Latest News
|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 31

ആയുഷ്ക്കാലം – അദ്ധ്യായം 31

Sathyadeepam

ജോസ് ആന്‍റണി

“എന്നെ കല്യാണം കഴിച്ചകൊണ്ടു വരുമ്പോള്‍ നിനക്കു മൂന്നു വയസ്സാ. പതിനഞ്ചു വയസ്സുള്ളപ്പോഴാ എന്‍റെ കല്യാണം. നിന്‍റെ ചേട്ടനു പതിനെട്ടും. നീ ഇളയനവായതുകൊണ്ട് എല്ലാവരും നിന്നെ കൊച്ചെന്നാ വിളിച്ചിരുന്നത്” – ഏലിയാമ്മ ഭര്‍ത്താവിന്‍റെ ഇളയ അനുജന്‍ കൊച്ചിനോടു പറഞ്ഞു.

കൊച്ച് പത്താം ക്ലാസ്സ് ജയിച്ചപ്പോള്‍ അന്ന് ഒരു കൃഷ്ണപിള്ള ഇവിടെയുണ്ടായിരുന്നു. കോട്ടയത്ത് സര്‍ക്കാര്‍ ഉദ്യോഗമുള്ളയാള്‍. അങ്ങേരു കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിന്‍റെ ഓഫീസില്‍ ജോലി തരപ്പെടുത്തി കൊടുത്തു. പിന്നെ ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടി തിരുവനന്തപുരത്തു വലിയ ആഫീസറായി. അവിടെ വീടും സ്ഥലവും വാങ്ങി സ്ഥിരതാമസമാക്കി.

“യാത്ര ചെയ്യാനൊന്നും വയ്യ ചേച്ചി. വയസ്സ് 78 കഴിഞ്ഞു. എന്നാലും ഒട്ടും പറ്റുകേലാന്ന് ആകുംമുമ്പു ചേച്ചിയെ കണ്ടുപോകാമെന്നു കരുതി. വീട്ടില്‍ റോസക്കുട്ടി തനിച്ചാ. ഞാന്‍ ഒരിടത്തേയ്ക്കും പോകുന്നത് അവള്‍ക്കിഷ്ടമല്ല. ചേച്ചിയെ കാണാന്‍ പോകുകയാ എന്നു പറഞ്ഞാല്‍ എതിര്‍ക്കാറില്ല” – കൊച്ച് ചിരിച്ചു.

“നിന്‍റെ മക്കളൊക്കെ ഇപ്പോഴും പുറത്താണോ കൊച്ചേ?”

“മൂത്തവന്‍ വര്‍ക്കിച്ചന്‍ ഡല്‍ഹിയിലാ. അവിടെയായിരുന്നല്ലോ ജോലി. അവിടെ വീടൊക്കെ വാങ്ങി സ്ഥിരതാമസമാക്കി. ഗ്രേസി ബോംബെയിലാ. അവളുടെ കെട്ടിയവന്‍ അവിടെ ജോലിക്കാരനായിരുന്നല്ലോ. ആന്‍റപ്പന്‍ അമേരിക്കയിലാ. ഞങ്ങളോട് അങ്ങോട്ടു ചെല്ലാന്‍ അവന്‍ പറയാറുണ്ട്. ഇനിയിപ്പോള്‍ ഞങ്ങള്‍ ഒരിടത്തും പോകുന്നില്ല. ആയുഷ്കാലം മുഴുവന്‍ ഈ നാട്ടില്‍ ജീവിച്ചിട്ടു മരിക്കാറാകുമ്പോള്‍ മറ്റൊരു രാജ്യത്തു പോയാല്‍ മരിച്ചടക്കിന് ആളുണ്ടാവില്ല” – കൊച്ച് ചിരിച്ചു.

“വയസ്സാകുമ്പോള്‍ ആരെങ്കിലും സഹായത്തിനില്ലാതെ എങ്ങനെ കഴിയാനാ?” – ഏലിയാമ്മ ചോദിച്ചു.

