ആയുഷ്ക്കാലം – അധ്യായം 3

ആയുഷ്ക്കാലം – അധ്യായം 3

ജോസ് ആന്‍റണി

കറുകപ്പാടത്തു നിന്നു റോബിന്‍റെ അപ്പന്‍ മത്തായിച്ചനും അമ്മ മറിയക്കുട്ടിയും ജോയിച്ചന്‍റെ വീട്ടിലെത്തി. ജെയ്സി റോബിനുമായി പിണങ്ങി വീട്ടിലെത്തിയ വിവരം അറിഞ്ഞാണ് അവരെത്തിയത്.
റോബിന്‍ കറുകപ്പാടത്തു ചെന്നിട്ടാണു ബംഗളുരുവിലേക്കു മടങ്ങിപ്പോയത്.
ജോയിച്ചന്‍ അവരുടെ മുമ്പില്‍ തലകുനിച്ചുനിന്നു. അവര്‍ ബന്ധുക്കളായിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളൂ. തന്‍റെ മകള്‍ മൂലമാണ് ഇപ്പോള്‍ ആ ബന്ധത്തിന്‍റെ ഊഷ്മളത നഷ്ടപ്പെട്ടിരിക്കുന്നത്. എപ്പോഴും പ്രകാശമാനമായിരുന്ന മത്തായിയച്ചന്‍റെ മുഖം മ്ളാനമായിരിക്കുന്നു.
ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മത്തായിയച്ചന്‍ ചോദിച്ചു: "എന്താ ജോയിച്ചാ പ്രശ്നം? പിള്ളേരു ജീവിതം കൊണ്ടു കളിക്കുകയാണോ? ജോയിച്ചനൊരു അദ്ധ്യാപകനല്ലേ. കാര്യങ്ങള്‍ മക്കളെ പറഞ്ഞു മനസ്സിലാക്കാന്‍ ശേഷിയുള്ളവനല്ലേ?
റോബിന്‍ വല്ലാത്ത വിഷമത്തിലാണ് തിരിച്ചുപോയത്. അതിനുശേഷം സ്വസ്ഥതയൊക്കെ പോയി. ഇവിടെ വന്നു മോളെ കണ്ടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാമെന്നു കരുതിയാ ഞങ്ങള്‍ വന്നത്. റോബിന്‍റെ കയ്യില്‍നിന്നു വീഴ്ച വല്ലതുമുണ്ടായോ? അവരെന്തിനാ പിണങ്ങിയത്?" – മറിയക്കുട്ടി ചോദിച്ചു.
എല്ലാത്തിനും ഉത്തരം പറയേണ്ടതു ജോയിച്ചനാണ്. ഇതുവരെയുള്ള ജീവിതത്തിലൊരിക്കലും ഒരാളുടെ മുമ്പിലും ഉത്തരം മുട്ടി തലകുനിച്ചു നില്ക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ഇപ്പോഴിതാ അദ്ധ്യാപകന്‍റെ മുമ്പില്‍ ഒന്നും പഠിക്കാത്ത വിദ്യാര്‍ത്ഥിയെപ്പോലെ ജോയിച്ചന്‍ നില്ക്കുന്നു.
അടുക്കളയില്‍ നിന്നു ഡൈനിംഗ് റൂമിലേക്കു കടക്കുന്ന വാതില്‍ക്കല്‍ അന്നക്കുട്ടി നില്പുണ്ട്. ഗൃഹപാഠം ചെയ്യാത്ത കുട്ടിയെപ്പോലെ നില്ക്കുന്ന ഭര്‍ത്താവിന്‍റെ നിസ്സഹായാവസ്ഥ അവര്‍ മനസ്സിലാക്കുന്നു.
