Latest News
|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 22

ആയുഷ്ക്കാലം – അദ്ധ്യായം 22

Sathyadeepam

ജോസ് ആന്‍റണി

“റോബിന്‍, നിങ്ങള്‍ ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആളാണ്. നിങ്ങള്‍ക്കു ഞങ്ങളുടെ കമ്പനിയില്‍ ജോലി നല്കുന്നതിനു സന്തോഷമാണുള്ളത്. പക്ഷേ, ഞങ്ങളുടെ കമ്പനി ചെറിയൊരു സംരംഭമാണ്. ബിസിനസ്സ് കുറവാണ്. നിങ്ങള്‍ക്കു മുമ്പു ലഭിച്ചിരുന്നതുപോലുള്ള ശമ്പളം നല്കാന്‍ ഞങ്ങള്‍ക്കു കഴിയുകയില്ല” – കമ്പനിയുടെ മാനേജര്‍ പറഞ്ഞു.

റോബിന്‍ പരസ്യം കണ്ടു ജോലി അന്വേഷിച്ചെത്തിയതായിരന്നു അവിടെ. മാനേജര്‍ അവരുടെ ശമ്പളസ്കെയില്‍ പറഞ്ഞു. അതു കേട്ടു റോബിന്‍ ഞെട്ടിപ്പോയി. ഐടി മേഖലയില്‍ ഇത്രയ്ക്കു കുറഞ്ഞ ശമ്പളസ്കെയിലുണ്ടോ?

“ഇതു വളരെ കുറവാണു സാര്‍. ബംഗളൂരുവില്‍ ജീവിച്ചുപോകണ്ടേ” – റോബിന്‍ പറഞ്ഞു. മുമ്പു ലഭിച്ചിരുന്നതിന്‍റെ നാലിലൊന്നു ശമ്പളമാണ് അയാള്‍ പറഞ്ഞത്.

“നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ മതി” – മാനേജര്‍ പറഞ്ഞു.

“സോറി സര്‍. ഈ ശമ്പളത്തില്‍ എനിക്കു ജോലി ചെയ്യാന്‍ കഴിയില്ല.” റോബിന്‍ ഓഫീസുമുറിയില്‍ നിന്നു പുറത്തിറങ്ങി കാറില്‍ കയറി ഗെയ്റ്റ് കടന്നു.

വീടിനു വാടക കൊടുക്കണം. കാറിന്‍റെ ലോണ്‍ അടയ്ക്കണം. കേസ് നടത്താനും പണം വേണം. ജോലി അന്വേഷിക്കാന്‍ തുടങ്ങിയിട്ടു കുറേ ദിവസങ്ങളായി. ജെയ്സിയോടു ജോലി നഷ്ടപ്പെട്ട വിവരം പറഞ്ഞില്ല. രാവിലെ അവളോടൊപ്പം ഇറങ്ങും. അവളെ കമ്പനിയില്‍ വിട്ടിട്ട് അപേക്ഷ അയയ്ക്കാനും ഇന്‍റര്‍വ്യൂവിനുമായി സമയം ചെലവഴിക്കുകയാണ്. ജോലി നഷ്ടപ്പെട്ട വിവരം ജെയ്സി അറിഞ്ഞാല്‍ വീട്ടിലറിയും. ആകെ കഴപ്പമാകും. ഉള്ള സമാധാനംകൂടി നഷ്ടമാകും. അവളുടെ പ്രതികരണം തന്നെ എന്താണെന്ന് അനുമാനിക്കാന്‍ കഴിയില്ല. ജോലിയില്ലാതെ അവളെ ആശ്രയിച്ചു കഴിയേണ്ടതായി വന്നാല്‍ എന്തും സംഭവിക്കാം.

ഒരു കമ്പനിയില്‍ ജോലി പോയാല്‍ മറ്റൊരു കമ്പനിയില്‍ ജോലി. ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്കു ബംഗ്ളുരുവില്‍ ജോലിക്കു പ്രയാസമുണ്ടാകുമെന്നു ചിന്തിച്ചിട്ടേയില്ല.

