Latest News
|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 17

ആയുഷ്ക്കാലം – അദ്ധ്യായം 17

Sathyadeepam

രാത്രി ഏറെ വൈകി. ജെയ്സി റോബിനെ വിളിച്ചിട്ടു കിട്ടുന്നില്ല. ഫോണ്‍ സ്വിച്ചോഫ് ചെയ്തിരിക്കുകയാണെന്ന് അറിയിപ്പു ലഭിക്കുന്നു. റോബിന് എന്താണു സംഭവിച്ചത്?

കമ്പനിയില്‍ ഓവര്‍ടൈം ജോലിയുണ്ടെങ്കില്‍ റോബിന്‍ വിളിച്ചുപറയാറുണ്ട്. ആരോടാണു വിളിച്ചന്വേഷിക്കുക?

അവള്‍ സുഹൃത്തായ ഷെറിനെ വിളിച്ചു.

“ഷെറിന്‍, റോബിന്‍ ഇതുവരെ കമ്പനിയില്‍നിന്നു വന്നില്ല. ഫോണും സ്വിച്ചോഫാണ്. എന്നെ രാവിലെ കമ്പനിയില്‍ കൊണ്ടാക്കി പോയതാണ്. ഇന്നു വിളിച്ചിട്ടേയില്ല. എനിക്കങ്ങോട്ടു വിളിക്കാനും തോന്നിയില്ല. റോബിന്‍റെ സുഹൃത്തുക്കളുടെ നമ്പറും എന്‍റെ അടുക്കലില്ല.

“റോബിന്‍ അത്യാവശ്യമായി വല്ലയിടത്തും പോയതായിരിക്കും. ചിലപ്പോള്‍ ഫോണ്‍ എവിടെയെങ്കിലും മറന്നുവച്ചിരിക്കും. അത് ആരെങ്കിലും അടിച്ചുമാറ്റി സ്വിച്ചോഫ് ചെയ്തതാകും. റോബിനല്ലേ, അതിന്‍റെ പിന്നാലെ നടക്കുകയാവാം. നീ സ്വസ്ഥമായിട്ടിരിക്ക് ഞാന്‍ അന്വേഷിക്കാം. റോബിന്‍റെ കമ്പനിയിലെ ആരുടെയെങ്കിലും നമ്പരു കിട്ടിയാല്‍ മതിയല്ലോ. അതിനൊക്കെ വഴിയുണ്ട്. അഞ്ചു മിനിറ്റിനകം ഞാന്‍ നിന്നെ വിളിക്കാം” – ഷെറിന്‍ പറഞ്ഞു.

ഷെറിനു ധാരാളം സുഹൃത്തുക്കളുണ്ട്. ഫെയ്സ് ബുക്കില്‍ ആയിരക്കണക്കിനു സുഹൃത്തുക്കളാണ് അവള്‍ക്കുള്ളത്. വിരലിലെണ്ണാവുന്നവരുമായുള്ള സൗഹൃദമാണു ജെയ്സിക്കുള്ളത്. സുഹൃദ്ബന്ധങ്ങള്‍ വിപുലപ്പെടുത്താനൊന്നും അവള്‍ മെനക്കെടാറില്ല. ഭര്‍ത്താവിന്‍റെ ഏതാനും സഹപ്രവര്‍ത്തകരുടെയെങ്കിലും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു സൂക്ഷിക്കേണ്ടതല്ലേ? അതുകൊണ്ടൊക്കെ എന്താ കാര്യം എന്ന് ഉദാസീനത കാണിച്ചു.

പെട്ടെന്നു ഫോണ്‍ ബെല്ലടിച്ചു. ഷെറിനല്ല. അപരിചിതമായ നമ്പറാണ്. ജെയ്സി ഫൊണെടുത്തു.

“ഹലോ, ആരാണ്?”

“ഹലോ ജെയ്സി, ഞാന്‍ സജീവാണ്. റോബിന്‍റെ ഗ്രൂ പ്പ് ലീഡര്‍.”

“ഓ സജീവ്, റോബിന്‍റെ ഫോണ്‍ സ്വിച്ചോഫാണല്ലോ. ഇന്നു കമ്പനിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?” – ജെയ്സി ചോദിച്ചു.

“ജെയ്സി ചെറിയൊരു പ്രശ്നമുണ്ടായി. ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന അര്‍ച്ചന മരിച്ചു. ആത്മഹത്യയാണെന്നു പറയുന്നു. പൊലീസ് അന്വേഷണം നടക്കുകയാണ്. റോബിന്‍ അതു സംബന്ധിച്ചു മൊഴി കൊടുക്കണമെന്നു പൊലീസുകാര്‍ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനില്‍ അര്‍ച്ചനയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിരുന്നു. അയാള്‍ കേസില്‍നിന്നു രക്ഷപ്പെടാനായിട്ടാകാം, റോബിനും അര്‍ച്ചനയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നൊക്കെ ഇല്ലാക്കഥകള്‍ ഉണ്ടാക്കി പറഞ്ഞു. പൊലീസുകാര്‍ ചോദ്യം ചെയ്യാനായി റോബിനെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഞങ്ങള്‍ അതിന്‍റെ പിന്നാലെയായിരുന്നു. അതാണു വിളിക്കാന്‍ താമസിച്ചത്. ജെയ്സി വിഷമിക്കരുത്. നാളെ റോബിനെ വിടും. ഇല്ലെങ്കില്‍ ജാമ്യം കിട്ടും.”

