Latest News
|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 16

ആയുഷ്ക്കാലം – അദ്ധ്യായം 16

Sathyadeepam

രാവിലെ ജെയ്സിയെ കമ്പനിയില്‍ വിട്ടിട്ടു വീലര്‍ റോഡിലൂടെ മില്ലേഴ്സ് റോഡിലേക്കു തിരിയുന്ന കവലയില്‍ സിഗ്നല്‍ കാത്തുനില്‍ക്കുമ്പോഴാണു സജീവിന്‍റെ ഫോണ്‍.

“റോബിന്‍ എവിടെയാ?”

“ഞാന്‍ കമ്പനിയിലേക്കു വരുന്ന വഴിയാ.”

“നീ കമ്പനിയിലേക്കു പോകാതെ കോര്‍പ്പറേഷന്‍ ഹോസ്പിറ്റലിലേക്കു വരൂ. നമ്മുടെ അര്‍ച്ചനയ്ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. അല്പംമുമ്പ് എബിയാണ് എന്നെ വിളിച്ചുപറഞ്ഞത്. ഞാന്‍ ഹോസ്പിറ്റലിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്.”

കോര്‍പ്പറേഷന്‍ ഹോസ്പിറ്റലിലെത്തണമെങ്കില്‍ കുറേ ഓടണം. ഒരു കിലോമീറ്റര്‍ കാര്‍ ഓടണമെങ്കില്‍ ട്രാഫിക് ജാം മൂലം ഒരു മണിക്കൂര്‍ വേണം.

അര്‍ച്ചനയ്ക്ക് എന്താണു സംഭവിച്ചത്? ആ അസുരന്‍ അവളെ കൊന്നിരിക്കുമോ?

ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ആശുപത്രി മുറ്റത്തു ജയ്ദേവും കബീറും ശീതളുമൊക്കെ നില്പുണ്ട്.

“അര്‍ച്ചനയ്ക്ക് എന്താണു സംഭവിച്ചത്?” – റോബിന്‍ ചോദിച്ചു.

“കൃത്യമായിട്ടൊന്നും അറിഞ്ഞുകൂടാ റോബിന്‍” – ശീതള്‍ വിതുമ്പി.

“നിങ്ങള്‍ എന്താണ് ഇവിടെ നില്ക്കുന്നത്? അകത്തു കയറി അന്വേഷിക്കാം”-റോബിന്‍ പറഞ്ഞു.

“അരവിന്ദന്‍ സാറും സജീവും അകത്തേയ്ക്കു പോയിട്ടുണ്ട്”- കബീര്‍ പറഞ്ഞു.

“ഞാനൊന്നു പോയി നോക്കട്ടെ” – റോബിന്‍ ആശുപത്രിക്കകത്തേയ്ക്ക് ഓടി. രണ്ടു വര്‍ഷത്തോളമായി തൊട്ടടുത്തിരുന്നു ജോലി ചെയ്യുന്നവളാണ് അര്‍ച്ചന. ഇന്നലെയും സാധാരണപോലെ ജോലി ചെയ്ത്, സംസാരിച്ച്, തമാശ പറഞ്ഞു ചിരിച്ചു പിരിഞ്ഞതാണവള്‍.

ഇന്‍ഫര്‍മേഷന്‍ കൗണ്ടറിനടുത്തെത്തിയപ്പോഴേക്കും അരവിന്ദന്‍ സാറും സജീവും അവിടെയെത്തി.

“അര്‍ച്ചന എയിടെയാണ്?” – റോബിന്‍ ചോദിച്ചു.

“അര്‍ച്ചന… പോയി. സൂയിസൈഡായിരുന്നു. ബോഡി മോര്‍ച്ചറിയിലാണ്” – അരവിന്ദന്‍സാര്‍ പറഞ്ഞു.

കണ്ണു നിറഞ്ഞുപോയി. അല്പസമയത്തേയ്ക്കു പരിസരം കാണാനാകാതെ സജീവന്‍റെ കയ്യില്‍ പിടിച്ചുനിന്നു.

അര്‍ച്ചന ആത്മഹത്യ ചെയ്യില്ല. അവള്‍ അത്രയ്ക്കു മിടുക്കിയായിരുന്നു. അവളെ ഭര്‍ത്താവു കൊന്നതായിരിക്കും.

