|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അധ്യായം 2

ആയുഷ്ക്കാലം – അധ്യായം 2

Sathyadeepam

“എന്താ മോളെ, നിങ്ങള്‍ തമ്മില്‍ വഴക്കുണ്ടായോ?” – അന്നക്കുട്ടി മകളുടെ അടുത്തിരുന്നു ചോദിച്ചു.
“എന്തോന്നു വഴക്ക്? അയാളുമായി വഴക്കു കൂടാന്‍ എനിക്കെന്താ ഭ്രാന്തുണ്ടോ?” – ജെയ്സി തര്‍ക്കുത്തരമാണു പറയുന്നത്.
“പിന്നെയെന്താ കാര്യം? റോബിന്‍ നിന്നെ ഉപദ്രവി ച്ചോ?”
“എനിക്കയാളുടെ കൂടെ ജീവിക്കാന്‍ പറ്റുകയില്ല; അത്രതന്നെ.”
“നീ എന്തായിങ്ങനെ ജെയ്സി, നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. നീ ഇതൊക്കെ വെറും കളിതമാശയായിട്ടാണോ കാണുന്നത്?”
“എന്‍റെ ജീവിതത്തെ മറ്റാര്‍ക്കും കളിപ്പാട്ടമാക്കാന്‍ എനിക്കു മനസ്സില്ല. അയാളൊരു പഴഞ്ചനാണമ്മേ. അയാളൊടൊപ്പം ജീവിക്കാന്‍ എനിക്കു സാധിക്കില്ല.”
“എന്‍റെ മാതാവേ! എന്തൊക്കെയാ നീ പറയുന്നത്? റോബിന്‍ എത്ര നല്ല ചെറുക്കനാ? അവന്‍ നിന്നെപ്പോലെ വിദ്യാഭ്യാസമുള്ളവന്‍. നീ ജോലി ചെയ്യുന്ന കമ്പനിയേക്കാള്‍ നല്ല കമ്പനിയില്‍ ജോലി ചെയ്യുന്നു. നിന്നേക്കാള്‍ രണ്ടു വര്‍ഷത്തെ സീനിയോറിറ്റിയുമുണ്ട്. ആ കമ്പനിക്ക് അവനെപ്പറ്റി നല്ല അഭിപ്രായമാണല്ലോ. അവനെങ്ങനെയാ ജെയ്സി പഴഞ്ചനാകുന്നത്?”
“അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അമ്മയെടുത്ത് ഒക്കത്തുവച്ചോ!” – ജെയ്സി അവിടെനിന്ന് എഴുന്നേറ്റുപോയി.
അന്നക്കുട്ടിക്ക് ഒന്നും മനസ്സിലായില്ല. ചെറുപ്പം മുതല്‍ അവള്‍ പിടിവാശിക്കാരിയും തന്നിഷ്ടക്കാരിയുമായിരുന്നു.
ജോയിച്ചന്‍ അവള്‍ക്കേറെ സ്വാതന്ത്ര്യം നല്കിയാണു വളര്‍ത്തിയത്. സ്കൂളില്‍ അദ്ധ്യാപകന്‍റെ മകളെന്ന പരിഗണന എല്ലായിടത്തുനിന്നും കിട്ടി.
പഠനത്തിലെന്നപോലെ കലാമത്സരങ്ങളിലും അവള്‍ ഒന്നാമതായി. അവള്‍ നന്നാ യി പ്രസംഗിക്കും, കവിതകള്‍ ആലപിക്കും. നാടകാഭിനയത്തിലും അവള്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കോളജിലും ഈ രംഗത്ത് അവള്‍ മുമ്പിലുണ്ടായിരുന്നു. ജോയിച്ചന്‍ അവള്‍ക്കു കിട്ടിയ സമ്മാനങ്ങളും ട്രോഫികളും വയ്ക്കാനായി ഒരു അലമാരിതന്നെ പണി കഴിപ്പിച്ചു.
വീട്ടില്‍ സന്ദര്‍ശകര്‍ വരുമ്പോള്‍ ജോയിച്ചന്‍ അഭിമാനത്തോടെ പറയും: “ഇതെന്‍റെ മകളുടെ സമ്പാദ്യമാ.”
അന്നക്കുട്ടി ചായയുമായി ചെന്നപ്പോള്‍ ഏലിയാമ്മ ചോദിച്ചു: “പിള്ളേരെന്നാ ഓര്‍ക്കാപ്പുറത്തു വന്നത്? അ വള്‍ക്കു വല്ല വിശേഷവുമു ണ്ടോ? ജെയ്സി എന്നോടൊന്നും മിണ്ടിയില്ല.”
“അമ്മച്ചിതന്നെ ചോദിച്ചുനോക്ക്. എനിക്കൊന്നും മനസ്സിലായില്ല.”
“അവളെന്‍റെ അടുത്തു വരാതെയെങ്ങനെയാ ചോദിക്കുന്നത്?”
