ആയുഷ്ക്കാലം – അദ്ധ്യായം 19

ആയുഷ്ക്കാലം – അദ്ധ്യായം 19

"നിനക്കു ഞാന്‍ പറയുന്നതു മനസ്സിലാകുന്നുണ്ടോ റോബിന്‍? ഇനി നീ ഇവിടെ നില്ക്കണ്ട; വീട്ടിലേക്കു പോരെ. അവിടെ ഉള്ളതുകൊണ്ടു ജീവിച്ചാല്‍ മതി. കുറേ അധികം ശമ്പളം കിട്ടുന്നുണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം. സ്വസ്ഥതയും സമാധാനവും വേണ്ടേ" – മത്തായിച്ചന്‍ പറഞ്ഞു.

"പപ്പാ, ഇനി ഈ കേസ് തീരാതെ ഞാന്‍ ഒരിടത്തേക്കും പോകുന്നില്ല. നിങ്ങളെല്ലാം എന്നെ സംശയിക്കുകയാണ്. എനിക്കെതിരെ പൊലീസ് കെട്ടിച്ചമച്ച കഥകളല്ലാതെ ഒരു തെളിവുമില്ല. മരിച്ച അര്‍ച്ചന എന്‍റെയൊപ്പം ജോലി ചെയ്തിരുന്നവളാണ്. അതിനപ്പുറം ഒന്നുമില്ല. ഇതിന്‍റെ പേരില്‍ ഞാന്‍ ജോലി ഉപേക്ഷിച്ചു പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഉള്ള ജോലി ഉപേക്ഷിച്ചാല്‍ മറ്റൊരു ജോലി കിട്ടാന്‍ എളുപ്പമല്ല. കമ്പനികളെല്ലാം സാമ്പത്തികമാന്ദ്യത്തിലാണ്. ജോലിക്കാരെ പിരിച്ചുവിട്ടുകൊണ്ടാണ് അവര്‍ ചെലവു കുറച്ചു പിടിച്ചുനില്ക്കാന്‍ ശ്രമിക്കുന്നത്. എന്‍ജിനീയറായാലും ഡോക്ടറായാലും ജോലിയില്ലെങ്കില്‍ അയാള്‍ക്ക് എന്തു വിലയാണുള്ളത്? ഞാനിപ്പോള്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു വന്നാല്‍ എനിക്കവിടെ ജീവിക്കാന്‍ കഴിയുമോ? നമ്മുടെ നാട്ടുകാര്‍ ഓരോ കഥകളുണ്ടാക്കി ആഘോഷിക്കുകയില്ലേ? ഇനി ഞാന്‍ നാട്ടിലേക്കു വരാമെന്നു തീരുമാനിച്ചാല്‍ത്തന്നെ ജെയ്സി ജോലി ഉപേക്ഷിച്ച് എന്‍റെയൊപ്പം നാട്ടിലേക്കു വരുമോ? ഏതായാലും കേസ് തീരുന്നതുവരെ ഞാന്‍ ഒരിടത്തേക്കും വരുന്നില്ല. കേസ് നടത്തണമെങ്കിലും രൂപാ ഒരുപാടു വേണം. ജോലി ഉപേക്ഷിച്ചാല്‍ കാശ് എവിടുന്നുണ്ടാക്കും. സമയദോഷംകൊണ്ടു പെട്ടുപോയി. ഇനി അതിനെ നേരിടുകതന്നെ" – റോബിന്‍ പറഞ്ഞു.

