Latest News
|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 14

ആയുഷ്ക്കാലം – അദ്ധ്യായം 14

Sathyadeepam

സിംഗപ്പൂര്‍ മഹാനഗരത്തിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലൊന്നിലായിരുന്നു ട്രെയിനിങ്ങിന് എത്തുന്നവരുടെ താമസം ഏര്‍പ്പാടാക്കിയിരുന്നത്. ആ ഹോട്ടലിലെ തന്നെ ഒരു കോണ്‍ഫെറന്‍സ് ഹാളിലാണു ക്ലാസ്സുകളെടുത്തിരുന്നത്.

സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്ങിന്‍റെ ഏറ്റവും ആധുനികമായ ടെക്നോളജിയെപ്പറ്റിയായിരുന്നു ക്ലാസ്സുകള്‍. ജപ്പാനിലെ പ്രസിദ്ധമായ കാസിയോ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണു ക്ലാസ്സുകള്‍ നയിച്ചിരുന്നത്. ദിവസം രണ്ടു മണിക്കൂറാണു ക്ലാസ്സ്.

സോഫ്റ്റ്വെയര്‍ കമ്പനികള്‍ രണ്ടു വിഭാഗത്തിലുള്ളതാണല്ലോ. ഇന്ത്യയില്‍ അധികവും സര്‍വീസ് ബെയ്സ്ഡ് സോഫ്റ്റ്ഫെയര്‍ കമ്പനികളാണുള്ളത്. ഇന്‍ ഫോസിസ്, വിപ്രോ, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ടെക്മഹീന്ദ്ര, എച്ച്സിഎല്‍ തുടങ്ങി വലുതും ചെറുതുമായ കമ്പനികളെല്ലാംതന്നെ ഇത്തരത്തിലുള്ളതാണ്.

പ്രോഡക്ട് ബെയ്സ്ഡ് സോഫ്റ്റ്വെയര്‍ കമ്പനികളാണു രണ്ടാമത്തെ വിഭാഗം. അവരാണു പുതിയ ഉത്പന്നം നിര്‍മിക്കുന്നവര്‍. ഭീമന്‍ ഐടി കമ്പനികളാണവര്‍. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍, ഇന്‍റല്‍, ഐബിഎം, ഹ്യൂലറ്റ് പക്കാര്‍ഡ്, കാസിയോ തുടങ്ങിയവ ഇത്തരം കമ്പനികളാണ്.

ഇന്ത്യയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയേഴ്സായി ജോലിയെടുക്കുന്ന അനേക ലക്ഷങ്ങള്‍ പ്രോഡക്ട് ബെയ്സ്ഡ് സോഫ്റ്റ്വെയര്‍ കമ്പനികളുടെ ഉത്പന്നങ്ങളെ സര്‍വീസ് ചെയ്യുന്നവര്‍ മാത്രമാണ്. അതിനൊരു മാറ്റം വരേണ്ടതിന്‍റെ ആവശ്യകതയാണു ക്ലാസ്സില്‍ ആ ജപ്പാന്‍ വിദഗ്ദ്ധന്‍ വെളിപ്പെടുത്താന്‍ ശ്രമിച്ചത്.

കമ്പ്യൂട്ടറിനു മനസ്സിലാകുന്ന പുതിയ യന്ത്രഭാഷകള്‍ എങ്ങനെ കണ്ടെത്തണമെന്നും ആ കാര്യത്തില്‍ ഒരു പ്രോഗ്രാമര്‍ നടത്തേണ്ട ഗവേഷണങ്ങള്‍ എന്തൊക്കെയാവണമെന്നും അദ്ദേഹം വിവരിച്ചു. കുത്തക കമ്പനികളുടെ ഉത്പന്നങ്ങളെ സര്‍വീസ് ചെയ്യാനായി കാത്തുനില്ക്കാതെ മൂന്നാം ലോക രാജ്യങ്ങളിലെ എന്‍ജിനീയേഴ്സ് പുതിയ പ്രോഡക്ട് ബെയ്സ്ഡ് സോഫ്റ്റ്വെയര്‍ നിര്‍മിച്ചുകൊണ്ടു വിപ്ലവം സൃഷ്ടിക്കുകയാണു വേണ്ടതെന്നാണ് അദ്ദേഹം പഠിപ്പിച്ചത്.

വിവിധ കമ്പനികളില്‍ നിന്നു വന്ന നാല്പതോളം പേരായിരുന്നു ട്രെയിനികള്‍. ജെയ്സിയുടെ കമ്പനിയില്‍ നിന്നു നാലു പേരാണ്. ജെയ്സിയും ടീംലീഡര്‍ സൂരജും ബാംഗ്ലൂരില്‍നിന്നും ഹൈദരാബാദില്‍ നിന്നും ഓരോ ആളും.

