ആയുഷ്ക്കാലം – അദ്ധ്യായം 10

ആയുഷ്ക്കാലം – അദ്ധ്യായം 10

ജോയിച്ചന്‍ കുറേ നേരമായി മൊബൈല്‍ ഫോണുമായി വരാന്തയിലും മുറ്റത്തുമായി നടക്കുന്നു. എന്നും അത്താഴത്തിനുശേഷം ജോയിച്ചന്‍ ബാംഗ്ലൂരിലേക്കു ഫോണ്‍ ചെയ്യും. മക്കളോടു സംസാരിക്കും. ജെയ്സിയെ കുറേ ഉപദേശിക്കും.

പതിവുപോലെ അന്നും വിളിച്ചതാണ്. പക്ഷേ, ആരും ഫോണെടുക്കുന്നില്ല. പലതവണ വിളിച്ചു.

"അന്നക്കുട്ടി, മോളു ഫോണെടുക്കുന്നില്ലല്ലോ" – ക്ഷമകെട്ടു ജോയിച്ചന്‍ ഭാര്യയോടു പറഞ്ഞു.

"അവള്‍ വല്ല ബാത്ത് റൂമിലോ മറ്റോ കയറിയതായിരിക്കും."

"റോബിനും ഫോണെടുക്കുന്നില്ല."

"അവര്‍ പുറത്തു പോയതായിരിക്കും. പള്ളിയിലോ മറ്റോ." ജോയിച്ചനെ ആശ്വസിപ്പിക്കാനായി അന്നക്കുട്ടി പറഞ്ഞു. എങ്കിലും അവരുടെ മനസ്സിലും തീ വീണു കഴിഞ്ഞിരുന്നു. എന്‍റെ മാതാവേ, അവള്‍ക്കു നേര്‍വഴി കാണിച്ചുകൊടുക്കണമേ എന്ന് അന്നക്കുട്ടി പ്രാര്‍ത്ഥിച്ചു. നൂല്‍പ്പാലത്തിലൂടെയുള്ള സഞ്ചാരംപോലെയാണ് അവരുടെ കുടുംബജീവിതം. റോബിനാണു ബാലന്‍സ് ചെയ്തുകൊണ്ടു പോകുന്നത്. അവന്‍റെ ചുവടു പിഴച്ചാല്‍ ആ നൂല്‍പ്പാലത്തില്‍ നിന്ന് അവര്‍ താഴെ പോകും. സഹിക്കുകയും ക്ഷമിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യേണ്ട പെണ്ണിന് അങ്ങനെയൊരു മനസ്സില്ല.

ജോയിച്ചന്‍ വീണ്ടും ജെയ്സിയെ വിളിച്ചു. ഇത്തവണ ഫോണ്‍ സ്വിച്ചോഫ് ചെയ്തിരിക്കുകയാണെന്ന അറിയിപ്പു വന്നു.

"നമ്മുടെ മക്കള്‍ നമ്മളെ വിഷമിപ്പിക്കുകയാണല്ലോ അന്നക്കുട്ടി" – ജോയിച്ചന്‍ പറഞ്ഞു.

ചെറിയൊരു വിഷമംപോലും താങ്ങാന്‍ ശേഷിയില്ലാത്തവനാണു ജോയിച്ചനെന്ന് അന്നക്കുട്ടിക്കറിയാം. ബാംഗ്ലൂരില്‍ പോയിട്ടു വന്നതില്‍ പിന്നെ ജോയിച്ചനു മുഖം തെളിഞ്ഞിട്ടില്ല. വ്യാകുലചിന്തകളാണ്.

"വിഷമിക്കാതെ, പിള്ളേരല്ലേ. ഒന്നും രണ്ടും പറഞ്ഞു വഴക്കുണ്ടാക്കിക്കാണും. ആ വാശിക്കു ഫോണെടുക്കതെയിരിക്കുന്നതാകും"- അന്നക്കുട്ടി പറഞ്ഞു.
ആ അമ്മയുടെ നിഗമനം ശരിയായിരുന്നു. അന്നു ജോലി കഴിഞ്ഞു ജെയ്സി നേരത്തെ വന്നു.

റോബിന്‍ അല്പം താമസിച്ചാണു വന്നത്. അവന്‍ വരുമ്പോള്‍ അവള്‍ ടി.വി. കണ്ടു സോഫായില്‍ കിടപ്പാണ്.