“സജീവേ, എന്തൊക്കെയാണീ പറയുന്നത്? അര്‍ച്ചന മരിച്ചെങ്കില്‍ തന്നെ റോബിനുമായി എന്തു ബന്ധമാണുള്ളത്? റോബിന്‍ ഒരു കുഴപ്പക്കാരനല്ലല്ലോ. അര്‍ച്ചനയുമായി ബന്ധപ്പെട്ട കമ്പനിക്കാര്യങ്ങള്‍ പൊലീസിനറിയണമെങ്കില്‍ ടീം ലീഡറായ നിങ്ങളോടോ ഗ്രൂപ്പ് മാനേജരോടോ അന്വേഷിച്ചാല്‍ പോരേ? നിങ്ങള്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്.”

“ഒന്നും മറച്ചുവയ്ക്കുന്നില്ല ജെയ്സി. എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ രാവിലെ വിളിക്കാം. എന്നെ ആരോ വിളിക്കുന്നുണ്ട്”- സജീവ് ഫോണില്‍നിന്നു പിന്മാറി.

എന്തു ചെയ്യണമന്നറിയാതെ ജെയ്സി വിഷമിച്ചു. അനവധി അശുഭചിന്തകള്‍ അവളുടെ മനസ്സിലേക്കു തള്ളിക്കയറിക്കൊണ്ടിരുന്നു. റോബിന്‍ കേസ്സില്‍പ്പെടാന്‍ എന്താണു കാരണം? അര്‍ച്ചന എന്തിനാണ് ആത്മഹത്യ ചെയ്തത്? അര്‍ച്ചനയും റോബിനും തമ്മില്‍ ബന്ധമുണ്ടായിരുന്നോ? ഒരു കാര്യവുമില്ലാതെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുക്കുമോ?

ജെയ്സി ഷെറിനെ വിളിച്ചു. ആകുലചിന്തകള്‍ അവളുമായി പങ്കുവച്ചു.

“നേരം വെളുക്കട്ടെ ജെയ്സി. നമുക്ക് അന്വേഷിക്കാം. ഇങ്ങനെയൊക്കെ ചില അവിചാരിത സംഭവങ്ങള്‍ ജീവിതത്തിലുണ്ടാകും. ജീവിതത്തിനു നിയതമായ ഒരു തിരക്കഥയില്ല. ഓര്‍ക്കാപ്പുറത്ത് ഓരോന്നു സംഭവിക്കുകയാണ്. ചില സംഭവങ്ങള്‍ നമ്മളെ സന്തോഷിപ്പിക്കും. ചിലതു സങ്കടപ്പെടുത്തും. അതൊക്കെ സ്വീകരിക്കുക. ഈ ലോകത്തെ ഓരോ ചലനങ്ങളും നമ്മുടെ ഇഷ്ടമനുസരിച്ചാകണം എന്നു വാശി പിടിക്കരുത്” – ഷെറിന്‍ പറഞ്ഞു.

ജെയ്സി ഫോണ്‍ കട്ട് ചെയ്തു. “മറ്റുള്ളവര്‍ക്കു വിഷമങ്ങളുണ്ടാവുമ്പോള്‍ എല്ലാ അവളുമാരും ഭയങ്കര ഉപദേശമാ. സ്വന്തം ജീവിതത്തിനു തട്ടുകേടു സംഭവിച്ചാല്‍ അപ്പോള്‍ ഈ തത്ത്വശാസ്ത്രമൊക്കെ മറക്കും. ഇന്നലെ ഒരുത്തി വരുത്തിവച്ച പൊല്ലാപ്പ് കണ്ടില്ലേ?”- ജെയ്സി പിറുപിറുത്തു.

രാത്രി വീട്ടില്‍ ഒറ്റയ്ക്കായപ്പോള്‍ ജെയ്സിക്ക് ഇതിനുമുമ്പ് ഉണ്ടാകാത്ത തരത്തിലുള്ള ഭയം ഉള്ളില്‍ വളര്‍ന്നു. വീടു നിറയെ ആളുകളുള്ള ഒരു വീട്ടില്‍ ജനിച്ചുവളര്‍ന്നവളാണു ജെയ്സി. പഠനകാലത്ത് ഹോസ്റ്റലില്‍ താമസിക്കുമ്പോഴും അവിടെ നിറയെ ആളുകളായിരുന്നു. ബംഗളുരുവില്‍ റോബിന്‍ ഒരിക്കലും അവളെ ഒറ്റയ്ക്കാക്കിയിട്ടില്ല.