“ജെയ്സീ, നിന്നെ അമ്മ ച്ചി അന്വേഷിക്കുന്നു” – അന്നക്കുട്ടി വിളിച്ചുപറഞ്ഞിട്ട് അടുക്കളയിലേക്കു പോയി.
അല്പം കഴിഞ്ഞപ്പോള്‍ ജെയ്സി അമ്മച്ചിയുടെ മുറിയിലേക്കു ചെന്നു.
അവള്‍ക്ക് അമ്മച്ചിയെ പെട്ടെന്നു നിരാകരിക്കാനാവില്ല. ജീവിതത്തില്‍ ഏറെ വാത്സല്യവും ലാളനയും ലഭിച്ചത് അമ്മച്ചിയില്‍നിന്നാണ്. അമ്മച്ചി, എന്തു കാര്യത്തിനായാലും അവള്‍ക്കു താങ്ങായി നിന്നിട്ടുള്ളയാളായിരുന്നു. ചെറുപ്പകാലത്തെ സങ്കടങ്ങളിലെല്ലാം ആശ്വാസം നല്കിയിരുന്നത് അമ്മച്ചിയാണ്.
“അമ്മച്ചി വിളിച്ചോ?” – ജെയ്സി ചോദിച്ചു.
“ജെയ്സിമോളേ ബംഗളൂരില്‍ എന്നാടി വിശേഷം?”
“എന്‍റെ അമ്മച്ചി, അവിടെയെന്നാ വിശേഷം. ദിവസം പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലിയെടുക്കണം. പിന്നെ എന്തെങ്കിലും കഴിക്കണം, ഉറങ്ങണം. അത്രതന്നെ.”
“ഇത്രയ്ക്കു ജോലി ചെയ്താല്‍ മാസം ശമ്പളം എന്തു കിട്ടും?”
“ജോലി മോശമായാല്‍ കമ്പനി പറഞ്ഞുവിടുമമ്മച്ചി. ആ പേടിയുള്ളതുകൊണ്ടാ ചത്തു പണിയെടുക്കുന്നത്. ഇപ്പോള്‍ ശമ്പളം അറുപതിനായിരം രൂപയുണ്ട്. ഈ വര്‍ഷം പ്രോമോഷനുണ്ടാകും. അപ്പോള്‍ ശമ്പളം കൂടും.”
“ഓ… അത്രയൊക്കെ ശ മ്പളമുണ്ടോ? റോബിനു നിന്നേക്കാള്‍ ശമ്പളമുണ്ടാകുമല്ലോ?”
“എന്നേക്കാള്‍ ശമ്പളമുണ്ട്. രണ്ടുവര്‍ഷം മുന്നേ ജോലിക്കു കയറിയതല്ലേ.”
“അപ്പോള്‍ രണ്ടാള്‍ക്കുംകൂടി ഒരു വലിയ തുക മാസം വരുമാനമുണ്ട്. വല്യമ്മച്ചിക്കു തൊണ്ണൂറ്റിനാലു വയസ്സായി. നാളിതുവരെ ആയിരം രൂപാ തികച്ച് എന്‍റെ ക യ്യില്‍ വന്നിട്ടില്ല. വേനല്‍ക്കാലത്തു പറമ്പില്‍ നില്ക്കുന്ന കൂവ കുത്തി പുഴുങ്ങി ഉണങ്ങി വിറ്റാല്‍ അന്നത്തെ കാലത്തു പത്തോ മുപ്പതോ രൂപ കിട്ടും. പള്ളിയിലെ വല്യപെരുന്നാളിനു ചട്ടയും വെന്തിങ്ങയുമൊക്കെ വാങ്ങുന്നത് ആ കാശുകൊണ്ടാ. എട്ടുമക്കളെ വളര്‍ത്തി വലുതാക്കി എന്നതിനപ്പുറം ഒരു സമ്പാദ്യം എനിക്കുണ്ടായിട്ടില്ല. പതിനഞ്ചാം വയസ്സിലായിരുന്നു കല്യാണം. അന്ന് എന്‍റെ അപ്പന്‍ കാതിലും കഴുത്തി ലും ഇടാന്‍ കുറച്ചു സ്വര്‍ണം തന്നു. അവിരാച്ചനുണ്ടായപ്പോള്‍ ഒരു പശുവിനെയും കിടാവിനെയും കൊണ്ടുവന്നു; കൊച്ചിനു പാലു കൊടുക്കാന്‍. എന്‍റെ കൊച്ചുങ്ങളെല്ലാം ആ പശുവിന്‍റെ പാലു കുടിച്ചാ വളര്‍ന്നത്. അന്നു തന്ന സ്ത്രീധനപ്പെട്ടിയാ ഈ മൂലയ്ക്കിരിക്കുന്നത്. ഒന്നരയടി പൊക്കവും രണ്ടടി നീളവുമുള്ള ഒരു ചതുരപ്പെട്ടി. അതിലൊതുങ്ങുന്ന തുണിയെ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ എന്‍റെ മോള്‍ക്കു കിട്ടുന്ന ശമ്പളംപോലും ഈ പെട്ടിയിലൊതുങ്ങില്ല. നീ ഓര്‍ക്കണം, നിന്‍റെ പ്രായത്തില്‍ എനിക്കു മൂന്നാലു മക്കളായി” – ഏലിയാമ്മ ചിരിച്ചു.