ക്ലാസ്സ് കഴിഞ്ഞാല്‍ പിന്നെ നഗരത്തില്‍ ചുറ്റിക്കറങ്ങി നടക്കാം. സന്ദര്‍ശകരെ ആകര്‍ഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന അനവധി ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹാനഗരമായിരുന്നത്. ആദ്യദിവസം ജെയ്സി സൂരജിനോടൊപ്പം നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിലൂടെ ഒരു വട്ടം നടന്നു.

ക്ലാസ്സില്‍ പ്രമുഖ കമ്പനികളില്‍ നിന്നു വന്ന എന്‍ജിനീയേഴ്സുമായി പരിചയപ്പെടാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും അവസരങ്ങളുണ്ടായിരുന്നു.

വാചാലതകൊണ്ടും പേഴ്സണാലിറ്റികൊണ്ടും ക്ലാസ്സില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു രാജീവ്കുമാര്‍.

അയാള്‍ ഒരു പ്രസിദ്ധ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആളാണ്. ആദ്യദിവസം പരിചയപ്പെട്ടപ്പോള്‍ മുതല്‍ അയാള്‍ ജെയ്സിയോടു കൂടുതല്‍ മമത കാണിച്ചു.

രണ്ടാമത്തെ ദിവസം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ രാജീവ് കുമാര്‍ ജെയ്സിയോടു പറഞ്ഞു:

“ജെയ്സി ഇങ്ങനെ ഒതുങ്ങിനില്ക്കാന്‍ പാടില്ല. ഐ ടി എന്‍ജിനീയര്‍ ഒരു കമ്പനിയില്‍ ചടഞ്ഞുകൂടി കഴിഞ്ഞാല്‍ ജീവിച്ചുപോകാമെന്നല്ലാതെ അര്‍ഹിക്കുന്ന ഒരു ഭാവിയുണ്ടാകില്ല. ജെയ്സിയെപ്പോലെ ഡൈനാമിക് പേഴ്സണാലിറ്റിയുള്ള ഒരാള്‍, ഈ പ്രപഞ്ചംപോലെ വിശാലമായ ഐടി മേഖലയില്‍, ഒരു പടയോട്ടംതന്നെ നടത്തേണ്ടവളാണ്. ഏതു കമ്പനിയില്‍ ചെന്നാലും നമ്മള്‍ ജോലിയെടുക്കണം. പക്ഷേ, നമ്മളെടുക്കുന്ന ജോലിയുടെ റിസല്‍ട്ട് ഓരോ കമ്പനിയുടെയും സ്വഭാവമനുസരിച്ചു പല വിധത്തിലായിരിക്കും. ജെയ്സിയെപ്പോലുള്ളവര്‍ ഒരിടത്ത് അടിഞ്ഞുകൂടരുത്. കൂടുതല്‍ നല്ല കമ്പനികളിലേക്കു ചാടണം.”

“സര്‍, ആണുങ്ങളെപ്പോലെ ഞങ്ങള്‍ക്ക് അവസരങ്ങള്‍ ഒത്തുവരാറില്ല. വന്നാല്‍ത്തന്നെ എത്ര പേരുടെ സമ്മതം ഉറപ്പാക്കേണ്ടതുണ്ട്. ആണുങ്ങള്‍ക്ക് അവരുടെ ഇഷ്ടമാണു പ്രധാനം. പെണ്ണുങ്ങള്‍ക്കും ആണുങ്ങളുടെ ഇഷ്ടമാണു പ്രധാനം! പെണ്ണിനു സ്വന്തമായുള്ള ഇഷ്ടങ്ങളൊക്കെ വീട്ടിലെ ഇരുമ്പലമാരയില്‍വച്ചു പൂട്ടാം” – ജെയ്സി പറഞ്ഞു.