ഒരു പെണ്ണ് ഒറ്റയ്ക്കു ജീവിക്കുന്നത് ഒരു സ്വാതന്ത്ര്യപ്രഖ്യാപനമാണെന്ന ആശയം പകര്‍ന്നതു ഷെറിനാണ്. അവള്‍ ഒരു വീട്ടില്‍ ഒറ്റയ്ക്കു കഴിയുകയാണ്. വിവാഹത്തിനുശേഷം കുറേക്കാലം ഭര്‍ത്താവിനൊപ്പം അവള്‍ ജീവിച്ചു. അവളുടേതു പ്രണയവിവാഹമായിരുന്നു. ഒരുമിച്ചു ജോലി ചെയ്തിരുന്ന പ്രദീപുമായി അവള്‍ ഏറെക്കാലം പ്രണയത്തിലായിരുന്നു. അവള്‍ മുന്‍കയ്യെടുത്താണു വിവാഹം നടന്നത്. വിവാഹം കഴിച്ചതോടെ ഷെറിന്‍റെ സന്തോഷമെല്ലാം നഷ്ടപ്പെട്ടു.
“പ്രണയകാലത്തു നമ്മള്‍ കാമുകന്‍റെ നന്മകള്‍ മാത്രമാണു കാണുന്നത്. അത് അയാള്‍ ഊതിവീര്‍പ്പിച്ചു നമ്മളെ കാണിച്ചുകൊണ്ടിരിക്കും. മധുരം പുരട്ടിയ കൊച്ചുവര്‍ത്തമാനങ്ങള്‍, പ്രണയഗീതങ്ങള്‍, തമാശകള്‍ – കഫേയില്‍ കയറി കാപ്പി കുടിക്കുമ്പോള്‍, ഐസ്ക്രീം നുണയുമ്പോള്‍, പാര്‍ക്കില്‍ നടക്കുമ്പോള്‍, സിനിമ കാണുമ്പോള്‍, ഒരുമിച്ചു ജോലി ചെയ്യുമ്പോള്‍പ്പോലും അയാളില്‍നിന്നും സ്നേഹം കവിഞ്ഞൊഴുകുന്നതു നമ്മളനുഭവിക്കും. പിന്നീടു വിവാഹത്തിനുശേഷം കാമുകന്‍ ഭര്‍ത്താവായി മാറുമ്പോള്‍ അയാള്‍ മറ്റൊരു മനുഷ്യനാകും. ഒരു വീട്ടിലെ കിടപ്പുമുറിയില്‍ അയാളോടൊപ്പം ഉറങ്ങാന്‍ തുടങ്ങുന്നതോടെ നമ്മളെ ഒരു ദാസിയാക്കാന്‍, അടിമപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരിക്കും. സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മള്‍ പിടഞ്ഞുപോകും. നമ്മുടെ കാമുകീഭാവം എവിടെയോ നഷ്ടമാകും. സ്ത്രീകള്‍ക്കു സ്നേഹം നഷ്ടം മാത്രമാണു നല്കുന്നതു ജെയ്സി.” ഇങ്ങനെയൊക്കെയാണു ഷെറിന്‍ വിശദീകരിക്കുക.

ഒരു വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുമ്പോള്‍ കിട്ടുന്ന സൗഭാഗ്യങ്ങളെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും പറഞ്ഞ് അവള്‍ ജെയ്സിയെ മോഹിപ്പിച്ചിരുന്നു.
അവളുടെ സ്വതന്ത്രമായ ജീവിതം ആകര്‍ഷകമായി ജെയ്സിക്കു തോന്നുകയും ചെയ്തിരുന്നു.

പക്ഷേ, ഇപ്പോള്‍ ഈ ഒറ്റപ്പെടല്‍ അവള്‍ക്കു താങ്ങാവുന്നതിനപ്പുറമായിരുന്നു. അവള്‍ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. റോബിന്‍ പൊലീസ് സ്റ്റേഷനിലെ തടവറയില്‍ കിടക്കുകയാണ്. കള്ളന്മാരോടും തെമ്മാടികളോടുമൊപ്പം. ഇതുപോലെ അപമാനിതനാകാന്‍ റോബിന്‍ അറിഞ്ഞോ അറിയാതെയോ വല്ല തെറ്റും ചെയ്തിട്ടുണ്ടാകുമോ?

നിസ്സഹായവസ്ഥയുടെ പാരമ്യത്തില്‍ റോബിന്‍ വാവിട്ടു കരഞ്ഞിരിക്കും. നേരിയ സങ്കടാവസ്ഥയില്‍പ്പോലും കണ്ണു നിറയുന്നവനാണു റോബിന്‍.

ജെയ്സി ആ രാത്രി ഒരു പോള കണ്ണടച്ചില്ല. ചിന്തകളുടെ തിരമാലകള്‍ മനസ്സിന്‍റെ തീരങ്ങളില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു.