മോര്‍ച്ചറിയില്‍ എത്തിയപ്പോള്‍, മോര്‍ച്ചറിയുടെ മുമ്പില്‍ നിറയെ ആളുകളാണ്. മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം കാത്തുകിടക്കുന്ന ഒരുപാടു മൃതശരീരങ്ങളുണ്ടാകും. നഗരത്തില്‍ എവിടെയും തിരക്കാണ്; മോര്‍ച്ചറിയുടെ മുമ്പില്‍പ്പോലും.

അവിടെ നി ല്ക്കുന്നവരില്‍ അര്‍ച്ചനയുടെ ബന്ധുജനങ്ങളുണ്ടോ? ഉണ്ടെങ്കില്‍ അവരെ എങ്ങനെയാണു തിരിച്ചറിയുക?

വിതുമ്പിക്കരയുന്നവര്‍, നിശ്ശബ്ദം കണ്ണീരൊഴുക്കുന്നവര്‍, സങ്കടം കല്ലിച്ചുകിടക്കുന്ന മുഖവുമായി നില്ക്കുന്നവര്‍.

ഏതാനും പൊലീസുകാര്‍ മോര്‍ച്ചറിയുടെ വാതില്‍ തുറന്ന് അകത്തേയ്ക്കു കയറിപ്പോയി. അല്പം കഴിഞ്ഞു കാക്കി ഉടുപ്പിട്ട അറ്റന്‍ഡര്‍ പുറത്തേയ്ക്കു വന്നു കന്നടത്തില്‍ എന്തോ പറഞ്ഞു. അയാളോടൊപ്പം നാലഞ്ചു പേര്‍ അകത്തേയ്ക്കു കയറി. വെള്ളത്തുണിയില്‍ പൊതിഞ്ഞുകെട്ടിയ ഒരു മൃതദേഹം പുറത്തേയ്ക്ക് എടുത്തുകൊണ്ടുവന്ന് അടുത്തു കിടന്ന ആംബുലന്‍സില്‍ കയറ്റി. ഈ സമയം പുറത്തു കാത്തുനിന്ന കുറേ സ്ത്രീകള്‍ പതം പറഞ്ഞു കരയാന്‍ തുടങ്ങി. പെട്ടെന്ന് ആംബുലന്‍സ് അവിടം വിട്ടുപോയി. ഈ ലോകത്ത് ഇന്നലെവരെ, ആവേശത്തോടെ, സ്വപ്നങ്ങളും മോഹങ്ങളുമായി കഴിഞ്ഞ ഒരാളുടെ കാര്യത്തില്‍ തീരുമാനമായി.

“നമ്മളെന്താ ചെയ്യേണ്ടത് സാറെ?”- റോബിന്‍ അരവിന്ദന്‍ സാറിനോടു ചോദിച്ചു.

“അര്‍ച്ചനയുടെ ഭര്‍ത്താവിനെയോ വീട്ടുകാരെയോ ആരെയും കാണുന്നില്ലല്ലോ.”

“അര്‍ച്ചനയുടെ വീട്ടുകാര്‍ കേരളത്തിലല്ലേ? അവര്‍ അറിഞ്ഞിട്ടുണ്ടാകുമോ ആവോ? അവളുടെ ഭര്‍ത്താവു മോഹന്‍ എന്നു വിളിക്കുന്ന ഒരു കെമിസ്റ്റാണ്. അയാള്‍ ഒരു ക്രിമിനലാണു സാറെ. കഴിഞ്ഞ ദിവസം അയാള്‍ എന്‍റെ മുമ്പിലിട്ട് അര്‍ച്ചനയെ മര്‍ദ്ദിച്ചു. വീട്ടില്‍ ചെല്ലാന്‍ താമസിച്ചെന്നു പറഞ്ഞ്. അര്‍ച്ചന ഒരു പാവമായിരുന്നു. അവളെ അയാള്‍ കൊന്നതായിരിക്കും സാറെ” – റോബിന്‍ പരിസരം മറന്നു പറ ഞ്ഞു.

“മിണ്ടാതിരിക്ക് റോബിന്‍. ആവശ്യമില്ലാതെ ഓരോന്നു പുലമ്പിയാല്‍ പണി കിട്ടും, പറഞ്ഞേക്കാം. എന്താണെന്നാല്‍ പൊലീസുകാര്‍ അന്വേഷിക്കട്ടെ. പോസ്റ്റുമാര്‍ട്ടം കഴിയട്ടെ. ആത്മഹത്യയാണോ അല്ലയോ എന്ന് അപ്പോഴറിയാമല്ലോ?” – അരവിന്ദന്‍സാര്‍ റോബിനെ സ്വരമടക്കി ശാസിച്ചു.