“ഓകെ. ജെയ്സി പറയുന്നതില്‍ കാര്യമില്ലാതില്ല. യാഥാസ്ഥിതികനായ ഒരു ഭര്‍ത്താവോ പിതാവോ നിങ്ങള്‍ക്കു മാര്‍ഗതടസ്സം സൃഷ്ടിക്കാനായിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. ജെയ്സീ ജീവിതത്തില്‍ ചില വേദികളില്‍, ഉദാഹരണത്തിനു കലാരംഗത്ത്, അല്ലെങ്കില്‍ രാഷ്ട്രീയരംഗത്തു നമ്മള്‍ക്ക് ഉയര്‍ന്നു പറക്കണമെങ്കില്‍ സ്വന്തമായ ചില നിലപാടുകളുണ്ടാകണം. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിയാല്‍ നമുക്കു പറന്നുയരാന്‍ കഴിയില്ല. മറ്റൊരാളുടെ ചിറകുകള്‍ നമുക്കു പറക്കാനായി ഉപയോഗിക്കാനും കഴിയില്ല. അതുപോലെതന്നെയാണു നമ്മുടെ തൊഴില്‍മേഖലയും. നമ്മള്‍ പറുന്നുയരാന്‍ ശ്രമിക്കുക. തടസ്സമെന്നു തോന്നുന്നതിനെ തട്ടിമാറ്റുക.”

“സാറെ ഉപദേശമൊക്കെ കൊള്ളാം. അതുകൊണ്ടു ഫലമുണ്ടാകുമെന്നു തോന്നുന്നില്ല.”

“ഞാന്‍ ഉപദേശിക്കാന്‍ വേണ്ടിയല്ല ജെയ്സിയോടു സംസാരിച്ചത്. ജെയ്സിയുടെ പെരുമാറ്റരീതികള്‍, ഇടപെടലുകള്‍, തനിമയുള്ള വ്യക്തിത്വം, അഭിപ്രായങ്ങള്‍ ഒക്കെയും എന്നെ ഏറെ ആകര്‍ഷിച്ചു. അതുകൊണ്ടു ജെയ്സിക്കു താത്പര്യമുണ്ടെങ്കില്‍ ഞങ്ങളുടെ കമ്പനിയില്‍ ജെയ്സിക്കു ഞാനൊരു ജോലി വാങ്ങിത്തരാം. ഇപ്പോള്‍ ചെയ്യുന്നതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍, ഇപ്പോഴത്തേക്കാള്‍ ശമ്പളത്തില്‍. താത്പര്യമുണ്ടെങ്കില്‍ അമേരിക്കയിലോ യൂറോപ്യന്‍ രാ ജ്യങ്ങളിലോ പോകാനും അവസരങ്ങളുണ്ട്.”

“നന്ദിയുണ്ട് സര്‍, നിങ്ങളുടെ കമ്പനിപോലുള്ള ഒരു ലോകോത്തര കമ്പനിയില്‍ ജോലി ചെയ്യുന്നത് എന്‍റെ ഒരു സ്വപ്നമാണ്.”

“എന്നാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നു കരുതിക്കൊള്ളുക” – രാജീവ്കുമാര്‍ പറഞ്ഞു.

ജെയ്സി നിന്നനില്പില്‍ ആകാശത്തേയ്ക്ക് ഉയര്‍ന്നു. ചിറകു വീശി പറന്നു. ഒരു വലിയ മള്‍ട്ടിനാഷല്‍ കമ്പനിയില്‍ കോടികള്‍ ശമ്പളം പറ്റുന്ന ഒരു ഉന്നതോദ്യോഗസ്ഥയാകണമെന്ന മോഹത്തിന്‍റെ ആദ്യഘട്ടം കടക്കാനാവസരം കൈവരുന്നു. അതിനെയാണു ഭാഗ്യമെന്ന് പറയുന്നത്.

കമ്പനി സിംഗപ്പൂരില്‍ ട്രെയിനിങ്ങിനയയ്ക്കാന്‍ തന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? ആയിരക്കണക്കിനു സോഫ്റ്റ് വെയര്‍ എന്‍ജിനീയേഴ്സ് ജോലിയെടുക്കുന്ന കമ്പനിയല്ലേ? അവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നാലു പേരില്‍ ഒരാളായതും ഭാഗ്യം.

സൂരജ് അതിന് ഏറെ സഹായിച്ചിട്ടുണ്ട്. ഇവിടെവരെ സൂരജ്, ഇനി രാജീവ്കുമാര്‍, അതിനുശേഷം മറ്റൊരാള്‍. ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയില്‍ കൈപിടിച്ചു കയറ്റാന്‍ ഓരോരുത്തര്‍.

വിദേശരാജ്യത്തു പോകാന്‍ അവസരമുണ്ടായാല്‍ പോകും. അവിടെ സ്ഥിരമായി ജീവിക്കാന്‍ അവസരമുണ്ടായാല്‍ അവിടെ ജീവിക്കും. റോബിനു താത്പര്യമുണ്ടെങ്കില്‍ തന്‍റെ കൂടെ വരാം. അത് അയാളുടെ ഇഷ്ടം.