"കേസൊക്കെ ഞാന്‍ നടത്തിക്കൊളളാം. നീ എന്‍റെ കൂടെ വീട്ടിലേക്കു വാ. നിന്‍റെ അമ്മ ഇതറിഞ്ഞതില്‍പ്പിന്നെ ഉറങ്ങിയിട്ടേയില്ല. ഈ ജോലികൊണ്ടു നിനക്ക് എന്തു ഗുണമാ കിട്ടുന്നത്? സാധാരണ മനുഷ്യര്‍ ജീവിക്കുന്നതുപോലെ സമാധാനമായി ജീവിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ടോ? ജീവിതമല്ലേ പ്രധാനം? ആളു ചത്തു മീന്‍ പിടിച്ചിട്ട് എന്താ കാര്യം? നിനക്കു നല്ലൊരു തുക ശമ്പളമായി കിട്ടുന്നുണ്ട്. പക്ഷേ, ആ പണം നിന്‍റെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ പോലും നിനക്കു സമയം കിട്ടുന്നുണ്ടോ? വീട്ടിലുള്ളവര്‍ നിന്നെ ഫോണില്‍ വിളിച്ചാല്‍ നീ പറയും. ഞാന്‍ അങ്ങോട്ടു തിരിച്ചു വിളിക്കാം. ഇപ്പോള്‍ തിരക്കിലാ. എപ്പോഴും നിനക്കു തിരക്കുതന്നെ. ഇങ്ങനെ കഷ്ടപ്പെട്ടിട്ട് എന്തെങ്കിലും നന്നായി നടക്കുന്നുണ്ടോ? സ്വസ്ഥമായ ഒരു കുടുംബജീവിതം നിനക്കുണ്ടോ? ഇപ്പോഴിതാ അറിയാത്ത കാര്യത്തിനു കേസും പുക്കാറും. മതിയെടാ. അന്യദേശത്തു വന്നുള്ള ഈ ചെരപ്പ്. നിങ്ങളിവിടെ വന്ന് ഈ പണി ചെയ്തില്ലെങ്കില്‍ ലോകം അവസാനിക്കുമെന്നാണോ കരുതുന്നത്?" – മത്തായിച്ചന്‍ ചോദിച്ചു.

"പപ്പ പറയുന്നതൊക്കെ ശരിയാണ്. ഈ ജോലി പുറത്തുനിന്നു കാണുന്നതുപോ ലെ അത്ര സുഖപ്രദമായ ഏര്‍പ്പാടല്ല. ഒരുപാടു സംഘര്‍ഷവും സമ്മര്‍ദ്ദവും സഹിക്കുന്നുണ്ട്. കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ജീവിതത്തില്‍ സന്തോഷമുണ്ടാക്കു ന്ന കാര്യങ്ങള്‍ക്കൊന്നിനും സമയം കിട്ടാറില്ല. ഒക്കെ ശരിയാണ്. പക്ഷേ, സുഖപ്രദമായ മറ്റു ജോലികളെക്കാളൊക്കെ കൂടുതല്‍ ശമ്പളം ഇവിടെ ലഭിക്കുന്നുണ്ട്. അത് ഈ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ്. കൂടുതല്‍ സഹിക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ പണം ലഭിക്കുന്നു. നമ്മുടെ നാട്ടുകാര്‍ ഇവിടെനിന്നു ഗള്‍ഫില്‍ പോയി ജോലിയെടുക്കുന്നു. മരുഭൂമിയില്‍ തിളയ്ക്കുന്ന ചൂടില്‍ കഠിനാദ്ധ്വാനം ചെയ്യുന്നതു സുഖപ്രദമല്ല. പക്ഷേ, നല്ല പ്രതിഫലം ലഭിക്കുന്നു. അതാണു പ്രധാനം. പണം കൂ ടുതല്‍ ലഭിക്കണമെങ്കില്‍ നമ്മള്‍ പ്രയാസമുള്ള ജോലികള്‍ ചെയ്യണം. നമ്മുടെയെല്ലാം ജീവിതത്തില്‍ പണത്തിനു വലിയ പ്രാധാന്യമില്ലേ പപ്പ. മാളികവീടും ബെന്‍സ് കാറും തോട്ടവും ഉള്ളവരെ നമ്മള്‍ വിലമതിക്കുന്നില്ലേ? നമ്മള്‍ക്കും അങ്ങനെയാകണമെന്ന് ആഗ്രഹമില്ലേ? അതിനുവേണ്ടിയാണ് ഈ മത്സരങ്ങളൊക്കെ. എല്ലാ കഷ്ടപ്പാടും പണമുണ്ടാക്കുന്നതിനു വേണ്ടിയാണ്" – റോബിന്‍ തര്‍ക്കിച്ചു.

