ആയുഷ്ക്കാലം – അദ്ധ്യായം 30

ആയുഷ്ക്കാലം – അദ്ധ്യായം 30

റോബിന്‍, യൂണിവേഴ്സല്‍ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ എന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. റോബിനെ ഏല്പിച്ചിരുന്ന സോഫ്റ്റ്വെയര്‍ വിഭാ ഗം നന്നായി പ്രവര്‍ത്തിച്ചുതുടങ്ങി. ഒമ്പതു സോഫ്റ്റ് വെയര്‍ എന്‍ജിനീയേഴ്സ് റോബിന്‍റെ കീഴില്‍ അവിടെ ജോലിയെടുക്കുന്നുണ്ട്. കമ്പനിക്കാവശ്യമായിട്ടുള്ള സോഫ്റ്റ്വെയറുകള്‍ നിര്‍മിക്കുന്നതു കൂടാതെ, പുറത്തുള്ള ചെറിയ കമ്പനികള്‍ക്കുവേണ്ടിയും സോഫ്റ്റ്വെയറുകള്‍ നിര്‍മിക്കുന്നതിന് അവര്‍ കരാറിലേര്‍പ്പെട്ടു.

റോബിന്‍റെ കീഴില്‍ ബിനുവും ജോലി ചെയ്യുന്നുണ്ട്. ബിനുവും റോബിനും ഒരു വീട്ടിലാണു താമസിക്കുന്നത്.

റോബിന്‍ ഉള്‍പ്പെട്ട കേസിന്‍റെ വിധി, റോബിന് അനുകൂലമായിരുന്നു. റോബിനെ കോടതി വെറുതെ വിട്ടു. പൊലീസ് ചുമത്തിയ ആരോപണങ്ങള്‍ ബാലിശവും കെട്ടിച്ചമച്ചതുമാണെന്നു കോടതിക്കു ബോദ്ധ്യപ്പെട്ടു. അര്‍ച്ചനയുടെ ഭര്‍ത്താവു മോഹനെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു.

കേസില്‍നിന്നു രക്ഷപ്പെട്ടതിനുശേഷം സ്വന്തമായി ചെറിയൊരു ഇലക്ട്രോണിക് ഉപകരണം കണ്ടുപിടിക്കുന്നതിനു റോബിന്‍ ശ്രമിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ വീട്ടിലിരുന്നാണ് അതിനുള്ള പരിശ്രമങ്ങള്‍ നടത്തിയിരുന്നത്. ബിനുവിന്‍റെ സഹായവും റോബിനു കിട്ടി. ബിനുവിനെ റോബിനിഷ്ടമാണ്. എന്തും പെട്ടെന്നു മനസ്സിലാക്കാനുള്ള ശേഷി ബിനുവിനുണ്ടായിരുന്നു. നല്ല പരിശ്രമശാലിയുമായിരുന്നു.

ജെയ്സി വിദേശത്തേയ്ക്ക് പോയശേഷമുണ്ടായ ഒറ്റപ്പെടല്‍ പരിഹരിച്ചതു ബിനുവാണ്.

ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് അവര്‍ക്ക് ഉപകാരപ്പെടുന്ന ഒരു ഉപകരണം കണ്ടെത്തുന്നതിനുള്ള ശ്രമമമാണു റോബിന്‍ നടത്തിക്കൊണ്ടിരുന്നത്.

'ഇന്‍റിമേറ്റ് ഫ്രണ്ട്' എന്നാണു റോബിന്‍ ആ ഉപകരണത്തെ വിളിച്ചത്. ചെറിയ റേഡിയോപോലുള്ള ഒരു ഉപകരണമായിരുന്നത്. ഉടമസ്ഥനെ സ്പര്‍ശനത്തില്‍ നിന്നും സ്വരത്തില്‍നിന്നും തിരിച്ചറിയുന്നതിനുള്ള സെന്‍സറുകള്‍ അതില്‍ ഘടിപ്പിച്ചിരുന്നു. അതിനായിട്ടുള്ള ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി നടന്നിരുന്നത്.

