എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – No.18

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – No.18

മാത്യൂസ് ആര്‍പ്പൂക്കര

"കിഷോര്‍ എവിടെപ്പോയി?…."
രാത്രിയായിട്ടും കിഷോറിനെ കാണാതായപ്പോള്‍ അപര്‍ണ ആകെ വിഷമിച്ചു. രാവിലെ പുറപ്പെട്ട പ്പോള്‍ നേരത്തേ എത്തുമെന്നും പറഞ്ഞാണ് പോയത്. ഇവിടെ ഒറ്റയ്ക്കു ഗര്‍ഭിണിയായ ഭാര്യയുണ്ടെ ന്ന കാര്യം കൂടി അവന്‍ മറന്നോ?… അസ്വസ്ഥതകളുടെ ധൂമകേതുക്കള്‍ പിന്നെയും പിന്നെയും പൊട്ടിപ്പിളരുന്നു. അതിലേറെ ആശങ്കകള്‍!!…
കഴിഞ്ഞ ദിവസം അപര്‍ണ ഒരു ദുഃസ്വപ്നം കണ്ടിരുന്നു. കിഷോര്‍ യാത്ര ചെയ്യവേ ഏതോ അധോലോകത്തിന്റെ കെണിയില്‍പ്പെട്ടു. അവനെ ആ ഭീകരന്മാര്‍ ദുരൂഹമായൊരിടത്തേയ്ക്കു കൊണ്ടുപോയി. കണ്ടമാനം മര്‍ദ്ദിച്ചവശനാക്കി. നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചു. അവന്‍ വലിയവായില്‍ അലറി. ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തിലുള്ള ആ അലര്‍ച്ച ആരു കേള്‍ക്കാന്‍?… പക്ഷേ, അവള്‍ ആ ദീനരോദനം കേട്ടു ഞെട്ടിയുണര്‍ന്നു!…
കാളിംഗ്‌ബെല്‍ ഹമിംഗ് ബേഡ്ഡായി ചിലച്ചുകൊണ്ട് പറന്നുവന്നു. ജാലകവിരിമാറ്റി അവള്‍ ആരാണെന്നു ഉറപ്പു വരുത്തി.
"അപര്‍ണാ… ഞാനാണ് കിഷോര്‍…"
ബോള്‍ട്ട് മാറ്റി. വാതില്‍ തുറന്നപ്പോള്‍ മദ്യത്തിന്റെ ദുര്‍ഗന്ധം മുറിയില്‍ പരന്നു. കിഷോര്‍ നന്നേ മദ്യപിച്ചിരിക്കുന്നു! അവള്‍ അവനെ രൂക്ഷമായൊന്നു നോക്കി. "നീ ഇത്രേം നേരം എവിടാര്‍ന്നു?…"
"സോറി അപര്‍ണ!.. വെരി വെരി സോറി!… വാകത്താനത്തെ കൂട്ടുകാര്‍ വിടാതെ പിടികൂടി.. പാര്‍ട്ടി അറേഞ്ച് ചെയ്തു. ഞാന്‍ പെട്ടുപോയി. വെരി സോറി!…" കിഷോര്‍ മദ്യലഹരിയില്‍ അവള്‍ക്കു മുന്നില്‍ കൈകള്‍ കൂപ്പി.
അവന്‍ കൊണ്ടുവന്ന പാഴ്‌സല്‍ ഫുഡ് മേശപ്പുറത്തുവച്ചുകൊണ്ട് വീണ്ടും ക്ഷമാപണം നടത്തി. "ഒരു വട്ടം അപര്‍ണ ക്ഷമിക്കണം."
