Latest News
|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 28

ആയുഷ്ക്കാലം – അദ്ധ്യായം 28

Sathyadeepam

ജോസ് ആന്‍റണി

പരദേശത്തെ തൊഴില്‍ ജീവിതത്തിനു ചില കുഴപ്പങ്ങളുണ്ടെന്ന് ഒരാഴ്ചകൊണ്ടു ജെയ്സിക്ക് ബോദ്ധ്യമായി. എളുപ്പത്തില്‍ വിശദീകരിക്കാനാകാത്ത ഒരു വ്യാകുലതയ്ക്ക് അന്യദേശത്ത് എത്തുമ്പോള്‍ തന്നെ അടിമപ്പെട്ടുപോകുകയാണ്. കണ്ടുമുട്ടിയ പ്രവാസികളുടെയെല്ലാം മുഖത്തു വ്യവച്ഛേദി ക്കാനാകാത്ത വിധത്തിലു ള്ള വ്യഥകളുടെ നിഴല്‍പ്പാടു കള്‍ കാണാം. സ്വദേശത്തു ലഭിക്കുന്ന ഒരാഹ്ലാദവും അന്യരാജ്യത്തുണ്ടാവില്ല. ഒരു ഭയപ്പാടു പൊതിഞ്ഞുനില്ക്കുകയാണ്. ഒരുപാട് ആശ ങ്കകള്‍ അനുദിനം മനസ്സില്‍ ചേക്കേറുകയാണ്. അന്യരാജ്യത്തു തൊഴില്‍ തേടി എത്തുന്നവര്‍, അവിടെ എപ്പോഴും രണ്ടാം തരക്കാരായി കഴിയേണ്ടി വരുമെന്ന് റോബിന്‍ പറയാറുള്ളത്, ജെ യ്സി ഓര്‍ത്തു. സ്വന്തം രാജ്യത്തെ നിവൃത്തികേടുകൊണ്ടു തൊഴില്‍ തേടി അന്യരാജ്യത്തു വരുന്ന തെണ്ടികള്‍ എന്ന മട്ടിലുളള ഒരു നോട്ടം ആ നാട്ടുകാരില്‍ നിന്നും നേരിടേണ്ടതായി വരുന്നു. എത്രയായാലും നിങ്ങള്‍ ഞങ്ങളുടെയൊപ്പം പ്രഗത്ഭരല്ല. അവിടെ ഒരാള്‍ക്കു കൊടുക്കേണ്ട ശമ്പളത്തിന്‍റെ പകുതി ശമ്പളത്തിനു പണിയെടുക്കാനെത്തിയവരോട്, ആ നാട്ടുകാര്‍ക്ക് പുച്ഛം തോന്നാം. ഏതായാലും ഒരകല്‍ച്ച അവര്‍ പാലിക്കുന്നുണ്ട്. ആ രാജ്യത്തുള്ളവരുടെ ശീലങ്ങളും ജീവിതരീതിയും ചിന്തകളും പുറംരാജ്യക്കാര്‍ക്ക് എ ളുപ്പം മനസ്സിലാക്കാനാകില്ല.

ജോലിക്കു കയറിയിട്ട് ഒരാഴ്ചയാകുന്നു. സൂപ്പര്‍സ്റ്റോറിലെ ഓഫീസ്മുറിയില്‍ തനിച്ചിരുന്നു ജെലിയെടുക്കണം. സൂപ്പര്‍സ്റ്റോറില്‍ വില്പനയ്ക്കായി എത്തുന്ന പുതിയ ഉത്പന്നങ്ങളുടെ വിലയും വിശദാംശങ്ങളും അടങ്ങുന്ന സോഫ്റ്റ്വെയര്‍ നിര്‍മിച്ചു നല്കുന്ന ജോലിയാണ്.

ഓഫീസില്‍ വല്ലപ്പോഴും കണ്ടുമുട്ടുന്ന ഒരാള്‍ ഒരു ഹാര്‍ഡ്വെയര്‍ എന്‍ജിനീയറാണ്. അയാളും ഇന്ത്യാക്കാരനാണ്; പഞ്ചാബി, പേരു ഗൗതം. സെര്‍വര്‍ ടെക്നോളജി വിദഗ്ദ്ധനാണ്.

പല നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആ സൂപ്പര്‍ സ്റ്റോര്‍ ശൃംഖലയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിന്‍റെ ചുമതലയാണു ഗൗതമിന്. ആയിരക്കണക്കിനു കമ്പ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സെര്‍വര്‍ സൂപ്പര്‍ കമ്പ്യൂട്ടറാണ്. അതു കുഴപ്പം കൂടാതെ നോക്കി നടത്തുന്നതു ഗൗതമാണ്.

സൂപ്പര്‍സ്റ്റോറിന്‍റെ പ്രവര്‍ത്തനം കണ്ടു മനസ്സിലാക്കണമെന്നു മാനേജര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഒരു ദി വസം ജെയ്സി സൂപ്പര്‍സ്റ്റോറില്‍ കയറി.

