ആയുഷ്ക്കാലം – അദ്ധ്യായം 15

ആയുഷ്ക്കാലം – അദ്ധ്യായം 15

ഫോണ്‍ ബെല്ലടിക്കുന്നത് ഉറക്കത്തിലാണു റോബിന്‍ കേട്ടത്. ഒരു സ്വപ്നാവസ്ഥയിലായിരുന്നു റോബിന്‍. സ്വപ്നം ഇടയ്ക്കു മുറിഞ്ഞുപോയി. ഏതോ ഒരു പര്‍വതം കയറുകയായിരുന്നു. കൂ ടെ ഒരു യുവസുന്ദരിയുമുണ്ടായിരുന്നു. പരിചയമുള്ള സ്ഥലമല്ല. എന്തിനാണു പര്‍വതം കയറുന്നതെന്നു വ്യക്തമല്ല. കൂടെയുള്ളവള്‍ കൂടുതല്‍ ആവേശത്തിലായിരുന്നു. അവള്‍ പൊട്ടിച്ചിരിക്കുകയും എന്തൊക്കെയോ സംസാരിക്കുകയും കൈപിടിച്ചു വലിച്ചുകൊണ്ടു മുമ്പേ നടക്കുകയും ചെയ്തിരുന്നു. സ്വപ്നം ഇടയ്ക്കുവച്ചു മുറിഞ്ഞുപോയതിലുള്ള വിഷമത്തോടെ റോബിന്‍ ഫോണെടുത്തു.

സമയം വെളുപ്പിനു മൂന്നു മണി. ജെയ്സിയാണ്.

"ഹലോ ജെയ്സി. ഈ രാത്രിയില്‍ നീ എവിടുന്നാണു വിളിക്കുന്നത്?" – റോബിന്‍ ചോദിച്ചു.

"റോബിന്‍ ഞാന്‍ എയര്‍പോര്‍ട്ടിലാണ്. കാറുമായി എയര്‍പോര്‍ട്ടില്‍ വരാമോ? ഇത്ര നേരത്തെ എത്തുമെന്നു കരുതിയില്ല. സോറി. തനിച്ചു ടാക്സി വിളിച്ചു പോരാന്‍ മടിയായതുകൊണ്ടാണ്" – ജെയ്സി പറഞ്ഞു.

"നിനക്ക് അവിടെനിന്നു പുറപ്പെടുമ്പോഴെങ്കിലും വിളിക്കാമായിരുന്നു."

"ഞാന്‍ ശ്രമിച്ചതാണ്; കിട്ടിയില്ല."

"ശരി. നീ അവിടെ നില്ക്ക്; ഞാന്‍ വരാം."

റോബിന്‍ എഴുന്നേറ്റ് മുഖം കഴുകി, ഉറക്കച്ചടവു മാറ്റാന്‍ ശ്രമിച്ചു. മനസ്സില്‍ സ്വപ്നത്തിലെ സുന്ദരി നിറഞ്ഞുനില്ക്കുകയാണ്. നല്ല പരിചയം തോന്നുന്ന മുഖമായിരുന്നത്. എന്നാല്‍ ആരായിരുന്നു എന്നു വ്യക്തമാകുന്നുമില്ല.

എയര്‍പോര്‍ട്ടിലേക്കു കാറോടിച്ചു പോകുമ്പോഴും ആ സ്വപ്നം ഒരു ലഹരിയായി മനസ്സില്‍ നിറഞ്ഞുനിന്നു. ഏതു കൊടുമുടി കയറാനാണ് അവളോടൊപ്പം പോയത്? എവിടെവച്ചു കണ്ടു മറന്നതാണവളെ?

എയര്‍പോര്‍ട്ടില്‍ നിന്നു യാത്രക്കാരെ കയറ്റി പുറത്തേയ്ക്കു പോകുന്ന കാറുകളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. യാത്രക്കാരെ കയറ്റാനായി കാത്തുകിടക്കുന്ന കാറുകളുടെ പിന്നിലായി കാര്‍ ഒതുക്കിനിര്‍ത്തി റോബിന്‍ ഇറങ്ങി. യാത്രക്കാരുടെ ഇടയില്‍ കയറി ജെയ്സിയെ തെരഞ്ഞു.

ജെയ്സി ചാരുബെഞ്ചില്‍ ഇരിക്കുകയായിരുന്നു. റോബിന്‍ അടുത്തുചെന്നപ്പോള്‍ അവള്‍ എഴുന്നേറ്റ് "റോബിന്‍ നിങ്ങള്‍ എത്തിയോ!?" എന്നു ചോദിച്ചുകൊണ്ടു റോബിനെ കരവലയത്തിലൊതുക്കി. ആ നിലയില്‍ അവര്‍ അല്പനേരം അവിടെനിന്നു. റോബിന്‍ നിശ്ചലനായി പോയെന്നതാണു വാസ്തവം. പൊതുസ്ഥലത്തുവച്ചു ജെയ്സിയില്‍നിന്ന് ഇങ്ങനെയൊരു സ്നേഹപ്രകടനം ഇതിനു മുമ്പുണ്ടായിട്ടില്ല.

