|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 6

ആയുഷ്ക്കാലം – അദ്ധ്യായം 6

Sathyadeepam

ജോസ് ആന്‍റണി

“നീ ഓര്‍ക്കുന്നുണ്ടോ അന്നക്കുട്ടി, നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നതിനുമുമ്പുള്ള ആ കാലം?” – ജോയിച്ചന്‍ ചോദിച്ചു.

ഓര്‍ക്കാപ്പുറത്ത് ആ ചോദ്യം കേട്ട് അന്നക്കുട്ടി അത്ഭുതപ്പെട്ടു. “അതൊക്കെ ആര്‍ക്ക് മറക്കാന്‍ കഴിയും!?”

“നീ എന്താണ് ഓര്‍ക്കുന്നത്?”

“ജോയിച്ചനൊന്നും ഓര്‍മയില്ലേ?”- അന്നക്കുട്ടി ചോദിച്ചു.

“രണ്ടുപേര്‍ക്കും ഒരോര്‍മ്മതന്നെയാണോയെന്ന് അറിയാനാണ്.”

“എന്‍റെ പൊന്നെ, അന്നൊക്കെ നിങ്ങളുടെ ഓരോ പുകിലുകള്, അമ്മച്ചിയും അപ്പച്ചനും കാണാതെ… അവരുടെ മുന്നില്‍ നിങ്ങളൊരു പാവത്താന്‍. പ്രേംനസീറിന്‍റെ സിനിമയൊക്കെ കണ്ടിട്ടുവന്ന് ഒരു പാട്ടും കുഴഞ്ഞാട്ടവും…” – അന്നക്കുട്ടി പൊട്ടിച്ചിരിച്ചു.

“അന്നക്കുട്ടി, ഈ ചെറുപ്പകാലം അതിനുംകൂടിയുള്ളതല്ലേ…?”

“കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനുമുമ്പു ജെയ്സി വയറ്റിലുണ്ടായി. ഭക്ഷണമൊന്നും കഴിക്കത്തില്ല. ചോറു കണ്ടാല്‍ ഛര്‍ദ്ദി. ഒന്നും കഴിക്കാതെ തളര്‍ന്നു കിടക്കുമ്പോള്‍ നിങ്ങള്‍ അടുത്തുവന്നു വിഷമിച്ചിരിക്കും. അതു കണ്ടു ഞാന്‍ ഉള്ളില്‍ ചിരിക്കും. അമ്മച്ചി പറയും, സാരമില്ലെടാ ജോയിച്ചാ. നീ വിഷമിക്കണ്ട. കുറേ ദിവസം കഴിയുമ്പോള്‍ ഒക്കെ മാറിക്കൊള്ളും” – അന്നക്കുട്ടി ഓര്‍ത്തു ചിരിച്ചു.

“അന്നു മുട്ടത്തു വര്‍ക്കിയുടെയോ പാറപ്പുറത്തിന്‍റെയോ ഒരു നോവല്‍ ഞാന്‍ വായിക്കുന്നുണ്ട്. അതില്‍ നായിക ഇങ്ങനെ ഭക്ഷണം കഴിക്കാതെ ഛര്‍ദ്ദിക്കുമ്പോള്‍ ഭര്‍ത്താവ് സ്നേഹത്തോടെ ചോദിക്കുന്ന ഭാഗമുണ്ട്. നിനക്ക് എന്തെങ്കിലും തിന്നാന്‍ കൊതി തോന്നുന്നുണ്ടോ? അവള്‍ പറഞ്ഞു മസാലദോശ വേണമെന്ന്. അതു മനസ്സില്‍ വച്ചുകൊണ്ടു ഞാന്‍ നിന്നോടു ചോദിച്ചു. നിനക്ക് എന്തെങ്കിലും കൊതി തോന്നുന്നുണ്ടോ? നീ പറഞ്ഞു, ചക്കപ്പുഴുക്കു കിട്ടിയാല്‍ നല്ലതായിരുന്നു. ഇത്തരി കോഴിയിറച്ചിക്കറിയും. തുലാമാസക്കാലമാണ്. ചക്ക കായ്ച്ചു തുടങ്ങിയിട്ടില്ല. എന്നാലും ഞാന്‍ ചക്ക അന്വേഷിച്ചു കുറേ നടന്നു”- ജോയിച്ചന്‍ പറഞ്ഞു.
അന്നക്കുട്ടി മുഖം പൊത്തി ചിരിച്ചു.

“ഇങ്ങനെ പറയാനും ചിരിക്കാനും നമ്മുടെ മക്കള്‍ക്കും എന്തെങ്കിലുമൊക്കെ ജീവിതത്തില്‍ വേണ്ടേ?” – ജോയിച്ചന്‍ ചോദിച്ചു.

“അവര്‍ക്കും ഉണ്ടാകും. നമ്മുടെ കാലമല്ലല്ലോ അവരുടെ കാലം. അവര്‍ക്ക് ഓര്‍മിക്കാന്‍ ഒരുപാടു കാര്യങ്ങള്‍ വേറെയുണ്ടാകും.”