"കുട്ടികളല്ലേ ചേച്ചി, നമ്മളൊക്കെ വളര്‍ന്നപോലെയല്ലല്ലോ ഇപ്പോഴത്തെ കുട്ടികള്‍. കോളജിലും ഹോസ്റ്റലിലുമായി ജീവിച്ചവര്‍, പെട്ടെന്നു തനിച്ചൊരിടത്തു കുടുംബമായി ജീവിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ സ്വരചേര്‍ച്ചയില്ലായ്മ ഉണ്ടാകും. നമ്മളൊക്കെ വിവാഹം കഴിഞ്ഞു മാതാപിതാക്കളോടൊപ്പം എട്ടോ പത്തോ വര്‍ഷം താമസിച്ചതിനു ശേഷമല്ലേ വേറെ മാറുന്നത്. അപ്പോഴേക്കും കുടുംബം നടത്തിക്കൊണ്ടുപോകാനുള്ള പ്രാപ്തി നമുക്കു ലഭിച്ചിരുന്നു. ഇപ്പോള്‍ പഠനം കഴിയുമ്പോള്‍ ജോലിക്കു പോകുന്നു. ദൂരെ ദിക്കില്‍ തനിച്ചു ജീവിക്കാതെ കല്യാണം കഴിച്ച് ഒരുമിച്ചു ജീവിക്കട്ടെയെന്ന വിചാരത്തോടെ നമ്മളതിന് ഉത്സാഹിക്കുന്നു. രണ്ടുപേര്‍ക്കും ജോലിയാകുമ്പോള്‍ കുടുംബത്തില്‍ ചില താളപ്പിഴകളൊക്കെ സംഭവിക്കും. മോളാണെങ്കില്‍ ചെറുപ്പം മുതലേ ഇത്തിരി പിടിവാശി കൂടുതലാ. എന്താ ചെയ്യുക?" – അന്നക്കുട്ടി പറഞ്ഞു.
"മോളെന്താ ഇങ്ങോട്ടു വരാത്തത്? പിണങ്ങി ഇരിക്കുവാണോ? നിങ്ങള്‍ വഴക്കു പറഞ്ഞു കാണും. മോളെ വിളിക്ക്, ഞങ്ങളൊന്നു ചോദിക്കട്ടെ"-മറിയക്കുട്ടി പറഞ്ഞു.
അന്നക്കുട്ടി അകത്തേയ്ക്കു പോയി, കിടപ്പുമുറിയില്‍ ഇരുന്ന ജെയ്സിയോടു പറഞ്ഞു.
"മോളെ, റോബിന്‍റെ അപ്പച്ചനും അമ്മയും വന്നിരിക്കുന്നു. അവര്‍ നിന്നെ അന്വേഷിക്കുന്നു."
"ഓ… എന്തിനാ?"
"വീട്ടില്‍ വരുന്നവരോടു മാന്യമായി പെരുമാറ് ജെയ്സീ. നിന്നെയൊക്കെ ഇത്രയും പഠിപ്പിച്ചതെന്തിനാ. ഒരു വകതിരിവൊക്കെ വേണ്ടേ? എഴുന്നേറ്റു വരുന്നുണ്ടോ; മനുഷ്യരെക്കൊണ്ട് ഓരോന്നു പറയിപ്പിക്കാതെ" – അന്നക്കുട്ടി ദേഷ്യപ്പെട്ടു.
ജെയ്സി ഡൈനിംഗ് റൂമിലേക്കു ചെന്നു.
"എന്താ മോളെ സുഖമില്ലേ? മോളെന്താ റോബിന്‍റെ കൂടെ വീട്ടിലേക്കു വരാതിരുന്നത്? റോബിനാകെ വിഷമമായി" – മറിയക്കുട്ടി പറഞ്ഞു.
അവര്‍ ജെയ്സിയുടെ അടുത്തുചെന്ന് അവളുടെ ചുമലില്‍ തഴുകിക്കൊണ്ടു പറ ഞ്ഞു.
