ആയുഷ്ക്കാലം – അദ്ധ്യായം 20

ആയുഷ്ക്കാലം – അദ്ധ്യായം 20

ജോസ് ആന്‍റണി

രാവിലെ പതിവിലും നേരത്തെ റോബിന്‍ കമ്പനിയിലെത്തി. അവന്‍റെ സീറ്റിലിരുന്നു കമ്പ്യൂട്ടര്‍ തുറന്ന് ഈ-മെയിലുകള്‍ പരിശോധിച്ചു.

മൂന്നുനാലു ദിവസമായി മെയിലുകള്‍പോലും നോക്കാന്‍ അവസരം കിട്ടിയില്ല. ഫോണ്‍പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ധാരാളം മെയിലുകള്‍ വന്നു കിടക്കുന്നു. ഓരോന്നായി വായിച്ചുനോക്കി. മറുപടി അയയ്ക്കേണ്ടതിന് അപ്പോള്‍ത്തന്നെ മറുപടി അയച്ചു. മെയിലുകള്‍ പരിശോധിച്ചു ചെല്ലുമ്പോഴാണു രണ്ടു ദിവസം മുമ്പു പ്രോജക്ട് മാനേജര്‍ അയച്ച മെയില്‍ കണ്ടത്.

എത്രയും പെട്ടെന്ന് ഓഫീസിലെത്തി മാനേജരെ കാണണമെന്നാണു സന്ദേശത്തിലുള്ളത്.

മാനേജര്‍ ഓഫീസില്‍ വരുന്ന സമയമായിട്ടില്ല. അല്പം കഴിഞ്ഞപ്പോള്‍ ടീം ലീഡര്‍ സജീവ് വന്നു.

"റോബിന്‍ നീയെത്തിയോ? ഇന്നലെയാണോ ജാമ്യം കിട്ടിയത്? ഓര്‍ക്കാപ്പുറത്ത് ഓരോ ഗുലുമാലുകളുണ്ടാകുന്നത്… എന്‍റെ ഈശ്വരാ…"

"അവനെ, ആ നീചനെ കൊന്നിട്ടു ജയിലില്‍ പോയാലോയെന്നു ഞാന്‍ ആലോചിക്കുകയാ. ഇതുപോലെ ഒരു ചതി! ജീവിതത്തിന്‍റെ അടിവേരു പറിഞ്ഞുപോയി. ആ ചെറ്റ പറഞ്ഞ കഥയാണ് എല്ലാവര്‍ക്കും വിശ്വാസം" – റോബിന്‍ പറഞ്ഞു.

"ഒന്നും പറയണ്ട റോബിന്‍. രണ്ടു ദിവസം ഊണും ഉറക്കവുമില്ലാതെ ഈ കേസിന്‍റെ പുറകെ നടന്നു. ആ പൊലീസോഫീസറുടെ കാലുപിടിച്ചു ഞാന്‍ പറഞ്ഞു റോബിന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്. ഓരോ ദുഷ്ടന്മാര്‍. മറ്റുള്ളവരുടെ ജീവിതംവച്ചു കളിക്കാന്‍ ഇവര്‍ക്കൊന്നും ഒരു മടിയുമില്ല" – സജീവ് പറഞ്ഞു.

"മാനേജരെ കാണണമെന്ന് ഒരു മെയിലുണ്ടായിരുന്നു. ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്തപ്പോഴാണു കണ്ടത്. സജീവേ പ്രശ്നം വല്ലതുമുണ്ടോ?"

"എന്തു പ്രശ്നം? വിവരങ്ങള്‍ അന്വേഷിക്കാനായിരിക്കും. എന്താ സംഭവിച്ചതെന്ന് അറിയണമല്ലോ."

"എനിക്കു ലീവിന് അപേക്ഷിക്കാന്‍പോലും കഴിഞ്ഞില്ല. ഫോണ്‍ പോലും പൊലീസ് പിടിച്ചുവച്ചു."

"അതു ഞാന്‍ മാനേജരുടെ അടുത്തു പറഞ്ഞിട്ടുണ്ട്. ഏതായാലും രാവിലെ പോയി തല കാണിച്ചേക്ക്."

റോബിന്‍ പ്രോജക്ട് മാനേജരുടെ ഓഫീസിലേക്കു നടന്നു.

