Latest News
|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 23

ആയുഷ്ക്കാലം – അദ്ധ്യായം 23

Sathyadeepam

“ജെയ്സി, നമ്മള്‍ക്ക് ഒരുമിച്ചുപോകാം” – ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ സൂരജ് പറഞ്ഞു.

റോബിന്‍ കേസില്‍പ്പെട്ടതില്‍പ്പിന്നെ സൂരജ് കുറച്ചധികം സഹതാപം പ്രകടിപ്പിക്കുന്നുണ്ട്. ജോലിയില്‍ സഹായിക്കുന്നുണ്ട്.

ജെയ്സി പുറത്തിറങ്ങി ഒരു മരച്ചുട്ടില്‍ സൂരജിനെ കാത്തുനിന്നു. സൂരജ് ടീംലീഡറാണ്. കമ്പനി ജോലിക്കാരുടെ മികവ് അളക്കുന്നതു ടീം ലീഡറിലൂടെയാണ്.

അയാളുടെ നല്ല റിപ്പോര്‍ട്ട് ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ ഭാവിക്കു പരമപ്രധാനമാണ്. ജോലിക്കാരുടെ ഗ്രേഡിങ്ങ് ടീം ലീഡറുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ്. മൂന്നാം ഗ്രേഡിലുള്ള ഒരാള്‍ രണ്ടാം ഗ്രേഡിലേക്കും ഒന്നാം ഗ്രേഡിലേക്കും കയറണം. പിന്നീടേ മറ്റൊരു തസ്തികയിലേക്കു പ്രമോഷന്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ.

ചില ഗ്രൂപ്പുലീഡര്‍മാരെപ്പറ്റിയുള്ള കഥകള്‍ ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ട്. ഗ്രൂപ്പുലീഡര്‍മാരെ മധുരവചനങ്ങളും സ്തുതിപ്പുകളുംകൊണ്ടു സുഖിപ്പിച്ചു നിര്‍ത്തുന്ന ചില മിടുക്കികളുമുണ്ട്. കുറഞ്ഞത് ഏഴായിരം പേരെങ്കിലും ഉണ്ടാകും ഒരു ഐടി കമ്പനിയില്‍. അവിടെ എന്തൊക്കെയാണു നടക്കുകയെന്ന് ആര്‍ക്കു പറയാനാകും?

കാറുമായി സൂരജ് വന്നു. ജെയ്സി ഡോര്‍ തുറന്നു സൂരജിനടുത്ത സീറ്റില്‍ ഇരുന്നു. കാറോടിച്ചു പോകുമ്പോള്‍ സൂരജ് പറഞ്ഞു.

“പ്രോജക്ട് മാനേജര്‍ ഇപ്പോള്‍ ഓരോ എടങ്ങേറ് ഉണ്ടാക്കുകയാണ്. ഒടക്കണ്ടായെന്നു കരുതുമ്പോള്‍ അയാള്‍ തലയില്‍ കയറുകയാണ്. എന്തു ചെയ്താലെന്നാ ഒന്നിനുമൊരു തൃപ്തിയില്ല.”

“അങ്ങേരോടു മുകളിലുള്ളവരും തൃപ്തി കാണിക്കുന്നുണ്ടാവില്ല” – ജെയ്സി പറഞ്ഞു.

“അതു ശരിയാ… യുഎസിലൊരു പ്രോജക്ട് വരുന്നുണ്ട്. എനിക്കൊരു ചാന്‍സുണ്ട്. അതുകൊണ്ടാ ഞാനിങ്ങനെ ഉടക്കാതെ നില്ക്കുന്നത്.”

“എനിക്കൊരു ചാന്‍സുണ്ടാകുമോ സര്‍?”-ജെയ്സി ചോദിച്ചു.

“റോബിനെ തനിച്ചാക്കിയിട്ടു ജെയ്സിക്കു പോകാന്‍ പറ്റുമോ?”

“എനിക്ക് അവസരം കിട്ടിയാല്‍ ഞാന്‍ പോകും. ഇക്കാര്യത്തില്‍ എനിക്ക് സെന്‍റിമെന്‍സൊന്നുമില്ല. അതു ഞാന്‍ റോബിനോടു പറഞ്ഞിട്ടുമുണ്ട്. കിട്ടുന്ന അവസരം ഉപയോഗിക്കണം. അതു കഴിഞ്ഞുള്ള ദാമ്പത്യമൊക്കെ മതി. അതിനുവേണ്ടി ജീവിതം തുലച്ചുകളയാന്‍ എനിക്കു പറ്റുകയില്ല. സാറിന്‍റെ കാര്യം തന്നെയെടുക്കുക. വൈഫ് ഗള്‍ഫിലല്ലേ. അതുകൊണ്ടു നിങ്ങളുടെ ജീവിതം നശിച്ചുപോയോ? ഇതെല്ലാം ഓരോ സങ്കല്പങ്ങളല്ലേ?”