"നിനക്ക് എന്തുപറ്റി ജെയ്സി?" – റോബിന്‍ ചോദിച്ചു.

"ഈ രാത്രിയില്‍ റോബിനിവിടെ വന്നതിലുള്ള സന്തോഷം."

"നിന്‍റെ ബാഗെവിടെ? വാ പോകാം."

റോബിന്‍ അവളുടെ ബാഗെടുത്തു കാറിനടുത്തേയ്ക്കു നടന്നു.

"എന്‍റെ കൂടെ സൂരജ് ഉണ്ടായിരുന്നു. അയാള്‍ ടാക്സി വിളിച്ചുപോയി. എന്നെ വീട്ടിലിറക്കാം എന്നു പറഞ്ഞതാണ്. ഞാന്‍ കയറിയില്ല. റോബിന്‍ കാറുമായി വരുമെന്നു പറഞ്ഞു. എന്തിനും പോന്ന ആണൊരുത്തന്‍ എന്നോടൊപ്പം ഉണ്ടെന്ന് അയാളറിഞ്ഞോട്ടെ"- ജെയ്സി ചിരിച്ചു.

"സിംഗപ്പൂരെത്തി കഴിഞ്ഞപ്പോള്‍ നിനക്കൊന്നു വിളിക്കാമായിരുന്നു. നിന്‍റെ കൂടെയുള്ള ആണൊരുത്തനെ വെറും കാര്‍ ഡ്രൈവറായിട്ടാണോ നീ കാണുന്നതെന്നു ഞാന്‍ സംശയിക്കുകയാണ്" – റോബിനും ചിരിച്ചു.

"ഞാന്‍ ശ്രമിച്ചിരുന്നു; കണക്ഷന്‍ കിട്ടിയില്ല."

അവര്‍ കാറില്‍ കയറി എയര്‍പോര്‍ട്ടില്‍നിന്നു പുറത്തു കടന്നു.

കാറോടിച്ചു പോകുമ്പോള്‍ റോബിന്‍ ചോദിച്ചു: "യാത്ര സുഖമായിരുന്നോ?"

"ങാ… കുഴപ്പമില്ലായിരുന്നു."

രാജീവ്കുമാറിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്നു ജെയ്സി ഓര്‍മിച്ചു. തിരിച്ചുപോരുമ്പോള്‍ സിംഗപ്പൂര്‍ എയര്‍ പോര്‍ട്ടില്‍വച്ച് അയാള്‍ ഭീഷണിയുമായി വന്നു. അപ്പോള്‍ സൂരജ് കൂടെയുണ്ടായിരുന്നു.

"തൊണ്ണൂറു ദിവസത്തിനകം നീ എന്‍റെ അടുത്തു വരുമെടീ. അതിനുള്ള വേല എന്‍റെ അടുത്തുണ്ട്" – രാജീവ്കുമാര്‍ പറഞ്ഞു.

അയാള്‍ വല്ല വഴിക്കും പോകട്ടെയെന്നു കരുതി മിണ്ടാതിരുന്നു.

അപ്പോള്‍ അയാള്‍ മുമ്പില്‍ കയറി വഴിയടഞ്ഞുനിന്നായി ഭീഷണി.

"നീ സിംഗപ്പൂര്‍ സിറ്റിയില്‍ നിന്നു രക്ഷപ്പെട്ടുപോകുന്നത് എന്‍റെ സൗജന്യമായി കരുതിക്കോളണം. നിന്നെപ്പോലെ ഒരുപാടു പേരെ കൈകാര്യം ചെയ്തിട്ടുള്ളവനാ ഞാന്‍. ഒരുത്തിയും എന്‍റെ നേരെ കൈ ഉയര്‍ത്തിയിട്ടില്ല. എന്‍റെ നേരെ നീ കൈ പൊക്കി. ആ കൈകൊണ്ടു നീ എന്‍റെ കാലുപിടിക്കും. നീ മനസ്സില്‍ കുറിച്ചുവച്ചോ. രാജീവ്കുമാര്‍ ബാംഗ്ലൂരു വന്നു നിന്നെ കാണും."

ഇതെല്ലാം കണ്ടു സൂരജ് വെറുതെ നില്ക്കുകയാണു സഹപ്രവര്‍ത്തകയെ, ഒരാള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയാണ്. സൂരജ് ടീം ലീഡറാണ്. ഇടപെടേണ്ടതല്ലേ?

തനിക്കെന്താ ഇവിടെ കാര്യം? താനാരാ? സിംഗപ്പൂരു തന്‍റെ വകയാണോ? എന്നൊന്നു സൂരജ് ചോദിച്ചാല്‍ മതി. രാജീവിന്‍റെ പത്തി ഒതുങ്ങും. രാജീവിനൊപ്പം തണ്ടും തടിയമുള്ളവനാണു സൂരജും. പക്ഷേ, അയാള്‍ കാഴ്ചക്കാരനായി നില്ക്കുകയാണ്.

അമര്‍ഷത്തോടെ സൂരജിന്‍റെ നേരെ നോക്കിയപ്പോള്‍ അയാള്‍ അല്പംകൂടി അകന്നുനില്ക്കുകയാണുണ്ടായത്.

