ആയുഷ്ക്കാലം – അദ്ധ്യായം 13

ആയുഷ്ക്കാലം – അദ്ധ്യായം 13

വൈകുന്നേരം പ്രോജക്ട് മാനേജര്‍ റോബിന്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളുടെ ഒരു മീറ്റിങ്ങ് വിളിച്ചുചേര്‍ത്തു. അവര്‍ കഴിഞ്ഞ മൂന്നു മാസം ചെയ്ത പ്രോജക്ടുകള്‍ ആറു കോടി ലാഭമുണ്ടാക്കി. അതിന്‍റെ അഭിനന്ദനം അറിയിക്കാനാണു യോഗം ചേര്‍ന്നത്. ഏതാനും ടീം ലീഡേഴ്സിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അവിടെ ഒത്തുചേര്‍ ന്നു.

ടീം ലീഡര്‍ സജീവിനെയും റോബിനെയും മാനേജര്‍ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു. കമ്പനിയുടെ ഏറ്റവും മികച്ച ടീമുകളാണ് ഇപ്പോള്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഓരോ മെമന്‍റോയും ഓരോ സമ്മാനവും നല്കിക്കൊണ്ടാണു യോഗനടപടികള്‍ അവസാനിച്ചത്.
ലീഡര്‍ സജീവിന് ഉടനെ ഒരു പ്രൊമോഷന്‍ ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. സജീവിന്‍റെ ഒഴിവിലേക്കു ടെക്നിക്കല്‍ ലീഡറായി ഒരുപക്ഷേ റോബിന്‍ വന്നേക്കാം. സജീവിന്‍റെ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും സന്തോഷകരമായ ഒരു സായാഹ്നമായിരുന്നു അത്. ഒമ്പതു പേരുള്ള ഒരു ഗ്രൂപ്പായിരുന്നു സജീവിന്‍റേത്.

"ഇന്ന് എന്‍റെ ചെലവില്‍ നിങ്ങള്‍ക്ക് ഓരോ ബിയര്‍. നമുക്കു ഹോട്ടല്‍ അശോകയിലേക്കു പോകാം"- സജീ വ് പറഞ്ഞു.

എല്ലാവരും കാറെടുത്തു ഹോട്ടല്‍ അശോകയിലേക്കു കുതിച്ചു. ആണുങ്ങളും പെണ്ണുങ്ങളും അടങ്ങിയ ഒരു ടീമായിരുന്നു അത്. അശോകാഹോട്ടലിന്‍റെ സ്വകാര്യതയില്‍ അവര്‍ ഒത്തുകൂടി.

ബിയര്‍ വേണ്ടവര്‍ക്കു ബിയര്‍, മദ്യം വേണ്ടവര്‍ക്ക് അതുമാകാം. ഇഷ്ടമുള്ള ഭക്ഷണവും കഴിക്കാം. അതാണു സജീവിന്‍റെ സത്കാരത്തിന്‍റെ രീതി.
റോബിന് ആ സന്തോഷപ്രകടനത്തില്‍ അലിഞ്ഞുചേരാന്‍ കഴിഞ്ഞില്ല. ജെയ്സി സിംഗപ്പൂരിനു യാത്ര പോയിട്ട് ഒരു ദിവസം കഴിഞ്ഞിരിക്കുന്നു. അവള്‍ ഒരിക്കല്‍പ്പോലും തന്നെ വിളിച്ചില്ല. അവളുടെ അവഗണന റോബിനു താങ്ങാവുന്നതിനപ്പുറമായിരുന്നു. അതു പുറത്താരോടും പറയാവുന്ന കാര്യമല്ല. ആ ദുഃഖം ഉള്ളിലൊതുക്കിവച്ചുകൊണ്ടാണു റോബിന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടിയത്.

ഇങ്ങനെയുള്ള സത്കാരങ്ങളില്‍ റോബിന്‍ ഒരു ബിയര്‍ മാത്രമാണു കുടിക്കാറുള്ളത്. കൂടെയുള്ള പെണ്‍കുട്ടികള്‍ മാത്രമാണ് അങ്ങനെ ബിയറില്‍ മാത്രം ഒതുങ്ങിനില്ക്കുന്നത്. റോബിന്‍റെ ഈ പെണ്‍പ്രകൃതം കണ്ടു കൂട്ടുകാരായ കബീറും ജയദേവും കളിയാക്കി ചിരിക്കാറുണ്ട്.