“ഞാനൊന്ന് അന്വേഷിക്കട്ടെ” – സൂരജ് പറഞ്ഞു.

“നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ട് തീരാറായല്ലോ. പുതിയ പ്രോജക്ടിനെപ്പറ്റിയൊന്നും മാനേജര്‍ പറഞ്ഞില്ലേ?”

“ഹംഗറിയില്‍ നിന്ന് ഒരു ബാങ്കിന്‍റെ വര്‍ക്കുണ്ടെന്നു കേട്ടു. ചെന്നൈയിലും ഹൈദരാബാദിലും കമ്പനി രഹസ്യമായി പലരെയും പറഞ്ഞുവിടുന്നതായി കേള്‍ക്കുന്നു. ജോലിയുടെ കുറവായിരിക്കും.”

“പ്രശ്നമാകുമോ?”

“ആഗോളവത്കരണമെന്നൊക്കെ നമ്മള്‍ കൊട്ടിഘോഷിച്ചു നടന്നില്ലേ. അതൊക്കെ പൊളിഞ്ഞു. മറ്റു രാജ്യക്കാരെവച്ചു ലാഭമുണ്ടാക്കാമെന്നു കരുതിയിരുന്ന അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കുഴപ്പത്തിലായി. അവര്‍ കുടിയേറ്റനിയമം കര്‍ശനമാക്കുന്നു. അവിടത്തെ കമ്പനികളില്‍ ഇപ്പോള്‍ ഒരു വിദേശിയെ ജോലിക്കെടുക്കണമെങ്കില്‍ ഒരു മാസം മുമ്പേ, ന്യൂസ്പേപ്പറില്‍ പരസ്യം കൊടുക്കണം. കമ്പനിയില്‍ ഇന്ന തസ്തികയിലേക്കു ജോലിക്ക് ആളെ ആവശ്യമുണ്ട്; യോഗ്യതയുള്ള, ജോലിയില്‍ താത്പര്യമുള്ള സ്വദേശികളാരെങ്കിലുമുണ്ടെങ്കില്‍ ജോലി നല്കുന്നതാണ്. ഈ പരസ്യം കാണുമ്പോള്‍ത്തന്നെ അവിടെ ആരെങ്കിലും ഈ ജോലിക്ക് അപേക്ഷിക്കും. പുറത്തുനിന്നു ജോലിക്കെത്തുന്നവരെ തടയാന്‍ അവിടെ കൂട്ടായ ശ്രമം നടക്കുന്നു. അമേരിക്കയില്‍ വിദേശ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍തന്നെ ആഹ്വാനം ചെയ്തുതുടങ്ങി. ആഗോളവത്കരണംകൊണ്ടു നേട്ടമുണ്ടായ ഒരു രാജ്യം ചൈന മാത്രമാണ്. ലോകം മുഴുവന്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. അവരോടു മത്സരിക്കാന്‍ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ഓരോ രാജ്യത്തും എന്താണാവശ്യം എന്നു കണ്ടെത്തി അതവര്‍ അവിടെ കൊടുക്കും. കേരളത്തില്‍ ജനങ്ങള്‍ കൊതുകുശല്യംകൊണ്ടു പൊറുതിമുട്ടുകയാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ കൊതുകുബാറ്റുണ്ടാക്കി ഇവിടേക്കു കയറ്റിവിട്ടു. വില അറുപത്, എഴുപത് രൂപാ! നമ്മളത് ഉണ്ടാക്കുമ്പോള്‍ കുറഞ്ഞത് 500 രൂപയാകും. അവരോട് എങ്ങനെ മത്സരിക്കാനാണ്. അല്ലെങ്കില്‍ത്തന്നെ എന്ത് ഉത്പന്നമാണു നമ്മള്‍ ഉണ്ടാക്കുന്നത്. നമ്മുടെ കയറ്റുമതിചരക്ക് നഴ്സുമാരും എന്‍ജിനിയേഴ്സുമായിരുന്നല്ലോ. അന്യനാട്ടിലെ തൊഴില്‍ കണ്ടാണല്ലോ നമ്മുടെ വിദ്യാഭ്യാസം. അവിടെ തൊഴിലില്ലേ, നമ്മുടെ ഷാപ്പ് പൂട്ടി. കൊടുക്കുന്ന വിദ്യാഭ്യാസത്തിനനുസരിച്ചു തൊഴിലുണ്ടാക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ടോ? കാര്യമായ ഒരേര്‍പ്പാടുമില്ല. ഇപ്പോള്‍ ബിടെക് ബിരുദധാരികള്‍ ഓട്ടോ ഓടിക്കുന്നു. പൊലീസുകാരനാകുന്നു, ബസ് ഡ്രൈവറാകുന്നു, പൊറോട്ട അടിക്കുന്നു. ഇതൊക്കെയാണു നമ്മുടെ പൊങ്ങച്ച വര്‍ത്തമാനം! അ ന്യന്‍റെ പറമ്പിലെ പുല്ലു കണ്ടു പശുവിനെ വളര്‍ത്തുന്നവനെപ്പോലെയാണു നമ്മള്‍” – സൂരജ് പറഞ്ഞു.

