ആയുഷ്ക്കാലം – അദ്ധ്യായം 24

ആയുഷ്ക്കാലം – അദ്ധ്യായം 24

ജോസ് ആന്‍റണി

"റോബിന്‍, രാവിലെ ഒരിടംവരെ പോകണം. നീ റെഡിയായി വരൂ"- ശ്രീനിവാസന്‍ റോബിനെ ഫോണില്‍ വിളിച്ചു പറഞ്ഞു.

ശ്രീനിവാസന്‍ അങ്കിളിനെ കണ്ടു ജോലിക്കാര്യം പ റഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു:

"റോബിന്‍ നിങ്ങള്‍ മുന്തിയ ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ആളാണ്. ആ നിലയില്‍ ഇനി ഒരു ജോലി കിട്ടുക എളുപ്പമല്ല. എന്നാല്‍ കേസ് തീരുന്നതുവരെ നിങ്ങളിടെ എവിടെയെങ്കിലും ജോലിക്കു കയറേണ്ടത് എന്‍റെ ആവശ്യംകൂടിയാണ്. നിങ്ങള്‍ നാടുവിട്ടു പോയാല്‍ ജാമ്യക്കാരനായ ഞാന്‍ കുഴപ്പത്തിലാകുമല്ലോ" – അദ്ദേഹം ചിരിച്ചുകൊണ്ടു തുടര്‍ന്നു.

"റോബിന് ഒരു ജോലി കിട്ടാന്‍ പ്രയാസമൊന്നുമില്ല. നീ വിഷമിക്കണ്ട. പക്ഷേ, നമ്മുടെ നാട്ടിലെ കമ്പനികള്‍ക്കു മള്‍ട്ടിനാഷണല്‍ കമ്പനികളോടു മത്സരിച്ച് ശമ്പളം നല്കാന്‍ കഴിയില്ല. നിന്‍റെ ഈ അവസ്ഥയില്‍ ശമ്പളം കുറഞ്ഞാലും നല്ലൊരു സ്ഥാപനത്തില്‍ ജോലി കിട്ടുമോന്നു ഞാന്‍ ശ്രമിക്കാം. കമ്പനികള്‍ക്കു റോ മെറ്റീരിയല്‍ സപ്ലൈ ചെയ്യുന്ന ഒരു ബിസിനസ്സുകാരന്‍ എനിക്കു സുഹൃത്തായുണ്ട്. ഒരു കുമാരഗൗഡ. ഒരുപാടു കമ്പനികളുമായി ഏര്‍പ്പാടുകളുള്ള ആളാണ്. ഞാന്‍ അങ്ങേരുമായി ഒന്നു സംസാരിക്കട്ടെ റോബിന്‍ ധൈര്യമായി പൊയ്ക്കോ, ഞാന്‍ വിളിക്കാം."

അദ്ദേഹത്തിന്‍റെ വാക്കുകളില്‍ വിശ്വസിച്ച് ഒരാഴ്ചയായി വീട്ടില്‍ കഴിയുകയായിരുന്നു. നഗരത്തില്‍ ജോലി അന്വേഷിച്ചു അലഞ്ഞുനടന്ന് അവന്‍ ക്ഷീണിതനും നിരാശനുമായി കഴിഞ്ഞിരുന്നു.

"ജെയ്സി, ശ്രീനിവാസന്‍ അങ്കിള്‍ വിളിച്ചു. രാവിലെ ഒരു ഇന്‍റര്‍വ്യൂവിനു പോകണമെന്ന്" – കുളിച്ചു ഡ്രസ്സ് മാറുമ്പോള്‍ റോബിന്‍ പറഞ്ഞു.

"എന്നാല്‍ റോബിന്‍ നേരത്തെ പൊയ്ക്കോളൂ. എന്നെ കമ്പനിയില്‍ വിടാന്‍ നില്ക്കണ്ട" – ജെയ്സി പറഞ്ഞു.

റോബിന്‍ ഇന്‍റര്‍വ്യൂവിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങുന്ന ഫയല്‍ എടുത്തു കാറില്‍വച്ചു. കാറുമായി ശ്രീനിവാസന്‍റെ വീട്ടിലേക്കു ചെല്ലുമ്പോള്‍ അദ്ദേഹം തയ്യാറായി നില്ക്കുകയായിരുന്നു.

"സമയം കളയണ്ട, പോകാം" – ശ്രീനിവാസന്‍ കാറില്‍ കയറിക്കൊണ്ടു പറഞ്ഞു.

"കുമാരഗൗഡ ഏര്‍പ്പാടാക്കിയതാ. വൈറ്റ് ഫീല്‍ഡില്‍ പോകണം. ഓള്‍ഡ് മദ്രാസ്റോഡില്‍ കയറി പോകുന്നതാ എളുപ്പം. മഹാദേവപുരയിലാണു കമ്പനി. യൂണിവേഴ്സല്‍ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍. നിനക്കു പരിചയക്കുറവുള്ള സ്ഥലമായതുകൊണ്ടാണു ഞാന്‍ കൂടി പോന്നത്. കന്നടക്കാരാണെങ്കില്‍ എനിക്കു കന്നടഭാഷയില്‍ കാര്യങ്ങള്‍ പറയാമല്ലോ."