നേരം പുലര്‍ന്നതേ അവള്‍ ഡ്രസ്സ് മാറി ഷെറിന്‍റെ താമസസ്ഥലത്തേയ്ക്കു പോയി. ആരോടെങ്കിലും അവള്‍ക്കൊന്നു സംസാരിക്കണം. റോബിനെ കാണണം. വേണ്ടിവന്നാല്‍ കോടതിയില്‍ പോകണം. ഇതിനൊക്കെ ഇപ്പോള്‍ സഹായിക്കാന്‍ ഷെറിനേയുള്ളൂ.

രാവിലെ കാര്‍ തുടച്ചു വൃത്തിയാക്കുകയായിരുന്നു ഷെറിന്‍.

“നീ രാവിലെ ഇങ്ങു പോന്നോ?” – ഷെറിന്‍ ചോദിച്ചു.

“രാത്രിയില്‍ത്തന്നെ ഷെറിന്‍റെ അടുത്തേയ്ക്കു വരണമെന്നു വിചാരിച്ചതാണ്” – ജെയ്സി പറഞ്ഞു.

“നീ വെറുതെ ടെന്‍ഷനടിക്കാതെ ജെയ്സി. ഒരു ദിവസം ജയിലില്‍ കിടന്നതുകൊണ്ടു റോബിന് എന്തു സംഭവിക്കാനാ? പൊലീസുകാര്‍ അയാളെ തിന്നുകയൊന്നുമില്ല. പൊലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ റോബിന്‍ അബദ്ധം വല്ലതും പറഞ്ഞു കാണും. പൊലീസുകാര്‍ അതില്‍ പിടിച്ചു കയറും. അങ്ങനെ കുഴപ്പത്തിലായതാകാനാണു വഴി.”

“നമുക്കു രാവിലെ ആ സജീവിന്‍റെ അടുത്തുവരെ പോകണം. നീ കൂടി എന്‍റെ കൂടെവരണം. അയാളെ കണ്ടാല്‍ കാര്യങ്ങളെല്ലാം ചോദിച്ചറിയാം.

പ്രശ്നമൊന്നുമില്ലെങ്കില്‍ നിനക്ക് അതുവഴി കമ്പനിയിലേക്കു പോകാമല്ലോ. ഞാനിന്ന് അവധിയെടുക്കുകയാണ്”- ജെയ്സി പറഞ്ഞു.

“ഞാന്‍ പെട്ടെന്നു റെഡിയാകാം. നീ ആ സജീവിനെ വിളിച്ച് അയാളുടെ താമസസ്ഥലം എവിടെയാണെന്ന് അന്വേഷിക്ക്”- ഷെറിന്‍ അകത്തേയ്ക്കു പോയി.

ജെയ്സി സജീവിനെ വിളിച്ചു താമസസ്ഥലം ചോദിച്ചു മനസ്സിലാക്കി.

“കയറിക്കോ” – ഡ്രസ്സ് മാറി വന്ന ഷെറിന്‍ കാറിനടുത്തേയ്ക്കു നടക്കുന്നതിനിടയില്‍ പറഞ്ഞു.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് അവള്‍ ചോദിച്ചു: “സജീവ് എവിടെയാ താമസിക്കു ന്നത്?”

“ഗാന്ധിനഗറിലാണ്.”

“മജസ്റ്റിക്കില്‍ ചെന്നിട്ടു പോകുന്നതാകും എളുപ്പം.” ഷെറിന്‍ കാര്‍ വേഗത്തില്‍ ഓടിച്ചുപോയി.

തിരക്കേറിയ റോഡിലൂടെ മറ്റു വാഹനങ്ങളെ മറികടന്നു വിദഗ്ദ്ധമായി ഷെറിന്‍ കാറോടിക്കുന്നതു കണ്ടു ജെയ്സി ആശ്ചര്യപ്പെട്ടു.

സ്വന്തമായി ഒരു കാര്‍ വാങ്ങണമെന്നും ഈ നഗരത്തിലൂടെ ജോലി സ്ഥലത്തേയ്ക്കും മറ്റും കാറോടിച്ചു പോകണമെന്നും ജെയ്സി ആഗ്രഹിച്ചുതുടങ്ങിയതു ഷെറിന്‍ കാറോടിക്കുന്നതു കണ്ടതില്‍പ്പിന്നെയാണ്.

മജസ്റ്റിക്കിലെത്തിയപ്പോള്‍ ജെയ്സി വീണ്ടും സജീവി നെ വിളിച്ചു.

“ഏതു റോഡിലൂടെയാണ് വീട്ടിലേക്കു വരേണ്ടത്?”

“സെക്കന്‍ഡ് ക്രോസ് റോഡിലൂടെ വരൂ. ബുദ്ധവിഹാറിനടുത്ത് ഇടത്തേയ്ക്കു തിരിയുന്ന ഒരു സൈഡുറോഡുണ്ട്. ആ റോഡിലൂടെ നൂറു മീറ്റര്‍. ഞാന്‍ റോഡില്‍ ഇറങ്ങിനില്ക്കാം” – സജീവ് പറ ഞ്ഞു.