“അമ്മച്ചിക്കു വലിയ അലമാരി ഞാന്‍ വാങ്ങിത്തരാം” – ജെയ്സി പറഞ്ഞു.
“എനിക്കെന്തിനാ മോളെ അലമാരി. ഇനി അമ്മച്ചിക്ക് ഒരു പെട്ടി മതി. അമ്മച്ചിയെ പള്ളിയിലേക്ക് എടുത്തുകൊണ്ടുപോകാനുള്ള പെട്ടി.”
“അമ്മച്ചി ഇങ്ങനെയൊക്കെ പറയുകയാണെങ്കില്‍ ഞാന്‍ പോകുകയാ.”
“നീ ഇങ്ങു വാ മോളെ. ഇവിടെ വന്നു കട്ടിലില്‍ ഇരിക്ക്. വാ…”
ജെയ്സി അമ്മച്ചിക്കരുകില്‍ കട്ടിലിലിരുന്നു.
അമ്മച്ചി അവളെ ചുറ്റിപ്പിടിച്ചു വയറില്‍ കൈ ഓടിച്ചു കൊണ്ടു ചോദിച്ചു: “മോള്‍ക്കു വിശേഷം വല്ലതുമായോ?”
“എന്തോന്നു വിശേഷം?”
“പിന്നെയെന്താ ഇങ്ങനെ മുഖം വീര്‍പ്പിച്ചു നടക്കുന്നേ?”
“വിശേഷം ഉണ്ടായാല്‍ പെണ്ണുങ്ങള്‍ മുഖം വീര്‍പ്പി ച്ചു നടക്കണോ? അമ്മച്ചി അങ്ങനെയായിരുന്നോ?”
തുടക്കത്തില്‍ ഇത്തിരി ശീ ലായ്മയൊക്കെ ഉണ്ടാകും. ഞാന്‍ റോബിനോടു പറയാം, നിന്‍റെ ഇഷ്ടങ്ങളൊക്കെ സാധിച്ചു തരാന്‍.”
“ഓ… ഇവിടെ ആര്‍ക്കും വിശേഷമൊന്നുമില്ല. അയാളോട് ഒന്നും പറയുകയും വേണ്ട. എനിക്ക് ഇഷ്ടമനുസരിച്ചു ജീവിക്കാന്‍ ആവശ്യത്തിനുള്ള പണം എന്‍റെ കയ്യിലുണ്ടല്ലോ.”
അപ്പോള്‍ അതാണു പ്ര ശ്നമെന്ന് ഏലിയാമ്മയ്ക്കു തോന്നി. പെണ്‍കുട്ടികള്‍ നന്നായി പഠിക്കുന്നു, ജോലി നേടുന്നു, നല്ല ശമ്പളം കിട്ടുന്നു. അവര്‍ക്കു തോന്നിയ പോലെ പണം ചെലവാക്കി ജീവിക്കുന്നു. ഭര്‍ത്താവിനെ അവര്‍ അയാള്‍ എന്നു വിളിക്കുന്നു.
ഒരു വരുമാനവും ഇല്ലാതിരുന്ന സ്ത്രീകളായിരുന്നോ കഴിഞ്ഞകാലത്തെ കുടുംബ ഭദ്രതയ്ക്ക് അടിസ്ഥാനം.
“മോളേ, നിങ്ങള്‍ രണ്ടാളും എന്തിനാ ജോലിക്കു പോകുന്നത്. റോബിനു കിട്ടുന്ന ശമ്പളംകൊണ്ട് ഒരു കുടുംബം നടത്തിക്കൊണ്ടുപോകാന്‍ കഴിയുമല്ലോ.”
“അമ്മച്ചി, അമ്മച്ചിയുടെ പഴയകാലമല്ലിത്. പത്തോ പതിനഞ്ചോ വയസ്സാകുമ്പോള്‍ ഏതെങ്കിലും ഒരാളുടെകൂടെ കല്യാണം കഴിച്ചയയ്ക്കും. ഒരു വളര്‍ത്തുമൃഗത്തെ മറ്റൊരു വീട്ടുകാര്‍ക്കു കൊടുക്കുന്നു. അവിടെ അവളൊരു അടിമ. ആ വീട്ടുകാര്‍ക്കു വെച്ചുവിളമ്പിയും ആവുന്നത്ര കുട്ടികളെ പ്രസവിച്ചു വളര്‍ത്തിയും കെട്ടിയവന്‍റെ മര്‍ദ്ദനമേറ്റും അമ്മായിയമ്മയുടെയും നാത്തൂന്മാരുടെയും ആട്ടും തുപ്പും സഹിച്ചും ഒരു അടിമജീവിതം. പത്തു പൈസ വരുമാനമില്ല. ഇടവകപ്പള്ളിയില്‍ വല്യ പെരുന്നാളിനു നേര്‍ച്ചയിടാന്‍ വീട്ടിലെ കാര്‍ന്നോര്‍ നല്കുന്ന അര രൂപയോ ഒരു രൂപയോ ആണു കയ്യില്‍ വരുന്ന നാണയം. ഒരു രാത്രിയെങ്കിലും നിങ്ങള്‍ക്കു സമാധാനത്തോടെ ഒന്നുറങ്ങാനെങ്കിലും കഴിഞ്ഞിട്ടുണ്ടോ അമ്മച്ചി” – ജെയ്സി ചോദിച്ചു.