"താങ്ക്സ് അങ്കിള്‍. അങ്കിള്‍ കൂട്ടത്തിലുള്ളത് എനിക്കൊരു ധൈര്യമാ" – റോബിന്‍ പറഞ്ഞു.

ഓള്‍ഡ് മദ്രാസ് റോഡിലെത്തണമെങ്കില്‍ അര മണിക്കൂര്‍ ഓടണം. രാവിലെ തിരക്കു വര്‍ദ്ധിക്കുന്നതിനുമുമ്പു പ്രധാന റോഡുകള്‍ കടന്നു പോകാനായി അവന്‍ വേഗത്തില്‍ കാറോടിച്ചു.

"ഞാന്‍ ആ കമ്പനിയിലൊന്നും പോയിട്ടില്ല കെട്ടോ. ആ ഗൗഡ പറഞ്ഞ അറിവേയുള്ളൂ. അവിടെ ചെല്ലുമ്പോള്‍ നമുക്കു പറ്റിയതല്ലെങ്കില്‍ എന്നോടൊന്നും തോന്നിയേക്കരുത്."

ഇല്ല അങ്കിള്‍. ജോലി അന്വേഷണമെന്നു പറഞ്ഞാല്‍ അതു വല്ലാത്ത ഏര്‍പ്പാടുതന്നെയാ. ഒന്ന് ഒത്തുകിട്ടാനുള്ള കഷ്ടപ്പാട് എനക്കിപ്പോഴാ മനസ്സിലാകുന്നത്. ജോലിയില്ലാതെ ബംഗ്ളുരുവില്‍ കഴിയാനാവില്ല. ജീവിച്ചുപോകാനുള്ളതു കിട്ടുമെങ്കില്‍ ഞാനങ്ങു കയറും" – റോബിന്‍ പറഞ്ഞു.

"മീന്‍ പിടിക്കാന്‍ വല വീശുന്നതു കണ്ടിട്ടില്ലേ? മീന്‍ കിട്ടുമെന്ന് ഉറപ്പുവരുത്തി വല വീശാന്‍ കഴിയില്ല. വല വീശുകയെന്നുള്ളതാണു മീന്‍ പിടുത്തക്കാരന്‍റെ ധര്‍മം. ഓര്‍ക്കാപ്പുറത്തു നല്ല മീനുകള്‍ വലയില്‍ കുടുങ്ങും. ജീവിതത്തില്‍ മിക്ക കാര്യങ്ങളും ഇങ്ങനെതന്നെയാ" – ശ്രീനിവാസന്‍ പറഞ്ഞു.

വൈറ്റ്ഫീല്‍ഡില്‍ എത്തിയപ്പോള്‍, കാര്‍ നിര്‍ത്തി റോഡരുകില്‍ നിന്നയാളോടു ശ്രീനിവാസന്‍ മഹാദേവപുരത്തേയ്ക്കുള്ള വഴി ചോദിച്ചു. അയാള്‍ അതു വിശദമായി പറഞ്ഞുകൊടുത്തു.

ധാരാളം വ്യവസായശാലകളുള്ള പ്രദേശമായിരുന്നവിടം. ഏറെ അന്വേഷിക്കാതെതന്നെ അവര്‍ക്കു കമ്പനി കണ്ടെത്താന്‍ കഴിഞ്ഞു. ഗെയ്റ്റില്‍ നിന്ന സെക്യുരിറ്റിയോടു സംസാരിച്ചതു ശ്രീനിവാസനാണ്.

സെക്യുരിറ്റി ഗെയ്റ്റ് തുറന്നു കൊടുത്തു. അവര്‍ കമ്പനി മുറ്റത്ത് കാര്‍ ഒതുക്കിനിര്‍ത്തി. റോബിന്‍ മുമ്പില്‍ ഉയര്‍ന്നു നില്ക്കുന്ന ബഹുനിലക്കെട്ടിടത്തിലേക്കു നോക്കി. അഞ്ചു നില കെട്ടിടമാണ്. കെട്ടുംമട്ടും മോശമില്ല. എന്നാലും താന്‍ മുമ്പു ജോലി ചെയ്തിരുന്ന കമ്പനി കെട്ടിടത്തിന്‍റെ മൂന്നിലൊന്നേയുളളൂ. പതിനഞ്ചു നിലകളുള്ള ഒരു കൂറ്റന്‍ കെട്ടിടമായിരുന്നത്.

"ഇറങ്ങി വരൂ" – ശ്രീനിവാസന്‍ കാറില്‍ നിന്നിറങ്ങിമുമ്പേ നടന്നു.

