Latest News
|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 18

ആയുഷ്ക്കാലം – അദ്ധ്യായം 18

Sathyadeepam

ജോസ് ആന്‍റണി

സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതിയുടെ കൊലപാതകം. ഭര്‍ത്താവും കാമുകനും അറസ്റ്റില്‍. പത്രങ്ങളിലും ചാനലുകളിലും പ്രധാന വാര്‍ത്തയായി.
ഭാര്യയെ വിഷം കൊടുത്തു കൊന്ന ഭര്‍ത്താവ് മോഹന്‍റെ ചിത്രത്തിനൊപ്പം, മരിച്ച യുവതിയുടെ കാമുകനെന്ന പേരില്‍ റോബിന്‍റെ ചിത്രവും പത്രങ്ങളില്‍ അച്ചടിച്ചുവന്നു.

സംഭവത്തില്‍ ബന്ധപ്പെട്ടിരിക്കുന്നവര്‍ മുഴുവനും മലയാളികളായതിനാല്‍ മലയാളം പത്രങ്ങളിലും ചാനലുകളിലും ആ വാര്‍ത്തയ്ക്കു പ്രാധാന്യമുണ്ടായി.
ഭാര്യയ്ക്കു വിഷം കൊടുത്തു കൊല്ലാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്, കാമുകന്‍ റോബിനുമായുള്ള ബന്ധമാണ്. കേസിന്‍റെ ബലത്തിനു പൊടിപ്പും തൊങ്ങലും ചേര്‍ത്തു പൊലീസ് കഥ വിശ്വസനീയമാക്കി. കേസ് പെട്ടെന്നു തെളിഞ്ഞു. പ്രതികള്‍ കസ്റ്റഡിയിലായി. പൊലീസിന്‍റെ സാമര്‍ത്ഥ്യം.
പത്രത്തില്‍നിന്ന് വാര്‍ത്ത വായിച്ച ജോയിച്ചന്‍ കുറേ സമയത്തേയ്ക്ക് അബോധാവസ്ഥയിലായിപ്പോയി. കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട് ഏറെ നേരം തരിച്ചിരുന്നു.
പിന്നീട് അതു നമ്മുടെ റോബിച്ചനാകല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണു ജോയിച്ചന്‍ ജെയ്സിയെ വിളിക്കുന്നത്.

ജെയ്സിയുടെ ഫോണില്‍ നിരന്തരം ബെല്ലടിക്കുകയാണ്. ഫോണെടുത്ത് അവള്‍ നോക്കും. സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍, റോബിന്‍റെ വീട്ടുകാര്‍… എല്ലാവരും വിളിക്കുന്നു.

ഫോണെടുക്കുമ്പോള്‍ കൈ വിറയ്ക്കുന്നു. പപ്പയാണു ഫോണ്‍ വിളിക്കുന്നത്.

അവള്‍ ഫോണെടുത്തു.

“എന്താണു മോളേ…? പറയൂ… വിശേഷം വല്ലതും…?” – പപ്പ ചോദിക്കുന്നു. പപ്പയുടെ സ്വരം ഇടറുന്നുണ്ട്. പപ്പയുടെ കിതപ്പിന്‍റെ ശബ്ദം ഫോണിലൂടെ കേള്‍ക്കാം.

ദൈവമേ… ജെയ്സിയുടെ സ്വരം പുറത്തേയ്ക്കു വരുന്നില്ല.

“പപ്പ…”- അപ്പോഴേക്കും സങ്കടം അടക്കാനാകാതെ അവള്‍ വാവിട്ടു കരഞ്ഞുപോ യി.

ഫോണിലൂടെ മകളുടെ നിലവിളി കേട്ട് ആ പിതാവിന്‍റെ ഹൃയം തകര്‍ന്നു. വിറയ്ക്കുന്ന കൈകളില്‍ നിന്നു ഫോണ്‍ താഴെ വീണു.

ജെയ്സിക്ക് ഒന്നും വിശദീകരിക്കാനാകുന്നില്ല. സത്യമേത് മിഥ്യയേതെന്നു വ്യവച്ഛേദിക്കാനാകാതെ ഒരു കൊച്ചുകുട്ടിയെപ്പോലെ അവള്‍ തനിച്ചിരുന്നു കരഞ്ഞു.

കറുകപ്പാടത്തുനിന്നു മത്തായിച്ചന്‍ ജോയിച്ചനെ വിളിച്ചു.

“എന്താ ജോയിച്ചാ… പത്രത്തിലൊക്ക ഓരോന്നു കാണുന്നല്ലോ. വിളിച്ചിട്ട് അവിടെ ആരും ഫോണെടുക്കുന്നുമില്ല. ഒരു സമാധാനവുമില്ലാണ്ടായല്ലോ കര്‍ത്താവേ…”
എന്താണു പറയേണ്ടതെന്നറിയാതെ ജോയിച്ചന്‍ അല്പനേരം നിന്നു.