"ച്ഛീ! മാറിനില്ക്കെടാ. നീ ആരെടാ എന്നെ പേടിപ്പിക്കാന്‍. കാണണോ നിനക്കിപ്പോള്‍. ഞാനൊന്നു വിരലു ഞൊടിച്ചാല്‍ നീ അഴിക്കകത്താകും. പട്ടി തെമ്മാടി! ഇതു സിംഗപ്പൂരാ. ക്രിമിനലുകളായ രാഷ്ട്രീയക്കാരുടെ ചെരിപ്പു തുടച്ചു പാദസേവ ചെയ്ത് ഉപജീവനം നടത്തുന്ന ആണും പെണ്ണും കെട്ടവരെല്ലെടാ ഇവിടത്തെ പൊലീസ് കുറേ പാവം പെണ്‍കുട്ടികളെ നീ വളയ്ക്കുകയും ഒടിക്കുകയും ചെയ്തിട്ടുണ്ടാകും. അത് എല്ലായിടത്തും ചെലവാകില്ലെന്നു മനസ്സിലായല്ലോ. നീ ജയിലില്‍ പോകുന്ന പണി കാണണോ നിനക്ക്?" – സ്വരമയുര്‍ത്തി അത്രയും പറഞ്ഞു.

പിന്നെ അവന്‍ എവിടെപ്പോയി മറഞ്ഞെന്നറിയില്ല. ഉള്ളിലൊരു വിറയലുണ്ടായിരുന്നു. എന്നാലും പെണ്ണ് ഇടഞ്ഞുനിന്നാല്‍ ഏതു കൊടി കെട്ടിയവനും പതറിപ്പോകുമെന്ന് ഉറപ്പായി.

സൂരജിന്‍റെ അടുത്തുചെന്നു ദേഷ്യപ്പെട്ടു.

"സൂരജ് ഞാന്‍ നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന നിങ്ങളുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമാണ്. നിങ്ങള്‍ ഗ്രൂപ്പ് ലീഡറാണ്. ലീഡറെന്നാല്‍ നേതാവ്. നേതാവിനു ചില യോഗ്യതകളൊക്കെ ഉണ്ടായാല്‍ നന്ന്. അപരിചിതനായ ഒരാള്‍ എന്നെ ആക്രമിക്കാന്‍ വരുമ്പോള്‍ കുന്തം വിഴുങ്ങിയ മാതിരിയുള്ള ഈ നില്പുണ്ടല്ലോ അത് ആണുങ്ങള്‍ക്കു ചേരുകയില്ല മിസ്റ്റര്‍."

"നിങ്ങള്‍ തമ്മിലുള്ള ബിസിനസ്സില്‍ ഞാനെന്തിന് ഇടപെടണം?" – സൂരജ് ചോദിച്ചു.

"ഞാനും അയാളും തമ്മില്‍ എന്തു ബിസിനസ്സാണുള്ളത്?"

"നിങ്ങള്‍ തമ്മില്‍ ഹോട്ടലില്‍വച്ചു സംസാരിക്കുന്നതും ഇടപെടുന്നതും ഞാന്‍ കണ്ടിരുന്നു."

"ഒരു ട്രെയിനിങ്ങ് പ്രോഗ്രാമില്‍ ഒരുമിച്ചുണ്ടായിരുന്നവരോടുള്ള പരിചയപ്പെടലിനപ്പുറം എനിക്ക് അയാളുമായി ഒരു ഇടപെടലുമുണ്ടായിരുന്നില്ല."

"ഒരു കാര്യവുമില്ലാതെ അയാള്‍ എന്തിനു നീയുമായി വഴക്കുണ്ടാക്കണം. നമ്മുടെ ക്ലാസ്സില്‍ എത്ര പെണ്ണുങ്ങളുണ്ടായിരുന്നു. അവരുമായൊന്നും അയാള്‍ വഴക്ക് കൂടിയില്ലല്ലോ. അപ്പോള്‍ നിങ്ങളു തമ്മില്‍ എന്തോ ഏര്‍പ്പാടുണ്ടായിരുന്നു. അയാള്‍ വഴക്കുണ്ടാക്കാനുള്ള കാരണവും നിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിക്കാണും."

"ഞങ്ങളു തമ്മില്‍ എന്ത് ഏര്‍പ്പാട്? സൂരജ് വെറുതെ ഓരോന്ന് അനുമാനിക്കരുത്."

