ആയുഷ്ക്കാലം – അദ്ധ്യായം 21

ആയുഷ്ക്കാലം – അദ്ധ്യായം 21

"ഓനച്ചാ, നീ ഓര്‍ക്കുന്നുണ്ടോ കൊച്ചുത്രേസ്യാ മഠത്തില്‍ പോയ വര്‍ഷം?" – ഏലിയാമ്മ ചോദിച്ചു.

"'ജനിക്കുന്നതിനുമുമ്പു നടന്ന സംഭവങ്ങള്‍ നമ്മുടെ ഓര്‍മയില്‍ വരുമോ അമ്മച്ചി?"- ഓനച്ചന്‍ ചിരിച്ചുകൊ ണ്ടു ചോദിച്ചു.

"നീ മഠത്തില്‍ പോയിട്ട് എത്ര വര്‍ഷമായി കൊച്ചുത്രേസ്യേ?" – അടുത്തിരുന്ന മകളോട് ഏലിയാമ്മ ചോദി ച്ചു.

"അമ്മച്ചി കാലം ഒരുപാടായി. കാലം കുത്തൊഴുക്കുള്ള ഒരു നദിപോലെയാണ്. ഞാന്‍ താമസിക്കുന്നിടത്തുനിന്നു ഗംഗാനദിയിലേക്കു കുറച്ചു ദൂരമേയുള്ളൂ. സമയം കിട്ടുമ്പോള്‍ ഗംഗയുടെ തീരത്തുപോയി നില്ക്കും. അപ്പോള്‍ കാലം മുമ്പിലൂടെ ഒഴുകിപ്പോകുന്നതുപോലെ എനിക്കു തോന്നാറുണ്ട്…. ഞാന്‍ മഠത്തിലേക്കു പോകുമ്പോള്‍ ഓനച്ചന്‍റെ അമ്മ മേരിക്കുഞ്ഞിനു പന്ത്രണ്ടു വയസ്സാണ്. കുഞ്ഞാച്ചി പോകല്ലേയെന്നു പറഞ്ഞു അവള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞത് എന്‍റെ മനസ്സില്‍ മങ്ങലേല്ക്കാതെ കിടക്കുന്നു. ഒരു തകരപ്പെട്ടിയില്‍ ഒതുങ്ങുന്ന വസ്തുക്കളുമായി ഈ വീടു വിട്ടുപോയിട്ട് അമ്മച്ചി, ഇതു നാല്പത്തിനാലാമത്തെ വര്‍ഷമാണ്. ഒമ്പതു വര്‍ഷം കഴിഞ്ഞ് ഒരിക്കല്‍ ഞാന്‍ വരുമ്പോള്‍ ഈ ഓനച്ചന്‍ മുട്ടിലിഴഞ്ഞു നടക്കുകയാ…"- കുഞ്ഞാച്ചി പറഞ്ഞു.

"അന്നും ഇന്നും മക്കളെ ദൂരെ ദിക്കിലേക്കു പറഞ്ഞയയ്ക്കുന്നതില്‍ ആഹ്ലാദം കൊള്ളുന്നവരാണ് ഇവിടത്തെ മാതാപിതാക്കള്‍" – ഓനച്ചന്‍ പറഞ്ഞു.

"ആഹ്ലാദമെന്നു പറഞ്ഞു കൂടാ. ഗതികേട് എന്നു വേണമെങ്കില്‍ പറയാം… നാല്പ ത്തിനാലു കൊല്ലമായോ കൊച്ചുത്രേസ്യാ നീ ഇവിടെനിന്നു പോയിട്ട്. വിശ്വാസം വരുന്നില്ല കേട്ടോ. അന്നു നിന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഒരു കന്യാസ്ത്രീ വന്നിരു ന്നു… നീ പോകുന്നത് എല്ലാവര്‍ക്കും സങ്കടമായിരുന്നു. അന്നൊരു പെണ്‍കുട്ടി പത്താംക്ലാസ്സ് ജയിക്കുന്നത് അപൂര്‍വമാ. അന്നൊരു ജോലി കിട്ടാന്‍ പത്താം ക്ലാസ്സ് ജയിച്ചാല്‍ മതി. ജോലിക്കൊന്നും ആരും പോകില്ല. അതിനെപ്പറ്റിയൊന്നും ആര്‍ക്കും അറിഞ്ഞുകൂടാ. പത്താം ക്ലാസ്സ് പാസ്സായാല്‍ കന്യാസ്ത്രീകള്‍ വന്നു മഠത്തില്‍ ചേരാന്‍ കൂട്ടിക്കൊണ്ടുപോകും, അങ്ങനെ പോയതാ നീ…"- ഏലിയാമ്മ പറഞ്ഞു.

