|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 8

ആയുഷ്ക്കാലം – അദ്ധ്യായം 8

Sathyadeepam

ജോസ് ആന്‍റണി

“ജോയിച്ചാ, നിങ്ങളു ബാംഗ്ളൂര്‍ക്കു പോയിട്ട് എന്തായി മോനെ… അവരു തമ്മില്‍ യോജിപ്പായോ? അമ്മച്ചി കഴിഞ്ഞ ഒരാഴ്ചയായി ശരിക്ക് ഉറങ്ങിയിട്ട്. നമ്മുടെ കൊച്ചങ്ങടെ കാര്യമാ മനസ്സിലെപ്പോഴും” – ഏലിയാമ്മ ജോയിച്ചനോട് ഓരോന്നു ചോദിക്കുകയാണ്.

“കുഴപ്പമില്ല അമ്മച്ചി. നമ്മുടെ മോള്‍ക്ക് ഇത്തിരി അഹംഭാവം കൂടുതലാ. അതിന്‍റെ കുഴപ്പമാ. റോബിനോടു ഞാന്‍ പറഞ്ഞു, നീ അവളെ കൈവിട്ടേക്കരുതെന്ന്. വലിയ കമ്പനിയും ശമ്പളവും സെറ്റപ്പുമായപ്പോള്‍ അതിനപ്പുറം ഒരു ലോകമില്ലെന്നു മോളു വിചാരിക്കുന്നു. എന്താ അമ്മച്ചി ഞാന്‍ ചെയ്യുക?” – ജോയിച്ചന്‍ അമ്മച്ചിയോട് സങ്കടം പറഞ്ഞു.

ജോയിച്ചനു ബംഗളുരൂവിലെ ജീവിതവും ജോലിയും ജീവനക്കാരെ പണം കൊടുത്ത് അടിമകളാക്കുന്ന കമ്പനികളുടെ പുതിയ പ്രവര്‍ത്തനശൈലിയും മനസ്സിലങ്ങനെ ദഹിക്കാതെ കിടക്കുകയാണ്. കൈവിട്ട കളികളാണ് അവിടെ നടക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ടു പാഞ്ഞുപോകുന്ന വാഹനംപോലെയാണ് അവിടെ അ വരുടെ ജീവിതം.

“നമ്മള്‍ കാണുന്നതുപോലെയല്ല അമ്മച്ചി നഗരങ്ങളിലെ ജീവിതം. മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ പലതിലും ജോലി ചെയ്യുന്നവരുടെ കുടുംബജീവിതത്തിനു കമ്പനികള്‍ പുല്ലുവില പോലും കല്പിക്കുന്നില്ല. രാത്രിയെന്നോ പകലെന്നോ ഇല്ല. കമ്പനിയുടെ ഇച്ഛ പിഴച്ചാല്‍ ജോലി നഷ്ടപ്പെടും. നമ്മുടെ നാട്ടിമ്പുറങ്ങളില്‍ നിന്നു ചെല്ലുന്ന കുട്ടികള്‍, കമ്പനികളുടെ ആഡംബരങ്ങളില്‍ ഭ്രമിച്ചുപോകും” – ജോയിച്ചന്‍ പറഞ്ഞു.

