ആയുഷ്ക്കാലം – അദ്ധ്യായം 29

ആയുഷ്ക്കാലം – അദ്ധ്യായം 29

കേസിന്‍റെ വിചാരണ തുടങ്ങി. റോബിന്‍ കോടതിയില്‍ ഹാജരായി. കോടതിയില്‍ റോബിന്‍റെ പേരിലുള്ള കുറ്റപത്രം വായിച്ചുകേട്ടപ്പോള്‍ റോബിന്‍ അമ്പരന്നുപോയി. ഒന്നാം പ്രതിയുടെ ഭാര്യയുമായി അനാശാസ്യബന്ധം പുലര്‍ത്തിയിരു ന്ന രണ്ടാം പ്രതി റോബിന്‍, ഒന്നാം പ്രതിയുടെ വീട്ടില്‍ കടന്നു കയറി ഒന്നാം പ്രതിയെ ആക്രമിച്ചു. അതില്‍ പ്രകോപിതനായ മോഹന്‍, ഭാര്യയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്നു ഭാര്യയെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. കൊലപാതകത്തിനു പ്രേരണയായതു റോബിന്‍റെ പ്രവൃത്തികളാണ്. ഇത്രയുമായിരുന്നു കുറ്റപത്രത്തിന്‍റെ രത്നച്ചുരുക്കം.

പൊലീസിന്‍റെ കുറ്റാരോപണങ്ങള്‍ക്കു ബലമുണ്ടാക്കാന്‍ ഏതാനും സാക്ഷികളെയും പൊലീസ് സംഘടിപ്പിച്ചിരുന്നു. പൊലീസ് പറഞ്ഞുകൊടുത്തു പഠിപ്പിച്ച കാര്യങ്ങള്‍ അവര്‍ കോടതിയില്‍ പറഞ്ഞു.

സാക്ഷിവിസ്താരം കഴിഞ്ഞപ്പോള്‍ കോടതി റോബിനോടു ചോദിച്ചു: "കുറ്റാരോപണങ്ങള്‍ നിങ്ങള്‍ സമ്മതിക്കുന്നുണ്ടോ?"

"മനസ്സില്‍പ്പോലും ഞാന്‍ വിചാരിച്ചിട്ടില്ലാത്ത കാര്യമാണു കുറ്റാരോപണത്തില്‍ പ റയുന്നത്. കൊല്ലപ്പെട്ട അര്‍ച്ചന കമ്പനിയില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നവളാണ്. ആ സൗഹാര്‍ദ്ദമേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ ഞാന്‍ അവരുടെ വീട്ടില്‍ പോയെന്നതു നേരാണ്. അര്‍ച്ചന ലിഫ്റ്റ് ചോദിച്ചതിനാല്‍, അവരെ കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ഭര്‍ത്താവ് മോഹനന്‍ ഒരു സംശയരോഗിയാണെന്ന് അര്‍ച്ചന എന്നോടു പറഞ്ഞിരുന്നു. വീട്ടില്‍വച്ച് അയാള്‍ എന്നെ പുലഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അര്‍ച്ചനയെ എന്‍റെ മുമ്പില്‍വച്ച് അയാള്‍ മര്‍ദ്ദിച്ചു. അതു പൊലീ സില്‍ പറയുമെന്നു കരുതിയാണ് അയാള്‍ എന്‍റെ മേല്‍ പ്രണയബന്ധവും വീടുകയറി ആക്രമിച്ചെന്ന കുറ്റവും ആരോപിക്കുന്നത്. ബഹുമാനപ്പെട്ട കോടതി എന്നെ വിശ്വസിക്കണം. ഞാന്‍ ബിടെക് പരീക്ഷ 85 ശതമാനം മാര്‍ക്കോടെ പാസ്സായതാണ്. കാമ്പസ് സെലക്ഷനിലൂടെയാണ് എനിക്കു ജോലി ലഭിച്ചത്. മരിച്ച അര്‍ച്ചന നല്ല സ്വഭാവമുള്ള സ്ത്രീയായിരുന്നു. ഈ കേസുമൂലം കമ്പനി എന്നെ ജോലിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. എന്‍റെ ഭാര്യയുടെയും ബന്ധുജനങ്ങളുടെയും മുമ്പില്‍ ഞാന്‍ അപമാനിതനായി. ഞാന്‍ സഹിച്ച മാനസികപീഡനത്തിന് അളവില്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പൊലീസ് കേസിനു വിശ്വാസ്യത വരാന്‍ കുറ്റം എന്‍റെ മേല്‍ കെട്ടിവച്ചതാണ്. ബഹുമാനപ്പെട്ട കോടതി എന്നെ രക്ഷിക്കണം. എന്‍റെ ജീവിതം തകര്‍ക്കരുത്." അത്രയും പറഞ്ഞപ്പോഴേക്കും റോബിന്‍ പൊട്ടിക്കരഞ്ഞു.