"മോളു ക്ഷീണിച്ചുപോയി കെട്ടോ. സമയത്ത് ആഹാരം കഴിക്കാതെ ജോലി ചെയ്യുന്നതുകൊണ്ടാകാം. റോബിനാണെ കൃത്യസമയത്ത് ആഹാരം കഴിക്കുന്ന ശീലമില്ല."
ഓ തള്ളേടെ സോപ്പെന്നു ജെയ്സി മനസ്സില്‍ പറഞ്ഞു.
"മോള്‍ക്ക് എത്ര ദിവസത്തെ അവധിയുണ്ട്?" – മത്തായിയച്ചന്‍ ചോദി ച്ചു,
"ഒരാഴ്ച" – അവള്‍ പറഞ്ഞു.
"മോള്‍ക്ക് ആ കമ്പനിയിലെ ജോലി ഇഷ്ടമായില്ലേല്‍ ഒരു മാസത്തെ അവധിയെടുത്തു ഞങ്ങളുടെ അടുത്തുവന്നു നില്ക്ക്. ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി കൊടുക്കാം. കൊതി തീരെ നിന്നെ കാണാനും സംസാരിക്കാനും ഞങ്ങള്‍ക്കിതുവരെ അവസരം ഉണ്ടായില്ല."
"എന്‍റെ ജോലിക്ക് ഒരു കുഴപ്പവുമില്ല. അതു നന്നായി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടായാല്‍ മതി" – ജെയ്സി പറഞ്ഞു.
"മോളെന്താ അങ്ങനെ പറഞ്ഞത്? റോബിന്‍ നിന്‍റെ ജോലിക്കു തടസ്സമുണ്ടാക്കുന്നുണ്ടോ? മോള് എന്നോടു പറ. അവന്‍റെ ഭാഗത്തുനിന്നു വല്ല കുഴപ്പവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ നിമിഷം ഞാനതിനു പരിഹാരം ഉണ്ടാക്കാം"- മത്തായിച്ചന്‍ പറഞ്ഞു.
"ഇനി അപ്പച്ചന്‍ അതിനൊന്നും മെനക്കെടണ്ട. ഞാനിനി റോബിനൊപ്പം താമസിക്കുന്നില്ല. മടങ്ങിപ്പോകുന്നതു ഞാന്‍ മുമ്പു താമസിച്ചിരുന്ന ലേഡീസ് ഹോസ്റ്റലിലേക്കാണ്" – ഇത്രയും പറഞ്ഞിട്ടു ജെയ്സി അവിടെനിന്നും പോയി.
"മോളവിടെ നില്ക്ക്. പറയട്ടെ" – മത്തായിച്ചന്‍ പറഞ്ഞു. പക്ഷേ, ജെയ്സി അതു കേട്ടതായി ഭാവിച്ചില്ല.
ആ മാതാപിതാക്കള്‍ എല്ലാവരും അമ്പരന്നു പോയി. ജോയിച്ചന്‍റെ മുഖം വല്ലാതെ വിളറി.
ജെയ്സി ഇങ്ങനെ അറുത്തുമുറിച്ചു സംസാരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
"ജെയ്സിയെന്താ അന്നക്കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്? അവളെന്തിനാ ഹോസ്റ്റലിലേക്കു താമസം മാറ്റുന്നത്? ഇതു വല്ലാത്ത നാണക്കേടാവുമല്ലോ എന്‍റെ മാതാവേ!" – മറിയക്കുട്ടിക്ക് ആധിയായി.
"നീ ഒന്നു മിണ്ടാതിരിക്കു മറിയക്കുട്ടി" – മത്തായിച്ചന്‍ പറഞ്ഞു. "അവള്‍ക്ക് അവന്‍റെ കൂടെ താമസിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ നമ്മള്‍ എന്തു പറഞ്ഞിട്ടും കാര്യമില്ല."