“എടാ ജോയിച്ചാ, കുടുംബജീവിതം അത്ര എളുപ്പം കൊണ്ടുനടക്കാവുന്ന ഏര്‍പ്പാടല്ല. പെണ്ണിനെ കെട്ടിച്ചുവിട്ടു എന്നാണു പണ്ടു പറഞ്ഞിരുന്നത്. അതോടെ പെണ്ണു ചെറുക്കന്‍റെ അടിമയായി. ഭാര്യയും ഭര്‍ത്താവും തുല്യരാണെന്നു ചുമ്മാ പറയാമെന്നേയുള്ളൂ. ഒന്നെങ്കില്‍ ഭര്‍ത്താവിനു കീഴടങ്ങി ഭാര്യ. അല്ലെങ്കില്‍ ഭാര്യയ്ക്കു കീഴടങ്ങി ഭര്‍ത്താവ്. എങ്കിലേ കുടുംബം നടന്നുപോകൂ. ഞങ്ങളുടെ ചെറുപ്പകാലത്തു പെണ്ണുങ്ങള്‍ക്കു വിദ്യാഭ്യാസമില്ല. ചിന്താശക്തി കുറവ്. ഭര്‍ത്താവും അങ്ങേരുടെ വീട്ടുകാരും പറയുന്നതു വേദവാക്യം. രാവിലെ ഒരു യന്ത്രംപോലെ പണി തുടങ്ങും. എത്ര ചെയ്താലും തീരാത്ത അടുക്കളപ്പണി. ഇന്നത്തെപ്പോലെ ഗ്യാസൊന്നുമില്ല. പറമ്പില്‍ കിടക്കുന്ന ചുള്ളിവിറകും ചൂട്ടും പെറുക്കി കൊണ്ടുവന്നു കത്തിക്കണം. വീട്ടിലെ ആളുകളും പറമ്പില്‍ പണിക്കാരും എല്ലാംകൂടി പത്തിരുപത് ആളുകള്‍ക്കു വച്ചുവിളമ്പണം. അതിനിടയില്‍ തുണിയലക്കണം. ഇന്നത്തെ അലക്കുയന്ത്രമൊന്നും അന്നില്ല. വീടുകള്‍ക്കടുത്തു നല്ല വെള്ളമൊഴുകുന്ന ചെറുതോടുകള്‍ ധാരാളമാണ്. അവിടെ പോയി അടിച്ചുനനയ്ക്കണം. കുളിയും അവിടെത്തന്നെയാ. വീട്ടില്‍ കക്കൂസും കുളിമുറിയുമൊന്നുമില്ല. കക്കൂസെ പോണെ വീടിനകലെ ഏതെങ്കിലും കുറ്റിക്കാട്ടില്‍ പോയിരിക്കും. രാത്രിയാണെങ്കില്‍ ചൂട്ടും കത്തിച്ചുപോകും. കിണറുകളില്‍നിന്നു വെള്ളം കോരിയെടുക്കണം. ഇതിനെല്ലാമിടയില്‍ എട്ടുപത്തു മക്കളെയും വളര്‍ത്തിയെടുക്കണം. അതും ഒരു ഭാരിച്ച പണിയാ.” ഏലിയാമ്മ പഴയകാലത്തെപ്പറ്റി പറയുകയാണ്. ജോയിച്ചന്‍ ഇതൊക്കെ പല പ്രാവശ്യം കേട്ടിട്ടുളളതാണ്. എന്നാലും കേ ട്ടിരുന്നില്ലേല്‍ അമ്മച്ചിക്കു സങ്കടമാകും. ഇതൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ കേള്‍ക്കേണ്ടതാണ്. അമ്മച്ചിയുടെ ചെറുപ്പകാലത്തെ ജീവിതമാണ് അമ്മച്ചി പറയുന്നത്. പഴയ തലമുറയില്‍ നിന്നു പുതിയ തലമുറയിലേക്കു വിവരങ്ങള്‍ പകരുന്നത് ഇങ്ങനെയാണ്. അമ്മച്ചി പറയട്ടെ. മകന്‍ കേള്‍ക്കുന്നുണ്ടെന്നോര്‍ത്തു സന്തോഷിക്കട്ടെ. തനിക്കും വയസ്സാകും. അപ്പോള്‍ കഴിഞ്ഞുപോയ കാലത്തെപ്പറ്റി പറയാന്‍ തനിക്കും ആഗ്രഹം തോന്നും. അതു കേള്‍ക്കാന്‍ മക്കള്‍ അടുത്തുണ്ടാകുമോ? ജോയിച്ചന്‍റെ കണ്ണുകളില്‍ നനവു പടര്‍ന്നു.

“ഭര്‍ത്താവിന്‍റെ ഇച്ഛ പിഴയ്ക്കാതെ നോക്കണം. അന്നു കെട്ടിയവന്മാര്‍ പെണ്ണുങ്ങളെ തല്ലും. നിന്‍റെ അപ്പന്‍ എന്നെ തല്ലിയിട്ടൊന്നുമില്ല. പക്ഷേ, മിക്ക പെണ്ണുങ്ങളെയും കെട്ടിയവന്മാര്‍ നിത്യവും തല്ലും. ചെറിയ കാരണം മതി. അതൊക്കെ സഹിച്ചും മാതാവിനോടു പ്രാര്‍ത്ഥിച്ചും കുടുംബം നടത്തിക്കൊണ്ടു പോയതും മക്കളെ വളര്‍ത്തിയതും പെണ്ണുങ്ങളാ. പെണ്ണുങ്ങളുടെ ജീവിതം അങ്ങനെയൊക്കെയാണെന്നാ ആ പാവങ്ങള്‍ വിചാരിക്കുക. കള്ളു കുടിയന്മാരും കണ്ട പെണ്ണുങ്ങളുടെ പുറകെ പോകുന്നവരും അന്നുമുണ്ട്. എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു; മണ്ണനാട്ടെ മാമ്മി. അയല്‍പക്കത്താ അവളുടെ വീട്. ഞങ്ങളൊരുമിച്ചാ പള്ളിയില്‍ പോകുന്നത്. പനന്തോട്ടം പള്ളിയിലേക്കു വീട്ടില്‍നിന്ന് ഒരു മൈല്‍ ദൂരമുണ്ട്. നടന്നാണു പോകുന്നത്. ഞായറാഴ്ച രാവിലെ പള്ളിയിലേക്കു നടന്നുപോകുമ്പോഴാണു പുറംലോകം കാണുന്നത്. മാമ്മി മനസ്സില്‍ കൂട്ടിവച്ചിരിക്കുന്ന കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞുകൊണ്ടിരിക്കും. ഓരോ തവണ പള്ളിയിലേക്കു നടന്നുപോയതും ഞങ്ങളു സംസാരിച്ചതും എന്‍റെ മനസ്സിലങ്ങനെ കൂമ്പാരം കിടക്കുകയാ. അത്ര രസമായിരുന്നു ആ നടപ്പ്. മാമ്മി കഴിഞ്ഞ കൊല്ലം മരിച്ചുപോയെന്ന് ആരോ എന്നോടു പറഞ്ഞു.”