റോബിന്‍റെ വക്കീല്‍, റോബിന് അനുകൂലമായി ഒരുപാടു തെളിവുകള്‍ നിരത്തിയാണു കേസ് വാദിച്ചത്. നിരുത്തരവാദപരമായി, നിരപരാധികളെ കുറ്റക്കാരാക്കുന്ന പോലീസിന്‍റെ രീതികളെ തുറന്നുകാണിക്കാന്‍ വക്കീലിനു കഴിഞ്ഞു. കേസ് വിധി പറയാന്‍ പതിനഞ്ചു ദിവസം കഴിഞ്ഞുള്ള ഒരു തീയതി കോടതി പ്രഖ്യാപിച്ചു.

വക്കീലിനോടൊപ്പമാണു റോബിന്‍ കോടതിയില്‍ നിന്നിറങ്ങിയത്.

"ഓഫീസിലേക്കു വരൂ. അവിടെയിരുന്നു സംസാരി ക്കാം" – വക്കീല്‍ പറഞ്ഞു.

റോബിന്‍ കാറോടിച്ചു വ ക്കീലോഫീസിലേക്കു പോയി. റോബിന്‍ അവിടെയെത്തി വക്കീലിനെ കാത്തിരുന്നു. മറ്റേതോ കേസിലെ കക്ഷികളുമായി സംസാരിച്ചു നില്ക്കുകയായിരുന്നു വക്കീല്‍. ശ്രീനിവാസന്‍റെ താത്പര്യപ്രകാരമാണു കേസ് വക്കീല്‍ ശ്യാമപ്രസാദിനെ ഏല്പിച്ചത്. ബംഗ്ളൂരുവിലെ പ്രസിദ്ധനായ ക്രിമിനല്‍ വക്കീലായിരുന്നു അദ്ദേഹം.

അര മണിക്കൂര്‍ കഴിഞ്ഞാണ് വക്കീലെത്തിയത്. വക്കീല്‍ ഫീസിന്‍റെ ബാക്കി കൊടുക്കാനുണ്ടായിരുന്ന തുക റോബിന്‍ മേശപ്പുറത്തുവച്ചു.

"വിധിയെന്തുമായിക്കോട്ടെ. സാറിന്‍റെ ഫീസ് തീര്‍ത്തു തന്നേക്കാം"-റോബിന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

"റോബിനെ ഈ കേസില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമേയില്ല. പ്രതി മോഹനന്‍, ഭാര്യയ്ക്കു വിഷം കൊടുത്തു കൊന്നെന്നു കേസുണ്ടാക്കിയാല്‍ നിലനില്ക്കില്ല. അതിനാലാണു റോബിനെ പ്രതി ചേര്‍ത്തത്. പൊലീസിന്‍റെ ജോലി എളുപ്പമായി. അതു ഞാന്‍ കോടതിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്" – വ ക്കീല്‍ പറഞ്ഞു. അയാള്‍ പണമെടുത്തു മേശയ്ക്കുള്ളില്‍ വച്ചു.

"സര്‍, വിധി എനിക്ക് എതിരാകുമോ?"

"ഒന്നും പറയാന്‍ പറ്റുകയില്ല. നിങ്ങള്‍ക്കെതിരെ ശക്തമായ തെളിവുകളൊന്നുമില്ല. പൊലീസ് കെട്ടിച്ചമച്ച കേസ്. പക്ഷേ, വിധിയാളന്മാരായി ഇരിക്കുന്നവരും മനുഷ്യരല്ലേ? അവര്‍ക്കും നേരഭേതങ്ങളുണ്ട്. ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങളുണ്ട്. തെറ്റും ശരിയും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയുമുണ്ടാകാം. കോടതി വിധികളെല്ലം ശരിയാകണമെന്നില്ല. കോടതിയില്‍നിന്ന് എല്ലാവര്‍ക്കും നീതി ലഭിക്കാറുമില്ല" – ശ്യാമപ്രസാദ് പറഞ്ഞു.