"നിങ്ങള്‍ വിഷമിക്കാതെ. അവള്‍ തോന്നുന്നതെല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരിയാ. അവരു തമ്മില്‍ ചെറിയ അഭിപ്രായവ്യത്യാസമുണ്ടാകാം. അതിന്‍റെ ചൂടാറുമ്പോള്‍ ഞാന്‍ എല്ലാം പറഞ്ഞു ശരിയാക്കാം. ഞാന്‍ പറയുന്നത് അവള്‍ കേള്‍ക്കും" – ജോയിച്ചന്‍ പറഞ്ഞു.
"കേള്‍ക്കുമെങ്കില്‍ കൊ ള്ളാം ജോയിച്ചാ. അല്ലെങ്കില്‍ പ്രശ്നമാകും. തോന്നിവാസിയായ ചെറുക്കന്മാര്‍ വഴക്കുണ്ടാക്കി കെട്ടിയവളെ വേണ്ടായെന്നു പറയുന്നതു കേട്ടിട്ടുണ്ട്. ഒരു കാരണവുമില്ലാതെ ഒരു പെണ്ണു കല്യാണം കഴി ഞ്ഞ് ഒരു വര്‍ഷം തികയുന്നതിനുമുമ്പേ ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കാര്യമാ. കല്യാണത്തിനുമുമ്പു ചെറുക്കനെ ഇഷ്ടമാണോയെന്നു നിങ്ങള്‍ ചോദിച്ചില്ലേ? അവള്‍ക്ക് ഇഷ്ടമില്ലാതെയാണോ അള്‍ത്താരയ്ക്കു മുമ്പില്‍ വൈദികനോടു റോബിനെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്നു പറഞ്ഞത്? ജോലിക്കാരായ എത്രയോ ഭാര്യഭര്‍ത്താക്കന്മാര്‍ ഇവിടെ മാതൃകാപരമായി കുടുംബജീവിതം നയിക്കുന്നു. ഗവണ്‍മെന്‍റ് സെക്രട്ടറിമാര്‍, ജഡ്ജിമാര്‍, ഐഎഎസ് ഓഫീസര്‍മാര്‍ – ഇവര്‍ക്കൊന്നുമില്ലാത്ത എന്താണ് ഈ കൊച്ചിനുള്ളത്? അഹങ്കാരമെന്നല്ലാതെ എന്താ പറയുക" – മത്തായിച്ചന്‍ ക്ഷമ കെട്ടു പറഞ്ഞു.
എന്തു പറഞ്ഞാണു മത്തായിച്ചനെ സമാധാനപ്പെടുത്തുക? മറുപടി പറയാന്‍ വാക്കുകളില്ലാതെ ജോയിച്ചനിരുന്നു.
"നമുക്ക് അമ്മച്ചിയുടെ അടുത്തുപോയി യാത്ര പറഞ്ഞിറങ്ങാം"- രംഗം തണുപ്പിക്കാനായി മറിയക്കുട്ടി പറഞ്ഞു.
അവര്‍ ഏലിയാമ്മ കിടക്കുന്ന മുറിയിലേക്കു ചെന്നു.
"അമ്മച്ചി" – മറിയക്കുട്ടി വിളിച്ചു.
ഏലിയാമ്മ തലയുയര്‍ത്തി നോക്കി. ആളുകളെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല.
"ഞങ്ങളാ അമ്മച്ചി. കറുകപ്പാടത്തുനിന്നു റോബിന്‍റെ അപ്പച്ചനും അമ്മയും."
"നിങ്ങള്‍ ഇങ്ങോട്ടു വരാനുള്ള വഴിയൊക്കെ മറന്നുപോയായിരുന്നോ?" – ഏലിയാമ്മ പല്ലില്ലാത്ത വായ തുറന്നു ചിരിച്ചു.