എന്തുകൊണ്ടാണു ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നു പിരിഞ്ഞുപോന്നതെന്ന് ഇന്‍റര്‍വ്യൂ ചെയ്യുന്നവര്‍ ചോദിക്കുന്നു. സത്യം മറച്ചുവയ്ക്കാനാകില്ല. പ്രസിദ്ധമായ കേസാണ്. പത്രങ്ങളില്‍ ഫോട്ടോ സഹിതം വെണ്ടയ്ക്കാ വാര്‍ത്തകള്‍ നിറഞ്ഞുനിന്നിരുന്നതാണ്. കേസ്സില്‍പ്പെട്ടാണു തൊഴില്‍ നഷ്ടപ്പെട്ടതെന്ന് അറിയുമ്പോള്‍, അവരുടെ മുഖം ചുളിയുന്നു, അവജ്ഞയോടെ നോക്കുന്നു, സത്യമെന്താണെന്നു കുത്തിക്കുത്തി ചോദിക്കുന്നു, കേട്ടു രസിക്കുന്നു, കമന്‍റുകള്‍ പറയുന്നു. ഇത്തരം ചരിത്രമുള്ളവര്‍ക്കു ജോലി നല്കാന്‍ കഴിയില്ലെന്നു പറയുന്നു.

ഓരോ ദിവസവും കടന്നുപോകുമ്പോള്‍ പ്രതീക്ഷകള്‍ക്കു നിറം മങ്ങുകയാണ്.

നാലഞ്ചു വര്‍ഷം സര്‍വീസുണ്ട്. അതുകൊണ്ടു പ്രയാസം കൂടാതെ ജോലി ലഭിക്കുമെന്ന ഒരു ധാരണയുണ്ടായിരുന്നു. ശമ്പളവും കുറയില്ലെന്നു വിചാരിച്ചിരുന്നു. കുറേ കമ്പനികള്‍ കയറിയിറങ്ങിയപ്പോള്‍ ശമ്പളം കുറഞ്ഞാലും ജോലി കിട്ടിയാല്‍ മതിയെന്നായി.

ഊതിവീര്‍പ്പിച്ച ബലൂണുകളാണു പല കമ്പനികളും. ചിലര്‍ വന്‍ തുക മുടക്കി കമ്പനിയില്‍ ഷെയര്‍ എടുക്കാമോ എന്നു ചോദിക്കുന്നു. ചെറിയ പ്രോജക്ടുകള്‍ ചെയ്യുന്നവരാണധികവും. അവര്‍ക്കു മുക്കാല്‍ ചക്രത്തിനു പണിയെടുക്കാന്‍ ധാരാളം പേരുണ്ട്.

ഒരു വര്‍ഷം പതിനഞ്ചു ലക്ഷത്തോളം എന്‍ജിനീയറിങ്ങ് ബിരുദധാരികളാണു പഠിച്ചിറങ്ങുന്നത്. അതില്‍ നാലോ അഞ്ചോ ലക്ഷത്തിനാണു ജോലി ലഭിക്കുന്നത്. പത്തു ലക്ഷത്തോളം പേര്‍ വര്‍ഷംതോറും തൊഴില്‍ രഹിതരായി കെട്ടിക്കിടക്കുകയാണ്. അത്തരം എന്‍ജിനിയേഴ്സിനെ എണ്ണായിരമോ പതിനായിരമോ കൊടുത്തു നിയമിക്കുന്ന കമ്പനികള്‍ ധാരാളമാണ്. ഇപ്പോള്‍ എന്‍ജിനീയറിങ്ങ് ബിരുദധാരികള്‍ വേണമെന്നുള്ള നിര്‍ബന്ധവും ഐടി കമ്പനികള്‍ ഉപേക്ഷിച്ചു. ഏതെങ്കിലും ബിരുദം മതിയെന്നായി. ആറായിരമോ ഏഴായിരമോ കൊടുത്താല്‍ അവരെ കിട്ടും. സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണെന്നു പറഞ്ഞു ഗമയ്ക്കു നടക്കാം.

ഡ്രസ്സ് വാങ്ങാനുള്ള കാശുപോലും പലര്‍ക്കും കിട്ടുന്നുണ്ടാവില്ല.

ബിടെക് ബിരുദമുണ്ടെങ്കില്‍ ലോകം മുഴുവന്‍ ജോലിസാദ്ധ്യതയെന്നായിരുന്നു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓരോരുത്തരും കരുതിയിരുന്നത്.