റോബിന്‍ ഡ്രസ്സ് മാറിയിട്ട് അടുക്കളയില്‍ ചെന്നു നോക്കി. അവനു വല്ലാത്ത നിരാശ തോന്നി. ജെയ്സി അടുക്കളയിലേക്ക് ഒന്നു നോക്കിയിട്ടുകൂടിയില്ല.

"ഇവളുടെ കൂടെ എങ്ങനെ ജീവിക്കും എന്‍റെ ദൈവമേ!" – അവന്‍ അറിയാതെ പറഞ്ഞുപോയി.

ദേഷ്യം കടിച്ചമര്‍ത്തി റോബിന്‍ അടുക്കളയില്‍ പാചകത്തിനൊരുങ്ങി. സമയം പോയതുകൊണ്ടു ചോറുണ്ടാക്കണ്ട ചപ്പാത്തി മതിയെന്നു തീരുമാനിച്ചു. ആട്ട കുഴച്ചു മയപ്പെടുത്തി പരത്തിയെടുത്തു ചപ്പാത്തിയുണ്ടാക്കി. രണ്ടുപേര്‍ക്കുംകൂടി അഞ്ചാറെണ്ണം മതി. തക്കാളിയും മുട്ടയും ചേര്‍ത്ത് ഒരു കറിയും ഉണ്ടാക്കി.

റോബിന്‍ തനിച്ചിരുന്നു ചപ്പാത്തി കഴിച്ചു. ജെയ്സിക്കു വേണമെങ്കില്‍ വന്നു കഴിക്കട്ടയെന്നു കരുതി.

ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോള്‍ റോബിന്‍ പറഞ്ഞു: "ചപ്പാത്തി ഉണ്ടാക്കിവച്ചിട്ടുണ്ട്. വേണമെങ്കില്‍ കഴിക്കാം."

"ഞാന്‍ ഷെറിനൊപ്പം പുറത്തുനിന്നു ഭക്ഷണം കഴിച്ചു" – ജെയ്സി പറഞ്ഞു.

"അതു നേരത്തെ പറയാമായിരുന്നില്ലേ? ഞാന്‍ വെറുതെ കഷ്ടപ്പെട്ടു."

"ഞാന്‍ ഭക്ഷണം കഴിച്ചതാണെന്നു വിളിച്ചുകൂവണോ?"- ജെയ്സി ദേഷ്യത്തോടെ ചോദിച്ചു.

"നിന്‍റെ തന്തയും തള്ളയും എത്ര മര്യാദക്കാരാ. അവര്‍ക്ക് എങ്ങനെയാ നിന്നെപ്പോലെ ഒരു സന്താനം ഉണ്ടായത്?"- ക്ഷമകെട്ടു റോബിന്‍ പറഞ്ഞു.

"എനിക്കെന്താ കുഴപ്പം?" – അവള്‍ ചാടിയെഴുന്നേറ്റ് ഉച്ചത്തില്‍ ചോദിച്ചു.

"നിര്‍മാണത്തിലുണ്ടായ പിഴവുതന്നെ. നിന്‍റെ അപ്പനും അമ്മയ്ക്കും പറ്റിയ അബദ്ധം."

"എന്‍റെ അപ്പനും അമ്മയ്ക്കുമല്ല നിങ്ങളുടെ അപ്പനും അമ്മയ്ക്കുമാണ് അബദ്ധം പറ്റിയത്."

"അവര്‍ക്ക് അബദ്ധം പറ്റി. നിന്‍റെ തൊലിവെളുപ്പും മോന്തയും കണ്ടിട്ടു നല്ല പെണ്ണാണെന്നു പറഞ്ഞു. അഴുക്കു നിറഞ്ഞ നിന്‍റെ ഉള്ളു കാണാന്‍ അവര്‍ക്കു കഴിഞ്ഞില്ല."

"അഴുക്കു നിങ്ങളുടെ ഉള്ളിലാണു മനുഷ്യാ. എന്തിനുമൊരു കടുംപിടുത്തം. കാലഹരണപ്പെട്ട കുറേ ആദര്‍ശം. നിങ്ങളു പറയുന്നതു മാത്രം ശരി."

"എങ്കില്‍ നീ പണ്ടേ മര്യാദ പഠിച്ചേനെ."

"ഓ പിന്നെ! മര്യാദ അളക്കാന്‍ നടക്കുന്ന ഒരാള്‍! നി ങ്ങള്‍ നിങ്ങളുടെ പണി നോക്കു മനുഷ്യാ. എന്നെ മര്യാദ പഠിപ്പിക്കാന്‍ വരാതെ" – ജെയ്സിയുടെ സ്വരമുയര്‍ന്നു.