"എല്ലാവരെയും കാണണമെന്ന് ആശിച്ചങ്ങനെ കിടക്കും. കാഴ്ച മങ്ങിപ്പോയി. ഒന്നും ശരിക്കു കാണാന്‍ കഴിയുന്നില്ലല്ലോ. ആരെങ്കിലും അടുത്തു വന്നാല്‍, അവരുടെ മുഖം തെളിഞ്ഞു കാണാന്‍ കഴിയുന്നില്ലെങ്കിലുള്ള പ്രയാസം… മനുഷ്യര്‍ ചിരിക്കുന്നത്, കരയുന്നത്, കോപിക്കുന്നത് ഒക്കെ കാണണ്ടായോ" – ഏലിയാമ്മ പറഞ്ഞു.
മറിയക്കുട്ടി ഏലിയാമ്മയെ എഴുന്നേറ്റിരിക്കാന്‍ സഹായിച്ചു.
"എന്താ മക്കളെ വിശേഷം?" – ഏലിയാമ്മ ചോദിച്ചു.
"ജെയ്സിയെ ഒന്നു കണ്ടിട്ടു പോകാമെന്നു കരുതിയിറങ്ങിയതാ" – മറിയക്കുട്ടി പറഞ്ഞു.
എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് ഏലിയാമ്മയ്ക്കു നേരത്തെ തോന്നിയതാണ്. ഉമിക്കു തീപിടിച്ച മാതിരി ഉള്ളില്‍ തീ എരിയുകയാണ്. ഈ കുട്ടികള്‍ക്ക് എന്താണു പറ്റിയത്?
"ഉപ്പും വെള്ളവും ഒരു വള്ളത്തില്‍ കയറ്റുന്നതു കുഴപ്പമാ. ഒന്നെങ്കില്‍ വെള്ളം കയറി ഉപ്പു നശിക്കും. വെള്ളത്തില്‍ ഉപ്പു കലര്‍ന്നു വെള്ളവും ഉപയോഗശൂന്യമാകും. ഞാനൊക്കെ ചെറുപ്പമായിരുന്ന കാലത്തു പെണ്ണുങ്ങള്‍ കുടുംബത്തിലിരിക്കും. വീട്ടിലെ ജോലികള്‍ ചെയ്യും. വെച്ചുവിളമ്പും. കുട്ടികളെ വളര്‍ത്തും. ആണുങ്ങള്‍ പറമ്പിലും പാടത്തും പണിയെടക്കും. അതല്ലെങ്കില്‍ കച്ചവടത്തിനു പോകും. കുടുംബങ്ങളില്‍ പത്തും പതിന്നാലും പേരുണ്ടാകും. ആണുങ്ങള്‍ അദ്ധ്വാനിച്ചാണ് ഇവരുടെ കാര്യങ്ങളെല്ലാം നടത്തുന്നത്. അദ്ധ്വാനിച്ചവരുടെ കുടുംബങ്ങളെല്ലാം അഭിവൃദ്ധിപ്പെട്ടിട്ടേയുള്ളൂ. ഇപ്പോള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പഠപ്പിക്കുകയാണ്. എന്താണു പഠിപ്പിക്കുന്നത്? ആ പഠിപ്പു ജീവിതത്തിനു ഗുണമുണ്ടാക്കുന്നുണ്ടോ? ആരന്വേഷിക്കുന്നു. ഞങ്ങളുടെ കാലത്ത് ആര്‍ക്കും വലിയ പഠിപ്പൊന്നുമില്ല. ചിലരൊക്കെ നിലത്തെഴുത്തു പഠിക്കും. എന്‍റെ ആങ്ങളമാരെ എഴുത്തു പഠിപ്പിച്ചതു കുഞ്ഞപ്പനാശാന്‍ എന്നൊരാളായിരുന്നു. എന്‍റെ അപ്പന്‍ എന്നെയും അവരുടെകൂടെ അയച്ചു. അക്ഷരങ്ങളെഴുതാനും കണക്കു കൂട്ടാനും കൂട്ടിവായിക്കാനും പഠിപ്പിച്ചു. പിന്നെ നീതിസാരത്തിലുള്ള ചില കാര്യങ്ങള്‍ ആശാന്‍ പറഞ്ഞുതരും. അതു ജീവിതത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ്. പഠിപ്പ് അത്രയേയുളളൂ. ജീവിതത്തിന് ഒരു കുറവും സംഭവിച്ചില്ല. ഇപ്പോള്‍ പെണ്‍കുട്ടികള്‍ പഠിച്ചു ജോലിക്കു പോകുന്നു. അതിനിടയില്‍ കല്യാണം കഴിക്കുന്നു. ചിലപ്പോള്‍ ജോലി രണ്ടു ദിക്കിലാകും. അന്യരാജ്യത്തു ജോലിക്കു പോകുന്നവര്‍ വര്‍ഷത്തിലൊന്നെങ്ങാനും കണ്ടെങ്കിലായി. അതു കുടുംബമാണോ? പെണ്ണുങ്ങള്‍ കുടുംബത്തിലിരുന്നാല്‍ കുടുംബം നന്നാകും" – ഏലിയാമ്മ പറഞ്ഞു.