"നിങ്ങള്‍ എന്തിനാണു റോബിന്‍ ഈ കഷായവെള്ളംപോലുള്ള ബിയര്‍ കുടിക്കുന്നത്. വെറുതെ കുടവയറുണ്ടാക്കാമെന്നല്ലാതെ, നിങ്ങളുടെ ശരീരക്കൂറിനു ബിയര്‍ ഒരു പ്രയോജനവുമുണ്ടാക്കില്ല. റോബിന്‍ ഞങ്ങളോടൊപ്പം കൂടുക. ഈ ആഘോഷത്തെ അര്‍ത്ഥപൂര്‍ണമാക്കുക" – സുഹൃത്തായ ജയദേവ് റോബിനോട് ഇങ്ങനെയൊക്കെ പറയാറുണ്ട്.

"ഈ ശീതളും അര്‍ച്ചനയും പോലെയുള്ള പെണ്‍കുട്ടികളുമായി നമ്മള്‍ ആണുങ്ങള്‍ക്ക് എന്തെങ്കിലും വ്യത്യാസം വേണ്ടേ? പെണ്ണുങ്ങള്‍ മൃദുലതയുടെ അവതാരങ്ങള്‍. അവരുടെ ശരീരവും മനസ്സും മൃദുലം. അവരുടെ ഭക്ഷണപാനീയങ്ങള്‍ ലളിതം. അങ്ങനെയാണോ നമ്മള്‍ തടിമാടന്മാരായ ആണുങ്ങള്‍? മനസ്സും ശരീരവും ഹൃദയവും കല്ലുപോലെ കഠിനമായവര്‍. അവരുടെ ഭക്ഷണപാനീയങ്ങളും അതിനു യോജിച്ചതാവണ്ടേ" – കബീര്‍ തമാശയായി പറയുന്നു.

റോബിന്‍ കൂട്ടുകാരുടെ അഭിപ്രായം ചിരിച്ചു തള്ളുകയാണു പതിവ്.

"ഒരു പെഗ് ഒഴിക്കാം റോബിന്‍"- അടുത്തിരുന്ന സജീവ് പറഞ്ഞു.

റോബിന്‍ വിനീതനായി ഗ്ലാസ് നീക്കിവച്ചുകൊടുത്തു. അതു കണ്ടു കൂട്ടുകാര്‍ പെണ്ണുങ്ങളടക്കം കയ്യടിച്ചു.

"ആണുങ്ങള്‍ ഇങ്ങനെ പിഴച്ചുപോകുന്നതില്‍ നിങ്ങള്‍ പെണ്ണുങ്ങളും സന്തോഷിക്കുകയാണോ?" – റോബിന്‍ തമാശയായി ചോദിച്ചു.

"ബിയര്‍ കുടിക്കുന്ന ആണുങ്ങളെ എനിക്കിഷ്ടമല്ല" – അര്‍ച്ചന പറഞ്ഞു.

"കുടിക്കാത്ത ആണുങ്ങളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ. കുറഞ്ഞതു ഭര്‍ത്താവിനെയെങ്കിലും?" – റോബിന്‍ ചോദിച്ചു.

"ഭര്‍ത്താവു കുടിക്കാതിരുന്നതുകൊണ്ടു മാത്രം മഹാത്മാവാകുന്നില്ല. ഭര്‍ത്താവു ഗുണവാനെങ്കില്‍ അല്പം കുടിച്ചതുകൊണ്ടു കുഴപ്പമില്ല" – അര്‍ച്ചന പറഞ്ഞു.

"നിങ്ങള്‍ സ്ത്രീകളല്ലേ, ആണുങ്ങളെ മദ്യപരെന്നു വിളിക്കുന്നത്?" – റോബിന്‍ ചോദിച്ചു.

"അതു പഴയ തലമുറയിലെ പെണ്ണുങ്ങള്‍. ഭര്‍ത്താവിനു കിട്ടുന്ന തുച്ഛമായ വരുമാനം മദ്യപിച്ചു തീര്‍ത്തുകളഞ്ഞാല്‍ അയാളെ ആശ്രയിച്ചു വിശപ്പടക്കി കഴിയുന്നവര്‍ പട്ടിണിയിലാകും. അതുകൊണ്ടു സ്ത്രീകള്‍ മദ്യപാനത്തെ പ്രതിരോധിച്ചു. നല്ല വരുമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ആ പ്രതിരോധമില്ല റോബിന്‍" – അര്‍ച്ചന പറഞ്ഞു.

സജീവ് പകര്‍ന്നുവച്ച മദ്യം വെള്ളം ചേര്‍ത്തു റോബിന്‍ കഴിച്ചു. സജീവ് ഒരെണ്ണംകൂടി ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്തു. റോബിന്‍ അതും ക ഴിച്ചു.

സജീവ് വീണ്ടും ഒഴിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ റോബിന്‍ പറഞ്ഞു: "മതി, എനിക്കു കാറോടിച്ചു പോകാനുള്ളതാണ്."