ജെയ്സി ഷെറിനു വഴി പറ ഞ്ഞുകൊടുത്തു. ഷെറിന് അവിടമൊക്കെ പരിചയമുണ്ട്. അവള്‍ ഒരു സംശയവും കൂടാതെ കാറോടിച്ചുപോയി.

“എനിക്കു ബംഗളുരു നഗരത്തിലെ ഓരോ റോഡും കൈരേഖപോലെ പരിചയമാ ജെയ്സി. പ്രദീപുമായി പ്രണയിച്ചു നടക്കുമ്പോള്‍ ഞങ്ങളിങ്ങനെ കറങ്ങി നടക്കും. അന്നു കാറില്ല. പ്രദീപിന്‍റെ ബൈക്കിലാണു കറക്കം. ബൈക്കില്‍ സഞ്ചരിച്ചാല്‍ നമ്മള്‍ എളുപ്പം വഴികളെല്ലാം പഠിക്കും. പ്രണയകാലത്തു പരിസരബോധം കുറയും. അതിന്‍റെ ഒരു കുഴപ്പമുണ്ട്”- ഷെറിന്‍ ചിരിച്ചു.

“ഷെറിനു മനസ്സില്‍ സൂക്ഷിക്കാന്‍ അങ്ങനെയൊരു കാലമുണ്ട്.”

“നമ്മുടെ ജീവിതത്തില്‍ പ്രണയകാലമാണ് ഏറ്റവും മനോഹരം. ജീവിതത്തോടു ശരിക്കും ആസക്തി തോന്നുന്ന കാലം. പ്രണയകാലത്ത് ആരും മരിക്കുകയില്ല ജെയ്സി. അഥവാ മരിച്ചാല്‍ അതു സിനിമകളിലും കഥകളിലും മാത്രമായിരിക്കും” – ഷെറിന്‍ വീണ്ടും ചിരിച്ചു.

“കാമുകീകാമുകന്മാര്‍ വിവാഹിതരായതിനുശേഷവും പ്രണയകാലം തുടര്‍ന്നുകൂടേ?”

“ജെയ്സിക്കു പ്രണയകാലം ഉണ്ടായിട്ടില്ലേ? അല്പകാലത്തേയ്ക്കെങ്കിലം?”

ജെയ്സി, അങ്ങനെയൊരു കാലമുണ്ടായിട്ടുണ്ടോയെന്ന് ആലോചിച്ചു. കോളജിലൊക്കെ അവസരങ്ങള്‍ ധാരാളമായിരുന്നു. ഭയന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. വേദപഠനക്ലാസ്സുകളില്‍ കന്യാസ്ത്രീകളും പള്ളികളില്‍ ധ്യാനഗുരുക്കന്മാരും പകര്‍ന്നു നല്കിയ ഭയമായിരുന്നത്. ആണ്‍കുട്ടികളെ നോക്കുന്നതോ സ്പര്‍ശിക്കുന്നതോപോലും പാപമാണെന്ന ബോധം. പ്രണയം ചെകുത്താന്‍റെ പ്രലോഭനമാണെന്ന ഉപദേശങ്ങള്‍. പ്രണയം തെറ്റാണെന്നു കരുതിപ്പോയ യൗവ്വനകാലം.

“എനിക്കൊരു പ്രണയകാലം ഉണ്ടായിരുന്നില്ല ഷെറിന്‍” – ജെയ്സി പറഞ്ഞു.

“എങ്കില്‍ പ്രണയജീവിതവും വിവാഹജീവിതവും തമ്മിലുള്ള അന്തരം എന്താണെന്നു പറഞ്ഞു തരാന്‍ എനിക്കു കഴിയില്ല” – ഷെറിന്‍ പറഞ്ഞു.

റോഡരികില്‍ നില്ക്കുന്ന സജീവിനെ കണ്ട് അവര്‍ കാര്‍ നിര്‍ത്തി.

“വീട്ടിലേക്കു കയറി വരൂ” – സജീവ് അവരെ ക്ഷണിച്ചു.

അകത്തു കടന്നിരിക്കുമ്പോള്‍ സജീവ് പറഞ്ഞു, “ചായ കുടിക്കാമെന്നു പറയുന്നില്ല. വീട്ടുകാരത്തി ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടില്ല. രാവിലെ ഞാന്‍ പുറത്തുനിന്നാണു ഭക്ഷണം കഴിക്കുന്നത്.”

“വീട്ടുകാരത്തി നഴ്സാണല്ലേ? ഇപ്പോള്‍ നൈറ്റ്ഡ്യൂട്ടിക്കാലമയിരിക്കും. ഒരിക്കല്‍ ഏതോ ഒരു സെലിബ്രേഷനു ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്” – ഷെറിന്‍ പറഞ്ഞു.

“സര്‍, റോബിന് എന്താണു സംഭവിച്ചത്? പൊലീസ് കസ്റ്റഡിയില്‍ വയ്ക്കാന്‍ എന്തു കുറ്റമാണു റോബിന്‍ ചെയ്തത്?”- ജെയ്സി ചോദിച്ചു.