അമ്മച്ചിയുടെ ഓര്‍മശക്തിയെപ്പറ്റി ജോയിച്ചന്‍ അത്ഭുതപ്പെട്ടു. ഒരിക്കല്‍ പരിചയപ്പെട്ട ആളുടെ പേരുപോലും അമ്മച്ചിയുടെ മനസ്സില്‍ മായാതെ കിടക്കും.
“ഞങ്ങളുടെ കല്യാണം അടുത്തടുത്താ നടന്നത്. അവളെ കെട്ടിച്ചതു കയ്യൂരാ. കാശൊക്കെയുള്ള വീടായിരുന്നു. അഞ്ചാറു മക്കളായപ്പോഴേക്കും കെട്ടിയവന്‍ കള്ളുകുടിയും വേണ്ടാതിനങ്ങളും തുടങ്ങി. വീട്ടിലെന്നും അലമ്പായി. അവളെ അയാള്‍ ഇടിച്ചും അടിച്ചും ഒരു പരുവമാക്കി. മൂത്തത് ആണ്‍കുട്ടിയായിരുന്നു. അവനിട്ടും അയാള്‍ അടിക്കും. തൂണില്‍ പിടിച്ചുകെട്ടിയിട്ടൊക്കെയാണ് അടി. അടികൊണ്ടു പൊട്ടിയ ഇടങ്ങളില്‍ കാന്താരിമുളകു പൊട്ടിച്ചു തേയ്ക്കും. മാമ്മിക്ക് എത്ര അടി കിട്ടിയാലും അവള്‍ സഹിക്കും. തന്‍റെ പൊന്നുമോനെ ഇങ്ങനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും അവന്‍റെ നിലവിളിയും അവള്‍ക്കു സഹിക്കാവുന്നതിനുമപ്പുറമായിരുന്നു.”

“കല്യാണം കഴിഞ്ഞതില്‍പ്പിന്നെ രണ്ടോ മൂന്നോ തവണയാ ഞങ്ങളു തമ്മില്‍ കണ്ടിരിക്കുന്നത്. അന്നൊക്കെ മാമ്മിയെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഓരോ സങ്കടങ്ങളു പറഞ്ഞു.”

അമ്മച്ചിയുടെ കുഴിയിലാണ്ട കണ്ണുകളില്‍ നനവിന്‍റെ തിളക്കം ജോയിച്ചന്‍ കണ്ടു. അറുപതോ എഴുപതോ വര്‍ഷം മുമ്പു കൂട്ടുകാരി മാമ്മിയുടെ സങ്കടങ്ങള്‍ അമ്മച്ചിയുടെ മനസ്സില്‍ കല്ലിച്ചുകിടക്കുകയാണ്.