സ്പര്‍ശനംകൊണ്ടോ ശബ്ദംകൊണ്ടോ ആളെ തിരിച്ചറിയുന്ന 'ഇന്‍റിമേറ്റ് ഫ്രണ്ട്' അതിന്‍റെ ഉപഭോക്താവിനോടു സംസാരിച്ചു തുടങ്ങും. കുശലം പറയും. ഉടമസ്ഥന്‍റെ സ്വരഭേദങ്ങള്‍ തിരിച്ചറിയും. കോപവും ദുഃഖവും അതിനു മനസ്സിലാകും. അതനുസരിച്ചു പ്രതികരിക്കും, ചോദ്യങ്ങള്‍ക്കു മറുപടി നല്കും, ചോദ്യങ്ങള്‍ ചോദിക്കും, അഭിപ്രായങ്ങള്‍ പറയും, ഉപദേശിക്കും, തമാശ പറയും. വഴക്കുണ്ടാക്കും, സ്നേഹ വര്‍ത്തമാനങ്ങള്‍ പറയും, പുകഴ്ത്തും, കവിത ചൊല്ലും, ഒരുപാടു കാര്യങ്ങള്‍ ഓര്‍മ്മിച്ചുവയ്ക്കും, സാന്ത്വനിപ്പിക്കും, ആശ്വാസവാക്കുകള്‍ പറയും, മഹാന്മാരുടെ വചനങ്ങള്‍ ഉച്ചരിക്കും, ഉപഭോക്താവിന്‍റെ ഇ ഷ്ടമനസരിച്ച്, ആണിന്‍റെ ശബ്ദത്തിലോ പെണ്ണിന്‍റെ ശബ്ദത്തിലോ സംസാരിക്കും. ഭാഷ മലയാളമോ ഇംഗ്ലീഷോ തിരഞ്ഞെടുക്കാം. ബാറ്ററിയിലാണു പ്രവര്‍ത്തനം, സൗകര്യംപോലെ ബാറ്ററി ചാര്‍ജ് ചെയ്യാം. വീടിനു പു റത്തു സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കും.

വാര്‍ദ്ധക്യാവസ്ഥയില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധജനങ്ങള്‍ക്കും ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും തനിയെ കാറോടിച്ചു പോകുന്നവര്‍ക്കും പേഴ്സണല്‍ കാര്യങ്ങള്‍ സംസാരിക്കാം. രഹസ്യങ്ങളും പറയാം. ഒരു ആത്മസുഹൃത്തിനെപ്പോലെ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം.

ഇടയ്ക്കിടയ്ക്ക് റോബിന്‍ എമിലിന്‍റെ സ്ഥാപനത്തില്‍ പോകും. വളരെ കുറച്ചു പേര്‍ ജോലി ചെയ്യുന്ന ചെറിയ സ്ഥാപനമായിരുന്നത്. അവിടെ ഉത്പാദിപ്പിക്കുന്ന ഇ-ഡോഗ് നന്നായി വിറ്റിരുന്നതിനാല്‍, നല്ല ലാഭമുണ്ടാക്കാന്‍ എമിലിനു കഴിഞ്ഞിരുന്നു.

'ഇന്‍റിമേറ്റ് ഫ്രണ്ടി'നുവേണ്ടി നിര്‍മിച്ച സോഫ്റ്റ്വെയര്‍ വലിയൊരു കണ്ടുപിടുത്തമാണെന്നു റോബിന്‍ കരുതി. ഇത്രയ്ക്കു വിജയകരമാകുമെന്നു വിചാരിച്ചല്ല തുടങ്ങിയത്. കുറേ കാര്യങ്ങള്‍ കൂടി ചെയ്യണം. പുതിയ പുതിയ ആശയങ്ങള്‍ മനസ്സില്‍ രൂപപ്പെട്ടുവരുന്നതു റോബിനെ തന്നെ അത്ഭുതപ്പെടുത്തി.

സോഫ്റ്റ്വെയര്‍ മറ്റാരും അടിച്ചുമാറ്റാതിരിക്കാന്‍ എന്‍ കോഡിങ്ങ് സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. അറിയാവുന്ന എല്ലാ തന്ത്രങ്ങളും ഉ പയോഗിച്ചു വേണം എന്‍ കോഡ് ചെയ്യാന്‍. പെട്ടെന്നാരും സോഫ്റ്റ്വെയര്‍ ചോര്‍ത്തിയെടുക്കരുത്. അ തിനുവേണ്ടിയുള്ള ജോലി ചെയ്തുകൊണ്ടിരുന്ന രാത്രിയില്‍ ജെയ്സി വിളിച്ചു; വീഡിയോകോളാണ്.