അദ്ദേഹത്തിന്‍റെ പിന്നാലെ നടക്കുമ്പോള്‍ റോബിന്‍ ഓര്‍ത്തു. അങ്കിള്‍ ആളു മിടുക്കനാണ്. എന്തും വന്നോട്ടെയെന്ന ഭാവത്തിലാണു നടപ്പ്.

ഫ്രണ്ട് ഓഫീസില്‍ കയറി കന്നട ഭാഷയില്‍ ശ്രീനിവാസന്‍ ഓരോന്നു ചോദിച്ചു. മാനേജിങ്ങ് ഡയറക്ടറെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.

ഓഫീസിലിരുന്ന യുവതി ഫോണിലൂടെ എംഡിയുമായി സംസാരിച്ചു.

"അപ്പോയിന്‍റ്മെന്‍റുണ്ടോ?" – യുവതി ചോദിച്ചു.

"കുമാരഗൗഡ പറഞ്ഞിരുന്ന ആള്‍ എന്നു പറയൂ" – ശ്രീനിവാസന്‍ പറഞ്ഞു.

"എംഡിയുടെ ഓഫീസ് ഫസ്റ്റ് ഫ്ളോറിലാണ്. ആ സ്റ്റെയര്‍കേസ് കയറി പോകണം" – യുവതി പറഞ്ഞു.

അവര്‍ സ്റ്റെയര്‍കേസ് കയറി മുകളിലെത്തി ഒരിടനാഴിയിലൂടെ അല്പദൂരം നടന്നു. എംഡിയുടെ ഓഫീസ് മുറിയുടെ വാതില്‍ക്കല്‍ നിന്നു.

ഗിരീഷ് സുബ്ബറാവു, മാനേജിങ്ങ് ഡയറക്ടര്‍, വാതിലില്‍ പതിപ്പിച്ചിരുന്ന ബോര്‍ഡ് റോബിന്‍ ശ്രദ്ധിച്ചു.

ശ്രീനിവാസന്‍ വാതിലില്‍ മുട്ടി. പിന്നെ വാതില്‍ തുറന്ന് അകത്തു കയറി, റോബിന്‍ അകത്തേയ്ക്കു കടക്കുന്നതിനായി കാത്തുനിന്നു.

"വരൂ, ഇരിക്കൂ" – എം.ഡി. പറഞ്ഞു.

അവര്‍ അദ്ദേഹത്തിന്‍റെ മുമ്പിലിരുന്നു. അമ്പതു വയസ്സിനടുത്തു പ്രായമുണ്ടാകും. വെളുത്തു മെല്ലിച്ച് ഉയരമുള്ള ഒരാള്‍.

"ഞങ്ങള്‍ കുമാരഗൗഡ പറഞ്ഞിട്ടുവരികയാണ്. ഇവിടെ ഒരാളെ ജോലിക്കു വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് ഇവിടെ വരാനാണ് അദ്ദേഹം അറിയിച്ചത്" – ശ്രീനിവാസന്‍ കന്നടഭാഷയില്‍ പറഞ്ഞു.

"കുമാരാ ഗൗഡ എന്നോടു പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ എന്‍ജിനീയറെ ആവശ്യമുണ്ട്" – എംഡി പറഞ്ഞു. അദ്ദേഹം ഇന്‍റര്‍കോമിലൂടെ ആരെയോ വിളിച്ചു.

അല്പം കഴിഞ്ഞപ്പോള്‍ ആ മുറിയിലേക്ക് ഒരാള്‍ കടന്നുവന്നു.

"ഇരിക്കൂ ലാല്‍കൃഷ്ണാ. ഇവരെ കുമാരഗൗഡ പറഞ്ഞയച്ചതാണ്. കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ്" – എംഡി പറഞ്ഞു.

"എന്താണു നിങ്ങളുടെ പേര്?" – ലാല്‍കൃഷ്ണ റോബിനു നേരെ ചോദിച്ചു.

"റോബിന്‍."

"എവിടെയാണു ജോലി ചെയ്തിരുന്നത്?"

റോബിന്‍ കമ്പനിയുടെ പേരു പറഞ്ഞു.

"ഓ! ഒരു എംഎന്‍സിയില്‍ ജോലി ചെയ്തിരുന്ന ആള്‍ എന്തുകൊണ്ട് ഇവിടെ ജോലി അന്വേഷിച്ചുവരണം?"

"ഒരു പൊലീസ് കേസുണ്ടായി. തന്മൂലം ജോലി നഷ്ടപ്പെട്ടു"-ചമ്മലോടെ റോബിന്‍ പറഞ്ഞു. ഇന്‍റര്‍വ്യൂവിനു പോയ കമ്പനികളിലെല്ലാം ഈ കടമ്പയില്‍ തട്ടിയാണു വീണു പോയത്.