"ഈ രാജ്യത്ത് ഒരു പൗരന് എന്തു സംരക്ഷണമാണുള്ളത്?" – റോബിന്‍ ചോദിച്ചു.

'ഒന്നുമില്ലെടോ. ഒരു പൊലീസോഫീസര്‍ തുനിഞ്ഞിറങ്ങിയാല്‍ തുലഞ്ഞുപോകാനേയുള്ളൂ ഇവിടെയുള്ള ഓരോ പൗരന്‍റെയും ജീവിതം. നമ്മള്‍ കൊട്ടിഘോഷിക്കുന്ന അത്ര മഹത്ത്വമൊന്നും ഭരണസംവിധാനത്തിനില്ല. നിയമം അനുസരിക്കുന്നവന്‍ എവിടെയും പിന്‍നിരയിലേക്കു തള്ളപ്പെടുന്നു. അധര്‍മവും അന്യായവും കാണിക്കുന്നവര്‍ സ്ഥാനമാനാദികള്‍ കയ്യടക്കുന്നു. അംഗീകാരവും ആദരവും നേടുന്നു. നീതിന്യായങ്ങള്‍ വിലകൊടുത്തു വാങ്ങേണ്ട ഗതികേടാണു സാധാരണ ജനത്തിനുള്ളത്. നിയമം നടപ്പാക്കാന്‍ ശേഷികെട്ട ഭരണകര്‍ത്താക്കളാണ് ഇവിടെ ഭരിക്കാനെത്തുന്നത്. കുറ്റവാളികളും ഉദ്യോഗസ്ഥരും രാഷ്ട്രീയംകൊണ്ട് ഉപജീവനം നടത്തുന്നവരും സംഘടിതശക്തിയായി ഭരണം നിയന്ത്രിക്കുകയാണ്. ഏതു നി യമവും ഈ കൂട്ടുകക്ഷികള്‍ മറികടക്കും. നമ്മള്‍ സ്വതന്ത്രരാണെന്ന്, സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥമറിയാതെ പുലമ്പിക്കൊണ്ടിരിക്കുകയാണ്"-ശ്യാമപ്രസാദ് പറഞ്ഞു.

"എനിക്കു നീതി കിട്ടില്ലെന്നാണോ സര്‍ പറഞ്ഞുവരുന്നത്?"

"ഞാന്‍ പറഞ്ഞന്നേയുള്ളൂ. റോബിന്‍ ധൈര്യമായി പൊയ്ക്കോളൂ. വിധി വരട്ടെ; നമുക്കു നോക്കാം."

ഈ അവസ്ഥയില്‍ ഞാന്‍ എങ്ങനെ ധൈര്യപ്പെടും. ഭയപ്പാടുകള്‍ മാത്രമാണ് എന്‍റെ മനസ്സിലുള്ളത്."

"ഭയപ്പാടുകളെ നേരിടുമ്പോള്‍ നമുക്കു ലഭിക്കുന്നതു ധൈര്യമാണ്. ഈ രാജ്യത്തെ ഓരോ പൗരനും ഭയപ്പാടുകളോടെയാണു കഴിഞ്ഞുകൂടുന്നതെന്നു റോബിനോര്‍ക്കണം. ഗുണ്ടകള്‍, വാടകക്കൊലയാളികള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥന്മാര്‍, ആള്‍ദൈവങ്ങള്‍, മതതീവ്രവാദികള്‍, സദാചാരസംരക്ഷകര്‍, കാമഭ്രാന്തന്മാര്‍, കള്ളന്മാര്‍, ചതിയന്മാര്‍ ഇവരൊക്കെ നമ്മളെ ചൂഴ്ന്നുനിലക്കുകയാണ്. സമത്വസുന്ദരമെന്ന് ഉദ്ഘോഷിക്കപ്പെടുന്ന ഈ രാജ്യത്ത് ഒരു ദിവസമെങ്കിലും മനഃസമാധാനത്തോടെ കഴിയാനുള്ള യോഗം ആര്‍ക്കാണുള്ളത്?"