എല്ലാ സങ്കല്പങ്ങള്‍ക്കും അപ്പുറമായിരുന്നു ആ സൂപ്പര്‍സ്റ്റോറിന്‍റെ വിസ്തൃതി. ഒരു ദിവസം മുഴുവനും നടന്നാലും എല്ലായിടത്തും ചെന്നെത്താന്‍ കഴിയില്ല. ഉപഭോഗവസ്തുക്കളുടെ മഹാപ്രളയം. ജോലിക്കാരായി അവിടെ ആരെയും കാണാന്‍ കഴിഞ്ഞില്ല. പ്രധാന കവാടത്തില്‍ ആയുധധാരിയായ ഒരു സെക്യൂരിറ്റി മാത്രമാണുള്ളത്. സാധാനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ഇഷ്ടമു ള്ള വസ്തുക്കള്‍ തിരഞ്ഞെടുക്കാം. ഇടയ്ക്കിടയ്ക്കുള്ള ബില്‍ കൗണ്ടറിലെത്തി, കമ്പ്യൂട്ടറില്‍ വസ്തുക്കള്‍ കാണിച്ചു ബോദ്ധ്യപ്പെടുത്തി കമ്പ്യൂട്ടര്‍ അടിച്ചുതരുന്ന ബില്‍ തുക ക്രെഡിറ്റ് കാര്‍ഡ് മെഷീനിലൂടെ നല്കി സാധനങ്ങളുമായി പോകാം.

അവിടെയെത്തുന്നവരെല്ലാം അത്രയ്ക്കു സത്യസന്ധരാണോയെന്നു സംശയിക്കും. അന്യരാജ്യക്കാര്‍ ധാരാളമായിട്ടുള്ള ഇവിടെ. കമ്പ്യൂട്ടറിനെ ബോദ്ധ്യപ്പെടുത്താതെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നവരെ പിടിക്കാന്‍ പ്രധാന കാവടത്തിന്‍റെ തൊട്ടുമുമ്പ് ഒരു സംവിധാനമുണ്ട്. ബില്ലടയ്ക്കാതെ ഒരു മൊട്ടുസൂചി എടുത്തുകൊണ്ടു പോയാലും അവിടെയുള്ള ഒരു സ്കാനര്‍ മെഷീന്‍റെ സെന്‍സറുകള്‍ അതു കണ്ടുപിടിക്കും. അപപ്പോള്‍തന്നെ അലാറം മുഴങ്ങും; സെക്യൂരിറ്റിയായി നി ല്ക്കുന്ന മനുഷ്യന്‍ തോക്ക് ചൂണ്ടും. എതിര്‍ത്താല്‍ വെടിവയ്ക്കുമെന്നുറപ്പാണ്. ബില്ലടയ്ക്കാതെ എടുത്ത സാധനം തിരിച്ചുനല്കുകയോ ബില്ലടയ്ക്കുകയോ ചെയ്യാതെ പുറത്തു കടക്കാന്‍ കഴിയില്ല.

സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.

കേരളത്തിലാണെങ്കില്‍ ആയിരം ആളുകളെങ്കിലും അവിടെ ജോലിയെടുക്കാനുണ്ടാകും. അവിടെയാണ് ഒരു സെക്യൂരിറ്റിയും കുറേ കമ്പ്യൂട്ടറുകളും ചേര്‍ന്നു കാര്യങ്ങള്‍ നടത്തുന്നത്.

ഇതുവരെ താമസസ്ഥലം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നതാണു ജെയ്സിയെ വിഷമിപ്പിക്കുന്നത്. തന്നത്താന്‍ അന്വേഷിക്കാനാണ്, സോമനാഥ് പറഞ്ഞത്. വെറുതെ ഉപകാരം ചെയ്തുനടക്കാനൊന്നും ആര്‍ക്കും ഇവിടെ സമയമില്ല. അനേകായിരം ഇന്ത്യാക്കാര്‍ ഇവിടെ ജോലിയെടുക്കുന്നുണ്ടെന്നു പറയുന്നു. പക്ഷേ, ഗൗതമിനെയല്ലാതെ മറ്റൊരാളെയും ഇവിടെ കണ്ടുമുട്ടാന്‍ കഴി ഞ്ഞില്ല. രാവിലെ നഗരത്തിലിറങ്ങിയാല്‍ മനുഷ്യരെ കാണാറില്ല. കാറുകളുടെ കൂട്ടമാണു കാണുന്നത്. അതിവേഗം പാഞ്ഞുപോകുന്ന കാറുകള്‍. ഭക്ഷണശാലയില്‍ മാത്രമാണു കുറേ മനുഷ്യരെ കാണുന്നത്. അവരില്‍ ചിലര്‍ ഭക്ഷണം വാങ്ങി കയ്യില്‍പ്പിടിച്ചു കാറുകളിലേക്ക് ഓടുന്നതു കാണാം. കാര്‍ ഓടിച്ചുപോകുമ്പോഴാണ് അവര്‍ ഭക്ഷണം കഴിക്കുന്നത്. ദൂരെ ദിക്കിലാകും അവരുടെ ജോലിസ്ഥലം. അതുകൊണ്ടു നൂറ്റിയിരുപതു കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിച്ചുകൊണ്ടാണു പ്രഭാതഭക്ഷണം കഴിക്കുന്നത്.