“ഞാനൊന്ന് അവിടെ വരെ പോയി അന്വേഷിക്കാം മത്തായിച്ചാ. അവിടെ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്. മോളെ വിളിക്കുമ്പോള്‍ അവള്‍ ഫോണിലൂടെ കരയുന്നതല്ലാതെ ഒന്നും പറയുന്നില്ല.”

ഞാനും കൂടെ പോരാം ജോയിച്ചാ. എന്‍റെ മോന് എന്താണു സംഭവിച്ചതെന്നറിയാതെ എനിക്കിവിടെ സമാധാനത്തോടെ കഴിയാനാവില്ല.”

അവര്‍ ബംഗ്ളുരൂവിലേക്ക് പുറപ്പെടുന്നതിന് ഒരുങ്ങി.

ജെയ്സി ഷെറിനെയും കൂട്ടി വക്കീലാഫീസില്‍ പോയി ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിച്ചു. റോബിനെ ജാമ്യത്തിലിറക്കാന്‍ വക്കീല്‍ പറയുന്നതെല്ലാം ചെയ്തു.

“പൊലീസ് അനുകൂലമായി നിന്നാല്‍ റോബിനു ജാമ്യം കിട്ടാവുന്നതേയുളളൂ. നിങ്ങള്‍ പൊലീസിനെ കാണേണ്ടതുപോലെ കണ്ടുനോക്ക്” – വക്കീല്‍ രഹസ്യമായി ഉപദേശിച്ചു.

ഇത്തരം കാര്യങ്ങളിലുള്ള പരിചയക്കുറവുതന്നെയായിരുന്നു പ്രധാന പ്രശ്നം. വക്കീലാഫീസിലും പൊലീസ് സ്റ്റേഷനിലും മാറി മാറി കയറി സമയം പോകുന്നു.
റോബിന്‍റെ കമ്പനിയില്‍ നിന്നു യാതൊരു സഹകരണവുമുണ്ടായില്ല. സജീവായിരുന്നു കുറേ ഓടിനടന്നത്. പിന്നീട് അതും നിലച്ചു. കമ്പനിയിലെ ജോലിയാണ് എല്ലാവര്‍ക്കും പ്രധാനം. അതിനു കമ്പനിയുടെ ഇച്ഛയ്ക്കനുസരിച്ചു നില്ക്കേണ്ടതുണ്ട്.

കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ കൊല്ലപ്പെടുന്നതോ ഒരാള്‍ ജയിലിലാകുന്നതോ കമ്പനിയെ ബാധിക്കാന്‍ പാടില്ല. സോഫ്റ്റ് വെയര്‍ എന്‍ജിനിയേഴ്സിന്‍റെ മുഴുവന്‍ ശ്രദ്ധയും കൂറും കമ്പനിയോടുണ്ടാകണം. കമ്പനിയില്‍ നിന്നു തിരിച്ച് അതുണ്ടാകുമെന്നു പ്രതീക്ഷിക്കേണ്ട. കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കു നല്ല ശമ്പളം നല്കുന്നു. അതിനപ്പുറം ഒരു ബന്ധമില്ല. മനുഷ്യനല്ല വില. സോഫ്റ്റ്വെയര്‍ ഉത്പന്നങ്ങള്‍ക്കാണ്. ജോലിക്കാര്‍ വരികയും പോകുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക് ഇവിടെ ക്ഷാമമില്ല. പത്തു പേരുടെ ഒഴിവിലേക്കു പതിനായിരമാണ് അപേക്ഷ നല്കുന്നത്. ലോകം നാളെ അവസാനിക്കുമെന്നറിഞ്ഞാലും അമിതമായ വികാരപ്രകടനം വേണ്ട. കമ്പ്യൂട്ടറുകള്‍ക്കു വികാരപ്രകടനമില്ല. അതൊരു യന്ത്രമാണ്. വികാരങ്ങള്‍ക്ക് അതീതമായ യന്ത്രം. മനുഷ്യരും അങ്ങനെയാവണം; പ്രത്യേകിച്ചു സോഫ്റ്റ് വെയര്‍ എന്‍ജിനിയേഴ്സ്. അവരും കമ്പ്യൂട്ടറിനെപ്പോലെ വികാരവിചാരാദികള്‍ വെടിഞ്ഞു പ്രവര്‍ത്തനമികവില്‍ വിശ്വസിക്കണം. പ്രവര്‍ത്തനമികവു മാത്രമാകണം ജീവിതലക്ഷ്യം. ലോകം മുഴുവനുമുള്ള കമ്പനികള്‍ക്ക്, പ്രസ്ഥാനങ്ങള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക്, അവരുടെ ആവശ്യാനുസരണം പ്രോഗ്രാമുകളും സോഫ്റ്റ്വെയര്‍ ഉത്പന്നങ്ങളും ഉണ്ടാക്കിക്കൊടുത്തു ജീവിതം തീര്‍ക്കുന്നവരാകണം സോഫ്റ്റ്വെയര്‍ എന്‍ജിനിയേഴ്സ്. അവര്‍ മനുഷ്യരല്ല. കമ്പ്യൂട്ടറും മനുഷ്യനും ചേര്‍ന്ന ഒരു സങ്കര ഉത്പന്നമാണവര്‍. മാതാപിതാക്കളോടുള്ള ബന്ധം, ഭാര്യാ-ഭര്‍ത്തൃബന്ധം, മക്കളോടുള്ള ബന്ധം, പ്രേമബന്ധം, സുഹൃദ്ബന്ധം ഇത്യാദി സാധാരണ മനുഷ്യര്‍ക്കുള്ള ബന്ധങ്ങള്‍ക്കൊക്കെ അതീതനായിരിക്കണം ഒരു ഐടി പ്രൊഫഷണല്‍. കുടുംബമെന്നൊക്കെ പറയുന്ന പുരാണ വൈകാരികഭാവങ്ങളൊക്കെ ഉള്‍ക്കൊണ്ടു നടന്നാല്‍ ശ്രദ്ധ ചിതറിപ്പോകും. മികവു നഷ്ടപ്പെടും. കമ്പനിക്ക് അങ്ങനെയുള്ള കാല്പനികജീവികളെ പോറ്റി പുലര്‍ത്താനാകില്ല. കമ്പനിയില്‍ ജോലി ചെയ്ത് ഉപജീവനം നടത്തുന്നവര്‍ രാജ്യത്തെപ്പറ്റി ചിന്തിക്കരുത്. വീടിനെപ്പറ്റിയും ബന്ധുജനങ്ങളെപ്പറ്റിയും ചിന്തിക്കരുത്. അവനവനെപ്പറ്റിപ്പോലും ചിന്തിക്കരുത്. അവന്‍റെ ലോകവും രാജ്യവും ജീവിതവും കമ്പനി മാത്രമാണ്. കമ്പനിക്കു പുറത്ത് അവര്‍ക്ക് ഒരു ജീവിതം വേണ്ട.
റോബിന്‍ ഇടയ്ക്കൊക്കെ പറയുന്ന കാര്യങ്ങളുടെ പൊരുളുകള്‍ ജെയ്സിക്കു മനസ്സിലാകാന്‍ തുടങ്ങി.