"മാലിപ്പറമ്പിലച്ചനും വന്നിരുന്നമ്മച്ചി. രണ്ടു വര്‍ഷം കൊല്ലത്തായിരുന്നു പഠനം. പിന്നെ ബീഹാറിലെ ഹസാരിബാഗില്‍. ഒരു കുഗ്രാമത്തിലായിരുന്നു മിഷനറിജീവിതത്തിന്‍റെ തുടക്കം. ചെക്കോസ്ലോവാക്യക്കാരി സി. ഹെല്‍മയാണു മിഷന്‍ പ്രവര്‍ത്തനം പഠിപ്പിച്ചത്. സഭാവസ്ത്രം സ്വീകരിച്ചതൊക്കെ അവിടെ വച്ചാണ്. സന്താളി ഗോത്രവര്‍ഗക്കാര്‍ നിറഞ്ഞ പ്രദേശത്തായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനം. ആശുപത്രിയും സ്കൂളുമൊക്കെ അവിടെ സ്ഥാപിച്ചു. നമ്മളേക്കാളൊക്കെ നന്മ നിറഞ്ഞവരായിരുന്നു സന്താളികള്‍. അവരെ നന്നാക്കാനാണു നമ്മള്‍ കേരളത്തില്‍ നിന്നു ചെന്നത്!" – കുഞ്ഞാച്ചി ചിരിച്ചു.

"ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുഞ്ഞാച്ചി തന്ന തിളങ്ങുന്ന മാതാവിന്‍റെ കാശുരൂപം ഞാന്‍ ഒരുപാടു കാലം സൂക്ഷിച്ചുവച്ചിരുന്നു. ചെറുപ്പകാലത്തെ സന്തോഷങ്ങളും സ്വപ്നങ്ങളും കൈമോശം വന്ന കൂട്ടത്തില്‍ അതും പോയി"- ഓനച്ചന്‍ പറഞ്ഞു.

"ഇപ്പോള്‍ നിന്‍റെ ജോലി എന്താണ് ഓനച്ചാ?" – കുഞ്ഞാച്ചി ചോദിച്ചു. നാലു പതിറ്റാണ്ടു കേരളത്തില്‍നിന്നു വിട്ടുനിന്നതുകൊണ്ടാകാം കുഞ്ഞാച്ചിക്കു മലയാളം ശരിക്കു വഴങ്ങാതെ വന്നിരിക്കുന്നു.

"അവനില്ലാത്ത പണിയൊന്നുമില്ല"- അമ്മച്ചി പറഞ്ഞു.

"കുഞ്ഞാച്ചി, എനിക്കു സ്കൂള്‍ വിദ്യാഭ്യാസമേയുള്ളൂ. അതുകൊണ്ട് ഈ നാട്ടില്‍ തന്നെ ജീവിക്കാനും തൊഴില്‍ ചെയ്യാനും ഭാഗ്യമുണ്ടായി. കൂടുതല്‍ പഠിക്കുന്നവരൊക്കെ നാടുവിട്ടു പോകുന്നു. റബര്‍ടാപ്പിംഗുണ്ട്. ജീവിക്കാനതു മതി. ദിവസം അറുനൂറു രൂപ കിട്ടും. പിന്നെ കാശു കിട്ടുന്ന ഏതു പണിയും ചെയ്യും. ഇപ്പോള്‍ ഞാന്‍ ഒരു കിണറിനു സ്ഥാനം കാണാന്‍ പോയിട്ടു വരികയാ. കിണറിനു കുറ്റിയടിച്ചു കഴിഞ്ഞു പോരാന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാരന്‍ അഞ്ഞൂറിന്‍റെ നോട്ടൊരെണ്ണം പോക്കറ്റില്‍ തിരുകി" – ഓനച്ചന്‍ ചിരിച്ചു.

"കിണറിനു സ്ഥാനം കാണാന്‍ നീ എങ്ങനെ പഠിച്ചെടാ ഓനച്ചാ?" – ഏലിയാമ്മ ചോദിച്ചു.

"ഇതൊക്കെ ഒരു ധൈര്യമല്ലേ അമ്മച്ചി. ഒരു ദിവസം തൈപ്പറമ്പില്‍ ചന്ദ്രന്‍ പണിക്കന്‍, കിണറിനു സ്ഥാനം കാണുന്നതു ഞാന്‍ കണ്ടു. അങ്ങേര് ഒരു കൂനംപാലക്കമ്പാണു സ്ഥാനം കാണാന്‍ ഉപയോഗിക്കുന്നത്. വണ്ണം കുറഞ്ഞു കവലയുള്ള ഒരു കമ്പു രണ്ടു കൈകൊണ്ടും പിടിച്ചുകൊണ്ടു പറമ്പിലൂടെ നടക്കും. ഉറവയുള്ള സ്ഥലത്തു ചെല്ലുമ്പോള്‍ ആ കമ്പു കൈക്കുള്ളില്‍ തിരിയും. അതിന്‍റെ സൂത്രം എന്താണെന്നു ഞാന്‍ പണിക്കനോടു ചോദിച്ചു. എല്ലാവരും പിടിച്ചാല്‍ കമ്പു തിരിയില്ല. ജന്മനാ കിട്ടുന്ന സിദ്ധിയുണ്ടാകണമെന്നു പണിക്കന്‍ പറഞ്ഞു.