“ജെയ്സി ബയോഡേറ്റ മെയില്‍ ചെയ്തേക്കാമോ? ഫോണ്‍ നമ്പര്‍ പറയൂ. മെയില്‍ ഐഡി മേസേജ് ചെയ്യാം.” ജെയ്സി അവളുടെ ഫോണ്‍ നമ്പര്‍ പറഞ്ഞുകൊടുത്തു.

“സര്‍, എത്ര വര്‍ഷമായി ഈ കമ്പനിയില്‍ ജോലിക്ക് കയറിയിട്ട്” – ജെയ്സി ചോദിച്ചു.

“രണ്ടു വര്‍ഷം മാത്രം. ഇപ്പോള്‍ അവിടെ പ്രോജക്ട് മാനേജരാണ്. കാമ്പസ് സെലക്ഷനില്‍ വിപ്രോയിലായിരുന്നു തുടക്കം. രണ്ടു വര്‍ഷം അവിടെ നിന്നു. ഒന്നേമുക്കാല്‍ ലക്ഷം എന്‍ജിനീയേഴ്സ് ജോലി ചെയ്യുന്ന കമ്പനിയാണ്. ഇടിച്ചുകയറാന്‍ അത്ര എളുപ്പമല്ല. നമ്മള്‍ ജോലിയെടുക്കുന്ന കമ്പനിയെപ്പറ്റി നന്നായി പഠിക്കണം. കമ്പനികള്‍ അവിടെ ജോലിയെടുക്കുന്ന എല്ലാവരെയും പറ്റി ചെറിയ റിസര്‍ച്ച് നടത്തും. അതുപോലെ കമ്പനികളെപ്പറ്റി നമ്മളും റിസര്‍ച്ച് നടത്തണം. കമ്പനികളുടെ ഭാവിയെപ്പറ്റിയല്ല നമ്മുടെ ഭാവിയെപ്പറ്റി വേണം നമ്മള്‍ ചിന്തിക്കാന്‍. ഐടി മേഖലയില്‍ ഇളം പ്രായത്തിനാണു വില. സര്‍ക്കാര്‍ ജോലിയില്‍ സര്‍വീസ് കൂടുന്തോറും നമ്മുടെ വില വര്‍ദ്ധിക്കുമെങ്കില്‍ ഐടി മേഖലയില്‍ അങ്ങനെ സംഭവിക്കുന്നില്ല. ചെറുപ്പക്കാരാണു ഐടി കമ്പനികളുടെ ആസ്തി. സര്‍വീസ് കൂടുന്തോറും നമ്മള്‍ ഒരുപാടു കളികള്‍ മനസ്സിലാക്കും. കമ്പനികളുടെ കളികളെ മറികടന്നു നമ്മളും കളിക്കാന്‍ തുടങ്ങും. അതു കമ്പനികള്‍ക്കറിയാം. അവര്‍ എപ്പോഴും ഒഴിവാക്കാന്‍ ശ്രമിക്കുന്നതു സീനിയേഴ്സിനെയാണ്. സീനിയേഴ്സ് കൂടിയ ശമ്പളത്തില്‍ കുറച്ചു ജോലികള്‍ ചെയ്യുന്നു. ഇളം പ്രായക്കാര്‍ കുറഞ്ഞ ശമ്പളത്തില്‍ കൂടുതല്‍ ജോലികള്‍ ചെയ്യുന്നു. സീനിയേഴ്സ് എപ്പോഴും കമ്പനികള്‍ക്കു ഭാരമായി മാറുന്നു. ഇപ്പോള്‍ത്തന്നെ ഇന്‍ഫോസിസ്, ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പിരിച്ചുവിടുന്നതു ഗ്രൂപ്പ് മാനേജര്‍ മുതല്‍ മുകളിലേക്കുള്ളവരെയാണ്. അതുകൊണ്ടു നമ്മള്‍ കളിക്കുന്നെങ്കില്‍ ചെറുപ്പത്തില്‍ത്തന്നെ കളിക്കണം. ദൈവാനുഗ്രഹത്താല്‍ ജോലി കിട്ടി ഒരു വര്‍ഷത്തിനകം ഈ ആശയം എന്നില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വിപ്രോയില്‍ നിന്നു ഞാന്‍ എച്ച്പിയിലേക്കു ചാടി. അവിടെനിന്ന് ഒറാക്കിളില്‍ പോയി. പിന്നെ ഐബിഎം… എന്നാല്‍ കമ്പനിയില്‍ നിന്നു കമ്പനികളിലേക്കു ചാടുന്നതു വളരെ സൂക്ഷിച്ചു വേണം. ഒരു കമ്പനിയില്‍ കഴിയുമെങ്കില്‍ രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ നമ്മുടെ പേരില്‍ ഉറച്ചുനില്ക്കാത്തവന്‍ എന്ന ബ്ലാക്ക് മാര്‍ക്ക് വീഴും” – രാജീവ്കുമാര്‍ പറഞ്ഞു.