“മോളു പറയുന്നതു ശരിയാ. അന്നു സ്ത്രീകള്‍ ഒരുപാടു ത്യാഗം സഹിക്കേണ്ടി വന്നിട്ടുണ്ട്. അതിന്‍റെയൊക്കെ ഫലമാ ഇന്നു നിങ്ങള്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍.”
“എന്‍റെ അമ്മച്ചി, ഞങ്ങള്‍ ജനിച്ചു രണ്ടോ മൂന്നോ വയസ്സാകുമ്പോള്‍ തുടങ്ങി മത്സരിച്ചു പഠിച്ച്, പതിനേഴ്, പതിനെട്ടു വര്‍ഷം തുടര്‍ച്ചയായി ആത്മസംഘര്‍ഷവും ആശങ്കയും നിറഞ്ഞ ഒരു ജീവിതത്തിലൂടെ, ഒരു ഡിഗ്രി പരീക്ഷ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സാകുമ്പോള്‍ അതിനൊരു വിലയില്ലേ? അമ്മച്ചിയുടെ കാലത്തെ സ്ത്രീകള്‍ ഒരു ആയുഷ്കാലം മുഴുവന്‍ അനുഭവിച്ച സംഘര്‍ഷവും കഷ്ടപ്പാടും ഞങ്ങള്‍ ഈ പതിനെട്ടു വര്‍ഷംകൊണ്ട് അനുഭവിച്ചുതീര്‍ക്കുന്നു. അമ്മച്ചി ഇടയ്ക്കിടയ്ക്കു പറയാറുണ്ടല്ലോ ഇപ്പോഴത്തെ പിള്ളേരു വല്ലതും അറിഞ്ഞിട്ടുണ്ടോ? അവരും ജീവിതം കണ്ടിട്ടുണ്ടോ? വിശപ്പറിഞ്ഞിട്ടുണ്ടോ? അമ്മച്ചിയുടെ കാലത്ത് ഒരു വീടിന്‍റെ വട്ടത്ത് ഒതുങ്ങിപ്പോകുന്നതായിരുന്നു ഒരു പെണ്ണിന്‍റെ ലോകം. അവിടെയുണ്ടാകുന്ന വളരെ ചെറി യ കാര്യങ്ങളായിരുന്നു അവര്‍ക്കു മഹാസംഭവങ്ങള്‍. അമ്മച്ചി പറയുന്നതു ശരിയാ. ഞങ്ങള്‍ വിശപ്പറിഞ്ഞിട്ടില്ല. നടുവൊടിയുംവരെ കുടുംബത്തില്‍ കിടന്ന് അദ്ധ്വാനിച്ചിട്ടില്ല. സര്‍വ സങ്കടങ്ങളും ഉള്ളിലൊതുക്കി ഒരടിമയെപ്പോലെ ജീവിക്കുന്നില്ല. തൊണ്ണൂറ്റിനാലു വയസ്സുള്ള അ മ്മച്ചിക്ക് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന സങ്കടങ്ങള്‍ പറഞ്ഞാല്‍ മ നസ്സിലാവില്ല. അത് അത്രയ്ക്ക് ആഴമേറിയതാണ്. ഇ പ്പോഴത്തെ പെണ്‍കുട്ടികള്‍ വീടുവിട്ട് അന്യദേശത്തും അന്യരാജ്യത്തും പോയി പണിയെടുത്തു ധാരാളം സമ്പാദിക്കുന്നുണ്ട്. പണ്ട് അമ്മച്ചിയുടെ കാലത്ത് അടുക്കളയില്‍ അടിമകളെപ്പോലെ ജീവിച്ച പെണ്ണുങ്ങളില്ലേ? അവരുമായി വലിയ വ്യത്യാസമൊന്നുമില്ല. അറബി നാട്ടിലും അന്യദേശത്തും പോയി പണിയെടുക്കുന്ന ഇന്നത്തെ പെണ്ണുങ്ങള്‍ക്കു നമ്മുടെ പഴയ അടുക്കളയിലെ സങ്കടങ്ങള്‍ ചെറിയ അരുവികളായിരുന്നെങ്കില്‍ അന്യരാജ്യത്തെ സങ്കടങ്ങള്‍ ആഴമറിയാന്‍ കഴിയാത്ത കടലാണമ്മച്ചി” – ജെയ്സി വിശദീകരിച്ചു.