അപ്പോഴേക്കും കുറച്ചകലെ ഒരു കാറില്‍ ഏതാനും പേര്‍ വന്നിറങ്ങി. അവര്‍ മോര്‍ച്ചറിയുടെ അടുത്തേയ്ക്കു വന്നു. അവരോടൊപ്പം മോഹനുമുണ്ടായിരുന്നു. എല്ലാവരും നല്ലപോലെ മദ്യപിച്ചിരുന്നു.

“അത് അര്‍ച്ചനയുടെ ഹസ്ബെന്‍ഡാണ്. അയാളുടെ സഹപ്രവര്‍ത്തകരായിരിക്കും കൂടെയുള്ളത്” – റോബിന്‍ പറഞ്ഞു.

അരവിന്ദന്‍ അവരില്‍നിന്ന് ഒരാളെ വിളിച്ചുമാറ്റിനിര്‍ത്തി സംസാരിച്ചു.

“ഞങ്ങള്‍ അര്‍ച്ചന ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നാണ്. ഞാന്‍ ഗ്രൂപ്പ് മാനേജര്‍ അരവിന്ദന്‍. നിങ്ങള്‍…?”

“ഞങ്ങള്‍ മോഹന്‍റെ സുഹൃത്തുക്കളാണ്.”

“അര്‍ച്ചനയ്ക്ക് എന്താണു സംഭവിച്ചത്?”

“അതിനെപ്പറ്റി മോഹന്‍ പറഞ്ഞുള്ള അറിവേ ഞങ്ങള്‍ക്കുള്ളൂ. എന്തോ കാര്യത്തിന് അര്‍ച്ചന മോഹനുമായി കലഹിച്ചു. മോഹന്‍ രാവിലെ പുറത്തുപോയ സമയത്ത് അവള്‍ വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോള്‍ മരിച്ചിരുന്നില്ല. ആശുപത്രിയില്‍ എത്തുന്നതിനുമുമ്പു മരിച്ചെന്നാണു ഡോക്ടര്‍ പറഞ്ഞത്.”

“അവള്‍ നല്ല മിടുക്കി കുട്ടിയായിരുന്നു. കമ്പനിയിലാണെങ്കില്‍ ഏല്പിക്കുന്ന കാര്യങ്ങള്‍ ഇത്ര ഭംഗിയായി ചെയ്യുന്ന മറ്റൊരു കുട്ടിയുണ്ടായിരുന്നില്ല. എന്തിനാണു മോഹന്‍ അവളുമായി കലഹിച്ചത്?”

“അര്‍ച്ചനയ്ക്കു കമ്പനിയില്‍ ആരൊക്കെയോ ആയി അടുപ്പമുണ്ടായിരുന്നെന്നോ മറ്റോ അയാള്‍ പറയുന്നു.”

“ശ്ശെ. അര്‍ച്ചന അത്തരം കുട്ടിയൊന്നുമായിരുന്നില്ല.”

“മോഹന്‍ പറഞ്ഞുള്ള അറിവേ ഞങ്ങള്‍ക്കുള്ളൂ.”

“വിവരം അര്‍ച്ചനയുടെ വീട്ടുകാരെ അറിയിച്ചോ?”

“അറിയിച്ചിട്ടുണ്ട്. അവര്‍ അടുത്ത ഫ്ളൈറ്റിലിവിടെയെത്തും. ബോഡി നാട്ടിലേക്കു കൊണ്ടുപോകാനാണു സാദ്ധ്യത.’

പൊലീസിന്‍റെ ഏതാനും വാഹനങ്ങള്‍ അപ്പോഴേക്കും അവിടെയെത്തി. മുമ്പിലെ കാറില്‍ പൊലീസ് കമ്മീഷണറായിരുന്നു. അദ്ദേഹവും ഏതാനും ഓഫീസര്‍മാരും മോര്‍ച്ചറിയുടെ വാതില്‍ തുറന്ന് അകത്തേയ്ക്കു പോയി. അല്പം കഴിഞ്ഞ് അവര്‍ പുറത്തിറങ്ങി അര്‍ച്ചനയുടെ ബന്ധുജനങ്ങളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ അവിടെ ഉണ്ടോയെന്ന് അന്വേഷിച്ചു.