"നമ്മളൊരുമിച്ച് പലയിടത്തും കറങ്ങി നടന്നിട്ടുണ്ട്. ഇതു മാര്യേജ് ലൈ ഫാണ്. ഞാനുടനെ അമ്മ യാകാന്‍ പോകുകയാണ്. ഇനി നീ ഇതുപോലെ മദ്യപിച്ച് കണ്ടാല്‍ ബാക്കി ഞാ നിപ്പം പറേണില്ല. നിനക്കു എന്റെ സ്വഭാവം നന്നായി അറിയാല്ലോ. തെരഞ്ഞെടുത്തതിനെ തിരസ്‌ക്കരിക്കാ നും എന്റെ മനസ്സിനു വല്യ പ്രയാസമൊന്നുമില്ല. ഞാന്‍ എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ പെണ്‍കുട്ടിതന്നെയാ… അതു മറക്കരുത്…"
എന്തൊക്കെയോ മറുപടി പറയാനായി അവന്റെ മനസ്സ് വെമ്പി. ലഹരി അവ നെ പ്രേരിപ്പിച്ചു. പക്ഷേ, അതിനുമേലേ ധൈര്യക്കുറവ്! അവന്‍ അനുസരണയുള്ളൊരു ഭര്‍ത്താവായി മാറുകയായിരുന്നു.
അപ്പോളേയ്ക്കും അപര്‍ണയുടെ ഫോണ്‍ ശബ്ദിച്ചു.
"അപര്‍ണമോളെ, കുഞ്ഞുബേബിയെന്തെടുക്കുന്നു?…" നിമ്മിയാന്റിയുടെ പതിഞ്ഞസ്വരം.
"കുഞ്ഞുബേബി യോ?…" അപര്‍ണയ്ക്കു ആദ്യം പിടികിട്ടിയില്ല. ആകാംക്ഷയോടെ മറുചോദ്യമിട്ടു.
"എടീ പൊന്നുമോളേ, നിന്റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞുബേബീടെ കാര്യമാ ആന്റി ചോദിച്ചേ…"
"ഓ!… അതുശരി." അപര്‍ണയ്ക്കു ചിരി നിയന്ത്രിക്കാനായില്ല.
"ഡ്യൂഡേറ്റ് അടുത്തുവരികയല്ലേ?… ഗൈനക്കോളജിസ്റ്റ് പറയുമ്പോലെ ഫോളോ ചെയ്യണം…." ആന്റി നിര്‍ദ്ദേശിച്ചു.
"മറ്റന്നാള് ചെക്കപ്പുണ്ട്… സ്‌കാനിങ്ങും കാണും… നമ്മടെ കൊച്ചീപ്പച്ചന്‍ അച്ചായന്റെ വൈഫ് ഡോക്ടര്‍ ഫിലോസേവ്യറാ ഗൈനക്കോളജിസ്റ്റ്. ഫിലോമ്മായി ഇപ്പം തിരുവല്ലയില്‍ ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലിലാ… എന്നെ വല്യകാര്യമാ…"
സ്‌നേഹവാത്സല്യങ്ങള്‍ ചേര്‍ ന്നുള്ള നിമ്മിയാ ന്റിയുടെ സംസാ രം പിന്നെയും തുടര്‍ന്നു. ഏറെ നേരം കഴിഞ്ഞാണതു മുറിഞ്ഞത്.
ജിമ്മിച്ചാച്ചനും നിമ്മിയാന്റിയും എത്രകണ്ട് സുന്ദരനും സുന്ദരിയുമാണ്! ആവശ്യത്തിനപ്പുറം സമ്പത്ത്! പക്ഷേ, ഒരു കുഞ്ഞിക്കാല് കാണാന്‍ ഭാഗ്യമില്ലാതെ പോയി. എന്തൊക്കെ ചികിത്സാവിധികള്‍!… എന്തൊ ക്കെ നേര്‍ച്ചകള്‍!.. നിമ്മിയാ ന്റിയുടെ കണ്ണീര്‍ വീണ് ആ മോഹങ്ങള്‍ നനഞ്ഞടങ്ങി.