"ജോലി ഉപേക്ഷിച്ചു പോകാന്‍ മാത്രമുള്ള പ്രശ്നമൊന്നുമില്ല മത്തായിച്ചാ. കേസൊക്കെ കുറേ കഴിയുമ്പോള്‍ തേഞ്ഞുമാഞ്ഞു പോകും. പിള്ളേര് ഇത്ര കഷ്ടപ്പെട്ടു പഠിച്ചിട്ടു വെറുതെ വീട്ടിലിരുന്നാല്‍ ഈ സമൂഹത്തില്‍ അവര്‍ ഒറ്റപ്പെട്ടു പോകും. ഒന്നിനും കൊള്ളാത്തവരെന്നു മുദ്ര ചാര്‍ത്തപ്പെടും. അവര്‍ ജീവിതപ്രശ്നങ്ങളെ നേരിടട്ടെ. നമുക്കു പറ്റുന്ന സഹായം നമുക്കു ചെയ്യാം. ഇവര്‍ ചെറുപ്പമല്ലേ. ഓരോ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ഉണ്ടാകുന്ന കുഴപ്പങ്ങളെ മുന്‍കൂട്ടി കാണാനുള്ള അനുഭവജ്ഞാനം അവര്‍ക്കില്ലല്ലോ. കോളജില്‍ നിന്നു കിട്ടുന്ന വിദ്യാഭ്യാസംകൊണ്ടു മാത്രം ഇവിടെ ജീവിക്കാന്‍ കഴിയില്ല. അനുഭവങ്ങള്‍ നമുക്കു തരുന്ന അറിവാണു ജീവിതത്തിന് ഉപകരിക്കുന്നത്. ഒരാവശ്യവുമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. ഒഴിഞ്ഞുമാറി പോകേണ്ടിടത്ത് അങ്ങനെ ചെയ്യണം. സമയം തെറ്റിയപ്പോള്‍ സഹപ്രവര്‍ത്തക ഒരു സഹായം ചോദിച്ചു. കാറില്‍ കയറ്റി അവളുടെ വീട്ടുവാതില്‍ക്കല്‍ ഇറക്കിവിടുന്നതുവരെ ശരി. അസമയത്ത് അവളുടെ വീട്ടില്‍ കയറിപ്പോകേണ്ട കാര്യമില്ല. ആ പെണ്ണു വിളിച്ചു. പിന്നെയാകട്ടെയെന്ന് ഒഴിഞ്ഞുമാറാനുള്ള വകതിരിവു റോബിന്‍ കാണിക്കാതിരുന്നതാണു കുഴപ്പത്തിനെല്ലാം കാരണമായത്. ഇനിയിപ്പോള്‍ അതിനെ നേരിടുക. സാരമില്ല. പിള്ളേരു ജീവിച്ചു പഠിക്കട്ടെ മത്തായിച്ചാ" – ജോയിച്ചന്‍ പറഞ്ഞു.

"അങ്ങനെ ഉപേക്ഷിച്ചു പോകാന്‍ എനിക്ക് ഒരുപാടു മക്കളില്ലല്ലോ ജോയിച്ചാ."

"മക്കള്‍ ഏറെയുണ്ടെങ്കിലും ഒരാളെ ഉള്ളുവെങ്കിലും അവര്‍ ജീവിതം പഠിക്കണമല്ലോ. മക്കളുടെ ജീവിതത്തിലേക്കു കയറി നമ്മള്‍ ഒരുപാട് ഇടപെടുകയാണ്. ഒരു കെട്ടിടം നിര്‍മിക്കുന്നതുപോലെ, ഡിസൈന്‍ ചെയ്തു മക്കളെ സൃഷ്ടിച്ച് നമ്മുടെ ഇഷ്ടങ്ങള്‍കൊണ്ട് അലങ്കരിച്ച്, പാവകളാക്കി മാറ്റുന്ന മാതാപിതാക്കളെക്കൊണ്ടു നമ്മുടെ നാടു നിറയുകയാണ്. മക്കളായാലും വെറുതെക്കാരായാലും അന്യരുടെ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം നമ്മള്‍ അവസാനിപ്പിക്കണം. ലോകത്തു മറ്റൊരിടത്തും ഇത്തരം പ്രവണത കാണുന്നില്ല. ദൈവം നമുക്കു തന്ന ജീവിതം നമ്മള്‍ നന്നായി കൊണ്ടുനടക്കുക. മറ്റൊരാള്‍ക്കു ദൈവം കൊടുത്ത ജീവിതം അയാള്‍ നന്നായി കൊണ്ടുനടക്കട്ടെ" – ജോയിച്ചന്‍ പറഞ്ഞു.

"ജോയിച്ചാ, ജോയിച്ചന്‍റെ മക്കളെ അങ്ങനെ കയറൂരി വിടുന്നുണ്ടോ?"- മത്തായിച്ചന്‍ ചോദിച്ചു.