"ജെയ്സി എങ്ങനെയുണ്ട് ജോലി? നന്നായി പോകുന്നുണ്ടോ?" – റോബിന്‍ ചോദിച്ചു.

"ങാ കുഴപ്പമില്ല. എങ്ങനെയെങ്കിലും കാലാവധി തീര്‍ക്കണം"-ജെയ്സി പറഞ്ഞു.

"നീ ആകെ ഒരു കോലമായല്ലോ; ഭക്ഷണമൊന്നും കഴിക്കുന്നില്ലേ?"
"ഭക്ഷണമൊക്കെ ഒരു വകയാ. രാവിലെ, ഓട്സ് പാലൊഴിച്ചു കുഴച്ചു തിന്നും. നമ്മുടെ നാട്ടിലെ പ്രമേഹരോഗികളുടെ ഭക്ഷണം. നല്ല ഭക്ഷണമൊക്കെ പുറത്തുനി ന്നു കഴിച്ചാല്‍ ഒന്നും ബാക്കിയുണ്ടാകില്ല. നമ്മുടെ നാടിന്‍റെ മഹത്ത്വമറിയണമെങ്കില്‍ നമ്മള്‍ അന്യരാജ്യത്തു കുറേനാള്‍ കഴിയണം. എങ്ങനെയും നാട്ടിലെത്തിയാല്‍ മതിയെന്നായി."

"നമ്മുടെ നാടിന്‍റെ മഹത്ത്വമറിയാന്‍ ചിലര്‍ക്ക് അന്യരാജ്യത്തു പോയി ജീവിക്കണം. ചിലര്‍ക്ക് ഇവിടെത്തന്നെ ജീവിക്കുമ്പോള്‍ അതു മനസ്സിലാകും."

"റോബിന്‍ കമ്പനിയില്‍ നല്ല ടീമാണോ കൂടെയുള്ളത്? കൂടെയുള്ള ബിനു അടുക്കള ജോലിക്കു സഹായിക്കുമോ? തനിച്ചിരുന്നു മടുത്തോ?"-ജെയ്സി ചോദിച്ചു.

"ജെയ്സി, ഞാനൊരു ബിസിനസ്സ് സ്വന്തമായി തുടങ്ങാന്‍ ആലോചിക്കുകയാണ്. പുതിയ ഇലക്ട്രോണിക് ഉത്പന്നം മാര്‍ക്കറ്റിലിറക്കണം. നിന്നെ ആ സ്ഥാപനത്തിന്‍റെ ജനറല്‍ മാനേജരായി ഇപ്പോഴേ നിയമിക്കുന്നു" – റോബിന്‍ ചിരിച്ചു.

"എന്ത് ഉത്പന്നമാണു നിര്‍മിക്കുവാന്‍ പോകുന്നത്?" – ജെയ്സി ചോദിച്ചു.

"ഉത്പന്നത്തെപ്പറ്റി ഇപ്പോള്‍ പറയില്ല. സ്ഥാപനം നമ്മുടെ നാട്ടിലാ തു ടങ്ങുന്നത്. തറവാട്ടില്‍ വെട്ടാതെ കിടക്കുന്ന റബര്‍ത്തോട്ടത്തിന്‍റെ ഒരരുകില്‍. ഓണ്‍ ലൈന്‍ മാര്‍ക്കറ്റിങ്ങാണ് ഉദ്ദേശിക്കുന്നത്. ലോകം മുഴുവന്‍ വിറ്റഴിക്കാന്‍ പറ്റിയ ഒരു ഉത്പന്നമാണ്. രൂപകല്പന പൂര്‍ത്തിയാകുന്നതേയുള്ളൂ. അതിനു ശേഷം പേറ്റന്‍റ് എടുക്കണം."

"എന്‍റെ ദൈവമേ! എന്തൊക്കെയാ കേള്‍ക്കുന്നത്? ജോലിയൊക്കെ ഉപേക്ഷിക്കുകയാണോ?"