“ഉണ്ടാകും. പക്ഷേ, ഒരുപാടു വ്യത്യാസമുണ്ടാകും ഓര്‍മകള്‍ക്ക്. നമ്മള്‍ പഴയകാലത്തെപ്പറ്റി ഓര്‍ത്തു ചിരിക്കുമ്പോള്‍, അവര്‍ നമ്മുടെ പ്രായത്തില്‍ പഴയ കാര്യങ്ങളോര്‍ത്തു കരയും” – ജോയിച്ചന്‍ വേദനയോടെ പറഞ്ഞു.

“എന്താ ഇങ്ങനെയൊക്കെ പറയുന്നത്?”

“അന്നക്കുട്ടി, നമ്മുടെ മകളെ കുടുംബത്തില്‍ എങ്ങനെ ജീവിക്കണമെന്നുപോലും പഠിപ്പിക്കാന്‍ നമുക്കു കഴിഞ്ഞില്ലല്ലോ.”

“അവള്‍ ഹോസ്റ്റലില്‍ നിന്നല്ലേ കോളജില്‍ പോയത്?”

“കിടന്നുറങ്ങാന്‍ ഒരിടം എന്നതിനപ്പുറം വീടിനെപ്പറ്റി അവള്‍ക്കു മറ്റൊരു തോന്നലുമില്ല. വീട്ടിലുള്ളവരെയും ഹോസ്റ്റലിലെ സഹവാസികളെപ്പോലെയാ അവള്‍ കാണുന്നത്.”

“നമ്മള്‍ക്കിവിടെ കുറേ ദിവസം നില്ക്കാം. എല്ലാം ഒന്നു നേരെയാക്കിയിട്ടു പോയാല്‍ മതി” – അന്നക്കുട്ടി പറഞ്ഞു.

“എനിക്കു സ്കൂളില്‍ പോകണ്ടെ. അവധി നീട്ടിക്കിട്ടുകയില്ല.”

“ഇന്നു വൈകുന്നേരം ജെയ്സിയും റോബിനും വരുമ്പോള്‍ അവരെ കൂട്ടി പുറത്തു പോകാം. കുറേ ഡ്രസ്സ് വാങ്ങാം.”

“അതിനവരെ സൗകര്യത്തിനു കിട്ടണ്ടേ? നീ അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ നോക്ക്. റോബിന്‍ എത്രകാലമാ അവളെ ഇങ്ങനെ സഹിക്കുന്നത്. ഒരു കുടുംബം നടത്തിക്കൊണ്ടുപോകുന്നതിന് അവള്‍ക്കും ഉത്തരവാദിത്വങ്ങളില്ലേ?”- ജോയിച്ചന്‍ പറഞ്ഞു.

ജോലി കഴിഞ്ഞു വരുന്ന മക്കളെ കാത്തിരിക്കുകയായിരുന്നു അവര്‍. അന്നക്കുട്ടി അത്താഴമൊക്കെ തയ്യാറാക്കിവച്ചു. നല്ല പച്ചക്കറികളുമായി ഉന്തുവണ്ടിക്കച്ചവടക്കാരന്‍ വന്നപ്പോള്‍ ജോയിച്ചന്‍ കുറച്ചു വാങ്ങിച്ചു.

അപ്പോള്‍ അന്നക്കുട്ടി പറഞ്ഞു. “കുറച്ചു പച്ച മീന്‍ കൂടി വാങ്ങിക്ക്.”

സൈക്കിളില്‍ പച്ചമീന്‍ കച്ചവടക്കാരന്‍ വന്നപ്പോള്‍ മീനും വാങ്ങിച്ചു. അടുക്കളയില്‍ ആവശ്യത്തിനു പാത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല.

“നിനക്ക് അടുക്കളയില്‍ കുറേ പാത്രങ്ങളൊക്കെ വാങ്ങിവയ്ക്കാമായിരുന്നില്ലേ ജെയ്സി?” – ഒരിക്കല്‍ അന്നക്കുട്ടി ചോദിച്ചു.

“ഇത്രയൊക്കെ മതി അമ്മേ. വാടകവീട്ടില്‍ കിടക്കുന്നവര്‍ക്ക് ഒരുപാടു വീട്ടുപകരണങ്ങളുണ്ടായാല്‍ കുഴപ്പമാ. വീടു മാറുമ്പോള്‍ അതൊക്കെ കെട്ടിച്ചുമന്നു നടക്കണം. അതിന്‍റെ കഷ്ടപ്പാട് അനുഭിച്ചറിഞ്ഞാലേ മനസ്സിലാകൂ”-ജെയ്സി പറഞ്ഞു.

അവളോടു പറഞ്ഞിട്ടു കാര്യമില്ലെന്നു തോന്നിയ അന്നക്കുട്ടി ജോയിച്ചനെ കൂ ട്ടി അടുത്ത പാത്രക്കടയില്‍ പോയി കുറേ പാത്രങ്ങള്‍ വാങ്ങിച്ചു.
ജോലി കഴിഞ്ഞു ജെയ്സി വന്നപ്പോഴേക്കും സന്ധ്യയായി.

“നിനക്കു കുറേക്കൂടി നേരത്തെ വന്നുകൂടെ?”- ജോയിച്ചന്‍ ചോദിച്ചു.