രണ്ടുപേരുടെയും ഫിസിക്കല്‍ കണ്ടീഷന്‍ അപര്യാപ്തം! ഞെരിഞ്ഞിലില്‍ നിന്നും അത്തിപ്പഴമുണ്ടാവില്ല. സകലത്തിന്റേയും നാഥന്‍ ആ സന്തോഷം കൂടി അവര്‍ക്കു നല്കിയിരുന്നെങ്കില്‍? …അപര്‍ണ ശ രിക്കും ആഗ്രഹിച്ചുപോയി.
ചങ്ങനാശ്ശേരി കുരിശുംമൂട്ടില്‍ കൊട്ടാരം പോലു ള്ള പുതിയ വീട്ടില്‍ ജിമ്മി ച്ചാച്ചന്റേയും നിമ്മിയാന്റിയുടേയും ജീവിതം ആരംഭിക്കാന്‍ പോകുന്നു.
ഈശ്വരന്റെപോലും തുണയില്ലാത്തവിധം എന്നു തോന്നുമാറ് ചിലപ്പോള്‍ ഏ കാന്തത ഭീകരമാക്കാറില്ലേ മനുഷ്യജീവിതം! "എന്റെ ദൈവമേ!.. എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ കൈവിട്ടു" എന്നു ദൈവപുത്രന്‍പോലും ദൈവത്തോ ടു ചോദിച്ചുവിലപിച്ചില്ലേ? ആ ചോദിച്ച നിമിഷമാണ് ലോകം നെഞ്ചിലേറ്റിയ ഏറ്റവും ചിന്തോദ്ദീപകമായ നിമിഷം!… ലോകത്തിന്റെ ജീവന്‍ പടിഞ്ഞനിമിഷം!!
കിഷോര്‍ കടയിലേയ്ക്കു പോയ സായാഹ്നത്തിലാണ് അവര്‍ അപര്‍ണയുടെ വാടകവീട്ടിലെത്തിയത്. ജിമ്മിച്ചാച്ചനും നിമ്മിയാന്റിയും അവള്‍ അപ്പോഴും സ്‌തേഫാനോസച്ചന്റെ പുസ്തകവായനയിലായിരുന്നു. അവളാ പുസ്തകവുമായി ജിമ്മിച്ചാച്ചന്റെ അരികിലേയ്ക്കു ചെന്നു തുറന്നു കാണിച്ചു:
"ജിമ്മിച്ചാച്ചന്‍ ഇതു വായിച്ചേ… ഞാന്‍ തെരഞ്ഞെടുത്ത വഴിയാണിത്…"
ജിമ്മി പുസ്തകത്തിലെ ഭാഗം വായിച്ചു: "ജീവിതം ആനന്ദമാണെന്നു ഞാന്‍ സ്വപ്നം കണ്ടു. ഉണര്‍ന്നപ്പോള്‍ ഞാനറിഞ്ഞു ജീവിതം ശുശ്രൂഷ തന്നെ. ഞാന്‍ ശുശ്രൂഷിക്കാനാരംഭിച്ചു. അപ്പോള്‍, ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ എന്നെത്തന്നെ കണ്ടു. ഇതാ ശുശ്രൂഷയാണ് ജീവിതാനന്ദം!…"
രവീന്ദ്രനാഥ ടാഗോറിന്റെ ചിന്തോദ്ദീപകമായ വാക്കുകള്‍ ജീവിതക്കാഴ്ചകളിലേയ്ക്കു വെള്ളി വെളിച്ചമാക്കി മാറ്റുകയാണ് സ്‌തോഫാനോസച്ചന്‍.
"ഞാനങ്ങനെ ശുശ്രൂഷിക്കാന്‍ തീരുമാനിച്ചു. പാവങ്ങളെ ശുശ്രൂഷിച്ചു സ്‌നേഹിക്കാനുള്ള ഒരു ജീവിതം ബാക്കി!…" അപര്‍ണ ആത്മവിശ്വാസം ഭാവിച്ചു പറഞ്ഞു.