“അവളെന്നോടു പറഞ്ഞു, അയാള്‍ എന്നെ തല്ലിക്കൊന്നാലും എനിക്കു സങ്കടമില്ല. എന്‍റെ കൊച്ചിനെ അയാള്‍ കൊല്ലാക്കൊല ചെയ്യുന്നത് എനിക്കു സഹിക്കാന്‍ പറ്റുകയില്ല ഏലിയാമ്മേയെന്ന്. അടി മാത്രമല്ല അരിയും നെല്ലും കപ്പയും അയാള്‍ അറയില്‍ എടുത്തുവച്ചു പൂട്ടും. പിന്നെ പട്ടിണിയാണ്. മക്കളും തള്ളയും പട്ടിണി കിടക്കും. വീടിനു പുറത്തിറങ്ങിയാല്‍ തല്ലും. അങ്ങനത്തെ ദുഷ്ടന്മാരും അന്നു ധാരാളമായിരുന്നു. പഴയ കാലം നല്ലതു പുതിയതു മോശം എന്നൊരു വിചാരം നമുക്കുണ്ടല്ലോ. അങ്ങനെയൊന്നുമില്ല. എല്ലാക്കാലവും ഒരുപോലെയാ. ഒരിക്കല്‍ അയാള്‍ക്കൊരു പനി വന്നു. അയാള്‍ മരിച്ചുപോയി. അതു കേട്ടപ്പോള്‍ എനിക്ക് ആശ്വാസം തോന്നിപ്പോയി. പിന്നെ പനന്തോട്ടം പള്ളിയിലെ വല്യപെരുന്നാളിനൊരിക്കല്‍ ഞാന്‍ മാമ്മിയെ കണ്ടു. അവള്‍ നല്ല മിടുക്കത്തിയായി സന്തോഷത്തോടെ ജീവിക്കുന്നു. പെരുന്നാളു കൂടാന്‍ വന്നതാ. എന്നെ കണ്ടതേ അവള്‍ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. അവളുടെ കെട്ടിയവന്‍ മരിച്ചിട്ടു മൂന്നാലു കൊല്ലം കഴിഞ്ഞിരുന്നു. ഞങ്ങള്‍ പള്ളിമുറ്റത്തെ മാവിന്‍റെ തണലിലേക്കു മാറിനിന്നു വിശേഷങ്ങള്‍ പറഞ്ഞു. കെട്ടിയവനു വന്ന പനിയെപ്പറ്റി ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ചുമ്മാ ഒരു പനിയായിരുന്നെടി. പനിച്ചു മൂന്നാലു ദിവസം കിടന്നപ്പോള്‍ അയാള്‍ അവളോടു പറഞ്ഞു, ഗോവിന്ദകണിയാന്‍റെ അടുത്തു പോയി മരുന്നു മേടിക്കാന്‍. അവള്‍ ഗോവിന്ദകണിയാന്‍റെ അടുത്തുചെന്നു വിവരം പറഞ്ഞു. അയാള്‍ ഒരു കഷായത്തിനു കുറിച്ചുകൊടുത്തു. അന്ന് അങ്ങനെയാ. നമ്മള്‍ പറമ്പില്‍നിന്നു പച്ചമരുന്നു പറിച്ചു കഷായം വയ്ക്കണം. അവളെന്നോടു രഹസ്യമായി പറഞ്ഞു ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ടു മനസ്സിനൊരു ഭാരമാ. നിന്നോടു പറയാന്‍ എനിക്കു പേടിയില്ല ഏലിയാമ്മേ. കഷായം വച്ചുകഴിഞ്ഞപ്പോള്‍ അതില്‍ കുറേ പാഷാണം ചേര്‍ത്ത് അയാള്‍ക്കു കൊടുത്തു. അങ്ങനെ ഒരുപാടു കാലം എന്നോടു ചെയ്തതിന് എല്ലാംകൂടെ ഒരുമിച്ച് ഒരു ദിവസം തിരിച്ചുകൊടുത്തു. രണ്ടു നേരം മരുന്നു കൊടുത്തു. നേരത്തോടു നേരം ബോധമില്ലാതെ കിടന്നു മരിച്ചു. പനി കൂടുതലായി മരിച്ചതാണെന്ന് എല്ലാവരും പറഞ്ഞു, അത്രതന്നെ. അങ്ങനെയുള്ള പെണ്ണുങ്ങളും അന്നുണ്ടായിരുന്നു.”

“എന്‍റെ അമ്മച്ചി, ഇങ്ങനെയോരോന്നു ചുമ്മ പറയരുത്; പുലിവാലാകും”- ജോയിച്ചന്‍ അമ്പരപ്പോടെ പറഞ്ഞു.

“ഒന്നുമില്ലെടാ. ഞാനിതു കേട്ടിട്ട് അമ്പതു കൊല്ലം കഴിഞ്ഞിട്ടുണ്ടാകും. ഞാനാരോടും പറഞ്ഞില്ല. മാമ്മിക്ക് എന്നെ അത്ര വിശ്വാസമായിരുന്നു. ഇപ്പം അവളും മരി ച്ചു” – അമ്മച്ചി പറഞ്ഞുകൊണ്ടിരുന്നു. ജോയിച്ചന്‍ അവരുടെ അടുത്തിരുന്ന് അതൊക്കെ കേട്ടു. ഒരിക്കല്‍പ്പോലും പറയാത്ത കാര്യങ്ങള്‍ അമ്മച്ചിയുടെ മനസ്സില്‍ സൂക്ഷിപ്പുകളായി ഉണ്ടെന്നു ജോയിച്ചനു തോന്നി.

ജോയിച്ചനും അന്നക്കുട്ടിയും മടങ്ങിവരുമ്പോള്‍ മേരിക്കുഞ്ഞായിരുന്നു അമ്മച്ചിയുടെ അടുക്കല്‍ ഉണ്ടായിരുന്നത്. ഓനച്ചന്‍ എവിടെയോ ഒരത്യാവശ്യ കാര്യത്തിനു പോയതാണ്.

അടുക്കള ജോലിക്കിടയില്‍ മേരിക്കുഞ്ഞ് അന്നക്കുട്ടിയോടു ബംഗളൂരിലെ വിശേഷങ്ങള്‍ ചോദിച്ചു.