"വളര്‍ത്തുമൃഗങ്ങളെപ്പോലെ മക്കളെ കയറില്‍ കെട്ടിയിടാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ ചിലതൊക്കെ ഞാന്‍ തിരുത്താന്‍ ശ്രമിക്കുകയാണ്" – ജോയിച്ചന്‍ പറഞ്ഞു.

"എന്നാല്‍ ഇവന്‍ വരുത്തിവച്ചത് ഇവന്‍തന്നെ പരിഹരിക്കട്ടെ. നമ്മള്‍ക്കു പോകാം."

"പപ്പ പൊയ്ക്കൊള്ളൂ. ഞാനേതായാലും ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു വരികയില്ല. അതൊക്കെ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. എനിക്കുണ്ടായ സങ്കടങ്ങള്‍ ഞാന്‍ തന്നെ അനുഭവിക്കണം. സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ പറ്റുകയില്ല. ഒരാളുടെ സങ്കടം അയാളുടേതു മാത്രമാണ്. പപ്പയ്ക്ക് എന്നെപ്പറ്റി വിഷമവും സങ്കടവും ഉണ്ടാകാം. പപ്പ സങ്കടപ്പെടരുത് എന്നു ഞാന്‍ പറഞ്ഞാലും സംഭവിച്ചുപോയ ആ സങ്കടത്തിനു മാറ്റമുണ്ടാകില്ല. ഈ സംഭവത്തില്‍ ഞാന്‍ തെറ്റുകാരനല്ലെന്നു ഹൃദയത്തില്‍ തൊട്ട് എനിക്കു പറയാം. അതാരെങ്കിലും മനസ്സിലാക്കുമോ? പക്ഷേ, അതെല്ലാം ജീവിതത്തിന്‍റെ പഴയ താളുകളിലേക്കു മറഞ്ഞു പോകും. പുതിയ താളുകളില്‍ പുതിയ സംഭവങ്ങള്‍ രേഖപ്പെടുത്തപ്പെടുകയാണ്" – റോബിന്‍റെ സ്വരമിടറി.

മകന്‍ വല്ലാതെ വിഷമിക്കുകയാണെന്നു മത്തായിച്ചന്‍ മനസ്സിലാക്കി. അവന് ആശ്വാസമാകുമെന്നു കരുതിയാണു വീട്ടിലേക്കു പോകാമെന്നു പറഞ്ഞത്. മക്കള്‍ എന്നും സന്തോഷത്തില്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണു മാതാപിതാക്കള്‍. പിച്ചവച്ചു തുടങ്ങുമ്പോള്‍ മക്കള്‍ ഒന്നു വീഴുന്നതുപോലും സഹിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. വീഴാതിരിക്കാനാണ് അവര്‍ എപ്പോഴും മക്കളുടെ ഒപ്പം നില്ക്കുന്നത്. ജീവിതത്തില്‍ സങ്കടമുണ്ടാകാതിരിക്കാന്‍ അവര്‍ക്കു വിദ്യാഭ്യാസം നല്കുന്നു. സാധാരണ വിദ്യാഭ്യാസംകൊണ്ടു സങ്കടങ്ങള്‍ ഒഴിവാക്കാനാകില്ലെന്നു കരുതി ഏറ്റവും മുന്തിയ വിദ്യാഭ്യാസം നല്കാന്‍ ശ്രമിക്കുന്നു. ദുഃഖഹേതുക്കളില്‍നിന്നെല്ലാം അവരെ അകറ്റിനിര്‍ത്തുന്നു. നാടിന്‍റെ ഭാഷയില്‍ നിന്ന്, വേഷത്തില്‍നിന്ന്, അയല്‍ബന്ധങ്ങളില്‍നിന്ന്, സമൂഹത്തില്‍നിന്ന്, ചുറ്റുപാടുകളില്‍നിന്ന്, മുതിര്‍ന്ന തലമുറ മക്കളെ പൊതിഞ്ഞുപിടിക്കുന്നു. എല്ലാ ദുഃ ഖങ്ങളുടെയും തീണ്ടാപ്പാട് അകലെ നിര്‍ത്തി മക്കളെ വളര്‍ത്തിയെടുക്കുന്നു. മക്കളെ എന്‍ജിനീയറോ ഡോക്ടറോ ആക്കിയാല്‍ സന്തോഷത്തിന്‍റെ അളവു കൂടുമെന്നു കരുതുന്നു. പണം കൂടുതല്‍ ലഭിക്കുന്നതാണു സന്തോഷത്തന്‍റെ അളവു കൂട്ടുന്നതിന് എളുപ്പ വഴിയെന്നു ചൊല്ലി പഠിപ്പിക്കുന്നു. ജന്മനാട് സങ്കടക്കടലായതിനാല്‍ സങ്കടക്കടലിന്‍റെ മറുകരയിലേക്കു മക്കളെ കയറ്റി അയയ്ക്കുന്നു. അമേരിക്കയിലും കാനഡയിലും ആസ്ത്രേലിയയിലും അറബിനാട്ടിലും സന്തോഷം കുന്നുകൂടി കിടക്കുന്ന ഇടങ്ങളാണ്. അവിടെയെത്തിയാല്‍ രക്ഷപ്പെട്ടു. പിന്നെ സന്തോഷമായി!