"കാറോടിക്കാന്‍ പ്രയാസമുണ്ടായിട്ടല്ല. വെള്ളമടിച്ചു കോണ്‍ തെറ്റി ചെന്നാല്‍ ജെയ്സി എടുത്തിട്ടു ചവിട്ടും. അതു പെണ്ണു വേറെയാ" – ജയദേവ് തമാശ പറഞ്ഞു.

"അവള്‍ സിംഗപ്പൂരിലാണു സുഹൃത്തുക്കളെ" – റോബിന്‍ പറഞ്ഞു.

"എന്താണു റോബിന്‍ ജെയ്സി തനിച്ചു സിംഗപ്പൂരിനു പോയത്. അവര്‍ രക്ഷപ്പെട്ടുപോയതാണോ?" – സജീവ് ചോദിച്ചു.

"അവളുടെ കമ്പനി ഒരു ട്രെയിനിങ്ങിന് അയച്ചതാണ്. നമ്മുടെ കമ്പനി എന്തോന്നു കമ്പനിയാ ലീഡറെ? ഒരു ട്രെയിനിങ്ങുമില്ല, മണ്ണാങ്കട്ടയുമില്ല. പണി തന്നെ പ ണി" – റോബിന്‍ പറഞ്ഞു.

"അതുകൊണ്ടു കമ്പനി കുഴപ്പം കൂടാതെ പോകുന്നു. കമ്പനിക്കു ലാഭമുണ്ടാകുന്നു" – സജീവ് പറഞ്ഞു.

"അതൊക്കെ ഒരു വശത്തുകൂടെ നോക്കുമ്പോള്‍ ശരിയാണ്." റോബിന്‍ എഴുന്നേറ്റു വാഷ്ബെയ്സനടുത്തു പോയി കയ്യും മുഖവും കഴുകി. കണ്ണാടിയില്‍ മുഖം നോക്കിക്കൊണ്ടു റോബിന്‍ പിറുപിറുത്തു. "പൂസായിപ്പോയി."

തിരിച്ചു സുഹൃത്തുക്കളുടെ അടുത്തു വന്നു റോബിന്‍ പറഞ്ഞു: "ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല. കുടിച്ചതല്പം കൂടുതലായി."

"രണ്ടെണ്ണം അടിച്ചപ്പോഴേക്കും നീ പാമ്പായോ?" – ജയദേവ് ചോദിച്ചു.

"പാമ്പായിട്ടല്ല; എനിക്കു കുടിച്ചു ശീലമില്ല. അതിന്‍റെ വിഷമമുണ്ട്. ഓക്കെ, ഞാന്‍ പോകുകയാണ് – സജീവേ എല്ലാത്തിനും നന്ദി" – റോബിന്‍ പറഞ്ഞു.

"റോബിന്‍ ദയവായി എന്നെയൊന്നു സഹായിക്കണം" – അര്‍ച്ചന പറഞ്ഞു. അവള്‍ ഗ്ലാസില്‍ ബാക്കിയിരുന്ന ബിയര്‍ കുടിച്ചുതീര്‍ത്തിട്ട് എഴുന്നേറ്റു.

"എനിക്കൊരു ലിഫ്റ്റ് തരണം. അല്പം നേരത്തെ വീട്ടിലെത്തേണ്ട കാര്യമുണ്ടായിരുന്നു. സജീവ് ചെലവു ചെയ്യാമെന്നു പറഞ്ഞപ്പോള്‍ എല്ലാം മറന്നുപോയി."

"അര്‍ച്ചന വന്നോളൂ. ഞാന്‍ വീട്ടില്‍ കൊണ്ടാക്കാം."

റോബിന്‍ അര്‍ച്ചനയോടൊപ്പം പുറത്തേയ്ക്കു നടന്നു.

"രാത്രിയായി; പ്രശ്നമാകും"-കാറില്‍ കയറുമ്പോള്‍ അര്‍ച്ചന പറഞ്ഞു.

"അര്‍ച്ചന വസന്ത് നഗറിലല്ലേ താമസിക്കുന്നത്?"

"അവിടെനിന്നു മാറിയിട്ട് വര്‍ഷം ഒന്നായി. ഈ റോബിന്‍റെ ഒരു കാര്യം. ശിവജി നഗറില്‍ ഒരു വീടു വാങ്ങിയ കാര്യം ഞാന്‍ എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. റിങ്ങ്റോഡിലൂടെ പോകുന്നതാ എളുപ്പം. മോഹന്‍റെ നിര്‍ബന്ധംകൊണ്ടു വാങ്ങിയതാ. എടുത്തുപറയാവുന്ന മേന്മ കാവേരി വെള്ളം കിട്ടുമെന്നുള്ളതാണ്" – അര്‍ച്ചന പറഞ്ഞു.