ജോലിയാണോ ജീവിതമാണോ പ്രധാനം എന്ന വിഷയത്തില്‍ റോബിനുമായി തര്‍ക്കിക്കാറുളളത് ജെയ്സി ഓര്‍മിച്ചു. ഇന്നലെ ഫോണ്‍ വിളിച്ചപ്പോള്‍ ഈ രാജ്യത്തുള്ളവര്‍ ജോലിക്കു നല്കുന്ന പ്രാധാന്യത്തെപ്പറ്റിയാണു റോബിനുമായി സംസാരിച്ചത്. റോബിന്‍ ഇവിടെ വന്നു കാണണം. ജോലിയില്ലാതെ അനേകകോടി ജനങ്ങള്‍ ജീവിക്കുന്ന ഒരു രാജ്യത്തുനിന്നു വരുന്നവര്‍ക്ക് ഇതൊരു അത്ഭുതലോകമാണ്.

കമ്പനിച്ചെലവിലുള്ള ഹോട്ടലിലെ താമസം നാളെ അവസാനിക്കുകയാണ്. പിന്നെ ഓരോ ദിവസവും നൂറു ഡോളറെങ്കിലും മുറിവാടക കയ്യില്‍നിന്നു മുടക്കണം. ഹോട്ടലില്‍ താമസിച്ചാല്‍ മാസം മൂവായിരം ഡോളര്‍ എന്ന് ഏകദേശ കണക്കുവയ്ക്കാം. ഇന്ത്യന്‍ കറന്‍സിയില്‍ രണ്ടു ലക്ഷം രൂപയോളം വരും. ഭക്ഷണത്തിനു മാസം അമ്പതിനായിരം കൂട്ടാം. യാത്രച്ചെലവ് ഇരുപതിനായിരം. ആദായനികുതി മുപ്പതു ശതമാനം. ഏകദേശ കണക്കുവച്ചാലും ശമ്പളം തികയത്തില്ല. ഒരു ലക്ഷമെങ്കിലും അധികച്ചെലവു വരും. എന്തെങ്കി ലും മിച്ചമുണ്ടാകണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്തു ജീവിച്ചോളണമെന്നു സോമനാഥ് പറഞ്ഞതിന്‍റെ പൊരുള്‍ ജെയ്സിക്കു മനസ്സിലായി.

സോമാനാഥിനെത്തന്നെ കാണാം. എങ്ങനെയാണ് അഡ്ജ സ്റ്റ് ചെയ്തു ജീവിക്കുന്നതെന്ന് അയാള്‍ പറയട്ടെ.

ജെയ്സി ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ സോമനാഥിന്‍റെ ഓഫീസില്‍ കയറി.

“ജെയ്സി നാളെ ഹോട്ടലില്‍നിന്നു മുറിയൊഴിയണം. താമസസ്ഥലം കണ്ടെത്തിയോ?” – സോമനാഥ് ചോദിച്ചു.

“സര്‍ എന്നെ സഹായിക്കണം. താമസസ്ഥലത്തെപ്പറ്റി എനിക്കൊരു രൂപവുമില്ല.”

“ജെയ്സി നെറ്റില്‍ കയറിയാല്‍, ജെയ്സിയുടെ ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരമായേനെ. നമ്മുടെ നാട്ടിലെപ്പോലെ റോഡിലിറങ്ങിയാല്‍ ആരെയും കണ്ടെത്താന്‍ കഴിയില്ല.”

“ഞാന്‍ ശ്രമിച്ചു. അത്തരം വെബ്സൈറ്റുകള്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. സാറെന്നെ സഹായിക്കണം. ഇല്ലെങ്കില്‍ എന്‍റെ ജീവിതം തുലഞ്ഞതുതന്നെ” – ജെ യ്സി പറഞ്ഞു.

സോമനാഥ് അല്പനേരം ആലോചിച്ചിട്ടു പറഞ്ഞു.

“നമുക്ക് ഒരിടംവരെ പോയി നോക്കാം. ജെയ്സി വരൂ. നമ്മുടെ കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നവരുടെ ഒരു താവളമുണ്ട്; അവിടെ പോ യി നോക്കാം.

ജെയ്സി സോമനാഥിനൊ പ്പം കാറില്‍ കയറി. കാര്‍ അര മണിക്കൂര്‍ നഗരത്തിലൂടെ ഓടി. നഗരപ്രാന്തപ്രദേശത്ത് ഒരു വീടിനു മുമ്പില്‍ കാര്‍ നിന്നു.

അവര്‍ കാറില്‍ നിന്നിറങ്ങി. സോമനാഥ് കോളിങ്ങ് ബെല്ലടിച്ച് വാതില്‍ തുറക്കാ നായി കാത്തുനിന്നു. ഹാഫ് പാന്‍റും റ്റീഷര്‍ട്ടുമിട്ട ഒരു ചെറുപ്പക്കാരനാണു വാതില്‍ തുറന്നത്.