അര്‍ച്ചനയെ ഭര്‍ത്താവ് കൊന്നു. ഒരു ബന്ധമാണ് അവളെ കൊന്നത്. ഭര്‍ത്താവ് ഇല്ലാതിരുന്നെങ്കില്‍ ജീവിതം നഷ്ടപ്പെടുകയില്ലായിരുന്നു. റോബിന്‍ അവളെ കാമിച്ചാല്‍ അവന്‍ ജയിലിലാകും. വി കാരവിചാരാദികളും ബന്ധങ്ങളും ജീവിതത്തെ നശിപ്പിക്കുന്നു. മനുഷ്യര്‍ വെറും യന്ത്രങ്ങളായി മാറിയാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി!

അരവിന്ദന്‍സാറും സജീവും റോബിന്‍റെ സഹപ്രവര്‍ത്തകരും തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞത് അതുകൊണ്ടാണ്.

ജെയ്സി രണ്ടു ദിവസംകൂടി അവധി വേണമെന്നു കമ്പനിയിലെത്തി മാനേജരോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: “ജെയ്സി എന്തിനാണ് അവധിയെടുക്കുന്നത്?

അസുഖമൊന്നുമില്ലല്ലോ. ഇപ്പോള്‍ത്തന്നെ രണ്ടു ദിവസം അവധിയെടുത്തല്ലോ. കമ്പനിയില്‍ നിയമനം നല്കിയതു ജോലി ചെയ്യാന്‍ വേണ്ടിയാണ്. അല്ലാതെ അവധിയെടുക്കാന്‍ വേണ്ടിയല്ല.”

“സര്‍ എന്‍റെ ഹസ്ബെന്‍ഡ്…”

“അതൊന്നും ഒരു കാരണമല്ല ജെയ്സി. ഇത്തരം ബാലിശമായ കാര്യങ്ങള്‍ക്ക് അവധിയെടുത്താല്‍ ജെയ്സി ചെയ്തുതീര്‍ക്കേണ്ട ജോലി ആരു ചെയ്യും? ജെയ്സിയുടെ മുമ്പില്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്നെങ്കില്‍ ജോലി ചെയ്യുക. അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കുക. ഒരാള്‍ക്കുവേണ്ടി കമ്പനിയുടെ പ്രോ ജക്ടുകള്‍ മാറ്റിവയ്ക്കാന്‍ കഴിയില്ല.”

ജെയ്സി വിതുമ്പിക്കരഞ്ഞുപോയി.

