Latest News
|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 12

ആയുഷ്ക്കാലം – അദ്ധ്യായം 12

Sathyadeepam

ജോസ് ആന്റണി

ബാംഗ്ലൂര്‍ നഗരകേന്ദ്രത്തിലുള്ള സെന്‍റ് മേരീസ് ബസിലിക്ക പള്ളിയില്‍ ദിവ്യബലിയില്‍ പങ്കെടുത്തശേഷം പുറത്തിറങ്ങി കാറിനടുത്തു റോബിന്‍ ജെയ്സിയെ കാത്തുനിന്നു. ജെയ്സി ഏതോ പരിചയക്കാരിയുമായി പ ള്ളിയുടെ മോണ്ടളത്തില്‍ സംസാരിച്ചുകൊണ്ടു നില്ക്കുകയാണ്.

ഈ സമയത്ത് ഒരു ഔഡി കാര്‍ റോബിന്‍റെ അടുത്തു വന്നുനിന്നു. ഡ്രൈവര്‍സീറ്റിനടുത്തുള്ള വിന്‍ഡോ ഗ്ലാസ് താഴ്ന്നു. ആദര്‍ശ് റോബിന്‍റെ നേരെ ചിരിച്ചു.

“ഹലോ റോബിന്‍”- ആദര്‍ശ് വിളിച്ചു.

ആദര്‍ശ്, റോബിന്‍റെ കമ്പനിയിലെ ആര്‍ക്കിടെക് ആണ്. റോബിനു മേല്‍ ഭരണാധികാരമുള്ള സീനിയര്‍ ഉ ദ്യോഗസ്ഥനാണയാള്‍.

കാമ്പസ് സെലക്ഷനിലൂടെ കൂട്ടിക്കൊണ്ടുവരുന്ന കുട്ടികളെ രണ്ടോ മൂന്നോ മാസത്തെ ട്രെയിനിങ്ങ് കൊടുത്തു സോഫ്റ്റ്വെയര്‍ എന്‍ജിനീയറാക്കും.
ഏതു വിഷയം പഠിച്ച ബിടെക്കുകാരെയും ഒരു ചെറിയ ട്രെയിനിങ്ങിലൂടെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാക്കും. പിന്നീടു മികവനുസരിച്ച് അവര്‍ പല ഗ്രേഡിലാകും. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ടെക്നോളജി അനലിസ്റ്റ് ആകും. റോബിന്‍ ടെക്നോളജി അനലിസ്റ്റാണ്.

ടെക്നോളജി അനലിസ്റ്റ് ഏതാനും വര്‍ഷത്തിനുശേഷം ടെക്നോളജി ലീഡറാകും. നാലോ അഞ്ചോ വര്‍ഷത്തിനുശേഷം ആര്‍ക്കിടെക് തസ്തികയില്‍ വരും.

ഓരോ കമ്പനികള്‍ക്കും ആവശ്യമായിട്ടുള്ള സോഫ്റ്റ്വെയറിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് ആര്‍ക്കിടെക് ആണ്. ആര്‍ക്കിടെക്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണു സോഫ്റ്റ്വെയര്‍ എന്‍ജിനീയേഴ്സ് പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കിടെക് പ്രവര്‍ത്തന മികവിന്‍റെ പാരമ്യത്തില്‍ പ്രോജക്ട് മാനേജരാകും.

റോബിന്‍ ആദര്‍ശിന്‍റെ അടുത്തുചെന്നു, “എന്താ സാര്‍ ഇവിടെ?”

“ഞായറാഴ്ചയല്ലേ? ഗ്രീഷ്മയ്ക്കു പള്ളിയില്‍ വരണമെന്നു പറഞ്ഞു. ഭാര്യമാരാണല്ലോ ലോകം നിയന്ത്രിക്കുന്നത്” – ആദര്‍ശ് ചിരിച്ചു.

“റോബിന്‍ കാറിനുള്ളിലേക്കു നോക്കിക്കൊണ്ട് ആദര്‍ശിന്‍റെ ചിരിയില്‍ പങ്കുചേര്‍ന്നു.

“ഞാനും ഭാര്യയെ കാത്തുനില്ക്കുകയാണ്” – റോബിന്‍ പറഞ്ഞു.

കാറിനുള്ളില്‍നിന്നു ഗ്രീഷ്മ റോബിന് ഒരു പുഞ്ചിരി സമ്മാനിച്ചു. തുടക്കത്തില്‍ റോബിന്‍റെ ബാച്ച്മേറ്റായിരുന്നു ഗ്രീഷ്മ.

“സാര്‍ വീട്ടിലേക്കു മടങ്ങുകയാണോ?” – റോബിന്‍ ചോദിച്ചു.