സിദ്ധിയുണ്ടോ എന്ന് എങ്ങനെ അറിയുമെന്നായി ഞാന്‍. കമ്പൊന്നു പിടിച്ചുനോക്കാന്‍ പണിക്കന്‍ നിര്‍ദ്ദേശിച്ചു. കമ്പ് എന്‍റെ കയ്യിലിരുന്നു കറങ്ങി. ഓനച്ചനു സിദ്ധിയുണ്ടെന്നു പണിക്കന്‍ പറഞ്ഞു. മനോധര്‍മ്മംകൂടി വേണം അത്രയേയുള്ളൂ.

ഇക്കൊല്ലം വേനല്‍ തുടങ്ങിയപ്പോള്‍ നമ്മുടെ ചാലില്‍ തോമസ് ചേട്ടന്‍ എന്നോടു പറഞ്ഞു, എടാ ഓനച്ചാ, എന്‍റെ കിണറു വറ്റി. പുതിയതൊന്നു കുത്തണം. കിണറിനു സ്ഥാനം കാണുന്ന ഒരാളെ വേണം. ഞാന്‍ പറഞ്ഞു, തോമസ് ചേട്ടന്‍ ആളെ അന്വേഷിച്ചുപോകണ്ട. ഞാനൊന്നു നോക്കാം.

എന്നാല്‍ നോക്കെടാ എന്നു തോമസുചേട്ടന്‍. ഞാനങ്ങു നോക്കി. പതിനാറു കോലിന്‍റെ കണക്കും പറഞ്ഞ് ഒരു കുറ്റി കുത്തി. തോമസ് ചേട്ടന്‍ അവിടെത്തന്നെ കിണര്‍ കുത്തിച്ചു. വെള്ളം കിട്ടുമോ എന്നെനിക്ക് ഉറപ്പൊന്നുമില്ലാത്തതുകൊണ്ടു കുറേ ദിവസത്തേയ്ക്കു ഞാനാ വഴിക്കു പോയില്ല. ഒരു ദിവസം ഉദയഗിരി കവലയില്‍വച്ചു തോമസ്ചേട്ടനെ കണ്ടപ്പോള്‍ നില്ക്കെടാ ഓനച്ചാ. വെള്ളം കിട്ടിയെടാ. നിനക്കു ദക്ഷിണ എന്തെങ്കിലും തരണമല്ലോ എന്നു പറഞ്ഞ് ഒരു നൂറു രൂപാ പോക്കറ്റിലിട്ടു. പിന്നെ ആളുകള്‍ അന്വേഷിച്ചു വരാന്‍ തുടങ്ങി. ഇക്കൊല്ലം കിണറിനു സ്ഥാനം കാണുന്നവര്‍ക്കു നല്ല പോളിങ്ങാണ്. വേനല്‍ തുടങ്ങിയപ്പോഴേക്കും കിണറുകളെല്ലാം വറ്റിപ്പോയില്ലേ. ഞാന്‍ എട്ടുപത്തു വീട്ടുകാര്‍ക്കു സ്ഥാനം കണ്ടു. ദൈവാനുഗ്രഹം വരുന്ന വഴിയെ. എല്ലാത്തിലും വെള്ളം കണ്ടു!"

"എന്താ ഓനച്ചാ ഇപ്പോള്‍ കിണറുകളെല്ലാം വറ്റിപ്പോകുന്നത്?"- കുഞ്ഞാച്ചി ചോദിച്ചു.