അരവിന്ദന്‍ സാര്‍ പൊലീസ് ഓഫീസര്‍മാരുമായി സംസാരിച്ചു. ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും അവര്‍ക്കു കാണിച്ചുകൊടുത്തു.

കമ്മീഷണര്‍ അര്‍ച്ചനയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. അയാള്‍ മദ്യപിച്ചിരുന്നതിനാല്‍ പൊലീസിന്‍റെ ചോദ്യത്തിനു വ്യക്തമായി മറുപടി പറഞ്ഞില്ല. കമ്മീഷണര്‍ അയാളോട് ദേഷ്യപ്പെട്ടു.

“പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്ല രാഷ്ട്രീയബന്ധമുള്ളവരാ. ഭരണകക്ഷിയിലെ ഒരു എംഎല്‍എ അവരുടെ ബന്ധുവാണ്. അവിടന്നു മുഖ്യമന്ത്രി ഇവിടെ ഹോംമിനിസ്റ്ററെ വിളിച്ചു പറഞ്ഞു. ഹോംമിനിസ്റ്റര്‍ നേരിട്ടു കമ്മീഷണറെ വിളിക്കുകയായിരുന്നു” – ഒരു പൊലീസ് ഓഫീസര്‍ അരവിന്ദന്‍ സാറിനോടു പറഞ്ഞു.
കമ്മീഷണറുടെ അന്വേഷണമുണ്ടായപ്പോഴേക്കും പോസ്റ്റുമാര്‍ട്ടവും മറ്റു നടപടികളും വേഗത്തിലായി.

അധികം താമസിക്കാതെ അര്‍ച്ചനയുടെ വീട്ടുകാരുമെത്തി. അവര്‍ കമ്മീഷണറുമായി സംസാരിച്ചു. മോര്‍ച്ചറിയില്‍ കയറി അര്‍ച്ചനയെ കാണാന്‍ അവര്‍ക്ക് അദ്ദേഹം സൗകര്യമുണ്ടാക്കിക്കൊടുത്തു.

നിറഞ്ഞ കണ്ണുകളോടെയും തകര്‍ന്ന ഹൃദയത്തോടെയുമാണ് അവര്‍ മോര്‍ച്ചറിയില്‍ നിന്നിറങ്ങി വന്നത്.

അതിലൊരാള്‍ മോഹന്‍റെ അടുത്തേയ്ക്കു ചെന്നു. “എന്‍റെ മോള്‍ക്ക് എന്താണെടാ സംഭവിച്ചത്? നീ അവളെ കൊന്നതാണോടാ? സാറെ ഇവനെ വെറുതെ വിടരുത്. ഞങ്ങള്‍ക്കു പരാതിയുണ്ട്. ഇവന്‍ അവളെ കൊന്നതാണ്. എന്‍റെ മോള്‍ എല്ലാ പരീക്ഷയും റാങ്കോടെ പാസ്സായവളാ. എത്ര പരീക്ഷ പാസ്സായാലും അന്യനാട്ടില്‍ പോയി വേണമല്ലോ ജീവിക്കാന്‍. എന്‍റെ മോള്‍ ആത്മഹത്യ ചെയ്യില്ല സാറെ. ഇന്നലെ വൈകിട്ട് അവളെന്നോടു സംസാരിച്ചതാ” – അയാള്‍ വിതുമ്പിപ്പോയി.

അര്‍ച്ചനയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതുവരെ റോബിനും സഹപ്രവര്‍ത്തകരും അവിടെ നിന്നു.

ആംബുലന്‍സ് പുറപ്പെട്ടപ്പോള്‍ പിന്നാലെ മോഹനും സുഹൃത്തുക്കളും കാറില്‍ കയറി. ഈ സമയത്ത് ഒരു പൊലീസോഫീസര്‍ അവരുടെ അടുത്തു ചെന്നു പറഞ്ഞു.

“ഇയാളിവിടെ ഇറങ്ങ്; സ്റ്റേഷനില്‍ വന്നു മൊഴി തന്നിട്ടു പോയാല്‍ മതി.”

നാട്ടില്‍ പോകണമെന്നും സംസ്കാരചടങ്ങില്‍ പങ്കെടുക്കണമെന്നും മോഹന്‍റെ സുഹൃത്തുക്കള്‍ തടസ്സം പറഞ്ഞു.