“സിംഗപ്പൂരില്‍വച്ച്, ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഇത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ എന്താണു ചെയ്യേണ്ടതെന്നാണ് ആ ജപ്പന്‍കാരന്‍ ക്ലാസ്സെടുത്തത്. നമ്മുടെ നാട്ടില്‍ തൊഴിലെടുത്തു ജീവിക്കാന്‍ ഉതകുന്ന വിദ്യാഭ്യാസമാണു കുട്ടികള്‍ക്കു കൊടുക്കേണ്ടത്. ഇപ്പോള്‍ വിദ്യാഭ്യാസത്തിന്‍റെ പേരില്‍ നമ്മള്‍ പഠിക്കുന്നതില്‍ പകുതിയും പതിരല്ലേ. ജീവിതത്തിന് ഒരു പ്രയോജനവും ചെയ്യാത്ത കാര്യങ്ങള്‍. അഞ്ചു ലക്ഷം മുടക്കി ബിടെക് പഠിച്ചിട്ട് ഓട്ടോ ഓടിക്കാന്‍ പോകുന്നതു മഹത്തായ കാര്യം! എന്ത് ഉത്പന്നമായാലും അധികമായാല്‍ വിലയില്ലാതാകുമെന്നു പറയുന്നതു ശരിയാണ്” – ജെയ്സി പറഞ്ഞു.

നമുക്കൊരു കാപ്പി കുടിക്കാമെന്നു പറഞ്ഞു സൂരജ് ഒരു ഹോട്ടലിന്‍റെ മുമ്പില്‍ കാര്‍ ഒതുക്കി.

അവര്‍ ഹോട്ടലില്‍ കയറി ആളൊഴിഞ്ഞ ഒരരുകില്‍ ഇരുന്നു.

“ചില ദിവസങ്ങളില്‍ വൈകുന്നേരം ഞാന്‍ ഷെറിനോടൊപ്പം കാവേരി റെസ്റ്റോറന്‍റില്‍ കയറും. ഷെറിന്‍റെ പ്രിയപ്പെട്ട സ്ഥലം അതാണ്” – ജെയ്സി പറഞ്ഞു.

“എനിക്കു സ്ഥിരമായ ഒരിടമില്ല. എവിടെയെങ്കിലും കയറും. കിട്ടുന്നതു കഴിക്കും. വിവാഹം കഴിക്കുമ്പോള്‍ പ്രീതയ്ക്കു കുവൈറ്റില്‍ ജോലിയുണ്ടായിരുന്നു. ജോലി ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറല്ലായിരുന്നു. ഞാനുംകൂടി അവിടേക്കു ചെല്ലണമെന്ന് അവള്‍ പറഞ്ഞു. എനിക്കവിടെ എന്തു ജോലി കിട്ടാന്‍? തത്കാലം രണ്ടിടത്തായി കഴിയാമെന്നു തീരുമാനിച്ചു. വര്‍ഷത്തില്‍ ഒരു മാസത്തെ അവധിക്ക് അവള്‍ വരും. ആ കാലത്തെ കുടുംബജീവിതമേയുള്ളൂ. അപ്പോള്‍ മാത്രമാണ് അടുക്കളയില്‍ പാചകം ചെയ്യാറുള്ളൂ” – സൂരജ് പറഞ്ഞു.

“എനിക്ക് അടുക്കള ജോലി ഇഷ്ടമല്ല. റോബിനു പാചകം ചെയ്തു കഴിച്ചാലേ തൃപ്തിയുള്ളൂ. പുള്ളിക്കാരനോടു ചെയ്തോളാന്‍ ഞാന്‍ പറഞ്ഞു. നിങ്ങള്‍ ആണുങ്ങള്‍ക്ക് ഒരു ഭാവമുണ്ട്, ആണുങ്ങളുടെ ഇഷ്ടങ്ങളെല്ലാം സാധിച്ചുകൊടുക്കാന്‍ വേണ്ടി ജനിച്ചവരാണു പെണ്ണുങ്ങളെന്ന്. പ്രത്യേകിച്ച്, അടുക്കളജോലി പെണ്ണുങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഒരു സമാധാനവും കിട്ടാത്ത ഏര്‍പ്പാടാണത്. ഭക്ഷണം പാചകം ചെയ്തെടുക്കുമ്പോള്‍ ഒത്താലൊത്തു. ചിലപ്പോള്‍ ഒരു രുചിയുമുണ്ടാകില്ല. തിന്നാനിരിക്കുന്ന കെട്ടിയവന്‍റെ വീര്‍ത്ത മുഖമാണു സമ്മാനം. എല്ലാം കഴിഞ്ഞാലോ, അടുക്കളവെയ്സ്റ്റും ചുമന്നുള്ള നടപ്പ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കെല്ലാം ആണുങ്ങള്‍ ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടിയെടുക്കും. അടുക്കളയിലെ ചെലവിന് ഒരു കണക്കുമില്ല. ഗ്യാസ്, വെള്ളം, കറന്‍റ്, പാത്രങ്ങള്‍, പലചരക്കു സാധനങ്ങള്‍, കഷ്ടപ്പാടിന്‍റെ കൂലി. ഇതെല്ലാം കൂട്ടുമ്പോഴറിയാം പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതിന്‍റെ ലാഭം! ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുമ്പോള്‍ കിട്ടുന്നിടത്തു കിട്ടുന്നതു തിന്നുക. ജോലി ചെയ്തുണ്ടാക്കുന്ന പണം നല്ല ഭക്ഷണം കഴിക്കാന്‍ കൂടിയല്ലേ?” – ജെയ്സി പറഞ്ഞു ചിരിച്ചു.