ഓഫീസ് മുറിയുടെ ഡോര്‍ തുറന്ന് അകത്തേയ്ക്കു കടക്കുമ്പോള്‍ മാനേജര്‍ സൗമ്യതയോടെ പറഞ്ഞു: "റോബിന്‍! വരൂ, ഇരിക്കൂ. പ്രശ്നങ്ങള്‍ ഞാനറിഞ്ഞു. പത്രത്തിലൊക്കെ വാര്‍ത്ത വന്നല്ലോ; കഷ്ടമായി."

"സര്‍ ഒരു മെയിലയച്ചിരുന്നല്ലോ. എനിക്കു മെയിലൊന്നും നോക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്തായിരുന്നു സാര്‍. പ്രശ്നമാകുമോ?"

"ചെറിയൊരു പ്രശ്നമുണ്ടാകാന്‍ സാദ്ധ്യതയുണ്ട് റോബിന്‍. ഗ്രൂപ്പുമാനേജരെ സിഇഒ വിളിച്ചിരുന്നു. വിഷയം അത്ര ചെറുതല്ലല്ലോ. കമ്പനിയിലെ രണ്ട് എന്‍ജിനിയേഴ്സിന്‍റെ പ്രശ്നമാണല്ലോ. ഒരാള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ കേസില്‍ പ്രതിയുമായി. കമ്പനിക്കു ഷെയിമായെന്നു പറഞ്ഞാല്‍ മതിയല്ലോ. ചാനലുകളാണെങ്കില്‍ ഐടിമേഖലയിലുള്ളവരെല്ലാം കുഴപ്പക്കാരാണെന്നു വരുത്തിവയ്ക്കാനുള്ള ശ്രമത്തിലാണ്. സോഫ്റ്റ്വെയര്‍ എന്‍ജിനിയേഴ്സിനോട് എല്ലാ അവന്മാര്‍ക്കും കുശുമ്പാണ്."

"സാര്‍ ഞാന്‍ നിരപരാധിയാണ്. അര്‍ച്ചനയുടെ ഭര്‍ ത്താവ് ഒരു ക്രിമിനലാണ്. അവളെ കൊല്ലാന്‍ അയാള്‍ ഒരു കാരണം കെട്ടിച്ചമച്ചതാണ്. പൊലിസ് ഒരന്വേഷണവും നടത്താതെ അയാളു പറഞ്ഞതു വിശ്വസിച്ചു."

"എനിക്കറിയാം റോബിന്‍. റോബിന്‍ ഇങ്ങനെയൊരു തെറ്റു ചെയ്യുകയില്ലെന്ന് എനിക്കറിയാം. അതു ഞാന്‍ ഗ്രൂപ്പുമാനേജരോട് പറഞ്ഞു. അങ്ങേര് ഉരുണ്ടുകളിക്കുകയാണ്. ഡെലിവറി മാനേജരെ ചെന്നു കാണാന്‍ ഗ്രൂപ്പുമാനേജര്‍ നിര്‍ദ്ദേശിച്ചു. അതു പറയാനാണു ഞാന്‍ വിളിച്ചത്."

"ഞാനിപ്പോള്‍ എന്താ ചെയ്യേണ്ടതു സാര്‍. ഇവിടംകൊണ്ട് ഇതവസാനിപ്പിച്ചുകൂടെ; ദയവായി സാറിതിലിടപെടണം."

"നിങ്ങള്‍ ഡിഎമ്മിനെ പോയി കാണൂ. കാര്യങ്ങള്‍ പറയൂ. പ്രശ്നമൊന്നുമുണ്ടാകില്ല. ഞാനിവിടെ ഒതുക്കിവച്ചാല്‍ തീരുന്ന കേസല്ലിത്. അവര്‍ നേരിട്ട് ഒരന്വേഷണം നടത്തുന്നു; അത്രയേയുള്ളൂ. വലിയ വാര്‍ത്ത ആയതല്ലേ? കമ്പനിയുടെ ഇമേജിനെ ബാധിച്ച കാര്യത്തെപ്പറ്റി എങ്ങനെയാ തലപ്പത്തുള്ളവര്‍ കണ്ണടയ്ക്കുന്നത്; റോബിന്‍ ചെല്ല്."

റോബിന്‍ പുറത്തിറങ്ങി. സംഗതി കുഴപ്പത്തിലായെന്ന് അയാള്‍ക്കു തോന്നി. ഗ്രൂപ്പു മാനേജര്‍ വഴുതിമാറിയതാണ്. അതാണു ഡിഎം നേരിട്ട് ഇടപെടുന്നത്.