നമ്മുടെ നാട്ടില്‍ മക്കളെ ജനിപ്പിക്കുന്നതു സന്തോഷങ്ങളുടെ നാട്ടിലേക്കു കയറ്റി അയയ്ക്കാനാണ്. അതിന് അവസരം കിട്ടാത്തവര്‍ നിര്‍ഭാഗ്യര്‍, നിത്യദുഃഖിതര്‍.
തമിഴ്നാട്ടില്‍ ഇറച്ചിക്കോഴികളെ ഉത്പാദിപ്പിച്ചു കേരളത്തിലേക്കു കയറ്റിവിടുന്ന കോഴിക്കച്ചവടക്കാരെപ്പോലെയാണു നമ്മുടെ നാട്ടിലെ മാതാപിതാക്കളെന്നു മത്തായിച്ചന്‍ ഓര്‍ത്തു. കോഴിക്കച്ചവടക്കാരന്‍ മുട്ടവിരിഞ്ഞിറങ്ങുന്ന കോഴിക്കുങ്ങളെ ഒന്നുപോലും നഷ്ടപ്പെടാതെ കണ്ണിലെണ്ണയൊഴിച്ചിരുന്നു സംരക്ഷിക്കുന്നു. രോഗം വരാതിരിക്കാന്‍ പ്രതിരോധമരുന്നു കൊടുക്കുന്നു, വളര്‍ച്ച വേഗത്തിലാക്കാന്‍ ഹോര്‍മോണ്‍ ചേര്‍ത്ത തീറ്റ കൊടുക്കുന്നു. രാവും പകലും തിരിച്ചറിയാതിരിക്കാന്‍ രാത്രി ഹൈവോള്‍ട്ടേജ് ലൈറ്റിട്ടു രാത്രിയെ പകലാക്കുന്നു. എന്നിട്ടു മുഴുവന്‍ സമയവും തീറ്റ കൊടുത്തുകൊണ്ടേയിരിക്കുന്നു. വിശ്രമമില്ലാതെ തീറ്റ തിന്നു തിന്നു കോഴിക്കുഞ്ഞുങ്ങള്‍ ഇറച്ചിക്കോഴികളാകുന്നു. നിശ്ചിത തൂക്കമെത്തുമ്പോള്‍ അയാള്‍ കോഴികളെ കേരളത്തിലേക്കു കയറ്റിവിടുന്നു. കോഴികള്‍ക്കു കേരളം സന്തോഷം നല്കുന്നുണ്ടോ?

ഈ ഇറച്ചിക്കോഴികള്‍ക്കു സമാനമായിട്ടുള്ള ജീവികളാണു കേരളത്തിലെ മനുഷ്യക്കുഞ്ഞുങ്ങള്‍. അന്യനാടുകളിലേക്കു കയറ്റിവിടുന്ന അവര്‍ക്ക് അവിടെ സന്തോഷമാണോ ലഭിക്കുന്നത്?

ലാഭമുണ്ടാക്കാനുള്ള ചരക്കു മാത്രമാണു മക്കളെന്നു കരുതുന്ന മാതാപിതാക്കളുള്ള ഒരു നാട്! പഠിച്ചുപഠിച്ച് അന്യദേശത്തേയ്ക്കു പോകുന്നതാണു ജീവിതമെന്നു ധരിച്ചുപോയ മക്കള്‍. മക്കള്‍ അന്യനാട്ടിലാണെന്നു പറയുന്നതില്‍ അഭിമാനം കൊള്ളുന്ന മാതാപിതാക്കള്‍.