“ഞായറാഴ്ച വീട്ടിലിരിക്കുന്ന പതിവില്ല. വൈകുന്നതുവരെ ഒരു കറക്കം. ആ സ്വഭാവം എനിക്കു സ്റ്റേറ്റ്സില്‍ നിന്നു കിട്ടിയതാണ്. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പ്രോജക്ടിനുവേണ്ടി ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സായ്പന്മാര്‍ കാറുമെടുത്തു ഒറ്റപ്പോക്കാണ്. കൂട്ടിനു ചിലപ്പോള്‍ ഒരു മദാമ്മപ്പെണ്ണും കൂടും. കാട്ടിലേക്ക്, മലമുകളിലേക്ക്, നദീതീരങ്ങളിലേക്ക് ഒക്കെയാകും യാത്ര. ശനിയും ഞായറും അലഞ്ഞുതിരിഞ്ഞു നടക്കും. തിങ്കളാഴ്ച അവര്‍ ജോലിക്കെത്തുന്നതു കൂടുതല്‍ ശക്തരും പ്രസരിപ്പുള്ളവരും സന്തോഷചിത്തരുമായിട്ടാണ്. ജോലി ചെയ്യുന്ന കാര്യത്തില്‍ നമ്മള്‍ക്കൊന്നും അവരോടൊപ്പമെത്താന്‍ പറ്റില്ല. ജീവിതം മനോഹരമാക്കാന്‍ വേണ്ടിയാണ് അവര്‍ ജോലി ചെയ്യുന്നത്. ജോലി മനോഹരമാക്കാന്‍ വേണ്ടിയാണ് നമ്മള്‍ ജീവിക്കുന്നത്. സായ്പന്മാരും നമ്മളും തമ്മിലുള്ള വ്യത്യാസമതാണ്” – ആദര്‍ശ് വീണ്ടും ചിരിച്ചു.

“നമുക്കു പോകാം ആദര്‍ശ്. സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല” – ഗ്രീഷ്മ കൊഞ്ചുന്നു. ആദര്‍ശിന്‍റെ കൈത്തണ്ടയില്‍ മൃദുവായി പിച്ചുന്നു.

ആ പ്രകടനം വ്യാജമാണോ സ്വാഭാവികമാണോ എന്നു തിരിച്ചറിയാനാകാതെ റോബിന്‍ നില്ക്കുമ്പോള്‍ “എന്നാല്‍ ശരി” എന്നു പറഞ്ഞ് ആദര്‍ശ് കാര്‍ ഓടിച്ചുപോകുന്നു.

ആദര്‍ശ് ജീവിതത്തില്‍ ഒരു ആദര്‍ശവും കണിക്കാറില്ലല്ലോയെന്നു റോബിന്‍ ഓര്‍ത്തു.

ഗ്രീഷ്മ ബാംഗ്ളൂരില്‍ വരുമ്പോള്‍ അവളുടെ കൂടെ ഉണ്ടായിരുന്നതു സുനിലാണ്. സുനിലും ഗ്രീഷ്മയും കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയേഴ്സായിരുന്നു.
അന്നു ടെക്നോളജി ലീഡര്‍ ആദര്‍ശായിരുന്നു. ഗ്രീഷ്മ ജോലിക്കു സുനിലിനേക്കാള്‍ മികവു കാണിച്ചു. ആദര്‍ശ് സുനിലിനെ സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെ അടിച്ചിരുത്തി. ഗ്രീഷ്മയെ പൊക്കി. ഗ്രേഡിങ്ങിലൂടെ ഗ്രീഷ്മ സുനിലിനെ മറികടന്നു. ടീം ലീഡറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണു ഗ്രേഡിങ്ങ് നടക്കുന്നത്.

ഗ്രീഷ്മ സ്മാര്‍ട്ട് ​ഗേള്‍ എന്നു പേരെടുക്കുന്നു. നന്നായി സംസാരിക്കുന്നു. ഏതു നൂതനാശയവും സ്വീകരിക്കാന്‍ പ്രാപ്തി കാണിക്കുന്നു. കാലത്തിനൊപ്പം നില്ക്കുന്നു. ഗ്രീഷ്മയ്ക്കു നല്ലൊരു ഭാവിയുണ്ടാകുമെന്ന് ആദര്‍ശ് കണക്കുകൂട്ടി.

ആദര്‍ശ് ഒരു നഗരജീവി. ഇടപെടുന്നവരെയെല്ലാം ജീവിതത്തിന്‍റെ വളര്‍ച്ചയ്ക്കു വളമാക്കുന്നവന്‍.

അയാള്‍ ഗ്രീഷ്മയെ വളച്ചെടുത്തു. ഒരു ദിവസം സുനിലുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ചു ഗ്രീഷ്മ ആദര്‍ശിന്‍റെ കൂടെ കൂടി.