“പപ്പാ, ആഗ്രഹമില്ലാഞ്ഞല്ല. കമ്പനി തരുന്ന ശമ്പളത്തിനു കൂറു കാണിക്കണ്ടേ. തന്നെയല്ല നമ്മുടെ നാട്ടിലെ തൊഴില്‍സംസ്കാരമല്ല ഇവിടെ. നമ്മുടെ നാട്ടില്‍ തൊഴിലെടുക്കാതെ എങ്ങനെ ശമ്പളം വാങ്ങാം എന്നു ഗവേഷണം നടത്തുന്നവരാണധികവും. അതിനൊക്കെ കുടപിടിച്ചു കൊടുക്കുന്ന സര്‍ക്കാരും യൂണിയന്‍കാരും രാഷ്ട്രീയപാര്‍ട്ടികളും. ഇനിയിപ്പോള്‍ പണിയെടുക്കാമെന്നു വിചാരിച്ചാല്‍ തന്നെ അവരെ എങ്ങനെ ശമ്പളത്തില്‍ കുറയ്ക്കാമെന്നു ഗവേഷണം നടത്തുന്ന തൊഴിലുടമകളും അവിടെ ധാരാളമാണ്. ശമ്പളം കൂടുതല്‍ നല്കാന്‍ ഇവിടെ കമ്പനികള്‍ തമ്മില്‍ മത്സരമുണ്ട്.”

“പണിയെടുക്കണം മോളെ. കമ്പനി ജോലിസമയംപ്രഖ്യാപിച്ചിട്ടുണ്ടല്ലോ. ആ സമയത്തു ജോലി ചെയ്താല്‍ മതിയല്ലോ.”

“പപ്പാ, സ്കൂളില്‍ ക്ലാസ്സെടുക്കുന്നതുപോലുള്ള ജോലിയല്ലിത്. സ്കൂളില്‍ മണി മുഴങ്ങുമ്പോള്‍ ജോലി നിര്‍ത്തി വീട്ടിലേക്കു മടങ്ങാം. ചെയ്ത ജോലിയുടെ മൂല്യം ആരും നോക്കുന്നില്ല. ഇവിടെ കമ്പനി ഏല്പിച്ചുതരുന്ന ജോലികള്‍ നിശ്ചിത സമയത്തിനകം തീര്‍ക്കേണ്ടതുണ്ട്. കുറേപ്പേര്‍ ഒരു ടീമായി ചെയ്യുന്ന ജോലിയാണ്. ഒരാള്‍ക്ക് ഉഴപ്പാനോ പിന്നിലായിപ്പോകാനോ കഴിയില്ല. ഓരോ ദിവസത്തെ ജോലിയുടെ മികവു അളക്കുന്ന ടീം ലീഡറന്മാരുണ്ട്. അവര്‍ നമ്മുടെ ജോലിയെപ്പറ്റി മോശം റിക്കാര്‍ഡുണ്ടാക്കിയാല്‍ നമ്മുടെ ജോലി തെറിക്കും. 60 വയസ്സുവരെ ജോലി തരാമെന്നു കമ്പനികള്‍ ഉറപ്പു തരുന്നില്ല. നന്നായി പണിയെടുത്താല്‍ അതിന്‍റെ ഗുണം കിട്ടും. ഓര്‍ക്കാപ്പുറത്ത് ഒരു ഇന്‍ക്രിമെന്‍റ്, ഒരു പ്രൊമോഷന്‍. ഇടിച്ചിടിച്ചു കയറി പോകാനുള്ള അവസരമുണ്ട്. ഇങ്ങനെയൊക്കെ ഉള്ളിടത്ത് അന്നന്നു ചെയ്തുതീര്‍ക്കേണ്ട ജോലി തീര്‍ക്കാനായി ഒന്നോ രണ്ടോ മണിക്കൂര്‍ അധികം ജോലി ചെയ്തു നമ്മളതു തീര്‍ക്കും.”

“നീ വന്നു ചായ കുടിക്കു മോളെ” – അന്നക്കുട്ടി വിളിച്ചു.

“ദിവസം കുറേ അധികം ചായ കുടിക്കുന്നുണ്ടമ്മേ. ജോലിസ്ഥലത്തു നമുക്കു സൗജന്യമായി ചായ എടുത്തുകുടിക്കാനുള്ള സൗകര്യമുണ്ട്. ചായ വേണ്ടെങ്കില്‍ ജ്യൂസ്. ഇരുന്നു മടുക്കുമ്പോള്‍ എഴുന്നേറ്റു പോയി ഒരു ചായ കുടിക്കും” – ജെയ്സി പറഞ്ഞു.

“റോബിന്‍ എന്താ വരാത്തതു മോളെ?”

“റോബിന്‍ വരുമ്പോള്‍ 8 മണിയാകും. കുറേ ജോലികള്‍ തീരാനുണ്ടെന്ന് എന്നോടു വിളിച്ചുപറഞ്ഞിരുന്നു.”

“നിങ്ങള്‍ ജോലി കഴിഞ്ഞു വന്നിട്ട്, എല്ലാവര്‍ക്കും കൂടി പുറത്തു പോയി ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി, പാര്‍ക്കിലൊക്കെ പോയി വരാമെന്നു കരുതിയിരുന്നതാ”-ജോയിച്ചന്‍ പറഞ്ഞു.