“നീ അവിടത്തെ കാര്യങ്ങളൊന്നും പറഞ്ഞില്ലല്ലോ അന്നക്കുട്ടി…. ആളുകള്‍ ദൂരെ ദിക്കില്‍ പോയിട്ടു വന്നിട്ടു വിശേഷങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ എനിക്കിഷ്ടമാ… എനിക്ക് എങ്ങോട്ടും പോകാന്‍ പറ്റീട്ടില്ല. ഓനച്ചന്‍ ഇടയ്ക്കു പറയും, വേളാങ്കണ്ണിക്കു കൊണ്ടുപോകാം അമ്മേയെന്ന്. പറച്ചിലുമാത്രമേയുള്ളൂ. അവനു മനസ്സില്ലാഞ്ഞല്ല. കയ്യില്‍ പണം വേണ്ടായോ? എന്‍റെ ഓര്‍മയില്‍ വീടുവിട്ട് ഒരിടത്തും പോകാന്‍ ഒത്തിട്ടില്ല. നല്ല പ്രായത്തില്‍ പിള്ളേരുടെ അപ്പനു സുഖക്കേടു വന്നില്ലേ? പിന്നെ മരിക്കുന്നിടംവരെ മരുന്നും ചികിത്സയുമല്ലായിരുന്നോ…? ഒരിടത്തും പോയിട്ടില്ലെന്നു പറയാനും പറ്റുകയില്ല. കൊച്ചുത്രേസ്യാ കുഞ്ഞാച്ചിയുടെ ഉടുപ്പിടിലീനു കൊല്ലത്തു പോയിട്ടൊണ്ട്. കുഞ്ഞാഗസ്തി കുഞ്ഞാങ്ങളയാ കൊണ്ടുപോയത്. കോട്ടയത്തു ചെന്നിട്ടു ബസ്സ് കയറി. അച്ചാമ്മ ചാച്ചിയും കുഞ്ഞേപ്പു ഞാഞ്ഞയുമുണ്ടായിരുന്നു. ബസ്സേ കയറിയപ്പോള്‍ മുതല്‍ ഞാനും ചാച്ചിയും ഛര്‍ദ്ദിക്കാന്‍ തുടങ്ങി. വണ്ടിയേല്‍ കയറിയാല്‍ എനിക്കു ചൊരുക്കും. ഒരു വെളിവുമില്ലാതെയാ കൊല്ലത്തു ചെല്ലുന്നേ. ഒരുതരത്തില്‍ ജീവനോടെ തിരിച്ചു വീട്ടിലെത്തിയെന്നു പറഞ്ഞാല്‍ മതി” – മേരിക്കുഞ്ഞു ചിരിച്ചു.

“യാത്ര ചെയ്യുന്നതു ജോയിച്ചനിഷ്ടമാ. എനിക്ക് എങ്ങോട്ടും പോകണമെന്നില്ല. നമ്മുടെ വീട്ടില്‍ സ്വസ്ഥമായി കഴിയുന്ന സുഖം മറ്റെവിടെയുമില്ല. ജോയിച്ചന്‍ കന്യാകുമാരിയിലും കൊടൈക്കനാലിലും മധുരയിലുമൊക്കെ എന്നെ കൊണ്ടുപോയിട്ടുണ്ട്”- അന്നക്കുട്ടി പറഞ്ഞു.

“ബംഗളൂരു വലിയ പട്ടണമാണല്ലേ?”

“വലിയ പട്ടണമാ. നമ്മുടെ നാട്ടിലെ പിള്ളേരു കൂടുതല്‍ അവിടെയാ; പഠിക്കുന്നവരും ജോലി ചെയ്യുന്നവരും. അതുകൊണ്ട് അന്യദേശമാണെന്നു തോന്നുകയില്ല. എപ്പോഴും തെരക്കോടു തെരക്ക്. ഒരു സമാധാനവുമില്ലാത്ത ജീവിതമാ ചേച്ചി. നല്ല ശമ്പളം കിട്ടുമെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? ജെയ്സിയുടെ ജോലിയൊക്കെ നല്ലതാ. പക്ഷേ രാത്രിയെന്നോ പകലെന്നോ ഇല്ല. കമ്പനി എപ്പോള്‍ വിളിച്ചാലും പോകണം.”

“അങ്ങനെയൊരു ജോലിയുണ്ടോ അന്നക്കുട്ടി?”

“അവിടെ ചില കമ്പനികളില്‍ അങ്ങനെയാ. ഒന്നിനും സമയം കിട്ടാതെ വെപ്രാളപ്പെട്ടു ജീവിക്കുക. എത്ര ചെയ്താലും തീരാത്ത ജോ ലി. നല്ല ശമ്പളം കിട്ടുമല്ലോ എന്നു കരുതി നമ്മുടെ നാട്ടിലെ കുട്ടികള്‍ ഊണും ഉറക്കവുമുപേക്ഷിച്ചു ജോലിയെടുത്തോളും. കുറേ കമ്പനികള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരെപ്പോലെയാണു നമ്മുടെ കുട്ടികളുടെ അവിടത്തെ ജീവിതം.”

“എന്തിനാ അന്നക്കുട്ടി നമ്മുടെ കുട്ടികള്‍ അന്യദേശങ്ങളില്‍ പോയി ഇങ്ങനെ കഷ്ടപ്പെടുന്നത്?”