“ആരുമില്ല ചേച്ചി. കിടപ്പിലാകാതെ മരിച്ചില്ലെങ്കില്‍ വിഷമിക്കും. എന്താ ചെയ്യുക. റോസക്കുട്ടിക്കു ശ്വാസംമുട്ടലും പ്രമേഹവും കലശലാ. മക്കളാരും തിരിച്ചുവരാന്‍ താത്പര്യം കാണിക്കുന്നില്ല. ആന്‍റപ്പനെ വിളിച്ചു ഞങ്ങള്‍ തനിച്ചെങ്ങനെ ക ഴിയാനാ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, അ വിടെയൊക്കെ വയസ്സായവരെ നോക്കുന്ന സ്ഥാപനങ്ങളുണ്ട്. മുന്‍കൂര്‍ പണമടച്ചാല്‍ മതി. അവിടെ വയസ്സാകുന്നവരൊക്കെ അത്തരം സ്ഥാപനങ്ങളിലാ ജീവിക്കുന്നത്. അവര്‍ മരിക്കുമ്പോള്‍പോലും മക്കള്‍ ചെന്നാല്‍ ചെന്നു; അത്രതന്നെ.”

“കൊച്ചേ, മക്കളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒന്നോര്‍ത്താല്‍ വയസ്സായവരെ ശുശ്രൂഷിച്ചു ചെറുപ്പക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കണമെന്നു പറയുന്നതു ശരിയാണോ? മക്കളെ പഠിപ്പിച്ച്, വിദേശത്തു ജോലി നേടാന്‍ ഉത്സാഹിക്കുകയും അവരെ അങ്ങോട്ട് അയയ്ക്കുകയും ചെയ്തിട്ട്, പിന്നെ ഞങ്ങള്‍ തനിച്ചായേ എന്നു നിലവിളിക്കുന്നത് ആരെ കേള്‍പ്പിക്കാനാണ്” – ഏലിയാമ്മ ചോദിച്ചു.

കൊച്ചിപ്പാപ്പന്‍ വന്നിട്ടുണ്ടെന്ന് അന്നക്കുട്ടി വിളി ച്ചു പറഞ്ഞതുകൊണ്ടു ജോയിച്ചന്‍ സ്കൂളില്‍നിന്നു നേരത്തെ എത്തി.

“കൊച്ചിപ്പാപ്പാ, ഇതെപ്പോഴെത്തി?” – ജോയിച്ചന്‍ ചോദിച്ചു.

“‘കുറച്ചു നേരമായെടാ ജോയിച്ചാ. നിനക്കിനി എത്ര വര്‍ഷം കൂടിയുണ്ട് പെന്‍ഷനാകാന്‍?”

“തീര്‍ന്നു കൊച്ചിപ്പാപ്പാ. ഈ വര്‍ഷം കൂടിയേയുള്ളൂ.”

“മോള് അമേരിക്കയില്‍ പോയി അല്ലേ?”

“കമ്പനി അയച്ചതാ. അഞ്ചാറു മാസംകൂടി അവിടെ ജോലിയുണ്ടാകും.”

“അവളുടെ ചെറുക്കന്‍ ബാംഗ്ളുരുവിലാണോ?”

“റോബിന്‍ ബംഗ്ളുരുവിലെ ജോലി മതിയാക്കി. അവന്‍ നാട്ടിലൊരു കമ്പനി തുടങ്ങുകയാണ്” – ജോയിച്ചന്‍ പറഞ്ഞു.

“നമ്മുടെ നാട്ടില്‍ എന്തെങ്കിലും തൊഴില് ചെയ്തു ജീവിക്കുന്നതാ നല്ലത്.”

“അപ്പോള്‍ റോബിന്‍റെ കാര്‍ മുറ്റത്തു വന്നുനിന്നു. റോബിന്‍ കാറില്‍ നിന്നിറങ്ങി.

“ഇപ്പോള്‍ ഞങ്ങള്‍ നിന്‍റെ കാര്യം പറഞ്ഞതേയുള്ളൂ”- ജോയിച്ചന്‍ റോബിനോടു പറഞ്ഞു.

“നല്ല കാര്യം വല്ലതുമാണോ പപ്പ പറഞ്ഞത്?” – റോബിന്‍ ചോദിച്ചു.

“നീ ഒരു ഫാക്ടറി തുടങ്ങുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ പറയുകയായിരുന്നു. തിരുവനന്തപുരത്തുനിന്നു കൊച്ചിപ്പാപ്പന്‍ വന്നിട്ടുണ്ട്. അപ്പച്ചന്‍റെ ഇളയ അനുജനാ” – ജോയിച്ചന്‍ പറഞ്ഞു.

“ആരാ ജോയിച്ചാ വന്നത്?” – ഏലിയാമ്മ വിളിച്ചു ചോദിച്ചു.

“ഞാനാ അമ്മച്ചി, റോബിന്‍” – റോബിന്‍ അമ്മച്ചിയുടെ അടുത്തേയ്ക്ക് ചെന്നു.