“ജോലിയുള്ള ദിവസം ഔട്ടിംഗും ഷോപ്പിംഗുമൊന്നും നടക്കില്ല പപ്പാ. അതിനാണു ശനിയും ഞായറും അവധി തന്നിരിക്കുന്നത്.”

“ശനിയാഴ്ച ഞങ്ങള്‍ക്കു പോകണ്ടായോ?”-അന്നക്കു ട്ടി ചോദിച്ചു.

“ശനിയാഴ്ച വൈകുന്നേരമാണല്ലോ ബസ്. പകല്‍ മുഴുവന്‍ ചുറ്റിക്കറങ്ങാം” – ജെയ്സി പറഞ്ഞു.

“ഞങ്ങള്‍ ഇവിടെ വന്നു കണ്ടതുവച്ചു പറയുകയാ. നിന്‍റെ നന്മയ്ക്കായിട്ടാണു പറയുന്നതെന്നു കരുതണം. കുടുംബമായി ജീവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. കുടുംബം നടത്തിക്കൊണ്ടു പോകേണ്ട എല്ലാ ഭാരവും നീ റോബിന്‍റെ തലയില്‍ വച്ചുകൊടുക്കരുത്. അടുക്കള ജോലിക്കു നിനക്കു മുന്‍കൈ എടുത്താല്‍ എന്താ കുഴപ്പം? അല്ലെങ്കില്‍ റോബിനെ ഒന്നു സഹായിക്കുകയെങ്കിലും ചെയ്തുകൂടെ?” – അന്നക്കുട്ടി ചോദിച്ചു.

“പപ്പയും അമ്മയും ഇവിടെ വന്നിട്ട് ഇത്തരം വിഷയങ്ങളൊന്നും സംസാരിക്കാതെ ഇരിക്കുന്നതെന്താണെന്നു ഞാന്‍ ചിന്തിക്കുന്നുണ്ടായിരുന്നു. എന്നെ നന്നാക്കി ശരിപ്പെടുത്താനാണല്ലോ നിങ്ങള്‍ വന്നതുതന്നെ!”

“വഴക്കിനും വക്കാണത്തിനും മുന്‍കയ്യെടുക്കുന്നതു നീയാ. പക്ഷേ, ഇണങ്ങിപ്പോകാന്‍ നിന്‍റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഞങ്ങളിതുവരെ കണ്ടില്ല. അതുകൊണ്ടു പറഞ്ഞതാ” – ജോ യിച്ചന്‍ പറഞ്ഞു.

“ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതില്‍ കൂടുതലായിട്ടൊന്നും ചെയ്യാന്‍ എനിക്കു താത്പര്യമില്ല.”

“നീ ഇപ്പോഴെന്താ ചെയ്യുന്നത്? അവന്‍ ഭക്ഷണമുണ്ടാക്കിയാല്‍ വന്നിരുന്നു കഴിക്കും. അവനോടു നന്നായി സംസാരിക്കുകയെങ്കിലും ചെയ്യണ്ടേ? ഒരു പരിചയക്കാരനോടു പെരുമാറുന്നതുപോലെയാണോ ഭര്‍ത്താവിനോടു പെരുമാറേണ്ടത്?” – അന്നക്കുട്ടി ചോദിച്ചു.

“ഞാന്‍ വേണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യാം. റോബിന്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാതിരിക്കാം. വേണമെങ്കില്‍ ഇവിടെനിന്നു താമസം മാറ്റുകയും ചെയ്യാം. അല്ലാതെ അടുക്കളപ്പണി ചെയ്യാനും വീട്ടുവേല ചെയ്യാനും എനിക്കിഷ്ടമില്ല. എന്തിനാണ് അങ്ങനെയൊരു കഠിനാദ്ധ്വാനത്തിന്‍റെ ആവശ്യം? ഞാന്‍ ദിവസം എട്ടും പത്തും മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്; പിന്നെ എനിക്കു വിശ്രമമാണു വേണ്ടത്.”

“റോബിനും അങ്ങനെ ജോലി ചെയ്തിട്ടു വന്നിട്ടാണല്ലോ ഈ വീട്ടുജോലികളൊക്കെ ചെയ്യുന്നത്. അതു നീ കാണുന്നില്ലേ?”

“അത് അങ്ങേരുടെ രീതി. അങ്ങേരുടെ ഇഷ്ടമനുസരിച്ചു ചെയ്തോട്ടെ. ഞാന്‍ ചെയ്യുന്നതാണു ശരി. അതുകൊണ്ട് എല്ലാവരും അങ്ങനെ ചെയ്തോളണം എന്നു ശഠിക്കരുത്.”