“ജെയ്സി, റോബിന്‍റെ കൈകളില്‍ ഒരു കുഴപ്പവുമില്ല. അര്‍ച്ചനയുടെ ഭര്‍ത്താവ് ഒരു സംശയരോഗിയാണ്. അര്‍ച്ചന വളരെ സ്മാര്‍ട്ടായിരുന്നു. കമ്പനിയില്‍ ഏറ്റവും നന്നായി ജോലി ചെയ്തിരുന്നവരില്‍ ഒരാളായിരുന്നു അവള്‍. അവളുടെ ഭര്‍ത്താവാകാനുള്ള ഒരു യോഗ്യതയുമില്ലാത്ത വെറും ചെറ്റ. ഒരുപക്ഷേ, അയാള്‍ അവള്‍ക്കു വിഷം കൊടുത്തതാകാം. കേസ് അവിടേക്കാണു നീങ്ങുന്നത്. അതോടെ കേസിനു ഗൗരവമായില്ലേ? ആ തെണ്ടി പൊലീസിനോടു പറഞ്ഞതു റോബിന്‍, അര്‍ച്ചനയുടെ കാമുകനാണെന്നാണ്.”

“റോബിനും അര്‍ച്ചനയും തമ്മില്‍ അങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നോ സര്‍?” – ജെയ്സിയുടെ സ്വരം ഇടറി.

“അര്‍ച്ചന അത്തരം പെണ്‍കുട്ടിയായിരുന്നില്ല ജെയ്സി. ഞങ്ങളിതൊക്കെ പൊലീസിനോടു പറഞ്ഞതാണ്. പക്ഷേ, കഴിഞ്ഞ ദിവസം ഒരു പ്രശ്നമുണ്ടായി. അതാണു റോബിനു വിനയായത്. കഷ്ടകാലമെന്നേ പറയാന്‍ കഴിയൂ.”

“എന്ത് പ്രശ്നം?”

“കഴിഞ്ഞയാഴ്ച ഞങ്ങളുടെ കമ്പനിയില്‍ ചെറിയൊരു ആഘോഷമുണ്ടായിരുന്നു. അതു കഴിഞ്ഞപ്പോള്‍ ലെയ്റ്റായി. റോബിനോട് അര്‍ച്ചന ലിഫ്റ്റ് ചോദിച്ചു. റോബിന്‍ അവളെ വീട്ടില്‍ കൊണ്ടാക്കി. ഭര്‍ത്താവിനെ പരിചയപ്പെട്ടിട്ടുപോകാമെന്ന് അര്‍ച്ചന നിര്‍ബന്ധിച്ചതുകൊണ്ടു റോബിന്‍ വീട്ടില്‍ കയറിച്ചെന്നു. അര്‍ച്ചനയുടെ ഭര്‍ത്താവു റോബിനുമായി വഴക്കുണ്ടാക്കി. റോബിന്‍റെ മുമ്പില്‍വച്ച് അയാള്‍ അര്‍ച്ചനയെ അടിച്ചു. ആ വിവരം റോബിന്‍ പൊലീസില്‍ പറഞ്ഞു. പൊലീസുകാരല്ലേ. തിരിച്ചും മറിച്ചും ചോദിച്ചു റോബിനെ കുഴപ്പത്തിലാക്കി” – സജീവ് വിശദീകരിച്ചു.

“എന്താണു സര്‍, നിങ്ങളുടെ കമ്പനിയില്‍നിന്ന് ഒരു എന്‍ജിനീയറെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടു നിങ്ങള്‍ സമാധാനത്തോടെ കിടന്നുറങ്ങിയല്ലേ? കഷ്ടം. സത്യാവസ്ഥ നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും സ്റ്റേഷനില്‍നിന്നു റോബിനെ ഇറക്കിക്കൊണ്ടുപോരാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?” – ഷെറിന്‍ ചോദിച്ചു.

“കമ്പനിക്കുള്ളില്‍ ജോലി ചെയ്യുന്നു. അതിനു ശമ്പളം മേടിക്കുന്നു. കമ്പനിയും ജീവനക്കാരനും തമ്മില്‍ അത്ര ബന്ധമേയുള്ളൂ. കമ്പനിക്കു പുറത്തു സംഭവിക്കുന്ന കാര്യങ്ങളില്‍ കമ്പനി ഇടപെടാറില്ല. എന്നാലും ഞങ്ങള്‍ റോബിനു പിന്നാലെ പോയി. ചെയ്യാവുന്നതെല്ലാം ചെയ്തു. രാത്രി ഏറെ വൈകിയാണു പൊലീസ് റോബിനെ വിടുകയില്ലെന്നു പറയുന്നത്.”