“അതാണ് എനിക്കു മനസ്സിലാകാത്തത്. എന്‍റെ ചേച്ചി ഓരോരുത്തര് അവിടെ ജീവിക്കുന്നതു കാ ണണം. ഇപ്പോള്‍ കുറേപ്പേര്‍ കല്യാണമൊന്നും കഴിക്കാതെ, ആണും പെണ്ണും ഒരുമിച്ചു താമസിക്കുകയാണ്. വിദേശത്തൊക്കെ അങ്ങനെ ധാരളം പേരുണ്ടത്രേ. കുടുംബമായി ജീവിക്കുമ്പോള്‍ കുറേ ഉത്തരവാദിത്വങ്ങളുണ്ടല്ലോ; മക്കളെ വളര്‍ത്തണം. അങ്ങനെയുള്ള കാര്യങ്ങള്‍ക്കൊന്നും അവര്‍ക്കു നേരമില്ല. തിന്നുക, കുടിക്കുക, ജോലിയെടുക്കുക അത്രയേയുളളൂ ജീവിതം. വലിയ ജോലിക്കാരാ, വിദ്യാഭ്യാസമുള്ളവരാ. പെണ്‍കുട്ടികളാ എല്ലാത്തിനും മുമ്പില്‍. അതൊക്കെ കണ്ടു നമ്മുടെ കുട്ടികളും പഠിക്കുകയാ.”

“നമ്മുടെ നാട്ടിലും കുറേ കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് അന്നക്കുട്ടി. പെണ്ണുങ്ങള്‍ ഇപ്പോള്‍ പഴയപോലെയല്ല. മേല്കീഴ് നോട്ടമില്ല. നീയറിഞ്ഞോ ആ കടുക്കാമൂട്ടിലെ രജനി. അവളുടെ കെട്ടിയവന്‍ ആ സിജോയില്ലേ, ഒരു രാഷ്ട്രീയക്കാരന്‍. വീടും നാടും നോക്കാനറിയാത്തവരാണല്ലോ രാഷ്ട്രീയം കൊണ്ടുനടക്കുന്നത്. കള്ളുകുടിച്ചു തെക്കുവടക്കു നടക്കുക. ഹൈസ്കൂളില്‍ പഠിക്കുന്ന രണ്ടു മക്കളുണ്ട്. കഴിഞ്ഞയാഴ്ച രജനി, അയല്‍പക്കത്തെ കെട്ടിടം പണിക്കു വന്ന ഒരു ഭായിയുടെ കൂടെ ഇറങ്ങിപ്പോയി. ബംഗാളിയോ ആസ്സാമിയോ ഒരുത്തന്‍. എതിലെ പോയെന്നറിയത്തില്ല. രണ്ടു മക്കളെ ഉപേക്ഷിച്ച് അവള്‍ ഒരു പരദേശിയുടെ കൂടെ ഇറങ്ങിപ്പോയെന്നു പറഞ്ഞാല്‍ നമുക്കു വിശ്വസിക്കാന്‍ തോന്നുമോ?”

“ഓനച്ചന്‍ എങ്ങോട്ടു പോയതാ ചേച്ചി?” -വിഷയം മാറ്റാനായി അന്നക്കുട്ടി ചോദിച്ചു.

“ആ വര്‍ക്കിസാര്‍ വിളിച്ചിട്ടു പോയതാ. തൊടുപുഴയോ മറ്റോ എന്തോ ഏര്‍പ്പാടുണ്ടെന്നു പറഞ്ഞു. അഞ്ചു മിനിറ്റ് അടങ്ങിയിരിക്കുന്ന സ്വഭാവം അവനില്ല. ചെറുപ്പം മുതലങ്ങനെയാ. വെളുപ്പിനു നാലു മണിക്കു ഹെഡ്ലൈറ്റുമായി പോയി റബറു വെട്ടും. എട്ടു മണിക്കുമുമ്പേ വേറെ എന്തെങ്കിലും പരിപാടിക്കു പോകാനുണ്ടാകും. ആലിസ് റബര്‍ പാലെടുത്തുകൊള്ളും. പണിയൊക്കെ ചെയ്യാന്‍ അവളും മിടുക്കിയാ കെട്ടോ. അടുക്കളപ്പണിക്കൊന്നും അവള്‍ക്ക് അധികസമയം വേണ്ട. എനിക്കു മുട്ടിനു വേദന തുടങ്ങിയതില്‍പ്പിന്നെ അവളാ പണിയൊക്കെ ചെയ്യുന്നത്. മറ്റുളളവരെപ്പറ്റി കുറ്റം പറയുന്ന സ്വഭാവം മാത്രമാ എനിക്ക് ഇഷ്ടപ്പെടാത്തത്” – മേരിക്കുഞ്ഞു പറഞ്ഞു.

അന്നക്കുട്ടി ചിരിച്ചുപോയി. ലോകത്തുള്ള സകല കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കുന്ന ആളാണു മേരിക്കുഞ്ഞേച്ചി.