"എന്‍റെ കുഞ്ഞാച്ചി, നാട്ടിലൊന്നു ചുറ്റിക്കറങ്ങി നോക്കണം. പണ്ടത്തെ നാടല്ലിത്. 10 സെന്‍റിന് ഒരു വീടുവച്ചായില്ലേ? ആ വീടുകള്‍ക്കെല്ലാം കിണറുകള്‍ വേണ്ടേ? പഴയപോലെ പാളയും കയറും കെട്ടി വെള്ളം വലിച്ചുകോരുകയാണോ? മോട്ടോര്‍ പമ്പുകൊണ്ട് അടിച്ചുകയറ്റുകയല്ലേ? പണ്ടു മൂത്രമൊഴിക്കുന്നതു പറമ്പിലാ. അതിനു ചെലവൊന്നുമില്ലായിരുന്നു. ഇന്നു വീടിനുള്ളിലെ ടോയ്ലറ്റില്‍ മൂത്രമൊഴിച്ചാല്‍ പത്തു ലിറ്റര്‍ വെള്ളം ചെലവാകും. നമ്മുടെ നാട്ടില്‍ നിന്നു നഴ്സുമാരു പെണ്ണുങ്ങള്‍ ഗള്‍ഫിലൊക്കെ പോയി നാട്ടിലേക്കു കാശയയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഇവിടെയുള്ളവര്‍ വലിയ കൊട്ടാരംപോലുള്ള വീടുകള്‍ കെട്ടി. മുറ്റവും പരിസരവും കോണ്‍ ക്രീറ്റ് വിരിച്ചു. വില കൂടിയ ചെരിപ്പില്‍ മണ്ണു പറ്റാതിരിക്കാനുള്ള സംവിധാനം. അതുകൊണ്ടു ഭൂമിയിലേക്കു വെള്ളമിറങ്ങാതെയായി. ഇനിയും കാശുണ്ടായാല്‍ നമ്മള്‍ അവിടമെല്ലാം സ്വര്‍ണം പൂശിയേക്കും! ന മ്മുടെ പൊങ്ങച്ചം അത്ര മഹത്തരമാ"- ഓനച്ചന്‍ ചിരിച്ചു.

"ഓനച്ചാ നീ എപ്പോള്‍ വന്നെടാ?" സ്കൂളില്‍നിന്നെത്തിയ ജോയിച്ചന്‍ അമ്മച്ചിയുടെ മുറിയുടെ വാതില്ക്കല്‍ നിന്നു ചോദിച്ചു.

"കുറേ നേരമായി; കുഞ്ഞാച്ചി വന്നിട്ടുണ്ടെന്നറിഞ്ഞു വന്നതാ."

"നിന്‍റെ സീരിയലിന്‍റെ പണി എന്തായി ഓനച്ചാ?"

"അതു തുടങ്ങി. മനോരഥം ചാനലിലാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടു മണിക്ക്. സീരിയലിന്‍റെ പേരു സുമംഗലി. സംവിധായകന്‍റെ ഫോര്‍മുലയനുസരിച്ച് എഴുതി കൊടുക്കുന്നു. നാടകം എഴുതുന്നതിനേക്കാള്‍ എളുപ്പമാണ്. നാടകം, ഒരു കഥ ആറ്റിക്കുറുക്കി തട്ടേല്‍ കൊണ്ടുവരണം. സീരിയല്‍, സദ്യയ്ക്കു വിളമ്പുന്ന സാമ്പാറുപോലെയാണ്. ആ വശ്യമനുസരിച്ച് കഞ്ഞിവെള്ളമോ മറ്റോ ഒഴിച്ചു നീട്ടിനീട്ടിവിളമ്പാം. ഒരുപാടു പേര്‍ അതുകൊണ്ടു ജീവിക്കുന്നു" – ഓനച്ചന്‍ പറഞ്ഞു.

"എന്താണെങ്കിലും അതിലൊരു കലയുടെ തലമുണ്ടല്ലോ"- ജോയിച്ചന്‍ അഭിപ്രായപ്പെട്ടു.