ജിമ്മി ഒന്നു മന്ദഹസിച്ചു: "മോളുടെ മനസ്സ് ഒത്തിരി ഒത്തിരി നല്ലതാണ്; പക്ഷേ?…" അദ്ദേഹം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
"എന്താണൊരു പക്ഷേ?…" അപര്‍ണ ജിമ്മിച്ചാച്ചന്റെ കൈവിരലില്‍ പിടിച്ചുകൊണ്ടു തുടര്‍ന്നു. "ആ പക്ഷേയ്ക്കു പറയാതെ പറയുന്നതു എനിക്കു മനസ്സിലായി. മോളുടെ ജീവിതക്കാഴ്ചപ്പാട് പാളി. മോള് ജീവിതപങ്കാളിയെ തെരഞ്ഞെടുത്തതും ജീവിതം തേടി തെരുവിലിറങ്ങിയതുമൊക്കെ അത്ര ശരിയായില്ല… എന്നൊക്കെയല്ലേ ജിമ്മിച്ചാച്ചന്റെ പക്ഷേയില്‍?…"
"എത്ര കൃത്യമായി മോളു പറഞ്ഞു…" നിമ്മിയാന്റി പറഞ്ഞു ചിരിച്ചു.
"വിനോദും മറ്റു ഫാമിലി മെമ്പേഴ്‌സും പറയുമ്പോലെ ഞാനും ജോര്‍ജിച്ചേട്ടനും ഇനി ഒന്നും പറയില്ല… സംഭവിച്ചതൊക്കെ സംഭവിച്ചു!… എന്താ പോരേ?.. ഞാനും നിമ്മിയും അങ്ങനെ പറയും. വന്നാല്‍പ്പിന്നേ ശേഷം അതാണ് ജീവിതം. പുകഞ്ഞ കൊള്ളി പുറത്തെന്ന വിനോദിന്റെ പറച്ചലിനോട് ഞാനെതിരാണ്…"
നിമിഷനേരം കഴിഞ്ഞ് ജിമ്മിച്ചാച്ചന്‍ തുടര്‍ന്നറിയിച്ചു: "ജോര്‍ജിച്ചേട്ടനും ഞാനും കൂടിയാലോചിച്ചു മോളുടെ കുടുംബജീവിതം കരുപ്പിടിപ്പിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച് ചെയ്തു തീരുമാനങ്ങളെടുത്തിട്ടുണ്ട്… അതൊക്കെ പിന്നേ പറയാം…"
അപ്പോഴേയ്ക്കും, പുറത്തേയ്ക്കു പോയിരുന്ന കിഷോര്‍ കയറി വന്നു. രണ്ടുപേരോടുമായി ജിമ്മി പറഞ്ഞു: "വന്നതിന്റെ പ്രധാനകാര്യം ഇനിയും പറഞ്ഞില്ല. തിരുവോണത്തിന്റെ പിറ്റേന്നു കുരിശുംമൂട്ടിലെ പുതിയ വീട്ടില്‍ ഞങ്ങള്‍ താമസമാരംഭിക്കുകയാണ്. അന്നത്തെ ചടങ്ങിലും സത്കാരങ്ങളിലുമൊക്കെ രണ്ടുപേരും പങ്കെടുക്കുക… വടക്കേട ത്ത് എയ്ഞ്ചല്‍ ഗാര്‍ഡന്‍ സിന്റെ പുതിയ ഒരു കുടുംബം ചങ്ങനാശ്ശേരി കുരിശുംമൂട്ടില്‍!…"
"ജിമ്മിച്ചാച്ചന്‍ ഞങ്ങടെ അടുത്തുവന്നു താമസമാക്കുന്നതില്‍ ഒത്തിരി ഒത്തിരി സന്തോഷം!… പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല…" അപര്‍ണ സന്തോഷത്തോടെ അറിയിച്ചു.