“നല്ല ഭക്ഷണം ഉണ്ടാക്കാനറിയില്ലെന്നു പറഞ്ഞാല്‍ പോരെ. എന്തിനാ വളച്ചുകെട്ടുന്നത്. ജെയ്സിയെ സഹിച്ചുപോകുന്നതിനു റോബിനൊരു അവാര്‍ഡ് കൊടുക്കേണ്ടതാണ്” – സൂരജ് ചിരിച്ചു.

വെയിറ്റര്‍ വന്നപ്പോള്‍ ജെയ്സി പറഞ്ഞു: “എനിക്കൊരു നെയ്റോസ്റ്റ്, കാപ്പി.”

“എനിക്കു പൂരിമസാല, കാപ്പി” – സൂരജ് പറഞ്ഞു.

അവര്‍ വിഭവങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ റോബിന്‍റെ കമ്പനിയില്‍ ജോലിയുള്ള എബിയും ആതിരയും ഹോട്ടലിലേക്കു കയറി വരുന്നതു ജെയ്സി കണ്ടു.

“റോബിന്‍റെ സുഹൃത്തുക്കളാണ് എബിയും ആതിരയും. കൊഹാബിറ്റേഷന്‍കാരാണ്. വ്യവസ്ഥയൊന്നുമില്ലാതെ അവര്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയതിന്‍റെ അഞ്ചാം വാര്‍ഷികാഘോഷത്തിനു ഞങ്ങളെയും ക്ഷണിച്ചിരുന്നു” – ജെയ്സി പറഞ്ഞു.

അവര്‍ ഇരിക്കാനിടം തിരഞ്ഞു ജെയ്സിയുടെ സമീപമെത്തിയപ്പോള്‍ ജെയ്സി എഴുന്നേറ്റ് അവരെ അഭിവാ ദ്യം ചെയ്തു.

“ഹായ് എബിസര്‍… ആതിര…”

“ഓ… ജെയ്സി… ആതിര ഓര്‍ക്കുന്നില്ലേ ജെയ്സിയെ… നമ്മുടെ റോബിന്‍റെ ശ്രീമതി… ജെയ്സിയുടെ പപ്പ നമ്മുടെ സെലിബ്രേഷനില്‍ പ്രസംഗിച്ചു” – എബി ആതിരയോടു പറഞ്ഞു.

“ഹായ് ജെയ്സി, ഇദ്ദേഹം?”- ആതിര സൂരജിന്‍റെ നേരെ നോക്കി ചോദിച്ചു.

“ഇതു സൂരജ്. ഞങ്ങളുടെ ടീം ലീഡറാണ്.”

“ഞങ്ങളുടെ കൂടെ ഇരിക്കൂ. ഇന്നത്തെ കാപ്പി ഒരുമിച്ചാകാം” – സൂരജ് പറഞ്ഞു.

അവര്‍ മേശയുടെ മറുഭാഗത്തെ കസേരകളില്‍ ഇരുന്നു.

“ഞങ്ങള്‍ ജോലി കഴിഞ്ഞു ഭക്ഷണം കഴിച്ചിട്ടാണു വീട്ടിലേക്കു പോകുക. അവധി ദിവസം മാത്രമേ വീട്ടില്‍ പാചകമുള്ളൂ. ആതിര രാത്രിയില്‍ ഭക്ഷണം കഴിക്കാറില്ല. തടി കൂടുതലാകുമെന്ന ഭയം” – എബി പറഞ്ഞു.

“റോബിന്‍ എന്തെടുക്കുന്നു?” – ആതിര ചോദിച്ചു.

“പതിവുപോലെ കഴിയുന്നു. രാവിലെ ഞങ്ങളൊരുമിച്ചു ജോലിക്കിറങ്ങും.”

“ഏതു കമ്പനിയിലാണു ജോലി കിട്ടിയത്?” – എബി ചോദിച്ചു.

“ആര്‍ക്ക്…? നിങ്ങള്‍ തമ്മില്‍ കാണാറില്ലേ?” – ജെയ്സി ചോദിച്ചു.

