Latest News
|^| Home -> Novel -> Novel -> എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് -> എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് (9)

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് (9)

sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

രാജന്‍ ലൂക്കോസിന്റെ ഫോണ്‍കോള്‍ ആശ്വാസകരമായിരുന്നു. അപര്‍ണയെ പോലീസ് കണ്ടെത്തിയിരിക്കുന്നു.
പോലീസിന്റെ സൈബര്‍ ട്രാപ്പ് – ആ കെണിയിലൂടെയാണ് അവളെ കണ്ടെത്തിയത്. അടുത്തദിവസം അവളെ കോടതിയില്‍ ഹാജരാക്കും. ആ വിവരം ജോര്‍ജി സ്‌തേഫാനോസച്ചനെയും കുടുംബാംഗങ്ങളേയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിട്ടില്ല.
അവര്‍ക്ക് ആശ്വാസം പകര്‍ന്ന വാര്‍ത്തയായിരുന്നത്. ധൂര്‍ത്തപുത്രനെ തിരികെ കിട്ടിയ അനുഭൂതിപോലെ!… മകളെ തിരികെ കിട്ടുന്ന നിമിഷത്തിന്റെ ആശ്വാസവും അനുഭൂതിയും!… ആ ആശ്വാസത്തിന് എത്രത്തോളം വ്യാപ്തിയുണ്ടെന്നു വരുംദിവസങ്ങളിലേ അറിയാനാവൂ. അതാണവസ്ഥ!
”അപര്‍ണമോളെ കണ്ടെത്തിയിരിക്കുന്നു. അവളെ നാളെയോ മറ്റെന്നാളോ ഹൈക്കോടതിയില്‍ ഹാജരാക്കും. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരമുള്ള കോടതി ഉത്തരവ് അനുസരിച്ചുള്ള പോലീസ് നടപടിയാണത്… ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം അവളെ രക്ഷിച്ചെടുക്കാനാണ് നോക്കുന്നതെന്നാണ് രാജന്‍ പറഞ്ഞത്…” ജോര്‍ജി അറിയിച്ചു.
”അതെത്രത്തോളം ശരിയാണോ എന്തോ?…” വിനോദ് വികാരമടക്കിക്കൊണ്ട് അച്ചനോടായി പറഞ്ഞു: ”അപര്‍ണ ലൗ ട്രാപ്പിലകപ്പെട്ടു പോയതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. അതേപ്പറ്റി കൂടുതല്‍ ഊഹാപോഹങ്ങളേയുള്ളൂ… അച്ചോ, നമ്മടെ വടക്കേടത്തു കുടുംബം!… എയ്ഞ്ചല്‍ ഗാര്‍ഡന്‍സ്!… തലമുറകളായി നമ്മളൊക്കെ കാത്തുസൂക്ഷിക്കുന്ന കുടുംബമഹത്ത്വം!….”
വിചാരങ്ങള്‍ക്കും ചിന്തകള്‍ക്കും വഴിയൊരുക്കി ക്കൊണ്ട് മൂകനിമിഷങ്ങള്‍!