"ഞാനെന്നല്ല, ആരു നോക്കിയാലും നീ മര്യാദ പഠിക്കാന്‍ പോകുന്നില്ല. സാമാന്യബുദ്ധിയില്ലെങ്കില്‍ എന്തു ചെയ്യാനാ?"

"ഇയാള്‍ വലിയ ബുദ്ധിമാനാണെന്നാ വിചാരം. എല്ലാ കോന്തന്മാര്‍ക്കും ആ വിചാരമുണ്ട്. പെണ്ണുങ്ങളെല്ലാം മന്ദബുദ്ധികള്‍. ആണുങ്ങള്‍ പറയുന്നത് അനുസരിച്ചു കഴുതയെപ്പോലെ ജീവിച്ചോളണം. ബുദ്ധി മുഴുവന്‍ ആണുങ്ങള്‍ക്ക്; ശപ്പന്മാര്‍!"

"ഇവളെന്‍റെ തലയില്‍ത്തന്നെ വന്നു കയറിയല്ലോ കര്‍ത്താവേ!"

"ഇയാളെന്‍റെ തലയിലാ വന്നുകയറിയത്. എന്‍റെ ജീവിതം തുലയ്ക്കാന്‍."

"നീ എന്‍റെ ജീവിതമാണെടി തുലച്ചുകളഞ്ഞത്. സമാധാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹിച്ചവനാ ഞാന്‍. നീ കാര്യങ്ങളെല്ലാം മനസ്സിലാക്കി പശ്ചാത്തപിക്കും. നല്ലവളാകും എന്നൊക്കെ കരുതി ഇതുവരെ കാത്തു. സത്യം പറഞ്ഞാല്‍ നിന്നെപ്പോലെ അറുബോറായിട്ടുള്ള ഒരു പെണ്ണ് ഒരിടത്തും കാണില്ല."

"അറുബോറന്‍ നിങ്ങളാണു റോബിന്‍. കാലത്തിനൊപ്പം നില്ക്കാനറിയാത്ത പുരാണ കീടം."

"ശത്രുവിനൊടെന്നതുപോലെ നീ എന്നെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ്. നീ എന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല."

"അതാണല്ലോ നിങ്ങളുടെ കുഴപ്പം."

"നീ കാര്യങ്ങള്‍ തുറന്നു സംസാരിക്ക് ജെയ്സി. എന്താണു നിന്‍റെ പ്രശ്നം? കുടുംബജീവിതമാണോ അതോ നിന്‍റെ തൊഴിലാണോ നിനക്കു പ്രധാനമായിട്ടുള്ളത്?"

"എനിക്കു പ്രധാനം എന്‍റെ തൊഴിലാണ്. റോബിന്‍ ആലോചിച്ചു നോക്കൂ. നമ്മള്‍ ആറു വയസ്സുള്ളപ്പോള്‍ വിദ്യാഭ്യാസം തുടങ്ങിയതാണ്. പതിനാറു പതിനേഴു വര്‍ഷം അതു തുടര്‍ന്നു. പരീക്ഷകള്‍ ഒന്നാമതായി പാസ്സാകണം എന്നു മാതാപിതാക്കളും അദ്ധ്യാപകരും നമ്മളെ ഉപദേശിച്ചു. നമ്മള്‍ അതനുസരിച്ചു. പതിനേഴു വര്‍ഷക്കാലത്തെ ജീവിതം കൊടുത്തു പരീക്ഷകള്‍ പാസ്സായി. എന്തിനാണു പരീക്ഷകള്‍ പാസ്സാകുന്നത്? നല്ല ജോലി ലഭിക്കാന്‍. നല്ല ജോലി എന്തിനാണ്? നല്ല ശമ്പളം വാങ്ങി ഉന്നത നിലയില്‍ ജീവിക്കാന്‍. അങ്ങനെയല്ലേ എന്നെയും നിങ്ങളെയും മാതാപിതാക്കളും ഗുരുജനങ്ങളും പഠിപ്പിച്ചത്. ആരെങ്കിലും നിങ്ങളോടു ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടോ നീ നന്നായി പഠിച്ചു പരീക്ഷ പാസ്സായി, കുടുംബം നടത്തണമെന്ന്? കുടുംബം നടത്താനായിട്ടുള്ള വിദ്യാഭ്യാസമാണോ നമുക്കു ലഭിച്ചത്? ഇതുവരെ വിദ്യാഭ്യാസ സ്ഥാപനത്തിലോ തൊഴില്‍ശാലയിലോവച്ച് ആരും എന്നോട് ജോലിയേക്കാള്‍ പ്രധാനം കുടുംബജീവിതത്തിനാണെന്നു പറഞ്ഞിട്ടില്ല. തൊഴിലാണു നമുക്കു സമ്പത്തു നല്‍കുന്നത്. നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആഹാരം, വസ്ത്രം, വാഹനം, വീട്, അങ്ങനെ ആഗ്രഹങ്ങളൊക്കെയും സാധിച്ചുതരുന്നതു തൊഴിലാണ്. കുടുംബമാണു പ്രധാനമെന്നു റോബിന്‍ കരുതുന്നുവെങ്കില്‍ എന്തിനാണ് ഈ ജോലിക്കു വന്നത്? കുടുംബവുമായി ബന്ധമില്ലാത്ത ഇലക്ട്രോണിക്സും കമ്പ്യൂട്ടര്‍ ടെക് നോളജിയും സോഫ്റ്റവെയറും ഓപ്പറേറ്റിംഗ് സിസ്റ്റവുമൊക്കെ എന്തിനു പഠിച്ചു?