“ഹോ സര്‍” – അയാള്‍ സോമനാഥിനെ സ്വാഗതം ചെയ്തു.

“ഞാന്‍ നിങ്ങള്‍ക്ക് ഒരു പുതിയ ഒരാളെ പരിചയപ്പെടുത്താനിറങ്ങിയതാണ്” – സോമനാഥ് പറഞ്ഞു.

“കയറി വരണം സര്‍” – അയാള്‍ അകത്തേയ്ക്കു ക്ഷണിച്ചു.

അവര്‍ വീടിനകത്തു കയറി സെറ്റിയിലിരുന്നു.

“പുതിയൊരാള്‍ വരുന്നുണ്ടെന്നു സാര്‍ പറഞ്ഞിരുന്നല്ലോ. ഇതാണോ ആള്‍?” – ജെയ്സിയെ നോക്കി അയാള്‍ ചോദിച്ചു.

“ഇതു ജെയ്സി. ഇദ്ദേഹം മനോജ്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്. നമ്മുടെ കമ്പനിക്കുവേണ്ടി മൂന്നു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. മനോജെ, കൂട്ടുകാരൊക്കെ എവിടെ?”

“മാര്‍ട്ടിന്‍ അടുക്കള ജോലിയിലാണ്. ഇന്ന് അയാളു ടെ ദിവസമാണ്. പ്രമീളയും ആല്‍ബര്‍ട്ടും എത്തുന്നതേയുള്ളൂ” – മനോജ് പറഞ്ഞു.

“ജെയ്സി കേരളത്തില്‍നിന്നുള്ളവരുടെ ഒരു സങ്കേതമാണിത്. മനോജെ, ഈ ജെയ്സിയെ കൂടി നിങ്ങളുടെകൂടെ കൂട്ടുമോ? താമസി ക്കാന്‍ ഇടമില്ലാതെ ജെയ്സി വിഷമിക്കുകയാണ്” – സോമനാഥ് പറഞ്ഞു.

അപ്പോഴേക്കും പ്രമീളയും ആല്‍ബര്‍ട്ടുമെത്തി.

“ഹായ് സര്‍, എന്താണ് ഒരപ്രതീക്ഷിത സന്ദര്‍ശനം?” – പ്രമീള ചോദിച്ചു.

“പ്രമീളേ, നീ ഈ ജെയ്സിയെ ഒന്നു പരിചയപ്പെടൂ. അവളെക്കൂടി നിങ്ങളുടെ സംഘത്തില്‍ ചേര്‍ക്കൂ.”

“പുതിയ ആളാണല്ലേ? ജെയ്സി, ഇവിടെ ഇപ്പോള്‍ നാലു പേരുണ്ട്; ഞെരുക്കത്തിലാണ്” – പ്രമീള പറഞ്ഞു.

“പ്രമീളേ, ജെയ്സി ഒരരികില്‍ കൂടിക്കൊള്ളും. മറ്റൊരു സൗകര്യം ലഭിക്കുന്നതുവരെ മതി” – സോമനാഥ് പറഞ്ഞു.

“കൂട്ടുകാരോടൊന്ന് ആലോചിക്കട്ടെ” – പ്രമീള അകത്തേയ്ക്കു പോയി.

“സര്‍, ഈ അപരിചിതരായ ആണുങ്ങളുടെ കൂടെ ഒരു വീട്ടില്‍… ഇതെന്തൊരു ഏര്‍പ്പാടാണ്. സ്ത്രീകള്‍ മാത്രമുള്ള ഒരിടത്ത് എനിക്കൊരു സൗകര്യം ഏര്‍പ്പാടാക്കി തരൂ” – ജെയ്സി സോമനാഥിനോടു പറഞ്ഞു.

സോമനാഥ് അതുകേട്ടു ചിരിച്ചു.

‘സ്ത്രീകള്‍ മാത്രം താമസിക്കുന്ന കന്യാസ്ത്രീമഠങ്ങളെപോലുള്ള ഇടങ്ങളൊന്നും ഇവിടെയില്ല. പ്രമീള ഒന്നരക്കൊല്ലമായി ഇവിടെ താമസിക്കുന്നു. ഇവിടെ ആകാശം ഇടിഞ്ഞുവീണില്ല. അങ്ങനെ ആകാശം ഇടിഞ്ഞുവീഴുന്നതു നമ്മുടെ രാജ്യത്താണ്. അവിടെ ആണുങ്ങളെല്ലാം സ്ത്രീകളെ വിഴുങ്ങാന്‍ ഒരുമ്പെട്ടു നടക്കുന്നവരാണെന്ന്, സദാചാരവിദഗ്ദ്ധന്മാരും മതതീവ്രവാദക്കാരും പഠിപ്പിക്കുകയല്ലേ! ഇവിടെ അങ്ങനെയല്ല. ഇവിടെ ആണുങ്ങള്‍ ഹിംസ്രജന്തുക്കളല്ല. സ്ത്രീകളാരും ആണുങ്ങളെ അങ്ങനെ കാണുന്നുമില്ല. ഇവിടെ ഇങ്ങനെയൊക്കെയാണെന്നു മനസ്സിലാക്കുക. സ്വന്തം കാര്യം നോക്കി ജീവിക്കുക.”