റോബിന്‍ അവിടെ നിന്നിറങ്ങി കാറില്‍ കയറി നഗരത്തിന്‍റെ ഒഴുക്കിലേക്കു പ്രവേശിച്ചു. രാവിലെ കോടതിയിലെത്തിയതാണ്. ഇതുവരെ ഭക്ഷണം കഴിച്ചില്ല. ഭക്ഷണം കഴിക്കാനായി റോബിന്‍ ഒരു ഹോട്ടലിന്‍റെ പാര്‍ക്കിങ്ങ് സ്ഥലത്തേയ്ക്ക് കാര്‍ കയറ്റിനിര്‍ത്തി.

ഹോട്ടലില്‍ നല്ല തിരക്കാണ്. കയ്യും മുഖവും കഴുകി ഒരു മേശയ്ക്കരുകില്‍ വന്നിരുന്നു. കഴിഞ്ഞ രാത്രി ഉറങ്ങിയില്ല. ഇന്നു കേസ് വിധിയാകുമെന്നു കരുതി. കേസ് വിധി പറയുന്ന ഒരു മനുഷ്യന്‍റെ നാവിന്‍തുമ്പിലാണല്ലോ തന്‍റെ ഭാവി ജീവിതമെന്നോര്‍ത്ത് ഉറക്കം നഷ്ടപ്പെട്ടു കിടന്നു. അതിന്‍റെ പുളിപ്പ് കണ്ണിനുണ്ട്.

അടുത്ത മേശയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ആളിനെ നല്ല മുഖപരിചയം തോന്നിയതിനാല്‍ ആരാണ് അയാള്‍ എന്ന് ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ റോബിന്‍റെ നേരെ നോക്കി അയാള്‍ ചിരിച്ചു.

"എടാ റോബിന്‍."

പെട്ടെന്ന് ഓര്‍മ വന്നു. കോളജില്‍ ഒരുമിച്ചുണ്ടായിരുന്ന എമില്‍. കോളജില്‍ നിന്നു പിരിഞ്ഞതില്‍പ്പിന്നെ അവനെ കണ്ടിട്ടേയില്ല. ആറു വര്‍ഷം മുമ്പുള്ള കോലമല്ല എമിലിന്. അന്നു മെല്ലിച്ച് ഒരു നാട്ടിന്‍പുറത്തുകാരന്‍റെ രൂപമായിരുന്നു. ഇപ്പോള്‍ ഒരു ക്വിന്‍റല്‍ തൂക്കമുണ്ടാകും. കൂളിങ്ങ് ഗ്ലാസും ബുള്‍ഗാന്‍ താടിയും. തിരിച്ചറിയാന്‍ കഴിയാത്ത മട്ടില്‍ ആളാകെ മാറിയിരിക്കുന്നു.

ഭക്ഷണം കഴിക്കല്‍ അവസാനിപ്പിച്ച്, എമില്‍ റോബിന്‍റെ അടുത്തു വന്നിരുന്നു.

"എടാ റോബിന്‍, നിനക്കൊരു മാറ്റവും വന്നിട്ടില്ല. ഇവിടെ എവിടെയാനീ ജോലി ചെയ്യുന്ന കമ്പനി?" – എമില്‍ ചോദിച്ചു.

"ഹോ, എമിലെ നിന്‍റെ മാറ്റം അപാരം! നീ എന്താണു തിന്നുന്നത്?"-റോബിന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

"ഒന്നും പറയണ്ട. കുറേക്കാലം ഗള്‍ഫിലായിരുന്നു. ഇവിടെ തൊഴില്‍ തെണ്ടി നടന്നു മടുത്തപ്പോള്‍ അവിടെയുള്ള ഒരു ചങ്ങാതിയുടെ കൂടെ പോയതാ. രണ്ടുമൂന്നു വര്‍ഷം അവിടെ ജീവി ച്ചു. നല്ല തീറ്റ കിട്ടി. വല്ലാതങ്ങു തടിച്ചു; എന്തു ചെയ്യാനാ. വിദേശത്തൊക്കെ പോയിട്ടു നാട്ടില്‍ വരുമ്പോള്‍ നാട്ടുകാരുടെ മുമ്പില്‍ വെയിറ്റുണ്ടാകണമല്ലോ. ഒരാള്‍ക്കു നല്ല കാലമാണെന്നു നമ്മുടെ നാട്ടുകാര്‍ പറയണമെങ്കില്‍ തടിച്ചുകൊഴുത്തിരിക്കണം" – എമില്‍ ചിരിച്ചു.