പ്ലംബിങ്ങോ വയറിങ്ങോ വെല്‍ഡിങ്ങോ മേസന്‍റിയോ മിഷന്‍ മെക്കാനിസമോ പഠിച്ചാല്‍ പ്രതിദിനം ആയിരമോ രണ്ടായിരമോ രൂപായ്ക്കു പണിയെടുക്കാവുന്ന നാട്ടില്‍ നിന്നാണ്, അഞ്ചും ആറും ലക്ഷം രൂപാ കടമെടുത്തു പഠിച്ച്, അന്യനാട്ടില്‍ വന്നു പതിനായിരത്തിനു പണിയെടുക്കേണ്ടി വരുന്ന ഗതികേടുണ്ടാവുന്നത്.
മുതുകില്‍ എന്‍ജിനിയറിങ്ങ് ബിരുദത്തിന്‍റെ ചാപ്പ കുത്തപ്പെട്ടവരാണവര്‍. ആ ചാപ്പ ഉള്ളവരെ ആരും താഴ്ന്ന ജോലിക്കു വിളിക്കുകയില്ല. വിളിച്ചാല്‍ത്തന്നെ പോകുന്നതു ചാപ്പധാരികള്‍ക്കു നാണക്കേടാണ്. ചാപ്പധാരികള്‍ വമ്പന്‍സൗധങ്ങളില്‍ കാറ്റും വെയിലും തട്ടാതെ ഏസി മുറികളില്‍ വലിയ ശമ്പളത്തില്‍ വിരാജിക്കേണ്ടവരാണെന്നാണു സങ്കല്പം. ആ സങ്കല്പത്തേരിലേറിയാണ് അവര്‍ നാടുവിട്ടു നഗരങ്ങളിലേക്കെത്തുന്നത്.

കബ്ബണ്‍ പാര്‍ക്കിനെ ചു റ്റിയുള്ള റോഡിലൂടെ കാറോടിച്ചു പോകുമ്പോള്‍ പെട്ടെന്നു തോന്നി. പാര്‍ക്കില്‍ കയറി കുറേ നേരമിരിക്കാം. ഉച്ചകഴിഞ്ഞ് ഒരു കമ്പനി ഇന്‍റര്‍വ്യൂവിനു വിളിച്ചിട്ടുണ്ട്. അതുവരെ പാര്‍ക്കിലിരിക്കാം.

കാര്‍ പാര്‍ക്കിങ്ങ് ഏരിയായില്‍ ഒതുക്കി, കാറില്‍നിന്നിറങ്ങി പാര്‍ക്കിലേക്ക് നടന്നു. ധാരാളം വൃക്ഷങ്ങള്‍ നിറഞ്ഞ പാര്‍ക്കാണത്. അതിനു സമീപമാണു ഭരണകേന്ദ്രങ്ങള്‍.

പാര്‍ക്കിനുള്ളിലെ ഒരു മരത്തണലില്‍ ഇരുമ്പും തടിയും ചേര്‍ത്തു നിര്‍മിച്ചിരിക്കുന്ന ചാരുബെഞ്ചില്‍ റോബി നിരുന്നു. മനസ്സു നിറയെ ആകുലതകളാണ്. ഓര്‍ക്കാപ്പുറത്തു ജോലി നഷ്ടപ്പെട്ടത് ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലെയായി. കഥകളിലും സിനിമകളിലും ജീവിതം തകിടം മറിഞ്ഞു കഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ കാണുമ്പോള്‍ അതൊക്കെ അതിശയോക്തിപരമെന്നാണു വിലയിരുത്തിയിരുന്നത്. ജീവിതത്തില്‍ ഇതുവരെ വിഷമഘട്ടങ്ങളെയൊന്നും നേരിടേണ്ടി വന്നിട്ടില്ല. വിഷമങ്ങളൊന്നും അറിയിക്കാതെയാണു മാതാപിതാക്കള്‍, മക്കളുടെ വിദ്യാഭ്യാസകാലത്തു സംരക്ഷണം കൊടുക്കുന്നത്. കാമ്പസ് സെലക്ഷനില്‍ ജോലി കിട്ടിയതിനാല്‍, ജോലി അന്വേഷിച്ചു വിഷമിക്കേണ്ടതായും വന്നട്ടില്ല.

“ഹലോ റോബിന്‍, ഇയാളെന്താണിവിടെ ഇരിക്കുന്നത്?”

റോബിന്‍ തലയുയര്‍ത്തി ചോദ്യകര്‍ത്താവിനു നേരെ നോക്കി.

“സുരേഷ്കുമാര്‍ സര്‍” – റോബിന്‍ ആദരവോടെ എഴുന്നേറ്റു.