ഡിഎമ്മാണെങ്കില്‍ ഒരു ചൊറിയന്‍ തെലുങ്കന്‍. അയാള്‍ ജീവനക്കാരോട് ഒരു വിട്ടുവീഴ്ചയുമില്ലാത്തവന്‍.

മുകള്‍ നിലകളിലൊന്നിലാണ് അയാളുടെ ഓഫീസ്. റോബിന്‍ ലിഫ്റ്റിനടുത്തേയ്ക്കു നടന്നു.

ആര്‍ക്കിടെക്റ്റ് ആദര്‍ശിന് ഡിഎമ്മുമായി നല്ല പരിചയമാണ്. ആദര്‍ശിന്‍റെ ഗ്രൂപ്പുമാനേജരായി കുറേക്കാലം അയാള്‍ ഉണ്ടായിരുന്നു. സോപ്പിട്ടു നില്ക്കാന്‍ ആദര്‍ശിനോളം പോന്ന ഒരാള്‍ വേറെ കാണില്ല. അയാളെ ഒന്നു വിളിച്ച് എന്താ ചെയ്യേണ്ടതെന്നു ചോദിക്കാം.

റോബിന്‍ ഫോണെടുത്ത് ആദര്‍ശിനെ വിളിച്ചു. "സര്‍, റോബിനാണ്. ഒരത്യാവശ്യ കാര്യത്തിനാണു വിളിക്കുന്നത്; തിരക്കിലാണോ?"

"ഓ! റോബിന്‍! നീ കമ്പനിയിലെത്തിയോ? നീ ഇനി വെളിച്ചം കാണുകയില്ലെന്നൊക്കെയാണു പത്രത്തില്‍ വായിച്ചത്. ഓരോ കോപ്പന്മാര്‍! കൊന്നവനു കുഴപ്പമില്ല. പ്രണയിച്ചവനാണു മഹാകുഴപ്പം!" – ആദര്‍ശ് പറഞ്ഞുതുടങ്ങി.

"ആരു പ്രണയിച്ചു സര്‍; ആടിനെ പട്ടിയാക്കുന്ന ഏര്‍പ്പാട്" – റോബിന്‍ പറഞ്ഞു.

"പ്രണയിച്ചാല്‍ എന്താ കുഴപ്പം റോബിന്‍? ആണും പെണ്ണും തമ്മില്‍ പ്രണയിക്കും. അതവരുടെ കാര്യം ഞാന്‍ പ്രണയിച്ചല്ലോ. എനിക്കെന്തെങ്കിലും പറ്റിയോ? പെണ്ണിന് ഇഷ്ടപ്പെട്ട പുരുഷനെ കണ്ടാല്‍ പ്രണയിക്കും. പുരുഷനും തിരിച്ചു പ്രണയിച്ചെന്നു വരും. അതിനു കമ്പനിക്കെന്താ കുഴപ്പം?"

"സര്‍ ഞാന്‍ വിളിച്ചത് ഒരു സഹായം ചോദിക്കാനാണ്. ഡിഎം എന്നെ വിളിച്ചിരിക്കുകയാണ്. കേസിനെപ്പറ്റി അന്വേഷിക്കാനാണ്. സര്‍ എന്‍റെ കൂടെയൊന്നു വരാമോ? നിങ്ങള്‍ തമ്മില്‍ അടുപ്പമുള്ളതുകൊണ്ട്…"

"അതൊന്നും ശരിയാകില്ല റോബിന്‍ അയാളൊരു ടൈപ്പാണ്. വെളുക്കാന്‍ തേച്ചതു പാണ്ടായെന്നു വരും. റോബിന്‍ ധൈര്യമായി ചെന്നു കാര്യം പറ."

"അയാള്‍ പ്രശ്നമുണ്ടാക്കുമോ? ഇപ്പോഴത്തെ അവസ്ഥയില്‍ ജോലി…"

"അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ പോകട്ടെ റോബിന്‍. നമ്മളെന്താ അഭയാര്‍ത്ഥികളായി, ഇവിടെ സഹായം തേടി വന്നതാണോ? നല്ലപോലെ ജോലി ചെയ്തിട്ടല്ലേ ശമ്പളം വാങ്ങുന്നത്? റോബിന്‍ എന്തിനാ ഭയക്കുന്നത്? ഇതു പോയാല്‍ മറ്റൊന്ന് എന്ന മട്ടില്‍ നില്ക്കണം. നമുക്കു ജോലി ചെയ്യാനറിയാമെങ്കില്‍ എവിടെയും ജോലി കിട്ടും. ഈ ലോകത്ത് ഈ കമ്പനി മാത്രമേ ഉള്ളോ?"