"എന്തോന്നു കല? നമ്മള്‍ താന്നിമൂടു ചന്തയിലെ കച്ചവടം കണ്ടിട്ടില്ലേ? ഒരിടത്തു മീന്‍ വില്ക്കുന്നു, മറ്റൊരിടത്തു മാംസം വില്ക്കുന്നു, പിന്നെ ഒരിടത്തു പച്ചക്കറി വില്ക്കുന്നു, പലഹാരം വില്ക്കുന്നു. വില തുച്ഛം ഗുണം മെച്ചമെന്ന് എല്ലാവരും വിളിച്ചുകൂവി കച്ചവടം കൊഴുപ്പിക്കുന്നു. കലയ്ക്ക് അവിടെ എന്തു സ്ഥാനം? കലയുടെ പേരിലും രാഷ്ട്രീയത്തിന്‍റെ പേരിലും ഭക്തിയുടെ പേരിലുമൊക്കെ പ്രകടമായി കാണുന്നതു കച്ചവടമാണ്. കുഞ്ഞാച്ചി 40 വര്‍ഷം മുമ്പ് ഈ നാട്ടില്‍ നിന്നു പോകുമ്പോള്‍ ഇവിടെ നല്ല കൃഷിക്കാരുണ്ടായിരുന്നു. നല്ല ഭക്ഷണവും നല്ല വെള്ളവുമുണ്ടായിരുന്നു. നല്ല അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു, നല്ല വൈദികരും സന്ന്യാസിമാരുമുണ്ടായിരുന്നു, നല്ല കലാകാരന്മാരും നല്ല മനുഷ്യരുമുണ്ടായിരുന്നു. ഇന്ന് ഇവരെയെല്ലാം കച്ചവടക്കാരുടെ ഗണത്തില്‍പ്പെടുത്താം. കൊള്ളലാഭമുണ്ടാക്കാനായി കഴുത്തറുപ്പന്‍ കച്ചവടത്തിനൊരുമ്പെട്ടു നടക്കുന്നവര്‍. നമ്മുടെ നാടു വലിയൊരു ചന്തയായിപ്പോയി. പണ്ടു പവിത്രമായിരുന്ന പലതും ഇന്നു കച്ചവടച്ചരക്കു മാത്രമാണ്. നമുക്കിവിടെ ഉണ്ടായിരുന്ന തനതു സംസ്കാരങ്ങളെല്ലാം കമ്പോള സംസ്കാരം വിഴുങ്ങി. നേരിട്ട് അദ്ധ്വാനിക്കാതെ, മറ്റുള്ളവരുടെ അദ്ധ്വാനഫലത്തെ വാങ്ങുകയും വില്ക്കുകയും ചെയ്യുന്നതാണല്ലോ കച്ചവടം. നമ്മുടെ കുട്ടികള്‍പോലും ചിലര്‍ക്കു ലാഭമുണ്ടാക്കാനുള്ള ഉത്പന്നം മാത്രമാണ്. കച്ചവടക്കാരന്‍റെ മുഖത്തു നമ്മള്‍ കാണുന്നതു സ്വാര്‍ത്ഥതയും ആര്‍ത്തിയും. ഈ ആര്‍ത്തിയുടെ സംസ്കാരമാണ്, എല്‍കെജി മുതല്‍ നമ്മുടെ മക്കളിലേക്കുകൂടി നമ്മള്‍ പകര്‍ന്നുകൊടുക്കുന്നത്. കുഞ്ഞാച്ചി ഇനി അന്യദേശത്തെ മിഷന്‍ പ്രവര്‍ത്തനം മതിയാക്കി ഈ നാട്ടിലേക്കു വരണം? നമ്മുടെ നാട്ടിലെ മനുഷ്യര്‍ അന്ധകാരത്തില്‍ വഴിതെറ്റി അലയുകയാണ്. അന്യദേശത്തെ ആളുകളേക്കാള്‍ സത്യത്തിന്‍റെ പ്രകാശം ഇപ്പോള്‍ ഇവിടെയാണാവശ്യം" – ഓനച്ചന്‍ ചിരിച്ചു.

"എന്‍റെ പ്രവര്‍ത്തനകാലം തീര്‍ന്നില്ലെ. വയസ്സ് അറുപതായി; രോഗങ്ങളുമായി" – കുഞ്ഞാച്ചി പറഞ്ഞു.

"ഓനച്ചനു നാക്കിനെല്ലില്ല. എന്തോന്നു കച്ചവടത്തിന്‍റെ കാര്യമാ നീ പറയുന്നത്?"-ഏലിയാമ്മ ചോദിച്ചു.

"അമ്മച്ചി ഈ കട്ടിലില്‍ കിടപ്പായിട്ട് ഇപ്പോള്‍ എത്ര വര്‍ഷമായി? പുറത്തെ കാര്യങ്ങള്‍ വല്ലതും അറിയുന്നുണ്ടോ? നമ്മുടെ നാടു വല്ലാതെ പുരോഗമിച്ചുപോയി. അമ്മച്ചി ഒരുപക്ഷേ, ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതൊക്കെ കാലഹരണപ്പെട്ടുപോയി. പണ്ട് അമ്മച്ചി കിണറുകളില്‍ നിന്നു വെറുതെ കോരിയെടുത്തിരുന്ന പച്ചവെള്ളത്തിന് ഇപ്പോള്‍ കുപ്പിയൊന്നിന് ഇരുപതു രൂപാ കൊടുക്കണം! അമ്മച്ചിയുടെ കാലത്തു വലിയ കുടുംബം, ചെറിയവീട്. ഇന്നു ചെറിയ കുടുംബം വലിയ വീട്! അമ്മച്ചിയുടെ നല്ല പ്രായത്തില്‍ കൂടുതല്‍ ഉച്ചരിച്ചിരുന്ന വാക്കുകള്‍ അമ്മി, ഉരല്‍, ഉലക്ക, മുറം, നെല്ല്, ഇടങ്ങഴി, നാഴി ഉമിക്കരി, പാള…. ഇന്നതൊക്കെ കാലഹരണപ്പെട്ടുപോയി. പുതിയ പുതിയ വാക്കുകള്‍ വന്നു. അമ്മ ച്ചി പുറത്തോട്ട് ഒന്നിറങ്ങി നോക്കണം; കളി കാണണെങ്കില്‍. പറഞ്ഞിട്ടെന്താ അപ്പോഴേക്കും കണ്ണിന്‍റെ കാഴ്ചയും പോയി…" – ഓനച്ചന്‍ ചിരിച്ചു.