“സാറിന്‍റെ കോളജ് വി ദ്യാഭ്യാസം എവിടെയായിരു ന്നു?”- ജെയ്സി ചോദിച്ചു.

“ഞാന്‍ എന്‍ജിനീയറിങ്ങി നു പഠിച്ചതു മൈസൂരിലായിരുന്നു. നമ്മള്‍ക്കു റെസ്റ്റോറന്‍റില്‍ പോയി ഒരു കാപ്പിയോ കോളയോ മറ്റോ കഴിക്കാം. അവിടെയിരുന്നു സംസാരിക്കാം.”

അവര്‍ ലിഫ്റ്റിറങ്ങി റെസ്റ്റോറന്‍റിലെത്തി.

“നമ്മുടെ ഈ സൗഹൃദത്തിന്‍റെ തുടക്കം സെലിബ്രേറ്റ് ചെയ്യാനായി നമുക്കോരോ ബിയര്‍ കഴിക്കാം” – രാജീവ്കുമാര്‍ പറഞ്ഞു.

“അതു വേണോ സര്‍?” – ജെയ്സി ചോദിച്ചു.

“അതിനെന്താ ജെയ്സി. ഏറെ താമസിക്കാതെ എന്‍റെ കമ്പനിയില്‍, എന്‍റെ ഡിപ്പാര്‍ട്ടുമെന്‍റില്‍ ജെയ്സിയുണ്ടാകുമല്ലോ. നമ്മുടെ സൗഹൃദം ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കാന്‍ വേണ്ടിയാണ് ഈ ചെറിയ ആഘോഷം”- രാജീവ്കുമാര്‍ പറഞ്ഞു.

“ഏതു വിഷയത്തെപ്പറ്റിയാണെങ്കിലും സര്‍ എത്ര നന്നായി സംസാരിക്കുന്നു”- ജെയ്സി പറഞ്ഞു.

“നാക്കുള്ളവനു നാട്ടില്‍ പാതി എന്നാണല്ലോ ചൊല്ല്”- രാജീവ്കുമാര്‍ ചിരിച്ചു.

“എനിക്ക് ബിയര്‍ കഴിച്ചു ശീലമില്ല. എന്നാല്‍ സാര്‍ ആദ്യമായി നല്കുന്നതു വേണ്ടായെന്നു പറയാന്‍ മനസ്സു വരുന്നില്ല”- ജെയ്സി പറഞ്ഞു.

ഇയാളെ പൊക്കിവിട്ടാല്‍ ആകാശംവരെ പൊങ്ങിപ്പോകുന്നവനാണെന്നു ജെയ്സി അനുമാനിച്ചു. ഏതു വിഷയത്തെപ്പറ്റിയും നന്നായി സംസാരിക്കാന്‍ തനിക്കും കഴിയും. എന്നാലും ജീവിതത്തിന് ഉപകാരപ്പെടുമെങ്കില്‍ ഇയാളെ ഉപയോഗിക്കാം.

രാജീവ് രണ്ടു ബിയറിന് ഓര്‍ഡര്‍ കൊടുത്തു.

“ഈ ലോകത്ത് ഏറ്റവും ഓര്‍ത്തഡോക്സ് ആയിട്ടുള്ള പെണ്ണുങ്ങളുള്ളത് കേരളത്തിലായിരിക്കും. എന്നാല്‍ അവര്‍ വളരെ പെട്ടെന്ന് ഏതു മാറ്റത്തിനും വിധേയരാകും. നാടുവിട്ട് അന്യദേശത്തു ചെന്നാല്‍ അവിടത്തെ ചുറ്റുപാടുകള്‍ക്കൊത്തുയരാന്‍ അവര്‍ക്ക് ഏതാനും ദിവസം മതി. ഗള്‍ഫിലായാലും അമേരിക്കയിലായാലും നമ്മുടെ പെണ്ണുങ്ങള്‍ പിടിച്ചുനില്ക്കുന്നത് അതുകൊണ്ടാണ്” – രാജീവ് കുമാര്‍ പറഞ്ഞു.