സുനില്‍ പാവം. അക്കാലത്തു റോബിനോടൊപ്പമാണ് അവന്‍ ജോലി ചെയ്തിരുന്നത്. സുനില്‍ പൊട്ടിക്കരഞ്ഞുകൊണ്ടു റോബിനോടു പറഞ്ഞു:

“ഞാന്‍ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല. ഗ്രീഷ്മ എന്നെ അപമാനിച്ചു; ഞാന്‍ മരിക്കും.”

സുനിലിനെ ആശ്വസിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ കിട്ടാതെ റോബിന്‍ വിഷമിച്ചു. ഒരു പെണ്ണു മുന്‍കയ്യെടുത്തു ഭര്‍ത്താവിനെ ഉപേക്ഷിക്കുമ്പോള്‍, പുരുഷനായി പിറന്നവനൊന്നും ആ അപമാനം സഹിക്കാന്‍ കഴിയില്ല. സഹപ്രവര്‍ത്തകരുടെ അര്‍ത്ഥംവച്ചുള്ള ഒരു പുഞ്ചിരി മതി അയാളെ ആത്മഹത്യ ചെയ്യിക്കാന്‍. അപ്പോള്‍ ആ ഭാര്യ ആ കമ്പനിയിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍റെ ഭാര്യയായി അവിടെത്തന്നെ ജോലി ചെയ്യുമ്പോള്‍, ഞാന്‍ ജീവിതം ഉപേക്ഷിക്കുകയാണെന്നല്ലാതെ മറ്റെന്തു പറയാന്‍.

ഒരു മലയാളസിനിമയില്‍, ഭര്‍ത്താവിന്‍റെ മദ്യപാനം സഹിക്കവയ്യാതെ ഭാര്യ അയാളെ ഉപേക്ഷിച്ചു. അയാളുടെ സുഹൃത്തിന്‍റെ കൂടെ ജീവിക്കുന്നതും അതില്‍ ഒരു പരിഭവവും പ്രകടിപ്പിക്കാതെ ഭര്‍ത്താവ് ഇടയ്ക്കിടയ്ക്ക് അവരുടെ വീട്ടില്‍ ചെന്ന് ഒരു ഉളുപ്പുമില്ലാതെ അവരുടെ സല്കാരം സ്വീകരിക്കുന്നതും ചിത്രീകരിച്ചിരുന്നു. ആ കഥാപാത്രത്തെപ്പോലെ സുനിലിനു വേണമെങ്കില്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ മേലുദ്യോഗസ്ഥനോട് ആദരവും സ്നേഹവും കൂറും പുലര്‍ത്തി ജോലിയില്‍ മുഴുകി ജീവിക്കാം.

പക്ഷേ, സിനിമയും ജീവിതവുമായി എന്തു ബന്ധം? ജീവിതത്തില്‍ ഇത്തരം പ്രതിസന്ധികളെ നേരിടുന്നവന്‍, പ്രത്യേകിച്ച് ഒരു മലയാളി പുരുഷന്‍ നിസ്സഹായാവസ്ഥയും അപമാനവും താങ്ങാനാകാതെ ആത്മഹത്യയെ ശരണം പ്രാപിച്ചേക്കാം.

റോബിന്‍ സുനിലിനെയും കൂട്ടി ഗ്രൂപ്പു മാനേജരെ പോയി കണ്ടു. ഗ്രൂപ്പ് മാനേജര്‍ മലയാളിയായിരുന്നതിനാലും മുന്‍പരിചയമുണ്ടായിരുന്നതിനാലുമാണു റോബിന് അതു കഴിഞ്ഞത്.
സുനിലിന്‍റെ നിര്‍ഭാഗ്യാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചശേഷം ഹൈദരബാദിലേക്കോ ചെന്നൈയിലേക്കോ ഒരു സ്ഥലംമാറ്റം തരപ്പെടുത്തിത്തരണമെന്നായിരുന്നു സുനിലിന്‍റെ അപേക്ഷ.
അദ്ദേഹം സഹായിക്കാമെന്നു പറഞ്ഞു സുനിലിനെ ആശ്വസിപ്പിച്ചു. താമസിക്കാതെ ന്യൂസിലാന്‍ഡിലുള്ള ഒരു പ്രോജക്ടിനുവേണ്ടി സുനിലിനെ അങ്ങോട്ടയച്ചു രക്ഷപ്പെടുത്തുകയും ചെയ്തു.

ഗ്രീഷ്മ ആദര്‍ശിനോടൊപ്പം സുനിലില്‍നിന്നു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ജീവിതസൗകര്യത്തോടെ, ആഡം ബരത്തോടെ ആഹ്ലാദത്തോടെ ജീവിക്കുന്നു.