“കോടതിയിലൊക്കെ പോയാല്‍ പ്രശ്നമാണു സര്‍. രാവിലെ ആ പൊലീസോഫീസറെ പോയി കാണാം. അയാള്‍ക്കെന്താണെന്നാല്‍ കണ്ടുകാഴ്ച കൊടുക്കാം. കേസ്സായാല്‍ അതു റോബിന്‍റെ കരിയറിനെ ബാധിക്കില്ലേ?” – ഷെറിന്‍ ചോദിച്ചു.

“നമുക്കു പോയി നോക്കാം. ഇന്നലെ ഞാനൊരു വക്കീലിനെ കൂട്ടിയാണു സ്റ്റേഷനില്‍ ചെന്നത്. ഇന്‍സ്പെക്ടര്‍ ഒരു തരത്തിലും വഴങ്ങിയില്ല. എന്നാലും നമുക്ക് ഒന്നുകൂടി ശ്രമിച്ചുനോക്കാം. ഞാനിപ്പോള്‍ ഡ്രസ്സ് മാറി വരാം” – സജീവ് മുറിക്കുള്ളിലേക്കു കയറി.

“കമ്പനിക്കുള്ളില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയേഴ്സ് മഹാസംഭവങ്ങളാണ്. ഈ ലോകം നിയന്ത്രിക്കുന്നത് അവരുടെ വിരല്‍ത്തുമ്പുകളാണെന്ന അഹങ്കാരം. കമ്പനിക്കു പുറത്തെ ലോകത്തെപ്പറ്റി അവര്‍ക്കൊരു വിചാരമില്ല. പുറത്തിറങ്ങി ഒരു മനുഷ്യനോടു വേണ്ടപോലെ സംസാരിക്കാന്‍പോലും അറിഞ്ഞുകൂടാ. പണി ചെയ്യുക, ശമ്പളംവാങ്ങുക, കാറില്‍ക്കയറി നിലംതൊടാതെ പായുക. കമ്പനിക്കു പുറത്ത് ഒരു ലോകമുണ്ടെന്നും അവിടെയും മനുഷ്യരുണ്ടെന്നും ഒരു വിചാരം ഇവര്‍ക്കുണ്ടാകണ്ടേ” – ഷെറിന്‍ അമര്‍ഷം അടക്കി പിറുപിറുത്തു.

സജീവ് ഡ്രസ്സ് മാറി വന്നു പുറത്തിറങ്ങി വീടു പൂട്ടി.

“നിങ്ങള്‍ എന്‍റെ പിന്നാലെ വന്നാല്‍ മതി. കലശിപ്പാളയത്തു പോകണം. ആ സ്റ്റേഷനിലാ. അവിടെച്ചെന്ന് അന്വേഷിച്ചാലേ ഇന്‍സ്പെക്ടര്‍ എവിടെയാ താമസിക്കുന്നതെന്ന് അറിയാന്‍ കഴിയൂ. അയാളെ വീട്ടില്‍ പോയി കാണാം” – സജീവ് കാറില്‍ക്കയറി ഓടിച്ചുപോയി.

ഷെറിന്‍ അയാളുടെ പിന്നാലെ കാറോടിച്ചു പോകുമ്പോള്‍ ചോദിച്ചു: “ജെയ്സി രൂപാ എടുത്തിട്ടുണ്ടോ?”

“എടിഎമ്മില്‍നിന്ന് എടുക്കണം.”

“നമ്മള്‍ വരുന്നതുവരെ ആ സജീവിന് റോബിനെപ്പറ്റി ഒരു വിചാരമുണ്ടായില്ല. അയാള്‍ അരവിന്ദന്‍സാറിനെ വിളിച്ചു പറഞ്ഞുപോലും! അരവിന്ദന്‍സാര്‍ ഫോണെടുത്ത് ആരോടെങ്കിലും വിളിച്ചുപറഞ്ഞിരിക്കും. ഒരു ഫോണ്‍ വിളികൊണ്ട് എല്ലാ ഉത്തരവാദിത്വവും തീര്‍ക്കാന്‍ ശ്രമിക്കുന്നവരായി നമ്മള്‍ മാറുകയാണ്” – ഷെറിന്‍ പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഡിഎസ്പി അടക്കമുള്ള പൊലീസ് ഓഫീസര്‍മാര്‍ സ്റ്റേഷനിലുണ്ട്. പൊലിസുകാരുടെ ഒരു കൂട്ടംതന്നെ അവിടെയുണ്ട്.
സ്റ്റേഷന്‍റെ വരാന്തയിലേക്കു കയറിയപ്പോള്‍ ഒരു പൊലീസുകാരന്‍ കന്നടയില്‍ ചോദിച്ചു: “എന്താ കാര്യം?”

“ഇന്‍സ്പെക്ടറെ കാണണം” – സജീവ് പറഞ്ഞു.