“ഏതു മാറ്റത്തെയും ഉള്‍ക്കൊള്ളാന്‍ പെണ്ണിനു കഴിയും. അല്ലെങ്കില്‍ ഇരുപതുഇരുപത്തഞ്ചു വര്‍ഷം വളര്‍ന്ന വീട്ടില്‍ നിന്ന് ഒരു ദിവസം, ഒരു പരിചയവുമില്ലാത്ത ഒരു വീട്ടിലേക്ക്, അപരിചിതരുടെ ഇടയിലേക്ക് കല്യാണമെന്നു പറഞ്ഞു പറിച്ചുനടുമ്പോള്‍ പിടിച്ചുനില്ക്കാന്‍ കഴിയുമോ? ഒന്നെങ്കില്‍ പെണ്ണിന്‍റെ വിവരക്കേട് അല്ലെങ്കില്‍ വഴക്കം” – ജെയ്സി പറഞ്ഞു.

“അതൊരു സെറ്റപ്പ്; വിവാഹജീവിതത്തിനുവേണ്ടി…”

“വിവാഹജീവിതത്തിനുവേണ്ടി പെണ്ണുങ്ങള്‍ സഹിച്ചോളണം. ആണുങ്ങള്‍ക്കു വീടുവിട്ടു പെണ്‍വീട്ടിലേക്കു പോകാന്‍ കഴിയില്ല. അവര്‍ക്കു പിറന്ന വീടിനോടുള്ള സെന്‍റിമെന്‍സ്… നൊസ്റ്റാള്‍ജിയ…”- ജെയ്സി ചിരിച്ചു.

“ഞാന്‍ പറഞ്ഞു വന്നതു ജീവിതരീതിയുടെ കാര്യമാ. കേരളത്തിലെ പെണ്ണുങ്ങള്‍ പണ്ടത്തേക്കാള്‍ മാറിയിട്ടുണ്ടെന്നതു നേര്. എന്നാലും നാട്ടിലെത്തിയാല്‍ അവര്‍ പഴയ സ്വഭാവം കാണിക്കും. അവിടെ ഒരു സ്ത്രീയെ ബിയര്‍ കുടിക്കാന്‍ ക്ഷണിക്കാന്‍ പറ്റുകയില്ല. എന്നാല്‍ അവര്‍ ബാംഗ്ലൂരില്‍ വന്നാല്‍ ബിയര്‍ കുടിക്കും. അമേരിക്കയിലെത്തിയാല്‍ അല്പംകൂടി മുന്തിയ ഇനം കുടിക്കാനും മനസ്സു കാണിക്കും. ഞാന്‍ പറഞ്ഞതു നമ്മുടെ പെണ്ണുങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നവരാണെന്നാണ്.”

അപ്പോഴേക്കും വെയിറ്റര്‍ ബിയറുമായെത്തി. അയാള്‍ ബിയര്‍ തുറന്നു ഗ്ലാസുകളില്‍ പകര്‍ന്നു.

“സാര്‍ എനിക്കു താങ്കളുടെ കമ്പനിയില്‍ ജോലി കിട്ടുകയാണെങ്കില്‍ അത് എന്നത്തേയ്ക്കു നടക്കും?” – ജെയ്സി ചോദിച്ചു.

“കിട്ടുകയാണെങ്കില്‍ എന്ന സംശയം വേണ്ട. തൊണ്ണൂറു ദിവസത്തിനകം കിട്ടിയിരിക്കും” – രാജീവ് പറഞ്ഞു.

“വിദേശത്ത്എവിടെയൊക്കെയാണു നിങ്ങളുടെ കമ്പനിക്കു പ്രോജക്ടുകളുള്ളത്?”
“അമേരിക്കയിലുണ്ട്, ആസ്ത്രേലിയയിലുണ്ട്, യൂറോപ്യന്‍ രാജ്യങ്ങളിലുണ്ട്. ജെയ്സിക്കു താത്പര്യമുണ്ടെങ്കില്‍ ഒരു വര്‍ഷം ജോലി ചെയ്തുകഴിഞ്ഞാല്‍ പോകാവുന്നതേയുള്ളൂ.”

ജെയ്സി ഉള്ളില്‍ ഉയര്‍ന്നുവന്ന സന്തോഷം അടക്കിപ്പിടിച്ചു. മനസ്സിലെ ആഗ്രഹങ്ങളെല്ലാം സാദ്ധ്യമാകാന്‍ വഴിതെളിയുകയാണ്. രാജീവിന്‍റെ അഭിപ്രായങ്ങളോടു യോജിച്ചു നില്ക്കാം. താനും ആധുനികതയുടെ സ്പര്‍ശമുള്ളവളാണെന്ന് അയാളറിയട്ടെ. അവള്‍ ബിയര്‍ വിഷമം കൂടാതെ കഴിച്ചു കാണിച്ചു.