റിങ്ങ് റോഡിലൂടെ റോ ബിന്‍ കാറോടിച്ചു.

"വീട്ടില്‍ എന്താണു പ്രശ്നം?" – റോബിന്‍ ചോദി ച്ചു.

"മോഹന്‍ ഒരാഴ്ചയായി കമ്പനി ആവശ്യത്തിനായി ബോംബെയ്ക്കു പോയിരിക്കുകയായിരുന്നു. മോഹന്‍ ഒരു മെഡിക്കല്‍ കമ്പനിയിലെ കെമിസ്റ്റാണെന്ന് അറിയാമല്ലോ. ഇടയ്ക്കിടയ്ക്കു ബോംബെയിലുള്ള അവരുടെ കമ്പനിയിലും മോഹനു പോകണം. മോഹന്‍ ഇന്നു തിരിച്ചുവരുമെന്നു രാവിലെ വിളിച്ചുപറഞ്ഞിരുന്നു. ഓര്‍ക്കാപ്പുറത്തു മീറ്റിങ്ങും സജീവിന്‍റെ സത്കാരവുമെല്ലാം കൂടിയായപ്പോള്‍ ഞാനതു മറന്നു" – അര്‍ച്ചന പറഞ്ഞു.

"അതു പറഞ്ഞാല്‍ അങ്ങേര്‍ക്കു മനസ്സിലാകുമല്ലോ; അതിനാണോ ഇത്ര ടെന്‍ഷന്‍?"

"എനിക്കു വല്ലാതെ ടെന്‍ഷനുണ്ടാക്കുന്ന സ്വഭാവമാണു മോഹന്‍റേത്. ആണുങ്ങളെ അടുത്തറിയണം, പൊന്നുരച്ചുനോക്കണം എന്നു കാരണവന്മാര്‍ പറയാറില്ലേ? വിവാഹത്തിനുമുമ്പ് ആണുങ്ങളെ അടുത്തറിയാന്‍ അപൂര്‍വം പേര്‍ക്കല്ലേ ഭാഗ്യം കിട്ടൂ. ഒരിക്കല്‍ കണ്ട്, ഏതാനും വാക്കുകള്‍ സംസാരിച്ച്, വിവാഹം കഴിക്കുന്ന ഒരു അപരിചിതനെ, ഏതാനും വര്‍ഷങ്ങള്‍കൊണ്ടല്ലേ ഒരു പെണ്ണിന് അടുത്തറിയാന്‍ കഴിയൂ. എന്തായാലും പെണ്ണ് അയാളെ സഹിച്ചല്ലേ പറ്റൂ. പെണ്ണു ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കാണുമ്പോള്‍ അയാള്‍ പെണ്ണിനെ എങ്ങനെയാണു കാണുക. ആണുങ്ങള്‍ പൊതുവേ ചില കാര്യങ്ങളോട് ആര്‍ത്തി പെരുത്തവരാണു റോബിന്‍. ചിലര്‍ക്കു സമ്പത്തിനോടാകും ആര്‍ത്തി. ചിലര്‍ക്കു ലൈംഗികതയോടാകും ആര്‍ത്തി. ചിലര്‍ക്ക് അധികാരത്തോടാകും ആര്‍ത്തി. ചിലര്‍ക്കു തിന്നും കുടിച്ചും തിമിര്‍ക്കാനായിരിക്കും ആര്‍ത്തി. ഇതിലേതെങ്കിലും ഒന്നില്‍പ്പെടാത്ത പുരുഷന്മാര്‍ ചുരുക്കമാണ്. അവരുടെ ജീവിതത്തില്‍ ഭാര്യയ്ക്കുളള സ്ഥാനമെന്താണ്? പുരുഷന്മാരുടെ ആര്‍ത്തികള്‍ക്കെല്ലാം ഒത്താശ ചെയ്തു നില്ക്കാനൊരു സഹായി"- അര്‍ച്ചന പറഞ്ഞു.

"എല്ലാ പെണ്ണുങ്ങളും അങ്ങനെ സഹായിയായി നില്ക്കാറുണ്ടോ അര്‍ച്ചനേ?" – റോബിന്‍ ചോദിച്ചു.

"അതിനു മനസ്സില്ലാത്തവരാണ് ഇട്ടെറിഞ്ഞു പോകുന്നത്. പക്ഷേ, അങ്ങനെ പോകുന്നവര്‍ക്ക് എവിടെ വരെ പോകാനാകും. പുരുഷമേധാവിത്വമള്ള സമൂഹം അവരെ വേട്ടയാടും."