ഒരു പെണ്ണിന് എങ്ങനെ ഇങ്ങനെ മാറാന്‍ കഴിയുന്നു?

ഒരിക്കല്‍ ജെയ്സിയോടു ഗ്രീഷ്മയെപ്പറ്റി പറഞ്ഞപ്പോള്‍ അവള്‍ നിസ്സാരമട്ടില്‍ പ്രതികരിച്ചു.

“നിങ്ങള്‍ ആണുങ്ങള്‍ കാണിച്ചുതന്ന വഴിയെ പെണ്ണുങ്ങള്‍ സഞ്ചരിച്ചുതുടങ്ങിയെന്നു കരുതിയാല്‍ മതി. പണ്ട് ആണുങ്ങള്‍, അവരെ ആഗ്രഹിച്ചു ജീവിച്ചിരുന്ന എത്രയോ സ്ത്രീകളെ ഓരോ മുരട്ടുന്യായവാദം പറഞ്ഞ് ഉപേക്ഷിച്ചിരിക്കുന്നു. അന്ന് ആ പാവങ്ങള്‍ സഹിച്ച വേദനയും സങ്കടവും അപമാനവും ഇപ്പോഴത്തെ ആണുങ്ങള്‍ ഒന്നറിയട്ടെ.”

വിവാഹജീവിതത്തില്‍ പുരുഷന്‍റെ മേല്ക്കോയ്മ എന്നതു വെറുതെ പറഞ്ഞു നടക്കാവുന്ന പഴങ്കഥ മാത്രമായി കഴിഞ്ഞെന്നു റോബിന്‍ മനസ്സിലാക്കി.

കുടുംബജീവിതം ഒരു മത്സരക്കളിയായി മാറിയിരിക്കുന്നു. നല്ല കളിക്കാര്‍ പിടിച്ചുനില്ക്കുന്നു.

“പോകാം റോബിന്‍”-ജെയ്സി വന്നു കാറില്‍ കയറി.

“ഞായറാഴ്ചയല്ലേ. ഇന്നത്തെ പ്രോഗ്രാം ജെയ്സിക്കു വിടുന്നു”- റോബിന്‍ പറഞ്ഞു.

“അതെയോ. എന്നാല്‍ നമുക്ക് ഒരു പാര്‍ക്കില്‍ പോയി കുറേ സമയം ചെലവഴിക്കാം. വാടകവീടു വല്ലാതെ മടുപ്പിക്കുന്നു.”

“ഏതു പാര്‍ക്കില്‍ പോകണം? കുബോണ്‍ പാര്‍ക്ക്, ലാല്‍ബാഗ്, അല്ലെങ്കില്‍ ബന്നര്‍ഹട്ട നാഷണല്‍ പാര്‍ക്കിലേക്കു പോകാം”-റോബിന്‍ പറഞ്ഞു.

“നമുക്കു ലാല്‍ബാഗില്‍ പോയാല്‍ മതി.”

റോബിന്‍ ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്കു കാര്‍ ഓടിച്ചുപോയി.

ലാല്‍ബാഗില്‍ ദിവസവും ധാരാളം ആളുകളെത്തുന്നു. ഒഴിവുദിവസങ്ങളില്‍ അവിടെ നല്ല തിരക്കാണ്. എന്നാല്‍ ആ തിരക്കൊന്നും സന്ദര്‍ശകരെ ബാധിക്കാറില്ല. ഇണകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണത്.

സ്നേഹവും ഇഷ്ടവും ആത്മീയചേതനകളും പരിപോഷിപ്പിക്കുന്ന ഏതെല്ലാമോ പ്രകൃതിദത്തഘടകങ്ങള്‍ നിലനില്ക്കുന്ന ഒരു സ്ഥലമാണിത്. കാമുകീകാമുകന്മാര്‍ കൂടുതല്‍ സ്നേഹിക്കാനായി ഇവിടെ വരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുതല്‍ ഇഷ്ടപ്പെടാനായി ഇവിടെയെത്തുന്നു. മക്കള്‍ക്കു കൂടുതല്‍ വാത്സല്യം നല്കാനായി മാതാപിതാക്കള്‍ മക്കളുമൊത്ത് ഇവിടെ വരുന്നു. ജീവിതത്തിലെ കയ്പുനീര്‍ കുടിച്ചുകുടിച്ചു വിരക്തരായ വൃദ്ധജനങ്ങള്‍ക്കു ജീവിതത്തോടു കൂടുതല്‍ ആഭിമുഖ്യമുണ്ടാകാന്‍ ഇവിടമൊരു അഭയസ്ഥാനമാണ്.