”അച്ചോ, ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ…” വിനോദ് ഇടറിയ കണ്ഠത്തോടെ തുടര്‍ന്നു: ”എനിക്കു സഹിക്കാന്‍ പറ്റുന്നില്ല. അച്ചനറിയാവോ?… എന്റെ കൂട്ടുകാരന്‍ ബിജോയിയുടെ അനിയന്‍ ദന്തഡോക്ടര്‍ റോജോയുമായി ഞാന്‍ അവള്‍ക്കു കല്യാണാലോചനയിട്ടതാ… അപര്‍ണ മോള്‍ക്കും ആ പയ്യനെ അറിയാം. നല്ല സ്വഭാവമുള്ള പയ്യന്‍! നല്ല കുടുംബം. നല്ല പശ്ചാത്തലം. എന്തു ചെയ്യാം. അവള്‍ക്കാ പയ്യനെ ഇഷ്ടപ്പെട്ടില്ല…”
ദീര്‍ഘമായൊന്നു നിശ്വസിച്ചുകൊണ്ട് വിനോദ് തുടര്‍ന്നു: ”ഈ പപ്പയും ഞാ നും അവളെ എന്തുമാത്രം സ്‌നേഹിച്ചെന്നോ?… അവളെത്ര പണം ചോദിച്ചാലും പോക്കറ്റ്മണിയായി ഞാന്‍ കൊടുക്കും. ഈ പപ്പ അവളുടെ കളിക്കൂട്ടുകാരനെപ്പോലെയായിരുന്നു. ഗാര്‍ഡനില്‍ രണ്ടുപേരും കൂടി ഓടിക്കളിക്കും. സാറ്റ് ആന്റ് സി കളിക്കും. സിനിമയിലെ ത മാശരംഗങ്ങള്‍ പറഞ്ഞ് ചിരിക്കും. ഗാര്‍ഡനിലെ ബട്ടര്‍ഫ്‌ളൈസിനെയും ലൗ ബേര്‍ഡ്‌സിനേയും പിടികൂടി. ആകാശത്തേയ്ക്കു പറത്തി വിട്ടു രസിക്കും. അവളുടെ ഏതാഗ്രഹവും സാധിച്ചു കൊടുക്കാന്‍ പപ്പ നല്ല മനസ്സോടെയുണ്ട്… ആ പുന്നാരമോളാണ് രായ്ക്കുരാമാനം ആരോടും മിണ്ടാതെ കണ്ണില്‍ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയത്…”


”വിനോദ്!… നമ്മള്‍ സംയമനം പാലിക്കുക. അരുതാത്തത് സംഭവിച്ചാല്‍ പിന്നേ അതിന്റെ ബാക്കി!….” സ്‌തേ ഫാനോസച്ചന്‍ തുടര്‍ന്നു ഉപദേശിച്ചു: ”വിവേകത്തോടെ നീങ്ങുക. സര്‍വ്വവിചാരങ്ങളോടെ കരുതലോടെ മുന്നോട്ട് സ്‌റ്റെപ് വയ്ക്കുക. ഇനിയും ഈ സംഭവത്തിന്റെ അനന്തരഫലങ്ങള്‍ നമ്മള്‍ക്കു എതിരായിവരാനാണ് സാധ്യത. ട്രെയിന്‍ പാളം തെറ്റിയാല്‍ ക്രെയിന്‍ ഉപയോഗിച്ചു നേരേയാക്കുന്നതു കണ്ടിട്ടില്ലേ?… അപര്‍ണമോള്‍ക്കു വിദഗ്ദ്ധമായ കൗ ണ്‍സലിംഗ് ഇപ്പോള്‍ വേണ്ടിവരും. പ്രണയക്കുരുക്കിലകപ്പെട്ടവര്‍ വിചാരിച്ചാലേ സാദ്ധ്യമാകൂ… അവരെ രക്ഷിക്കാന്‍, അവരും ദൈവംതമ്പുരാനും മാത്രമേ കാണൂ… പ്രാര്‍ത്ഥിക്കുക…”
അച്ചന്‍ ശാന്തഗംഭീരമാര്‍ന്ന സ്വരത്തില്‍ തുടര്‍ന്നു: ”ക്രൈസ്തവജീവിതം ആനന്ദകരമാണ്. ക്ലേശങ്ങളും സഹനങ്ങളും ഏറേയുണ്ട്. അതൊക്കെ സന്തോഷത്തോടെ സ്വീകരിച്ചാല്‍ ക്രൈസ്തവജീവിതമായി. സഹനമില്ലാതെ എന്തു സന്തോഷം?…. സന്തോഷമെന്ന വാക്കിനുതന്നെ അര്‍ത്ഥമുണ്ടോ?”
