. എന്റെ ക്ലാസ്‌മേറ്റ്. ബിഎസ്‌സി നഴ്‌സിംഗിനു ബാംഗ്ലൂരില്‍ ഞങ്ങളൊന്നിച്ചാര്‍ന്നു. ഇപ്പോളെന്റെ ഹസ്ബന്റ്!…" അവള്‍ കൂസലന്യേ കോടതിയെ അറിയിച്ചു.
ഇപ്പോളെന്റെ ഹസ്ബന്റെന്നു പറഞ്ഞ നിമിഷം കോടതിപോലും ഒന്നു ഞെട്ടിയോ എന്നു സംശയം. കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി കോടതി അന്വേഷിച്ചു:
"ഹസ്ബന്റോ…"
"അതേ, ഞങ്ങള്‍ വിവാഹിതരാണ്…"
അപര്‍ണ വിവാഹിത!… ചങ്ങനാശേരി വാകത്താനംകാരന്‍ കിഷോറിന്റെ നവവധു!… അതേ വിനാഴികകളില്‍ ഹൈക്കോടതിയാകെ പടര്‍ന്നു പിടിച്ച ചിന്താക്കുഴപ്പങ്ങള്‍ അല്ല വിചാരധാര!….
"അപര്‍ണ വിവാഹിതയാണെന്നുള്ളതിനു തെളിവ് വല്ലതുമുണ്ടോ?…"
കോടതിയുടെ അന്വേഷണം.
"രജിസ്ട്രാഫീസീന്നുള്ള മാര്യേജ് സര്‍ട്ടിഫിക്കറ്റുണ്ട്…"
അപര്‍ണയുടെ പുതിയ വെളിപ്പെടുത്തല്‍ കോടതിയാകെയൊരു ഉള്‍ക്കിടിലമുണ്ടാക്കി.
ആകാംക്ഷയുടെ വേലിയേറ്റം!
ഉദ്വേഗത്തിന്റെ വീശിയടിക്കുന്ന ഉഷ്ണക്കാറ്റ്!
ആ വെളിപ്പെടുത്തല്‍ കോടതി രംഗങ്ങള്‍ ചലനാത്മകമാക്കിത്തീര്‍ത്തു. അഡ്വക്കേറ്റ് വില്‍സണ്‍ ജോണ്‍ ഇടപെട്ട് ചടുലമായ വാദഗതികള്‍ ഉയര്‍ത്തിയതോടെ കിഷോറിന്റെ വക്കീലും ന്യായവാദത്തിനായി എഴുന്നേറ്റു. കോടതിയില്‍ അനിഷ്ട സംഭവവികാസങ്ങള്‍ അരങ്ങേറാതിരിക്കാന്‍ കോടതി ഓര്‍ഡര്‍. പിന്നീട് രണ്ടു വക്കീലന്മാര്‍ക്കും ലോ പോയിന്റുകള്‍ നിരത്തി വാദപ്രതിവാദങ്ങള്‍ക്കു കോടതി ഊഴം അനുവദിച്ചു. കോടതി കിഷോറിന്റേയും അപര്‍ണയുടെയും വിവാഹരേഖകള്‍ പരിശോധിച്ചു. വിവാഹിതയായ അപര്‍ണയുടെ കാര്യത്തില്‍ നിലവില്‍ ഇനി ഇടപെടാനാവില്ലെന്നു കോടതി നിരീക്ഷിച്ചു. അപര്‍ണയ്ക്കു വിവാഹക്കാര്യത്തില്‍ സ്വമേധയാ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നു കണ്ടെത്തിയ കോടതി അവളോട് ചോദിച്ചു:
"അപര്‍ണയ്ക്കു കൂടുതലായി എന്തെങ്കിലും പറയാനുണ്ടോ?…"
"ഇല്ല."
"അപര്‍ണയുടെ മാതാപിതാക്കള്‍ അപര്‍ണയെ ഒന്നു കണ്ട് സംസാരിക്കാന്‍ താല്പര്യപ്പെട്ട് കത്തുനില്‍ക്കുന്നുവെന്ന് അറിയിപ്പുണ്ട്…"
ജഡ്ജി അവളെ ധരിപ്പിച്ചു.
"കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളോടും കൂടി ബോധിപ്പിക്കട്ടെ സാര്‍!…" അപര്‍ണ കണ്ണീരോടെ ബോധിപ്പിച്ചു: "എനിക്കു വീട്ടുകാരെ ആരേയും കാണണ്ടാ… എനിക്കതു ഗുണം ചെയ്യില്ല…"
"അപര്‍ണയുടെ അമ്മയാണു നിങ്ങളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കോടതി സമക്ഷം അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നേ?…"
കോടതി വിശദമാക്കി.
"എനിക്കങ്ങനെയൊരമ്മ ഇല്ല സാര്‍.. അവര്‍ എന്റെ അമ്മയല്ല സാര്‍… വെറും ഒരു സ്ത്രീ!…" അപര്‍ണ നിറമിഴികളോടെ കോടതിസമക്ഷം തുടര്‍ന്നു: "ഒരമ്മയുടെ സ്‌നേഹവാത്സല്യങ്ങളൊന്നും ആ സ്ത്രീയില്‍നിന്നും എനിക്കു കിട്ടിയിട്ടില്ല. അവര്‍ക്ക് അവരുടെ ലോകം മാത്രം!… ആ സ്ത്രീയെ എനിക്കു കാണണ്ടാ… ഒരിക്കലും കാണണ്ടാ… എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ ഒരു ശാപമാണവര്‍!…"
ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അവള്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു:
"ബഹുമാനപ്പെട്ട കോടതിസമക്ഷം എനിക്കൊരു സങ്കടഹര്‍ജി കൂടിയുണ്ട്."
കോടതിയും പരിസരവുമാകെ നിശബ്ദമായിരുന്നു. ഒരു മൊട്ടുസൂചി വീണാല്‍ അറിയും മാതിരി!….
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org