അന്യനാടുകളില്‍ പോകുന്നവര്‍ക്കു കൂടുതല്‍ പണം ലഭിക്കുന്നുണ്ടാവാം. പക്ഷേ അവര്‍ക്ക് എന്തൊക്കെയാണു നഷ്ടപ്പെടുന്നത്?

"എന്നാല്‍ രാത്രിവണ്ടിക്കു നമുക്കു മടങ്ങാം ജോയിച്ചാ" – മത്തായിച്ചന്‍ പറഞ്ഞു.

മടക്കയാത്രയ്ക്കു ജോയിച്ചനും മത്തായിച്ചനും ഒരുങ്ങി. അപ്പോഴേക്കും ജോലി കഴിഞ്ഞു ജെയ്സിയുമെത്തി.

"പപ്പ ഇന്നു പോകുകയാണോ?" – ജെയ്സി ചോദിച്ചു.

"നിങ്ങള്‍ എന്നാണു നാട്ടിലേക്കു വരുന്നത്?" – ജോയിച്ചന്‍ ചോദിച്ചു.

"ഉടനെയൊന്നും ഇനി അവധി കിട്ടുമെന്നു തോന്നുന്നില്ല പപ്പ. മൂന്നു ദിവസം റോബിനുവേണ്ടി അവധിയെടുക്കേണ്ടി വന്നു. അവസാനം മാനേജരുമായി വഴക്കായി" – ജെയ്സി പറഞ്ഞു.

"ജെയ്സി, ഞാന്‍ ഇവരെ ബസ് സ്റ്റാന്‍റില്‍ കൊണ്ടുപോയി വിട്ടിട്ടു വരാം" – റോബിന്‍ പറഞ്ഞു.

ജെയ്സി തലകുലുക്കി. അവളുടെ മുഖം കാര്‍മേഘാവൃതമായ ആകാശംപോലെയായിരുന്നു.

ജോയിച്ചന്‍ മകളെ വീടിനകത്തേയ്ക്കു കൂട്ടിക്കൊണ്ടു പോയിട്ടു പറഞ്ഞു: "മോളേ, നീ ഈ കേസിന്‍റെ വിഷയത്തില്‍ റോബിനുമായി പ്രശ്നമുണ്ടാക്കരുത്. അവന്‍ തെറ്റുകാരനല്ല."

"തെറ്റുകാരനല്ലെന്നു പപ്പയ്ക്കെങ്ങനെ മനസ്സിലായി. ഒന്നുമില്ലെങ്കില്‍ ഒരാളെ പൊലീസ് പിടിച്ചുകൊണ്ടു പോകുമോ? ഈ സംഭവം നടക്കുന്ന സമയത്തു ഞാന്‍ സിംഗപ്പൂരാണ്. അതുകൊണ്ട് എന്താണു സംഭവിച്ചതെന്ന് എനിക്കറിഞ്ഞുകൂടാ."

"നീ ഇപ്പോള്‍ അവന്‍ പറയുന്നതു വിശ്വസിച്ചാല്‍ മതി" – ജോയിച്ചന്‍ കര്‍ശനമായി പറഞ്ഞു.

ജെയ്സി മറുപടി പറഞ്ഞില്ല. എതിര്‍ത്തു പറഞ്ഞു പപ്പയ്ക്കു മനഃപ്രയാസമുണ്ടാകണ്ടായെന്നു അവള്‍ വിചാരിച്ചു.

റോബിന്‍ അവരെ ബസ് സ്റ്റാന്‍റില്‍ കൊണ്ടുപോയി വിട്ടു. ബസ് ബുക്കിങ്ങ് ഓഫീസില്‍ നിന്നു രണ്ടു ടിക്കറ്റെടുത്തു ബസ് വരുന്നതുവരെ റോബിന്‍ അവര്‍ക്കൊപ്പം നിന്നു.

"ഞാന്‍ മൂലം എല്ലാവര്‍ക്കും ബുദ്ധിമുട്ടായി" – റോബിന്‍ പറഞ്ഞു.