റോബിന്‍ ബയോളജിയല്ലേ പഠിക്കേണ്ടിയിരുന്നത്? ബീജാണുക്കളെപ്പറ്റിയും അണ്ഡത്തെപ്പറ്റിയും ഗവേഷണം നടത്താമായിരുന്നില്ലേ? വിവാഹപ്രായമെത്തിയപ്പോള്‍ ഏതെങ്കിലുമൊരു പെണ്ണിനെ കല്യാണം കഴിച്ച്, വീട് നിറയെ കുട്ടികളെ സൃഷ്ടിച്ചു ജീവിക്കാമായിരുന്നില്ലേ? എന്തിനാണ് ഐടി പ്രൊഫഷണലായ ഒരു പെണ്ണിനെ തേടി നടന്നത്? ആരോഗ്യമുള്ള, പ്രസവിക്കാന്‍ ശേഷിയുള്ള ഒരു പെണ്ണിനെ അന്വേഷിച്ചാല്‍ പോരായിരുന്നോ? നിങ്ങളുടെ മനസ്സുനിറയെ കാപട്യമാണു റോബിന്‍. ആണുങ്ങളെല്ലാം ഇങ്ങനെതന്നെയാണ്. അവര്‍ക്കു സുഖിക്കണം. എല്ലാം പെണ്ണുങ്ങളും സഹിച്ചോളണം. ഐടി പ്രൊഫഷണലാണെങ്കില്‍ ലക്ഷത്തിനു മേല്‍ ശമ്പളം. കൂടെ കുടുംബത്തിന്‍റെ നടത്തിപ്പ്. അടുക്കളപ്പണി, വെപ്പ്, തൂപ്പ് തേപ്പ്, അലക്ക്, പേറ്, കുട്ടികളെ നോട്ടം. എല്ലാം പെണ്ണുങ്ങള്‍ക്ക്. ആണുങ്ങളെല്ലാം കാര്യസ്ഥന്മാര്‍, അധികാരികള്‍, ആസ്വാദകര്‍, സിംഹങ്ങള്‍… കോപ്പന്മാര്‍! പെണ്ണുങ്ങളെക്കൊണ്ടു സുഖജീവിതം നടത്തുന്ന നീചന്മാര്‍ അധമന്മാര്‍. മിണ്ടരുതെന്നോടു മേലില്‍ ഇക്കാര്യം"-ജെയ്സി കോപത്തോടെ സംസാരിച്ചു.

അല്പനേരത്തേയ്ക്കു റോബിന്‍റെ സംസാരശേഷി നഷ്ടപ്പെട്ടു. അവളുടെ വാചാലതയ്ക്കു മുമ്പില്‍ അവന്‍ തളര്‍ന്നുപോയി.

ജെയ്സി പ്രസംഗകലയില്‍ പ്രാവീണ്യമുള്ളവളാണ്. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗമത്സരത്തിനു സംസ്ഥാനതലത്തില്‍ സമ്മാനം നേടിയവളാണവള്‍. അവളോടു മിണ്ടിപ്പോയാല്‍ കുഴപ്പത്തില്‍ ചെന്നുചാടും.

അവളോടു പറഞ്ഞു ജയിക്കാന്‍ പ്രയാസമാണ്. വല്ല വക്കീലോ രാഷ്ട്രീയക്കാരിയോ ആകേണ്ടവള്‍ എന്തിനു കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചു?