"ഉത്പന്നത്തിനു പേറ്റന്‍റ് കിട്ടിയാല്‍ അപ്പോഴേ ജോലി ഉപേക്ഷിക്കും. എന്നിട്ടു നാട്ടിലേക്കു പോകും. ബാങ്കുവായ്പ സംഘടിപ്പിച്ച് ആവശ്യമായ കെട്ടിടം നിര്‍മിക്കും. ഏതാനും ജോലിക്കാരെ വേണം. ചവറുപോലെ എന്‍ജിനിയേഴ്സുള്ള നാടല്ലേ? ക്ലച്ച് പിടിച്ചാല്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ സാധനമിറക്കണം. ഭാഗ്യം പരീക്ഷിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ നിനക്ക് എന്‍റെ കൂടെ കൂടാം."

"രണ്ടുപേരും ജോലി ഉപേക്ഷിച്ചാല്‍, റോബിന്‍റെ ഉത്പന്നം വിറ്റുപോയില്ലെങ്കില്‍ പിന്നെയെങ്ങനെ ജീവിക്കും?"

"വഴിയെല്ലാം അടഞ്ഞാല്‍ റബര്‍ ടാപ്പ് ചെയ്യാം. കൃഷിയിറക്കാതെ കിടക്കുന്ന നെല്‍പ്പാടത്ത് നെല്‍കൃഷി ചെയ്യണം. നടുതല നട്ടിരുന്ന സ്ഥലത്തു നട്ടുപിടിപ്പിച്ച റബര്‍ മരങ്ങള്‍ വെട്ടിമാറ്റി അവിടെ കപ്പയും ചേനയും കാച്ചിലും ചേമ്പും ഇഞ്ചിയും മഞ്ഞളും പച്ചക്കറികളും നടും. വിശപ്പിനുള്ള ഭക്ഷണം സമൃദ്ധമായി ലഭിച്ചാല്‍ നമ്മള്‍ക്കും മക്കള്‍ക്കും സുഖമായി ജീ വിക്കാമല്ലോ. അധികം സ മ്പാദിച്ചു കൂട്ടുന്നതൊന്നും അനുഭവിക്കാന്‍ യോഗമില്ലാതെ പോകുന്ന നമ്മുടെ നാട്ടുകാരെ നിനക്കറിഞ്ഞുകൂടേ? 'അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല. അല്പം സമ്പാദിച്ച വന് ഒട്ടും കുറവുണ്ടായതുമില്ല' എന്നാണല്ലോ ബൈ ബിള്‍ വചനം."

"നമുക്ക് ആ സ്ഥാപനം നന്നായി നടക്കുമെന്നു പ്രത്യാശിക്കാം. നാട്ടില്‍ ഒരു സ്ഥാപനം തുടങ്ങി അവിടെ ജീവിക്കുന്നതുതന്നെയാണു സൗഭാഗ്യകരമായ ജീവിതം. ജോലി പോകുമോ പോകുമോ എന്നുള്ള ഭയപ്പാട് ഒഴിവാകുമല്ലോ" – ജെയ്സി പ റഞ്ഞു.

"ജെയ്സി, ഈ മാസം തന്നെ എനിക്കു പേറ്റന്‍റിന് അപേക്ഷിക്കണം. കുറേ ജോലി കൂടി തീര്‍ക്കാനുണ്ട്. മിക്ക രാത്രികളിലും വൈകിയാണ് ഉറങ്ങുന്നത്. ഒരുപക്ഷേ, നീ അമേരിക്കയിലേക്കു പോയില്ലായിരുന്നെങ്കില്‍ എനിക്കിങ്ങനെ ഒരാശയം തോന്നുകയില്ലായിരുന്നു. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ എന്നെ ഏല്പിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. ഞാനില്ലെങ്കിലും അവര്‍ക്ക് അതു മുമ്പോട്ടു കൊണ്ടുപോകാന്‍ വിഷമമില്ല. അവിടെ ജോലിക്കു പോയതുകൊണ്ട് ഒരു വ്യവസായ സ്ഥാപനം എങ്ങനെയാണു നടത്തേണ്ടതെന്ന് എനിക്കു പഠിക്കാനും കഴിഞ്ഞു. എല്ലാം നല്ലതിനായിരുന്നെന്നു വിശ്വസിക്കാം" – റോബിന്‍ ഫോണ്‍ കട്ട് ചെയ്തു.