കമ്പനിയില്‍ ജോലിക്കെത്തുമ്പോള്‍ സുരേഷ് സാറായിരുന്നു ആര്‍ക്കിടെക്ട്. ട്രെയിനിങ്ങ് കാലത്ത് അദ്ദേഹം ക്ലാസ്സെടുത്തിരുന്നു. പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അദ്ദേഹത്തെ മറികടന്നു മറ്റൊരാളെ നിയമിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം കമ്പനി വിട്ടത്.

“റോബിന്‍ ഇരിക്ക്” – സുരേഷ്കുമാര്‍ ബെഞ്ചിലിരുന്നു.

റോബിന്‍ സുരേഷ്കുമാറിനടുത്തിരുന്നിട്ടു ചോദിച്ചു: “സര്‍ ഇപ്പോള്‍ കൊഗ്നിസന്‍റ് ടെക്നോളജിസിലല്ലേ?”

“ആയിരുന്നു. ഇപ്പോഴല്ല. ഇപ്പോള്‍ നിലവില്‍ ഒരിടത്തും ജോലിയില്ല. റോബിനെന്താ ഈ സമയത്ത് ഇവിടെ?”

“എന്‍റെ ജോലിയും നഷ്ടപ്പെട്ടിരിക്കുകയാണ്. ഉച്ചകഴിഞ്ഞു സുല്‍ത്താന്‍പെട്ടിലൊരു കമ്പനിയില്‍ ഇന്‍റര്‍വ്യൂവിനു വിളിച്ചിട്ടുണ്ട്. ഒരെണ്ണം കഴിഞ്ഞു വന്നതാണ്. ഇടവേളയില്‍ ഇവിടെയിരിക്കാമെന്നു കരുതി” – റോബിന്‍ പറഞ്ഞു.

“നിനക്കെന്താണു സംഭവിച്ചത്?”

റോബിന്‍ സംഭവങ്ങളൊക്കെ വിശദമായി പറഞ്ഞു.

“ആ കേസില്‍ നീയായിരുന്നോ റോബിന്‍? ഞാന്‍ ഒരിക്കല്‍ പത്രത്തില്‍ വായിച്ചു. അത്ര ശ്രദ്ധിച്ചില്ല. ഓരോ പ്രശ്നത്തില്‍പ്പെട്ടു നട്ടംതിരിഞ്ഞു നടക്കുകയായിരുന്നു ഞാന്‍. ലോകത്ത് എന്തൊക്കെ സംഭവിക്കുന്നു എന്നു ഞാനറിഞ്ഞില്ല. പേപ്പര്‍ വായനയില്ല, ടിവിയും കാണുന്നില്ല. ജീവിതം സുരക്ഷിതമായിരിക്കുമ്പോഴേ അതിനൊക്കെ പ്രസക്തിയുള്ളൂ” – സുരേഷ്കുമാര്‍ പറഞ്ഞു.

“സാറിനെങ്ങനെയാണു ജോലി നഷ്ടപ്പെട്ടത്?”- റോബിന്‍ ചോദിച്ചു.