"നീ ഇപ്പോഴും ഗള്‍ഫിലാണോ?"

"ഇപ്പോള്‍ രണ്ടു വര്‍ഷമായിട്ടു ഞാന്‍ കര്‍ണാടകത്തിലുണ്ട്. കാമാക്ഷിപാളയത്തു ചെറിയൊരു ബിസിനസ്സ് നടത്തുന്നു; ചെറിയൊരു വ്യവസായം."

"എന്തോന്ന് വ്യവസായം?"

"നീ കേട്ടിട്ടുണ്ടാകും; എമില്‍സ് ഇ-ഡോഗ്. അതിന്‍റെ നിര്‍മ്മാണവും വിപണനവുമാണു തൊഴില്‍. ഇപ്പോള്‍ പ്രധാനമായും ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങാണ്. അതാണു സൗകര്യം. ഇടനിലക്കാരനു കമ്മീഷന്‍ കൊടുക്കണ്ട."

"എന്താണെടാ എമില്‍സ് ഇ- ഡോഗ്?"-റോബിന്‍ ചോദിച്ചു.

"ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ എമില്‍സിന്‍റെ ഇലക്ട്രോണിക് പട്ടി. ഇന്നത്തെ കാലത്തു പഴയപോലെ വീടുകളില്‍ പട്ടികളെ വളര്‍ത്താന്‍ പ്രയാസമാണ്. അതിനെ പരിചരിക്കാനും സമയത്തു തീറ്റ കൊടുക്കാനും ഇന്നാര്‍ക്കും സമയമില്ല. പക്ഷേ പട്ടികള്‍ ചെയ്തിരുന്ന ജോലി എല്ലാവരും ആഗ്രഹിക്കുന്നു. ആ ആവശ്യം സഫലമാക്കുന്നതാണ് ഈ ഇലക്ട്രോണിക് പട്ടി. തീറ്റ കൊടുക്കണ്ട, പരിചരിക്കേണ്ട, കൂടു വൃത്തിയാക്കണ്ട, പേ പിടിക്കുമെന്നു പേടിക്കണ്ട. റോബിന്‍, ഇത് ഈ എമിലിന്‍റെ കണ്ടെത്തലാണ്. പേറ്റന്‍റ് അവകാശവും കിട്ടി. നമ്മള്‍ പണം മുടക്കി, കഷ്ടപ്പെട്ട് ഇലക്ട്രോണിക്സ് പഠിച്ച് എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തു, ഏതെങ്കിലും പത്താം ക്ലാസ്സുകാരന്‍ നടത്തുന്ന കമ്പനിയില്‍ ജോലി തെണ്ടി നടക്കുന്നത് എന്തൊരു നാണക്കേടാണ്. അതുകൊണ്ടു തത്കാലം ജീവിച്ചുപോകാന്‍ ഞാനൊരു കണ്ടുപിടുത്തം നടത്തി. ഒരു ലഘുയന്ത്രം. ഗെയ്റ്റിങ്കലൊരു സെന്‍സര്‍. വാതില്‍ക്കല്‍ ക്യാമറയും ചില അനുസാരികളും രണ്ടോ നാലോ സ്പീക്കര്‍. വീടിനുള്ളില്‍ ഏതാനും സിഗ്നല്‍ലൈറ്റുകള്‍. മുന്നറിയിപ്പു ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനം. വീടിന്‍റെ ഗെയ്റ്റ് കടന്ന് ആരെങ്കിലും വന്നാല്‍ പട്ടിയെപ്പോലെ കുരയ്ക്കും. രാത്രി സമയത്തു കള്ളന്മാര്‍ വന്നാല്‍ വലിയ ബഹളമാകും. എങ്ങനെയും ഉടമസ്ഥനെ ഉണര്‍ത്തും. ഇത് ഒരിക്കല്‍ വീട്ടില്‍ സെറ്റ് ചെയ്താല്‍ പിന്നെ ഒരു പരിചരണവും വേണ്ട. കറന്‍റിലും ബാറ്ററിയിലും പ്രവര്‍ത്തിക്കും. ആരെങ്കിലും ഗെയ്റ്റ് കടന്നാല്‍ വീടിനുള്ളില്‍ അലാറം മുഴങ്ങും. പുറത്തു നായ് കുരയ്ക്കുന്ന ശബ്ദമുണ്ടാകും, വീടിനുള്ളില്‍ സിഗ്നല്‍ ലൈറ്റുകള്‍ തെളിയും. വീട്ടുടമയുടെ മൊബൈല്‍ ഫോണിലേക്ക് ഒരു സന്ദേശവും വരും. കുടുംബാംഗങ്ങളാണെങ്കില്‍ വീടിനുള്ളില്‍ നേരിയ അലാറം മാത്രം. വീടിന്‍റെ മുന്‍ വശത്തു വരുന്നവരുടെ ഫോട്ടോയും കാമറയില്‍ പതിയും ഒരു വീ ടിന് ഇതിനപ്പുറമൊരു സുരക്ഷാസംവിധാനമുണ്ടോ? ആവശ്യക്കാര്‍ക്ക് ഈ യന്ത്രസംവിധാനം മറ്റാരുടെയും കണ്ണില്‍പ്പെടാത്ത വണ്ണം ഞങ്ങള്‍ സ്ഥാപിച്ചുകൊടുക്കും. എല്ലാ ഏര്‍പ്പാടുകള്‍ക്കുംകൂടി തീര്‍ത്തും ചെറുതല്ലാത്ത ഒരു തുക ഞങ്ങള്‍ വാങ്ങും. ഒരു അല്‍സേഷ്യന്‍ പട്ടിക്കുഞ്ഞിന്‍റെ വിലയേക്കാള്‍ അല്പം കൂടുതല്‍. ഓണ്‍ ലൈന്‍ ബിസിനസ്സാണ്. കുഴപ്പം കൂടാതെ നടന്നുപോകുന്നു" – എമില്‍ പറഞ്ഞു.