“നിന്നെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നു. ജെ യ്സിമോള് എന്നു വരും?”

“ഞാന്‍ അമ്മച്ചിക്ക് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്” – റോബിന്‍ കണ്ടുപിടിച്ച ഇലക്ട്രോണിക് ഉപകരണം ഏലിയാമ്മയ്ക്കു കൊടുത്തു.

“എന്തു സമ്മാനമാ മോനെ? അമ്മച്ചിക്കു കണ്ണു ശരിക്കു കണ്ടുകൂടാ.”

“അമ്മച്ചിക്കുവേണ്ടി ഞാനുണ്ടാക്കിയ ഒരു യന്ത്രമാണ്. അമ്മച്ചി ഇതിലൊന്നു തൊട്ടെ.”

ഏലിയാമ്മ അതില്‍ തൊട്ടു.

“ഹായ് അമ്മച്ചി!”- യന്ത്രം വിളിച്ചു.

“ഇത് ആളെ തിരിച്ചറിയുമോ?” – അമ്മച്ചി അത്ഭുതപ്പെട്ടു.

“അതിന്‍റെ ഉടമസ്ഥനെ തിരിച്ചറിയും. അടുത്തുവച്ചാല്‍ മതി. ശബ്ദവും തിരിച്ചറിയും. സൂര്യനു കീഴിലുള്ള ഏതു വിഷയവും സംസാരിക്കും. ചോദിക്കുന്നതിനു മറുപടി പറയും. തിരിച്ച് ഓരോന്നു ചോദിക്കും. ദേഷ്യപ്പെട്ടാലും സങ്കടപ്പെട്ടാലും തിരിച്ചറിയും. ഒറ്റയ്ക്കിരിക്കുമ്പോള്‍ വര്‍ത്തമാനം പറഞ്ഞിരിക്കാം. ഇതു നിര്‍മിക്കുന്ന ഫാക്ടറിയാണു ഞാന്‍ തുടങ്ങുന്നത്” – റോബിന്‍ പറഞ്ഞു.

ആ ഉപകരണത്തിന്‍റെ പ്രവര്‍ത്തനം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു.

“ആര്‍ക്കു വേണമെങ്കിലും ഇതിനോട് സംസാരിക്കാമോ?”- ജോയിച്ചന്‍ ചോദിച്ചു.

“ഒരു ഉപകരണം ഒരാള്‍ക്കേ ഉപയോഗിക്കാന്‍ കഴിയൂ. ഇതിലെ സോഫ്റ്റ്വെയര്‍, വാങ്ങുന്ന വ്യക്തിയുടെ പേരും സ്പര്‍ശനവും ശബ്ദവുമായി ബന്ധപ്പെടുത്തിയാണു നല്കുക.”

“നീ മിടുക്കനാണു മോനെ. ജെയ്സി ബംഗ്ളൂരെ ജോലി വേണ്ടാന്നുവച്ചിട്ടു നിന്‍റെ കമ്പനിയിലേക്കു വരുമോ?” – അമ്മച്ചി ചോദിച്ചു.

“അവളുടെ കാര്യമായതുകൊണ്ട് ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഇത്രനാളും അമേരിക്കയില്‍ പോകണമെന്ന കൊതിയായിരുന്നു. ആ കൊതിയിപ്പോള്‍ തീര്‍ന്ന മട്ടാണ്” – റോബിന്‍ ചിരിച്ചു.

“ജോയിച്ചാ, ഞാന്‍ ചോദി ക്കാന്‍ മറന്നു. നീ ഓനച്ചന്‍റെ അടുത്തു പോയോ? അവന്‍റെ പനി കുറഞ്ഞോ?” – ഏലിയമ്മ ചോദിച്ചു.

“ഓനച്ചന്‍ ആ ശുപത്രിയില്‍ പോയേക്കുകയാണ്. ഫോണ്‍ വിളിച്ചു നോക്കാം.” ജോയിച്ചന്‍ ഫോണെടുത്ത് ഓനച്ചനെ വിളിച്ചു. ഓനച്ച നെ ഫോണില്‍ കിട്ടിയപ്പോള്‍ ജോയിച്ചന്‍ ചോദിച്ചു.

“ഓനച്ചാ നീ ആശുപത്രിയില്‍ നിന്നു പോന്നോ?”