“എനിക്കു തിരക്കേറിയ ദിവസമാണിത്. ദയവായി ജെയ്സി പുറത്തുപോകൂ. എന്താണു വേണ്ടതെന്നു സ്വയം തീരുമാനിക്ക്. എന്‍റെ സമയം നഷ്ടപ്പെടുത്തരുത്” – മാനേജര്‍ പറഞ്ഞു.

ജെയ്സി ഓഫീസിനു പു റത്തിറങ്ങി.

ജോലി ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍കൂടി അവള്‍ക്കു കഴിയുമായിരുന്നില്ല. അവള്‍ അത്രമാത്രം ആ ജോലിയെപ്പറ്റി സ്വപ്നങ്ങള്‍ കണ്ടിരുന്നു.

തന്നെയുമല്ല സിംഗപ്പൂരിനു ട്രെയിനിങ്ങിന് അയച്ചപ്പോള്‍ കമ്പനിയുടെ ഒരു എഗ്രിമെന്‍റില്‍ ഒപ്പിട്ടുകൊടുത്തിരുന്നു. ഒരു വര്‍ഷത്തിനകം കമ്പനിയില്‍നിന്നു പിരിഞ്ഞുപോയാല്‍ സിംഗപ്പൂരിനയച്ച വകയില്‍ കമ്പനിക്കു വന്ന ചെലവ് അഞ്ചു ലക്ഷം തിരിച്ചടച്ചുകൊള്ളാം.

ജെയ്സി ജോലിക്കു കയറി.

ജെയ്സി, റോബിനു ജാമ്യം കിട്ടിയില്ല അല്ലേ?”- സൂരജ് ചോദിച്ചു.

“ഇല്ല.”

“ജെയ്സി ചെയ്തുകൊണ്ടിരുന്ന ജോലി എത്രയും പെട്ടെന്നു തീര്‍ത്തുതരണം. ഓവര്‍ടൈം ചെയ്തിട്ടാണെങ്കിലും അതു തീര്‍ക്കണം. അല്ലെങ്കില്‍ നമ്മുടെ ഗ്രൂപ്പിനു മൊത്തം പ്രശ്നമാകും” – സൂരജ് പറഞ്ഞു.

“ജെയ്സി നിന്‍റെ കുഴപ്പംകൊണ്ടാണു റോബിന്‍ അര്‍ച്ചനയുടെ പിന്നാലെ പോയത്. ഭര്‍ത്താവിനെ മൂക്കുകയറിട്ടുകൊണ്ടു നടക്കണം. മറ്റൊരാളെപ്പറ്റി ചിന്തിക്കാന്‍പോലും അവസരം കൊടുക്കരുത്” – അടുത്തിരുന്നു ജോലി ചെയ്യുന്ന കാഞ്ചന പറഞ്ഞു.

“റോബിന്‍ ആരുടെയും പുറകെ പോയിട്ടില്ല. അയാള്‍ അത്തരക്കാരനല്ല. ഒക്കെ പൊലീസ് കെട്ടിച്ചമച്ച കഥകളാണ്”-ജെയ്സി പറഞ്ഞു.

“ജെയ്സി നീ ഏതു ലോകത്താ ജീവിക്കുന്നത്? ആണുങ്ങളുടെ തനിനിറം എന്താണെന്നു നിനക്കറിയത്തില്ല. അവസരം കിട്ടിയാല്‍ എല്ലാ മാന്യന്മാരും പോകും. ഒരു കാര്യവുമില്ലാതെ ഒരു പെണ്ണിനു കെട്ടിയവന്‍ വിഷം കൊടുക്കുമോ?” – കാഞ്ചന തര്‍ക്കിച്ചു.

ജെയ്സി മറുപടി പറഞ്ഞില്ല. കാഞ്ചനയെ പെട്ടെന്നു മെരുക്കാന്‍ കഴിയില്ല. അവള്‍ തോന്നിയതൊക്കെ പറയും. അതു വഴക്കാകും.

അവള്‍ നിശ്ശബ്ദം ജോലി ചെയ്തു തീര്‍ക്കാനായി പരിശ്രമിച്ചു. ഉച്ചയ്ക്കു കാന്‍റീനില്‍ വച്ചു ഷെറിനെ കണ്ടപ്പോള്‍, മാനേജരുടെ നിലപാടിനെപ്പറ്റി പറഞ്ഞു.