“കണ്ടിട്ടു കുറച്ചു ദിവസമായി.”

“അതെന്താണ് എബി ഇവിടെയില്ലായിരുന്നോ?”

“ഞാന്‍ പോകുന്നുണ്ട്. പക്ഷേ, റോബിന്‍ ഇപ്പോള്‍ ഏതു കമ്പനിയിലാണെന്നറിഞ്ഞില്ല” – എബി പറഞ്ഞു.

“എന്താണ് എബി സാര്‍? നി ങ്ങള്‍ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല” – ജെയ്സി അത്ഭുതപ്പെട്ടു.

“ജെയ്സി, റോബിന്‍ കേസില്‍പ്പെട്ടതുകൊണ്ട്, കമ്പനിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.”

“ആരെ സസ്പെന്‍ഡ് ചെയ്തു?”

“അപ്പോള്‍, റോബിന്‍ ജെയ്സിയോട് വിവരങ്ങള്‍ പറഞ്ഞില്ലേ? എന്‍റെ ദൈവമേ! അബദ്ധമായി. ജെയ്സി അറിയണ്ടായെന്നു റോബിന്‍ കരുതിയിരിക്കും.”

“റോബിന്‍ എന്നോടൊന്നും പറഞ്ഞിട്ടില്ല. ഇന്നും രാവിലെ എന്നെ കമ്പനിയില്‍ കൊണ്ടാക്കിയിട്ടു പതിവുപോലെ കമ്പനിയിലേക്കു പോകുന്നതാണു ഞാന്‍ കണ്ടത്” – ജെയ്സി ആശങ്കയോടെ പറഞ്ഞു.

“ജെയ്സി, എനിക്കു നിങ്ങളോട് ഇതു പറയേണ്ടതായി വന്നതില്‍ വിഷമമുണ്ട്. ജെയ്സിയെ വിഷമിപ്പിക്കണ്ടായെന്നു കരുതിയായിരിക്കും റോബിന്‍ പറയാതിരുന്നത്. ജാമ്യം കിട്ടി കമ്പനിയില്‍ വന്ന ദി വസംതന്നെ റോബിനെ കമ്പനി പുറത്താക്കിയതാണ്. വേറെ ഏതെങ്കിലും ചെറിയ കമ്പനിയില്‍ അയാള്‍ ജോലിക്കു കയറിയിട്ടുണ്ടാകും.”

പിന്നെ എബി പറഞ്ഞതൊന്നും ജെയ്സി കേട്ടില്ല. അവളുടെ കേള്‍വിശക്തി നഷ്ടപ്പെട്ടുപോയി. ഹൃദയമിടിപ്പു വര്‍ദ്ധിച്ചു. ശരീരത്തിനു നേരിയ വിറയല്‍ ബാധിച്ചു. റോബിന്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ അഭിനയിക്കുകയായിരുന്നു… അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“ജെയ്സി, സങ്കടപ്പെടാതെ” – ആതിര എഴുന്നേറ്റു വന്ന് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“ജെയ്സി എന്തായിത്? റോബിന് ഇതല്ലെങ്കില്‍ മറ്റൊരിടത്തു ജോലി ഉറപ്പാണ്. അയാള്‍ നന്നായി ജോലിയെടുക്കുന്നവനാണ്. നമ്മളൊന്ന് ഓര്‍ക്കണം, ഐടി രംഗത്ത് ഒരു കമ്പനിയില്‍ത്തന്നെ സ്ഥിരമായി ജോലിയെടുക്കാന്‍ എത്ര പേര്‍ക്കു കഴിയും? ചിലരെ കമ്പനി ഉപേക്ഷിക്കുമ്പോള്‍, എത്രയോ പേര്‍ കമ്പനിയെ ഉപേക്ഷിക്കുന്നു. കമ്പനികള്‍ മാറുന്നതുതന്നെ നല്ലത്. ഒരു കമ്പനിയില്‍ത്തന്നെ അടങ്ങിയൊതുങ്ങി ജോലി ചെയ്യുന്നവരെപ്പറ്റി ആ കമ്പനിക്കുപോലും മതിപ്പില്ല. ജെയ്സി ഇതുപോലെ ക്ഷോഭിക്കുമെന്നു കരുതിയായിരിക്കും റോബിന്‍ ഇക്കാര്യം മറച്ചുവച്ചത്” – സൂരജ് പറഞ്ഞു.

“എന്നാലും നിങ്ങളു പറഞ്ഞാണോ ഞാനിതൊക്കെ അറിയേണ്ടത്?”- ജെയ്സി ചോദിച്ചു.