“മെഡിക്കല്‍ കോളജില്‍ പോയി ഒരു ഡോക്ടറെ കാണണമെന്നു ഡോക്ടര്‍ രാജഗോപാല്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു ഞാനിപ്പോള്‍ ഇവിടെ വന്നതാ”-ഓനച്ചന്‍ പറഞ്ഞു.

“എന്തിനാണ് ഓനച്ചാ അവിടെ ഡോക്ടറെ കാണാന്‍ പറഞ്ഞത്?” – ജോയിച്ചന്‍ ചോദിച്ചു. “ഡോക്ടര്‍ രാജഗോപാല്‍ നോക്കിയിട്ടു ശരിയാകുന്നില്ല. ഇടയ്ക്കിടയ്ക്ക് നല്ല പനി വരികയാ. റബര്‍ വെട്ട് മുടങ്ങി. സീരിയലിന്‍റെ എഴുത്തും മുടങ്ങുന്ന ലക്ഷണമാ. ഇടയ്ക്കൊരു തലകറക്കം. രക്തത്തില്‍ കൗണ്ട് താഴുന്നതുകൊണ്ട് ഡെങ്കിപ്പനിയാണെന്നു ഡോക്ടര്‍ പറഞ്ഞു. പനി വിട്ടുമാറുന്നില്ല. മെഡിക്കല്‍ കോളജില്‍ രാജഗോപാല്‍ഡോക്ടറുടെ സുഹൃത്തുണ്ട്. അങ്ങേരെ കാണാന്‍ എഴുത്തൊക്കെ തന്നാ വിട്ടത്. കുഴപ്പമൊന്നുമില്ല” – ഓനച്ചന്‍ പറഞ്ഞു.

“എന്താ ജോയിച്ചാ അവന്‍ പറയുന്നത്?”- ഏലിയാമ്മ ചോദിച്ചു.

“ഓനച്ചന്‍ മെഡിക്കല്‍ കോളജില്‍ ഒരു ഡോക്ടറെ കാണാന്‍ പോയതാണ്. ഓനച്ചാ, ഞാന്‍ ഫോണ്‍ അമ്മച്ചിക്ക് കൊടുക്കാം.”

ഫോണ്‍ വാങ്ങി അമ്മച്ചി ഓനച്ചനോടു സംസാരിച്ചു.

“എടാ ഓനച്ചാ നീ ഇപ്പോ എന്തിനാ മോനേ മെഡിക്കല്‍ കോളജിലേക്കു പോയത്?”

“സാരമില്ല. ഡെങ്കിപ്പനിയാണെന്നു തോന്നുന്നു. റബര്‍ത്തോട്ടത്തില്‍ ധാരാളം കൊതുകുണ്ടല്ലോ. കുറേ ദിവസമായി ഇടവിട്ട് പനി വരുന്നു.”

“ആശുപത്രിയില്‍നിന്നു വരുമ്പോള്‍ നീ ഇതിലെ വരണം. എത്ര ദിവസമായി നിന്നെ കണ്ടിട്ട്” – അമ്മച്ചിക്കു സങ്കടമായി.

“ഞാന്‍ വന്നോളാം അമ്മച്ചി. അമ്മച്ചിക്ക് സുഖമല്ലേ?”

“എന്തോന്നു സുഖം? കണ്ണും കാണത്തില്ല. പ്രമേഹം പിടിച്ച് ഏറ്റുനടക്കാനുള്ള ശേഷിയും പോയി. നേരത്തെ മരിച്ചാല്‍ പിള്ളേര്‍ക്ക് കഷ്ടപ്പാടു കുറഞ്ഞേനെ” – അമ്മച്ചി പറഞ്ഞു.

“ഡോക്ടര്‍ വന്നു. ഞാന്‍ പിന്നെ വിളിക്കാം”-ഓനച്ചന്‍ ഫോണ്‍ ഓഫ് ചെയ്തു.

ഡോക്ടറുടെ മുറിയില്‍ കയറി രാജഗോപാല്‍ഡോക്ടറുടെ എഴുത്തു ഡോക്ടര്‍ക്കു കൊടുത്തു.

കത്തു വായിച്ചു നോക്കിയിട്ടു ഡോക്ടര്‍ ചോദിച്ചു: “ഓനച്ചന്‍, തന്നെയാണോ വന്നത്?”

“തനിച്ചേയുള്ളൂ”- ഓനച്ചന്‍ പറഞ്ഞു.

