ആത്മനൊമ്പരമായി അമ്മ

ആത്മനൊമ്പരമായി അമ്മ

എബിന്‍ സെബാസ്റ്റ്യന്‍, കൂവപ്പടി

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ എല്ലാവരും പള്ളിയില്‍ നിന്ന് പിരിഞ്ഞു. ഞാന്‍ വീട്ടിലേയ്ക്കു വന്നു. രാത്രി മുഴുവന്‍ ഞാന്‍ അസ്വസ്ഥനായിരുന്നു എങ്ങും നിഴലുകള്‍ മാത്രം. ആകാശത്തിനു താഴെ ഈ കറുത്ത ഭൂമിയില്‍ ഞാന്‍ എന്‍റെ നിഴലിനെ നോക്കിയിരുന്നു. തെരുവുവിളക്കിന്‍റെ അരണ്ട വെളിച്ചം എന്‍റെ നിഴലിന് വികൃതരൂപങ്ങള്‍ നല്കിക്കൊണ്ടിരുന്നു. എന്‍റെ നിഴലിന് മാത്രമല്ല മനസ്സിനും വികൃത മുഖമായിരുന്നു. കാലത്തിലെ എന്‍റെ ദുഷിച്ച പ്രവര്‍ത്തികളെ പറ്റി നിഴലുകള്‍ എന്നെ നോക്കി പറഞ്ഞു കൊണ്ടിരുന്നു. എനിക്കത് അസഹ്യമായി തോന്നി. ചെറുപ്പത്തില്‍ അമ്മ പറയുന്നതു കേള്‍ക്കാതെ ഓടിപ്പോകാനായിരുന്നു എനിക്കിഷ്ടം. മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കള്ളത്തരങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ മിടുക്കനാണെന്ന ഭാവമായിരുന്നു എനിക്ക്. അനുസരണമില്ലാതെ ദുഷ്ട ഹൃദയവുമായി ഞാന്‍ ജീവിക്കുകയായിരുന്നു.

അമ്മയില്ലാത്ത വീടിന്‍റെ ഉമ്മറപ്പടിയിലിരുന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. രാത്രി വൈകി വീടെത്തുമ്പോഴും അമ്മ ഈ പടിയില്‍ എന്നെ കാത്തിരിക്കാറുണ്ടായിരുന്നു. സ്നേഹത്തോടെ തിരുത്തിത്തരുമായിരുന്നു. അപ്പനില്ലാത്ത എന്നെ ബുദ്ധിമുട്ടിക്കാതെ വളര്‍ത്തിയ അമ്മയോട് ഒരിക്കല്‍ പോലും സ്നേഹത്തോടെ എന്തെങ്കിലും പറഞ്ഞതായി എനിക്കോര്‍മ്മയില്ല. ഭക്ഷണത്തിന് രുചി പോരാ, ചായ തണുത്തുപോയി എന്നെല്ലാം പറഞ്ഞ് അമ്മയെ ശകാരിക്കുമായിരുന്നു. അമ്മയുടെ കണ്ണീരുകണ്ട് ഞാന്‍ ആനന്ദിച്ചു.

അമ്മയുടെ ശവസംസ്ക്കാരത്തിന് വികാരിയച്ചന്‍ പറഞ്ഞു: "ഈ ലോകത്തില്‍ മകനുവേണ്ടി മാത്രം ജീവിച്ച പാവം ഒരു അമ്മയെ നഷ്ടപ്പെട്ടിരിക്കുന്നു." ഞാന്‍ ശവമഞ്ചത്തിലേക്ക് നോക്കി. അമ്മ ശാന്തമായി ഉറങ്ങുകയാണ് എന്ന് എനിക്കു തോന്നി.