ആദര്‍ശ് ഉപദേശിക്കുകയാണ്. ഉപദേശിക്കാന്‍ എന്തെളുപ്പം? അയാളെ വിളിച്ചതും അബദ്ധമായി.

റോബിന്‍ ഫോണ്‍ കട്ട് ചെയ്തിട്ട് ലിഫ്റ്റില്‍ കയറി മുകള്‍ നിലയിലിറങ്ങി ഡിഎമ്മിന്‍റെ ഓഫീസിലേക്കു ചെന്നു.

"ഉം… എന്താ?" ധാര്‍ഷ്ട്യത്തിന്‍റെ അവതാരമായ മാനേജര്‍ നെറ്റി ചുളിച്ചുകൊണ്ടു ചോദിച്ചു.

"ഞാന്‍ ടെക്നോളജി അനലിസ്റ്റ് റോബിന്‍. സര്‍ വിളിച്ചെന്നു പ്രോജക്ട് മാനേജര്‍ പറഞ്ഞു."

"ഓ, നീയാണോ പ്രണയവീരന്‍. തന്നെയൊന്നു നേരില്‍ കാണാനാണു വിളിച്ചത്. താന്‍ കമ്പനിയെ നാറ്റിച്ചുകളഞ്ഞില്ലേ? ആ പെണ്ണിനെ കൊലയ്ക്കു കൊടുത്തു. ക്രിമിനല്‍ കേസില്‍ പ്രതിയുമായി. എടോ തനിക്കൊക്കെ എന്തു സംസ്കാരമാ ഉള്ളത്?" – തെലുങ്കു കലര്‍ന്ന ഇംഗ്ലീഷില്‍ അയാള്‍ ദേഷ്യപ്പെട്ടു.

"സര്‍, ഞാനൊരു തെറ്റും ചെയ്തിട്ടില്ല."

"തെറ്റു ചെയ്തോ ഇല്ലയോ എന്നു കോടതി തീരുമാനിക്കട്ടെ. കമ്പനിക്ക് അതൊന്നും അന്വേഷിക്കാന്‍ നേരമില്ല. കമ്പനിയെപ്പറ്റി താന്‍ എന്താ കരുതിയിരിക്കുന്നത്? ഇവിടെ എന്തുമാകാമെന്നോ?"

'സര്‍, കേട്ടതൊക്കെ അര്‍ച്ചനയുടെ ഭര്‍ത്താവു കെട്ടിച്ചമച്ച കഥകളാണ്."

"അങ്ങനെ ഇയാളെപ്പറ്റി കഥ കെട്ടിച്ചമയ്ക്കാന്‍ നിങ്ങളു തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടോ? ഇയാള്‍ രാത്രിയില്‍ ആ പെണ്ണിന്‍റെ കൂടെ അവളുടെ വീട്ടില്‍ എന്തിനു പോയി?"

"സര്‍ കമ്പനിയില്‍ അന്നൊരു മീറ്റിങ്ങുണ്ടായിരുന്നു. അതു കഴിഞ്ഞപ്പോള്‍ താമസിച്ചുപോയി. അര്‍ച്ചന ഒരു ലിഫ്റ്റ് ചോദിച്ചു."

"എടോ കമ്പനിയിലെ മീറ്റിങ്ങ് അഞ്ചു മണിക്കു കഴിഞ്ഞതല്ലേ. അഞ്ചു മണിക്ക് ഇവിടെ എവിടെയാടോ രാത്രിയാകുന്നത്?"

"സര്‍, ടീം ലീഡര്‍ സജീവ് ഞങ്ങള്‍ക്ക് ഒരു ട്രീറ്റ് തന്നു. അതിനു ഹോട്ടലില്‍ കുറേ സമയം ചെലവഴിച്ചു."