ജെയ്സിക്ക് അതൊന്നും അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പിച്ച നടക്കുമ്പോള്‍ മുതല്‍ മുതിര്‍ന്നവരും മതപഠനകേന്ദ്രങ്ങളിലെ ഉപദേശകരും ചൊല്ലി പഠിപ്പിച്ച, പുരുഷന്‍ അപകടമാണെന്നും ഭീകരനാണെന്നുമുള്ള സന്ദേശം മനസ്സില്‍നിന്ന് ഒഴിവായി പോകുമോ? അവള്‍ സങ്കടത്തോടെ സോമനാഥിനെ നോക്കി.

“ജെയ്സിക്കു പ്രയാസമാണെങ്കില്‍ ഹോട്ടലില്‍ താമസിച്ചോളൂ. അല്ലെങ്കില്‍ സ്വന്തമായി ഒരു വീടു വാടകയ്ക്ക് എടുത്തോളൂ. വീട്ടില്‍ പണമുണ്ടെങ്കില്‍ മാസംതോറും ഒന്നോ രണ്ടോ ലക്ഷം രൂപാ ചെലവിന് അയച്ചുതരാന്‍ പറയൂ. ഞങ്ങളൊക്കെ ഇവിടെ ജോലിക്കു വന്നത്, എന്തെങ്കിലും മിച്ചം പിടിച്ച് അതു വീട്ടിലേക്കു കൊണ്ടുപോകണമെന്നു വിചാരിച്ചാ. ഈ നഗരത്തില്‍ നമ്മുടെ രാജ്യക്കാര്‍ ലക്ഷം പേരുണ്ടാകും. അവരൊക്കെ ഇങ്ങനെ അഡ്ജസ്റ്റ് ചെയ്താ ജീവിച്ചുപോകുന്നത്” – സോമനാഥ് പറഞ്ഞു.

പ്രമീളയും മനോജും ഇരിപ്പു മുറിയിലേക്കു വന്നു.

“ജെയ്സിക്കു ഞങ്ങളോടൊപ്പം കൂടാം. ഞങ്ങളുടെ ജീവിതരീതിയുമായി സഹകരിച്ചു പോകണം. ചെലവുകള്‍ തുല്യമായി വീ തിക്കും. ഇവിടെയുള്ള സൗകര്യങ്ങളില്‍ ഒതുങ്ങിക്കഴിയണം.”

“ഞാന്‍ എന്താ വേണ്ടതു സര്‍?” – ജെയ്സി സോമനാഥിനോടു ചോദിച്ചു.

“ജെയ്സിയുടെ ഇഷ്ടംപോലെ ആകാം. എനിക്ക് ഇതിനൊക്കെ കൂടുതല്‍ സമയം ചെലവാക്കാനില്ല. നാളെ എനിക്കു ഫിലാഡല്‍ഫിയാവരെ പോകണം. കമ്പനിയുടെ സിഇഒ അവിടെ വരുന്നുണ്ട്. അവിടെയൊരു കോണ്‍ഫെറന്‍സുണ്ട്”-സോമനാഥ് പറഞ്ഞു.

“ഞാന്‍ നാളെ വന്നുകൊള്ളാം” – ജെയ്സി പറഞ്ഞു.

“നാളെ എങ്ങനെ വരും. ആരു സഹായിക്കും. ഇപ്പോള്‍ത്തന്നെ പോയി ഹോട്ടല്‍മുറി ഒഴിവായി, ലഗേജ് എടുത്തു പോരുക. പ്രമീള, ജെയ്സിയെ ഒന്നു സഹായിക്കുമോ? കാറുമായി ഹോട്ടലില്‍ പോയി ലഗേജ് എടുക്കണം.”

അപ്പോഴേയ്ക്കും അടുക്കളജോലി പൂര്‍ത്തിയാക്കി മാര്‍ട്ടിന്‍ പുറത്തേയ്ക്കു വന്നു.

“ഇതാണോ പുതിയ അതിഥി?” – മാര്‍ട്ടിന്‍ ചോദിച്ചു.

“ജെയ്സി. നമ്മള്‍ക്കൊപ്പം കൂടുന്നു. മാര്‍ട്ടിന്‍ ജെയ്സിയുടെ കൂടെപ്പോയി ബാഗെടുത്തു വരാന്‍ സഹായിക്കുമോ? എനിക്കു ഡ്രസ്സുകള്‍ വാഷ് ചെയ്യാനുണ്ട്.”

“അതിനെന്താ. ഞാന്‍ പോകാം” – മാര്‍ട്ടിന്‍ പറഞ്ഞു.

നല്ല ഉയരമുള്ള മെല്ലിച്ച ഇരുനിറക്കാരനായിരുന്നു മാര്‍ട്ടിന്‍. പെട്ടെന്നു ശ്രദ്ധയില്‍പ്പെടുന്നത് അല്പം നീണ്ട ഊശാന്‍താടിയായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ പ്രസരിപ്പുള്ള ആ മുഖം മനസ്സില്‍ പതിയും.