മറിയക്കുട്ടിക്ക് അവരോടു ബഹുമാനം തോന്നി. ഈ കാലഘട്ടത്തിനു ചേരാത്ത കാര്യങ്ങളാണ് അവര്‍ പറയുന്നത്. പഴയ കാലത്തെ നന്മകളാണ് അവര്‍ പറഞ്ഞു കേള്‍പ്പിക്കുന്നത്. അതിലെല്ലാം ചില സത്യങ്ങളുണ്ട്.
"അമ്മച്ചി പഴയകാലത്ത് അങ്ങനെയൊക്കെ നടന്നു. ഇന്ന് ആണ്‍കുട്ടികളേക്കാള്‍ പഠിക്കാനും ജോലിയെടുക്കാനും മിടുക്കരാ പെണ്‍കുട്ടികള്‍. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്തും തുണി അലക്കിയും കുട്ടികളെ നോക്കിയും വീട്ടിലിരിക്കണമെന്ന് അവരോടു പറഞ്ഞാല്‍ അതു നടക്കുമോ? ജോലിക്കു പോകുകയും കുടുംബമായി ജീവിക്കുകയും ചെയ്യുന്നവര്‍ എത്രയോ പേര്‍ നമ്മുടെ നാട്ടിലുണ്ട്. സാഹചര്യങ്ങള്‍ക്കിണങ്ങി ജീവിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്" – മറിയക്കുട്ടി പറഞ്ഞു.
"പഠിച്ചും കളിച്ചും നടന്ന കുട്ടികളല്ലേ? പെട്ടെന്നു കുടുംബജീവിതം തുടങ്ങുമ്പോള്‍ പ്രശ്നങ്ങളുണ്ടാകാം. എന്തിനാണ് ഈ കഷ്ടപ്പാടുകള്‍? സ്വതന്ത്രമായി ജീവിച്ചുകൂടേ എന്നു ചിന്തിക്കാം" – മത്തായിച്ചന്‍ പറഞ്ഞു.
"ചെറുക്കനും പെണ്ണും ഒരുപോലെ മിടുക്കരായാല്‍ കുടുംബം നടന്നുപോകാന്‍ പ്രയാസമാ. കുടുംബത്തല്‍ ഒരാള്‍ ഇത്തിരി താണു കൊടുക്കണം" – ഏലിയാമ്മ പറഞ്ഞു.
"പറഞ്ഞുതീര്‍ക്കാവുന്ന കാര്യമേ കാണുകയുള്ളൂ" – മത്തായിച്ചന്‍ പറഞ്ഞു.
മറിയക്കുട്ടി അമ്മച്ചിക്കു സ്തുതി കൊടുത്തിട്ട് യാത്ര പറഞ്ഞിറങ്ങി.
"വര്‍ത്താനം പറഞ്ഞിരുന്നാല്‍ അമ്മച്ചി വിടുകയില്ല" – പുറത്തിറങ്ങിയപ്പോള്‍ മറിയക്കുട്ടി അടക്കം പറഞ്ഞു.