"ഏതായാലും അതു കഴിഞ്ഞു. എനിക്കതിനെപ്പറ്റി സംസാരിക്കാനിഷ്ടമല്ല. നീ വഴിയെപ്പോകുന്ന വയ്യാവേലിയൊക്കെ പിടിച്ചിട്ട്, അതില്‍ ഞാനിടപെടുന്നത് എന്തിനാണ്? അതെന്‍റെ ജോലിയുടെ ഭാഗമല്ല. ഇത്രയൊക്കെ സംഭവിച്ച നിലയ്ക്ക് എനിക്കു പറയാനുള്ളതുകൂടി കേള്‍ക്കുക. അപരിചിതമായ സ്ഥലത്ത് അപരിചിതരുമായി കൂടുതലിടപഴകാതിരിക്കുക. നമ്മള്‍ നമ്മുടെ കാര്യം നോക്കുക. ചക്കരവര്‍ത്തമാനം പറഞ്ഞുവരുന്നവരോടൊക്കെ സൊള്ളാന്‍ നില്ക്കരുത്. നിന്‍റെ സ്വതന്ത്രമായ ഇടപെടലുകള്‍ കണ്ടപ്പോള്‍ നിന്നെ വളച്ചെടുക്കാമെന്ന് ആ കിഴങ്ങന്‍ കരുതിക്കാണും. അതു നടക്കാതെ വന്നപ്പോഴുള്ള വിഷമമായിരിക്കും അയാളിവിടെ തീര്‍ത്തത്. നീ പിടിച്ച പുലിവാല്‍ നീ തന്നെ തീര്‍ത്തോട്ടെയെന്നു കരുതിയാണു ഞാന്‍ നിശ്ശബ്ദനായി നിന്നത്. ഏതായാലും നീ നന്നായി പ്രതികരിച്ചു; കൊള്ളാം. എങ്കിലും ഇത്തരം അവസരങ്ങള്‍ ഉണ്ടാകാതെ നോക്കിയാല്‍ ഏറെ നല്ലത്" – സൂരജ് പറഞ്ഞു.

സൂരജ് പറഞ്ഞതിലും കാര്യമുണ്ട്. രാജീവ്കുമാര്‍ ഇട്ട ചൂണ്ടയില്‍ താന്‍ കൊത്തിപ്പോയി. എങ്കിലും ഇതൊന്നുമറിയാത്ത സൂരജ് പ്രതികരിക്കണ്ടേ.

കാഴ്ചയ്ക്കു കൊള്ളാവുന്ന ഒരു വളുങ്കന്‍ മാത്രമാണയാള്‍ എന്നു മനസ്സില്‍ കുറിച്ചുകൊണ്ടു മിണ്ടാതിരുന്നു. പിന്നെ യാത്രയില്‍ കാര്യമായ സംഭാഷണമൊന്നുമുണ്ടായില്ല.

അതൊക്കെക്കൊണ്ടാണു സൂരജ് ടാക്സി വിളിച്ചപ്പോള്‍, വീട്ടില്‍ വിടാം എന്നു പറഞ്ഞിട്ടും ആ കൂടെ പോകാതിരുന്നത്.

"ജപ്പാന്‍ വിദഗ്ദ്ധന്‍റെ ക്ലാസ്സുകള്‍ എങ്ങനെയിരുന്നു ജെയ്സി?" – റോബിന്‍ ചോദിച്ചു.

"നല്ല ക്ലാസ്സായിരുന്നു കെട്ടോ. സായിപ്പന്മാരേക്കാള്‍ ഭേദമാ ജപ്പാന്‍കാരെന്നു തോന്നുന്നു. എത്ര സിമ്പിളാണെന്നറിയാമോ. പ്രോഡക്ട് ബെയ്സ്ഡ് സോഫ്റ്റ്വെയറിനെപ്പറ്റിയായിരുന്നു ക്ലാസ്സുകള്‍ മൂന്നാം ലോകരാജ്യങ്ങളിലെ ലക്ഷക്കണക്കായ സോഫ്റ്റ്വെയര്‍ എന്‍ജിനീയേഴ്സ്, അമേരിക്കന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കു സര്‍വീസ് ചെയ്യുന്നതിനായി നിലനിര്‍ത്തപ്പെടുകയാണ്. മൈക്രോസോഫ്റ്റിന്‍റെയും ആപ്പിളിന്‍റെയും ഗൂഗിളിന്‍റെയുമൊക്കെ ടെക്നോളജി മേല്ക്കോയ്മ ലോകത്തെത്തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലാണ്. ചുരുക്കത്തില്‍ നമ്മള്‍ സര്‍വീസില്‍ നിന്നും പ്രൊഡക്ഷനിലേക്കു മാറാന്‍ ശ്രമിക്കണമെന്നു സാരം" – ജെയ്സി വിശദീകരിച്ചു.