എന്‍ജിനീയറിംഗ് കോളജിലെ വിദ്യാഭ്യാസത്തെപ്പറ്റി ഒരിക്കല്‍ അവള്‍ പറഞ്ഞു. ദൈവം നല്കിയ സര്‍ഗശേഷിയെല്ലാം തുടച്ചുമാറ്റി, മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കാമ്പസ് സെലക്ഷന്‍ ലക്ഷ്യമാക്കി കുട്ടികളെ പരുവപ്പെടുത്തുന്ന ഫാക്ടറി മാത്രമാണതെന്ന്.

അവള്‍ ഒരു ഫാക്ടറി ഉത്പന്നമായി മാറിപ്പോയി. കമ്പനികള്‍ക്കുവേണ്ടി പണിയെടുക്കാന്‍ സൃഷ്ടിക്കപ്പെട്ട ഒരു യന്ത്രം!

"അപ്പോള്‍ കുടുംബം വേണ്ടേ ജെയ്സി?" – റോബിന്‍ ചോദിച്ചു.

"കുടുംബം ഇങ്ങനെയൊക്കെ മതിയെന്നു വെച്ചാലെന്താ? ദൈവം മനുഷ്യരെ സൃഷ്ടിച്ചത് ആണും പെണ്ണുമായിട്ടാണല്ലോ. അതുകൊണ്ട് അവരുടെ ദാഹമോഹങ്ങള്‍ ശമിപ്പിക്കാനാരു സംവിധാനം. ജനിക്കുന്ന കുട്ടികളെ പോറ്റിവളര്‍ത്താന്‍ മാതാപിതാക്കളുണ്ടാകണം. അതിന് ഈ സംവിധാനം നല്ലതാണ്. പക്ഷേ, അതിന്‍റെ പേരില്‍ സ്ത്രീകള്‍ മാത്രം എന്തിന് ആ ഭാരമെല്ലാം ഏറ്റെടുക്കണം?"

"ജെയ്സി ചുമ്മാ, ഏകപക്ഷീയമായി സംസാരിക്കുകയാണ്. വാസ്തവത്തില്‍ കുടുംബത്തില്‍ കഴുതകളെപ്പോലെ പണിയെടുക്കുന്നതു പുരുഷന്മാരാണ്. എല്ലാ ഭാരവും ഏറ്റെടുത്ത്, എല്ലാ ചുമതലകളും നിറവേറ്റി, എല്ലാ നന്ദികേടും നിന്ദയും ഏറ്റുവാങ്ങി, നിശ്ശബ്ദരായി, അവകാശവാദങ്ങളൊന്നുമില്ലാതെ ജീവിതം തീര്‍ക്കുന്നവരാണ് പുരുഷന്മാര്‍. അവര്‍ അനുഭവിക്കുന്ന അന്തസംഘര്‍ഷത്തിന്‍റെ പകുതിപോലും സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നില്ല."

"പുരുഷന്‍റെ അന്തസംഘര്‍ഷം! തേങ്ങാക്കൊല! നിങ്ങളിനി എന്നോട് ഈ വിഷയം സംസാരിക്കരുതെന്ന് ഞാന്‍ പറഞ്ഞില്ലേ?" – ജെ യ്സി ടി.വി. ഓണ്‍ ചെയ്ത് അതിന്‍റെ ശബ്ദം കൂട്ടി.

"നീ മാത്രം പറഞ്ഞാല്‍ പോരല്ലോ. എനിക്കു പറയാനുള്ളതുകൂടി നീ കേള്‍ക്കണം."

"നിങ്ങള്‍ പറയുന്നതൊക്കെ കേള്‍ക്കാന്‍ ഞാന്‍ നിങ്ങളുടെ ചെലവില്‍ കഴിയുന്ന വളര്‍ത്തുമൃഗമല്ല."

"അവള്‍ വീണ്ടും ടിവിയുടെ ശബ്ദം കൂട്ടി.

റോബിന്‍ എഴുന്നേറ്റു ടിവിയു ടെ സ്വിച്ച് ഓഫ് ചെയ്തു.
"എനിക്കു ടിവി കാണണം" – ജെയ്സി സ്വിച്ച് ഓണ്‍ ചെയ്തു.

റോബിന്‍ വീണ്ടും സ്വിച്ച് ഒഫ് ചെയ്തു.