“ഞാന്‍ കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി നോക്കുകയായിരുന്നു. ഐടി മേഖലയില്‍ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ വരുന്നു. ഞാന്‍ രണ്ടു വര്‍ഷം കമ്പനിയുടെ ഒരു പ്രോജക്ടിനുവേണ്ടി അമേരിക്കയിലുണ്ടായിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ അവിടെ ചെയ്യുന്ന കാര്യങ്ങളെല്ലാം ന്യായീകരിക്കാന്‍ കഴിയില്ല. അവിടെയുള്ളവര്‍ക്കു ജോലിയില്ല. നമ്മള്‍ ഇവിടെനിന്നു ചെന്ന് അവിടെ നിലവിലുള്ള ശമ്പളത്തിന്‍റെ പകുതി ശമ്പളത്തിനു പണിയെടുക്കുന്നു. നമ്മുടെ കമ്പനികള്‍ അതുവച്ചു മുതലെടുക്കുകയാണ്. കുറേ ജോലികള്‍ ആ നാട്ടുകാര്‍ക്കു കൊടുക്കേണ്ടതല്ലേ? അതുകൊണ്ടു വിദേശരാജ്യങ്ങളിലെല്ലാം സ്വദേശിവത്കരണം നടപ്പാക്കുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ തോന്ന്യാസങ്ങള്‍ ഇനി അവിടെ നടപ്പാകില്ല. പ്രത്യേകിച്ച് അമേരിക്കയില്‍. അമ്പതു ശതമാനത്തോളം പ്രോജക്ടുകള്‍ നമുക്കു ലഭിച്ചിരുന്നത് അമേരിക്കയില്‍ നിന്നായിരുന്നു. അതു കുറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളും അതു ചെയ്യുന്നു. നമുക്ക് ഐടി വ്യവസായത്തിന് അനേകായിരം കോടി ഡോളറിന്‍റെ നഷ്ടമാണു സംഭവിക്കാന്‍ പോകുന്നത്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഐടിമേഖലയിലെ സാമ്പത്തികമാന്ദ്യം മൂലം വര്‍ഷംതോറും രണ്ടു ലക്ഷത്തോളം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടാം. വരാന്‍ പോകുന്ന കുഴപ്പങ്ങള്‍ നേരിടാന്‍ കമ്പനികള്‍ ചെയ്യുന്ന പ്രധാന മാര്‍ഗമാണു ജോലിക്കാരെ പിരിച്ചുവിടുക എന്നത്. ഐടി മേഖലയൊഴിച്ചു മറ്റു വ്യവസായങ്ങള്‍ പരിചയസമ്പത്തുള്ളവരെ മുതല്‍ക്കൂട്ടായി കാണുമ്പോള്‍, ഐടി മേഖലയില്‍ പരിചയസമ്പന്നരെ പറഞ്ഞയയ്ക്കുകയാണ്. മുപ്പത്തഞ്ചു വയസ്സു കഴിഞ്ഞ ജീവനക്കാര്‍ കമ്പനികള്‍ക്കു ബാദ്ധ്യതയായി മാറുന്നു. അവര്‍ക്ക് ഉയര്‍ന്ന ശമ്പളം കൊടുക്കണം. ജോലിയില്‍ അവര്‍ ഉഴപ്പന്മാരുമാകും. അവരെ പറഞ്ഞു വിട്ടാല്‍ അവര്‍ക്കു കൊടുക്കുന്ന ശമ്പളത്തിനു നാലു പുതുമുഖങ്ങളെ ജോലിക്കു വയ്ക്കാം. ഇതൊക്കെയാണ് എന്നെ ബാധിച്ചത്. ഒരു ദിവസം കമ്പനി എന്നോടു പിരിഞ്ഞുകൊള്ളാന്‍ പറഞ്ഞു; അത്രതന്നെ. രണ്ടു മാസത്തെ ശമ്പളം എന്‍റെ അക്കൗണ്ടിലേക്ക് ഒരു സൗജന്യംപോലെ അവര്‍ നല്കി” – സുരേഷ്കുമാര്‍ വിശദീകരിച്ചു.

“ഒരു കാരണവുമില്ലാതെ സാറിനെപ്പോലെ വിദഗ്ദ്ധനായ ഒരാളെ കമ്പനിക്കു പറഞ്ഞയയ്ക്കാന്‍ കഴിയുമോ?”

“കഴിയും റോബിന്‍. അതു കമ്പനികളുടെ ക്രൂരതയൊന്നുമല്ല. നിവൃത്തികേടുതന്നെ. ഇപ്പോള്‍ എന്‍റെ കമ്പനിയില്‍ ഏതാണ്ട് ആയിരത്തോളം പേര്‍ ടാലന്‍റ് പൂളിലാണ്; ബെഞ്ചിലിരുത്തിയിരിക്കുന്നു എന്നു നമ്മള്‍ പറയും. പുതിയ പ്രോജക്ട് കിട്ടാതെ വരുമ്പോള്‍ ജോലിയില്ലാതെ വരുന്നവരെയാണു ബെഞ്ചിലിരുത്തുന്നത്. അവര്‍ക്കു ശമ്പളം കൊടുത്തുകൊണ്ടിരിക്കും. പക്ഷേ, എത്രനാള്‍ കൊടുക്കും? ടാലന്‍റ് പൂളില്‍ വരുന്നവരുടെയെല്ലാം ജോലി നഷ്ടപ്പെടും. ഞാന്‍ വല്ലാത്ത പ്രശ്നത്തിലാണു റോബിന്‍. ജോലി നഷ്ടപ്പെടുന്നതിനെപ്പറ്റി ഞാന്‍ ചിന്തിച്ചിരുന്നില്ല. രണ്ടു വര്‍ഷം മുമ്പു ഞാനൊരു ഫ്ളാറ്റ് വാങ്ങി. ബാങ്ക് ലോണാണ്. മാസംതോറും തവണകള്‍ അടയ്ക്കണം. കാറിനു പത്തു ലക്ഷത്തിന്‍റെ കടമുണ്ട്. വേറെയും കുറേ ഗുലുമാലുകളുണ്ട്. ബംഗ്ളുരുവി ലെ ജീവിതച്ചെലവു മോശമാണോ?”