"എല്ലാം കുഴപ്പമാടോ. കമ്പനികൂടി ബാറില്‍ കയറി കുടിച്ചു കൂത്താടുക. എന്നിട്ടു മറ്റൊരാളുടെ വീട്ടില്‍ കയറി ബഹളം വയ്ക്കുക. താന്‍ ശരിയല്ലെടോ. സാധാരണ കമ്പനിയില്‍നിന്ന് ആളെ പറഞ്ഞുവിടുന്ന വിധം തനിക്കറിയാമല്ലോ. രാവിലെ ഗെയ്റ്റിങ്കല്‍ വരുമ്പോള്‍ സെക്യൂരിറ്റി ഒരു തുണ്ടുകടലാസ് തരും. പിന്നെ അകത്തേയ്ക്കുപോലും കയറ്റുകയില്ല. ഇക്കാര്യത്തിനൊന്നും മാനേജര്‍ മെനക്കെടാറില്ല. ഇതൊരു സ്പെഷ്യല്‍ കേസായതുകൊണ്ട് ഈ തിരുമുഖം ഒന്നു കാണണമെന്നു തോന്നി. ഇന്നാ പിടിച്ചോ. കേസില്‍ വെറുതെ വിട്ടാല്‍ അന്നു കമ്പനിക്കു താത്പര്യമുണ്ടെങ്കില്‍ ജോലിക്കു കയറാം. അതുവരെ പുറത്തുനില്ക്ക്."

"സര്‍ ദയവായി ഞാന്‍ പറയുന്നതുകൂടി കേള്‍ക്കണം. ഈ അവസ്ഥയില്‍ എന്‍റെ ജോലി നഷ്ടപ്പെട്ടാല്‍…"

"നിങ്ങള്‍ക്ക് ആക്ഷേപം വല്ലതുമുണ്ടെങ്കില്‍ സിഇഒയുടെ അടുത്തോ ചെയര്‍മാന്‍റെ അടുത്തോ ബോധിപ്പിക്കാം. എനിക്ക് അവിടെനിന്നു കുട്ടിയ നിര്‍ദ്ദേശമാണ്. നിങ്ങള്‍ക്കു പോകാം."

"സര്‍, ഞാനൊരു ദുരന്തത്തിന്‍റെ ഇരയാണ്. ഈ സമയത്തു കമ്പനി എന്നെ കൈ വിടരുത്."

"ദുരന്തബാധിതരെ രക്ഷിക്കുന്ന പണിയല്ല കമ്പനിക്കുള്ളത്. താന്‍ പോ… ഇനി ഇവിടെ നിന്നാല്‍ ഞാന്‍ സെക്യൂരിറ്റിയെ വിളിക്കും" – അയാള്‍ കരുണയില്ലാതെ സംസാരിച്ചു.

റോബിന്‍ പുറത്തിറങ്ങി.

കമ്പനിയോട് ഇതുവരെ കാണിച്ച കൂറിനോടും ചെയ്ത കഠിനാദ്ധ്വാനത്തിനും പ്രതിഫലം കിട്ടി.

കഴിഞ്ഞയാഴ്ച കമ്പനി മീറ്റിങ്ങ് കൂടി തന്‍റെ സേവനത്തെ മഹത്തരം എന്നു പ്രകീര്‍ത്തിച്ചതാണ്. സമ്മാനം നല്കിയതാണ്. പെട്ടെന്നു കമ്പനി എല്ലാം മറന്നു. ഒരു കള്ളക്കേസില്‍പ്പെട്ടുപോയതിന്‍റെ പേരില്‍.

ഇത്രയേയുള്ളൂ മഹാകമ്പനികളുടെ മഹത്ത്വം. ലിഫ്റ്റിറങ്ങുമ്പോള്‍ നിറഞ്ഞൊഴുകിയ കണ്ണീര്‍ റോബിന്‍ കൈലേസെടുത്തു തുടച്ചു.

"ഉപയോഗിക്കുക, വലിച്ചെറിയുക എന്ന സംസ്കാരത്തിന്‍റെ ഏറ്റവും പുതിയ പ്രകടനം!" – റോബിന്‍ പിറുപിറുത്തു.

കാമ്പസ് സെലക്ഷന്‍ കിട്ടിയപ്പോള്‍ സ്വര്‍ഗം കിട്ടിയ വാശിയായിരുന്നു. മഹാഭാഗ്യമെന്നു സ്നേഹിതന്മാര്‍ പറഞ്ഞു. ഊതിവീര്‍പ്പി ച്ചു പൊലിപ്പിച്ചെടുത്ത പരിവേഷം, മാധ്യമങ്ങളും കോളജ് അധികാരികളും ഐടി കമ്പനികള്‍ക്കു നല്കിയിരുന്നു.