"എമിലെ, നീ സത്യമാണോ പറയുന്നതൊക്കെ?" – റോബിന്‍ ചോദിച്ചു.

"നിന്‍റെ വീട്ടില്‍ ഒരെണ്ണം സ്ഥാപിച്ചു തരാം."

"ഞാന്‍ വാടകവീട്ടിലാണിഷ്ടാ. തറവാട്ടില്‍ ഒറിജിനല്‍ പട്ടിയുണ്ട്"- റോബിന്‍ പറഞ്ഞു.

"ഒന്നുരണ്ടു പ്രോജക്ടുകള്‍കൂടി മനസ്സിലുണ്ട്. മനുഷ്യര്‍ക്ക് ആവശ്യമുള്ള ചെറിയ ഉത്പന്നങ്ങള്‍ നിര്‍മിച്ചു മാര്‍ക്കറ്റ് ചെയ്താല്‍ ജീവിതം ധന്യമായി. ഒരിടത്തു ശമ്പളത്തിനു ജോലി ചെയ്യാന്‍ മാത്രമാണോ നമ്മള്‍ വിദ്യാഭ്യാസം ചെയ്തത്. ആരും ജോലി നല്കുന്നില്ലെങ്കില്‍ നമ്മള്‍ പഠിച്ചതു വെറുതെ. നീ ഒരു കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നു. നിനക്കു പറഞ്ഞൊത്ത ശമ്പളവും ലഭിക്കുന്നു. പക്ഷേ, നിന്നെ നീ തന്നെ വില പറഞ്ഞു വില്ക്കുന്ന ഒരു കച്ചവടം അവിടെ നടക്കുന്നു. അല്ലെങ്കില്‍ കമ്പനി നിന്നെ വിലയിട്ടു വാങ്ങുന്ന പ്രക്രിയ നടക്കുന്നു. രണ്ടായാലും നിന്‍റെ ജീവിതം മറ്റൊരാളുടെ നിയന്ത്രണത്തിലായല്ലോ. നമ്മളുടെ ജീവിതം നമ്മുടെ കയ്യിലിരിക്കണമെങ്കില്‍ നമ്മള്‍ സ്വതന്ത്രമായ ഒരു തൊഴില്‍ മേഖല കണ്ടെത്തണം."