“ജെയ്സി നീയും അങ്ങനെ ശഠിക്കരുത്.”ڔ

“പപ്പാ, എന്നെ പണം മുടക്കി പഠിപ്പിച്ചതു കമ്പ്യൂട്ടര്‍ സയന്‍സാണ്. ഞാന്‍ പഠിച്ച ജോലി ചെയ്യുന്നു. അതിനു തൃപ്തികരമായ ശമ്പളവും ലഭിക്കുന്നു. ഞാനൊരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്. മറ്റുള്ളവരെപ്പോലെ എനിക്കു സ്വതന്ത്രമായി ജോലി ചെയ്യണം. ജോലി കൊണ്ടു കിട്ടുന്ന നേട്ടങ്ങളെല്ലാം എനിക്കു കിട്ടണം. പ്രോജക്ട് മാനേജരായും സിഇഒ ആയും ജിഎമ്മായും എനിക്കു വളരാവുന്നതാണ്. ഞാനെന്തിന് അതൊക്കെ നശിപ്പിച്ചു കളയണം.”

“അതു നശിപ്പിച്ചുകളയണമെന്ന് ആരു പറഞ്ഞു ജെയ്സി? നിന്‍റെ ജോലി പോലെ പ്രധാനപ്പെട്ടതല്ലേ കുടുംബവും?”

“അതു നമ്മുടെ സാമൂഹ്യവ്യവസ്ഥ സ്ത്രീകളെ ഒതുക്കാനും ദാസ്യവേല ചെയ്യിക്കാനുമായി ഉണ്ടാക്കിവച്ച ഊരാക്കുടുക്കാണ്. പപ്പയ്ക്കറിയാമോ എന്‍റെ കൂടെ പഠിച്ച അനില. എക്സാം റാങ്കോടെ പാസ്സായതാണ്. നല്ല കമ്പനിയില്‍ ജോലിയും ലഭിച്ചതാണ്. താമസിക്കാതെ കല്യാണവും നടന്നു. ഏതോ ബിസിനസ്സുകാരന്‍റെ മകനാണു ഭര്‍ത്താവായത്. വിവാഹം കഴിഞ്ഞതില്‍പ്പിന്നെ അയാള്‍ അവളെ ജോലിക്കു വിട്ടില്ല. അവളിപ്പോള്‍ പ്രസവിച്ചു കിടക്കുകയാണ്. കഴിഞ്ഞ ദിവസം എന്നെ ഫോണില്‍ വിളിച്ച് അവള്‍ കരയുകയായിരുന്നു. ഒരു കോന്തന്‍ ഭര്‍ത്താവിനു വെച്ചുവിളമ്പാനും അവന്‍റെ കുട്ടികളെ പ്രസവിക്കാനും എന്തിനാണു ബിടെക് റാങ്കോടെ പാസ്സാകുന്നത്? എന്തിനാണ് അവള്‍ കഷ്ടപ്പെട്ടത്. വിവാഹം കഴിക്കുന്നതുവരെ അവളുടെ കരിയറിനെപ്പറ്റി അവള്‍ കണ്ട സ്വപ്നങ്ങള്‍ക്കു പുല്ലുവിലയല്ലേ ഉണ്ടായത്? എനിക്കിപ്പോള്‍ അങ്ങനെ കരഞ്ഞും കണ്ണീരൊഴുക്കിയും ജീവിക്കാന്‍ കഴിയില്ല” – ജെയ്സി പറഞ്ഞു.

ജോയിച്ചനും അന്നക്കുട്ടിയും പകച്ചുപോയി. അപരിചിതയായ ഒരു പെണ്‍കുട്ടിയാണ് അവരുടെ മുമ്പിലിരിക്കുന്നതെന്ന് അവര്‍ക്കു തോന്നി.
അവള്‍ പറയുന്നതു വെറുതെ തള്ളിക്കളയാന്‍ പറ്റുന്ന കാര്യമല്ല. എത്രയോ പെണ്‍കുട്ടികള്‍ പഠിച്ചു പഠിച്ച് ഉന്നത നിലയില്‍ പാസ്സായവര്‍, നല്ല ജോലി സാദ്ധ്യത ഉണ്ടായിരുന്നവര്‍, ഉന്നത നിലയില്‍ എത്തിച്ചേരുമായിരുന്നവര്‍ വിവാഹത്തിനുശേഷം, ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും ഇഷ്ടത്തിനു വിധേയരായി, അടുക്കളയിലും കിടപ്പുമുറിയിലും ഒതുക്കപ്പെട്ടു പോയിരിക്കുന്നു. പതിനാറോ പതിനെട്ടോ വര്‍ഷം അവര്‍ പഠിച്ചതൊന്നും ജീവിതത്തിലുപകാരപ്പെടാതെ, അവരുടെ പഠനത്തിനു തെല്ലും വില കല്പിക്കപ്പെടാതെ ഒരു പടുമുളപോലെ ജീവിതത്തില്‍ നിന്നു പറിച്ചെറിയപ്പെട്ടവര്‍ എത്രയോ പേര്‍.
താന്‍ പഠിപ്പിച്ചുവിട്ട കുട്ടികളില്‍ പലരും ഉപരിപഠനത്തിനുശേഷം തങ്ങളുടെ പാതി ബൗദ്ധികശേഷിപോലും ഇല്ലാത്ത ഒരുത്തനെ വരിച്ച് അവന്‍റെ നിഴലായി നിറം മങ്ങിപ്പോയിട്ടില്ലേ?