“എന്നാല്‍ ജെയ്സി ഞാനിറങ്ങുകയാ. എനിക്കു നാളത്തെ യാത്രയ്ക്കു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം” – സോമനാഥ് പുറത്തേയ്ക്കു പോയി.

“മാര്‍ട്ടിന്‍ ഡ്രസ്സ് മാറി വന്നു. ഷെല്‍ഫില്‍ നിന്നു കാറിന്‍റെ താക്കോലെടുത്തു. പോകാം എന്നു ജെയ്സിയുടെ നേരെ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് അയാള്‍ പുറത്തേയ്ക്കു നടന്നു. ഒരു സിനിമാപാട്ട് അയാള്‍ മൂളുന്നുണ്ടായിരുന്നു:

“രാജഹംസമേ മഴവില്‍ക്കുടിലില്‍ സ്നേഹദൂതുമായി വരുമോ…?”

മുറ്റത്തു കിടന്ന കാറുകളിലൊന്നില്‍ മാര്‍ട്ടിന്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. ജെയ്സി അയാളുടെ അടുത്ത സീറ്റില്‍ കയറിയിരുന്നു.

“സോറി. ബുദ്ധിമുട്ടിക്കുന്നതില്‍….” – ജെയ്സി പറഞ്ഞു.

“എന്തോന്നു ബുദ്ധിമുട്ട്?” – മാര്‍ട്ടിന്‍ കാര്‍ പായിച്ചുകൊണ്ടു പറഞ്ഞു.

“സര്‍, എത്ര വര്‍ഷമായി ഇവിടെ വന്നിട്ട്?” – ജെയ്സി ചോദിച്ചു.

“സര്‍ എന്നു വിളിക്കണ്ട. അത്എനിക്ക് ഇഷ്ടമല്ല. മാര്‍ട്ടിന്‍ എന്നു വിളിക്കാം. പേരിടുന്നത് അതിനാണല്ലോ. അടിമകള്‍ പണ്ടു മേലധികാരിയെ വിളിക്കുന്ന വാക്കാണു സാറെന്നത്. ബ്രിട്ടീഷുകാര്‍ നമ്മുടെ നാട്ടില്‍ അടിമകളെ സൃഷ്ടിച്ചത് ആ വാക്കിലൂടെയാണ്. സ്വാതന്ത്ര്യത്തിനുശേഷം, ആ ദുഷിച്ച വാക്ക് നമ്മളേറ്റെടുത്തു. ഞാന്‍ ഇവിടെ വന്നിട്ട് രണ്ടു വര്‍ഷമാകുന്നു. കുറേ താമസിച്ചാണു ജോലി ലഭിച്ചത്. കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ്ങ് കോളജിലായിരുന്നു പ ഠനം. ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷനില്‍ എംടെക് എടുത്തു. ആ ട്രേഡെടുത്തു പഠിച്ചാല്‍ ലോകം വെട്ടിപ്പിടിക്കാമെന്നായിരുന്നു ആ കാലത്തെ വിചാരം. പഠനം കഴിഞ്ഞപ്പോഴേക്കും ആ വിഷയത്തിന്‍റെ പ്രസക്തി കുറഞ്ഞു. അപ്പോള്‍ ഐഎഎസ്സിനു ചേരണമെന്നു പൂതി തോന്നി. ടെസ്റ്റെഴുതി, സെലക്ഷന്‍ കിട്ടി. കുറച്ചുനാള്‍ ട്രെയിനിങ്ങ് കോളജില്‍ പോകുകയും ചെയ്തു. അപ്പോഴാണ് അതു ശിഖണ്ഡികളെ സൃഷ്ടിക്കുന്ന ഒരു ഫാക്ടറിയാണെന്നു മനസ്സിലായത്” – മാര്‍ട്ടിന്‍ പറഞ്ഞു.

“അതെന്താണ് അങ്ങനെ തോന്നിയത?”