നീ അതൊന്നും ഓര്‍ത്തു വിഷമിക്കണ്ട" – മത്തായിച്ചന്‍ പറഞ്ഞു. "മാതാപിതാക്കള്‍ അകലെയുള്ള മക്കളെയോര്‍ത്ത് എപ്പോഴും ആശങ്കാകുലരായാണു കഴിയുന്നതെന്ന് നീ ഓര്‍മിക്കണം. എന്‍റെ അപ്പന്‍ മരിക്കുന്നതുവരെ, ദിവസവും ഞങ്ങള്‍ തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഞാന്‍ ആണ്‍മക്കളില്‍ മൂത്തവനായിരുന്നതുകൊണ്ട്, ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തേയ്ക്കു വീടുവച്ചു മാറി താമസിച്ചു. തറവാടു തൊട്ടടുത്താണ്. അപ്പന്‍ ദിവസവും കുറച്ചു നേരം വീട്ടില്‍ വന്നിരിക്കും. നീയൊക്കെ അന്നു ചെറുപ്പമാ. നിന്നെ മടിയിലിരുത്തി ലാളിക്കും. പകല്‍ മുഴുവന്‍ ഞാന്‍ പറമ്പില്‍ പണിക്കാരുടെ ഒപ്പമായിരിക്കും. എന്‍റെ അടുത്തും അപ്പന്‍ വരും. അപ്പനെ കാണാത്ത ദിവസം വൈകുന്നേരം ഞാന്‍ അപ്പന്‍റെ അടുത്തു പോകും. ഒരു ദിവസം അനുജന്‍ ദേവസ്യാച്ചന്‍, ചേട്ടാ ഇങ്ങോട്ടൊന്നു വായോ എന്ന് ഉറക്കെ വിളിച്ചു. ഞാനോടി ചെല്ലുമ്പോള്‍ അപ്പന്‍ മുറ്റത്തു വീണു കിടക്കുകയാണ്. ഞാനും ദേവസ്യാച്ചനുംകൂടി അപ്പനെ എടുത്തു കട്ടിലില്‍ കിടത്തി. വലിയ ആശുപത്രിയൊന്നും അടുത്തില്ല. കറുകപ്പാടത്തു കുര്യന്‍ ഡോക്ടറുടെ ഒരു ക്ലിനിക്കുണ്ട്. ഡോക്ടറെ കൊണ്ടുവന്നു കാണിച്ചു. സ്ട്രോക്കാണെന്നു ഡോക്ടര്‍ പറഞ്ഞു. തലച്ചോറിലൊരു ഞരമ്പു പൊട്ടി. ശരീരത്തിന്‍റെ ഒരു വശം നിശ്ചലമായി. സംസാരശേഷി നഷ്ടപ്പെട്ടു. ഞാന്‍ അപ്പന്‍റെ അടുത്തുനില്ക്കുകയാണ്. അറിവുവച്ച കാലം മുതല്‍ ഞാന്‍ അപ്പനോടൊപ്പമുണ്ട്. പറമ്പില്‍ കൃഷിപ്പണി ചെയ്യുന്നതിനും കണ്ടത്തില്‍ കാള പൂട്ടുന്നതിനും കൊയ്യുന്നതിനും ഞാന്‍ അപ്പനോടൊപ്പമുണ്ടായിരുന്നു. ചില രാത്രികളില്‍ അപ്പന്‍ പാറത്തോട്ടില്‍ മീന്‍ പിടിക്കാന്‍ പോകും. തോട്ടിലെ ഒഴുക്കില്‍ കുത്തുവല പിടിച്ചാണു മീന്‍ പിടിക്കുന്നത്. എന്നെയാണു കൂട്ടിനു കൊണ്ടുപോകുന്നത്. വേറെ ആരെയും കൂടെ കൊണ്ടുപോകില്ല. മത്തായി കൂടെ വന്നാല്‍ മീന്‍ കിട്ടും. നല്ല വശാ എന്ന് അപ്പന്‍ പറയും. ഡോക്ടര്‍ വന്നിട്ടു പോയപ്പോള്‍ അപ്പന്‍ തളരാത്ത കൈകൊണ്ട് എന്‍റെ കയ്യില്‍ പിടിച്ചു. ആ പിടുത്തം പിന്നെ വിട്ടില്ല. അന്നു സന്ധ്യ കഴിഞ്ഞപ്പോള്‍ അപ്പന്‍ മരിച്ചു. മരിക്കുമ്പോഴും അപ്പന്‍ എന്‍റെ കയ്യില്‍ മുറുകെപ്പിടിച്ചിരുന്നു. മക്കള്‍ അടുത്തുണ്ടെങ്കില്‍ മരിക്കുന്നതിനുപോലും കാര്‍ന്നോന്മാര്‍ക്കു ധൈര്യം കിട്ടുകയാ" – മത്തായിച്ചന്‍ വിതുമ്പി.