മാതാപിതാക്കള്‍ കഴിവിനപ്പുറം പണം മുടക്കിയാണു മക്കളെ പഠിപ്പിക്കുന്നത്. എന്തിനു വേണ്ടിയാണ്? വിവാഹം കഴിച്ചയയ്ക്കാന്‍ വേണ്ടിയാണോ? പഠിച്ച് ഉന്നത നിലയില്‍ പാസ്സായി നല്ല ജോലി നേടി പരാശ്രയം കൂടാതെ ജീവിക്കുന്നതു കാണാന്‍.

വിവാഹത്തിനുശേഷം മകളെപ്പോലെ മാതാപിതാക്കളും നിസ്സഹായാവസ്ഥയിലാകുകയാണ്. ജോലി കിട്ടിയവര്‍പോലും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു; വീട്ടിലാളില്ല. മാതാപിതാക്കളെ നോക്കാന്‍ ആരുമില്ല, കുട്ടികളെ ആരു നോക്കും. ഇതെല്ലാം ചെയ്യേണ്ടതു പെണ്ണല്ലേ.
ആണുങ്ങള്‍ക്കു വീട്ടില്‍ നിന്നാല്‍ എന്താണു കുഴപ്പം? അവര്‍ക്കു മാതാപിതാക്കളെയും മക്കളെയും പരിപാലിച്ചുകൂടേ? അടുക്കള ജോലി ചെയ്തുകൂടേ? പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെയൊക്കെ ചോദിക്കാമല്ലോ. ആണുങ്ങള്‍ എന്തു മറുപടി പറയും? ശക്തിയും ധാര്‍ഷ്ട്യവും കൊണ്ട് അവര്‍ അതിനെ മറികടക്കും.
ഒരു പിതാവെന്ന നിലയില്‍ ജോയിച്ചനു മകളെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും തോന്നിയില്ല. സംസാരിച്ചു രംഗം വഷളാക്കണ്ടായെന്നു കരുതി ജോയിച്ചന്‍ എഴുന്നേറ്റു.

“ഞാന്‍ പുറത്തിറങ്ങി ഒന്നു നടന്നിട്ടു വരാം.”

“പപ്പാ, റോഡിലൂടെ നടന്നു പോകാന്‍ പറ്റാത്ത വിധം ഏറ്റവും തിരക്കുള്ള സമയമാണിത്” – ജെ യ്സി പറഞ്ഞു.

“തിരക്കും ഒരു കൗതുകമാണ്” – ജോയിച്ചന്‍ മുന്‍വശത്തെ വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി.

റോഡില്‍ ജനങ്ങളുടെയും വാഹനങ്ങളുടെയും അന്തിക്കച്ചവടക്കാരുടെയും പ്രളയമാണ്.

ജോയിച്ചന്‍ പാതയോരത്തിലൂടെ, എതിരെ വരുന്നവരെ ഒഴിഞ്ഞുമാറിയും മുമ്പില്‍ പോകുന്നവരെ മറികടന്നും കുറേദൂരം നടന്നു. മറ്റൊരാളുടെ പ്രശ്നങ്ങള്‍ക്കു വേറൊരാള്‍ക്കു പരിഹാരമുണ്ടാക്കാന്‍ വിഷമമാണെന്ന്, ലോകത്തോട് ഒരു രഹസ്യം വെളിപ്പെടുത്തുന്നതുപോലെ ജോയിച്ചന്‍ ഉരുവിട്ടു.

മക്കളുടെ പ്രശ്നമെല്ലാം തീര്‍ക്കാമെന്നും മാതാപിതാക്കള്‍ വിചാരിക്കും. പിന്നീടു മാതാപിതാക്കളുടെ പ്രശ്നമെല്ലാം തീര്‍ക്കാമെന്നു മക്കളും വിചാരിക്കും. വെറുതെയാ. പ്രശ്നങ്ങളൊന്നും തീരാന്‍ പോകുന്നില്ല. ഒരാളുടെ പ്രശ്നം എന്താണെന്നു മറ്റൊരാള്‍ക്കു മനസ്സിലാകില്ല. അതുതന്നെ കാരണം.

അല്ലെങ്കില്‍ത്തന്നെ ജീവിതം പ്രശ്നങ്ങളില്‍ നിന്നു പ്രശ്നങ്ങളിലേക്കുള്ള ഒഴുക്കാണ്.

ആളുകളിങ്ങനെ തട്ടിയും മുട്ടിയും എങ്ങോട്ടേയ്ക്കോ വേഗത്തില്‍ പോകുകയാണ്. ഒരു നിമിഷം താമസിച്ചുപോയാല്‍ എല്ലാം നഷ്ടമാകുമെന്ന മട്ടിലാണു സ ഞ്ചാരം.

ഈ തിരക്കു കഴിഞ്ഞു വേണം സ്വസ്ഥമായി ജീവിക്കാന്‍ എന്ന് എല്ലാവരും കരുതുന്നുണ്ടാവും. പ ക്ഷേ, ഈ തിരക്കിനിടയില്‍ ഈ ആള്‍ക്കൂട്ടത്തിനിടയില്‍, ജീവിതം സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ തീര്‍ന്നുപോകുന്നതാണല്ലോ ജീവിതം.