"അര്‍ച്ചനയ്ക്കു പുരുഷന്മാരോടു വിദ്വേഷമാണെന്നു തോന്നിപ്പോകുന്നു" – റോബിന്‍ പറഞ്ഞു.

"എന്‍റെ പുരുഷന്‍ എന്നെ അങ്ങനെ ആക്കിയതാണ്."

"റോബിന്‍, നിങ്ങളുമൊരു പുരുഷനാണ്."

"എനിക്കു സ്ത്രീകളുമായി വഴക്കു കൂടുന്നതിഷ്ടമല്ല."

"വേഗത കുറയ്ക്കൂ; അടുത്ത ഗെയ്റ്റാണ്" – അര്‍ച്ചന പറഞ്ഞു.

റോബിന്‍ അര്‍ച്ചന പറഞ്ഞ ഗെയ്റ്റിനടുത്തു കാര്‍ നിര്‍ത്തി.

അര്‍ച്ചന കാറില്‍നിന്നിറങ്ങി.

"റോബിന്‍ വീട്ടില്‍ കയറിയിട്ടു പോകാം" – മോഹനനെ പരിചയപ്പെടുകയുമാകാം."

"പിന്നെയൊരിക്കലാകാം അര്‍ച്ചനേ. ഇന്ന് അല്പം കഴിച്ചിരിക്കുന്ന സാഹചര്യത്തില്‍ അങ്ങേര്‍ക്ക് എന്തു തോന്നും."

"അതൊന്നും പ്രശ്നമല്ല. കമ്പനിയില്‍ ഒരു മീറ്റിങ്ങുണ്ടായിരുന്നതുകൊണ്ടാണു വരാന്‍ താമസിച്ചതെന്നു റോബിന്‍ കൂടി ഒന്നു പറയണം."

അര്‍ച്ചന നിര്‍ബന്ധിച്ചപ്പോള്‍ റോബിന്‍ കാറില്‍ നിന്നിറങ്ങി. അവര്‍ സിറ്റൗട്ടില്‍ കയറി കാളിങ്ങ് ബെല്ലടിച്ചു വാതില്‍ തുറക്കാനായി കാത്തുനിന്നു.

പെട്ടെന്നു വാതില്‍തുറന്നുകൊണ്ടു മോഹന്‍ പുറത്തേയ്ക്കു വന്നു.

"ഇത്രനേരം എവിടാരുന്നെടി?" – അയാള്‍ ആക്രോശിച്ചു.

"കമ്പനിയില്‍ ഒരു മീറ്റിങ്ങുണ്ടായിരുന്നു" – അര്‍ച്ചന പറഞ്ഞു.

"മീറ്റിങ്ങും മാങ്ങാത്തൊലിയും. അവളുടെ ഒരു കമ്പനി! ഞാന്‍ കുറേ കമ്പനികള്‍ കണ്ടിട്ടുള്ളവനാ. പെണ്ണുങ്ങള്‍ ജോലിസ്ഥലത്തു നിന്നു വൈകി വരുന്നതിന്‍റെ ശാസ്ത്രം നീയെന്നെ പഠിപ്പിക്കണ്ട."

"അര്‍ച്ചന പറഞ്ഞതു സത്യമാണ്" – റോബിന്‍ പറഞ്ഞു.

"നിങ്ങളാരാ? ഇവിടെയെന്താണു കാര്യം?"

"കമ്പനിയില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരാണ്."

"സഹപ്രവര്‍ത്തനം കമ്പനിയില്‍ മതി. വീട്ടിലേക്കു വന്നുള്ള പ്രവര്‍ത്തനം വേണ്ട."

"സമയം വൈകിയതിനാല്‍ അര്‍ച്ചന ഒരു ലിഫ്റ്റ് ചോദിച്ചതുകൊണ്ടാണു ഞാന്‍ കാറില്‍ കയറ്റിയത്. അതിനു നിങ്ങള്‍ ഇത്രയ്ക്കു റെയ്സായി സംസാരിക്കേണ്ടതില്ല" – റോബിന്‍ പറഞ്ഞു.

"പിന്നെ ഞാനെങ്ങനെ സംസാരിക്കണമെടാ ചെറ്റെ. ഭാര്യയുടെ ജാരനു കിടക്ക വിരിച്ചു കൊടുക്കാനും സത്കരിക്കാനും എ ന്നെ കിട്ടുകയില്ലെടാ… കുറേക്കാലമായി നിന്നെ ഒന്നു നേരില്‍ കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നെടാ. ഒരു ഉളുപ്പുമില്ലാതെ നീ വീട്ടിലേക്കു കയറിവരുമെന്നു ഞാന്‍ വിചാരിച്ചില്ല."