“അതു ചെയ്തില്ല, മാടയാണ് കോടയാണ് എന്നൊക്കെ പറഞ്ഞ് ഓനച്ചനു സ്വൈര്യം കൊടുക്കില്ല. കുറെയൊക്കെ കേട്ടില്ലാന്നു നടിച്ച് അവന്‍ നടക്കും. സഹികെടുമ്പോള്‍ അവനും ഒച്ചയെടുക്കും. അതോടെ കുറേ ദിവസത്തേയ്ക്ക് അവള്‍ക്കു സമാധാനമാകും” – മേരിക്കുഞ്ഞു മകളെപ്പറ്റി പറഞ്ഞു ചിരിച്ചു.

വൈകുന്നേരം ഓനച്ചന്‍ ഒരു ഓട്ടോ പിടിച്ചു വന്നു.

“അമ്മ പോരുന്നുണ്ടോ?” – ഓനച്ചന്‍ അടുക്കളയിലേക്ക് എത്തിനോക്കിയിട്ടു ചോദിച്ചു.

“ഓനച്ചന്‍ വന്നല്ലോ. നീയവിടെ ഇരിക്കെടാ. ഞാനിപ്പം വരാം”- മേരിക്കുഞ്ഞു പറഞ്ഞു.

“നാട്ടുകാരുടെ കഥകളു മുഴുവന്‍ പറഞ്ഞുതീര്‍ക്കാന്‍ നില്ക്കാതെ, വേഗം പോരാന്‍ നോക്ക്” – ഓനച്ചന്‍ പറഞ്ഞു.

ഓനച്ചന്‍റെ ശബ്ദം കേട്ടു ജോയിച്ചനും പുറത്തേയ്ക്ക് ഇറങ്ങി വന്നു.

“ഓനച്ചാ എങ്ങോട്ടു പോയതായിരുന്നു?”- ജോയിച്ചന്‍ ചോദിച്ചു.

“അങ്ങനെയിരുന്നപ്പോള്‍ ഒരു പറവൂര്‍കോള് വന്നു എന്നു പറഞ്ഞാല്‍ മതി”- ഓനച്ചന്‍ ചിരിച്ചു.

“നല്ല ഏര്‍പ്പാടു വല്ലതുമാണോടാ?”
“കഴിഞ്ഞ പ്രാവശ്യം സ്കൂള്‍തലത്തിലുളള ജില്ലാ കലോത്സവത്തിന്, ആ വര്‍ക്കിസാര്‍ എന്നെയും വിളിച്ചുകൊണ്ടുപോയിരുന്നു. നാടകത്തിനു മാര്‍ക്കിടാന്‍. ഓനച്ചന്‍ ഉദയപുരം നാടകകൃത്ത് എന്നു വര്‍ക്കിസാര്‍ പറയുന്നതാണു യോഗ്യത. വര്‍ക്കിസാര്‍ ഒരു സര്‍വകലാവല്ലഭനാണല്ലോ. ഒരാളെക്കൂടി കൂട്ടണം വര്‍ക്കിസാറെയെന്നു കലോത്സവത്തിന്‍റെ ഭാരവാഹികള്‍ വിളിച്ചുപറഞ്ഞാല്‍ പുള്ളിക്കാരന്‍ എന്നെ വിളിക്കും. എവിടെച്ചെന്നാലും അങ്ങേരു പറയുന്നതിനപ്പുറമൊന്നുമില്ല. തുകയെഴുതാത്ത വൗച്ചറില്‍ ഒപ്പിട്ടു കൊടുത്താല്‍ ആയിരം രൂപാ കിട്ടും. രൂപാ മേടിച്ചുതരുന്നതും വര്‍ക്കിസാറാണ്. ഓനച്ചാ വൗച്ചറില്‍ അവര്‍ കൂടുതല്‍ തുകയെഴുതും. അങ്ങനെയൊക്കെ ചെയ്തില്ലെങ്കില്‍ ഭാരവാഹികളുടെ കയ്യില്‍നിന്നു കാശു പോകും. നമുക്കു പരാതിയില്ലാത്തതുകൊണ്ടാ ഇടയ്ക്കൊക്കെ നമ്മളെ വിളിക്കുന്നത്. ഇങ്ങനെയൊക്കെ സാറൊരു വിശദീകരണവും നല്കും. എനിക്ക് അതു മതി. ഞാന്‍ വെളുപ്പിനെ റബര്‍ വെട്ടിയിട്ടു പോകുന്നതല്ലേ. ജില്ലാ കലോത്സവത്തിന് എന്‍റെ കൂടെ മാര്‍ക്കിടാന്‍ ജഡ്ജിയായി ഇരുന്നവരില്‍ ഒരാള്‍ ഒരു സീരിയല്‍ സംവിധായകനായിരുന്നു. ഞങ്ങളു തമ്മില്‍ അങ്ങനെയാ പരിചയപ്പെട്ടത്. ഇപ്പോള്‍ പുള്ളിക്കാരന് ഒരു സീരിയലിനു സ്ക്രിപ്റ്റ് എഴുതണം. തൊടുപഴയാ അങ്ങേരുടെ വീട്. അവിടെക്കാ വിളിച്ചത്. ഒരു തട്ടിക്കൂട്ട് കഥ അയാളുടെ അടുത്തുണ്ട്. അതിനു സംഭാഷണമെഴുതികൊടുക്കണം. ഒരു കെട്ടിട ത്തിന്‍റെ പര്യമ്പുറത്തു കഥാപാത്രങ്ങള്‍ ഒത്തുകൂടി സംഭാഷണം പറയണം. വലിയ കലാമൂല്യമൊന്നും വേണ്ട. നല്ല സംഭാഷണം വേണം. പെണ്ണുങ്ങള്‍ വാപൊളിച്ചിരുന്നു കാണണം എന്നൊക്കെ അങ്ങേരു പറഞ്ഞു. ഒരു എപ്പിസോഡിനു ന്യായമായ കാശു കിട്ടും. നിത്യവും പണിയുമുണ്ടാകും. നമുക്കു ശേഷിയുണ്ടെങ്കില്‍ മരിക്കുന്നിടംവരെ കഥ നീട്ടിക്കൊണ്ടുപോകാം. അതാണു സീരിയല്‍. കാശു കിട്ടുമെങ്കില്‍ എന്ത് ഏര്‍പ്പാടായാലും ഓനച്ചന്‍ ഒരു കൈ നോക്കും. അല്ലപിന്നെ!” –