മോഹന്‍ കാറില്‍ നിന്നിറങ്ങി. പൊലീസുകാര്‍ അയാളെ ജീപ്പിലേക്കു തള്ളിക്കയറ്റി ജീപ്പ് ഓടിച്ചുപോയി.

റോബിനും മറ്റുള്ളവരും കമ്പനിയിലേക്കു മടങ്ങി.

വൈകുന്നേരമായപ്പോള്‍ ഏതാനും പൊലീസുകാര്‍ കമ്പനിയില്‍ വന്നു. അര്‍ച്ചനയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു.

അര്‍ച്ചനയുടെ അടുത്ത സ്നേഹിതയായ ശീതളിനെ വിളിച്ച് അര്‍ച്ചനയെപ്പറ്റി ചോദിച്ചു. ശീതള്‍ അര്‍ച്ചനയെപ്പറ്റി അറിയാവുന്നതൊക്കെ പറഞ്ഞുകൊടുത്തു.

അര്‍ച്ചനയെ ഭര്‍ത്താവു മര്‍ദ്ദിച്ചിരുന്നെന്നു ശീതള്‍ പറഞ്ഞപ്പോള്‍ പൊലീസ് ഓഫീസര്‍ ചോദിച്ചു: “ശീതള്‍, ഭര്‍ത്താവ് അര്‍ച്ചനയെ മര്‍ദ്ദിക്കുന്നതു കണ്ടിട്ടുണ്ടോ?”

“ഇല്ല; പറഞ്ഞുകേട്ടതാണ്.”

“ആരു പറഞ്ഞുകേട്ടു?”

“റോബിനാണ് എന്നോടു പറഞ്ഞത്. അയാളുടെ മുമ്പില്‍വച്ചു മോഹന്‍ അര്‍ച്ചനയെ തല്ലിയെന്ന്.”

“ആരാണു റോബിന്‍?”

“ഇവിടെ ജോലി ചെയ്യു ന്ന ആളാണ്.”

“റോബിന്‍ എങ്ങനെയാണ് അതു കാണുന്നത്?”

“അയാള്‍ അവരുടെ അയല്‍വക്കംകാരനാണോ?”

“കഴിഞ്ഞ ദിവസം കമ്പനിയില്‍ ഒരു മീറ്റിങ്ങുണ്ടായിരുന്നു. അതു കഴിഞ്ഞപ്പോള്‍ ലെയ്റ്റായി. രാത്രിയായതുകൊണ്ട് അര്‍ച്ചന, റോബിനോട് ലിഫ്റ്റ് ചോദിച്ചു. റോബിന്‍ അര്‍ച്ചനയെ വീട്ടില്‍ കൊണ്ടുപോയി ആക്കുകയായിരുന്നു. അപ്പോഴാണു മോഹന്‍ അര്‍ച്ചനയെ മര്‍ദ്ദിച്ചത്.”

“ഇതെല്ലാം കൃത്യമായിട്ടെങ്ങനെ ശീതളറിഞ്ഞു?”

“റോബിന്‍ അപ്പോള്‍ത്തന്നെ എന്നോടു ഫോണ്‍ വിളിച്ചു പറഞ്ഞു.”

“അര്‍ച്ചന റോബിനോടെന്താ ലിഫ്റ്റ് ചോദിച്ചത്? കാറുള്ള സഹപ്രവര്‍ത്തകര്‍ വേറെയുണ്ടായിരുന്നല്ലോ. അവരു തമ്മില്‍ അടുപ്പമായിരുന്നല്ലേ?”

“അത്തരം അടുപ്പമൊന്നുമുണ്ടായിരുന്നില്ല സര്‍. അര്‍ച്ചന അത്തരം സ്വഭാവക്കാരിയായിരുന്നില്ല. റോബിനും മാന്യമായി പെരുമാറുന്ന ആളാണ്.”

പറഞ്ഞുപറഞ്ഞു പൊലീസോഫീസര്‍ കുഴപ്പത്തിലേക്കാണു കൊണ്ടുപോകുന്നതെന്നു ശീതളിനു മനസ്സിലായി. അയാള്‍ ഇംഗ്ലീഷും കന്നടയും ഇടകലര്‍ത്തിയാണു സംസാരിക്കുന്നത്. ഇംഗ്ലീഷില്‍ അയാള്‍ക്കു നല്ല പ്രാവീണ്യമില്ലെന്നു ശീതളിനു മനസ്സിലായി. താന്‍ ഇംഗ്ലീഷില്‍ പറയുന്നതൊക്കെ അയാള്‍ ശരിക്കാണോ മനസ്സിലാക്കുന്നതെന്ന് ശീതള്‍ ഭയപ്പെട്ടു.