പലപ്പോഴും ഒരു പുസ്തകം വായിക്കാന്‍ അമ്മ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ദേഷ്യപ്പെട്ട് ആ പുസ്തകം വലിച്ചെറിഞ്ഞു കളഞ്ഞിട്ടുമുണ്ട്. ഞാന്‍ അമ്മയുടെ മുറിയിലേക്ക് നടന്നു. അവിടെ അമ്മയുടെ മണം എനിക്കനുഭവപ്പെട്ടു. പുസ്തകവും ജപമാലയും മേശപ്പുറത്തുതന്നെയുണ്ടായിരുന്നു. ഞാന്‍ അതെടുത്തു കൊണ്ടു മുന്‍വശത്തേയ്ക്കു നടന്നു. മുറ്റത്ത് പന്തലും കസേരകളും ചതഞ്ഞരഞ്ഞ പൂക്കളും. മരണവീടിന്‍റെ ശാന്തത എന്നെ വല്ലാതെ അലട്ടി. അമ്മയുടെ കണ്ണീരുവീണ് കുതിര്‍ന്ന ജപമാലയില്‍ കൈവച്ചുകൊണ്ട് ഞാന്‍ പുസ്തകത്തിലേയ്ക്കു നോക്കി. അതൊരു വിശുദ്ധന്‍റെ കഥയായിരുന്നു. ആ പുസ്തകത്തിന്‍റെ താളുകള്‍ മറിച്ചപ്പോള്‍ അതിനും അമ്മയുടെ മണമുണ്ടെന്ന് എനിക്കു തോന്നി. ഞാന്‍ പുസ്തകം വായിക്കാനെടുത്തു. കുമ്പസാരിക്കാന്‍ അമ്മ എപ്പോഴും എന്നോടു പറയുമായിരുന്നു. കുമ്പസാരം എന്ന പുസ്തകത്തിന്‍റെ പേരു കണ്ടപ്പോള്‍ തന്നെ അമ്മയുടെ ശബ്ദമാണ് എന്‍റെ ചെവിക്കുള്ളില്‍ മുഴങ്ങിയത്.

പുസ്തകത്തിന്‍റെ ഓരോ താളുകളിലും ഞാന്‍ അമ്മയെയും എന്നെയും മാറി മാറി കണ്ടു. ആഫ്രിക്കയില്‍ തഗാസ്തേ എന്ന സ്ഥലത്ത് അക്രൈസ്തവനായ പെട്രീഷ്യസിന്‍റെയും ക്രിസ്തുമതവിശ്വാസിയായ മോനിക്കയുടെയും പുത്രനായി ജനിച്ച വി. അഗസ്റ്റിന്‍റെ കഥയായിരുന്നു അതില്‍. ചെറുപ്പത്തില്‍ അമ്മ മിടുക്കനായി വളര്‍ത്തിയ മകന്‍ എപ്പഴോ കൈവിട്ടുപോയ കഥ. വി. അഗസ്റ്റിന് എന്‍റെ മുഖമാണെന്ന് തോന്നിപ്പോയി. സ്വന്തംവീട്ടില്‍ ധാരാളം സബര്‍ ജില്ലി പഴങ്ങള്‍ ഉണ്ടായിട്ടും അയല്‍തോട്ടങ്ങളില്‍ നിന്ന് പഴങ്ങള്‍ മോഷ്ടിക്കുന്നത് അവന്‍റെ ശീലമായിരുന്നു. തിന്മ ചെയ്യാന്‍ മാത്രം അവന്‍ ആഗ്രഹിച്ചു. ഞാനും ചെറുപ്പത്തില്‍ തിന്മകള്‍ പലതും ചെയ്തുകൂട്ടി. സ്വന്തമായി സൈക്കിളുണ്ടായിരുന്നിട്ടും മറ്റുള്ളവരുടെ സൈക്കിള്‍ എടുത്തുകൊണ്ടുപോകുന്നതിനും മറ്റും ഞാനാഗ്രഹിച്ചു. എന്നും എല്ലാവരോടും സമാധാനം പറഞ്ഞിരുന്ന അമ്മ എന്നെയും തിരുത്തിതരുമായിരുന്നു.

സുഖം തേടിയുള്ള യാത്രയായിരുന്നു അഗസ്റ്റിന്‍റേത്. മനസ്സിനും ശരീരത്തിനും സുഖം കിട്ടുന്നതെന്തും ചെയ്യാന്‍ അവന്‍ കൊതിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു ഒടുവില്‍ കാമുകിയോടൊപ്പം വിവാഹം കഴിക്കാതെ ജീവിച്ചു. റോമില്‍ പോയി ജീവിക്കുവാന്‍ അവന്‍ ആഗ്രഹിച്ചു. എന്നാല്‍ ആരും നിയന്ത്രിക്കുവാനില്ലാത്ത അവസ്ഥയില്‍ അവന്‍ മോശമായി ജീവിക്കുമെന്ന് മോനിക്കയ്ക്കറിയാമായിരുന്നു.