"നീ ചിരിച്ചോടാ. നിനക്കും പ്രായമാകും. കണ്ണു കാതും കേള്‍ക്കാതെയാകും"- ഏലിയാമ്മ പറഞ്ഞു.

"അമ്മച്ചീ, എട്ടോ പത്തോ വര്‍ഷത്തിനകം പ്രായമാകാതെയിരിക്കാനും മരിക്കാതെയിരിക്കാനുമുള്ള മരുന്നു കണ്ടുപിടിക്കും. പണ്ടു നമ്മുടെ രാജ്യത്ത് അത്തരം മരുന്നുണ്ടായിരുന്നതാണ്. ഇടയ്ക്ക് എങ്ങനെയോ നഷ്ടപ്പെട്ടുപോയി. അമൃതം എന്ന് അമ്മച്ചി കേട്ടിട്ടില്ലേ? അതു വീണ്ടും കണ്ടുപിടിച്ചാല്‍ രക്ഷപ്പെട്ടു. അതുടനെ എങ്ങനെയെങ്കിലും എന്‍റെ കയ്യില്‍ കിട്ടിയാല്‍ അമ്മച്ചിക്കു ഞാന്‍ ഒരു ഡോസ് തരും. അതോടെ അമ്മച്ചിയുടെ ജരാനരകളെല്ലാം മാറി നല്ല ചെറുപ്പക്കാരി സുന്ദരിയായി മാറും. പിന്നെയാണ് പുകില്…" – ഓനച്ചന്‍ പറഞ്ഞു.

"ആ മരുന്ന് എനിക്കു വേണ്ട ഓനച്ചാ. ഞാനത് ഒരിക്കലും കഴിക്കുകയില്ല. ഈ ഭൂമിയിലെ ജീവിതം എനിക്കു മതിയായി. ഒരു സദ്യയുണ്ണാന്‍ പോയാല്‍ വിശപ്പിനുള്ളതു കഴിച്ചിട്ടു നിര്‍ത്തണം. അല്ലാതെ അവിടെയുള്ളതു മുഴുവന്‍ തിന്നുതീര്‍ക്കാന്‍ ആര്‍ത്തി കാണിക്കരുത്… ചെറുപ്പത്തില്‍ നമ്മള്‍ മരണത്തെ ഭയപ്പെടും. ജീവിതത്തോട് അത്ര സ്നേഹം തോന്നുന്ന കാലമാണ്. പക്ഷേ, വാര്‍ദ്ധക്യമാകുമ്പോള്‍ മരണത്തോട് ഒരിഷ്ടം തോന്നിപ്പോകും. മരണത്തെ കാത്തിരിക്കുന്ന കാലമാകും. ഈ ഭൂമിയില്‍ ഇനിയൊരു ജീവിതം എനിക്കു വേണ്ട ഇവിടെയുള്ള ജീവിതത്തിന്‍റെ പൊരുളുകള്‍ ഏതൊണ്ടെല്ലാം എനിക്കു മനസ്സിലായി. ഇനി മരണം വന്നു മറ്റൊരു ലോകത്തേയ്ക്ക് എന്നെ കൊണ്ടുപോകുന്നതാണ് എന്‍റെ സ്വപ്നം" – ഏലിയാമ്മ പറഞ്ഞു.

"ഈ അമ്മച്ചി മാത്രമെന്താ ഇങ്ങനെ?"

ഈ നാട്ടില്‍ മിക്ക ആളുകള്‍ക്കും വയസാകുന്തോറും ജീവിതത്തോടുള്ള ആര്‍ത്തി വര്‍ദ്ധിക്കുകയാ. നരച്ചു ചെതുക്കായവരും മുടി കറുപ്പിക്കുന്നു, പല്ലു വയ്ക്കുന്നു, ഹൃദയംതന്നെ മാറിവയ്ക്കാന്‍ നോക്കുന്നു. ചെറുപ്പക്കാരെപ്പോലെ വേഷം കെട്ടി നടക്കുന്നു. പിന്നാലെ വരുന്നവര്‍ക്കു വഴിമറി കൊടുടുക്കുകയില്ല. ആശുപത്രികളായ ആശുപത്രികളെല്ലാം വയസ്സായവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാ. മരിക്കാതിരിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന അന്വേഷണത്തിലാ എല്ലാവരും."