“നീ പറയുന്നതു മുഴുവന്‍ അ മ്മച്ചിക്കു മനസ്സിലാവുന്നില്ല. അമ്മ ച്ചിക്ക് അത്രയ്ക്കു പ്രായമായി. എന്നാലും മോളെ ഞങ്ങളനുഭവിച്ച സങ്കടങ്ങള്‍ ഞങ്ങളറിയാതെ വന്നുചേരുന്നതായിരുന്നു. നിങ്ങള്‍ അനുഭവിക്കുന്ന സങ്കടങ്ങള്‍ അധികവും വരുത്തിവയ്ക്കുന്നതാണ്. മോളെ പറുദീസായില്‍ ദൈവം മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ അവിടെ സങ്കടം ഉണ്ടായിരുന്നില്ല. ഹവ്വാ അറിവിന്‍റെ കനി ഭക്ഷിച്ചപ്പോഴാ സങ്കടം വന്നുഭവിച്ചത്. എന്താണ് അറിവിന്‍റെ കനി? ജീവിതത്തിനാവശ്യമില്ലാത്ത അറിവ്. ജീവിതത്തിനുതകാത്ത പഠനം, ജീവിതത്തില്‍ ഒരിക്കലും പ്രയോജനപ്പെടാത്ത കാര്യങ്ങള്‍ മുഴുവന്‍ പഠിച്ചു പഠിച്ചു സമയം നഷ്ടപ്പെടുത്തി, അതൊരു മഹത്തായ കാര്യമാണെന്നു കരുതി അഹങ്കരിച്ചു നടക്കുക. ദൈവം നമുക്കു തന്ന പറുദീസ നമുക്കു നഷ്ടപ്പെടുന്നത് അങ്ങനെയാണു മോളെ.”


“എന്‍റെ അമ്മച്ചി!” എന്ന് ആശ്ചര്യപ്പെട്ടുകൊണ്ടു ജെയ്സി അമ്മച്ചിയുടെ മുഖത്ത് ഉമ്മവച്ചു. അടുത്തകാലത്തു തന്‍റെ മനസ്സില്‍ തോന്നിയ ആശയങ്ങളുടെയും ചിന്തകളുടെയും പൊരുള്‍ എത്ര നിസ്സാരമായി അമ്മച്ചി വെളിപ്പെടുത്തിയിരിക്കുന്നു.
“അമ്മച്ചി വെറുതെയിങ്ങനെ കട്ടിലില്‍ കിടക്കുകയും ഉറങ്ങുകയും മാത്രമാണെന്നാണു ഞാന്‍ വിചാരിച്ചത്. ചിന്തിച്ചു ചിന്തിച്ചു ള്ള കിടപ്പാണല്ലേ… ഈ മഹത്തായ ചിന്തകള്‍ ഈ കൊച്ചു തലയ്ക്കുള്ളില്‍ അടക്കിവയ്ക്കരുത്. “ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഞങ്ങളോടു പങ്കുവയ്ക്കണം.” ജെയ്സി പൊട്ടിച്ചിരിച്ചുകൊണ്ട് അവിടെനിന്ന് എഴുന്നേററു പോയി.
ജോയിച്ചന്‍ തീപിടിച്ച മനസ്സുമായി റോബിനൊപ്പം റബര്‍ത്തോട്ടത്തിലൂടെ നടക്കുകയായിരുന്നു.