"മോഹന്‍, റോബിന്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലൊരു മനുഷ്യനല്ല. വീട്ടില്‍ വന്നവരോടു മാന്യമായി പെരുമാറൂ" – അര്‍ച്ചന പറഞ്ഞു.

"നിന്‍റെ രഹസ്യക്കാരെയൊക്കെ ഞാന്‍ നിലവിളക്കുവച്ചു സ്വീകരിച്ചു ആദരിക്കാമെടി…"

"അര്‍ച്ചനേ, ഞാന്‍ പോകുന്നു. ഇങ്ങനെയൊരു മനുഷ്യന്‍റെ അടുത്തേയ്ക്ക് അര്‍ച്ചന എന്നെ വിളിക്കാന്‍ പാടില്ലായിരുന്നു" – റോബിന്‍ പറഞ്ഞു.

"നീ ഇവിടെ കയറിവന്നിട്ടു വെറുംകയ്യോടെ മടങ്ങിപ്പോയാല്‍, പിന്നെ ആണാണെന്നു പറഞ്ഞു ഞാന്‍ ജീവിക്കുന്നതെന്തിനാ?" മോഹന്‍ റോബിന്‍റെ ഷര്‍ട്ടില്‍ക്കയറി പിടിച്ചുലച്ചുകൊണ്ട് അടിക്കാനായി കൈ ഉയര്‍ത്തി.

"ഇനി നീ ഇവളുടെ പിന്നാലെ നടന്നാല്‍ നിന്നെ ഞാന്‍ കൊല്ലും" – അയാള്‍ അലറി.

"എന്തൊക്കെയാണു മോഹന്‍ ഈ കാണിക്കുന്നത്? നിങ്ങള്‍ക്കു ഭ്രാന്താണോ? തൊട്ടടുത്ത വീടുകളിലുള്ളവര്‍ ഇതൊക്കെ കാണുകയില്ലേ? നാളെ നമ്മള്‍ക്കു പുറത്തിറങ്ങി നടക്കാനൊക്കുമോ?" – അര്‍ച്ചന ചോദിച്ചു.

മോഹന്‍ തിരിഞ്ഞു അര്‍ച്ചനയുടെ മുഖത്തടിച്ചു.

"നീ കൂട്ടിക്കൊണ്ടുവരുന്ന ഇഷ്ടക്കാരെ താലപ്പൊലിയോടെ സ്വീകരിക്കുന്ന കോന്തനാണു ഞാനെന്നു നീ കരുതിയോ…?"
അയാള്‍ അവളെ വീണ്ടും അടിച്ചു.

"രാത്രിയാകുവോളം പ്രേമസല്ലാപം നടത്തി കറങ്ങിത്തിരിഞ്ഞു നടന്നിട്ട്, രാത്രിക്കു നീ അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നോടി…?"

റോബിനു സമനില നഷ്ടപ്പെട്ട അവസ്ഥയായി.

"ദൈവമേ, ഇതെന്തൊരു ലോകം!" -റോബിന്‍ തലയില്‍ കൈവച്ചു പറഞ്ഞുപോയി. കാര്യമില്ലാത്ത കാര്യത്തിന് ഒരു പാവം പെണ്ണിനെ തല്ലിച്ചതയ്ക്കുന്നതിനു താന്‍ കാരണമായല്ലോയെന്നു റോബിന്‍ നിരാശപ്പെട്ടു. ഈ എരപ്പാളിക്കിട്ടു രണ്ടടി കൊടുക്കണമെന്നു റോബിന്‍ വിചാരിച്ചു.

അര്‍ച്ചനയെ അയാള്‍ വലിച്ചിഴച്ചു വീടിനകത്തേയ്ക്കു കൊണ്ടുപോയി വീണ്ടും മര്‍ദ്ദിച്ചു.

അര്‍ച്ചന നിശ്ശബ്ദം അതെല്ലാം സഹിക്കുന്നു. അവള്‍ കരയുന്നില്ല, പ്രതിരോധിക്കുന്നില്ല. ഒരടിമയെപ്പോലെ അവള്‍ എല്ലാം ഏറ്റുവാങ്ങുന്നു.