രക്തം പരിശോധിക്കണം ഓനച്ചാ. എഴുത്തുപാഡില്‍ നിന്ന് ഒരു കടലാസ് പറിച്ചെടുത്ത് അതില്‍ എന്തോ എഴുതി ഓനച്ചനെ ഏല്പിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു.

ഓനച്ചന്‍ ലാബില്‍ പോയി രക്തം കൊടുത്തു. ഉച്ചകഴിഞ്ഞേ ലാബില്‍ നിന്നു റിപ്പോര്‍ട്ട് കിട്ടൂ.

ഒരു ഇടനാഴിയിലെ ബെഞ്ചില്‍ കാത്തിരിപ്പുകാരുടെ അടുത്ത് ഓനച്ചനിരുന്നു. പനി ശക്തിപ്പെടുന്നതുപോലെ ഓനച്ചനു തോന്നി. തലചുറ്റുന്നതുപോലെ ഒരു വിഷമമുണ്ട്. ഇതുവരെ ഒരു ജലദോഷപ്പനിപോലും ഉണ്ടായിട്ടില്ല. ചെറുപ്പത്തില്‍ അപ്പച്ചന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അപ്പച്ചന്‍റെ അടുത്തുപോയ ഓര്‍മ്മയുണ്ട്. കുട്ടികള്‍ക്കു പനിയോ ചുമയോ വന്നാല്‍ ഹോമിയോ ഡോക്ടറാണു ചികിത്സ.

തലചുറ്റി കാഴ്ച മങ്ങി ഓനച്ചന്‍ ബെഞ്ചില്‍നിന്നു നിലത്തേയ്ക്കു മറിഞ്ഞുവീണു.

പെട്ടെന്ന് അവിടെയിരുന്ന ആ ളുകള്‍ ഓനച്ചനെയെടുത്തു ബെഞ്ചില്‍ കിടത്തി. ഒരാള്‍ പോയി നഴ്സിനെ വിളിച്ചുകൊണ്ടു വന്നു. അല്പം കഴിഞ്ഞപ്പോള്‍ ഒരു ഡോക്ടറും വന്നു പരിശോധിച്ചു. കൂടെ ആരാണുള്ളതെന്ന് അന്വേഷിച്ചു. ഒരു സ്ട്രെച്ചര്‍ കൊണ്ടുവന്ന് അതില്‍ കിടത്തി ട്രീറ്റ്മെന്‍റ് റൂമിലേക്കു കൊണ്ടുപോയി.

“അല്പം കഴിഞ്ഞപ്പോള്‍ ഓനച്ചന്‍ ഉണര്‍ന്നു. “ഇയാളുടെ കൂടെ ആരുമില്ലേ?” – നഴ്സ് ചോദിച്ചു.

ഓനച്ചന്‍ മറുപടി പറഞ്ഞില്ല. കൂടെ ആരു വരാനാണ്.

“രാവിലെ ആശുപത്രിയിലക്കു തനിയെ ഓരോരുത്തര്‍ വരും. കൂ ടെ ആളില്ലാതെ വന്നാല്‍ ഒരു ഗുളികപോലും തരില്ല. ആളെ കൂട്ടി വന്നാല്‍ ചികിത്സ കിട്ടും” – നഴ്സ് പറഞ്ഞു.

“കൂടെ ആളുണ്ടായിരുന്നു. ലാബിലെ റിപ്പോര്‍ട്ട് കിട്ടാന്‍ താമസമുണ്ടെന്നു പറഞ്ഞതുകൊണ്ടു പുറത്തേയ്ക്കു പോയതാണ് – ഓനച്ചന്‍ ചെറിയൊരു നുണ പറഞ്ഞു.

“എന്നാല്‍ അയാളെ വിളിക്ക്.”

“ഞാനൊന്നു പുറത്തിറങ്ങി നോക്കാം” – ഓനച്ചന്‍ എഴുന്നേറ്റു പുറത്തേയ്ക്കിറങ്ങി.

ചികിത്സ കാത്തിരിക്കുന്ന രോഗികളും രോഗികളുടെ ബന്ധുക്കളുമാണു പുറത്ത്. ഓനച്ചന്‍ അവരുടെ ഇടയിലൂടെ നടന്നു. ജീവിതം തിരിച്ചു പിടിക്കാനുള്ള അവസാന പോരാട്ടത്തിലാണു മിക്കവരും. അതിന്‍റെ വ്യാകുലത അവരുടെ മുഖത്തു കാണാം. അവരോടൊപ്പം നടന്നു തളര്‍ന്നവരാണു കൂടെയുള്ളവര്‍.