ജെയ്സി പാര്‍ക്കിലെ കല്ലു വിരിച്ച നടപ്പാതയിലൂടെ മുമ്പില്‍ നടക്കുകയാണ്. അവളുടെ കൈപിടിച്ചു നടക്കണമെന്നും അവളോടു കൊച്ചുവര്‍ത്തമാനങ്ങള്‍ പറയണമെന്നും അവനാഗ്രഹിച്ചു. അവള്‍ ഒന്നും പറയുന്നില്ല.

“ഈ പാര്‍ക്കില്‍ ജെയ്സിയെ ഏറ്റവും കുടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്താണ്?”- റോബിന്‍ ചോദി ച്ചു.

“റോബിനെ ആകര്‍ഷിച്ചിട്ടുള്ളതെന്താണ്?”-അവള്‍ തിരിച്ചു ചോദിച്ചു.

“ഇവിടെ എനിക്കേറെ ആകര്‍ഷകമായി തോന്നിയത് ഈ മരങ്ങളാണ്. മരങ്ങള്‍ നല്കുന്ന ശാന്തത, മരങ്ങള്‍ നല്കുന്ന തണുപ്പ്, മരങ്ങളുടെ കീഴില്‍ ലഭിക്കുന്ന പ്രാണവായുവിന്‍റെ സമൃദ്ധി. മരങ്ങള്‍ സ്നേഹത്തെയും പ്രണയത്തെയും പരിപോഷിപ്പിക്കുന്നു. ജീവിതം സുന്ദരമാണെന്ന തോന്നലുണ്ടാക്കുന്നു” – റോബിന്‍ പറഞ്ഞു.

“എനിക്കു പൂക്കളെയാണിഷ്ടം. പ്രത്യേകിച്ച് ഇവിടത്തെ റോസാപ്പൂക്കളെ. ഒന്നോ രണ്ടോ ദിവസത്തേയ്ക്കുവേണ്ടി ഇത്രമാത്രം അലങ്കരിക്കപ്പെട്ട മറ്റൊന്നും ഈ പ്രപഞ്ചത്തിലില്ല. അതു തരുന്ന സന്തോഷം മറ്റൊരിടത്തുനിന്നും നമുക്കു ലഭിക്കില്ല. പൂക്കള്‍ നമ്മേ ഒരു അത്ഭുതലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു” – ജെയ്സി പറഞ്ഞു.

“പ്രകൃതിയിലേക്കു നമ്മള്‍ കണ്ണു തുറക്കാഞ്ഞിട്ടാണു ജെയ്സി. പ്രകൃതിയിലുള്ളതെല്ലാം നമ്മളെ അത്ഭുതപ്പെടുത്താനും സന്തോഷിപ്പിക്കാനും പര്യാപ്തമായിട്ടുള്ളതാണ്. അതിനു കാലഭേദമില്ല. 250 വര്‍ഷം മുമ്പു ഹൈദരലി ദൂരദിക്കുകളില്‍നിന്നു കൊണ്ടുവന്ന മരത്തൈകളും ചെടികളും ഇവിടെ നട്ടുപിടിപ്പിച്ചു. അന്നത്തെ മനുഷ്യരിലും ഇന്നത്തെ മനുഷ്യരിലും ഈ ഉദ്യാനം ഒരേ വികാരംതന്നെയാണ് ഉണര്‍ത്തുന്നത്.”

“ചെറുപ്പംമുതല്‍ പ്രകൃതിയിലേക്കു കണ്ണയയ്ക്കാന്‍ നമ്മള്‍ പരിശീലിക്കേണ്ടതുണ്ട്. അങ്ങനെയുള്ള അവസരങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടാണു നമ്മുടെ വിദ്യാഭ്യാസ കാലഘട്ടം കടന്നുപോകുന്നത്.”

ജെയ്സിയുമായി ആശയപരമായി ഒരൈക്യം രൂപപ്പെട്ടുവരുന്നതായി റോബിനു തോന്നി. പെട്ടെന്നു ജെയ്സിയുടെ ഫോണ്‍ ബെല്ലടിച്ചു. ജെയ്സി ഫോണെടുത്തു

സംസാരിച്ചതിനുശേഷം റോബിനോടു പറഞ്ഞു: “റോബിന്‍ എനിക്കുടനെ കമ്പനിയില്‍ പോകണം. മാനേജരാണു വിളിച്ചത്. നാളെ സിംഗപ്പൂരിനു പോകണം. ഫ്ളൈറ്റ്ടിക്കറ്റും മറ്റും കമ്പനിയില്‍നിന്നു വാങ്ങണം.”

“സിംഗപ്പൂരിലോ?” – റോബിന്‍ അത്ഭുതത്തോടെ ചോദിച്ചു.