“എല്ലാ കമ്പനികളും ഇങ്ങനെയൊക്കെത്തന്നെയാണു ജെയ്സി. അല്ലെങ്കില്‍ത്തന്നെ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ സ്വകാര്യ ദുഃഖങ്ങളെല്ലാം പരിഹരിക്കുന്നതിനു കമ്പനി ഒരുമ്പെട്ടിറങ്ങിയാല്‍, കമ്പനി പൂട്ടിപ്പോകില്ലേ? എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. നീ നിന്‍റെ കാര്യം നോക്കി നില്ക്കണം. നമുക്കു ജോലി തന്നെയാണു പ്രധാനം. ഒരു ജോലി പോയാല്‍ പിന്നെയൊന്നു കിട്ടാന്‍ എളുപ്പമല്ല. കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടുന്ന കാലമാണിത്. റോബിന്‍റെ കാര്യം റോബിന്‍ നോക്കട്ടെ. വെറുതെ ഒരാളെ പിടിച്ചു പൊലീസ് പ്രതിയാക്കുമോ? അയാള്‍ എന്തിനാണ് അര്‍ച്ചനയുടെ വീട്ടില്‍ പോയത്? ആണുങ്ങളെ മനസ്സിലാക്കണമെങ്കില്‍ കുറേ വിഷമമാ. കുറഞ്ഞതു രണ്ടു മുഖമെങ്കിലുമില്ലാത്ത ആണുങ്ങളെ നമ്മുടെ നാട്ടില്‍ മരുന്നിനെടുക്കാന്‍പോലും കിട്ടുകയില്ല. അയാള്‍ തെറ്റു ചെയ്തോ ഇല്ലയോ എന്നു കോടതി തീരുമാനിക്കട്ടെ. നമുക്കു ചെയ്യാവുന്നതു നമ്മള്‍ ചെയ്തു. കമ്പനിയില്‍ നിനക്ക് ഇപ്പോള്‍ നല്ല ഇമേജുണ്ട്. അതു കളയാതെ നോക്കണം” – ഷെറിന്‍ ഉപദേശിച്ചു.

എന്തോ ഒരക്കിടി റോബിനു പറ്റിയിട്ടുണ്ടെന്നു ജെയ്സിക്കു തോന്നിയതാണ്. എത്രയോ ആണുങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയാണ്. റോബിനെ തന്നെ വന്നു പൊലീസ് തിരഞ്ഞുപിടിച്ചതെങ്ങനെയാണ്? സംശയങ്ങളുടെ തീപ്പൊരികള്‍ ജെയ്സിയുടെ മനസ്സില്‍ വീണു പുകഞ്ഞു.

“ഇന്നു ഞാന്‍ ഷെറിന്‍റെ കൂടെ പോരുകയാ. ഒറ്റയ്ക്ക് ആ വീട്ടില്‍ കിടക്കാന്‍ എനിക്കു ഭയമാ. രണ്ടുമൂന്നു ദിവസമായി ഞാന്‍ ഉറങ്ങിയിട്ട്” – ജെയ്സി പറഞ്ഞു.

“നീ എന്‍റെകൂടെ പോരെ പെണ്ണെ” – ഷെറിന്‍ സമ്മതിച്ചു.

“എനിക്കു കുറേ അധികം ജോലി തീരാനുണ്ട്” – ജെയ്സി എഴുന്നേറ്റു പോയി.

അന്നു രാത്രി ഷെറിന്‍റെ വീട്ടിലാണ് അവള്‍ കിടന്നത്. രാത്രി വക്കീല്‍ ശര്‍മ അവളെ വിളിച്ച് കേസിനെപ്പറ്റി സംസാരിച്ചു. ഇന്‍സ്പെക്ടറുമായി അയാള്‍ ബന്ധപ്പെട്ടു.

എന്തെങ്കിലും നീക്കുപോക്കുണ്ടാക്കാമെന്ന് അയാള്‍ സമ്മതിച്ചിട്ടുണ്ട്. കുറേ രൂപാ അയാള്‍ക്കു കൊടുക്കണം. പിന്നെ അയാള്‍ ക്ഷേമാന്വേഷണം നടത്തി കുശലം പറഞ്ഞു. ഒറ്റയ്ക്കാണോ എന്നു ചോദിച്ചു, തേന്‍ പുരട്ടിയ ആശ്വാസ വാക്കുകള്‍ പറഞ്ഞു. ഇതിന്‍റെയെല്ലാം അടിത്തട്ടില്‍ അയാള്‍ എന്തോ ദുരുദ്ദേശം ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ അവള്‍ക്കു തോന്നി. വേറൊരു ഫോണ്‍കോള്‍ വരുന്നു എന്നു പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു. അമ്പതു വയസ്സെങ്കിലുമുണ്ടാകും വക്കീലിന്. അയാളുടെ ഒരു മൂരിശൃംഗാരം.

“എല്ലാ അവന്മാരും ശരിയാ. മുതലെടുക്കാന്‍ അവസരം കാത്തിരിക്കുന്ന കുറുക്കന്മാര്‍!” – ജെയ്സി ആരോടെന്നില്ലാതെ പറ ഞ്ഞു.

അതിരാവിലെ ഫോണ്‍ ബെല്ലടിച്ചു. അവള്‍ ഫോണെടുത്തു നോക്കി; പപ്പയാണ്.

“പപ്പാ.”

“മോളെ ഞങ്ങളിവിടെയെത്തി.”

“എവിടെയാ ഇറങ്ങിയത്?”

“മടിവാള. ഇവിടെനിന്നു നിങ്ങളു താമസിക്കുന്നിടത്തേയ്ക്ക് ഒരുപാടു ദൂരമുണ്ടോ? ഓട്ടോ വിളിച്ചു വരട്ടെ.”