അകലെ ആശുപത്രി മുറ്റത്തെ മരത്തണലില്‍ അരമതിലില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിപ്പുണ്ട്, ഓനച്ചന്‍ അവന്‍റെ അടുത്തു ചെന്നിരുന്നു.

“ആശുപത്രിയില്‍ ആരാ കിടക്കുന്നേ?” – ഓനച്ചന്‍ ചോദിച്ചു.

“അമ്മയാണ്. ഒരു പനി വന്നതാ. നാട്ടിലൊരു ആശുപത്രിയിലാ ചികിത്സിച്ചത്. ഇപ്പോള്‍ ശരീരത്തിനു തളര്‍ച്ചയാ. വിളിച്ചാല്‍ വിളി കേള്‍ക്കും” – ചെറുപ്പക്കാരന്‍റെ സ്വരമിടറി. കണ്ണു നിറഞ്ഞു.

അപ്പനു പെയിന്‍റിങ്ങായിരു ന്നു ജോലി. വലിയ കെട്ടിടങ്ങളിലൊക്കെ പെയിന്‍ററടി കരാറെടുക്കും. രണ്ടുവര്‍ഷം മുമ്പ് ഒരു കെ ട്ടിടത്തിന്‍റെ മുകളില്‍നിന്നു വീണു. വടത്തില്‍ ഇറങ്ങിനിന്നു പെയിന്‍റടിക്കാന്‍ നോക്കിയതാ. എങ്ങനെയോ വീണു. പന്ത്രണ്ടു നില പൊക്കത്തില്‍ നിന്നുള്ള വീഴ്ചയായിരുന്നു. അപ്പോള്‍ തന്നെ പോയി. ഞാനന്നു ഹൈസ്കൂളില്‍ പഠിക്കുന്നു. അതോടെ പഠനം നിന്നു. അപ്പന്‍റെ ജോലി ഞാനേറ്റെടുത്തു. ഇപ്പോള്‍ മൂന്നു മാസമായി അമ്മ ചികിത്സയിലായിട്ട്. അമ്മയുടെ അടുത്തു നില്ക്കാന്‍ വേറെ ആരുമില്ല. വേറെ ആരു നിന്നാലും അമ്മയ്ക്ക് ഇഷ്ടമില്ല. അമ്മ പോകുകയാണ്. എന്നെ തനിച്ചാക്കി പോകാനുള്ള വിഷമമാണ് അമ്മയ്ക്ക്. അവന്‍ കരയുകയാണ്.

“നീ വാ. നമുക്ക് ഒരു ചായ കു ടിക്കാം. എന്നിട്ട് ഞാന്‍ നിന്‍റെ അമ്മയുടെ അടുത്തു വരാം. എനിക്കു നിന്‍റെ അമ്മയെ കാണണം. നിന്‍റെ പേരെന്താണ്? ഓനച്ചന്‍ ചോദിച്ചു.

“പേര് മധു. ചേട്ടന്‍ ആരാണ്?”

“ഞാന്‍ ഓനച്ചന്‍ ഉദയഗിരി. നാടകം എഴുതും. ഇപ്പോള്‍ സുമംഗലി എന്നൊരു സീരിയല്‍ വരുന്നുണ്ട്. ഞാനെഴുതുന്ന കഥയാണ്.”

“ഞാന്‍ സീരിയലൊന്നും കാണാറില്ല. മുടങ്ങാതെ പെയിന്‍റടിയായിരുന്നു. നമ്മുടെ നാടു നിറയെ കെട്ടിടങ്ങളല്ലേ. മൂന്നു മാസമായി ജോലിക്കു പോയിട്ട്.” മധു പറഞ്ഞു. അവന്‍ ഓനച്ചനോടൊ പ്പം ആശുപത്രി കാന്‍റീനില്‍ പോയി.