അടക്കാനാകാത്ത ദേഷ്യത്തോ ടെ ജെയ്സി റോബിന്‍റെ കരണ ത്തു കൈ വീശിയടിച്ചു. എന്നിട്ടവള്‍ കിടപ്പുമുറിയില്‍ കയറി കതകടച്ചു.

അടികൊണ്ടു റോബിന്‍ സ്തബ്ധനായി നിന്നു. കുറേ സമയത്തേയ്ക്ക്, എന്താണു സംഭവിച്ചതെന്ന് അവനു മനസ്സിലായില്ല.

ജീവിതത്തില്‍ ഇതുവരെ ആരും അവന്‍റെ മുഖത്തടിച്ചിട്ടില്ല.

കണ്ണില്‍ ഇരുള്‍ മൂടിയ നിലയില്‍ അവന്‍ സോഫായില്‍ ഇരുന്നു. അവന്‍റെ മുഖത്ത് അനുഭവപ്പെട്ടതിനേക്കാള്‍ വേദന അവന്‍റെ മനസ്സിലാണ്. മനസ്സ് പൊള്ളുകയാണ്.
നിസ്സഹായവസ്ഥയുടെ പാരമ്യത്തില്‍ റോബിന്‍ വിതുമ്പിക്കരഞ്ഞു. കണ്ണീര്‍ ഒഴുകിയിറങ്ങിയ കവിളില്‍ നീറ്റലാണ്.

കിടക്കമുറിയിലേക്കു കയറി അവളെ പൊതിരെ തല്ലിയാലോ എന്ന് അവന്‍ ആലോചി്ച്ചു.

അവന്‍റെ കൈ തരിച്ചു. കോ പംകൊണ്ട് അവനു സമനില ന ഷ്ടപ്പെട്ടു.

"ഒറ്റയടിക്കു തീരാനേയുള്ളൂ അവളുടെ മുഷ്ക്ക്"-ڔറോബിന്‍ പല്ല് ഞെരിച്ചുകൊണ്ടു പിറുപിറുത്തു.

എങ്കിലും റോബിന്‍ സോഫയില്‍ നിന്ന് എഴുന്നേറ്റില്ല. കതക് തള്ളിത്തുറന്നു കിടപ്പുമുറിയിലേക്കു കയറിയില്ല. ഭാര്യയുടെ കരണത്തു പകരം അടിച്ചില്ല.

റോബിന്‍റെ വിവേകം അവനെ നിയന്ത്രിച്ചു. നീ ബുദ്ധിശൂന്യത കാണിക്കരുതെന്ന് അവന്‍റെ മനസ്സില്‍ ആരോ ഉപദേശിച്ചു.

ജെയ്സി വല്ലാത്ത പെണ്ണാണ്. നീ അവളെ അടിച്ചാല്‍ അവളുടെ പ്രതികരണം എന്താണെന്നു സങ്കല്പിക്കാന്‍ കഴിയില്ല. അവള്‍ വല്ല അതിക്രമവും കാണിച്ചാല്‍ നീ തൂങ്ങും. പൊലീസില്‍ പരാതിപ്പെട്ടാലും നീ പെട്ടുപോകും. വാര്‍ത്തയാകും, നാറും, ലോകം പെണ്ണിനൊപ്പമാണ്. ആരുടെയും സംരക്ഷണം ലഭിക്കാത്ത ജന്തുക്കളാണു പുരുഷന്മാര്‍. അവന്‍റെ സങ്കടത്തിന് ഒരു വിലയുമില്ല.

എത്ര പ്രതീക്ഷയോടെയാണു റോബിന്‍ ജെയ്സിയെ വിവാഹം കഴിച്ചത്. ആദ്യദര്‍ശനത്തില്‍ത്തന്നെ അവളെ അവനിഷ്ടപ്പെട്ടു. ആഗ്രഹിച്ചതുപോലെ സൗന്ദര്യവും വിദ്യാഭ്യാസവുമുള്ളവള്‍. അവളോടൊത്തു സന്തോഷത്തോടും സമാധാനത്തോടുമുള്ള ജീവിതമാണ് അവന്‍ സ്വപ്നം കണ്ടത്. അവളെ ജീവിതപങ്കാളിയായി ലഭിച്ചപ്പോള്‍ ഭാഗ്യമാണെന്ന് അഹങ്കരിച്ചു.

ഒരു നിമിഷംകൊണ്ട് എല്ലാ സ്വപ്നങ്ങളും അസ്തമിച്ചു. പ്രതീക്ഷകളെല്ലാം അവസാനിച്ചു. ആ മഹത്തായ ബന്ധം ശിഥിലമായിരിക്കുന്നു.