രണ്ടായിരം പേര്‍ പഠിക്കുന്ന കോളജില്‍ മുഴുവന്‍ കുട്ടികളും കാമ്പസ് സെലക്ഷന്‍ സ്വപ്നം കണ്ടിട്ടുണ്ട്. പഠിച്ചിറങ്ങുന്നതിനുമുമ്പു ജോലി!

അവരില്‍ എത്ര പേര്‍ക്കു സെലക്ഷന്‍ കിട്ടി? പല കമ്പനികള്‍ക്കുവേണ്ടി പത്തോ ഇരുപതോ പേര്‍.

പിന്നീടാണ് ഉള്ളുകള്ളികള്‍ മനസ്സിലായത്. കോളജ് ഉടമകള്‍, കുട്ടികളെ ആകര്‍ഷിക്കാനായി ഐടി കമ്പനികളെ ക്ഷണിച്ചുകൊണ്ടുവരികയാണ്. വര്‍ഷത്തില്‍ രണ്ടോ നാലോ പേരെ തിരഞ്ഞെടുത്താല്‍ മതി. കാമ്പസ് സെലക്ഷന്‍ വേണ്ടെന്നു വരുത്തണം.

സെലക്ഷന്‍ കിട്ടിയവര്‍ക്കു മൂന്നു മാസക്കാലം പരിശീലനമാണ്. ആ കാലത്താണ് ഐടി കമ്പനികളെന്ന അത്ഭുത ലോകത്തെപ്പറ്റി കണ്ടും കേട്ടും അമ്പരക്കുന്നത്. ഐടി പ്രൊഫഷണലുകളെന്നാല്‍ ലോകം നിയന്ത്രിക്കുന്ന രാജകുമാരന്മാര്‍. ഏററവും മുന്തിയ ശമ്പളം കൈപ്പറ്റുന്നവര്‍. സോഫ്റ്റ്വെയര്‍ എന്‍ജിനിയേഴ്സിന്‍റെ പ്രൊമോഷനോ അപാരം. എല്ലാ തസ്തികകളിലും അതിശീഘ്രം കയറിപ്പോകാവുന്ന ഗ്രേഡിങ്ങ്. ലാഭം കൂ ടുമ്പോള്‍ സ്പെഷ്യല്‍ അലവന്‍സ്, ഇന്‍ക്രിമെന്‍റ്, തുരുതുരെ പ്രൊമോഷന്‍. കുതിച്ചുയരുന്ന ശമ്പളസ്കെയില്‍! മാസശമ്പളമല്ല വാര്‍ഷികശമ്പളമാണു കമ്പനി പറയുന്നത്. പന്ത്രണ്ടു ലക്ഷം, പതിനഞ്ചു ലക്ഷം, ഇരുപതു ലക്ഷം, അമ്പതു ലക്ഷം. ഏറ്റവും മുകളില്‍ കണ്ണെത്താ ഉയരത്തില്‍ പത്തു കോടിയും 15 കോടിയും ശമ്പളം പറ്റുന്നവര്‍! കഴിവുളളവന്, പരിശ്രമശാലിക്കു പെട്ടെന്ന് ആകാശംമുട്ടെ ഉയരാം.

മികവു തെളിയിക്കാന്‍ രാപ്പകല്‍ അദ്ധ്വാനം, ജീവിതം മത്സരത്തിന്‍റെയും പിടിച്ചെടുക്കലിന്‍റെയും വേദിയായി മാറുന്നു. കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തിരിച്ചറിവും തളര്‍ച്ചയും. ഒരു ചെറിയ കാരണം മതി; മതിലിനു പുറത്തേയ്ക്കു വലിച്ചെറിയാന്‍. പിന്നെ ഓപ്പറേറ്റിങ്ങ് സിസ്റ്റം തകര്‍ന്ന ഒരു കമ്പ്യൂട്ടര്‍പോലെ ഒരു മനുഷ്യന്‍!

കമ്പനികള്‍ക്കുവേണ്ടി കോളജുകളില്‍ സൃഷ്ടിക്കപ്പെട്ട ഉത്പന്നമാണവന്‍. അവനു പ്രതികരണശേഷിയില്ല. ചിന്താശക്തി വന്ധീകരിക്കപ്പെട്ടിരിക്കുന്നു. അനീതികള്‍ക്കും അധര്‍മങ്ങള്‍ക്കും സമരസപ്പെട്ടു ജീവിക്കുന്ന വിധമാണ് അവനെ പഠിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന്‍റെ പേരില്‍ ചരക്കുകളെ ഉണ്ടാക്കുന്ന വ്യാപാരതന്ത്രം. ദൈവം മനുഷ്യനു നല്കിയ നന്മകളൊക്കെ എന്നേയ്ക്കുമായി ന ശിപ്പിക്കപ്പെടുന്ന പ്രക്രിയ.