അപരിചിതരുടെ സംഗമസ്ഥാനമാണീ മഹാനഗരമെന്നു ജോയിച്ചനു തോന്നിപ്പോയി. ആരും പരസ്പരം കാണുന്നില്ല. പരിചയഭാവമില്ല, ചിരിക്കുന്നില്ല, കുശലം പറയുന്നില്ല.

മത്സരപരീക്ഷയില്‍ പങ്കെടുക്കു ന്ന കുട്ടികളെപ്പോലെ ഒരു നഗരത്തിലെ ജനക്കൂട്ടം. ഒരുപാടു ചോ ദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം കിട്ടാതെ വിഷമിക്കുന്നവര്‍, കൂട്ടിയും പെരുക്കിയും വെയ്ക്കുന്ന കണക്കുകളെല്ലാം തെറ്റിപ്പോയവര്‍. മറന്നുപോയവയെല്ലാം ഓര്‍മിച്ചെടുക്കാന്‍ മനസ്സിന്‍റെ തരിശുനിലങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍. ജീവിതം പഠിപ്പിച്ച പാഠങ്ങളെല്ലാം ഉരുവിട്ടു പഠിക്കുന്നവര്‍.

ഒരു കവലയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ജോയിച്ചന്‍ തിരിച്ചു നടന്നു; മടുത്തിട്ടല്ല. അനേകം ജീവിതങ്ങള്‍ ഇങ്ങനെ ഒഴുകി നീങ്ങുമ്പോള്‍ അവരോടൊപ്പം കുറേ ദൂരം ഒഴുകിപ്പോകാന്‍ ഒരു സുഖമൊക്കെയുണ്ടെന്നു ജോയിച്ചനു തോന്നി.

പക്ഷേ, മൊബൈല്‍ ഫോണെടുത്തില്ല. കവലകള്‍ കടന്നു വഴികള്‍ തിരിഞ്ഞു നടന്നുപോയാല്‍ ഒരേ മുഖഛായയുള്ള വഴികളും ജനക്കൂട്ടവുമുള്ള നഗരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്ക വളര്‍ന്നു.

ഇതുവരെ വാടകവീടിരിക്കുന്ന റോഡിന്‍റെ പേരു ചോദിച്ചില്ല. വീടിന്‍റെ നമ്പരു ചോദിച്ചില്ല. വീടിനു സമീപമുളള അടയാളങ്ങളൊന്നും കണ്ടുവച്ചില്ല. വഴി തെറ്റിപ്പോയാല്‍ എങ്ങനെ തിരിച്ചു വീട്ടിലെത്തും?

മൊബൈല്‍ ഫോണുണ്ടെങ്കില്‍ കുഴപ്പമില്ല. എവിടെനിന്നു വേണമെങ്കിലും ആരെയും വിളിക്കാം, വഴി ചോദിക്കാം. മൊബൈല്‍ ഫോണ്‍ നമുക്കു തരുന്ന ധൈര്യം. സുരക്ഷിതത്വബോധം. അതു കയ്യിലില്ലാതെ വരുമ്പോഴു ള്ള അരക്ഷിതാവസ്ഥ. എത്ര പെട്ടെന്നാണ് ആ യന്ത്രം ഉപേക്ഷിക്കാനാകാത്തവിധം നമ്മുടെ ജീവിതത്തില്‍ ഒട്ടിപ്പിടിച്ചത്!

വീടു കണ്ടു പിടിക്കാന്‍ കഴിയുമോ എന്ന ഭയപ്പാടോടുകൂടി ജോയിച്ചന്‍ വേഗത്തില്‍ നടന്നു ഗെയ്റ്റ് കടന്നു വീടിനുള്ളിലേക്കു കയറുമ്പോള്‍ പോലും ഇതുതന്നെയാണോ വീടെന്നുള്ള സംശയം.

“പെട്ടെന്നു നടപ്പുമതിയാക്കി പപ്പ മടങ്ങിപ്പോന്നല്ലോ” – ടി.വി. കണ്ടുകൊണ്ടിരുന്ന ജെയ്സി പറഞ്ഞു.

“ഞാന്‍ ആ കവലവരെ പോയി. മൊബൈല്‍ ഫോണെടുക്കാന്‍ മറന്നു. വഴിതെറ്റിപ്പോയാലോയെന്നു ഭയപ്പെട്ടു.”

“മൊബൈല്‍ ഫോണെടുത്തില്ലെങ്കില്‍ വഴി തെറ്റിപ്പോയാല്‍ പണി കിട്ടും. ഇവിടെ വന്ന സമയത്ത് ഒന്നുരണ്ടു പ്രാവശ്യം എനിക്ക്അബദ്ധം പററിയതാ” – ജെയ്സി പറഞ്ഞു.

അപ്പോഴേക്കും റോബിനും ജോലി കഴിഞ്ഞു മടങ്ങിയെത്തി.

“അത്യാവശ്യമായിട്ടുള്ള ചില ജോലികള്‍ തീര്‍ക്കേണ്ടതായിട്ടു വന്നു. പപ്പാ ഇവിടെ തനിച്ചിരുന്നു ബോറടിച്ചിട്ടുണ്ടാകും”- റോബിന്‍ പറഞ്ഞു.