ഒരു പെണ്ണിനെ നിലയ്ക്കു നിര്‍ത്താനും കൂടെ പൊറുപ്പിക്കാനും ശേഷിയില്ലാത്തവനെന്നു കൂട്ടുകാരും നാട്ടുകാരും ബന്ധുജനങ്ങളും അവനെ കുറ്റപ്പെടുത്തും.

ജീവിതത്തോടുതന്നെ റോബിനു വെറുപ്പു തോന്നി. അവന്‍റെ കണ്ണു നിറഞ്ഞുതുളുമ്പി.

നല്ല വിദ്യാഭ്യാസം, നല്ല ജോലി, നല്ല ശമ്പളം. ഇതുകൊണ്ടു മാത്രം ജീവിതം സന്തോഷപൂര്‍ണമാകില്ല. മറ്റു പല ഘടകങ്ങളുംകൂടി ഒത്തുചേരണം. അതിനു ഭാഗ്യം വേണം. ഒരു നിര്‍ഭാഗ്യജന്മമാണു തന്‍റേത്.

പ്രശ്നങ്ങളവസാനിപ്പിച്ചു ജെയ്സിയുമായി രമ്യപ്പെടാനും അവളെ നേര്‍വഴിക്കു കൊണ്ടുവരാനുമാണു റോബിന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. എല്ലാ ശ്രമവും പരാജയപ്പെട്ടു. എല്ലാം അവള്‍ തകര്‍ത്തു. ഓരോ ദിവസവും അവള്‍ക്ക് ഓരോ സ്വഭാവമാണ്.

അവള്‍ ജോലി ചെയ്യുന്ന കമ്പനി, വ്യാമോഹങ്ങളുടെ കൊടുമുടിയിലേക്കു ജീവനക്കാരെ തള്ളിക്കയറ്റുകയാണ്. പ്രവര്‍ത്തനമികവുണ്ടെങ്കില്‍ വളരെ പെട്ടെന്നു സ്ഥാനക്കയറ്റങ്ങള്‍, മുമ്പില്‍ മാതൃകയായി മഹദ്വ്യക്തികള്‍. മാസം ഇരുപതു ലക്ഷം ശമ്പളം പറ്റുന്ന സിഇഒ, മുപ്പതു ലക്ഷം ശമ്പളമുള്ള ജനറല്‍ മാനേജര്‍, അറുപതു ലക്ഷമു ള്ള ചെയര്‍മാന്‍…

കമ്പനികള്‍ ഒരുപാട്. പ്രവര്‍ത്തനമികവുള്ളവര്‍ക്ക് എവിടെയും സാദ്ധ്യതകളുടെ വസന്തകാലം! ഇതൊക്കെ കേട്ടു പെണ്ണു ഭ്രമിച്ചുപോയി. സ്വയം മറന്നുപോയി. ആദ്യകാലത്തു തനിക്കും ഇതൊക്കെ തോന്നിയതാണ്.

മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയംവച്ചു കാര്യങ്ങള്‍ അവളോടു പല പ്രാവശ്യം വിശദീകരിച്ചതാണ്. അതൊക്കെ പുരുഷന്‍റെ കുശുമ്പ്, പോസിറ്റീവ് ചിന്തകളുടെ കുറവ്, ഈഗോ ട്രാഷ്!

ഇതൊക്കെ കമ്പനികളുടെ തന്ത്രങ്ങള്‍.

മാസം ഒരു കോടി രൂപ ശമ്പളം പറ്റാന്‍ മാത്രം മഹത്തായ സേവനം ഈ രാജ്യത്ത് എന്താണുള്ളത്?

കാമ്പസ് സെലക്ഷനില്‍ ആട്ടിത്തെളിച്ചുകൊണ്ടുവരുന്ന കുട്ടികളെ ത്രസിപ്പിച്ചു നിര്‍ത്താന്‍ കഴുതകളെപ്പോലെ പണിയെടുപ്പിക്കാന്‍ മാതൃകയായി മുകളില്‍, കണ്ണെത്താ ഉയരത്തില്‍ രണ്ടും നാലും കോടി ശമ്പളം പറ്റുന്ന ചെയര്‍മാന്മാര്‍!