കുടുംബാംഗങ്ങള്‍ പോകാനായി എഴുന്നേറ്റപ്പോള്‍ സ്‌തേഫാനോസച്ചന്‍ ചോദിക്കാതിരുന്നില്ല.
”അപര്‍ണയുടെ ഇമ്മാതിരി പോക്ക് നേരത്തേ അറിഞ്ഞില്ലേ?.. നിയന്ത്രിച്ചില്ലേ?…”
”അറിഞ്ഞില്ലെന്നു പറഞ്ഞുകൂടാ…” ജോര്‍ജി തണുത്തസ്വരത്തില്‍ തുടര്‍ന്നു: ”എന്നേയും, ഷൈനിയേയും വിനോദിനേയുമൊക്കെ വിളിച്ച് അപര്‍ണമോളെപ്പറ്റി ചില പരാതികള്‍ പറഞ്ഞു കേട്ടിട്ടുണ്ട്…. ഒന്നും ഞങ്ങളാരും കാര്യമാക്കിയില്ല. അവള്‍ പക്വതയുള്ളവളാണെന്നു വിചാരിച്ചു. വടക്കേടത്തു എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ ഇരുത്തം വന്ന പെണ്‍കുട്ടിയാണല്ലോന്നു കരുതി….”
പെട്ടെന്നു നൈന അച്ചനോടായി അറിയിച്ചു:
”വീട്ടിലെ സേര്‍വെന്റ് ശോശച്ചേടത്തി, പല പ്രാവശ്യം അപര്‍ണമോളെപ്പറ്റി അപ്രിയങ്ങള്‍ പറഞ്ഞു. അപ്പോളൊക്കെ ശോശച്ചേടത്തിയെ കുറ്റപ്പെടുത്തുകയായിരുന്നു. അപര്‍ണമോളില്‍നിന്നും അത്തരമുള്ള പഴികള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും താല്പര്യമില്ലാരുന്നു. അപര്‍ണമോള്‍ അത്തരക്കാരിയല്ല… അവളെ ഞങ്ങള്‍ക്ക് നല്ലപോലെ അറിയാമെന്ന അമിതവിശ്വാസം!”
”എല്ലാം നന്നായിത്തീരാന്‍ പ്രാര്‍ത്ഥിക്കുക. ഞാനും പ്രാര്‍ത്ഥിക്കാം…” സ്‌തേഫാനോസച്ചന്‍ തുടര്‍ന്നു നിര്‍ദ്ദേശിച്ചു: ”പ്രാര്‍ത്ഥനയുടെ ശക്തി അറിഞ്ഞു പ്രാര്‍ത്ഥിക്കുക. ദൈവത്തിന്റെ ഹിതം വെളിപ്പെടുന്നതു പ്രാര്‍ത്ഥനയിലാണ്. ദൈവഹിതത്തിനു വിധേയമാകുക അപ്പോളാണ്. ദൈവത്തെ കേള്‍ക്കുകയും ദൈവത്തോടു പറയുകയും ചെയ്യുന്നത് അപ്പോളാണ്. അപ്പോളാണ് നാം ദൈവമക്കളാകുക!….”
സ്‌തോഫാനോസച്ചനോട് യാത്ര പറഞ്ഞിറങ്ങി. ആശ്രമത്തിന്റെ പൂന്തോട്ടത്തില്‍ ഒത്തനടുവിലൊരു വമ്പനൊരു കൃത്രിമച്ചെടി. മൂന്നു മീറ്റര്‍ വ്യാസമുള്ള ഇലകളുള്ള ആമസോണ്‍ ലില്ലിച്ചെടി!… ആര്‍ട്ടിഫിഷ്യലാണെന്നു തോന്നുകയേയില്ല. സംഘത്തിലെ നൈന മാത്രമേ അതു കാര്യമായി ശ്രദ്ധിച്ചുള്ളൂ.