നമ്മുടെ കമ്പനികള്‍ക്ക് അതിനുള്ള താത്പര്യം ഉണ്ടാകണ്ടേ? എളുപ്പവഴിയില്‍ മീന്‍ പിടിക്കാനാണ് അവരുടെ ശ്രമം. കാമ്പസ് സെലക്ഷനിലൂടെ പിടിച്ചുകൊണ്ടു വരുന്ന കുട്ടികള്‍ക്കു ട്രെയിനിങ്ങ് നല്കി അവര്‍ക്കാവശ്യ മുള്ള സോഫ്റ്റ്വെയര്‍ എന്‍ജിനിയേഴ്സാക്കുമ്പോള്‍ ആ കുട്ടികള്‍ ഒരു പാതാളക്കിണറ്റില്‍ പെട്ടുപോകുകയാണ്. മറ്റൊരു ലോകം അവര്‍ കാ ണുന്നില്ല. ലോകത്തിലെ ഏറ്റവും മഹത്തായ കര്‍മമാണ് അവര്‍ ചെയ്യുന്ന സോഫ്റ്റ്വെയര്‍ എനിജിനീയറിംഗ് എന്ന് അവര്‍ ധരിച്ചുപോകുന്നു. കിട്ടുന്ന ശമ്പളത്തിന്‍റെ തൂക്കംവച്ചാണല്ലോ ജോലിയുടെ മഹത്ത്വം നമ്മള്‍ അളക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ ഉത്പന്നങ്ങള്‍ക്കു പകരം വയ്ക്കാവുന്ന ഉത്പന്നങ്ങള്‍ ശ്രമിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. പണ്ടു സായ്പ് നമ്മുടെ പരുത്തി ഇവിടെനിന്നു കടത്തിക്കൊണ്ടുപോയി, മില്ലില്‍ നല്ല തുണികള്‍ നെയ്തുണ്ടാക്കി ഇവിടെ കൊണ്ടുവന്നു വിറ്റു. അതിനെ നേരിടാന്‍ ഗാന്ധിജി ചര്‍ക്കയെന്ന വളരെ ലളിതമായ യന്ത്രത്തെ ഉപയോഗിച്ചു സ്വന്തമായി നൂല്‍ നൂല്ക്കാനും കൈത്തറി വസ്ത്രങ്ങള്‍ നിര്‍മിക്കാനും നമ്മളോട് ഉപദേശിച്ചു. അതുതന്നെയാ ആ ജപ്പാന്‍കാരനും പറഞ്ഞത്. കുത്തകകമ്പനികളുടെ സോഫ്റ്റ് വെയര്‍ ഉത്പന്നങ്ങളെ ആശ്രയിച്ചുകൊണ്ടാണ് ലോകം മുഴുവനുമു ള്ള ചെറുകിട രാജ്യങ്ങള്‍ നില്ക്കുന്നത്. കമ്പനികള്‍ ആറു മാസം കൂ ടുമ്പോള്‍ അവരുടെ പുതിയ ഉത്പന്നം മാര്‍ക്കറ്റിലെത്തിക്കുന്നു. അ വര്‍ പറയുന്ന വിലയ്ക്കു നമ്മള്‍ക്കു വാങ്ങേണ്ടി വരുന്നു. പണ്ടു സായ്പന്മാര്‍ പരുത്തിയും കുരുമുളകും മഞ്ഞളുമൊക്കെ കടത്തിക്കൊണ്ടുപോയി മരുന്നുകളുണ്ടാ ക്കി തിരിച്ചുകൊണ്ടുവന്നു വിറ്റഴിച്ചു ലാഭം കൊയ്തിരുന്നെങ്കില്‍ ഇന്ന് അവര്‍ ഇവിടെനിന്നു കൊണ്ടുപോകുന്നത് എന്‍ജിനീയേഴ്സിനെയാണ്. വില കുറച്ചു വാങ്ങാന്‍ ഇവിടെ ധാരാളം വിദ്യാസമ്പന്നരുണ്ടല്ലോ. അവരെ അവിടെ കൊണ്ടുപോയി പണിയെടുപ്പിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ഇവിടെ അന്യായവിലയ്ക്കു വിറ്റഴിക്കുന്നു. ആ കമ്പനികളിലെ മിടുക്കരായ എന്‍ജിനിയേഴ്സ് നമ്മുടെ നാട്ടില്‍നിന്നു പോകുന്നതല്ലേ? അവര്‍ക്ക് ഇവിടെ പണിയെടുക്കാനുള്ള സൗകര്യമുണ്ടായാല്‍ നമുക്കു സ്വന്തം കാലില്‍ നില്ക്കാനുള്ള ശേഷിയുണ്ടാകും. അതിനു വിവരമുള്ള ഭരണകര്‍ത്താക്കളുണ്ടാകണം. ഭരണകര്‍ത്താക്കളാകുന്നതാരാണ്? രാഷ്ട്രീയക്കാര്‍. രാഷ്ട്രീക്കാരായി മാറുന്നതു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവര്‍. ഈ നാട്ടില്‍ കുട്ടികളെ പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിച്ചു നല്ല രാഷ്ട്രീയക്കാരെ സൃഷ്ടിക്കുകയാണു വേണ്ടത്. എങ്കില്‍ ഈ നാടു രക്ഷപ്പെടും. ടാറ്റാ കണ്‍സള്‍ട്ടന്‍സിക്കുവേണ്ടി നാലു ലക്ഷത്തോളം എന്‍ജിനിയേഴ്സ് പണിയെടുക്കുന്നുണ്ട്. അവര്‍ക്കു സര്‍വീസ് ബെയ്സ്ഡ് സോഫ്റ്റ് വെയറിലാണു ശ്രദ്ധ. പെട്ടെന്നു പണമുണ്ടാക്കാന്‍ അതാണെളുപ്പം" – റോബിന്‍ പറഞ്ഞു.