“പഴയ കാലത്ത് എന്‍റെ ചെറുപ്പത്തില്‍, നമ്മള്‍ ഒരിടത്തു വിരുന്നുകാരായി ചെന്നാല്‍ ആ വീട്ടുകാര്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ തീര്‍ക്കാന്‍ സഹായിച്ചുകൊടുക്കും. നടുതല നടീലോ കപ്പവാട്ടോ നെല്ലുണങ്ങി വാരലോ പുരമേച്ചിലോ അങ്ങനെയുള്ള പണികളായിരിക്കും. ഇന്നിപ്പോള്‍ അതു നടക്കില്ല” – ജോയിച്ചന്‍ ചിരിച്ചു.

“എല്ലാവരും വിദഗ്ദ്ധരല്ലേ സ്പെഷ്യലിസ്റ്റുകള്‍. ഒരാള്‍ ചെയ്യുന്ന ജോലി അയാള്‍ക്കു മാത്രമേ അറിഞ്ഞുകൂടൂ” – ജോയിച്ചന്‍ തുടര്‍ന്നു പറഞ്ഞു.

“എന്‍റെ പപ്പാ, ഒന്നും പറയണ്ട. പഴയകാലത്തു പറമ്പിലും പാടത്തും പണിയെടുത്തിരുന്ന മനുഷ്യരില്ലേ? ഇന്നയാള്‍ കന്നുപൂട്ടാന്‍ മിടുക്കന്‍. അടുത്തയാള്‍ വരമ്പു വയ്ക്കാന്‍ വിദഗ്ദ്ധന്‍ – വേറൊരാള്‍ വിത്തുവിതയ്ക്കാന്‍ മിടുക്കന്‍. പിന്നെയൊരാള്‍ മരത്തില്‍ കയറാനും വെട്ടാനും കഴിവു കാട്ടുന്നവന്‍. അതുപോലെയുള്ളൂ; ഒരു മാറ്റവുമില്ല. ഒക്കെ തൊഴിലുടമയുടെ പണിയെടുപ്പിക്കാനുള്ള തന്ത്രങ്ങളാണ്. ബിടെക് വിദ്യാഭ്യാസം വേണം. സര്‍ട്ടിഫിക്കറ്റു കോഴ്സ് വേണം, ട്രെയിനിങ് വേണം, തേങ്ങാക്കുല വേണം! പണിക്കു കയറുമ്പോള്‍ കഴുത്തിലൊരു ടാഗും തൂക്കും. പഴയ അടിമപ്പണിക്കാര്‍ക്കു ചാപ്പകുത്തുന്നതുപോലെ – ഇവര്‍ ഈ കമ്പനിയുടെ അടിമകള്‍ എന്നേ അര്‍ത്ഥമുളളൂ. വിദ്യാഭ്യാസയോഗ്യതയും തിരഞ്ഞെടുപ്പുപരീക്ഷയുമൊക്ക കാണുമ്പോള്‍ നമ്മളോര്‍ക്കും വരാന്‍ പോകുന്നതു മഹാസംഭവമായിരിക്കുമെന്ന്. ഒന്നുമില്ല പപ്പാ. ഇതൊക്കെ കമ്പനിക്കാരനും വിദ്യാഭ്യാസ കച്ചവടക്കാരനും ചേര്‍ന്നു നടത്തുന്ന ഒത്തുകളി. പ്ലസ് ടൂ പാസ്സായവനു ആറു മാസത്തെ ട്രെയിനിങ്ങ് കൊടുത്താല്‍ ചെയ്യാവുന്ന പണിയാണു തലയില്‍വച്ചു തരുന്നത്” – റോബിന്‍ പറഞ്ഞു.

റോബിന്‍റെ തുറന്നു പറച്ചില്‍ ജോയിച്ചനിഷ്ടമാണ്.

“അത്താഴമെടുത്തുവച്ചു” – അന്നക്കുട്ടി പറഞ്ഞു.

എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണു ജെയ്സിയുടെ ഫോണ്‍ ശബ്ദിച്ചത്.
ജെയ്സി ഫോണെടുത്തു. മുഖത്തു ഭവ്യത വന്നു. “ഓക്കെ സാര്‍” – ജെയ്സി പറഞ്ഞു.

ജെയ്സി ഊണു കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.

“എനിക്കു കമ്പനിയില്‍ പോകണം” – അവള്‍ പറഞ്ഞു.
“ഇപ്പോഴോ?” – അന്നക്കുട്ടി ചോദിച്ചു.

“ഞാന്‍ ഒരു അമേരിക്കന്‍ കമ്പനിക്കു ചെയ്തുകൊടുത്ത പ്രോഗ്രാമിന് എന്തോ പ്രശ്നമുണ്ട്. പോയി തീര്‍ത്തിട്ടു വരാം.”

“അതു നാളെ ആയിക്കൂടേ?”

“പോരാ. കസ്റ്റമറെ പിണക്കാന്‍ പാടില്ല. ഇപ്പോള്‍ കമ്പനിയുടെ കാറു വരും” – ജെയ്സി ഡ്രസ്സ് മാറി പുറത്തേയ്ക്കിറങ്ങി.

(തുടരും)

Leave a Comment

*
*