മടക്കയാത്രയുടെ ആലസ്യം പേറുമ്പോഴും അവരുടെ മനസ്സില്‍ അച്ചന്റെ ചിന്തോദ്ദീപകമായ വാക്കുകളായിരുന്നു. എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ വലിയമുറ്റത്തേയ്ക്ക് അവരുടെ വാഹനം ചെന്നു കയറിയപ്പോളേ ശോശച്ചേടത്തി അകത്തുനിന്നു വന്നു മെയിന്‍ വാതില്‍ തുറന്നു. അപ്പോഴും അവരുടെ കൈയ്യില്‍ ആ വെള്ളക്കൊന്തയുണ്ടായിരുന്നു. ആ കണ്ണുകള്‍ നനഞ്ഞു കലങ്ങിയതാണ്. അപര്‍ണമോള്‍ക്കുവേണ്ടി ആ സ്ത്രീ ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നു. അപര്‍ണമോള്‍ ഷൈനി പ്രസവിച്ച മകളാണെങ്കിലും കുട്ടിക്കാലമത്രയും കുളിപ്പിച്ച് ഊട്ടിവളര്‍ത്തിയ നെഞ്ചിന്റെ നൊമ്പരം!…
പെട്ടെന്ന് അഡ്വക്കേറ്റ് വില്‍സണ്‍ ജോണിന്റെ കച്ചേരിപ്പടിയിലെ ആഫീസില്‍ നിന്നും ജോര്‍ജിക്കു ഫോണ്‍ കോളെത്തി.
”എഞ്ചല്‍ ഗാര്‍ഡന്‍സിലെ ജോര്‍ജി സാറാണോ?…”
”അതേ!…”
”അഡ്വക്കേറ്റിന്റെ ആപ്പീസില്‍ നിന്നാണ് വിളിക്കുന്നേ… ജോര്‍ജിസാര്‍, ഹൈക്കോടതിയില്‍ സബ്മിറ്റ് ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ നടപടി പ്രകാരം അറിയിക്കുകയാണ്… നാളെ രാവിലെ പതിനൊന്ന് മണിക്കു അപര്‍ണയെ കോടതിയില്‍ ഹാജരാക്കും. സാറും കുടുംബാംഗങ്ങളും ഹാജരാവണം….”
”അഡ്വക്കേറ്റ് വില്‍സണ്‍ ജോണിനെ ഒന്നു കിട്ടണമല്ലോ?…. എന്റെ കസിനാണ്… പ്ലീസ്…”
ജോര്‍ജി ആകാംക്ഷാപൂര്‍വ്വം ആവശ്യപ്പെട്ടു.
”സാറ് കുറച്ചുമുമ്പേ ക്യാബിന്‍വിട്ടു പുറത്തുപോയല്ലോ… അസിസ്റ്റന്റുമാരേ യും കൂട്ടിയാണ് പോയത്… എപ്പം വരുമെന്നും അറിയില്ല…”
”നിങ്ങളാരാണ്?…” ജോര്‍ ജി എടുത്തു ചോദിച്ചു.
”ഓഫീസ് സ്റ്റാഫാണ്.” ഫോണ്‍ ഡിസ്‌കണക്ടായി.
”ആരാണ് വിളിച്ചത്?…” ഷൈനി ചോദിച്ചു.
”അഡ്വക്കേറ്റ് വില്‍സണ്‍ ജോണിന്റെ ഓഫീസില്‍ നിന്നാണ് വിളിച്ചത്…” ജോര്‍ജി ശാന്തസ്വരത്തില്‍ തുടര്‍ന്നു: ”അപര്‍ണമോളെ പോലീസ് കണ്ടെത്തി. നാളെ പതിനൊന്നുമണിക്കു ഹൈക്കോടതിയില്‍ ഹാജരാക്കും. നമ്മള് അങ്ങോട്ട് ചെല്ലണം… ഞാന്‍ വില്‍സണ്‍ ജോണിനെ അന്വേഷിച്ചിട്ട് കിട്ടിയില്ല. അവന്‍ ഓഫീസിലില്ല. പുറത്തുപോയിരിക്കയാണ്….”