"എന്തു പൊലീസ് കേസ്?"

"എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെ ഭര്‍ത്താവ് വിഷം കൊടുത്തു കൊന്നു. പൊലീസ് പിടിച്ചപ്പോള്‍ അയാള്‍, കമ്പനിയില്‍ അവള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഒരാളുമായി ബന്ധമുണ്ടായിരുന്നതുകൊണ്ടാണു വിഷം കൊടുത്തു കൊല്ലാന്‍ കാരണമായതെന്നു പറഞ്ഞു. പൊലീസ് എന്നെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ വിളിപ്പിച്ചു. ആ സ്ത്രീയുമായി സ്നേഹത്തിലായിരുന്ന ആള്‍ ഞാനാണെന്നു പൊലീസുകാര്‍ സ്ഥാപിച്ചു. ഞാന്‍ കേസില്‍ പെട്ടു. വാസ്തവത്തില്‍ ആ സ്ത്രീയോ ഞാനോ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യമാണ്" – റോബിന്‍ വിശദീകരിച്ചു.

"ഇയാള്‍ കുഴപ്പക്കാരനല്ല സര്‍. കുടുംബമായി മാന്യമായി കഴിയുന്നവര്‍. എനിക്ക് ഇവരെ നന്നായി അറിയാം" – ശ്രീനിവാസന്‍ പറഞ്ഞു.

"നിങ്ങള്‍ ആരാണ്?"

"ഞാന്‍ ശ്രീനിവാസന്‍. ഇയാളുടെ അയല്ക്കാരന്‍. സ്റ്റാര്‍ ഗ്രാനൈറ്റ് കമ്പനി എന്‍റേതാണ്. കുമാരഗൗഡ എന്‍റെ സുഹൃത്താണ്."

"അതു ശരി. റോബിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കൂ; നോക്കട്ടെ" – ലാല്‍കൃഷ്ണ ആവശ്യപ്പെട്ടു.

ലാല്‍കൃഷ്ണ സര്‍ട്ടിഫിക്കറ്റുകള്‍ മറിച്ചു നോക്കിക്കൊണ്ടു ചോദിച്ചു: "നിങ്ങള്‍ കേരളത്തില്‍ നിന്നാണല്ലേ? ബിടെക്കിന് ഇലക്ട്രോണിക്സായിരുന്നല്ലോ. എണ്‍പത്തഞ്ചു ശതമാനം മാര്‍ക്കോടെയാണല്ലോ പാസ്സായിരിക്കുന്നത്!" – അയാള്‍ അത്ഭുതപ്പെട്ടു.

"കാമ്പസ് സെലക്ഷനിലാണു ഞാനാ കമ്പനിയില്‍ വന്നത്. എനിക്ക് അവിടെ അഞ്ചു വര്‍ഷത്തെ സര്‍വീസുണ്ട്. ജോലിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുന്നതിന് ഒരാഴ്ചമുമ്പ് എനിക്ക് ഒരു ഗുഡ്സര്‍വീസ് എന്‍ട്രി ലഭിച്ചതാണ്. പതിനായിരം പേര്‍ ജോലി ചെയ്യുന്ന കമ്പനിയാണ്. കേസുണ്ടായതുമൂലം കമ്പനിയുടെ ഇമേജ് മോശമായി എന്നാണു കാരണം പറഞ്ഞത്. ഞാന്‍ തെറ്റുകാരനല്ല. എന്നിട്ടും ശിക്ഷ കിട്ടി" – റോബിന്‍ പറഞ്ഞു. അവന്‍റെ സ്വരം ഇടറി.

'ഞങ്ങള്‍ക്കിവിടെ ഒരു ടെക്നിക്കല്‍ മാനേജരെ വേണം. ഇലക്ട്രോണിക്സ് പഠിച്ച ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ എന്ന നിലയ്ക്കു ഞങ്ങള്‍ ഉദ്ദേശിക്കുന്ന തസ്തികയ്ക്കു റോബിനു യോഗ്യതയുണ്ട്. പക്ഷേ, ഒരു എംഎന്‍സിയില്‍ ജോലി ചെയ്തിരുന്ന നിങ്ങള്‍ക്കു ഞങ്ങളുടെ ശമ്പളസ്കെയിലുമായി പൊരുത്തപ്പെടാന്‍ പറ്റുമോ എന്നു സംശയമുണ്ട്."

"കമ്പനിക്കു കഴിയുന്നതു നല്കിയാല്‍ മതിയാകും സര്‍. കേസ് തീരുന്നതുവരെ ഒരു ജോലിയില്ലാതെ ബംഗ്ളുരൂവില്‍ ജീവിക്കാന്‍ പറ്റുമോ? വീട്ടുവാടക പതിനയ്യായിരം വേണം. കാറിനു പെട്രോള്‍ അടിക്കണം, ശാപ്പാടു നടക്കണം" – ശ്രീനിവാസന്‍ പറഞ്ഞു.