“ജെയ്സി, നമ്മുടെ നാട്ടിലെ ജനാധിപത്യ സമ്പ്രദായത്തില്‍, ഐ എ എസുകാര്‍ക്ക് ഒരു പ്രസക്തിയുമില്ല. നമ്മുടെ നാട്ടില്‍ വിദ്യാധനം, മഹാധനം എന്നൊക്കെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ, സകല വിപ്ലവപാര്‍ട്ടികളും വിദ്യാഭ്യാസമില്ലാത്ത, വിവരക്കേടിന്‍റെ അവതാരങ്ങളെയാണു മന്ത്രിമാരാക്കുന്നത്. അക്ഷരജ്ഞാനമില്ലാത്ത ഒരു മന്ത്രിയുടെ കൂടെ സെക്രട്ടറിയായിരിക്കു ന്ന ഐഎഎസ്സുകാരന്‍റെ ഗതികേട് ഒന്നോര്‍ത്തുനോക്കിക്കെ. അധികാരം കിട്ടുമ്പോള്‍ അഹന്തയും അഹങ്കാരവും പ്രകടിപ്പിച്ച് അല്പത്തരം കാണിച്ചു നടക്കുന്ന മന്ത്രിപുംഗവന്മാരുടെ പിന്നില്‍ വളര്‍ത്തുനായയെപ്പോലെ വാലാട്ടിനില്ക്കണം ഐഎഎസ്സുകാര്‍. വിദ്യാഭ്യാസമില്ലാത്തവര്‍ക്കു വിദ്യാഭ്യാസമുള്ളവരെ കാണുമ്പോള്‍ വല്ലാത്ത ചൊറിച്ചിലുണ്ടാകും. ഇവന്മാരുടെ ആട്ടും തെറിയും സഹിച്ചുനില്ക്കാന്‍ വേണ്ടിയാണു നമ്മള്‍ മഹത്തായ സിവില്‍സര്‍വീസ് പരീക്ഷ പാസ്സാകുന്നത്! ഇതു മനസ്സിലായതോടെ ആ പരിപാടി ഞാന്‍ ഉപേക്ഷിച്ചു. പിന്നെയാണു ജോലിക്കു ശ്രമിച്ചത്. കുറേനാള്‍ തെണ്ടിത്തിരിഞ്ഞു നടന്നു. നമ്മുടെ വിദ്യാഭ്യാസത്തിന് ഒരു വിലയുമില്ല. ഇപ്പോഴിതാ ഒരു സോഫ്റ്റ്വെയര്‍ എന്‍ ജിനീയറായി ഒതുങ്ങി. ഇവിടെ ഞാന്‍ നില്ക്കത്തില്ല. മഹാബോറാ. ഇനി ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങ് പഠിക്കണം എന്നിട്ടു നല്ല കാറുകള്‍ ഡിസൈന്‍ ചെയ്യണം” – മാര്‍ട്ടിന്‍ പറഞ്ഞു.

അപ്പോഴേക്കും അവര്‍ ഹോട്ടലിനടുത്തെത്തി. അവര്‍ കാര്‍ നിര്‍ത്തി ഇറങ്ങി. ഹോട്ടല്‍മുറിയൊഴിഞ്ഞു. ലെഗേജെടുത്തു കാറില്‍ കയറ്റി അവര്‍ മടങ്ങി.

മടക്കയാത്രയില്‍ ഒരു സ്റ്റോറില്‍ കയറി മാര്‍ട്ടിന്‍, ടിന്നിലടച്ചുവരുന്ന മാംസവും ഒരു കെയ്സ് ബിയറും വാങ്ങി.

“ഇന്നൊരു അതിഥിയുള്ളതല്ലേ. ഒന്നാഘോഷിച്ചേക്കാം” – മാര്‍ട്ടിന്‍ പറഞ്ഞു.

“ഇതൊക്കെ വല്ലപ്പോഴുമേയുള്ളൂ. ഇവിടത്തെ രീതിയില്‍ ജീവിക്കാന്‍ നമ്മുടെ വരുമാനം പോരാ” – കാറില്‍ കയറുമ്പോള്‍ അയാള്‍ പറഞ്ഞു.

മാര്‍ട്ടിന്‍ ഒരു സംസാരപ്രിയനാണെന്നു ജെയ്സിക്കു തോന്നി. കാറോടിക്കുമ്പോള്‍ അയാള്‍ സംസാരിച്ചുകൊണ്ടാണ് അതു ചെയ്യുന്നത്.

“ജെയ്സി, നമ്മള്‍ സ്വതന്ത്രരാണ് എന്ന വിശ്വാസം നിലനിര്‍ത്തുന്നത് നമ്മുടെ വീടാണ്. നമ്മുടെ പറമ്പിലും നമ്മുടെ നാട്ടിലും ആ വിശ്വാസം നഷ്ടപ്പെടുന്നില്ല. അന്യദേശങ്ങളില്‍ എന്തൊക്കെയായാലും നമ്മള്‍ അടിമകള്‍ മാത്രമാണു വീടും നാടും വിട്ടുപോകേണ്ടി വരുന്നതു തീര്‍ച്ചയായും നിര്‍ഭാഗ്യാവസ്ഥയാണ്” – മാര്‍ട്ടിന്‍ പറഞ്ഞു.

“അമേരിക്ക സ്വാതന്ത്ര്യ ദേശമല്ലേ?” – ജെയ്സി ചോദിച്ചു.