“റോബിന്‍ നല്ലവനാണ്. കുഴപ്പക്കാരനല്ല” – ശീതള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

“എല്ലാവരും നല്ലവരാണ്. ആരും കുഴപ്പക്കാരല്ല. പെണ്‍കുട്ടി മരിക്കുകയും ചെയ്തു! ശരി. ശീതള്‍ പൊയ്ക്കൊള്ളൂ.” അയാള്‍ ശീതളിനെ പറഞ്ഞയച്ചിട്ട്, ഓഫീസില്‍ കയറി റോബിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു.

അല്പസമയത്തിനകം റോബിന്‍ ഓഫീസിലെത്തി.

“റോബിന്‍ എന്‍റെ കൂടെ സ്റ്റേ ഷനില്‍ വരണം എനിക്കു നിങ്ങളുടെ മൊഴിയെടുക്കേണ്ടതുണ്ട്. അന്വേഷണത്തില്‍ നിന്ന് അര്‍ച്ചനയുടെ അടുത്ത സുഹൃത്തായിരുന്നു നിങ്ങളെന്ന് അറിയാന്‍ കഴിഞ്ഞു” – പൊലീസ് ഓഫീസര്‍ പറഞ്ഞു.

“ഞാന്‍ വരാം സര്‍”- റോബിന്‍ പറഞ്ഞു.

“ഞാന്‍ സജീവ് സാറിനോട് ഒന്നു പറഞ്ഞോട്ടെ.”

“ആരാണു സജീവ്?”

“അദ്ദേഹം ടീം ലീഡറാണ്.”

റോബിന്‍ ഫോണിലൂടെ സജീവുമായി സംസാരിച്ചു.

“നീ അവിടെ നില്ക്ക്. ഞാന്‍ വരാം” – സജീവ് പറഞ്ഞു.

സജീവ് പെട്ടെന്ന് അവരുടെ അടുത്തെത്തി.

“സര്‍, നാളെ ഞാന്‍ റോബിനെ സ്റ്റേഷനില്‍ കൊണ്ടുവരാം” – സജീവ് പറഞ്ഞു.

“എന്തിനു നാളെയാക്കണം. ഇന്നു സമയമുണ്ടല്ലോ. ഇയാള്‍ക്കു മരിച്ച കുട്ടിയുമായി വല്ല ചുറ്റിക്കളിയുമുണ്ടായിരുന്നോ?”

“കമ്പനിയിലെ സഹപ്രവര്‍ത്തകയെന്ന നിലയിലുള്ള സൗഹൃദം മാത്രമേ ഞങ്ങള്‍ക്ക് ആ കുട്ടിയോടുണ്ടായിരുന്നുള്ളൂ” – സജീവ് പറഞ്ഞു.

“ഞങ്ങള്‍ അന്വേഷിക്കട്ടെ. ഇപ്പോള്‍ ഇയാളെ ഞാന്‍ കൊണ്ടുപോകുകയാണ്. ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ട്.”

“റോബിനും ഞാനും ശീതളുമൊക്കെ അര്‍ച്ചനയോടൊപ്പം ജോലി ചെയ്തു എന്നതിനപ്പുറം ഈ സംഭവവുമായി ഒരു ബന്ധവുമില്ല സാര്‍.”

“എന്നു നിങ്ങള്‍ പറഞ്ഞാല്‍ പോരല്ലോ. റോബിന്‍ കഴിഞ്ഞ ദിവസം അര്‍ച്ചനയുടെ വീട്ടില്‍ പോയിരുന്നു. അര്‍ച്ചനയുടെ ഭര്‍ത്താവുമായി കയ്യാങ്കളിയുണ്ടായി.

ഇയാളുടെ മുമ്പില്‍വച്ച് അയാള്‍ ഭാര്യയെ തല്ലി. ഇയാളെ ചോദ്യം ചെയ്യാന്‍ ഇതൊക്കെ മതിയല്ലോ. വേഗം വന്നു ജീപ്പില്‍ കയറ്” – പൊലീസ് ഓഫീസറുടെ സ്വരം കനത്തു.

റോബിന്‍ പൊലീസുകാര്‍ക്കൊപ്പം പോയി.