"എന്നാല്‍ ജോയിച്ചാ ഞങ്ങളിറങ്ങുകയാ" – മത്തായിച്ചന്‍ കാറിനടുത്തേയ്ക്കു നടക്കുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.
"ഞങ്ങള്‍ ജെയ്സിയുടെ കൂടെ ബംഗളൂരുവില്‍ പോകുന്നുണ്ട്. ഒന്നുരണ്ടു ദിവസം ഞങ്ങളവിടെ താമസിക്കാം.
ഞാന്‍ പറയുന്നതു വിട്ടു മോള് പോകുകയില്ല. നിങ്ങള്‍ സമാധാനത്തോടെ പൊയ്ക്കൊള്ളുക" – ജോയിച്ചന്‍ അവരോടു പറഞ്ഞു.
അവര്‍ പോയി കഴിഞ്ഞപ്പോള്‍ ജോയിച്ചന്‍ ജെയ്സിയെ വിളിച്ചു.
"മോളേ ജെയ്സീ, നീ പുറത്തേയ്ക്ക് ഇറങ്ങി വന്നേ. നീ എന്തിനാണ് അകത്തു കയറി ഒളിച്ചിരിക്കുന്നത്?"
ജെയ്സി സിറ്റൗട്ടിലേക്ക് ഇറങ്ങി വന്നു.
"നീ എന്താ മുറിയിലങ്ങനെ… പുറത്തിറങ്ങാതെ… കാര്യമെന്താണെന്നു നിനക്കു പറഞ്ഞുകൂടെ? ഇപ്പോള്‍ ഇവിടെ വന്നിട്ടു പോയതാരാ? റോബിന്‍റെ അപ്പനുമമ്മയും ഇവിടെ വരുമ്പോള്‍ നീ ഇങ്ങനെയാണോ പെരുമാറേണ്ടത്? നിന്‍റെ ജീവിതകാലം മുഴുവന്‍ നീ അവരെ അപ്പനും അമ്മയുമായി കാണേണ്ടതല്ലേ? നീ ആ വീട്ടില്‍ അന്യയായിട്ടല്ല മകളായിട്ടാണു ചെന്നിരിക്കുന്നത്. നീ ഇപ്പോള്‍ അവരോടു പെരുമാറിയ രീതി വളരെമോശമായിപ്പോയി. നിന്നെപ്പറ്റിയുള്ള മതിപ്പു നീ തന്നെ നഷ്ടപ്പെടുത്തുകയാണ്"- ജോയിച്ചന്‍ ഉള്ളിലുള്ള കോപം പുറത്തു പ്രകടിപ്പിക്കാതെ പറഞ്ഞു.
ജെയ്സി മുറ്റത്തിനപ്പുറം നില്ക്കുന്ന ചാമ്പമരത്തിലേക്കു നോക്കിനിന്നു. അതില്‍ ഏതാനും കിളികള്‍ ആഹാരം തേടുന്നുണ്ട്.
"നീ എന്താ മറുപടി പറയാത്തത്?" – ജോയിച്ചന്‍ സ്വരമുയര്‍ത്തി ചോദിച്ചു.


"ഞാനെന്താ പറയേണ്ടതു പപ്പ. എനിക്കിഷ്ടമില്ലെങ്കിലും ഞാനവരോടു നന്നായി പെരുമാറണമെന്നാണു പപ്പ പറയുന്നത്. ജീവിതം ഇത്രയ്ക്കു വിലയില്ലാത്തതാണോ പപ്പ?" – അവള്‍ ചോദിച്ചു.