"ഏതായാലും ചിന്തകളുണ്ടാകുന്നുണ്ടല്ലോ. ഇത്തരമൊരു ട്രെയിനിങ്ങ് പ്രോഗ്രാമിനു നമ്മുടെ നാട്ടിലെ കമ്പനികള്‍ എന്‍ജിനിയേഴ്സിനെ പറഞ്ഞുവിട്ടല്ലോ. മാറ്റങ്ങള്‍ വരും" – ജെയ്സി അഭിപ്രായപ്പെട്ടു.

ധാരാളമായി സംസാരിച്ചുകൊണ്ടാണ് അവര്‍ വീട്ടിലെത്തിയത്. റോബിന്‍ വീടു തുറന്നിട്ട്, ജെയ്സിയുടെ ബാഗെടുത്ത് അകത്തുവച്ചു. ആ വെളുപ്പാന്‍കാലം റോബിനെ സംബന്ധിച്ചിടത്തോളം ആഹ്ലാദദായകമായിരുന്നു. ജെയ്സി ഒരു ഭാര്യയെപ്പോലെ ഇന്നവനോടു പെരുമാറുകയും സംസാരിക്കുകയും ചെയ്തിരിക്കുന്നു.

"നീയൊന്നു ഫ്രഷാകൂ. വേണമെങ്കില്‍ ഒന്നു കുളിച്ചോളൂ. നിന്‍റെ യാത്രാക്ഷീണം മാറട്ടെ. അപ്പോഴേക്കും ഞാനൊരു കട്ടനുണ്ടാക്കാം" – റോബിന്‍ പറഞ്ഞു.

"ഉറക്കമെല്ലാം പോയി. നീ ആദ്യം വിശേത്തു പോയിട്ടുവന്നതല്ലേ? ആദ്യത്തെ വിമാനയാത്രയല്ലേ? മുഴുവന്‍ വിശേഷങ്ങളും എനിക്കു കേള്‍ക്കണം. മോളു പോയി ഡ്രസ്സൊക്കെ മാറി വാ. നിനക്കു വിശക്കുന്നുണ്ടോ?" – റോബിന്‍ ചോദിച്ചു.

"വിശക്കുന്നുണ്ടെങ്കില്‍ ഒരു കുറ്റി പുട്ടുണ്ടാക്കാം അല്ലേ?" -ജെയ്സി പൊട്ടിച്ചിരിച്ചു.

"സിംഗപ്പൂര്‍ യാത്ര നിന്നെ ആകെ മാറ്റിമറിച്ചിരിക്കുന്നു. ഇങ്ങനെയൊണെങ്കില്‍ മൂന്നോ നാലോ മാസം കൂടുമ്പോള്‍ നീ ഒരു സിംഗപ്പൂര്‍യാത്ര നടത്തിയാലും നഷ്ടമില്ല."

"എനിക്ക് എന്തു മാറ്റമാണുണ്ടായത്. ഞാന്‍ പഴയ ജെയ്സിതന്നെ. റോബിന് ഓരോ സമയത്ത് ഓരോ തോന്നലുകളാണ്."

"നീ പഴയ ജെയ്സിയല്ല. നീ സ്നേഹസമ്പന്നയായ ഭാര്യയെപ്പോലെ ഇന്നെന്നോടു പെരുമാറി. എയര്‍പോര്‍ട്ടില്‍ നിന്‍റെ കരവലയത്തിനുള്ളില്‍ കഴിഞ്ഞ നിമിഷങ്ങളാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങള്‍. ആ സമയത്തു വൈദ്യുതിപോലെ നിന്‍റെ സ്നേഹം എന്നിലേക്കു പ്രവഹിച്ചു. ഞാന്‍ കുറേ സമയം ഷോക്കേറ്റതുപോലെ നിന്നുപോയത് അതുകൊണ്ടാണ്. സത്യമായിട്ടും നീ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു ജെയ്സി. എനിക്കൊരപേക്ഷ മാത്രമാണു നിന്നോടുള്ളത്. നീ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഷോക്കേല്പിക്കണം. ഒരു ഉത്സാഹവുമില്ലാതെയാണു ഞാന്‍ എയര്‍പോര്‍ട്ടിലേക്കു കാറോടിച്ചുവന്നത്. ഞാനവിടെ എത്തുമ്പോള്‍ മുഖം വീര്‍പ്പിച്ചുകൊണ്ടു താമസിച്ചുപോയെന്നു പരാതിപ്പെടുമെന്നു ഞാന്‍ വിചാരിച്ചിരുന്നു. മിക്കവാറും നീ അങ്ങനെയായിരുന്നല്ലോ. ഇന്നു നിന്‍റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഞാന്‍ അടിയറവു പറഞ്ഞുപോയി. ഇന്നു നീ സന്തോഷത്തോടെ എന്നോടു സംസാരിച്ചു. നീ തമാശപറഞ്ഞു പൊട്ടിച്ചിരിച്ചു. ഞാനൊരു കവിയായിരുന്നെങ്കില്‍ ഇന്നൊരു കവിത എഴുതുമായിരുന്നു. അത്രമാത്രം എന്‍റെ മനസ്സു സന്തോഷത്താല്‍ നിറഞ്ഞിരിക്കുകയാണ്" – റോബിന്‍ പറഞ്ഞു.