അവിടെ ഒരു ട്രെയിനിങ്ങ് പ്രോ ഗ്രാം, മൂന്നു ദിവസത്തേയ്ക്ക്. ജ പ്പാനില്‍ നിന്നുള്ള ഐടി പ്രൊഫഷണലാണു ക്ലാസ്സെടുക്കുന്നത്. ഇവിടെനിന്നു നാലു പേരെയാണ് അയയ്ക്കുന്നത്.”

ഇവര്‍ക്ക് ഇതൊക്കെ കുറച്ചു നേരത്തെ അറിയിച്ചുകൂടേ?”

“ഇതു കമ്പനി തരുന്ന ഒരു ഗിഫ്റ്റാണെന്നു കരുതണം റോബിന്‍. എന്‍റെ അടുത്ത പ്രൊമോഷന് ഇതു സഹായിക്കും” – ജെയ്സി പറഞ്ഞു.

“എന്നാല്‍ പോകാം” – റോബിന്‍ പറഞ്ഞു.

എല്ലാ സുന്ദരമുഹൂര്‍ത്തങ്ങളും നഷ്ടപ്പെട്ടു പോകുകയാണല്ലോ എന്ന ഇച്ഛാഭംഗത്തോടെ റോബിന്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്കു നടന്നു.

അവര്‍ കാറില്‍ കയറി കമ്പനിയെ ലക്ഷ്യമാക്കി ഓടിച്ചുപോയി.

ജെയ്സിയുടെ ജീവിതത്തില്‍ ഭര്‍ത്താവിന്‍റെ റോളെന്താണെന്നു റോബിന്‍ ആലോചിച്ചു. കമ്പനി വിളിച്ചു പറയുന്നു. അവള്‍ സിംഗ പ്പൂരിനു പോകുന്നു. കൂടെയുള്ളവനോട് ഒരാലോചനയില്ല. ഞാന്‍ പൊയ്ക്കോട്ടെയെന്ന് അവള്‍ ചോദിച്ചില്ല. ഇതൊക്കെ ഭര്‍ത്താവിനോടും കൂടി ആലോചിച്ചിട്ടു വേണം തീരുമാനമെടുക്കാന്‍ എന്നെങ്ങാനും അവളോടു സൂചിപ്പിച്ചാല്‍, ഭര്‍ത്താവ് എന്‍റെ മേലാഫീസറാണോ എന്നാവും അവളുടെ മറുചോദ്യം.

റോബിനു ജീവിതത്തോടു മടുപ്പു തോന്നിപ്പോകുകയാണ്. എല്ലാ പ്രതീക്ഷകളും മങ്ങിപ്പോകുന്നു. ഇത്തരം പ്രതിസന്ധികളില്‍ തട്ടിത്തകര്‍ന്നു പോകുന്ന ഭാര്യാഭര്‍ത്തൃബന്ധങ്ങളാണ് ഇവിടെ ഏറെയും.

ജോലിസ്ഥലത്ത് ഒരിക്കലും അവസാനിക്കാത്ത സമ്മര്‍ദ്ദങ്ങള്‍ കുടുംബത്തിലും ആ അവസ്ഥയായാല്‍ ഒരു വ്യക്തിക്ക് അത് എത്ര നാള്‍ കൊണ്ടുനടക്കാനാകും?

സോഫ്റ്റ്വെയര്‍ കമ്പനികള്‍ പിടിച്ചുനില്ക്കാന്‍ പെടാപ്പാടു പെടുകയാണ്. ഒരുപാടു കമ്പനികള്‍ നഷ്ടത്തിലാണ്. വിദേശത്തുനിന്നുള്ള പ്രോജക്ടുകള്‍ക്കു ലഭിച്ചിരുന്ന തുക വളരെ താഴ്ന്ന അവസ്ഥയിലാണിപ്പോള്‍. മനുഷ്യാദ്ധ്വാനത്തിനു മണിക്കൂറിനാണു നിരക്ക്. ഒരു മണിക്കൂറിനു നൂറു ഡോളര്‍ വരെ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ എഴുപതു ഡോളറായി താഴ്ന്നു. ഈ സോഫ്റ്റ്വെയര്‍ നിര്‍മിച്ചുകൊടുക്കുന്നതിന് ആയിരം മണിക്കൂര്‍ വേണമെങ്കില്‍, ആ പ്രോജക്ട് ലഭിക്കാനായി കമ്പനി തൊള്ളായിരം മണിക്കൂറിനു തീര്‍ത്തുകൊടുക്കാമെന്നു കരാറെടുക്കും. നിശ്ചിത ദിവസത്തിനകം കരാര്‍ വെച്ചിരിക്കുന്ന ജോലി തീര്‍ത്തുകൊടുക്കണം. താമസിച്ചാല്‍ ദിവസം പ്രതി കരാറില്‍ പറഞ്ഞിരിക്കുന്ന തുക പിഴ അടയ്ക്കണം.