“അത് ഈ നാട്ടുകാര്‍ക്കാണ്. ഇവിടെ കുറേക്കാലം ജീവിച്ചാലേ അതു മനസ്സിലാകൂ. ഇവിടെ നമ്മള്‍ക്ക് ആരും സുഹൃത്തുക്കളില്ല, ബന്ധുജനങ്ങളില്ല, അയല്‍ക്കാരില്ല, നേരംപോക്കുകളില്ല. നമ്മള്‍ക്കിഷ്ടപ്പട്ട ഭക്ഷണമില്ല. ചെലവു കുറ്ക്കാനായി എന്നും രാവിലെ സീരിയല്‍ എന്നു വിളിക്കപ്പെടുന്ന ഉത്പന്നങ്ങള്‍, ഓട്സ് പോലുള്ളവ കുറുക്കി തിന്നിട്ടാണു ജോലി ക്കു പോകുന്നത്. ഇവിടത്തെ പട്ടികള്‍പോലും അതു തിന്നുകയില്ല. എന്തെല്ലാം നഷ്ടപ്പെടുത്തിയിട്ടാണു നമ്മള്‍ കുറേ പണം സമ്പാദിക്കുന്നത്?”

വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ മാര്‍ട്ടിന്‍, ബാഗും മറ്റും അകത്തെടുത്തുവയ്ക്കാന്‍ ജെയ്സിയെ സഹായിച്ചു. എന്നിട്ടയാള്‍ കൂട്ടുകാരോടായി പറഞ്ഞു.

“സുഹൃത്തുക്കളേ, നമ്മുടെ പുതിയ സഹജീവിയെ സ്വാഗതം ചെയ്തുകൊണ്ടു നമുക്കൊരു ചെറിയ ആഘോഷം വയ്ക്കാം. പ്ര മീളേ ഈ ടിന്നുകളിലെ ഇറച്ചിക്കറിയൊന്നു ചൂടാക്കിയെടുക്ക്. നമുക്കു ജെയ്സിക്കൊപ്പം ഓരോ ബി യര്‍ കുടിച്ചുകൊണ്ടു തുടങ്ങാം.”

പ്രമീള ടിന്നിലടച്ചുവരുന്ന പാചകം ചെയ്ത മാംസം, കുരുമുളക് പൊടിയും മസാലയും ചേര്‍ത്ത് ഉലര്‍ത്തിയൈടുത്തു. അവര്‍ ഡൈനിങ്ങ് ടേബിളിനു ചുറ്റുമിരുന്നു.

ബിയര്‍, മഗ്ഗുകളില്‍ പകര്‍ന്ന് അവര്‍ കഴിച്ചു. ജെയ്സിയോട് അവര്‍ ഓരോ വിശേഷങ്ങള്‍ ചോദി ച്ചു തമാശകള്‍ പറഞ്ഞു.

“ഞാനൊരു കവിത ചൊല്ലുന്നതില്‍ ജെയ്സിക്കു വിരോധമുണ്ടോ?” – മാര്‍ട്ടിന്‍ ചോദിച്ചു.

“എനിക്കു കവിത ഇഷ്ടമാണ്” – ജെയ്സി പറഞ്ഞു.

“വൈലോപ്പിള്ളി എഴുതിയ കവിതയുടെ ഒരു ഭാഗമാണു മാര്‍ട്ടിന്‍ നല്ല ഈണത്തില്‍ ആലപിച്ചത്.

“നിങ്ങള്‍തന്‍ കുബേരര്‍ക്കു ശുശ്രൂഷ ചെയ്യാന്‍ പണ്ടേ- യംഗലാവണ്യം മുറ്റും യൗവ്വനങ്ങളെ ഞങ്ങള്‍ അയച്ചു രഹസ്യമായി പിന്നീടു ഗുമസ്തന്മാര്‍, അയത്നമെടുപ്പുകള്‍ തീര്‍ക്കു മെഞ്ചിനീയര്‍മാര്‍ കൊല്ലന്‍മാശാരിമാര്‍, മണ്‍ ചുമട്ടുകാരേറെ കൊല്ലങ്ങളായെത്തി, പലരും പരസ്യമായി ആലശീലകളാര്‍ക്കുമില്ലപോല്‍ പിഴയ്ക്കട്ടെ കാലവര്‍ഷമീ നാട്ടി,ലെങ്കി ലെന്തലിവോടെ അവര്‍ വീട്ടുകാര്‍ക്കയ്ക്കു ന്നതാം നാണ്യങ്ങള്‍ ത ന്നവിരാമവര്‍ഷം ഞങ്ങളെ തഴപ്പിച്ചു…”

തുടര്‍ന്ന് അവര്‍ അത്താഴം കഴിച്ചിരിക്കുമ്പോള്‍ മനോജ് പറഞ്ഞു: “നാളെത്തെ അടുക്കളജോലി ജെയ്സിക്കു വിട്ടുകൊടുക്കാം. പുതി യ രൂചിയേറും ഭക്ഷണം നമുക്കു പ്രതീക്ഷിക്കാം. പുളിയിട്ടുവച്ച ഇത്തരി മീന്‍ കറി, അല്പം ചോറ്, ഒരു തോരന്‍.”

“ജെയ്സി അതു കേട്ടു ഞെട്ടി. അവള്‍ക്കൊരു വിറയല്‍ ബാധിച്ചു. എന്തൊക്കെയാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നതെന്നു നിശ്ചയമില്ലാതെ ഓരോന്നു നിരൂപിച്ചു കിടന്ന്, അവള്‍ക്കാ രാത്രി പനി പിടിച്ചു.

(തുടരും)

Leave a Comment

*
*