“അങ്ങോട്ടു മാറിനില്ക്ക്” – പൊലീസുകാരന്‍ കയ്യിലിരുന്ന ലാത്തികൊണ്ട് അവരെ ഒരരുകിലേക്കു മാറ്റിനിര്‍ത്തി. അല്പസമയം കഴിഞ്ഞപ്പോള്‍ മേലാഫീസര്‍മാര്‍ പുറത്തേയ്ക്കു പോയി. പിന്നാലെ ഇന്‍സ്പെക്ടറുമുണ്ട്. എസ്പിയും കൂട്ടരും കാറുകളില്‍ കയറി പോകുന്നതുവരെ അദ്ദേഹം കാത്തുനിന്നു.

പിന്നെ തിരിച്ചു വരുന്ന വഴി സജീവ് ഭവ്യതയോടെ വിളിച്ചു: “സര്‍.”

“രാവിലെ എന്താ പ്രശ്നം?”

“സര്‍ ഇതു റോബിന്‍റെ വൈഫാണ്. റോബിനെ കാണാന്‍ ഞങ്ങളെ അനുവദിക്കണം.”

“അകത്തേയ്ക്കു വരൂ” – ഇന്‍സ്പെക്ടര്‍ പറഞ്ഞു.

അവര്‍ അദ്ദേഹത്തിന്‍റെ പിന്നാലെ ഓഫീസ് മുറിയില്‍ കടന്നു.

“ഇരിക്ക്.”

“സര്‍, റോബിനെ വിടണം. അതിന് എന്തു വേണമെങ്കിലും ചെയ്യാം. കേസില്‍പെടുത്തുത്. റോബിന്‍ ഒരു തെറ്റും ചെയ്തിട്ടില്ല”- ജെയ്സി വിതുമ്പിപ്പോയി.

“നിങ്ങള്‍ കരുതുന്ന മാതിരി ഇതൊരു നിസ്സാര കേസ്സല്ല. മരിച്ച പെണ്ണിന്‍റെ ഭര്‍ത്താവ് അവള്‍ക്കു വിഷം കൊടുത്തതാണ്. കുറ്റമെല്ലാം അയാളേറ്റു. അയാള്‍ ഭാര്യയെ കൊല്ലാന്‍ കാരണം റോബിനും ആ പെണ്ണുമായിട്ടുള്ള വഴിവിട്ട ബന്ധമാണെന്നാണ് അയാള്‍ പറയുന്നത്. പെണ്ണു വിഷയത്തില്‍ ഒരുത്തനെയും വിശ്വസിക്കാന്‍ പറ്റില്ല. കണ്ടാല്‍ വിശുദ്ധന്മാരാണെന്നു തോന്നും. ഇതു ഹോംമിനിസ്റ്റര്‍ ഇടപെട്ട കേസാണ്. എസ്പി നേരിട്ടാണ് അന്വേഷണം. ഇന്നു പത്തുമണി കഴിയുമ്പോള്‍ കോടതിയില്‍ ഹാജരാക്കും. അപ്പോള്‍ ജാമ്യത്തിനു ശ്രമിക്കാവുന്നതാണ്” – ഇന്‍സ്പെക്ടര്‍ പറഞ്ഞു.

അവര്‍ സ്റ്റേഷനു പുറത്തിറങ്ങി. സജീവ് അരവിന്ദന്‍സാറുമായി കേസിന്‍റെ ഗൗരവം വിശദമായി സംസാരിച്ചു.

“നിങ്ങള്‍ കോടതിയിലേക്കു വന്നോളൂ. ഞാന്‍ നല്ലൊരു അഡ്വക്കേറ്റിനെ കൂട്ടി അവിടേക്കു വരാം. നമുക്കു ശ്രമിച്ചുനോക്കാം. ജാമ്യം കിട്ടും” – അരിവന്ദന്‍ സാര്‍ പറഞ്ഞു.

അവര്‍ കോടതിയിലേക്കു പോയി. അല്പം കഴിഞ്ഞ് അരവിന്ദന്‍ സാര്‍ ഒരു വക്കീലുമായി കോടതിയിലെത്തി. പത്തുമണി കഴിഞ്ഞപ്പോള്‍ ഒരു പൊലീസ് ജീപ്പ് കോടതിമുറ്റത്തു വന്നുനിന്നു. അതില്‍ നിന്നു വിലങ്ങുവച്ച കൈകളോടെ റോബിനിറങ്ങി. അവന്‍റെ കവിള്‍ത്തടം അടിയേറ്റു കരിവാളിച്ചു പോയിരുന്നു.

“റോബിന്‍” എന്നു വിളിച്ചുകൊണ്ടു ജെയ്സി അവന്‍റെ അടുത്തേയ്ക്കു ചെന്നു.
ഒരു പൊലീസുകാരന്‍ അവളെ തടഞ്ഞു.

കോടതിയില്‍ വക്കീല്‍ ജാമ്യത്തിനായി വാദിച്ചു. പ്രോസിക്യൂട്ടര്‍ എതിര്‍ത്തു.

കോടതി, പ്രതികളെ പതിന്നാലു ദിവസത്തേയ്ക്കു റിമാന്‍ഡില്‍ ജയിലിലേക്ക് അയച്ചു.
(തുടരും)

Leave a Comment

*
*