ഐടി കമ്പനികളില്‍ മനേജര്‍മാര്‍ തുടങ്ങി കാള്‍സെന്‍ററില്‍ ഇരിക്കുന്നവര്‍ വരെ സൂചിമുനയിലാണിരിക്കുന്നത്. പറഞ്ഞ സമയത്തു ജോലി തീര്‍ത്തു കൊടുക്കുവാനുള്ള നെട്ടോട്ടമാണ്. അതിന്‍റ ഭാരം മുഴുവന്‍ പേറുന്നവരാണു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍. അതുകൊണ്ടാണ് ഒമ്പതു മണിക്കൂര്‍ ജോലി ചെയ്താല്‍ മതി എന്നു കമ്പനി പറയുമ്പോഴും പത്തുപന്ത്രണ്ടു മണിക്കൂര്‍ ജോലിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്. പ്രോജക്ട് ലഭിക്കാനായി കുറച്ചു പറഞ്ഞ മണിക്കൂറുകള്‍ എന്‍ജിനീയേഴ്സ് സൗജന്യമായി ജോലി ചെയ്തു നികത്തണം.

ഈ ബഹളത്തിനിടയില്‍ കുടുംബത്തിലും സ്വസ്ഥത ഇല്ലാതെ വന്നാലോ? കമ്പനിയില്‍ കഷ്ടപ്പെടുന്നതിനു ഗ്രേഡിങ്ങ് ലഭിക്കും. ഇന്‍ക്രിമെന്‍റ് ലഭിക്കും. സ്ഥാനക്കയറ്റവും മറ്റു ചില കോംപ്ലിമെന്‍റുകളുമുണ്ടാകും. കുടുംബത്തിലെ കഷ്ടപ്പാടിന് എന്താണു ലഭിക്കുന്ന ത്? ആ വിഷമങ്ങള്‍ ആരറിയുന്നു? അറിഞ്ഞാലും അറിഞ്ഞില്ലെന്നു നടിക്കുന്നവരാണ് അവിടെയുള്ളത്. കുറേ പഴികള്‍ കേള്‍ക്കാം. ഏറെ നന്ദികേട് അനുഭവിക്കാം. ആവോളം കയ്പുനീരു കുടിക്കാം.

“റോബിന്‍ നിങ്ങളുടെ കമ്പനിയില്‍ ട്രെയിനിങ്ങ് പ്രോഗ്രാമുകളൊന്നുമില്ലേ?”

“ചിലപ്പോള്‍ കമ്പനിയില്‍വച്ച് ഒരു ദിവസത്തെ ക്ലാസ്സ് നടക്കാറുണ്ട്. മനുഷ്യന്‍റെ അദ്ധ്വാനം എങ്ങനെ പരമാവധി വര്‍ദ്ധിപ്പിക്കാം എന്നതായിരിക്കും വിഷയം. സിംഗപ്പൂരിനൊന്നും ആരെയും ട്രെയിനിങ്ങിനു വിടാറില്ല.”

“ഇതു സാധാരണ ട്രെയനിങ്ങ് അല്ല റോബിന്‍. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണ്. ഭാഗ്യംകൊണ്ടാ എനിക്കു കിട്ടിയത്. ഒരു ജപ്പാന്‍ കമ്പനിയുടെ മേധാവിയാ ക്ലാസ്സെടുക്കാന്‍ വരുന്നത്. മണിക്കൂറിനു അഞ്ചു ലക്ഷമാ അങ്ങേരുടെ പ്രതിഫലം. പല രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്കു പങ്കെടുക്കുന്നതിനുള്ള സൗകര്യത്തിനാണു സിംഗപ്പൂരാക്കിയത്. പങ്കെടുക്കുന്നവര്‍ക്കു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും” – ജെയ്സി പറഞ്ഞു.

“അതില്‍ വല്ല ലാഭവും കമ്പനികള്‍ കണ്ടിട്ടുണ്ടാകും. ഒരു കാര്യവുമില്ലാതെ കമ്പനികള്‍ പണം ചെലവാക്കുമോ?”

“ഈ ട്രെയിനിങ്ങ് കഴിഞ്ഞാല്‍, ഒരുപക്ഷേ, ഒരു പ്രോജക്ടിനു വേണ്ടി എന്നെ അമേരിക്കയില്‍ വിട്ടേക്കും.”