“പപ്പ അവിടെ നില്ക്ക്. ഞാന്‍ അവിടേയ്ക്കു വരാം” – ജെയ്സി പറഞ്ഞു.

അതിരാവിലെ എഴുന്നേല്ക്കുന്ന സ്വഭാവം ഷെറിനില്ല. കമ്പനിയില്‍ പോകാറാവുമ്പോഴേക്കും എഴുന്നേറ്റു കുളിച്ചു തയ്യാറാകും. ഭക്ഷണം കമ്പനി കാന്‍റീനില്‍നിന്നാണ്. അടുക്കളജോലിയില്ലാത്തതിന്‍റെ സ്വാതന്ത്ര്യത്തിലാണ് ആ കിടപ്പ്.”

“ഷെറിന്‍, എന്‍റെ പപ്പ വന്നിരിക്കുന്നു. നീയൊന്ന് എഴുന്നേറ്റെ. എന്‍റെകൂടെ മടിവാള വരെ വരാമോ? പപ്പയ്ക്കിവിടെ നല്ല പരിചയമില്ല. ഓട്ടോ വിളിച്ചാല്‍ അവര്‍ കൊല്ലും.”

ഷെറിന്‍ എഴുന്നേറ്റു കാറിന്‍റെ താക്കോലെടുത്ത് ഉറക്കച്ചടവോടെ അവള്‍ പറഞ്ഞു: “വാ പോകാം.”

രാവിലെ തിരക്കു കുറവായതിനാല്‍ ഷെറിന്‍ മെയിന്‍ റോഡിലൂ ടെ പോകാതെ സൈഡ്റോഡുകള്‍ വഴി കുറുക്കുചാടി മടിവാളയെത്തി.

അവിടെ ബസ്സ് സ്റ്റോപ്പില്‍ കാര്‍ നിര്‍ത്തി. ജെയ്സി പുറത്തിറങ്ങി നോക്കി. പപ്പ അല്പം അകലെ ഒരു തട്ടുകടയില്‍ ചായ കുടിച്ചു നില്ക്കുന്നത് അവള്‍ കണ്ടു.

ദൈവമേ, കൂടെ റോബിന്‍റെ പപ്പയുമുണ്ട്. ജെയ്സി അവരുടെ അടുത്തേയ്ക്കു ചെന്നു.

“നീ ഇത്ര പെട്ടെന്ന് എങ്ങനെയെത്തി?” – ജോയിച്ചന്‍ ചോദിച്ചു.

“എന്‍റെ ഫ്രണ്ടിന്‍റെ കാറിലാണു വന്നത്.”

“നിനക്കു ചായ വേണോ?”

“വേണ്ട പപ്പ. നമുക്കു പോകാം”- അവര്‍ കാറിനടുത്തേയ്ക്കു നടന്നു.

കാറോടിച്ചുപോകുമ്പോള്‍ ജെയ്സി ഷെറിനോടു പറഞ്ഞു: “ഷെറിന്‍ ഞങ്ങളെ വീട്ടില്‍ വിട്ടാല്‍ മതി കെട്ടോ. ഇതു റോബിന്‍റെ പപ്പയാണ്. പപ്പ ഇതു ഷെറിന്‍; കമ്പനിയില്‍ ഞങ്ങളൊരുമിച്ചാണ്.”

“മോളുടെ നാട് എവിടെയാ?” – മത്തായിച്ചന്‍ ചോദിച്ചു.

“ഞാന്‍ തൃശൂരുകാരിയാ”- അവള്‍ പറഞ്ഞു.

ഷെറിന്‍ കുറുക്കുവഴികളിലൂടെ അവരെ പെട്ടെന്നു വീട്ടിലെത്തിച്ചു.

വീടു തുറന്നു ജെയ്സി അകത്തു കയറി. എന്താ ചെയ്യേണ്ടതെന്നു നിശ്ചയമില്ലാതെ അവള്‍ നിന്നു. റോബിന്‍ വീട്ടിലുള്ളപ്പോള്‍ അവള്‍ക്കൊന്നും അറിയേണ്ടിയിരുന്നില്ല.

“നീ ഇന്നു ജോലിക്കു പോകുന്നുണ്ടോ?”-ജോയിച്ചന്‍ ചോദിച്ചു.

“പോകണം പപ്പ. രണ്ടു ദിവസം അവധിയെടുത്തതുമൂലം ഒരുപാട് വര്‍ക്ക് പെന്‍ഡിങ്ങിലായി.”

“റോബിന് എന്താണു സംഭവിച്ചത്?”- മത്തായിച്ചന്‍ ചോദിച്ചു.

ജെയ്സി അറിയാവുന്ന കാര്യങ്ങള്‍ വിശദമായി പറഞ്ഞു. അവസാനമായപ്പോഴേക്കും അവള്‍ വിതുമ്പിക്കരഞ്ഞു.