“വൈഫ് ജോലിക്കു പോകുന്നില്ലേ?”

“അവള്‍ ജോലിക്കു പോകുന്നില്ല. വിവാഹം കഴിക്കുമ്പോള്‍ അവളും സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്നു. ഒരു കുട്ടിയുണ്ടാകണമെന്നു ഞങ്ങളാശിച്ചിരുന്നെങ്കിലും, കമ്പനിയില്‍ ഗര്‍ഭിണികള്‍ക്ക് അവഗണന ഉണ്ടാകുമെന്നുള്ളതിനാല്‍ കുറേക്കാലം ഞങ്ങള്‍ ആശയടക്കി ജീവിച്ചു. പ്രായം ഒരുപാടാകുന്നതിനുമുമ്പ് ഒരു കുട്ടിയുണ്ടാകണ്ടെ. കമ്പനിയിലെ ജോലി മാത്രം മതിയോ, മക്കളും വേണ്ടേ. അവള്‍ ഗര്‍ഭിണിയായി. പ്രസവാവധിക്ക് അപേക്ഷിച്ചപ്പോഴാണു കമ്പനിയുടെ തനിനിറം പുറത്തു കാണിച്ചത്. പ്രസവാവധി തരാന്‍ സാധിക്കില്ലെന്നു കമ്പനി പറഞ്ഞു. അവധി കിട്ടാതെ കമ്പനിയില്‍ കിടന്നു പ്രസവിക്കാന്‍ പറ്റുമോ? കമ്പനിപ്പണിയും പേറുംകൂടി നടക്കില്ല. പ്രസവിക്കണമെങ്കില്‍ പിരിഞ്ഞുപൊയ്ക്കൊള്ളാന്‍ കമ്പനി നിര്‍ദ്ദേശിച്ചു. അങ്ങനെ അവിടെനിന്നു പിരിഞ്ഞു. പിന്നെ കുട്ടിയെ വളര്‍ത്തണ്ടെ. പിന്നെ അവള്‍ ജോലിക്കു പോയില്ല. റോബിനറിയാമല്ലോ ഐടി പ്രൊഫഷണലുകള്‍ ഒരു വര്‍ഷം വീട്ടിലിരുന്നാല്‍ പിന്നെ ഒരിടത്തും ജോലി കിട്ടുകയില്ല. ഓരോ ദിവസവും ടെക്നോളജി മാറുകയല്ലേ. അറിവു പുതുക്കിക്കൊണ്ടിരിക്കാതെ ഒരു വര്‍ഷം ജോലിയില്‍ നിന്നും മാറിനിന്നാല്‍ അയാള്‍ അഞ്ചു വര്‍ഷം പിന്നിലായിപ്പോകും. പിന്നെ ജോലി കിട്ടുക എളുപ്പമല്ല”- സുരേഷ്കുമാര്‍ പറഞ്ഞു.

“കേസ് തീരാതെ എനിക്ക് ഇവിടംവിട്ടു പോകാന്‍ കഴിയില്ല. അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും പോയി ജോലിക്കു ശ്രമിക്കാമായിരുന്നു” – റോബിന്‍ പറഞ്ഞു.