റോബിന്‍റെ പല്ലു ഞെരിഞ്ഞു. കോപംകൊണ്ട് അയാള്‍ക്കു കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയായി. ആരെങ്കിലും മുമ്പില്‍ വന്നുപെട്ടാല്‍ കഴുത്തു പിടിച്ചു ഞെരിച്ചുപോകും. അവന്‍ പുറത്തിറങ്ങി കമ്പനി മുറ്റത്തുള്ള ഒരു തണല്‍മരത്തിനു കീഴില്‍ പോയിരുന്നു. അതൊരു ബോധിവൃക്ഷമായിരുന്നു.

പണ്ട് ക്രിസ്തുവിന് 560 വര്‍ഷങ്ങള്‍ക്കുമുമ്പ്, ജീവിതത്തിന്‍റെ രഹസ്യം കണ്ടുപിടിക്കാനായി സിദ്ധാര്‍ത്ഥന്‍ ഒരു ബോധിവൃക്ഷച്ചുവട്ടിലാണിരുന്നതെന്നു റോബിനോര്‍ത്തു ബോധോദയം ഉണ്ടാകുന്നതുവരെ അദ്ദേഹം ആ മരത്തിന്‍റെ ചുവട്ടിലിരുന്നു.

ശരീരവും മനസ്സും തണുക്കുന്നതുവരെ റോബിന്‍ ആ വൃക്ഷത്തിന്‍റെ ചുവട്ടിലിരുന്നു. മരത്തില്‍ നിന്ന് ഇലകള്‍ പൊഴിഞ്ഞുവീഴുന്ന. ഇതുവരെ മരത്തിന്‍റെ ഭാഗമായിരുന്ന ഇലകള്‍.

കമ്പനിയും താനും തമ്മിലുള്ള ബന്ധം ഇത്രയ്ക്കു ദുര്‍ബലമായിരുന്നോ എന്ന ചിന്തയാണു റോബിനെ തളര്‍ത്തിയത്. എത്ര എളുപ്പമാണു പറിച്ചെറിയപ്പെട്ടത്!
അല്പംമുമ്പു വരെ എന്‍റെ കമ്പനിയെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കൂറ്റന്‍ കെട്ടിടമാണു മുമ്പില്‍. ഇപ്പോള്‍ അത് അപരിചിതമായ ഏതോ ഒരു കെട്ടിടം.
മുമ്പ് ഒരുപാടു പേര്‍ ഇങ്ങനെ കമ്പനിയുടെ കവാടം കടന്നുപോയിട്ടുണ്ട്. പൊഴിഞ്ഞ, മരം ഉപേക്ഷിച്ചുകളഞ്ഞ ഇലകള്‍.

കമ്പനി കെട്ടിടം കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മിക്കപ്പെട്ടതാണ്. അതിനു വികാരങ്ങളില്ല. അതിനുള്ളില്‍ ജീവിക്കുന്നവരുടെ മനസ്സ് കോണ്‍ക്രീറ്റുപോലെ ഘനീഭവിച്ചു പോകുമോ? കോണ്‍ക്രീറ്റു ജീവികളാണോ ഇതിനുള്ളിലുളളത്?

കുറഞ്ഞ സമയംകൊണ്ട് ഒരുപാടു മോഹങ്ങളും സ്വപ്നങ്ങളും വിടചൊല്ലി കഴിഞ്ഞു.

റോബിന്‍ എഴുന്നേറ്റു ജോലി എടുത്തിരുന്ന കെട്ടിടത്തിനുള്ളിലേക്കു നടന്നു. അവിടെ തന്‍റെ ഇരിപ്പിടം മറ്റൊരാള്‍ സ്വന്തമാക്കും. താന്‍ ഒന്നു തൊട്ടാല്‍ കണ്ണു ചിമ്മിയിരിക്കുന്ന കമ്പ്യൂട്ടര്‍ ഇനി മറ്റൊരാള്‍ കൈവശപ്പെടുത്തും.

റോബിന്‍ ലാപ്ടോപ്പിന്‍റെ ബാഗെടുത്തു. മേശയുടെ ഡ്രോയില്‍ നിന്നു പേഴ്സും കാറിന്‍റെ ചാവിയുമെടുത്തു.