പുസ്തകത്തിലെ വരികള്‍ക്കോരോന്നിനും എന്‍റെ ജീവിതവുമായി ബന്ധമുണ്ടെന്ന് എനിക്കു തോന്നി. അമ്മയെ തനിച്ചാക്കി ദൂരെ പഠിക്കാന്‍ പോയത് ആരും നിയന്ത്രിക്കുവാനുണ്ടാവില്ല എന്ന തോന്നലുകൊണ്ടാണ്. ഫെയ്സ് ബുക്കും വാട്സ് ആപ്പുമായി സമയം മുഴുവന്‍ തീര്‍ത്തു. ഇടയ്ക്ക് കൂട്ടുകാരുമായി മദ്യപിക്കുകയും ചെയ്തു. ഇവിടെ അമ്മ എന്നെ പ്രതി ഉരുകുന്നത് ഞാന്‍ ഓര്‍ത്തതേയില്ല. ഓരോ രാത്രിയും അമ്മ മോനിക്കയെപ്പോലെ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു.
താളുകള്‍ ആവേശത്തോടെ ഞാന്‍ വായിച്ചു തീര്‍ത്തു. റോമില്‍ ചെന്നപ്പോള്‍ അഗസ്റ്റിന്‍ വി. അംബ്രോസിനെ കണ്ടുമുട്ടി. ഒരിക്കല്‍ മോനിക്ക അംബ്രോസിനോട് മകനെപറ്റിയുള്ള സങ്കടം പറഞ്ഞപ്പോള്‍ "ആകുലപ്പെടാതിരിക്കൂ, ഇത്രയ്ക്ക് കണ്ണീരൊഴുക്കുന്നവളുടെ മകന്‍ ഒരിക്കലും നഷ്ടപ്പെടുകയില്ല." എന്നു അംബ്രോസ് പറഞ്ഞു. അമ്മ ആ വാചകത്തിന്‍റെ അടിയില്‍ വരച്ചിട്ടിരുന്നു. ഞാന്‍ നന്നായി വരുമെന്ന് ആ പാവത്തിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു.

തന്‍റെ വൃത്തികെട്ട ജീവിതം അവസാനം അഗസ്റ്റിന്‍ തിരിച്ചറിഞ്ഞു. തിരിച്ചറിവു കിട്ടിയപ്പോള്‍ പാപത്തെ വെറുത്ത് പുണ്യത്തെ പുണരണമോ, പാപമാര്‍ഗ്ഗം പിന്‍തുടരണമോ എന്ന ഉള്‍തിങ്ങല്‍ അവനുണ്ടായി. ഒടുവില്‍ ആ പാപി മരിച്ചു. ഒരു വിശുദ്ധന്‍ ജനിച്ചു. അഗസ്റ്റിന്‍റെ വിശുദ്ധ ഗ്രന്ഥം വായിച്ചപ്പോള്‍ റോമാക്കാര്‍ക്കെഴുതിയ പതിമൂന്നാം അദ്ധ്യായം 13-14 വാക്യങ്ങള്‍ കണ്ടു.

"പകലിനു യോജിച്ച വിധം നമുക്ക് പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിത വേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേയ്ക്ക് നയിക്കത്തക്കത്തവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍."

ഞാനും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. എന്‍റെ അമ്മയും ഒരു പുണ്യവതിയായിരുന്നു. വല്ലാത്ത ഹൃദയഭാരം എന്നെ മൂടി. മനസ്സു നോവുന്നു. ഞാന്‍ പുസ്തകമടച്ചു വച്ച് ഉറങ്ങാന്‍ കിടന്നു. കണ്ണുകളടച്ചു. അപ്പോഴും 'നാളെ നീ കുമ്പസാരിക്കണേ' എന്ന് അമ്മ പറയുന്ന പോലെ തോന്നി. അമ്മ എന്‍റെ അടുത്തുള്ളതായി എനിക്ക് തോന്നി. ഞാന്‍ അമ്മയ്ക്ക് വാക്കു കൊടുത്തു. ഇന്ന് എന്നിലെ പാപി മരിച്ചു. ഇനി ഒരു നല്ല മനുഷ്യനായി എനിക്ക് പുനര്‍ജനിക്കണം….

(സത്യദീപം നവതി ആഘോഷ സാഹിത്യ
മത്സരത്തില്‍ 12-18 പ്രായവിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ സംഭവകഥ.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org