"എമിലെ നിന്‍റെ പട്ടിയുടെ പ്രവര്‍ത്തനം ഒന്നു കാണാന്‍ എന്താ വഴി?" – റോബിന്‍ ചോദിച്ചു.

"നീ എന്‍റെ സ്ഥാപനത്തിലേക്കു വരൂ." എമില്‍ പോക്കറ്റില്‍നിന്നു പേരും മേല്‍വിലാസവും രേഖപ്പെടുത്തിയ കാര്‍ഡെടുത്തു റോബിനു കൊടുത്തു.

"ഇതു നിനക്കു നമ്മുടെ നാട്ടില്‍ തുടങ്ങാമായിരുന്നില്ലേ?"

"തുടങ്ങാമായിരുന്നു. പക്ഷേ, നമ്മുടെ നാട്ടുകാര്‍ക്ക് ഒരു കുഴപ്പമുണ്ട്. നമ്മുടെ നാട്ടിലുള്ളതിന് അവര്‍ വില കല്പിക്കുന്നില്ല. ബംഗ്ളുരുവിലോ മുംബൈയിലോ ആണു കമ്പനിയെങ്കില്‍ അവര്‍ക്കു വിശ്വാസമാണ്. ജപ്പാനിലോ ജര്‍മനിയി ലോ മറ്റോ ആണെങ്കില്‍ ഭയങ്കര സന്തോഷം! നമ്മുടെ സാധനം വി റ്റഴിക്കുന്നതു കൂടുതലും കേരളത്തിലാണ്. കേരളക്കാരന്‍ ഉണ്ടാക്കുന്ന സാധനത്തോട് അവര്‍ താത്പര്യം കാണിക്കുകയില്ല. അവരുടെ നോട്ടം എപ്പോഴും ദൂരേയ്ക്കാണ്. സ്വന്തം നാട്ടുകാരുടെ കഴിവില്‍ വിശ്വാസമില്ലാത്ത ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ക്ക് ഏറ്റവും വിശ്വാസമുള്ള ആള്‍ സായിപ്പാണ്."

അവര്‍ ഹോട്ടലില്‍ നിന്നിറങ്ങി കാറിനടത്തു വന്നപ്പോള്‍ എമില്‍ റോബിനെ ഉപദേശിച്ചു.

"റോബിന്‍ നീ കണ്ടവന്മാര്‍ക്കു കാശുണ്ടാക്കാന്‍ നടക്കാതെ, എന്തെങ്കിലുമൊരു ജോലി സ്വന്തമായി ചെയ്യ്. നമ്മുടെ നാടു രക്ഷപ്പെടാത്തതെന്താണെന്നു നീ ആലോചിച്ചിട്ടുണ്ടോ? കൈ നനയാതെ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരാണു നമ്മുടെ വിദ്യാസമ്പന്നര്‍. ആരുടെയെങ്കിലും കീഴില്‍ നക്കാപ്പിച്ച ശമ്പളം വാങ്ങി ജീവിക്കണം. നമുക്കു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്‍റെ കാര്യമാ ഏറെ കഷ്ടം. പ്രകൃതിദത്തമായി നമുക്കു ലഭിക്കുന്ന അതിജീവനത്തിനുള്ള കഴിവിനെകൂടി അതു നശിപ്പിക്കുന്നു. ആത്മവിശ്വാസവും തകര്‍ത്തു കളയുന്നു. നമ്മുടെ കേരളം ഒരു ഉപഭോഗസംസ്ഥാനമാണല്ലോ. എന്തെല്ലാം ഉത്പന്നങ്ങളാണ് അവിടെ വിറ്റഴിക്കുന്നത്. അതില്‍ എത്ര ഉത്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ആളുകളോ സൗകര്യങ്ങളോ ഇല്ലാഞ്ഞിട്ടാണോ?" – എമില്‍ ചോദിച്ചു.