“എനിക്ക് ആസ്ത്രേലിയയില്‍ പോകാന്‍ ഒരവസരം വന്നതായിരുന്നു. എന്നോടു താത്പര്യമുണ്ടോയെന്നു ചോദിച്ചു. നിന്നെ തനിച്ചാക്കിയിട്ടു പോകണമല്ലോയെന്നു കരുതി ഞാന്‍ താത്പര്യം കാണിച്ചില്ല” -റോബിന്‍ പറഞ്ഞു.

“ഇങ്ങനെയുള്ള അവസരങ്ങള്‍ പാഴാക്കാമോ റോബിന്‍? ഇവിടെ ചെയ്യുന്ന ജോലി അവിടെപ്പോയി ചെയ്താല്‍ ഇവിടെ കിട്ടുന്നതിന്‍റെ മൂന്നിരട്ടി അവിടെ കിട്ടും. എനിക്ക് അവസരം കിട്ടിയാല്‍ ഇത്തരം സെന്‍റിമെന്‍സൊന്നും ഞാന്‍ കാണിക്കില്ല” – ജെയ്സി പറഞ്ഞു.

“പണത്തിനോടുള്ള ദാഹംകൊണ്ട് ഇതൊക്കെ മഹത്തായ കാര്യമാണെന്നു നമുക്കു തോന്നുന്നതാണു ജെയ്സി. മുപ്പതു ശതമാനം ഇന്‍കംടാക്സ്, തൊഴില്‍ക്കരം തുടങ്ങിയുള്ള അനാമത്തുകള്‍ വേറെ. ഇതിനൊക്കെ ശേഷം നമ്മുടെ കയ്യില്‍ വരുന്നതെത്രയാണ്? കമ്പനികള്‍ നമ്മളെയെന്തിനാ വിദേശത്തേയ്ക്ക് അയയ്ക്കുന്നത്? അവിടെയുള്ളവരെ നിയമിച്ചാല്‍ ഏഴു ലക്ഷം കൊടുക്കേണ്ടിടത്താണു നമുക്കു മന്നു ലക്ഷം തരുന്നത്. നമ്മള്‍ ഇവിടെനിന്നു ചെന്നുകുറഞ്ഞ കൂലിക്കു പണിയെടുക്കുന്നതുകൊണ്ട്, അവിടെയുള്ളവര്‍ക്കു നമ്മളോടു വെറുപ്പാണ്. കേരളത്തില്‍ ബംഗാളികളെപ്പോലെയാണു ജെയ്സി അമേരിക്കയില്‍ മലയാളികള്‍” – റോബിന്‍ പറഞ്ഞു.

“റോബിന്‍ നിങ്ങള്‍ പറയുന്ന തത്ത്വശാസ്ത്രത്തിനു യാതൊരു വിലയുമില്ല. നമ്മള്‍ക്കു കിട്ടുന്ന അവസരങ്ങള്‍ നമ്മള്‍ ഉപയോഗിക്കുക. സമ്പാദിക്കാവുന്നിടത്തോളം സമ്പാദിക്കാന്‍ നോക്കുക.”

“അങ്ങനെ സമ്പാദിച്ചു കഴിഞ്ഞിട്ട് എന്തു ചെയ്യാനാ?”

“നമ്മുടെ നാട്ടിലേക്കു മടങ്ങിപ്പോകുക. നഗരത്തില്‍ നല്ലൊരു വീടു വങ്ങി, നല്ല കാറും പത്രാസുമായി ജീവിച്ചുകൂടേ?”

“നമ്മുടെ നഗരത്തിലല്ലേ ആഘോഷമായ ജീവിതം! മണിമാളികയിലാണു ജീവിതം. ബെന്‍സുകാറിലാണു സഞ്ചാരം. വിഷമാണു തിന്നുന്നത്. കുടിക്കുന്നതു തീട്ടവെള്ളം. മരിക്കുന്നതു കാന്‍സര്‍ ബാധിച്ചു!” – റോബിന്‍ ചിരിച്ചു.

കമ്പനിയുടെ മുറ്റത്തു കാര്‍ ഒതുക്കിനിര്‍ത്തുമ്പോഴേക്കും ജെയ്സി കാറിന്‍റെ ഡോര്‍ തുറന്നു പുറത്തിറങ്ങി കമ്പനിയുടെ ഓഫീസിലേക്കു നടന്നു.

അപ്പോഴേക്കും ഓഫീസില്‍നി ന്നു ജെയ്സിയുടെ ടീംലീഡര്‍ സൂരജ് ഇറങ്ങിവരുന്നതും ജെയ്സിയുടെ കൈപിടിച്ചു കുലുക്കി അഭിനന്ദനം അറിയിക്കുന്നതും കൈപിടിച്ചുകൊണ്ട് ഓഫീസിലേക്കു കയറുന്നതും കാറിലിരുന്നു റോബിന്‍ കണ്ടു.
(തുടരും)

Leave a Comment

*
*