ആ ചോദ്യത്തിന്‍റെ പൊരുള്‍ ജോയിച്ചനു മനസ്സിലായില്ല. എങ്കിലും ആ പിതാവു ക്ഷമ കാണിച്ചു. ജോയിച്ചന്‍ ഒരു അദ്ധ്യാപകനാണ്. പല തരക്കാരായ ആയിരക്കണക്കിനു കുട്ടികളെ പഠിപ്പിക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിട്ടുള്ളവനാണ്. ചോദ്യങ്ങള്‍ക്കെല്ലാം ഒരിക്കലും ഉത്തരം ലഭിക്കാറില്ല. എന്നാലും ചോദ്യങ്ങള്‍ ചോദിക്കുക എന്നത് അദ്ധ്യാപകധര്‍മമാണ്.
ഇപ്പോള്‍ മകള്‍ ചോദിക്കുന്നു. ജീവിതം ഇത്രയ്ക്കു വിലകെട്ടതാണോയെന്ന്.
ജീവിതം വിലയുള്ളതാണോ വില കെട്ടതാണോ എന്ന് മകള്‍ക്ക് ഇപ്പോഴെന്താണു സംശയം തോന്നാനിടയായത്?
"നീ ഇപ്പോള്‍ ഈ ചോദ്യം ഉന്നയിച്ചതെന്തിനാണെന്ന് എനിക്കു മനസ്സിലായില്ല" – ജോയിച്ചന്‍ പറഞ്ഞു.
"പപ്പ, ഒരാളുടെ ജീവിതം അയാള്‍ക്കു സ്വന്തമാണോ? അതോ ഒരുപാടു പേര്‍ക്കു പങ്കുവയ്ക്കപ്പെടേണ്ട പലഹാരപ്പൊതിയോ? ഇങ്ങനെ പങ്കുവച്ചു പങ്കുവച്ച് ഇല്ലാതാക്കാനോ നമുക്കു ജീവിതം ലഭിച്ചത്" – ജെയ്സി ചോദിച്ചു.
"നീ കാര്യം തെളിച്ചു പറ മോളെ."
"പപ്പ പറഞ്ഞു, റോബിന്‍റെ മാതാപിതാക്കളെ സന്തോഷിപ്പിക്കണം. ഇവിടെ പപ്പയെയും മമ്മിയെയും സന്തോഷിപ്പിക്കണം. ബംഗളുരൂവില്‍ റോബിനെ സന്തോഷിപ്പിക്കണം. കമ്പനിയില്‍ മാനേജരെ സന്തോഷിപ്പിക്കണം. ടീം ലീഡറെ സന്തോഷിപ്പിക്കണം. സഹപ്രവര്‍ത്തകരെ സന്തോഷിപ്പിക്കണം. ഞാനിപ്പോള്‍ സോഫ്റ്റ്വെയറുണ്ടാക്കുന്നത് ഒരു അമേരിക്കന്‍ കമ്പനിക്കുവേണ്ടിയാണ്. അവരെയും സന്തോഷിപ്പിക്കണം. ഇതിനൊക്കെയാണോ ഏതാണ്ടു പതിനേഴു വര്‍ഷം കഷ്ടപ്പെട്ടു ഞാന്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയത്? മറ്റുള്ളവരുടെ ഇഷ്ടത്തിനു തുള്ളാനുള്ള പരിശീലനം മാത്രമാണോ അത്? നമ്മുടെ ജീവിതത്തില്‍ നമ്മുടെ ഇഷ്ടത്തിനും നമ്മുടെ സന്തോഷത്തിനും ഒരു പ്രസക്തിയുമില്ലേ?" – ജെയ്സി കാര്യങ്ങള്‍ വിശദമാക്കി.
ജോയിച്ചന്‍ അത്ഭുതത്തോടെ അവളെ നോക്കി. നമ്മുടെ ജീവിതത്തില്‍ നമ്മുടെ ഇഷ്ടത്തിനാണോ മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ പ്രസക്തിയെന്നാണ് അവള്‍ ചോദിച്ചിരിക്കുന്നത്. ആ കനപ്പെട്ട ചോദ്യത്തിനു മുമ്പില്‍ ഉത്തരം മുട്ടി ആ പിതാവ് നിന്നു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org