“എങ്ങനെയും പൊരുത്തപ്പെട്ടു പോകാന്‍ ഞാന്‍ ഇതുവരെ ശ്രമിക്കുകയായിരുന്നു. ജെയ്സിയുടെ സ്വഭാവത്തെപ്പറ്റി ഞാന്‍ പപ്പയോടു പറയേണ്ടതില്ല. കമ്പനിയില്‍ അവള്‍ നന്നായി ജോലി ചെയ്യുന്നുണ്ട്. ഉടനെ ഒരു പ്രൊമോഷനുമുണ്ടാകും. പണ്ടു തൊഴിലുടമകള്‍ കുറച്ചു കൂലി നല്കി കൂടുതല്‍ പണിയെടുപ്പിക്കാനാണു ശ്രമിച്ചിരുന്നത്. ഇന്നതു മാറി. ഐടി കമ്പനിയുടമകളുടെ വഴി വേറെയാണ്. കൂടുതല്‍ പണം നല്കിയാണ് അ വര്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കുന്നത്. അവര്‍ നല്കുന്ന പണത്തില്‍ ആകൃഷ്ടരായാണു ജീവനക്കാര്‍ കഠിനാദ്ധ്വാനം ചെയ്യുന്നത്. മാസം പതിനഞ്ചു ലക്ഷവും ഇരുപതു ലക്ഷവും ശമ്പളം പറ്റുന്ന മാനേജരന്മാര്‍ ഞങ്ങളുടെ കമ്പനിയിലുണ്ട്. അവരൊക്കെ ചെറുപ്പത്തില്‍ സാധാരണ ജീവനക്കാരായി കമ്പനിയില്‍ ജോലി ചെയ്തവരാണ്. അവരുടെ ജീവിതമാണു ഞങ്ങള്‍ക്കും മാതൃകയാകുന്നത്. പണം ബാങ്ക് അക്കൗണ്ടുകളില്‍ വന്നു നിറയുമ്പോള്‍ കിട്ടുന്ന ഒരു ലഹരിയുണ്ടല്ലോ. അതാണ് എട്ടു മണിക്കൂര്‍ ജോലിയെടുക്കേണ്ടിടത്തു പത്തു മണിക്കൂറും പന്ത്രണ്ടു മണിക്കൂറും പരാതിയില്ലാതെ ജോലിയെടുപ്പിക്കുന്നത്. ജെയ്സി ആ ലഹരിയിലാണെന്നു തോന്നുന്നു. ഒരു ഉന്നത പദവിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഒരു അറിയപ്പെടുന്ന പ്രൊഫഷണലായി തീരാനുള്ള വെമ്പല്‍, കുടുംബവും ഭര്‍ത്താവുമൊക്കെ അവളുടെ ലക്ഷ്യത്തിനു തടസ്സമാണെന്ന് അവള്‍ കരുതുന്നുണ്ടാകും. ഐടി കമ്പനികള്‍ മനുഷ്യരെ യന്ത്രങ്ങളാക്കി മാറ്റാനാണു ശ്രമിക്കുന്നത്. അതു ജെയ്സിക്കു മനസ്സിലായിട്ടില്ല” – റോബിന്‍ ഓരോന്നു ജോയിച്ചനോടു പറയുകയാണ്.
ജോയിച്ചനു റോബിനെ ഇഷ്ടമായിരുന്നു. മകളുടെ ഭര്‍ത്താവായി വരുന്നവന് എന്തൊക്ക ഗുണങ്ങളുണ്ടാകണമെന്ന് ഒരു പിതാവ് ആഗ്രഹിച്ചതൊക്കെയും റോബിനുണ്ടായിരുനനു.
കറുകപ്പാടത്തുള്ള ഒരു കര്‍ഷകകുടുംബത്തിലാണു റോബിന്‍ ജനിച്ചത്. അതിന്‍റെ എല്ലാ സവിശേഷതകളും റോബിനുണ്ട്. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സ്, തുറന്ന സമീപനം, ആഡംബരമോ ജാടയോ തീരെയില്ല. എത്ര സൗ മ്യമായിട്ടാണു മറ്റുള്ളവരോടുളള പെരുമാറ്റം. റോബിനെ ഭര്‍ത്താവായി ലഭിച്ചതു തന്‍റെ മകളുടെ ഭാഗ്യമായിട്ടു കരുതി അഭിമാനിച്ചവനാണു ജോയിച്ചന്‍.
ഇന്നലെ വരെ തന്‍റെ ജീവിതത്തെപ്പറ്റി ഒരഹങ്കാരമുണ്ടായിരുന്നു. ഒരു അദ്ധ്യാപകന്‍റെ ജോലി ആഗ്രഹിച്ചു നടന്നവനാണു ജോയിച്ചന്‍. അല്പം വൈകിയാണെങ്കിലും ആ ജോലി ലഭിച്ചപ്പോള്‍ അമിതമായി സന്തോഷിച്ചുപോയി. ആഗ്രഹിച്ചതുപോലുള്ള ഭാര്യയെ ലഭിച്ചു; മിടുക്കരായ മക്കളുണ്ടായി. എവിടെയും മത്സരിച്ചു മുന്നേറുന്ന മകളെപ്പറ്റി അഭിമാനിച്ചു. അവളുടെ ഇഷ്ടത്തിനാണ് എന്‍ജിനീയറിംഗിനു വിട്ടത്. അതു മോശമല്ല, സന്തോഷം തോന്നി. അവള്‍ നന്നായി പഠിച്ചു; ഫസ്റ്റ് ക്ലാസ്സില്‍ ജയിച്ചു. ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജോലിയും നേടി.
ജോലിക്കു പോയി തുടങ്ങിയപ്പോള്‍ വിവാഹം കഴിക്കുന്നതിന് അവളെ നിര്‍ബന്ധിച്ചു എന്നതു നേരാണ്. ബാംഗ്ലൂരില്‍ അവള്‍ തനിച്ചു കഴിയുന്നതില്‍ ആശങ്കയുണ്ടായി. വിവാഹപ്രായമായ മകള്‍ ദൂരെദിക്കില്‍ ഒറ്റയ്ക്കു സ്വതന്ത്രയായി ജീവിക്കുക. അതു മറ്റൊരു ലോകമാണ്. അവിടത്തെ കഥകള്‍ മാധ്യമങ്ങളില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.