അതേ സന്തോഷത്തോടെ അവളും കിഷോറും വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബി.എം.ഡബ്‌ളിയു കാറിനടുത്തേയ്ക്ക് അവരെ അനുഗമിച്ചു; യാത്രയാക്കാന്‍. ആ കാര്‍ ഒഴുകിപ്പോകുന്നതും നോക്കി രണ്ടുപേരും നിമിഷനേരം നിന്നു. അതു കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ കിഷോര്‍ ആ വയറ്റുകണ്ണിയുടെ മുഖത്തേയ്ക്കു മുഖം തിരിച്ചു ശാന്തമായി ചോദിച്ചു:
"ഇപ്പോള്‍ അപര്‍ണ കുട്ടിക്കു കടുത്ത വിഷമവും നിരാശയും തോന്നിപ്പോകുന്നു… അല്ലേ?…"
"അതെന്തേ?.." അവള്‍ ആകാംക്ഷാഭരിതയായി.
"എന്നെപ്പോലൊരു ഗതികേടുകാരനെ സ്‌നേഹിച്ചു കെട്ടിയതില്‍?…"
"പോടാ പൊട്ടാ, നീ വിവരക്കേട് പറയാതെ…" അവന്റെ കൈവിരലില്‍ സ്‌നേഹപൂര്‍വ്വം പിടിച്ചുകൊണ്ടവള്‍ മൊഴിഞ്ഞു: "നിന്റെ ചില പൊട്ടത്തരങ്ങളൊഴിവാക്കിയാല്‍, നീ സ്‌നേഹത്തിന്റെ, നന്മയുടെ രാജകുമാരനല്ലേ?…"
"ഒവ്വോ?…"
രണ്ടുപേരും ഉറക്കെ ചിരിച്ചു.
ജിമ്മിച്ചാച്ചന്റെ കുരിശുംമൂട്ടിലെ പുതിയ വീടിന്റെ ബ്ലസിങ്ങിലും പാലുകാച്ചലിലും സത്ക്കാരങ്ങളിലുമൊന്നും പങ്കെടുക്കാന്‍ കിഷോറിനും അപര്‍ണയ്ക്കും സാധിച്ചില്ല. അതിനു മുമ്പേ അവള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടു. അവളും അവനും ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലില്‍, ഗൈനക്കോളജി വിഭാഗത്തില്‍ ലേബര്‍ റൂമില്‍ അപര്‍ണ പെയിനെടുത്തു കിടന്നു. തിരുവോണത്തിരുനാളിലായിരുന്നു. നോര്‍മല്‍ ഡെലിവറി. ഡോക്ടര്‍ ഫിലോമ്മായി ഓണത്തിരക്കിനിടയിലും ഡ്യൂട്ടി നിര്‍വ്വഹിക്കാനെത്തി. ഫിലോമ്മായി പറഞ്ഞപോലെ പെണ്‍കുഞ്ഞ്.
പുരവാസ്‌തോലിയുടെ തിരക്കിനിടയിലാണെങ്കിലും നിമ്മിയാന്റി ഹോസ്പിറ്റല്‍ റൂമില്‍ പാഞ്ഞെത്തി. പുരവാസ്‌തോലിക്കു ചങ്ങാനേശ്ശേരിയിലെത്തിയ പെരുമ്പാവൂരെ ബോബിച്ചായനും ബെറ്റിയാന്റിയും പിറകേയെത്തി. എന്നാല്‍ അപര്‍ണയുടെ മമ്മി ഷൈനി എത്തിയില്ല. മമ്മിയുടെ അസാന്നിദ്ധ്യത്തെക്കുറിച്ചു പലരും ചോദിക്കുന്നുണ്ടായിരുന്നു.
"മമ്മി വരും…"
അവള്‍ വെറുതെ അങ്ങനെ പറഞ്ഞു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org