"മത്തായിച്ചാ എന്തായിത്?" – ജോയിച്ചന്‍ മത്തായിച്ചന്‍റെ തോളില്‍ തട്ടി സമാധാനിപ്പിച്ചു.

"പഠിപ്പിച്ചാല്‍ മക്കളെ ദൂരേയ്ക്ക് അയയ്ക്കേണ്ടിവരുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. ഇവന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. കോളജില്‍ പോകാറായപ്പോള്‍ എല്ലാവരും എന്‍ജിനീയറിങ്ങിനു വിടാമെന്നു പറഞ്ഞു. അന്ന് അതു വലിയ പഠിപ്പാ. പഠിപ്പു കഴിഞ്ഞപ്പോള്‍ ഒരു കമ്പനി കോളജില്‍ വന്നു പരീക്ഷ നടത്തി. അതിലിവന്‍ ജയിച്ചു. അവര്‍ ബംഗ്ളുരുവിലേക്കു ജോലിക്കു വിളിച്ചു. എല്ലാവരും അതു നല്ലതാണെന്നു പറഞ്ഞു. ഇവനും വലിയ ആവേശത്തിലായിരുന്നു. ഇപ്പോള്‍ ഓരോന്ന് ഓര്‍ക്കുമ്പോള്‍ ആകെയൊരു വിഷമമാ ജോയിച്ചാ" – മത്തായിച്ചന്‍ പറഞ്ഞു.

അപ്പോഴേക്കും അവര്‍ക്കു പോകാനുള്ള ബസെത്തി. ബസില്‍ കയറുന്നതിനുമുമ്പു മത്തായിച്ചന്‍ റോബിന്‍റെ കയ്യില്‍ പിടിച്ചുകൊണ്ട് അല്പനേരം നിന്നു.

എന്തോ പറയാനുള്ളതു പറയാതെ പപ്പ ബസില്‍ കയറുന്നതു റോബിന്‍ നോക്കിനിന്നു. വിശദീകരിക്കാനാകാത്ത വിഷമം അവനുണ്ടായി, തളര്‍ച്ചയോടെ അവന്‍ കാറിനടുത്തേയ്ക്കു നടന്നു.

കാറിനുള്ളില്‍ സ്റ്റിയറിങ്ങ് വീലില്‍ തല ചായ്ച്ചിരുന്നു റോബിന്‍ പൊട്ടിക്കരഞ്ഞു. പപ്പയുടെ സങ്കടം അവനെ വല്ലാതെ തകര്‍ത്തു.

എത്ര ശ്രദ്ധയോടെ ജീവിച്ചാലും ജീവിതം കുഴപ്പത്തിലാക്കാന്‍ മറ്റൊരാളുടെ ഒരു വാക്കു മതിയല്ലോ എന്നു റോബിന്‍ നിരാശപ്പെട്ടു. നീര്‍ക്കുമിളയ്ക്കു സമാനമാണു ജീവിതം. പുറത്തുനിന്ന് ഒരു സൂചിമുനക്കുത്തു മതി അതു പൊട്ടിത്തകരാന്‍.

റോബിന്‍ വേഗത കുറച്ചാണു വീട്ടിലേക്കു കാറോടിച്ചത്. അവനു ജീവിതത്തോട് അതുവരെയുണ്ടായിരുന്ന മതിപ്പു നഷ്ടപ്പെട്ടതുപോലെയായി.

വീടിന്‍റെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. റോബിന്‍ വാതില്‍ തുറന്ന് അകത്തു കയറി. ജെയ്സി കട്ടിലില്‍ കിടക്കുകയാണ്.

"എന്താ ജെയ്സി കിടക്കുന്നത്. സുഖമില്ലേ?"- റോബിന്‍ ചോദിച്ചു.

"ഞാന്‍ വല്ലാതെ മടുത്തു" – അവള്‍ പറഞ്ഞു.

എന്താണ് അവള്‍ അര്‍ത്ഥമാക്കുന്നതെന്നു മനസ്സിലാകാതെ റോബിന്‍ അവള്‍ക്കരികിലിരുന്നു.

ജെയ്സിക്ക് എന്താണു മടുത്തത്?

ജോലിയോ? അതോ ഭര്‍ത്താവിനെയോ? അതോ ജീവിതമോ?

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org