സ്റ്റേഷനില്‍ ചെന്നപ്പോള്‍ മോഹന്‍ അവിടെയുണ്ട്. പൊലീസ് ഓഫീസര്‍ റോബിനെ മുമ്പില്‍ നിര്‍ത്തി മോഹനോടു ചോദിച്ചു: “ഇയാളെ മുമ്പു കണ്ടിട്ടുണ്ടോ?”

“ഉണ്ട്. ഇയാള്‍ കഴിഞ്ഞയാഴ്ച രാത്രി സമയത്ത് എന്‍റെ വീട്ടില്‍ വന്ന് എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു.”

“ഇയാള്‍ എന്തിനാണു നിങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചത്?”

“കാരണമുണ്ട് സര്‍, ഇയാള്‍ എന്‍റെ ഭാര്യ അര്‍ച്ചനയുടെ സഹപ്രവര്‍ത്തകനാണ്. ഇയാള്‍ എന്‍റെഭാര്യയുടെ പിന്നാലെ നടന്ന് അവളെ വശീകരിക്കാന്‍ ശ്രമിച്ചു. അവളെ പല സ്ഥലങ്ങളിലും കൊണ്ടുപോയി അവളുമായി ഇയാള്‍ രഹസ്യബന്ധം പുലര്‍ത്തിയിരുന്നോ എന്നുപോലും ഞാന്‍ സംശയിക്കുന്നു. ആ കുറ്റബോധംകൊണ്ടാകാം അവള്‍ ആത്മഹത്യ ചെയ്തത്” – മോഹന്‍ പറഞ്ഞു.

“ഇപ്പോള്‍ തനിക്കു മനസ്സിലായോ റോബിന്‍ കാര്യങ്ങളുടെ കിടപ്പ്. താന്‍ കമ്പനിയില്‍വച്ചു പറഞ്ഞപോലെ അത്ര പുണ്യാളനല്ല. താനിങ്ങു വന്നെ. ചോദിക്കട്ടെ” – ഓഫീസര്‍ റോബിനെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി.

“തനിക്കു കമ്പനിയില്‍ എന്താ ജോലി?”

“സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണു സര്‍.”

“മരിച്ച പെണ്ണിനോ?”

“അര്‍ച്ചനയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്നു.”

“നിങ്ങള്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നവരായിരുന്നല്ലേ?”

“അതെ.”
“മോഹന്‍ പറഞ്ഞല്ലോ, താന്‍ അയാളുടെ വീട്ടില്‍ ചെന്നു വഴക്കുണ്ടാക്കിയെന്ന്; എന്തിനായിരുന്നു?”

“സര്‍, അന്നു ഞങ്ങളുടെ കമ്പനിയില്‍ ചെറിയൊരു ആഘോഷമുണ്ടായിരുന്നു. അതു കഴിഞ്ഞപ്പോള്‍ രാത്രിയായി. അര്‍ച്ചന എന്നോട് ലിഫ്റ്റ് ചോദിച്ചു. ഞാനവളെ വീട്ടില്‍ കൊണ്ടുചെന്നാക്കി. അവിടെയെത്തിയപ്പോള്‍ അര്‍ച്ചന പറഞ്ഞു ഭര്‍ത്താവിനെ പരിചയപ്പെട്ടിട്ടു പോകാമെന്ന്. അവളുടെ കൂടെ ഞാനാ വീട്ടില്‍ കയറിച്ചെന്നു. അയാള്‍ വളരെ മോശമായിട്ടാണു പെരുമാറിയത്. എനിക്ക് അവളുമായി മോശം ഏര്‍പ്പാടുകളുണ്ടെന്ന് അയാള്‍ പറഞ്ഞു. അത് അര്‍ച്ചന എതിര്‍ത്തപ്പോള്‍ അയാള്‍ അവളെ അടിച്ചു. വീടിനുള്ളില്‍ കൊണ്ടുപോയി അടിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ അപ്പോള്‍ത്തന്നെ മടങ്ങിപ്പോന്നു.”

“ശരി അര്‍ച്ചന ആത്മഹത്യ ചെയ്തെന്നു റോബിന്‍ കരുതുന്നുണ്ടോ?”

“അന്നത്തെ സംഭവംവച്ചു പറഞ്ഞാല്‍ അയാള്‍ അവള്‍ക്കു വിഷം കൊടുത്തു കൊന്നതാകാം.”