"ഞങ്ങളുടെ പ്രധാന സ്ഥാപനം ഇതല്ല. മുപ്പതു വര്‍ഷമായി ഞങ്ങള്‍ വ്യവസായരംഗത്തുണ്ട്. ഇലക്ട്രിക്കല്‍ ഗുഡ്സുണ്ടാക്കുന്ന കമ്പനിയാണ്. മോട്ടോറുകള്‍, സ്റ്റെബിലൈസര്‍, ഫാനുകള്‍ തുടങ്ങിയവ. അതു നന്നായി പോകുന്നു. ഈ കമ്പനി തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിയിട്ടില്ല. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളാണ്. അതിനൊക്കെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വേണം. സോഫ്റ്റ്വെയര്‍ വേണം. അതൊക്കെ മറ്റു കമ്പനികളില്‍ നിന്നു വാങ്ങാം എന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങളില്‍ പരിചയമുള്ള ഒരാളുണ്ടെങ്കില്‍ നന്നായിരിക്കുമെന്നു ഞങ്ങള്‍ക്കു തോന്നി. പ്രോഗ്രാമുകളും സോഫ്റ്റ്വെയറുമൊക്കെ നമുക്കു നേരിട്ടു ഉണ്ടാക്കാന്‍ കഴിയുമോ എന്നു നോക്കണം" – എം.ഡി. പറഞ്ഞു.

"എനിക്കു കാര്യങ്ങള്‍ പഠിക്കാതെ അതിനെപ്പറ്റി അഭിപ്രായം പറയാനാകില്ല. പ്രധാനമായിട്ടുള്ള നമ്മുടെ ഉത്പന്നം എന്താണ്?" – റോബിന്‍ ചോദിച്ചു.

"വിവിധയിനം ടൈമറുകളാണു പ്രധാനമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. അതൊരു ജനകീയ ഉത്പന്നമായി മാറ്റാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍, കമ്പനികളില്‍, ഷോപ്പുകളില്‍, വീടുകളില്‍ എല്ലാം അതു പ്രയോജനപ്രദമാകും. അതൊരു ഇലക്ട്രോണിക്സ് ഉത്പന്നമാണ്. എന്നാല്‍ അതില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും സോഫ്റ്റ്വെയറുമൊക്കെ വേണ്ടിവരും. ഡിജിറ്റല്‍ ടെക് നോളജിയുടെ കടന്നുവരവോടെ, മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളിലെല്ലാം സോഫ്റ്റ്വെയറുകളും ടൂള്‍സുമൊക്കെ ആവശ്യമാണല്ലോ. പുതിയ കാറുകള്‍ മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതുപോലെ കൃത്യതയുള്ള ടൈമറുകള്‍ മനുഷ്യാദ്ധ്വാനത്തെ കുറയ്ക്കും. ഒരുപാടു നിത്യോപയോഗ വസ്തുക്കളില്‍ അതു കൂട്ടിയോജിപ്പിക്കാനാകും. ഇപ്പോള്‍ ഏതാനും കമ്പനികള്‍ അത് ഉത്പാദിപ്പിക്കുന്നുണ്ട്. ഞങ്ങളതു മൊബൈല്‍ ഫോണ്‍പോലെ ജനകീയമാക്കാനാണ് ഉദ്ദേശിക്കുന്നത്" – എംഡി വിശദീകരിച്ചു.

"കമ്പനിക്കാവശ്യമായ സോഫ്റ്റ്വെയര്‍ നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ"-റോബിന്‍ പറഞ്ഞു.

"ശമ്പളത്തിന്‍റെ കാര്യത്തില്‍ റോബിന് എന്തെങ്കിലും ഡിമാന്‍റുണ്ടോ?"- ലാല്‍കൃഷ്ണ ചോദിച്ചു.

"ഞാനൊരു കേസില്‍ പ്രതിയാണെന്ന കാര്യം അവഗണിച്ചുകൊണ്ട് എനിക്കു ജോലി നല്കുകയാണെങ്കില്‍, കമ്പനി തരുന്ന ശമ്പളത്തില്‍ ഞാന്‍ തൃപ്തനാണ്"- റോബിന്‍ പറഞ്ഞു.

"എന്നാല്‍ റോബിന്‍, ബയോഡാറ്റായുള്‍പ്പെടുന്ന ഒരപേക്ഷ തയ്യാറാക്കി ലാല്‍കൃഷ്ണയെ ഏല്പിച്ചിട്ടു പൊയ്ക്കോളൂ"- എംഡി പറഞ്ഞു.

"റോബിന്‍ എന്‍റെ കാബിനിലേക്കു വരൂ" എന്നു പറഞ്ഞിട്ടു ലാല്‍ കൃഷ്ണ പുറത്തിറങ്ങി.