“എവിടെ പോകാന്‍? വേണമെങ്കില്‍ നാട്ടിലേക്കു മടങ്ങാം. എനിക്കവിടെ കുടുംബസ്വത്തായി കിട്ടിയ ഒരേക്കര്‍ സ്ഥലമുണ്ട്. തെങ്ങുംതോട്ടമാണ്. ഞാന്‍ കഴിഞ്ഞ ഓണത്തിനു നാട്ടില്‍ ചെന്നപ്പോള്‍ എന്‍റെ കൂടെ സ്കൂളില്‍ പഠിച്ച ഗോപുവിനെ കാണാനിടയായി. സ്കൂള്‍ വി ദ്യാഭ്യാസത്തോടെ പഠനം നിര്‍ത്തിയതാണവന്‍. പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല. വീട്ടില്‍ സ്വത്തുമുണ്ടായിരുന്നില്ല. ഇപ്പോള്‍ അവന്‍റെ ജോലി തെങ്ങുകയറ്റമാണ്. വീട്ടില്‍ തെങ്ങുകയറാന്‍ വന്നപ്പോഴാണ് ഞാന്‍ അയാളെ കണ്ടത്. തെങ്ങു കയറാന്‍ ചെറിയൊരു യന്ത്രവും അയാള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു മഴക്കാലത്തും തെങ്ങുകയറാം. എന്‍റെ വീട്ടില്‍ 50 തെങ്ങില്‍ അവന്‍ കയറി. അച്ഛനോട് കൂലി ഞാന്‍ കൊടുക്കാമെന്നു പറഞ്ഞു. കൂലി എത്രയായി എന്നു ഗോപുവിനോടു ചോദിച്ചു. തെങ്ങിന് അമ്പതു രൂപാ. അമ്പതു തെങ്ങ്; അഞ്ചു മണിക്കൂര്‍ ജോലിയെടുത്തു കാണും; 2500 രൂപാ. രൂപ കൊടുത്തിട്ടു ഞാന്‍ അയാളുമായി സംസാരിച്ചു. മാസത്തില്‍ 20 ദിവസം പണിയെടുക്കും; ഉച്ചവരെയാണു പണി. ഉച്ച കഴിഞ്ഞു കവലയ്ക്കല്‍ പോയി ഇത്തിരി കള്ളൊക്കെ കുടിച്ചു കൂട്ടുകാരോടൊത്തു സന്തോഷിക്കും. പള്ളിപ്പെരുന്നാളിനും ഉത്സവത്തിനും പോകും. കുടുംബമായി യാത്ര പോകും. എത്ര ആവേശത്തോടെയാണ് അയാള്‍ ജീവിതം കൊണ്ടുനടക്കുന്നത്. എനിക്ക് അയാളോട് അസൂയ തോന്നി. നമ്മള്‍ക്ക് ഒരു ദിവസമെങ്കിലും അയാളെപ്പോലെ ടെന്‍ഷനില്ലാതെ ജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? കൂലിപ്പണിക്ക് എന്തുറപ്പ് എന്നായിരുന്നു ആക്ഷേപം. മഹത്തായ നമ്മുടെ ജോലിക്ക് എന്തുറപ്പാണ്? മനുഷ്യസഹജമായ സന്തോഷങ്ങളെല്ലാം ത്യജിച്ചുകൊണ്ടുള്ള ഒടുക്കത്തെ ജോലി. മുപ്പതുമുപ്പത്തഞ്ചു വയസ്സാകുമ്പോഴേക്കും എടുത്തു മതിലിനു പുറത്തേയ്ക്ക് ഒരേറ്… അമിത വിദ്യാഭ്യാസം നമുക്കൊരു ബാദ്ധ്യതയാകാന്‍ പോകുകയാണു റോബിന്‍” – സുരേഷ്കുമാര്‍ പറഞ്ഞു.

“സര്‍, എനിക്കൊരു ഇന്‍റര്‍വ്യൂ ഉണ്ട്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു വെട്ടിക്കൂട്ടു കമ്പനിയാണെന്നു തോന്നുന്നു. മുങ്ങിത്താഴുമ്പോള്‍ കച്ചിത്തുരുമ്പിലും പിടിച്ചുകയറാന്‍ നോക്കാം. കേസ് തീരുന്നതുവരെ എവിടെയങ്കിലും പറ്റിപ്പിടിച്ചു നില്ക്കണം” – റോബിന്‍ പറഞ്ഞു.

“പൊലീസ് കേസുള്ളപ്പോള്‍ നല്ല കമ്പനികള്‍ ജോലിക്കെടുക്കാന്‍ പ്രയാസമാണ്. കമ്പനികള്‍ തമ്മില്‍ ഇപ്പോള്‍ നല്ല ഐക്യമാ. ജീവനക്കാരുടെ വിവരങ്ങള്‍ അവര്‍ കൈമാറും. ചെറിയ കമ്പനികളില്‍ കയറാന്‍ നോക്ക്. ശമ്പളം കുറഞ്ഞാലും കുഴപ്പമില്ല; ജോലിയാണു പ്രധാനം” – സുരേഷ്കുമാര്‍ നിര്‍ദ്ദേശിച്ചു.