”വില്‍സന് നമ്മളെയൊന്നു വിളിച്ചുകൂടേ?… വെറു തേക്കാരല്ലല്ലോ?…” ഷൈനി പറഞ്ഞു. കുണ്ഠിതത്തോടെ.
”അങ്ങനെ പറയാന്‍ പാടില്ല. അവന്‍ എന്നെ വിളിച്ചുകൊണ്ടാണിരിക്കുന്നേ… കേസിന്റെ ഗതിയെപ്പറ്റി അപ്പപ്പോള്‍ വിളിച്ചു എന്നെ അറി യിച്ചുകൊണ്ടാണിരിക്കുന്നത്…” ജോര്‍ജി ഷൈനിയെ നോക്കി പറഞ്ഞു.
”പപ്പ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ ലൂക്കോസിനെ വിളിച്ചു നോക്കിക്കേ! മമ്മിയുടെ കസിനാണല്ലോ… അവളെ കണ്ടെത്തിയതും മറ്റുമായ കാര്യങ്ങളൊക്കെ വിശദമായി അറിയാമല്ലോ?… വീട്ടുകാരുടെ ആശങ്കകള്‍ ആരറിയുന്നു!…” വിനോദ് നിര്‍ദ്ദേശിച്ചു.
ജോര്‍ജി ഉടനേ മൊബൈല്‍ ഫോണില്‍ രാജന്റെ നമ്പറെടുത്ത് ടച്ച്‌കോള്‍ ചെയ്തു. താങ്കള്‍ വിളിക്കു ന്ന ആള്‍ മറ്റാരോടോ സംസാരിക്കുകയാണ്, പിന്നീട് വിളിക്കുക. എന്നാണ് കംപ്യൂട്ടര്‍ ഗേളിന്റെ ഭാഷ്യം. വിളി ആവര്‍ത്തിച്ചപ്പോളൊക്കെ അതേ ഭാഷ്യം.
”രാജന്‍ നല്ല തിരക്കാണെന്നു തോന്നുന്നു….” ജോര്‍ജി നിസംഗതയോടെ പറഞ്ഞു: ”നമുക്കു നമ്മുടെ കാര്യം… രാജനേതെല്ലാം കേസുകള്‍ കാണും…”
”അഡ്വക്കേറ്റും സര്‍ക്കിളുമൊക്കെ സ്വന്തക്കാരാണെന്നു പറഞ്ഞിട്ടെന്താ വിശേഷം?… ആവശ്യത്തിനുപകരിക്കുന്നുണ്ടോ?…” ഷൈനി വികാരഭരിതയായി തുടര്‍ന്നു: ”ആരാന്റെ അമ്മയ്ക്കു പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസം!… അല്ലാതെന്താ?… വടക്കേടത്തു കുടുംബത്തൊരു പ്രശ്‌നമുണ്ടായിട്ട് സഹകരിക്കാനും സഹതപിക്കാനും ആരുണ്ട്? ജോര്‍ജി കാണുന്നുണ്ടല്ലോ?.. മഹാമേരു പോലെ വളര്‍ന്നു പെരുമ കാട്ടി നില്‍ക്കയാണല്ലോ വടക്കേടത്ത് എയ്ഞ്ചല്‍ ഗാര്‍ഡന്‍സ്! …ആരുണ്ട്? ബന്ധുവീട്ടുകാരൊക്കെ വീടിനകത്ത് ബ്ലാക് ന്യൂസ്, ഹോട്ട് ന്യൂസറിഞ്ഞ് രസിക്കയല്ലേ? …തനിക്കു താനും പുരയ്ക്കു തൂണും!…”
”മമ്മീടെ വീട്ടുകാരും കണക്കാ…”
നവോമി ഓര്‍മ്മിപ്പിച്ചു. എന്നിട്ടവള്‍ പിറുപിറുത്തു: ”ബോസ്റ്റിംഗ് ഫാമിലി!…”
ഷൈനി അതുകേട്ടെങ്കിലും പ്രതികരിച്ചില്ല. മകളെ തറപ്പിച്ചൊന്നു നോക്കുകമാത്രം ചെയ്തു.