അവള്‍ വിവാഹം കഴിച്ചാല്‍ അവളെ സംരക്ഷിക്കാന്‍ ഒരാളാവുമല്ലോ എന്നു ചിന്തിച്ചു. അവിടെ ജോലിയുള്ള ഒരു ചെറുപ്പക്കാരനെയാണ് അന്വേഷിച്ചത്.
അദ്ധ്യാപകസുഹൃത്തായ ജോസഫ് സാറാണു റോബിനെപ്പറ്റി പറഞ്ഞത്. അദ്ദേഹത്തിന്‍റെ അകന്ന ബന്ധുക്കളാണ് ആ കുടുംബക്കാര്‍.
ഒറ്റനോട്ടത്തില്‍ തന്നെ നമുക്കു ചിലരോട് ഇഷ്ടം തോന്നുമല്ലോ. അവരുടെ രൂപഭാവങ്ങള്‍, ചലനങ്ങള്‍, സംസാരരീതി എല്ലാം നമുക്ക് ആകര്‍ഷകമായി തോന്നും. റോബിന്‍ അത്തരത്തിലുള്ള യുവാവായിരുന്നു. ആര്‍ക്കും എതിരഭിപ്രായമുണ്ടായില്ല. ജെയ്സിയും സമ്മതം മൂളി. പിന്നെ വേഗത്തില്‍ എല്ലാം നടന്നു. ഇക്കാലത്തു മകള്‍ക്കു മല്ലൊരു വരനെ ലഭിക്കുന്നതു ഭാഗ്യമാണെന്നു വേണ്ടപ്പെട്ടവരെല്ലാം പറഞ്ഞു.
ആഹ്ലാദത്തിന്‍റെ ബലൂണില്‍ ഉയര്‍ന്നുപൊങ്ങി ആകാശത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ജോയിച്ചന്‍. പെട്ടെന്നിതാ ബലൂണിനു കിഴുത്ത വീണിരിക്കുന്നു. ആഹ്ലാദമെല്ലാം ചോര്‍ന്നൊലിച്ചു പോകുന്നു.
“ജെയ്സി ഇത്രകാലവും പഠിക്കുകയായിരുന്നല്ലോ. ഫൈനല്‍ പരീക്ഷ എഴുതിക്കഴിഞ്ഞ് ഉടനെ ജോലിക്കു കയറി. അവള്‍ക്കു പ്രായവും പക്വതയും കുറവാണ്. പഠനത്തിന്‍റെ തിരക്കില്‍ അടുക്കളജോലികളൊന്നും അവള്‍ ചെയ്തിട്ടില്ല. അവളുടെ വസ്ത്രങ്ങള്‍ അലക്കിത്തേച്ചുകൊടുത്തിരുന്നത് അവളുടെ അമ്മയാണ്. വീട്ടുജോലികളൊന്നും അവള്‍ക്കു ശീലമില്ല. അതു പഠിപ്പിക്കാനുള്ള സാവകാശം ഞങ്ങള്‍ക്കു ലഭിച്ചില്ല. അതുകൊണ്ടു റോബിനു പ്രയാസങ്ങളുണ്ടാകുന്നുണ്ട്. അല്പംകൂടി ക്ഷമയാണു ഞാന്‍ സ്നേഹത്തോടെ റോബിനോട് ആവശ്യപ്പെടുന്നത്. അവള്‍ മിടുക്കിയാണ്. സാവധാനം എല്ലാ വശമാക്കിക്കൊള്ളും. നിങ്ങള്‍ ഒരുമിച്ചു സ്വരുമയോടെ ജീവിക്കുന്നതു ഞങ്ങള്‍ക്കു കാണണം” – ജോയിച്ചന്‍ ഒരപേക്ഷപോലെയാണു പറയുന്നത്.
മകളുടെ ജീവിതം സുരക്ഷിതമാകാന്‍ വേണ്ടിയാണ് അവളെ വി വാഹം കഴിപ്പിച്ചത്. ഭര്‍ത്താവ് അവളെ സ്നേഹിക്കണമെന്നും അവര്‍ക്കു മിടുക്കരായ മക്കള്‍ ജനിക്കണമെന്നും അവര്‍ സമ്പദ്സമൃദ്ധിയോടെ, സന്തോഷത്തോടെ ജീവിതകാലം മുഴുവന്‍ കഴിയണമെന്നും ഒരു പിതാവ് ആഗ്രഹിച്ചുപോകും.