“ബിയര്‍ ശീലമില്ലെന്നു ജെയ്സി പറഞ്ഞതു ശരിയല്ല” – രാജീവ് പറഞ്ഞു.

“ഒരു പെണ്ണ് ഏതു കയ്പുനീരും കുടിക്കും. കൂട്ടത്തിലള്ളവരുടെ സന്തോഷമാണു പ്രധാനം” – ജെയ്സി പറഞ്ഞുചിരിച്ചു.

“ജെയ്സീ വേറെ ഒരാളെ സന്തോഷിപ്പിക്കുന്നതിനു നമ്മുടെ ജീവിതത്തെ വിട്ടുകൊടുക്കരുത്. ഈ ബിയര്‍ എനിക്കും നിനക്കും സന്തോഷമുണ്ടാക്കുന്നതാകണം.”

“അതൊന്നും എളുപ്പമല്ല സാറെ. പെണ്ണുങ്ങള്‍ അധിക പങ്കും മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരാണു” – ജെയ്സി പറഞ്ഞു.

“നമ്മള്‍ അമേരിക്കന്‍ പെണ്ണുങ്ങളില്‍നിന്നു പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. ഞാനൊരു രണ്ടു വര്‍ഷം അവിടെയുണ്ടായിരുന്നു. അവിടെ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം കാണുമ്പോള്‍, അവിടെ ഒരു സ്ത്രീയായി ജനിക്കാന്‍ കൊതിച്ചുപോകും. സന്തോഷമായി ജീവിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സങ്കടമുണ്ടാക്കുന്നത് എന്തായാലും, ജോലിയായാലും പദവിയായാലും ബന്ധങ്ങളായാലും അവര്‍ അത് ഉപേക്ഷിക്കും. കഷ്ടപ്പെടാനും സങ്കടപ്പെടാനുമായി ജീവിതത്തെ അവര്‍ വിട്ടുകൊടുക്കില്ല. നമ്മുടെ ജീവിതം മാത്രമാണു നമുക്കു സ്വന്തമായിട്ടുള്ളത്. നമ്മുടെ നാട്ടില്‍ മറ്റുള്ളവുടെ ജീവിതത്തെ സ്വന്തം അധികാരപരിധിയില്‍ കൊണ്ടുവരാന്‍ ആളുകള്‍ മത്സരിക്കുകയാണ്. മറ്റുള്ളവരെ സങ്കടപ്പെടുത്താനും കഷ്ടപ്പെടുത്താനുമാണു താന്‍ ഈ ഭൂമിയില്‍ അവതരിച്ചതെന്നാണ് ഇിവിടത്തെ ആളുകള്‍ അഹങ്കരിക്കുന്നത്” – രാജീവ്കുമാര്‍ ബിയറിന്‍റെ ലഹരിയില്‍ വാചാലനായി.

“ഒരു സമൂഹത്തില്‍ ഒരു വ്യ ക്തിക്ക് എങ്ങനെ സന്തോഷത്തെ മാത്രം പുല്കി സ്വതന്ത്രനായി ജീ വിക്കാന്‍ കഴിയും?” – ജെയ്സിയും ചെറിയ ലഹരിയിലായി.

ലഹരി അല്പസമയത്തേയ്ക്ക് ഒരു ലാഘവത്വം നല്കുന്നു. ആ സമയത്തു ജീവിതത്തിന് ഒരു ഭാരമില്ലായ്മ അനുഭവപ്പെടുന്നു. അതാണു മനുഷ്യരെ മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്നു ജെയ്സിക്കു തോന്നി.
“എവിടെയും സന്തോഷത്തോടെ ജീവിക്കാം ജെയ്സി. ദുഃഖകാരണങ്ങള്‍ കണ്ടെത്താനും അത് ഒഴിവാക്കാനും പരിശീലനം ആവശ്യമാണ്. ബുദ്ധിസം നമ്മളെ അ തു പഠിപ്പിക്കുന്നുണ്ട്.”

“നമ്മുടെ ആഗ്രഹങ്ങള്‍, മോഹങ്ങള്‍, ഇതിനൊക്കെ അവസാനമുണ്ടാകുമോ? സഫലമാകാത്ത ആഗ്രഹങ്ങള്‍ നമ്മളെ സങ്കടപ്പെടുത്തുകയില്ലേ?” – ജെയ്സി ചോദിച്ചു.