"ചിലര്‍ക്ക് അങ്ങനെ ചില ആഗ്രഹങ്ങളുണ്ടാകും ഓനച്ചാ. ഒരുപാടു സമ്പാദിച്ചുകൂട്ടുന്നവര്‍ക്കു സ്വസ്ഥമായി ജീവിക്കാന്‍ അവസരമുണ്ടായിട്ടില്ലല്ലോ. സമ്പത്തു കുന്നുകൂട്ടിയിട്ടു വേണം ആസ്വദിച്ചു ജീവിക്കാനെന്ന് അവര്‍ സ്വപ്നം കാണുന്നുണ്ടാകും. നീ ഓര്‍ക്കുന്നുണ്ടോ ഓനച്ചാ, ചേമ്പുകാട്ടില്‍ മാത്തന്‍ചേട്ടനെ. ഈ കരയിലെ ഏറ്റവും വലിയ പണക്കാരനായിരുന്നു. ഭൂമിയൊക്കെ പണയം പിടിച്ചു പലിശയ്ക്കു പണം കൊടുക്കുന്ന ഏര്‍പ്പാടായിരുന്നു. അന്യന്‍റെ സമ്പത്ത് എങ്ങനെ സ്വന്തമാക്കാമെന്നുള്ള ചിന്തയായിരുന്നു എപ്പോഴും. മക്കള്‍ക്കുപോലും മനസ്സറിഞ്ഞ് ഒരു ഉപകാരം ചെയ്തിട്ടില്ല. മക്കള്‍ക്കു ഭാഗപത്രമെഴുതിയപ്പോള്‍ അവര്‍ക്കു കൊടുക്കുന്ന വസ്തുവകകള്‍ അവരുടെ കാലശേഷം തിരിച്ചു തന്‍റേതാകുമെന്ന് എഴുതിവച്ച മനുഷ്യനാ. ഒരിക്കലും മരിക്കുകയില്ലെന്നായിരുന്നു അങ്ങേരുടെ വിചാരം. വലിയ വീടൊക്കെ പണിതു സുഖമായി ജീവിക്കാനൊരുങ്ങുമ്പോഴാ കവിളിലൊരു കുരു വീര്‍ത്തുവീര്‍ത്തു വന്നു പൊട്ടി പഴുത്തത്. വാ പൊളിച്ചു പച്ചവെള്ളം കുടിക്കാന്‍പോലും നിവൃത്തിയില്ലാതെയായി. കുറേ ചികിത്സ ചെയ്തു. പിന്നെ മക്കള്‍ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ കൊണ്ടുപോയി തള്ളി. അപ്പോഴേക്കും വൃണത്തില്‍ പുഴുവായി. അവിടെ കിടന്നാ മരിച്ചെ. അയാളുണ്ടാക്കിവച്ച സമ്പത്തില്‍ ഒരു രൂപാ പോലും അയാള്‍ക്ക് ഉതകിയില്ല. നമ്മുടെ ആയുഷ്ക്കാലം എത്ര ശുഷ്കമാണ്. ആ ചിന്ത നമ്മള്‍ക്കുണ്ടാകണം" – ഏലിയാമ്മ പറഞ്ഞു.

"അമ്മച്ചി പറയുന്നതു ശരിയാണ്. പക്ഷേ, ഓരോ മനുഷ്യര്‍ക്കും അവരവരുടേതായ ശരികളുണ്ടല്ലോ. അമ്മച്ചീ സമയം പോയി. ഇന്നു സീരിയലിന്‍റെ നാല് എപ്പിസോഡ് എഴുതണം. കുഞ്ഞാച്ചി ഞാനിറങ്ങുകയാ. എപ്പോഴാ വീട്ടിലേക്കു വരുന്നത്? വിളിച്ചാല്‍ മതി; ഞാന്‍ ഓട്ടോയുമായി വരാം" – ഓനച്ചന്‍ പുറത്തേയ്ക്കിറങ്ങി.

അപ്പോഴാണു സുജിത് പട്ടണത്തില്‍ പോയിട്ടു തിരിച്ചെത്തിയത്.

"സുജിത്തേ, എന്‍ട്രന്‍സിന്‍റെ റിസല്‍ട്ട് വന്നല്ലോ. ഇത്തവണ റാ ങ്കുലിസ്റ്റില്‍ പേരുണ്ടോ?"

"ഇത്തവണ രക്ഷപ്പെട്ടെന്നു പറയാം ചേട്ടാ. അഡ്മിഷനുളള അപേക്ഷ അയയ്ക്കാന്‍ പോയതാ"- സുജിത് പറഞ്ഞു.