ആദ്യമായി ജോലിക്കു കയറിയ കമ്പനിയാണ്. വേരുകള്‍ ഉറപ്പിച്ചു വളരുകയായിരുന്നു. കഴിഞ്ഞയാഴ്ച ഒരു പ്രൊമോഷന്‍ ഉറപ്പായതാണ്.

റോബിന്‍റെ ശരീരം വിറയ്ക്കുകയാണ്. ഒരു വല്ലാത്ത തളര്‍ച്ചയില്‍ അയാള്‍ മേശമേല്‍ തല ചായ്ച്ചു.

അയാളുടെ കണ്ണു നിറഞ്ഞൊഴുകി.

അടുത്തിരുന്ന സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി അടുത്തേയ്ക്ക് വന്നു. കാല്‍പ്പെരുമാറ്റത്തിന്‍റെ ശബ്ദംകൊണ്ട് അയാള്‍ ഓരോരുത്തരെയും തിരിച്ചറിഞ്ഞു.
കബീര്‍, ജയദേവ്, ശീതള്‍, രാ ഹുല്‍, സജീവ്…

"റോബിന്‍, എന്താണു സംഭവിച്ചത്? സുഖമില്ലേ?" – അവര്‍ തോളില്‍ തട്ടി വിളിക്കുന്നു.

അപ്പോള്‍ അയാള്‍ അമര്‍ത്തിപ്പിടിച്ചിരുന്ന സങ്കടം കൈവിട്ടുപോയി.

"റോബിന്‍ നീ എഴുന്നേറ്റെ. ഇതാ ഈ വെള്ളം കുടിക്ക്. നിനക്കു ഹോസ്പിറ്റലില്‍ പോകണോ?" – സജീവ് ചോദിച്ചു.

അയാള്‍ ബലമായി റോബിന്‍റെ തല പിടിച്ചുയര്‍ത്തി. അയാളുടെ കവിളിലൂടെ ചാലിട്ടൊഴുകന്ന കണ്ണീര്‍ കണ്ട് അവര്‍ അമ്പരന്നു.

റോബിന്‍ കൈലെസെടുത്തു മുഖം തുടച്ചിട്ട് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു.

"റോബിന്‍ എന്താണു സംഭവിച്ചതെന്നു പറയൂ" – സജീവ് ചോദിച്ചു.

"തീര്‍ന്നു; ഇവിടത്തെ ജോലി അവസാനിച്ചു. നമ്മള്‍ വേര്‍പിരിയുന്നു" – അത്രയും ഒരുവിധം പറഞ്ഞപ്പോഴേക്കും അയാളുടെ സ്വരമടഞ്ഞു.

പൊലീസ് കസ്റ്റഡിയില്‍ ജയിലില്‍ കിടക്കുമ്പോഴും തനിക്കു പിന്തുണയുമായി കമ്പനിയുണ്ടല്ലോ എന്ന ധൈര്യമായിരുന്നു. എത്ര സന്തോഷത്തോടെയാണു രാവിലെ കമ്പനിയിലേക്കു പുറപ്പെട്ടത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജീവിതം കീഴ്മേല്‍ മറിഞ്ഞു.

"നീ ധൈര്യമായിരിക്കൂ റോബിന്‍. നിന്നെ അങ്ങനെ കറിവേപ്പിലപോലെ കമ്പനിക്ക് ഉപേക്ഷിക്കാന്‍ കഴിയുമോ? നമുക്കു വേണ്ടിവന്നാല്‍ സിഇഒയെ കാണാം. സത്യം ബോദ്ധ്യപ്പെടുത്താം. ഞങ്ങള്‍ നിന്നോടൊപ്പമുണ്ട്" – സജീവ് പറഞ്ഞു.

"ഞാനും നിങ്ങളും ഇവിടെയുള്ള കമ്പനികളിലെ മുഴുവന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയേഴ്സും വെറും കറിവേപ്പിലകള്‍ മാത്രമാണ്. കമ്പനികള്‍ക്കു രുചി പകര്‍ന്നു നല്കിയിട്ടു പുറന്തള്ളപ്പെടാനുള്ളവര്‍" – റോബിന്‍ പറഞ്ഞു.

"ശരി സുഹൃത്തുക്കളെ" – അയാള്‍ യാത്ര പറഞ്ഞിറങ്ങി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org