“മധു വിശപ്പു തീരെ എന്താണെന്നാല്‍ വാങ്ങി കഴിച്ചോ. എനിക്കു വിശപ്പില്ല; പനിയാ. ചായ കുടിക്കാം. ഞാന്‍ ഡോക്ടറെ കാണാന്‍ വന്നതാ. അപ്പോള്‍ പനി കൂടി. കൂടെ ആരുമില്ലാതിരുന്നതുകൊണ്ട് അവരു മരുന്നു തന്നില്ല. ഇപ്പോഴത്തെ മരുന്നല്ലേ, കഴിച്ചാല്‍ എന്താണു സംഭവിക്കുന്നതെന്നു തരുന്നവര്‍ക്കു തന്നെ നിശ്ചയമില്ല. കൂടെ വരാന്‍ ആരുമില്ലെന്നു പറയാനാകില്ല. ഭാര്യയുണ്ട്, കുഞ്ഞുമക്കളുണ്ട്; പെണ്‍കുഞ്ഞുങ്ങളാ. അമ്മയും കൂടെയുണ്ട്. റബര്‍ടാപ്പിങ്ങ് ഉണ്ട്. അതിനു ശേഷമാ എഴുത്ത്. സീരിയല്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അതില്‍ പിന്നെ കയ്യില്‍ ഇത്തിരി കാശുണ്ടായി”- ഓനച്ചന്‍ പറഞ്ഞു ചിരിച്ചു.

ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ മധു പറഞ്ഞു. “ഞാന്‍ ചേട്ടന്‍റെ കൂടെ വരാം. ഡോക്ടറെ കാണാന്‍.” “നീ വന്നാല്‍ മതി; അനുജനാണെന്നു പറയാം.”

“അതൊക്കെ ഞാന്‍ പറഞ്ഞുകൊള്ളാം.”

അവര്‍ മധുവിന്‍റെ അമ്മയെ കാണാന്‍ പോയി. സ്ത്രീകളുടെ വാര്‍ഡില്‍ ഒരു കട്ടിലില്‍ അവര്‍ മയങ്ങി കിടക്കുകയായിരുന്നു.

ലാബിലെ റിപ്പോര്‍ട്ട് വന്നപ്പോള്‍ അവര്‍ ഡോക്ടറെ കാണാന്‍ കയറി. ഡോക്ടര്‍ റിപ്പോര്‍ട്ടു നോക്കിയിട്ടു ഓനച്ചനെ വിശദമായി പരിശോധിച്ചു.

“കുഴപ്പമില്ല ഓനച്ചാ. ഞാന്‍ ഒന്നുരണ്ടു ഗുളിക കുറിച്ചിട്ടുണ്ട്. ഇയാള്‍ പുറത്തിറങ്ങിയിരിക്ക്.”

ഓനച്ചന്‍ പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ കൂടെയുള്ള മധുവിനോട് അവിടെ നില്ക്കാന്‍ ഡോക്ടര്‍ പറഞ്ഞു.

ഓനച്ചന്‍ പുറത്തിറങ്ങി അഞ്ചു മിനിറ്റു കഴിഞ്ഞാണ് മധു പുറത്തേയ്ക്കു വന്നത്. ഗുളികയുടെ കുറിപ്പടിയും അവന്‍റെ കയ്യിലുണ്ടായിരുന്നു.

“ഡോക്ടര്‍ എന്താ പറഞ്ഞത്?” – ഓനച്ചന്‍ ചോദിച്ചു.

“ചേട്ടന്‍ വാ. നമുക്ക് ഇവിടെനിന്നു മാറി നിന്നു സംസാരിക്കാം”- മധു പറഞ്ഞു.

അവര്‍ പഴയ മരച്ചുവട്ടില്‍ വന്നിരുന്നു. “ചേട്ടനോട് ഇപ്പോഴൊന്നും പറയണ്ടയെന്നു ഡോക്ടര്‍ പറഞ്ഞു. കുറച്ചു പരിശോധനകള്‍ വേണം.”

“എന്നോടു പറയാതെ എങ്ങനെ ഞാനറിയും. എന്‍റെ അസുഖം ഞാനറിയണ്ടേ? വെറുതെക്കാരനായ നീയറിഞ്ഞിട്ട് എന്തു കാര്യം?”

“അതു ഡോക്ടര്‍ക്കറിയില്ലല്ലോ; ചേട്ടനു ഡെങ്കിപ്പനിയല്ല.”

“പിന്നെ എന്തു കുന്തമാണ്?”

“ചേട്ടനു വേറെയാ രോഗം. ചേട്ടന്‍ ഒന്നുകില്‍ ഇവിടെ കിടക്കണം. അല്ലെങ്കില്‍ വേറെ നല്ല ആശുപത്രിയില്‍ പോകണം.”

“നീ കാര്യം പറ മധു.”

“ചേട്ടനു രക്തത്തില്‍ ക്യാന്‍സറാ.”