“ഓ… ജെയ്സിക്കു നല്ല ചിന്താശേഷിയുണ്ട്. ഒരാള്‍ പറയുന്നതു വെറുതെ അംഗീകരിച്ചുകൊടുക്കുകയില്ല. നിന്നെപ്പോലെ ഒരു പെണ്ണിനെ എനിക്ക് ഇതുവരെ കണ്ടുമുട്ടാന്‍ കഴിഞ്ഞിട്ടില്ല. നീ മിടുക്കിയാണ്. നമ്മുടെ ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങളാണ്. നമ്മുടെ മോഹങ്ങള്‍ അതിമോഹങ്ങളാണ്. അതാണു ദുഃഖത്തിനു കാരണമാകുന്നത്” – രാജീവ് ചിരിച്ചു.

അയാള്‍ കാഷ് കൗണ്ടറില്‍ ചെന്നു ക്രെഡിറ്റ് കാര്‍ഡ് മെഷീനില്‍ ഓടിച്ചു ബില്‍ത്തുക അടച്ചിട്ടു ജെയ്സിയുടെ കൈപിടിച്ചു റെസ്റ്റോറന്‍റിനു പുറത്തു കടന്നു ലിഫ്റ്റില്‍ കയറി കോണ്‍ഫെറന്‍സ് ഹാളിനടുത്തുള്ള ഇടനാഴിയിലിറങ്ങി.

അവിടെ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല.

രാജീവ്കുമാര്‍ പ്രണയഭാവത്തോടെ ജെയ്സിയുടെ കരം ഗ്രഹിച്ചുകൊണ്ടു പറഞ്ഞു.

“ജെയ്സി, നീ ഏതാനും മണിക്കൂറുകൊണ്ട് എന്‍റെ ഹൃദയത്തെ കീഴടക്കിക്കളഞ്ഞു. ഞാന്‍ കാണാനാഗ്രഹിച്ച, അന്വേഷിച്ചുകൊണ്ടിരുന്ന പെണ്ണാണു നീ. നിന്‍റെ സൗന്ദര്യം, നിന്‍റെ ഊര്‍ജ്ജസ്വലത, നിന്‍റെ സംസാരശൈലി എല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചുപോയി. നീ എന്നോടൊപ്പം എന്‍റെ മുറിയിലേക്കു വരണം.”

ജെയ്സി ഷോക്കടിച്ച മാതിരി സ്തംഭിച്ചുപോയി. പിന്നെ പെട്ടെന്നവള്‍ ഉണര്‍ന്നു. അയാളുടെ കൈകളില്‍ നിന്നു തന്‍റെ കൈ വലിച്ചെടുത്തിട്ടു ധൈര്യം സംഭരിച്ചുകൊണ്ടു ചോദിച്ചു:

“സര്‍, ഞാനെന്തിനു നിങ്ങളുടെ റൂമില്‍ വരണം? നമ്മള്‍ക്കു പറയാനുള്ളതു പറഞ്ഞു കഴിഞ്ഞല്ലോ?”

“നമുക്ക് ഇനിയും എന്തെല്ലാം പറയാനും അനുഭവിക്കാനുമുണ്ട്. ഒരു ദിവസം നീ എന്നോടൊപ്പം… ഞാന്‍ വല്ലാതെ മോഹിച്ചുപോയി…”

“താനാരാ അക്ബര്‍ ചക്രവര്‍ത്തിയോ? മോഹിക്കുന്ന പെണ്ണുങ്ങളെയൊക്കെ അനുഭവിക്കാന്‍. ഇതുവരെ താനെന്നെ വളയ്ക്കുകയായിരുന്നല്ലേ? ഫ്പാ… ചെറ്റെ. എന്നെപ്പറ്റി താനെന്താ കരുതിയത്?” – ജെയ്സി ദേഷ്യപ്പെട്ടു.

“നീ വെറുതെ പിടക്കാതെടി. നിന്നെയല്ല നിന്നേക്കാള്‍ വലിയവളെ ആണെങ്കിലും ഈ രാജീവ് മനസ്സുവച്ചാല്‍ കിടപ്പുമുറിയില്‍ കൊണ്ടുപോയിരിക്കും.” അയാള്‍ അവളുടെ കയ്യില്‍ കയറിപ്പിടിച്ചു.

ജെയ്സി പെട്ടെന്നു കുതറി മാറി, അയാളുടെ കരണത്തു കൈ വീശിയടിച്ചു.

“നീ പോടാ നാറി… നിന്‍റെ കമ്പനിയിലെ ജോലിയും… തത്ത്വശാസ്ത്രവും മണ്ണാങ്കട്ടയും ഫൂ…! ജെയ്സി സ്വരമുയര്‍ത്തി പറഞ്ഞു. എന്നിട്ടവള്‍ കോണ്‍ഫെറന്‍സ് ഹാളിലേക്ക് ഓടി.
(തുടരും)

Leave a Comment

*
*