“കാപ്പി കുടിക്ക് ജെയ്സി. ഇതൊന്നും അത്ര സാരമുള്ള കാര്യമല്ല. നമ്മള്‍ ജീവിതത്തെപ്പറ്റി, ജോലിയെപ്പറ്റിയൊക്കെ നൂറു ശതമാനം പൂര്‍ണത, വിജയം പ്രതീക്ഷിക്കരുത്. അതു നമ്മളെ നിരാശപ്പെടുത്തും. ഒരു പത്തു ശതമാനം വിട്ടുകളയണം. നമ്മള്‍ നല്ല ആരോഗ്യമുള്ളവരാണ്. ജീവിതകാലം മുഴുവന്‍ ആരോഗ്യമുള്ളവരായി കഴിയാമെന്നു നമ്മള്‍ കാണുമ്പോഴും ഒരരികില്‍ ഒരു പത്തു ശതമാനം നമ്മള്‍ നീക്കിവയ്ക്കണം. ഒരു മാരകരോഗമോ ഒരു അപകടമോ സംഭവിക്കാം. ഓര്‍ക്കാപ്പുറത്ത് ഒരു ചെക്കപ്പില്‍ നിങ്ങള്‍ കാന്‍സര്‍ രോഗിയാണെന്നു ഡോക്ടര്‍ നമ്മളോടു പറയാം. അതാണ് ഇന്‍ഷൂറന്‍സിന്‍റെ അടിസ്ഥാനം. എല്ലാത്തിനും സാദ്ധ്യതകളുള്ള ഒരേര്‍പ്പാടാണു ജീവിതം. അതു മനസ്സിന്‍റെ കോണിലുണ്ടാകണം. അങ്ങനെയൊരു കരുതലുള്ളവര്‍ക്കു നിരാശയുണ്ടാകില്ല, റോബിനെന്നല്ല, ജെയ്സിക്കോ എനിക്കോ ആതിരയ്ക്കോ ജോലി നഷ്ടപ്പെടാം. നമ്മള്‍ മറ്റൊരിടത്തു ജോലി ചെയ്യും. അത്രയേയുള്ളൂ”- എബി പറഞ്ഞു.

ജെയ്സി കാപ്പി കുടിച്ചില്ല. അവള്‍ ഷാളിന്‍റെ ഒരറ്റംകൊണ്ട് മുഖം മറച്ചിരുന്നതേയുള്ളൂ. അവള്‍ നിശ്ശബ്ദം കരയുകയാണെന്നു മനസ്സിലാക്കിയ സുഹൃത്തുക്കള്‍ പിന്നെ അവളോടു സംസാരിച്ചില്ല.

കാപ്പി കുടിച്ചു കഴിഞ്ഞു സൂരജ് പറഞ്ഞു: “നമുക്കു പോകാം ജെയ്സി.”

അവര്‍ ഹോട്ടലില്‍ നിന്നിറങ്ങി കാറില്‍ കയറി.

“ഇത്രയേയുള്ളൂ നമ്മള്‍ നെഞ്ചിലേറ്റി നടക്കുന്ന കമ്പനികള്‍ക്കു നമ്മളോടുള്ള കൂറ്” – ജെയ്സി അമര്‍ഷത്തോടെ പറഞ്ഞു. അയാള്‍ തിരക്കിനിടയിലൂടെ പതിവിലും വേഗത്തില്‍ കാറോടിച്ചു പോ യി.

ജെയ്സിയുടെ വീട്ടുപടിക്കല്‍ കാര്‍ നിര്‍ത്തിയിട്ടു സൂരജ് അവളുടെ തോളില്‍ കൈവച്ചു പറഞ്ഞു: “എന്തും നേരിടാന്‍ ശേഷിയുള്ളവളാണു ജെയ്സിയെന്ന് ഒരു വിലയിരുത്തലാണു ഞങ്ങള്‍ക്കുള്ളത്. അത് അങ്ങനെ നിലനിര്‍ത്തണം. നമ്മള്‍ വാടകവീടുകളില്‍ താമസിക്കുന്നവരാണ്. ഒരു വാടകവീടിനോടു നമ്മള്‍ക്ക് ആത്മബന്ധമുണ്ടാകില്ല. അതുപോലെതന്നെയാണു നമ്മുടെ ജോലിയും. ഇറങ്ങിക്കോളൂ.”

ജെയ്സി കാറില്‍ നിന്നിറങ്ങിവീട്ടിലേക്കു കയറി. വീടു തുറന്നിട്ടില്ല, റോബിനെത്തിയിട്ടില്ല. അവള്‍ ഹാന്‍ഡ്ബാഗില്‍നിന്നു താക്കോലെടുത്തു വീടു തുറന്ന് അകത്തു കയറി.

“റോബിന്‍റെ ജോലി പോയതിലല്ല എനിക്കു പ്രയാസം. അതെന്നോടു പറയാതിരുന്നതിലാണ്. അയാള്‍ പലതും എന്നില്‍നിന്നു മറച്ചുവയ്ക്കുകയാണ്” – ജെയ്സി ആത്മഗതം ചെയ്തുകൊണ്ട് സോഫായില്‍ തളര്‍ന്നിരുന്നു.