“എനിക്കോ? പോടാ… എനിക്കൊരു തേങ്ങാക്കുലയുമില്ല. ഒന്നിലും രണ്ടിലും പഠിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളാ എനിക്ക്. പിന്നെ അമ്മ. ആലീസ്. എനിക്കു കാന്‍സറായാല്‍ പിന്നെ ആ വീ ട്ടില്‍ പെണ്ണുങ്ങള്‍ മാത്രമാവില്ലേ. പെണ്ണുങ്ങള്‍ മാത്രമുള്ള വീട്! അ ടുത്ത സീരിയലിനുള്ള ഒരു കഥയായി”- ഓനച്ചന്‍ ചിരിച്ചു.

അപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. ഓനച്ചന്‍ ഫോണെടുത്തു; ജോയിച്ചനാണ്.

“കുഴപ്പമില്ല അച്ചാച്ചാ. ഡോക്ടറെ കണ്ടു. ഡെങ്കിപ്പനിയാണ്. കപ്പളത്തിന്‍റെ കൂമ്പ് അരച്ചു കുടിച്ചാല്‍ മതി. ഫോണ്‍ അമ്മായിയുടെ കയ്യില്‍ കൊടുത്തേ… അമ്മായി പനി തുടങ്ങിയതില്‍ പിന്നെ ഭക്ഷണമൊന്നും കഴിച്ചിട്ടില്ല; വിശപ്പില്ല. പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍ രാവിലെ അമ്മായി പഴങ്കഞ്ഞിയും പാവയ്ക്കാ തീയലുകറിയും തരും. അത്ര രുചിയുള്ള ഒരാഹാരം ഞാന്‍ കഴിച്ചിട്ടില്ല. ഞാനങ്ങു വരുകയാ. ഇത്തിരി പാവയ്ക്കാ തീയലുകറി ഉണ്ടാക്കണം. കഞ്ഞി കുടിക്കണമെന്ന് ഒരു തോന്നല്‍. ആരോ ഫോണില്‍ വിളിക്കുന്നുണ്ട്. ഞാന്‍ പിന്നെ വിളിക്കാം.”

സീരിയല്‍ സംവിധായകനാണ്; ഓനച്ചന്‍ തിരിച്ചുവിളിച്ചു.

“സാറെ ഡെങ്കിപ്പനിയാണ്. തലകറക്കവുമുണ്ട്. എഴുത്തു നടക്കുന്നില്ല.”

“എന്നു പറഞ്ഞാല്‍ സീരിയല്‍ മുടങ്ങുകയില്ലേ?”

“മുടങ്ങും.”

“സീരിയല്‍ അങ്ങനെ നിര്‍ത്താന്‍ പറ്റുകയില്ല. കത്തി നില്ക്കുന്ന സമയമാ. ഒരു കൊല്ലം കൂടി പോകും.”

“കത്തി നില്ക്കുന്ന സമയത്തു നിര്‍ത്തിയാല്‍ അത് എല്ലാവര്‍ക്കും ഇഷ്ടമാകും.”

“താനെന്താ ഈ പറയുന്നത്?”

“നമുക്കു പ്രധാന കഥാപാത്രത്തെ മരിപ്പിക്കാം.”

“ഓര്‍ക്കാപ്പുറത്തു കഥാപാത്രം മരിക്കുകയോ?”

“മനുഷ്യര്‍ ഓര്‍ക്കാപ്പുറത്തു മരിച്ചുപോകുന്നു. പിന്നെയാ കഥാപാത്രം. കഥാപാത്രം മരിക്കുന്നു; കഥ തീരുന്നു അത്രതന്നെ.”

ഓനച്ചന്‍ ഫോണ്‍ കട്ട് ചെയ്തിട്ടു മധുവിനോടു പറഞ്ഞു.

“മധു അമ്മയുടെ അടുത്തേയ്ക്കു പൊയ്ക്കോ. ഞാന്‍ വീട്ടില്‍ പോവുകയാ.” ഓനച്ചന്‍ എഴുന്നേറ്റ് പുറത്തേയ്ക്കു നടന്നു. ഗെയ്റ്റിങ്കല്‍ ചെന്നിട്ട് അയാള്‍ തിരിഞ്ഞുനോക്കി.

മധു അയാളെ നോക്കി നില്ക്കുന്നു. അതിനു പിന്നില്‍ മരണത്തിന്‍റെ താവളംപോലെ ആശുപത്രി മന്ദിരം. ഓനച്ചന്‍ റോഡിലേക്കിറങ്ങി നടന്നു. സമയം കളയാതെ വീട്ടിലെത്തണം.

അവസാനിച്ചു

Leave a Comment

*
*