ഇത് അയാളുടെ വീടാണു റോബിന്‍. നീ ഇവിടെ അതിക്രമം കാണിച്ചാല്‍ വീടുകയറി ആക്രമിച്ചതിനു നീ നാളെ അകത്താകും. ആ നാണം കെട്ടവന്‍, ഭാര്യയെയും നിന്നെയും ചേര്‍ത്തു കഥയുണ്ടാക്കും. വീടുകയറി ആക്രമണം നടത്തിയ ഭാര്യയുടെ രഹസ്യകാമുകനെ പൊലീസ് അറസ്റ്റ് ചെയ്തെന്നു നാളെ പത്രങ്ങളില്‍ വാര്‍ത്തയാകും. നീ നിന്‍റെ പാടു നോക്കി പോ" – റോബിന്‍റെ മനസ്സിനുള്ളില്‍ ആരോ ഉ പദേശിച്ചു.

റോബിന്‍ അപമാനിതനായി വീട്ടില്‍നിന്നിറങ്ങി കാറില്‍ കയറി.

കമ്പനിയില്‍ അര്‍ച്ചനയുടെ ഇടപെടലുകളും ജോലി ചെയ്യുന്നതിനുള്ള മിടുക്കും കണ്ടാല്‍ അവളുടെ വീട്ടില്‍ ഇങ്ങനെയൊരു ജീവിതമാണ് അവള്‍ക്കുള്ളതെന്ന് ആരെങ്കിലും പറയുമോ?

മനസ്സിലുള്ളതു പുറത്തു കാണിക്കാതെ കൊണ്ടുനടക്കാന്‍ പെണ്ണുങ്ങള്‍ക്കുള്ള ശേഷി അപാരംതന്നെ. ഒരുപക്ഷേ, മനുഷ്യസമൂഹത്തിന്‍റെ നിലനില്പുതന്നെ സ്ത്രീയുടെ ഈ കഴിവിനെ അടിസ്ഥാനമാക്കിയാണെന്നു റോബിനു തോന്നി.

കൂടെ ജോലിയെടുക്കുന്നവര്‍, അവരുടെ സഹപ്രവര്‍ത്തകരുടെ ജീവിതത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ടതല്ലേ? അവര്‍ നേരിടുന്ന പ്രതിസന്ധികളില്‍ താങ്ങായി നില്ക്കേണ്ടതല്ലേ?

ദിവസവും പത്തു മണിക്കൂറോളം ഒരുമിച്ചു കഴിയുന്നവരാണ്. എ ന്നിട്ടും സഹപ്രവര്‍ത്തകരുടെ ജീവിതത്തെപ്പറ്റി ആര്‍ക്കും അറിയില്ല. വീട്ടിലെ അവസ്ഥകള്‍ ആരും വെളിപ്പെടുത്താറില്ല. ഭര്‍ത്താവിനെപ്പറ്റിയോ ഭാര്യയെപ്പറ്റിയോ കാമുകനെപ്പറ്റിയോ ആരും യഥാര്‍ത്ഥ സ്ഥിതി വിവരിക്കാറില്ല.

പ്രശ്നങ്ങളും പ്രയാസങ്ങളും പുറത്തുപറയാതെ ഉള്ളിലൊതുക്കി സുന്ദരീസുന്ദരന്മാരായി സന്തോഷം അഭിനയിച്ചു ജീവിക്കുകയാണെല്ലാവരും.

ഭാരമിറക്കാതെ എങ്ങോട്ടേക്കോ ഓടിക്കൊണ്ടിരിക്കുന്ന മാലിന്യവാഹനംപോലെയാണ് ഇവിടെ മനുഷ്യര്‍. ഉള്ളിലുള്ളതു പുറത്തറിഞ്ഞാല്‍ നാറുമെന്ന ഭയവുമായി കഴിയുന്നവര്‍.

റോബിന്‍ അര്‍ച്ചനയുടെ ആത്മമിത്രമായ ശീതളിനെ ഫോണില്‍ വിളിച്ചു.

"നിങ്ങള്‍ പരിപാടി കഴിഞ്ഞു മടങ്ങിയോ?"

"ഇല്ല; പിരിയുന്നതേയുള്ളൂ."

"നീയൊക്കെ അര്‍ച്ചനയുടെ കൂടെ നടക്കുന്നതല്ലേ. അവള്‍ എന്നോടൊപ്പം പോരുമ്പോള്‍ അവളുടെ വീട്ടിലുള്ള ആള്‍ക്കുരങ്ങനെപ്പറ്റി നിനക്ക് ഒരു സൂചന തരാമായിരുന്നില്ലേ?"

"എന്താണു റോബിന്‍ സംഭവിച്ചത്? അര്‍ച്ചനയുടെ ഹസ്ബന്‍റ് ഉടക്കിയോ? അയാള്‍ ബോംബെയിലാണെന്നാ അവള്‍ പറഞ്ഞത്."