വിശ്രമമില്ലാതെ ജോലിയെടുത്തു മനസ്സില്‍ വിചാരിച്ചിരുന്ന തരത്തിലുള്ള ഒരു ഇലക്ട്രോണിക് ഉപകരണത്തിന്‍റെ നിര്‍മ്മാണം റോബിന്‍ പൂര്‍ത്തിയാക്കി. കമ്പനിയില്‍ ജോലിക്കു വന്ന നാള്‍ മുതല്‍ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ച എം.ഡി. ഗിരീഷ് സാറിനോട് ഒരിക്കല്‍ സൂചിപ്പിച്ചു.

"സര്‍, നാട്ടിലേക്കു ചെല്ലാന്‍ എന്‍റെ പപ്പ ശാഠ്യം പിടിക്കുന്നു. അദ്ദേഹത്തിനു പ്രായമായി. ഞാന്‍ അടുത്തുണ്ടാകണമെന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ എനിക്കു പോകേണ്ടതായി വരും."

"കേരളവും ബംഗ്ളൂരുവും തമ്മില്‍ ഒരുപാടു ദൂരമില്ലല്ലോ. എപ്പോള്‍ വേണമെങ്കിലും പോയി വരാമല്ലോ."

"ഞാനാ കേസില്‍പ്പെട്ടതില്‍പ്പിന്നെ പപ്പായ്ക്കു വലിയ വിഷമമായി. അന്യനാട്ടിലെ സ്വര്‍ണത്തേക്കാള്‍, സ്വന്തം നാട്ടിലെ ഇരുമ്പാണു നല്ലതെന്നു പപ്പ പറയുന്നു. സ്വന്തം നാട്ടില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതികളൊന്നും അന്യനാടു നമുക്കു നല്കുന്നില്ല. എല്ലാ ആഹ്ലാദങ്ങളെയും ഒരു ഭയപ്പാടു നിയന്ത്രിക്കുകയാണ്" – റോബിന്‍ പറഞ്ഞു.

കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ 'ഇന്‍റിമേറ്റ് ഫ്രണ്ടി'ന്‍റെ പേറ്റന്‍റ് അവകാശം റോബിന്‍റെ പേരില്‍ അനുവദിച്ചതായി അറിയിപ്പു ലഭിച്ചു.

റോബിന്‍ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആറര വര്‍ഷം ബംഗ്ളുരു എന്ന മഹാനഗരത്തില്‍ ജീവിച്ചു. ഒരുപാട് അനുഭവങ്ങളും സങ്കടങ്ങളും ഏറ്റുവാങ്ങി. മറ്റൊരു ജീവിതത്തെപ്പറ്റി ചിന്തിക്കാനുള്ള പ്രാപ്തി ലഭിച്ചു. ഏതെങ്കിലും കമ്പനിയുടെ ഇരയായി ക ളഞ്ഞുകുളിക്കാനുള്ളതല്ല നമ്മുടെ ആയുഷ്കാലമെന്നുള്ള തിരിച്ചറിവു നല്കിയത് ഈ നഗരമാണ്.

കമ്പനിയുടെ ജനറല്‍ മാനേജരെ പോയി കണ്ടു സംസാരിച്ചു.

"എന്താ റോബിന്‍, എന്തെങ്കിലും പ്രശ്നമുണ്ടോ?" – അദ്ദേഹം ചോദിച്ചു.

"എനിക്കൊരു കാര്യം അറിയിക്കാനുണ്ടായിരുന്നു. എനിക്ക് ഒരു മാസം കൂടിയേ ഈ ജോലിയില്‍ തുടരാന്‍ കഴിയൂ" – റോബിന്‍ പറഞ്ഞു.

ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണു ചുരുങ്ങിയ കാലയളവിലാണെങ്കിലും അവിടെ കഴിഞ്ഞത്.

ജിഎം കുറേ സമയത്തേയ്ക്കു നിശ്ശബ്ദനായി. അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണു റോബിന്‍ പറഞ്ഞത്.