“എന്നാല്‍ പിന്നെ കാണാം സാറെ” – റോബിന്‍ കാറിനടുത്തേയ്ക്കു നടന്നു.

സുല്‍ത്താന്‍പെട്ടില്‍ ഒരുപാട് അന്വേഷിച്ചതിനുശേഷമാണ് ആ സ്ഥാപനം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. മാനേജരുടെ മുറിയിലേക്കു കയറുമ്പോള്‍ പുറത്തെ ചെറിയ ഹാളില്‍ രണ്ടുമൂന്നു പേര്‍ കമ്പ്യൂട്ടറിനു മുമ്പില്‍ ഇരിക്കുന്നതു കണ്ടു.

“സര്‍ ഞാന്‍ റോബിന്‍. എന്നെ ഇന്‍റര്‍വ്യൂവിനു വിളിച്ചിട്ടുണ്ടായിരുന്നു” – മാനേജരുടെ മുമ്പില്‍ നിന്നു റോബിന്‍ പറഞ്ഞു.

അമ്പതു വയസ്സുണ്ടാകും മാനേജര്‍ക്ക്. തെലുങ്കനോ കര്‍ണാടകക്കാരനോ ആണ്.

“ഇരിക്ക് റോബിന്‍” – അയാള്‍ ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി.

“റോബിന്‍, നിങ്ങള്‍ ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോ ലി ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി?”

“അഞ്ചു വര്‍ഷം.”

“ബിടെക്കിനു നിങ്ങള്‍ പഠിച്ചതെന്താണ്?”

“ഇലക്ട്രോണിക്സ്.”

“മതി. ഞാന്‍ നിങ്ങളെ ഏല്പിക്കുന്ന ജോലി ചെയ്തുതന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു പത്തു ലക്ഷം രൂപാ തരും. ഒരു ക്വട്ടേഷന്‍ വര്‍ക്കാണ്. രണ്ടു മാസത്തിനകം ചെയ്തുതരണം.”

“എന്തു ജോലിയാണു സര്‍.”

“ജോലി അത്ര സത്യസന്ധമല്ല. ഞാന്‍ പറയുന്ന നെറ്റ്വര്‍ക്കില്‍ കയറി അവിടത്തെ വിവരങ്ങള്‍ ചോര്‍ത്തിത്തരണം. ഹാക്കിങ്ങാ ആണ്. അതിനാവശ്യമായ സോഫ്റ്റ്വെയര്‍ ഉണ്ടാക്കണം.”

“സര്‍, പിടിച്ചാല്‍ നമ്മള്‍ അകത്തു പോകുന്ന പണിയാണ്.”

“ആണെടോ; പിടിക്കാതെ ചെയ്യണം. ഈ രാജ്യത്തു നടക്കുന്ന ഏര്‍പ്പാടുകളില്‍ പാതിയും പിടിച്ചാല്‍ അകത്തു പോകുന്നവയാണ്. എത്ര പേരെ പിടിക്കുന്നു? പിടിക്കാതെ ചെയ്യേണ്ടതു തന്‍റെ കടമ. അതിനാ കാശു തരുന്നത്. അതിനുള്ള മിടുക്കുണ്ടെങ്കില്‍ മതി. ജീവിതവും വ്യവസായവുമൊക്കെ ഒരു തരം യുദ്ധമാണെടോ. യുദ്ധത്തിലെപ്പോഴും ധാരാളം തന്ത്രങ്ങളുണ്ടാവണം. സ്വന്തം തന്ത്രങ്ങള്‍ സൂക്ഷിക്കുകയും എതിരാളികളുടെ തന്ത്രങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിലെ മിടുക്കാണു നമ്മളെ വിജയത്തിലെത്തിക്കുന്നത്. തനിക്കു താത്പര്യമുണ്ടോ? എങ്കില്‍ ഇവിടെ ഇരിക്കാം. ഇല്ലെങ്കില്‍ പുറത്തുപോകാം”- മാനേജര്‍ പറഞ്ഞു.

റോബിന്‍ ആകെ അമ്പരപ്പി ലായി. ഇരിക്കണോ പോകണോ? ഒടുവില്‍ റോബിനിരുന്നു.

(തുടരും)

Leave a Comment

*
*