“ചുമ്മാ ഒരാളെ പൊലീസ് പിടിച്ചുകൊണ്ടുപോയി കേസില്‍ പ്രതിയാക്കുമോ?”-മത്തായിച്ചന്‍ ചോദിച്ചു.

“നമ്മുടെ രാജ്യത്ത് എന്തും ന ടക്കും പപ്പ. ജനാധിപത്യമാ. സ്വാതന്ത്ര്യമുണ്ട്. ജനനായകന്മാരാ ഭരണം. ഇതൊക്കെ പറയാന്‍ കൊള്ളാം. ഒരു പൗരന് ഇവിടെ എന്തു വേണമെങ്കിലും സംഭവിക്കാം” – ജെയ്സി പറഞ്ഞു.

“ജോലിക്കു പോകാനുള്ളതല്ലേ മോള് റെഡിയായിക്കോ” – മത്തായിച്ചന്‍ പറഞ്ഞു.

ജെയ്സി കമ്പനിയിലേക്കു പുറപ്പെടുന്നതിനു മുമ്പു ജോയിച്ചനോടു പറഞ്ഞു: “പപ്പ വീടിന്‍റെ താക്കോല്‍ ഒരെണ്ണം കയ്യില്‍ വച്ചോളൂ. ഭക്ഷണം പുറത്തുനിന്നു കഴിക്കണം.

എന്താവശ്യമുണ്ടായാലും പപ്പ എന്നെ വിളിക്കണം.”

അവള്‍ പോയി കഴിഞ്ഞപ്പോള്‍ ജോയിച്ചന്‍ മത്തായിച്ചനോടു പറഞ്ഞു: “ജാമ്യം കിട്ടാതിരിക്കാന്‍ അവന്‍ എന്തു തെറ്റാ ചെയ്തേ?”

“എന്‍റെ ജോയിച്ചാ, നമ്മുടെ നാട്ടില്‍ ബംഗാളികളെ തട്ടിക്കളിക്കുന്നില്ലേ. എന്തെങ്കിലും ഒരു കേസുണ്ടായാല്‍ ഉടനെ അവരില്‍ ഒരാളെ പിടിക്കും. ഭാഷ അറിയത്തില്ല. ഇടപാട് എന്താണെന്നൊട്ടു മനസ്സിലാകുകയുമില്ല. അതുപോലെതന്നെ ഇവിടെയും. നമ്മുടെ നാടു വിട്ടുപോയാല്‍, ഏത് ഏന്‍ജിനീയറായാലും പരദേശിതന്നെ. ഇവിടെ തീവ്രവാദികള്‍ക്കും രാജ്യദ്രോഹികള്‍ക്കും ജാമ്യം കിട്ടുന്നു. പിന്നെയാ ഒരു പെണ്ണുകേസ്” – മത്തായിച്ചന്‍ പറഞ്ഞു.

അവര്‍ കുളിച്ചു വേഷം മാറി വീടു പൂട്ടി പുറത്തിറങ്ങി.

“ഞാന്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവിടെ അടുത്ത് ഒരാളെ പരിചയപ്പെട്ടിരുന്നു. ഒരു ശ്രീനിവാ സന്‍. ആലപ്പുഴക്കാരനാ. ഗ്രാനൈറ്റിന്‍റെ ബിസിനസ്സായിരുന്നു. ഏതോ അസുഖം പിടിപെട്ട് ഇപ്പോള്‍ വീട്ടിലിരിക്കുകയാ. ബിസിനസ് മക്കളാ നടത്തുന്നത്. അയാള്‍ക്ക് ഇവിടെ നല്ല പിടിപാടാ” – ജോയിച്ചന്‍ പറഞ്ഞു.

“എന്നാല്‍ നമുക്ക് അയാളെ ഒന്നു കാണാം.”

ആ റോഡില്‍ത്തന്നെ മൂന്നു നാലു വീടുകള്‍ക്കപ്പുറമാണ് അയാള്‍ താമസിക്കുന്നത്. അവര്‍ അവിടേക്കു നടന്നു. വീടിന്‍റെ ഗെയ്റ്റില്‍ ഒരാളുമായി സംസാരിച്ചുനില്പുണ്ടായിരുന്നു ശ്രീനിവാസന്‍.

ജോയിച്ചന്‍ മുറ്റത്തേയ്ക്കു കയറിയിട്ടു പരിചയം പുതുക്കി.

“ഒരത്യാവശ്യം കാര്യം പറയാനുണ്ടായിരുന്നു.”

“വാ, കയറിയിരിക്ക്. എന്താ വിശേഷം?”

ജോയിച്ചന്‍ റോബിന്‍റെ കേസിന്‍റെ കാര്യം വിശദീകരിച്ചു.

“ഞങ്ങളെ സഹായിക്കണം. എങ്ങനെയും മോനെ ജാമ്യത്തിലിറക്കണം. അതിന് ഒരു വഴി കാണണം.”