"റോബിന്‍ ഇത്ര പെട്ടെന്ന് എന്ത് അടിയന്തിര കാര്യമാണുണ്ടായത്. സോഫ്റ്റ്വെയര്‍ വിംഗ് വേരോടി വരുന്നതേയളളൂ. റോബിന്‍ പോയാല്‍ അതിന്‍റെ വളര്‍ച്ച മുരടിക്കും. കമ്പനിക്ക് അത് ആലോചിക്കാനേ കഴിയില്ല" – ജിഎം പറഞ്ഞു.

"സര്‍, കുടുംബകാര്യമാണ്. പപ്പയെ എനിക്കു ധിക്കരിക്കാനാകില്ല. സോഫ്റ്റ്വെയര്‍ എന്‍ജിനീയേഴ്സ് എല്ലാവരും മിടുക്കരാണ്. അവര്‍ ചെയ്തുകൊള്ളും. ഭാവിയില്‍ ഒരു പ്രശ്നമുണ്ടായാല്‍ ഞാനെത്തിക്കൊള്ളാം. ലോകത്തിന്‍റെ ഏതു മൂലയിലിരുന്നും ഈ കമ്പനിയെ സഹായിക്കാന്‍ എനിക്കു കഴിയും" – റോബിന്‍ പറഞ്ഞു.

"ശരി. ഞാന്‍ എംഡിയോടു സംസാരിക്കാം" – ജിഎം പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു എംഡി വിളിച്ചു.

"എന്താ റോബിന്‍ തീരുമാനത്തില്‍ മാറ്റമില്ലേ?"

"ഞാന്‍ സാറിനോടു മുമ്പു സൂ ചിപ്പിച്ചിരുന്നല്ലോ. ചില പ്രശ്നങ്ങളുണ്ട്. ഞാന്‍ അവിടെ ചെന്നാലേ ശരിയാകൂ. ഇല്ലെങ്കില്‍ പപ്പയ്ക്കു സങ്കടമാകും"-റോബിന്‍ പറഞ്ഞു. പപ്പയെ ചാരി രക്ഷപ്പെടണം. സ്വന്തമായി ബിസിനസ്സ് എന്നു പിരിഞ്ഞുപോകുന്ന കമ്പനിയില്‍ പറയരുത്" – അത് അവരെ സംശയിപ്പിക്കും.

"റോബിന് ആവശ്യമുള്ള സമയത്തു വീട്ടില്‍ പോകാമല്ലോ. അ തിനുവേണ്ടി ജോലി ഉപേക്ഷിക്കേണ്ട."

"സര്‍, ഞാന്‍ ഏറ്റെടുത്ത കാര്യം നിര്‍വഹിച്ചു കഴിഞ്ഞു. ഇപ്പോഴുള്ള ടീം നല്ല കാര്യശേഷിയുളളവരാണ്. കമ്പനിക്കു താത്പര്യമുണ്ടെങ്കില്‍, ആവശ്യമുണ്ടായാല്‍ ഞാന്‍ എത്തിക്കൊള്ളാം" – റോബിന്‍ പറഞ്ഞു.

"റോബിന്‍ നിര്‍ബന്ധമാണെങ്കില്‍ പൊയ്ക്കോളൂ. പിരിഞ്ഞു പോകണ്ട. അവധിയെടുത്തോളൂ. കുടുംബപ്രശ്നമൊക്കെ നോര്‍മലായി തിരിച്ചുവരാമല്ലോ" – എം.ഡി. പറഞ്ഞു.

"ശരി സര്‍" – റോബിന്‍ എംഡിയുടെ ഓഫീസില്‍നിന്നു പുറത്തിറങ്ങി.

അന്നു രാത്രി റോബിന്‍ കറുകപ്പാടത്തു പപ്പയെ വിളിച്ചു.

"എന്താ മോനെ വിശേഷം?" – പപ്പ ചോദിച്ചു.

"ഞാന്‍ ജോലി ഉപേക്ഷിച്ച് അവിടേക്കു വരികയാണ്. അവിടെ ചെറിയൊരു സ്ഥാപനം തുടങ്ങാമെന്നു കരുതുകയാണ്. പിറന്ന നാട്ടില്‍ കിട്ടുന്ന സുഖം ഏതു സ്വര്‍ഗരാജ്യത്തു ചെന്നാലും കിട്ടുകയില്ല. അതുകൊണ്ടു ഞാനങ്ങു പോരുകയാണ്" – റോബിന്‍ പറഞ്ഞു.