അറക്കാന്‍ കൊണ്ടുപോകുന്ന ആടുകളെ വേഗം നടത്തിക്കൊണ്ടു പോകാന്‍ ഇറച്ചിക്കച്ചവടക്കാരന്‍ ഒരു കെട്ടു പ്ലാവിലയുമായി മുമ്പേ നടക്കും.

എത്ര മികവുള്ളവരാണെങ്കിലും കമ്പനി ലക്ഷ്യം കണ്ടുകഴിയുമ്പോള്‍ തള്ളിക്കളയും. ഏതെങ്കിലും ഒരമേരിക്കന്‍ കമ്പനിയുടെ ബിസിനസ്സ് നഷ്ടമായത് അയാള്‍ മൂലമാണെന്ന് ഒരു ആരോപണം വയ്ക്കും. ഒരു ദിവസം മാനേജര്‍ വിളിച്ചു കമ്പനിയില്‍നിന്നു പിരിച്ചുവിട്ടതായി അറിയിക്കും. അത്രയേയുള്ളൂ ഈ ആഘോഷം. എത്രയോ പേരുടെ കണ്ണീര്‍ കണ്ടിട്ടുണ്ട്.. മനുരാജ്, അശ്വതി, ജോസ് പോള്‍ അങ്ങനെ എത്ര പേര്‍…

പണം നേടുന്നതു മാത്രമാണ് അവതാരലക്ഷ്യമെന്നു തോന്നിപ്പോയാല്‍ ആര്‍ക്കു രക്ഷിക്കാന്‍ കഴിയും?

റോബിന്‍ ആ രാത്രി ഉറക്കം നഷ്ടപ്പെട്ടു സോഫയിലിരുന്നു. ആകുലതകള്‍ നിറഞ്ഞ ചിന്തകള്‍ അവനെ കശക്കി.

നേരം പുലര്‍ന്നപ്പോഴേക്കും ഈ മഹാനഗരത്തിലെ അവസാന രാത്രിയാണു കഴിഞ്ഞുപോയതെന്ന് അവനു തോന്നി. എല്ലാം അവസാനിപ്പിച്ച് ഇവിടം വിട്ടുപോകാം.

ഇനി ഇവളോടൊപ്പം ഇവിടെ ജീവിച്ചു തുലച്ചുകളയാനുള്ളതല്ല തന്‍റെ ജീവിതം

പ്രഭാതമായിട്ടും റോബിന്‍ സെറ്റിയില്‍ നിന്നെഴുന്നേറ്റില്ല. കണ്ണുകളടച്ചു സെറ്റിയില്‍ തളര്‍ന്നു കിടക്കുകയായിരുന്നവന്‍.

"റോബിന്‍" എന്ന വിളിയാണ് അവനെ ഉണര്‍ത്തിയത്. അവന്‍ കണ്ണു തുറന്നു. മുമ്പില്‍ ജോലിക്കു പോകാന്‍ തയ്യാറായി ജെയ്സി നില്ക്കുന്നു. അവളുടെ മുഖവും വാടിയിട്ടുണ്ട്. അവളും ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല.

"സോറി റോബിന്‍. റിയലി സോറി. ഞാന്‍ ഇന്നലെ റോബിനെ അടിക്കാന്‍ പാടില്ലായിരുന്നു. റോബിനെയെന്നല്ല ആരെയും അടിക്കുന്നതു തെറ്റാണെന്ന് എനിക്കറിയാം. പെട്ടെന്നുണ്ടായ കോപംകൊണ്ടു പററിപ്പോയതാണ്. റോബിന്‍ പകരം എന്നെ അടിച്ചോളൂ" – ജെയ്സി പറഞ്ഞു.

റോബിന്‍ മറുപടി പറഞ്ഞില്ല. പകരം അടിച്ചില്ല. അവനെഴുന്നേറ്റു ബാത്ത് റൂമിലേക്കു പോയി. കുളിച്ചു ഡ്രസ്സ് മാറി ജോലിക്കു പോകാനായി ഇറങ്ങുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.

ജെയ്സിയുടെ പപ്പയാണ്.

"ഹലോ പപ്പ."

"ഇന്നലെ മുതല്‍ വിളിക്കുന്നതാണ്. നിങ്ങള്‍ എന്താണു ഫോണെടുക്കാത്തത്?" – ജോയിച്ചന്‍ ചോദിച്ചു.

"നെറ്റ്വര്‍ക്ക് കംപ്ലയിന്‍റാണു പപ്പ. സെര്‍വര്‍ ഹാങ്ങായതോ മറ്റോ ആണ്. ശരിയായി" – റോബിന്‍ പറഞ്ഞു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org