"ശീതള്‍, അയാള്‍ എന്നെ കൊന്നേനെ. ഞാന്‍ ഓടി രക്ഷപ്പെട്ടെന്നു പറയാം. അര്‍ച്ചനയെ അയാളിപ്പം അടിച്ചു കൊന്നുകാണും. നാളെ അവളുടെ നെഞ്ചത്തുവയ്ക്കാന്‍ ഒരു റീത്തു വാങ്ങിവച്ചോ."

"റോബിന്‍, സത്യമായിട്ടും അയാളെപ്പറ്റി എനിക്കൊന്നും അറിഞ്ഞുകൂടാ. അയാള്‍ ഒരു കെമിസ്റ്റാണെന്ന് അര്‍ച്ചന പറഞ്ഞിട്ടുണ്ട്. ഭ്രാന്തനാണെന്നു പറഞ്ഞിട്ടില്ല."

"എത്ര കാലമായി ഒരുമിച്ചു ജോലി ചെയ്യുന്നു. സമയം കിട്ടുമ്പോഴെല്ലാം വളാവളാന്നു വര്‍ത്തമാനം. എന്നിട്ട് ഒന്നും അറിയത്തില്ലപോലും."
റോബിന്‍ ഫോണ്‍ കട്ടു ചെയ്തു.

അവള്‍ അര്‍ച്ചനയെ വിളിച്ചു വിവരങ്ങള്‍ അന്വേഷിക്കട്ടെ. നിശ്ശബ്ദയായി മര്‍ദ്ദനങ്ങള്‍ സഹിച്ച് ഒരുവളും ഭര്‍ത്താവിനെ മാന്യനാക്കണ്ട.

റോബിന്‍ വീടിന്‍റെ പോര്‍ച്ചില്‍ കാര്‍ ഒതുക്കി. മെമന്‍റോയും സമ്മാനപ്പൊതിയുമെടുത്ത്, വീടു തുറന്ന് അകത്തു കയറി.

"നല്ലൊരു ദിവസം അലമ്പായിപ്പോയി" – റോബിന്‍ പറഞ്ഞു. അയാള്‍ സെറ്റിയിലിരുന്നു ഫോണെടുത്തു നോക്കി. ബഹളത്തിനിടയില്‍ അവള്‍ വിളിച്ചിരുന്നോ? മിസ്ഡ്കോളുകള്‍ ഉണ്ടോ? റോബിന്‍ ഫോണിന്‍റെ ഫോള്‍ഡറിലൂടെ വിരലോടിച്ചു.

അവള്‍ അന്യദേശത്തേയ്ക്കു യാത്ര പോയതാണ്. അവിടെയെത്തിക്കഴിഞ്ഞ് വീട്ടിലിരിക്കുന്ന ഭര്‍ത്താവിനെ ഒന്നു വിളിക്കുക. അവിടെ എത്തിയെന്ന് അറിയിക്കുക. യാത്രയുടെ വിശേഷങ്ങള്‍ പറയുക. ഒരു മെസേജെങ്കിലും അയയ്ക്കുക.

ജെയ്സിയുടെ ജീവിതത്തില്‍ അത്രയ്ക്ക് അപ്രധാന റോളാണോ ഭര്‍ത്താവിനുള്ളത്?

ഒരു യാത്രയല്ലേ? അവള്‍ അവിടെ എത്തിയോ എന്ന് എന്തുറപ്പാണുള്ളത്? അവള്‍ വിളിക്കാത്തതിനു പല കാരണങ്ങളുണ്ടാകാം. അവള്‍ ഭാര്യയാണല്ലോ. എല്ലാ ഭാരവും അവളുടെ തലയിലേക്കു വച്ചുകൊടുത്തിട്ട് ഓരോ ന്യായങ്ങള്‍ ചിന്തിക്കുന്നതു ശരിയാണോ? തന്‍റെ ജീവിതത്തില്‍ ഭാര്യയ്ക്കു പ്രധാന റോളുണ്ടെന്നു പറയുന്നതില്‍ അലപമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ തനിക്ക് അങ്ങോട്ടൊന്നു വിളിക്കാമായിരുന്നില്ലേ? തന്‍റെ കയ്യിലിരിക്കുന്നതു കളിപ്പാട്ടമല്ലല്ലോ. മുപ്പതിനായിരത്തിന്‍റെ ഫോണല്ലേ? ഉള്ളിലിരുന്ന് ആരോ ചോദിക്കുന്നു.

റോബിന്‍ ജെയ്സിയെ ഫോണില്‍ വിളിച്ചു കാത്തു. കുറേ സമയത്തിനുശേഷം ഫോണില്‍ നിന്ന് ഒരറിയിപ്പു ലഭിച്ചു. "നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ പരിധിക്കു പുറത്താണ്."

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org