എംഡിയുടെ നേരെ നന്ദിയും ആദരവും പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ലാല്‍കൃഷ്ണയുടെ പിന്നാലെ പുറത്തിറങ്ങി.

ലാല്‍കൃഷ്ണ, എച്ച്ആര്‍ഡി മാനേജര്‍ എന്ന് അദ്ദേഹത്തിന്‍റെമുറിയുടെ വാതില്ക്കല്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. മുറിക്കകത്തു കയറിയപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു മാനേജര്‍ പറഞ്ഞു.

"ആ കമ്പ്യൂട്ടര്‍ ഉപയോഗിച്ചോളൂ. അപേക്ഷയും ബയോഡേറ്റയും ഇമെയില്‍ അഡ്രസ്സും ഫോണ്‍ നമ്പറും ചേര്‍ത്ത് പ്രിന്‍റെടുത്ത് ഒരു കോപ്പി ഇവിടെ തന്നിട്ടു പൊയ്ക്കോളൂ."

റോബിന്‍ വളരെ പെട്ടെന്ന് അപേക്ഷ തയ്യാറാക്കി പ്രിന്‍റെടുത്തു മാനേജര്‍ക്കു നല്കി.

"അപ്പോയിന്‍റ്മെന്‍റ് ഓര്‍ഡര്‍ ഈമെയിലില്‍ അയച്ചേക്കാം. ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിക്കണം. ഏതാനും ദിവസം താമസമുണ്ടാകും" – മാനേജര്‍ പറഞ്ഞു.

കമ്പനിയുടെ ഗെയിറ്റ് കടന്നുപോരുമ്പോള്‍ ഒരിക്കല്‍കൂടി റോബിന്‍ ആ കെട്ടിടത്തിനു നേരെ ഒന്നു തിരിഞ്ഞുനോക്കി. ഇനി മറ്റൊരു ജീവിതത്തിന്‍റെ തുടക്കം ഇവിടെയാണെന്നു മനസ്സിലാരോ പറഞ്ഞതായി അവനു തോന്നി.

"ശമ്പളത്തേക്കാള്‍ പ്രധാനമാണ് അങ്കിളെ തസ്തിക. ടെക്നിക്കല്‍ മാനേജര്‍ നല്ല പദവിയാണ്. എത്ര ലളിതമാണു കമ്പനിയുടെ ഏര്‍പ്പാടുകള്‍. ഒരു വീട്ടില്‍ ചെന്നതുപോലെ. ഐടി കമ്പനികളിലെ ജാടയൊന്നും ഇവിടെ കാണാനില്ല" – റോബിന്‍ പറഞ്ഞു.

"റോബിന്‍ ഒരുപക്ഷേ, നിന്‍റെ ഭാഗ്യത്തിനാകും കേസും പുക്കാറും ഉണ്ടായത്. നന്നായി ജോലി ചെയ്താല്‍ അതിന്‍റെ പ്രയോജനം ഇവിടെ നിനക്കു ലഭിക്കും. ഐടി കമ്പനികളിലെ ആള്‍ക്കൂട്ടം ഇവിടെയില്ലല്ലോ" – ശ്രീനിവാസന്‍ പറഞ്ഞു.

"റോഡരുകിലെ മരങ്ങളുടെ തണലില്‍ കരിക്ക് വില്ക്കുന്നവരെ കണ്ടപ്പോള്‍ റോബിന്‍ പറഞ്ഞു.

"അങ്കിളേ, കരിക്ക് കുടിച്ചാലോ?"

"ആയിക്കോട്ടെ."

റോബിന്‍ കരിക്ക് കൂമ്പാരത്തിനടുത്തു കാര്‍ നിര്‍ത്തി ഇറങ്ങി.

കരിക്ക് കൂമ്പാരത്തിനടുത്തു നിന്നിരുന്ന ചെറുപ്പക്കാരനോടു റോ ബിന്‍ പറഞ്ഞു. "രണ്ടു കരിക്ക്."

"ദോശപ്പരുവത്തിലുള്ളത് എടുക്ക്" – ശ്രീനിവാസന്‍ പറഞ്ഞു.

ചെറുപ്പക്കാരന്‍ കരിക്കുകള്‍ക്കിടയില്‍ തിരഞ്ഞു രണ്ടു കരിക്കുകള്‍ എടുത്ത്, മൂടു വെട്ടിത്തുടങ്ങി.

"എന്താണ് അങ്കിള്‍ ദോശപ്പരുവം?" – റോബിന്‍ ചോദിച്ചു.

"കരിക്ക് മൂത്തുപോയാലും തീര്‍ത്തും ഇളതായാലും വെളളത്തിനു രുചിയുണ്ടാകില്ല. അകത്തെ തേങ്ങാ ദോശക്കനത്തിലാകുന്നതാണു ശരിയായ കരിക്ക്" – ശ്രീനിവാസന്‍ ചിരിച്ചു.