"ഉണ്ടാക്കുന്നതൊന്നും ഉപയോഗിക്കാത്തവരും ഉപയോഗിക്കുന്നതൊന്നും ഉണ്ടാക്കാത്തവരുമാണ് കേരളീയര്‍ എന്നു പറയാറുണ്ടല്ലോ. അത് എത്ര ശരിയാണ്" – റോബിന്‍ പറഞ്ഞു.

"നമ്മുടെ ആര്‍ത്തിക്കും അലസതയ്ക്കും ഉദാഹരണമാണു നമ്മുടെ റബര്‍കൃഷി. വീടിന്‍റെ മുറ്റത്തുവരെ അതു നട്ടുപിടിപ്പിച്ചു. പുരയ്ക്കു ചുറ്റും ഇത്തരി സ്ഥലം ഒഴിവാക്കിയിട്ടിരുന്നെങ്കില്‍, തമിഴന്‍റെ വിഷമടിച്ച പച്ചക്കറിയും പാലും കര്‍ണാടകത്തിലെ അരിയും കാത്തിരുന്നു ജീവിതം തുലയ്ക്കേണ്ടിവരുമായിരുന്നില്ല. റബര്‍കൃഷി മലയാളിയെ അലസരും സുഖാന്വേഷികളും ജീവിതശൈലീരോഗികളുമാക്കി മാറ്റി. മനുഷ്യരുള്‍പ്പെടെ എല്ലാ ജീവികള്‍ക്കും പരമപ്രധാനം ഭക്ഷണമാണല്ലോ. ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാത്ത ഒരു നാടും രക്ഷപ്പെടാന്‍ പോകുന്നില്ല. കാലഹരണപ്പെട്ട കുറേ രാഷ്ട്രീയക്കാരും കണ്‍കെട്ടുവിദ്യകളുമായി ജീവിക്കുന്ന കുറേ മതനേതാക്കന്മാരും കൂടി നമ്മുടെ നാടിനെ നശിപ്പിച്ചെടുത്തെന്നു പറഞ്ഞാല്‍ മതിയല്ലോ. ഹര്‍ത്താല്‍ നടത്തിയും പണി ചെ യ്യാത്തവരുടെ പണിമുടക്കിയും ചന്തമുക്കുകളില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തിയും കൈകൊട്ടിപ്പാടിയും മറുഭാഷ ചൊല്ലിയും എത്രയോ പേരുടെ ആയുസ്സാണ് ഇവര്‍ പാഴാക്കിക്കളയുന്നത്. അതുകൊണ്ടു നീ കേരളത്തിലേയ്ക്കു പോകണ്ട. അവിടെ തൊഴിലെടുക്കാതെ കറയടിച്ചു ജീവിക്കാന്‍ ശ്രമിക്കുന്ന വലിയ സംഘടിതശക്തികളുണ്ട്! നീ ഇവിടെയെങ്ങാനും കൂടിക്കോ. ഒരു ഐറ്റം നിര്‍മിച്ചു ഇംഗ്ലീഷിലൊരു പേരുമിട്ട്, പരസ്യം ചെയ്തു വിറ്റഴിക്കാന്‍ ശ്രമിക്ക്. അതു നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. ആലോചിക്ക്" – എമില്‍ അടുത്തു കിടന്ന വമ്പന്‍ ഔഡി കാറില്‍ കയറി ഓടിച്ചുപോയി.

ഒരുത്തന്‍റെയും കീഴില്‍ പണിയെടുക്കാതെ സ്വന്തമായി ഒരു സ്ഥാപനം നടത്തുന്നതിനെപ്പറ്റി റോബിന്‍ പണ്ടേ ആലോചിച്ചിരുന്നതാണ്. മനുഷ്യര്‍ക്ക് ഉപയോഗമുള്ള ഒരു ഉത്പന്നം കണ്ടെത്തി അതു നിര്‍മിച്ചു വിപണിയിലിറക്കുന്നതിനെപ്പറ്റിയായി റോബിന്‍റെ ചിന്ത. ജയിച്ചാലും തോറ്റാലും എന്താണു പ്ര ശ്നം? ജയിക്കാനും തോല്ക്കാനുമായിട്ടുള്ളതല്ലേ ജീവിതം?

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org