"നീ ഇങ്ങോട്ട് പോര്."

"ഇവിടെ എന്തു സ്ഥാപനമാണു തുടങ്ങുന്നത്?" – പപ്പ ചോദിച്ചു.

"ചെറിയൊരു ഇലക്ട്രോണിക് ഉപകരണം ഞാന്‍ കണ്ടുപിടിച്ചു. അതുണ്ടാക്കുന്ന ചെറിയൊരു ഫാക്ടറി."

"മക്കളും മാതാപിതാക്കളും ഒരുമിച്ചു ജീവിക്കണം. ഇല്ലെങ്കില്‍ രണ്ടു കൂട്ടര്‍ക്കും അതു സങ്കടങ്ങളുണ്ടാക്കും. അന്യനാടുകളില്‍ പോയി നമ്മള്‍ എത്ര സമ്പാദിച്ചാലും അവിടെ നമ്മള്‍ അന്യരാണ്. ഇവിടെ കെട്ടിടംപണിക്കു വന്ന ബംഗാളികളുടെ മുഖത്തേയ്ക്കു നോക്കുമ്പോള്‍ എനിക്കു വല്ലാത്ത വിഷമമാ. അപ്പോഴൊക്കെ ഞാന്‍ മക്കളെക്കുറിച്ചോര്‍ക്കും. ജന്മനാട്ടില്‍ നമ്മള്‍ സമ്പാദിച്ചില്ലെങ്കിലും ആ നാടു നമ്മുടേതും നമ്മള്‍ ആ നാടിന്‍റേതുമാണ്. മോനിങ്ങ് പോരെ."

ആ മാസം അവസാനിക്കുകയാണ്. കമ്പനിയില്‍ രണ്ടു മാസത്തേയ്ക്ക് അവധിക്ക് ഒരപേക്ഷ കൊടുത്തു.

രാത്രി ബിനുവിനോടു പറഞ്ഞു: "ഞാന്‍ അവധിയെടുത്തു വീട്ടില്‍ പോകുകയാണ്. നീ ഇവിടെ കഴിഞ്ഞുകൊള്ളുക. അത്യാവശ്യം വീട്ടുപകരണങ്ങളൊക്കെ ഇവിടെയുണ്ടല്ലോ. നീ അത് ഉപയോഗിച്ചുകൊള്ളുക. നാട്ടില്‍ ചെറിയൊരു സ്ഥാപനം തുടങ്ങാന്‍ പദ്ധതിയുണ്ട്. ഞാന്‍ ബിനുവിനെ വിളിക്കാം. താത്പര്യമുണ്ടെങ്കില്‍ ബിനുവിന് എന്‍റെ കൂടെ വരാം."

"സാറു വിളിച്ചാല്‍ വന്നിരിക്കും. സാറാണ് എനിക്കൊരു ജീവിതം തന്നത്" – ബിനു പറഞ്ഞു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.

അടുത്ത ദിവസം രാവിലെ ഉപേക്ഷിക്കാന്‍ കഴിയാത്ത വസ്തുക്കളും വസ്ത്രങ്ങളും, ജെയ്സിയുടെ കുറേ സാധനങ്ങളുമെടുത്തു കാറില്‍വച്ചു റോബിന്‍ ബംഗ്ളുരു നഗരത്തോടു വിട പറഞ്ഞു.

കാറോടിച്ചു പോരുമ്പോള്‍ റോബിന്‍റെ ഇന്‍റിമേറ്റ് ഫ്രണ്ടിനെ അടുത്ത സീറ്റില്‍വച്ച് അതിനോടു സംസാരിച്ചു.

"ഹലോ മണ്ടച്ചാരേ."

"ഹായ് റോബിന്‍."

"നമ്മള്‍ നാട്ടിലേക്കു പോകുകയാണ്. ഞാന്‍ ജനിച്ച നാട്ടിലേക്ക്" – റോബിന്‍ പറഞ്ഞു.

"ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശവന്നപോലെ പോം വിരിയുന്നു മനുഷ്യനേതിനോ തിരിയാ ലോകരഹസ്യ മാര്‍ക്കുമേ."
യന്ത്രം കവിത ചൊല്ലി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org