"നിങ്ങള്‍ മലയാളികള്‍ ആണോ?"- കരിക്ക് വെട്ടുന്ന ചെറുപ്പക്കാരന്‍ ചോദിച്ചു.

"അതെ. നീയും കേരളക്കാരനാ?" – ശ്രീനിവാസന്‍ ചോദിച്ചു.

"അതെ" – അവന്‍ പറഞ്ഞു.

"കേരളത്തില്‍നിന്ന് ഇവിടെ വന്നു കരിക്ക് കച്ചവടമോ?" വീട്ടില്‍ കൊണ്ടുപോകാന്‍ വല്ലതും കിട്ടുമോ?"

"

ഒന്നുമില്ല സര്‍; ശാപ്പാട് നടക്കും. കരിക്കിന്‍റെ കച്ചവടക്കാര്‍ വേറെയാ. രാവിലെ റോഡരികില്‍ ഇറക്കിത്തരും. എനിക്കു വെട്ടിവില്ക്കുന്ന പണി. രാവിലെ മുതല്‍ സന്ധ്യവരെ പണിയെടുത്താല്‍ 300 രൂപ തരും."

"എന്താണു നിന്‍റെ പേര്?"

"ബിനു."

"ബിനു കേരളത്തില്‍നിന്ന് ഇവിടെ വന്നു 300 രൂപയ്ക്ക് കരിക്ക് വെട്ടാന്‍ നില്ക്കണോ? അവിടെ വാര്‍ക്കപ്പണിക്കും മൈക്കാട്ടു ജോലിക്കും പോയാല്‍ 700 രൂപാ ഉറപ്പല്ലേ? പണി ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഏതെങ്കിലും ട്രേഡ് യൂണിയനില്‍ ചേര്‍ന്ന്, ആരെങ്കിലും പണിയെടുക്കുന്നതു നോക്കിനിന്നാല്‍ നോക്കുകൂലി 500 കിട്ടുന്ന നാടല്ലേ അത്!"- ശ്രീനിവാസന്‍ ചിരിച്ചു.

ബിനു കരിക്ക് വെട്ടി ശ്രീനിവാസന്‍റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു: "ഞാന്‍ പണിക്കു വന്നതല്ല സാര്‍. തത്കാലം ജീവിക്കാന്‍ ഒരു പണി."

"എല്ലാവരും പണി ചെയ്യുന്നതു തത്കാലം ജീവിക്കാന്‍ തന്നെ"- കരിക്കു വാങ്ങി കുടിച്ചുകൊണ്ടു ശ്രീനിവാസന്‍ പറഞ്ഞു.

ബിനു അടുത്ത കരിക്ക് വെട്ടിത്തുടങ്ങിയപ്പോള്‍ റോബിന്‍ ചോദിച്ചു: "ബിനു എന്തിനാണ് ഇവിടെ വന്നത്?"

"ഞാനിവിടെ പഠിക്കാന്‍ വന്നതാ."

"എന്തു പഠിക്കാന്‍?"

"എന്‍ജിനീയറിങ്ങ് കോളജിലായിരുന്നു. ഫൈനല്‍ എക്സാം എഴുതാന്‍ പറ്റിയില്ല. ആദ്യവര്‍ഷത്തെ എക്സാം പാസ്സാകാനുണ്ട്. എത്ര എഴുതിയിട്ടും കിട്ടുന്നില്ല. എല്ലാം ഉപേക്ഷിച്ചു വീട്ടിലേക്കു പോയതാണ്. അഞ്ചു ലക്ഷം രൂപാ ബാങ്കുലോണുണ്ട്. അപ്പനു റബര്‍ടാപ്പിങ്ങാ ജോലി. പ്ലസ് ടൂ കഴിഞ്ഞപ്പോള്‍ കര്‍ണാടകത്തില്‍ എന്‍ജിനീയറിങ്ങിനു സീറ്റു വാങ്ങിത്തരാം എന്നു പറഞ്ഞ് ഒരു ഏജന്‍റ് വന്നു. ബാങ്ക് ലോണും അവര്‍ തരപ്പെടുത്തിത്തരും. പഠിച്ചാല്‍ മതിയല്ലോ, എന്‍ജിനീയറാകാമല്ലോ. പഠിത്തം കഴിഞ്ഞു വായ്പ തിരിച്ചടച്ചാല്‍ മതിയല്ലോ. എല്ലാവര്‍ക്കും ആവേശമായി. ഇപ്പോള്‍ ബാങ്കുകാരു സമാധാനം തരുന്നില്ല. പെട്ടുപോയി. അപ്പനു ഭ്രാന്തു പിടിച്ചപോലെയായി. ഒരു ദിവസം വാക്കത്തിയെടുത്ത് എന്നെ വെട്ടിക്കൊല്ലാന്‍ വന്നു. ഓടി രക്ഷപ്പെട്ടതാ. പരീക്ഷ പാസ്സായി ബാങ്കു ലോണ്‍ അടച്ചു തീര്‍ക്കാതെ നാട്ടിലേക്ക് ചെന്നാല്‍ അ പ്പനെന്നെ കൊല്ലും." ബിനുവിന്‍റെ കണ്ണു നിറഞ്ഞു. കരിക്കിനിട്ടു വെട്ടുന്നതൊന്നും ലക്ഷ്യത്തില്‍ കൊള്ളുന്നില്ല. അവന്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തുകൊണ്ടു മുഖം തുടച്ചു. കരിക്കുവെട്ടി റോബിന്‍റെ നേരെ നീട്ടി അവന്‍ തുടര്‍ന്നു.