സന്ധ്യ കഴിഞ്ഞതിനുശേഷമാണു റോബിനെത്തിയത്. ജെയ്സി അപ്പോഴും സോഫായില്‍ കണ്ണട ച്ചു ചാരിക്കിടക്കുകയായിരുന്നു.

റോബിന്‍ ഡ്രസ്സ് മാറി വന്നു ടി.വി. ഓണാക്കി ജെയ്സിയുടെ അടുത്തിരുന്നു.

“ജെയ്സി നിനക്കെന്തു പറ്റി? തലവേദനയാണോ?” – റോബിന്‍ ചോദിച്ചു.

അവള്‍ മറുപടി പറഞ്ഞില്ല.

“എനിക്കു വിശക്കുന്നില്ല. നിനക്കു ചപ്പാത്തിയോ മറ്റോ ഉണ്ടാക്കണോ? നീ ഭക്ഷണം കഴിച്ചതാണോ?”- റോബിന്‍ ചോദിച്ചു.

“എനിക്കു വിശക്കുന്നില്ല”- ജെയ്സി പറഞ്ഞു.

“കമ്പനിയില്‍ വല്ല പ്രശ്നവുമുണ്ടായോ? മുഖത്തെ മഴക്കാറു കണ്ടതുകൊണ്ടു ചോദിച്ചതാണ്” – റോബിന്‍ ചിരിക്കാന്‍ ശ്രമിച്ചു.

“റോബിന്‍റെ കമ്പനിയില്‍ എന്തെങ്കിലുമുണ്ടായോ?” – ജെയ്സി ചോദിച്ചു.

“കമ്പനിയില്‍ എന്തുണ്ടാകാന്‍?”

“റോബിന്‍ ഇത്രനേരവും എവിടെയായിരുന്നു?”

“കമ്പനിയില്‍…”

“ഏതു കമ്പനിയില്‍…?”

ജെയ്സി കമ്പനിയില്‍ നടന്ന കാര്യങ്ങളൊക്കെ അറിഞ്ഞുകാണും. ഇനി ഒളിച്ചുകളികൊണ്ടു കാര്യമില്ല.

“ജെയ്സി നിന്നെ വിഷമിപ്പിക്കണ്ടായെന്നു കരുതിയാണു ഞാന്‍ പറയാതിരുന്നത്. പൊലീസ് കേസ്സുണ്ടായതു മൂലം കമ്പനിയില്‍ നിന്ന് എന്നെ സസ്പെന്‍ഡ് ചെയ്തു. ഞാന്‍ മറ്റൊരു ജോലിക്കു ശ്രമിക്കുകയാണ്. കേസ്സില്‍പ്പെട്ടതുകൊണ്ടു ജോലി നല്കാന്‍ കമ്പനികള്‍ മടിക്കുന്നു. ഒരുപാട് ഇന്‍റര്‍വ്യൂവിനു പോയി. ഒന്നും ശരിയാകുന്നില്ല.”

“നിങ്ങള്‍ ഇതെല്ലാം ഒളിച്ചുവച്ചുകൊണ്ട് ഒന്നും സംഭവിക്കാത്തമട്ടില്‍ അഭിനയിക്കുകയായിരുന്നു.”

“ജെയ്സി ഞാന്‍ പറയുന്നതു മനസ്സിലാക്കൂ. മറ്റൊരു ജോലി പെട്ടെന്നു ലഭിക്കുമെന്നും അതിനുശേഷം നിന്നോട് എല്ലാം പറയാമെന്നും ഞാന്‍ വിചാരിച്ചു. എന്‍റെ ജോലി നഷ്ടപ്പെട്ട വിവരം നീ മുഖാന്തിരം നമ്മുടെ വീടുകളില്‍ അറിയുമെന്നു ഞാന്‍ ഭയപ്പെട്ടു. ഇത്ര ദിവസവും ഒരു ജോലിക്കായി ഞാന്‍ കമ്പനികളില്‍ കയറി ഇറങ്ങുകയായിരുന്നു. ചിലയിടങ്ങളില്‍ ജോലി ലഭിക്കുമായിരുന്നു. ശമ്പളം വളരെ കുറച്ചാണ് അവര്‍ പറഞ്ഞത്. ചില ജോലികള്‍ നമുക്കു ചെയ്യാന്‍ കഴിയുമായിരുന്നില്ല.”

“നിങ്ങള്‍ ഒരു കള്ളനാണു റോബിന്‍. ഇതെല്ലാം മറച്ചുവച്ചുകൊണ്ട് എന്‍റടുത്തു നിങ്ങള്‍ കമ്പനിയില്‍ പോകുന്നതായി അഭിനയിച്ചു. നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും എന്‍റടുത്തുനിന്നു മറച്ചുവയ്ക്കാന്‍ കഴിയും. പൊലീസ് പറയുന്നതില്‍ കര്യമുണ്ടെന്ന് എനിക്കിപ്പോള്‍ തോന്നുകയാണ്. നിങ്ങള്‍ ആ അര്‍ച്ചനയ്ക്കു പിന്നാലെ നടന്നിട്ടുണ്ടാകും. അവള്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരന്‍ നിങ്ങള്‍ തന്നെയാകും. എന്തു ചെയ്താലും ഒരു പുണ്യാളനായി നിങ്ങള്‍ക്ക് അഭിനയിക്കാന്‍ കഴിയുന്നുണ്ട്”- ജെയ്സി സ്വരമുയര്‍ത്തി പറഞ്ഞു.