ഒരു നിമിഷം!
എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ വിശാലമായ മുറ്റത്ത് കുറുകിക്കുണുങ്ങി നടന്ന ഒരു കൂട്ടം വെള്ളപ്രാക്കളെ പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ദിശയിലേയ്ക്കു പറത്തിവിട്ടുകൊണ്ട് ചോക്കലേറ്റ് നിറംപിടിച്ച വലിയ കാര്‍ അങ്ങോട്ടു പാഞ്ഞുവന്നു.
സി.ഐ. രാജന്‍ ലൂക്കോസും അഡ്വക്കേറ്റ് വില്‍സണ്‍ ജോണും ആയിരിക്കുമെന്നു വെറുതേ ആഗ്രഹിച്ചുപോയി. മനസ്സിന്റെ ആഗ്രഹമങ്ങനെയായിരുന്നല്ലോ?
ഫ്രാന്‍സിസും ധനപാലനും ഹാരീസും.
ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സഹപ്രവര്‍ത്തകര്‍. അവര്‍ അപര്‍ണമോളുടെ മിസിംഗ് ഇഷ്യുവും ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമൊക്കെ അറിഞ്ഞുവരികയാണ്.
സഹതാപതരംഗം!
ആപത്തില്‍ കൂടെനില്‍ക്കുന്നവരാണു യഥാര്‍ത്ഥ സുഹൃത്തുക്കള്‍!… അല്ലെങ്കിലും ഈ മൂവര്‍ സംഘം എന്നും എന്നൊടൊപ്പമുള്ളവരാണ്. ഓഫീസിലും ലയണ്‍സ് ക്ലബിലും സിറ്റി ജന്റില്‍മാന്‍ ക്ലബിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്നവരാണ്. ഒപ്പം എന്തിനും സഹകരിക്കുന്നവരാണ്.
നിശയുടെ ലഹരി പകരും യാമങ്ങളില്‍ പരസ്പരം ”ചിയേഴ്‌സ്” പറയാനുമുണ്ടാവുന്നവരാണ്.
”അപര്‍ണമോളെ കണ്ടെത്തിയല്ലോ!… ഏറേ സന്തോഷം!…” സോഫയിലിരുന്നുകൊണ്ട് ഫ്രാന്‍സിസ് പറഞ്ഞു: ”നാളെ കോടതിയില്‍ ഹാജരാക്കുമല്ലോ….”
”ഫ്രാന്‍സിസ് എങ്ങനെയറിഞ്ഞു?…” ജോര്‍ജി ആകാംക്ഷയോ ടെ ചോദിച്ചു.
”ഞാന്‍ സി.ഐ. രാജന്‍ ലൂക്കോസിനെ വിളിച്ചിരുന്നു…” ഫ്രാന്‍സിസ് അറിയിച്ചു.
”പോലീസിന്റെ ഫോളോഅപ് ഇന്നവസാനിപ്പിച്ച് കോടതിയില്‍ ഹാജരാക്കാമെന്നായിരുന്നു പ്രതീക്ഷ. എന്തൊക്കെയോ കാര്യമായ പ്രതിബന്ധങ്ങളുണ്ടായി. ലൗട്രാപ്പ് തന്നെ പ്രശ്‌നം…”
അവര്‍ക്കു പിന്നില്‍ കണ്ണീരൊഴുക്കിക്കൊണ്ട് ഷൈനി നില്‍പ്പുണ്ടായിരുന്നു.

(തുടരും)

Leave a Comment

*
*