"മരിക്കാന്‍ ഒരു എളുപ്പവഴിയുണ്ടായിരുന്നെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു. ജീവിക്കാന്‍ പ്രയാസം. മരിക്കാന്‍ അതിലും പ്രയാസം എന്നെപ്പോലെ ഒരുപാടു പേര്‍ ഈ നഗരത്തിലുണ്ടു സാര്‍. ചിലരൊക്കെ വഴിവിട്ടു മയക്കുമരുന്നു കച്ചവടത്തിലൊക്കെ ഏര്‍പ്പെട്ടു ജീവിക്കുന്നു."

"അടുത്ത എക്സാം എന്നാണ്?"

"രണ്ടു മാസം കൂടിയുണ്ട്. പഠിച്ച സിലബസ് മാറിപ്പോയി. എങ്ങനെയും പരീക്ഷ പാസ്സാകണം. അല്ലെങ്കില്‍ എന്‍റെ കുടുംബം നശിക്കും."

"എന്തെല്ലാം ഏര്‍പ്പാടാ നടക്കുന്നത്. കടം വാങ്ങി പഠിക്കുക. എന്നിട്ട് പണിയില്ലാതെ നടക്കുക. കടം തിരിച്ച് അടയ്ക്കാന്‍ നിവൃത്തിയില്ലാതെ കുടുംബമടച്ച് ആത്മഹത്യ ചെയ്യുക. ജീവിതമാണോ പഠനമാണോ പ്രധാനം. ജീവിക്കാന്‍ സഹായമാകേണ്ട വിദ്യാഭ്യാസം ജീവിതത്തെ തകര്‍ക്കുന്നു" – ശ്രീനിവാസന്‍ ആരോടെന്നില്ലാതെ പറ ഞ്ഞു.

"ബിനു നിന്‍റെ ഫോണ്‍ നമ്പര്‍ എനിക്കു തരൂ. ചിലപ്പോള്‍ എനിക്കു നിന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും" – റോബിന്‍ പറഞ്ഞു. റോബിന്‍ ബിനുവിന്‍റെ ഫോണ്‍ നമ്പര്‍ തന്‍റെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചുവച്ചു.

"നിന്‍റെ വിഷയം എന്തായിരുന്നു?"

"കമ്പ്യൂട്ടര്‍ സയന്‍സ്."

"എന്നാല്‍ എളുപ്പമായി. എക്സാം നമുക്ക് എഴുതിയെടുക്കാം. സിലബസ് മാറിയതൊന്നും കുഴപ്പമില്ല. ഞാനൊരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറാ. പേരു റോബിന്‍. ബിനു ധൈര്യമായിരിക്ക്. അടുത്ത എക്സാം ജയിച്ചെന്നു കരുതിക്കോളൂ. പരീക്ഷ കഴിഞ്ഞാല്‍ ഇവിടെ ഒരു ജോലിയും ഞാന്‍ സംഘടിപ്പിക്കാം. തത്കാലം കരിക്ക് കച്ചവടം നിര്‍ത്തണ്ട. പണിയെടുത്തു പഠിച്ചാല്‍ ജയിക്കും. കടം വാങ്ങി പഠിച്ചാല്‍ ജയിക്കാന്‍ വിഷമമാ."

"കടം വാങ്ങി എന്തു ചെയ്താലും ജയിക്കാന്‍ വിഷമമാ" – ശ്രീനിവാസന്‍ പറഞ്ഞു.

"ഞാന്‍ വിളിച്ചോളാം" – കരിക്കിന്‍റെ വില കൊടുത്തിട്ട് അവര്‍ കാറില്‍ കയറി.

"ജീവിതത്തിന്‍റെ ഏറ്റവും മനോഹരമായ ഭാഗമാണു കുട്ടിക്കാലം. ആ സമയത്ത് അവരെ ദുരന്ത കഥാപാത്രങ്ങളാക്കി മാറ്റുന്ന മുതിര്‍ന്ന തലമുറയുടെ മഹാപാപങ്ങള്‍ക്കു പരിഹാരമായി എന്തു പ്രായശ്ചിത്തമാണുള്ളത്?" – ശ്രീനിവാസന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org