“നീ ഇങ്ങനെയൊക്കെ പറയരുതു ജെയ്സി. ജോലി നഷ്ടപ്പെട്ട വിവരം ഞാന്‍ മറച്ചുവച്ചു; സോറി. മനഃപൂര്‍വം പറയാതിരുന്നതല്ല. ഇന്നല്ലെങ്കില്‍ നാളെ ഒരു ജോലി കിട്ടുമെന്നു വിചാരിച്ചു” – റോബിന്‍ പറഞ്ഞു.

“റോബിന്‍, നിങ്ങളെ പൊലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലിട്ടില്ലേ? അപ്പോഴും ഞാന്‍ നിങ്ങളുടെ ഒപ്പം നിന്നു. നിങ്ങളെ ജാമ്യത്തിലിറക്കാന്‍ ഞാന്‍ ഓടിനടന്നു.”

“പക്ഷേ, നീ എല്ലാം വീട്ടിലേക്കു വിളിച്ചുപറഞ്ഞ് എനിക്കു ജോലി നഷ്ടപ്പെട്ടു, ബംഗ്ളൂര്‍ നഗരത്തില്‍ തെണ്ടിത്തിരിഞ്ഞു നടക്കുകയാണെന്ന് അവര്‍ അറിയരുതെന്നു ഞാന്‍ വിചാരിച്ചുപോയി.”

“ഞാന്‍ പറഞ്ഞില്ല റോബിന്‍. ചാനലുകളിലും പത്രങ്ങളിലും അതൊരു വലിയ വാര്‍ത്തയായിരുന്നു.”

“നമ്മുടെ മാതാപിതാക്കളെ ഞാനോര്‍ക്കുന്നു. നിന്നെ ഞാന്‍ മറക്കാതിരിക്കുന്നു. എനിക്കു ജാമ്യം നിന്ന ശ്രീനിവാസന്‍ അങ്കിളിനെ ഓര്‍ക്കുന്നു. ആ ഓര്‍മകള്‍ നശിച്ചാല്‍ ഞാന്‍ ഈ നാടുവിട്ടു പോകുമായിരുന്നു. ഈ നാട്ടില്‍ കേസ് തീരുന്നതുവരെ എനിക്കു നല്ലൊരു ജോലി കിട്ടാന്‍ പ്രയാസമാ” – റോബിന്‍ വിതുമ്പി.

എന്താണു പറയേണ്ടതെന്നു ജെയ്സിക്കു നിശ്ചയമില്ലാതയായി. തകര്‍ന്നുനില്ക്കുകയാണു റോബിന്‍. കമ്പനികള്‍ നിലവിലുള്ള ജോലിക്കാരുടെ എണ്ണം എങ്ങനെ കുറയ്ക്കാമെന്ന് ആലോചിക്കുന്ന കാലമാ. അപ്പോള്‍ പൊലീസുകേസുമായി നില്ക്കുന്ന ഒരാള്‍ക്കു ജോലി കൊടുക്കുമോ?”

“കേസ് കഴിയുന്നതുവരെ റോബിന്‍ കിട്ടുന്ന ജോലി ചെയ്യൂ; ശമ്പളം നോക്കണ്ട.”

“നല്ല കമ്പനിയില്‍ നല്ല ശമ്പളത്തില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്ന ഞാനിനി പറിഞ്ഞ ജോലിക്ക് എങ്ങനെ പോകും? പിന്നീടെനിക്കു നല്ലൊരു ജോലി ലഭിക്കുമോ?”

“നമുക്ക് ഒരിക്കല്‍കൂടി ആ ശ്രീനിവാസന്‍ അങ്കിളിന്‍റെ സഹായം തേടാം. അങ്ങേരു വിചാരിച്ചാല്‍ ആരുടെ റെക്കമന്‍റും നമുക്കു കിട്ടും. ഈ മഹാനഗരത്തില്‍, ഒരു ജോലിക്ക് അത്ര പ്രയാസമുണ്ടാകില്ല. ഒരു പ്രയാസമുണ്ടാകുമ്പോള്‍ അതു കൂടെയുള്ളവരോടു പറയണം. ഒറ്റയ്ക്കു ചുമന്നുകൊണ്ടു നടക്കരുത്.”

ജെയ്സി അവന്‍റെ ചുമലിലേക്കു ചാഞ്ഞു.

(തുടരും)

Leave a Comment

*
*