"റോബിന്‍, മനസ്സു സന്തോഷംകൊണ്ടു നിറയുമ്പോള്‍ കവിത എഴുതാനാകില്ല. സന്തോഷം സര്‍ഗശേഷിയെ ഉത്തേജിപ്പിക്കുന്നതായി എഴുത്തുകാരാരും പറഞ്ഞിട്ടില്ല. സങ്കടങ്ങളാണു സര്‍ഗശേഷിക്കു വളമാകുന്നത്. അതിനാല്‍ സന്തോഷവാനായിരിക്കുന്ന റോബിന്‍ കവിതയെഴുതി ആ സ ന്തോഷത്തെ കെടുത്തരുത്" – ജെയ്സി ചിരിച്ചു.

റോബിന്‍ അടുക്കളയിലേക്കു കടന്നു. കാപ്പിപാത്രത്തില്‍ വെള്ളമെടുത്തു സ്റ്റൗവിനു മേല്‍വച്ചു. വെള്ളം തിളയ്ക്കാനായി കാത്തിരിക്കുമ്പോള്‍ കുളിമുറിയില്‍ വെള്ളം വീഴുന്ന ശബ്ദം റോബിന്‍ കേട്ടു. ജെയ്സി കുളിക്കുകയാണ്.

"മഞ്ഞണി പൂനിലാവ് പേരാറ്റിന്‍ കരയില്‍
മഞ്ഞളരച്ചുവച്ചു നീരാടുമ്പോള്‍…" എന്ന പാട്ടു മൂളിക്കൊണ്ടു റോബിന്‍ ആനന്ദത്തിന്‍റെ അനുഭൂതി വിശേഷങ്ങളുടെ മായികലോകത്തേയ്ക്ക് ആണ്ടുപോയി.

കറുകപ്പാടത്തു നെല്‍പ്പാടത്തിനരികിലുള്ള കുന്നിന്‍ചെരുവില്‍ ഒരു കൊച്ചു വീട് അവന്‍ കാണുന്നു. വീടിനടുത്തുള്ള തൊടിയില്‍ കപ്പയും ചേനയും ചേമ്പും കാച്ചിലും പച്ചക്കറികളും നിറഞ്ഞുനില്ക്കുന്നു. അതിനപ്പുറം പ്ലാവും മാവും തെങ്ങുകളും. പ്ലാവിന്‍കൊമ്പത്തു കിടക്കുന്ന വരിക്കച്ചക്കയ്ക്കരികില്‍ അണ്ണാറക്കണ്ണന്മാര്‍ വട്ടമിടുന്നുണ്ട്. ചക്ക പഴുത്തിരിക്കും. പറമ്പിനു താഴെ നെല്‍പ്പാടത്തു കതിരിട്ടു നില്ക്കുന്ന നെല്‍ച്ചെടികള്‍.
പറമ്പില്‍ കൃഷിപ്പണി ചെയ്തുകൊണ്ടു നില്ക്കുകയാണു റോബിന്‍. വാഴകള്‍ക്കു വളമിട്ടു കൊത്തിമൂടുകയാണ്. വാഴകള്‍ക്കിടയില്‍ മത്തന്‍റെ വള്ളി കടന്നുപോകുന്നുണ്ട്. അതില്‍ ധാരാളം പൂക്കള്‍ വിരിഞ്ഞുനില്ക്കുന്നു. ആ പൂക്കള്‍ പൊഴിയുമ്പോള്‍ അവിടെ മത്തങ്ങ വളര്‍ന്നുവരും.
ഒരു മൊന്ത നിറയെ മോരിന്‍ വെള്ളവുമായി ജെയ്സി റോബിനടുത്തേയ്ക്കു വരികയാണ്. വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന ഭര്‍ത്താവിനു ദാഹിക്കുന്നുണ്ടാകുമെന്നു കരുതി അവള്‍ മോരിന്‍വെള്ളവുമായി വന്നതാണ്.

കരിവേപ്പിലയും കാന്താരിമുളകും ഇഞ്ചിയും ചതച്ചിട്ട മോരിന്‍ വെള്ളം. ഉപ്പിനു പകരം അതില്‍ സ്നേഹമാണു ചേര്‍ത്തിരിക്കുന്നത്.

ജെയ്സിയുടെ പിന്നാലെ കുസൃതിക്കുട്ടനൊരുത്തന്‍ കുറുമ്പു കാട്ടി വരുന്നുണ്ട്. അവനിപ്പം മത്തന്‍റെ പൂക്കളടര്‍ത്തും.

ജെയ്സി ഗര്‍ഭിണിയാണ്. ആ ക്ഷീണം അവള്‍ക്കുണ്ട്. ഇഞ്ചിക്കണ്ടത്തില്‍ നിന്നു പച്ചപ്പയര്‍ പറിച്ചു റോബിന്‍ ജെയ്സിക്കു കൊടുത്തു. ഉച്ചയ്ക്കു ചോറിനു കറിവയ്ക്കാനതു മതി.

തെങ്ങോലത്തലപ്പത്ത് ഓലേഞ്ഞാലിയും ഇരട്ടവാലന്‍ കിളികളും കശപിശ കൂടുന്നു.