“ഇതൊരു വലിയ കേസാണല്ലോ. മുകളില്‍ പിടിച്ചാലേ കാര്യം നടക്കുകയുള്ളൂ. നമുക്കു ഭരണകക്ഷി എംഎല്‍എയെ കാണാം. എനിക്ക് അങ്ങേരുമായി പരിചയമുണ്ട്. അദ്ദേഹം വീട്ടിലുണ്ടോ എന്നു ഞാനൊന്നു വിളിച്ചുനോക്കട്ടെ” – അയാള്‍ വീടിനുള്ളിലേക്കു കയറിപ്പോയി.

അല്പം കഴിഞ്ഞു വേഷം മാറി അയാള്‍ പുറത്തേയ്ക്കു വന്നു.

“നമുക്കു പെട്ടെന്നു പോയാല്‍ അങ്ങേരെ കാണാം. പത്തു മണി കഴിഞ്ഞാല്‍ ഏതോ മീറ്റിങ്ങിനു പോകും” – അദ്ദേഹം പോര്‍ച്ചില്‍ കിടന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടു പറഞ്ഞു.

“നിങ്ങള്‍ കയറിക്കോളൂ. വേഗം പോകാം.”

കൊട്ടാരംപോലൊരു വീടായിരുന്നു എംഎല്‍എയുടേത്. വീണ്ടും നമ്മുടെ രാജ്യത്തു രാജാക്കന്മാര്‍ ഉണ്ടാകുകയാണല്ലോയെന്നു ജോയിച്ചനോര്‍ത്തു.

വീടിന്‍റെ മുറ്റം നിറയെ ആളുകള്‍. എംഎല്‍എ ഇടപെട്ടു വേണം അവര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍.

ശ്രീനിവാസന്‍ വീടിന്‍റെ സെക്യൂരിറ്റിയുമായി സംസാരിച്ചിട്ടു വീടിനുളളിലേക്കു കയറിപ്പോയി. അല്പസമയത്തിനുശേഷം അദ്ദേഹം തിരിച്ചിറങ്ങി വന്നു രണ്ടു പേരെയും അകത്തേയ്ക്കു കൊണ്ടുപോയി.

കറുത്തുതടിച്ചു കുട്ടിയാനപോലുള്ള ഒരുവന്‍റെ മുമ്പില്‍ അവര്‍ ഇരുന്നു.

ശ്രീനിവാസന്‍ കന്നടഭാഷയില്‍ അയാളുമായി സംസാരിക്കുകയാണ്. എംഎല്‍എ അപ്പോള്‍ത്തന്നെ എസ്പിയെ വിളിച്ചു സംസാരിച്ചു.

“നിങ്ങള്‍ എസ്പിയെ പോയി കാണണം. അങ്ങേരു വേണ്ടതു ചെയ്യും” – എംഎല്‍എ പറഞ്ഞു.

അവര്‍ എസ്പി ഓഫീസിലേക്കു പോയി. ഏറെനേരം കാത്തു നിന്നതിനുശേഷമാണ് എസ്പിയെ കാണാന്‍ കഴിഞ്ഞത്.

“ഞാന്‍ സി.ഐ.യെ വിളിച്ചു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ അദ്ദേഹത്തെ പോയി കാണൂ”-എസ്പി പറഞ്ഞു.

ആ കോമ്പൗണ്ടില്‍ തന്നെയായിരുന്നു സര്‍ക്കിളിന്‍റെ ഓഫീസ്. അവര്‍ അദ്ദേഹത്തെ കണ്ടു.

ഇന്‍സ്പെക്ടര്‍ കേസിന്‍റെ ഗൗരവം അവരെ പറഞ്ഞുമനസ്സിലാക്കി. ഹോം മിനിസ്റ്റര്‍ നേരിട്ട് ഇടപെട്ട കേസ്സാണെന്നു പറഞ്ഞു. ഒരു തീരുമാനം അയാള്‍ പറയുന്നില്ല.
“ഒരു പതിനായിരം കൊടുക്ക്” – ശ്രീനിവാസന്‍ രഹസ്യമായി ജോയിച്ചനോടു പറഞ്ഞു.

ജോയിച്ചന്‍ കാശെടുത്തു മേശപ്പുറത്തുവച്ചു.

“സാറു സഹായിക്കണം”-ജോയിച്ചന്‍ പറഞ്ഞു.

ഇന്‍സ്പെക്ടര്‍ പണമെടുത്തു പോക്കറ്റില്‍ തിരുകിയിട്ടു പറഞ്ഞു: “നിങ്ങള്‍ ഉച്ചകഴിഞ്ഞു വക്കീലിനെ കൂട്ടി കോടതിയില്‍ വരിക. പ്രതിക്കു ജാമ്യം കിട്ടാനുള്ള ഏര്‍പ്പാടു ഞാന്‍ ചെയ്യാം.”

(തുടരും)

Leave a Comment

*
*