"നീ ഡോക്ടായി വന്നിട്ടു വേണം എനിക്കു രോഗം വല്ലതുമുണ്ടോയെന്നു പരിശോധിക്കാന്‍" – ഓനച്ചന്‍ ചിരിച്ചുകൊണ്ടു മുറ്റത്തിറങ്ങി നടന്നു.

"പോയ കാര്യം എന്തായി മോനേ?" – ജോയിച്ചന്‍ ചോദിച്ചു.

"അതൊക്കെ ശരിയായി പപ്പ" – സുജിത് പറഞ്ഞു.

"മുമ്പ് എനിക്കൊരാഗ്രഹമുണ്ടായിരുന്നു. മക്കള്‍ ഡോക്ടറാകണമെന്ന്. ഒരു അദ്ധ്യാപകന്‍റെ ജോലി വളരെ മോശമാണെന്ന് എങ്ങനെയോ ഒരു വിചാരം എനിക്കുണ്ടായി. എന്‍റെ കൂടെയുണ്ടായിരു ന്ന ജോസഫ് സാറിന്‍റെ മകന്‍ മെഡിസിനു പോയപ്പോള്‍ മുതല്‍ എന്‍റെ മക്കളും ഡോക്ടറാകണമെന്നു ഞാന്‍ ആഗ്രഹിച്ചുപോയി. എന്‍ജിനീയറിങ്ങിനോ മെഡിസിനോ പഠിക്കണം. അതില്‍ കുറഞ്ഞുള്ള പഠിപ്പു മോശമാണെന്ന വിചാരം എനിക്കുണ്ടായിപ്പോയി. അതുകൊണ്ടാ ഞാന്‍ നിന്നെ നിര്‍ബന്ധിച്ച് എന്‍ട്രന്‍സ് പരീക്ഷയ്ക്കു പഠിപ്പിച്ചത്. ഇപ്പോള്‍ എനിക്ക് ആ ചിന്തയ്ക്കു മാറ്റമുണ്ടായി. നിന്‍റെ ഇഷ്ടമാണു പ്രധാനം. നിന്‍റെ ജീവിതം നിനക്ക് അവകാശപ്പെട്ടതാണ്. നിനക്ക് ഇഷ്ടമാണെങ്കില്‍ മാത്രം നീ മെഡിസിനു പോയാല്‍ മതി. എന്‍റെ ആഗ്രഹം സാധിച്ചുതരാന്‍ വേണ്ടി നീ ത്യാഗം ചെയ്യേണ്ടതില്ല. എനിക്കിപ്പോള്‍ നിന്‍റെ മേല്‍ അങ്ങനെ ഒരാഗ്രഹമില്ല" – ജോയിച്ചന്‍ പറഞ്ഞു.

"അതെന്താണു പപ്പ ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുന്നത്?"

"ചില അനുഭവങ്ങള്‍ എന്‍റെ ചിന്തകളെ മാറ്റി. ഒരു വര്‍ഷം നഷ്ടപ്പെട്ടതിനെപ്പറ്റി നീ ആകുലപ്പെടേണ്ടതില്ല. നിനക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാം."

"എനിക്കു പപ്പയെപ്പോലെ ഒരു അദ്ധ്യാപകന്‍ ആകണമെന്നായിരുന്നു ആഗ്രഹം. ഒരു എന്‍ജിനീയറിങ്ങിനേക്കാളും ഡോക്ടറേക്കാളും സമൂഹത്തിന് ഒന്നാകെ പ്രയോജനമുള്ള ആള്‍ അദ്ധ്യാപകനാണ്. സമൂഹത്തിന്‍റെ എന്‍ജിനീയറും ഡോക്ടറുമാണ് അദ്ധ്യാപകന്" – സുജിത് പറഞ്ഞു.

"എങ്കില്‍ നിനക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാന്‍ നിനക്കു സ്വാതന്ത്ര്യമുണ്ട്. ഇഷ്ടമില്ലാത്ത വിഷയം പഠിച്ചു നീ നിന്‍റെ സ്വപ്നങ്ങളെ നഷ്ടമാക്കരുത്" – ജോയിച്ചന്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തെ ഉറക്കെളപ്പ്, സംഘര്‍ഷം, കഷ്ടപ്പാട് ഒക്കെയും സുജിത്തിന്‍റെ മനസ്സില്‍ കല്ലിച്ചുകിടപ്പുണ്ട്. എല്ലാം പപ്പയുടെ നിര്‍ബന്ധത്തിനു വഴങ്ങി. ഇപ്പോള്‍ പപ്പയ്ക്കുണ്ടായ മാറ്റം മനസ്സിലാക്കാനാകാതെ സുജിത് അമ്പരന്നു നിന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org