മത്തപ്പൂ പറിക്കുന്നതിനുമുമ്പു കുസൃതിക്കുരുന്നിനെ എടുത്തു കവിളില്‍ ഒരു മുത്തം കൊടുത്തുകൊണ്ടു റോബിന്‍ പറയുന്നു. കുട്ടനെ ഞാന്‍ കണ്ടത്തില്‍ കൊണ്ടുപോയി കുളക്കോഴിക്കുഞ്ഞങ്ങളെ കാണിക്കാം.

അവര്‍ പറമ്പില്‍നിന്നു പാടത്തേയ്ക്കിറങ്ങി. നടവരമ്പിലൂടെ നടന്നു കൈത്തോടിനടുത്തെത്തി. സ്ഫടികംപോലെ തെളിഞ്ഞ വെള്ളമാണ് ഒഴുകിപ്പോകുന്നത്. അടിത്തട്ടില്‍ പളുങ്കുചരലുകളും സ്വര്‍ണനിറമാര്‍ന്ന മണലും അടിഞ്ഞുകിടക്കുന്നു.

കുട്ടന്‍ കാണുന്നുണ്ടോ നെറ്റിയ പൊന്നനെ. വെള്ളത്തിനു മുകളില്‍ തെന്നിക്കളിക്കുന്ന കുഞ്ഞുമത്സ്യങ്ങളെ പിതാവു മകനു പരിചയപ്പെടുത്തി കൊടുക്കുന്നു. അതു കണ്ടോ വാഴയ്ക്കാവരി പരലുകള്‍, വെളിഞ്ഞിലുകള്‍, പള്ളത്തിപരലുകള്‍, വട്ടോന്‍, ചൊവ്വാലി. കാണുന്നുണ്ടോ… ദാ പോകുന്നു ആരോന്‍.

കറുകപ്പാടത്തെ കൃഷിഭൂമിയില്‍ പിതാവിന്‍റെ കൈകളിലിരുന്നു മകന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. തലമുറ തലമുറകള്‍ക്കുമുമ്പ് ഈ കൃഷിഭൂമിയിലൂടെ മാതാപിതാക്കളും മക്കളും അതിജീവനവും അറിവും കൊണ്ടും കൊടുത്തും കടന്നുപോയിട്ടുണ്ട്.

റോബിന്‍ ഓര്‍ക്കുന്നു. റോബിന്‍റെ പിതാവ് മത്തായിച്ചന്‍,  തന്നെ തോളിലേറ്റി നെല്‍പ്പാടങ്ങളിലൂടെ കൊണ്ടുപോയതും പ്രകൃതിയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിത്തന്നതും.

ജരാനര ബാധിച്ചു കാഴ്ച മങ്ങി വീടിന്‍റെ വരാന്തയില്‍ ഇരിക്കുകയാണു റോബിന്‍. മക്കളും മക്കളുടെ മക്കളുമായി കുന്നിന്‍ചെരിവിലെ ചെറിയ വീട്ടില്‍. കുഞ്ഞുമക്കള്‍ ചുററിലും ഓടിക്കളിക്കുന്നു. റോബിനെ വല്യപ്പച്ചാ എന്നു വിളിക്കുന്നു.

"ഇതെന്താ ഇവിടിരുന്നു ഉറങ്ങിപ്പോയോ? ജെയ്സി അടുത്തുവന്നു ചുമലില്‍ തട്ടി.

റോബിന്‍ ജെയ്സിയെ കൗതുകത്തോടെ നോക്കിയിട്ടു പുലമ്പി. 'നിന്നെ ഞാന്‍ ഈ നരകത്തില്‍ നിന്നു കൊണ്ടുപോകും. കുന്നിന്‍ ചെരുവിലെ കൊച്ചു വീട്ടിലേക്ക്."
റോബിന്‍ അവളെ നെഞ്ചോടു ചേര്‍ത്തു പുല്കി.

"എന്താ റോബിന്‍ സ്വപ്നം കാണുകയാണോ?" – ജെയ്സി ചോദിച്ചു.

"സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന തിരിച്ചറിവു നഷ്ടപ്പെട്ടു നില്ക്കുകയാണു ഞാന്‍. നീ വിശേഷങ്ങള്‍ പറയൂ. ഒരു യാത്രയ്ക്കുശേഷം നിനക്കെങ്ങനെ നിന്‍റെ ഭര്‍ത്താവിനെ കൂടുതല്‍ സ്നേഹിക്കാന്‍ തോന്നി" – റോബിന്‍ ചോദിച്ചു.

"അതൊരു രഹസ്യമാ. എന്നാലും പറയാം. മാന്യരും യോഗ്യന്മാരുമെന്നു ഞാന്‍ കരുതിയിരുന്ന ചില ആണുങ്ങളുമായി ഞാന്‍ അടുത്തിടപഴകിയപ്പോള്‍ അവരുടെ പൂച്ച് പുറത്തായി. അവരൊക്കെ വെറും മുക്കുപണ്ടം. ഒറിജിനല്‍ സാധനമല്ലേ ഈ നില്ക്കുന്നത്!" – ജെയ്സി ചിരിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org