“എന്തിനാണ് അയാള്‍ അവളെ കൊല്ലുന്നത്? റോബിനുമായി അര്‍ച്ചനയ്ക്കു പ്രണയമുണ്ടായിരുന്നതുകൊണ്ട്. അന്യന്‍റെ ഭാര്യയെ പ്രണയിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 497-ാം വകുപ്പനുസരിച്ച് അഞ്ചു വര്‍ഷം തടവു കിട്ടാവുന്ന കുറ്റമാണു റോബിന്‍.”

“സര്‍ എനിക്ക് അര്‍ച്ചനയുമായി അത്തരം ബന്ധങ്ങളൊന്നുമില്ല. വെറുതെ കെട്ടിച്ചമച്ചു കേസുണ്ടാക്കി എന്‍റെ ജീവിതം തുലയ്ക്കരുത് സര്‍.”

“ഞാന്‍ കെട്ടിച്ചമച്ചതാണോ? പെണ്ണിന്‍റെ കെട്ടിയവന്‍റെ ആരോപണമല്ലേ? അര്‍ച്ചനയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു തെളിയാനിരിക്കുന്നതേയുള്ളൂ. രണ്ടായാലും ഈ കഥയിലെ ഒരു പ്രധാന കഥാപാത്രംതന്നെയാണു താന്‍. മുകളില്‍ നിന്നു നല്ല സമ്മര്‍ദ്ദമുള്ളതിനാല്‍ എനിക്ക് ഈ കേസിനു വളരെ പെട്ടെന്നു തുമ്പുണ്ടാക്കിയേ പറ്റൂ. ഇപ്പോള്‍ ഏകദേശം തുമ്പുണ്ടായി. ഭര്‍ത്താവും കാമുകനും കസ്റ്റഡിയിലായി. വിഷം ഉള്ളില്‍ ചെന്നാണ് ആ പെണ്ണു മരിച്ചത്. അത് അവള്‍ സ്വയം കുടിച്ചോ അതോ ഭര്‍ത്താവ് കുടിപ്പിച്ചോ കാമുകന്‍ കുടിപ്പിച്ചോ എന്നു തെളിയാനിരിക്കുന്നതേയുള്ളൂ. തത്കാലം റോബിന്‍ സെല്ലില്‍ കിടക്ക്.”

അപ്പോഴേക്കും സജീവ് ഒരു വക്കീലിനെയും കൂട്ടി സ്റ്റേഷനിലെത്തി. റോബിനെ ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ടു.

“ജാമ്യത്തില്‍ വിടാനാകില്ല. അയളെ ഞാന്‍ അറസ്റ്റ് ചെയ്തു. നാളെ കോടതിയില്‍ ഹാജരാക്കും. കോടതിയില്‍നിന്നു ജാമ്യം കിട്ടുമെങ്കില്‍ മേടിച്ചോളൂ” – ഓഫീസര്‍ പറഞ്ഞു.

“സര്‍ അയാള്‍ നിരപരാധി യാണ്.”

“നിങ്ങള്‍ വിചാരിക്കുന്ന കേസല്ലിത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്നു തെളിയേണ്ടതുണ്ട്. കൊലപാതകമാണെങ്കില്‍ അതിനു പ്രേരണയായതു റോബിനുമായുള്ള അര്‍ച്ചനയുടെ ബന്ധമാണ്. ജീവപര്യന്തത്തിനുള്ള വകുപ്പുണ്ട്. പറഞ്ഞുവരുമ്പോള്‍ സ്ത്രീ പീഡനവുമാകാം. മൂന്നു കൊല്ലം തടവിന് അതുമതി. ഇയാള്‍ അവരുടെ വീട്ടില്‍ രാത്രി സമയത്ത് അതിക്രമിച്ചു കയറിയിട്ടുണ്ട്. പ്രതി അതു സമ്മതിച്ചതാണ്. പ്രതികള്‍ അന്യനാട്ടുകാരായതുകൊണ്ടു മുങ്ങാനും സാദ്ധ്യതയുണ്ട്. നിങ്ങള്‍ നാളെ കോടതിയില്‍ വരൂ.” പൊലീസ് ഓഫീസര്‍ റോബിനെ സെല്ലിലടച്ചിട്ട്, മോഹനെയും കൂട്ടി അകത്തെ മുറിയിലേക്കു കയറി.
(തുടരും)

Leave a Comment

*
*