“പപ്പ എനിക്കു പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഞാനും ജെയ്സിയെപ്പോലെ പഠിച്ചുനടന്നവനാണ്. അവളെപ്പോലെ ജോലിയെടുക്കുന്നവനാണ്. എനിക്കും കുടുംബം നടത്തിയൊന്നും പരിചയമില്ല. ഞങ്ങള്‍ പഠിക്കുന്നതേയുള്ളൂ. ജെയ്സിക്ക് ഒരുപാടു ലാളന ലഭിച്ചിട്ടുണ്ടാകാം. ഒരാണ്‍കുട്ടിക്ക് അത്തരം ലാളനകള്‍ ഏറെ ലഭിക്കാറില്ല. ഞാന്‍ വളച്ചുകെട്ടില്ലാതെ ജീവിതത്തെ നേരിടാന്‍ ശ്രമിക്കുകയാണ്. നമ്മള്‍ വിദ്യാഭ്യാസം നേടുന്നതെന്തിനാണ് പപ്പ. ജീവിതം മനോഹരമാക്കാനല്ലേ? അല്ലാതെ ജീവിതം നഷ്ടപ്പെടുത്താന്‍ വേണ്ടിയാണോ? ഒരു ഒത്തുതീര്‍പ്പിനു വഴങ്ങാത്തവളാണു ജെയ്സിയെന്നു പറയേണ്ടി വരുന്നതില്‍ എനിക്കു ദുഃഖമുണ്ട്. സഹകരണമനോഭാവം അവള്‍ക്കില്ല. ജോലി കഴിഞ്ഞു വന്നാല്‍ ഞാന്‍ തനിച്ചാണ് അടുക്കളജോലികള്‍ ചെയ്യുന്നത്. ആ സമയത്ത് അവള്‍ ടി.വി. കാണും, അല്ലെങ്കില്‍ കിടന്നുറങ്ങും. ഭക്ഷണം പാകം ചെയ്യുന്നതിനു സഹായിക്കാന്‍ പറഞ്ഞാല്‍ അവള്‍ പറയും, പാചകം വേണ്ട; പുറത്തുനിന്നു ഭക്ഷണം കഴിക്കാം. പണം അവള്‍ കൊടുത്തുകൊള്ളാം. ഹോട്ടലില്‍ നിന്നു സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് എനിക്കിഷ്ടമല്ല. ശുദ്ധമായ ആഹാരം പുറത്തു കിട്ടുകയില്ല. അവളുടെ ഇഷ്ടം നടക്കണം. മറ്റുള്ളവരുടെ ഇഷ്ടത്തിന് ഒരു പ്രസക്തിയുമില്ല” – റോബിന്‍ പറഞ്ഞു.
“നിങ്ങള്‍ തമ്മില്‍ വഴക്കു കൂടിയിട്ടു വന്നതാണോ റോബിന്‍? നീ അവളെ അടിക്കുകയോ മറ്റോ ചെയ്തോ?”- ജോയിച്ചന്‍ സങ്കടത്തോ ടെ ചോദിച്ചു.
“ഞാനൊരു വഴക്കാളിയൊന്നുമല്ല പപ്പ. ഏതു സാഹചര്യവുമായി ഇണങ്ങിപ്പോകാന്‍ എനിക്കു കഴിയും. ഒരു കൃഷിക്കാരന്‍റെ മകനായതുകൊണ്ടാണ് എനിക്കതിനൊക്കെ കഴിയുന്നത്. റോബിന്‍റെ കൂടെ ജീവിക്കാന്‍ സാധിക്കില്ലെന്നു ജെ യ്സി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് ആ കറുകപ്പാടത്തു കപ്പയും കാന്താരിമുളകുമായി കഴിഞ്ഞാല്‍ പോരായിരുന്നോ? നിങ്ങളെന്തിനാ ബംഗളുരുവില്‍ വന്നത്? ഇതൊക്കെയാണ് അവളുടെ ചോദ്യങ്ങള്‍. എത്ര ക്ഷമയുണ്ടെങ്കിലും ഞാനുമൊരു മനുഷ്യനല്ലേ? കഷ്ടപ്പാടും ദുരിതവും വര്‍ദ്ധിപ്പിക്കാന്‍ എന്തിനിങ്ങനെ ഒരുമിച്ചു താമസിക്കുന്നു? കഴിഞ്ഞ ദിവസം അവള്‍ പറഞ്ഞു എനിക്കു വീട്ടില്‍ പോകണം. അപ്പോള്‍ തന്നെ കാറില്‍ കയറി പുറപ്പെട്ടു. വഴിക്ക് ഒരക്ഷരം അവള്‍ സംസാരിച്ചില്ല. 500 കിലോമീറ്റര്‍ ദൂരം ഞാന്‍ സങ്കടത്തോടെ കാറോടിക്കുകയായിരുന്നു. ജെയ്സിക്കു താത്പര്യമില്ലെങ്കില്‍, അവളുടെ ഇഷ്ടമനുസരിച്ച് അവള്‍ ജീവിച്ചോട്ടെ” – റോബിന്‍ പറഞ്ഞു.
ആ വാക്കുകള്‍ കേട്ടപ്പോള്‍ ജോയിച്ചന്‍റെ മനസ്സില്‍ ഒരു സ്ഫോടനമുണ്ടായി. തളര്‍ന്ന മനസ്സും ശരീരവുമായി ആ പിതാവ് ഒരു മരത്തില്‍ ചാരി നിന്നു.
(തുടരും)

Leave a Comment

*
*