ഓനച്ചന്‍ വിശദീകരണം നല്കിക്കൊണ്ടു ചിരിച്ചു.

അമ്മയെപ്പോലെ തന്നെയാണു മകനും. എന്തായാലും വിശാലമായി വിശദീകരിക്കും. ജോയിച്ചനും ചിരിച്ചു.

“ഓനച്ചനാണോടാ. പോയ കാ ര്യമാക്കെ നടന്നോടാ?” – ഏലിയാമ്മ വിളിച്ചു ചോദിച്ചു.

“ഒരു ചെറിയ ഏര്‍പ്പാടായിരുന്നു അമ്മച്ചി.”

“കാശു വല്ലതും കിട്ടുമോടാ?”

“കാശു കിട്ടാത്ത പണിക്ക് ആരു പോകും അമ്മച്ചി.”

“നിനക്കു കാശിന്‍റെ ബുദ്ധിമുട്ടൊക്കെ മാറി നല്ലകാലം വരുമെടാ ഓനച്ചാ.”

“എന്നൊക്കെയാ എന്‍റെയും പ്രതീക്ഷ.”

“വീട്ടിലിരുന്ന് എഴുതി കൊടുത്താ മതിയോ ഓനച്ചാ. അതോ അവിടെ പോകണോ?” – ജോയിച്ചന്‍ ചോദിച്ചു.

“ഒരു പത്തിരുപത് എപ്പിസോഡ് എഴുതിക്കൊണ്ടു ചെല്ലാന്‍ പറഞ്ഞു. ഇനിയിപ്പം അത് എഴുതിയുണ്ടാക്കാനാ പ്രയാസം. അമ്മയും ആലീസുംകൂടി കൂടിയാല്‍ പിന്നെ വീട്ടില്‍ വല്ല സ്വൈര്യവും കിട്ടുമോ? ഇരുന്ന് എഴുതാനാണെങ്കില്‍ പറ്റിയ സ്ഥലവുമില്ല. ഞാന്‍ എഴുതുന്നതും വായിക്കുന്നതും ആലീസിനിഷ്ടമില്ല. ഒരു റബറുവെട്ടുകാരന് എന്തിനാ എഴുത്തും വായനയും. അവളാണെങ്കില്‍ ഒരക്ഷരം വായിക്കുകയില്ല. വായിക്കുന്നവരെ കണ്ടുകൂടാ. രാത്രി ഞാന്‍ വായിക്കുകയോ എഴുതുകയോ ചെയ്യുന്നതു കണ്ടാല്‍ പറയും, പരീക്ഷയ്ക്കു പഠിക്കുകയല്ലേ? രാവിലെ വെട്ടാന്‍ പോകണ്ടേ? കിടന്നുറങ്ങു മനുഷ്യാ. ഞാന്‍ ഒരു ദിവസം രാവിലെ മരിച്ചാല്‍ അവള്‍ പതംപറഞ്ഞു കരയുന്നതിങ്ങനെയായിരിക്കും. രാവിലെ റബറു വെട്ടിയിട്ട് ഉച്ച കഴിഞ്ഞു മരിച്ചാല്‍ പോരായിരുന്നോ… രണ്ടു പെണ്‍കുഞ്ഞുങ്ങളാണെന്ന് ഓര്‍ത്തില്ലല്ലോ.”

അല്പം ക്രൂരമായ തമാശ പറഞ്ഞ് ഓനച്ചന്‍ ചിരിച്ചു. അയാളുടെ കണ്ണുകളിലെ നനവു ജോയിച്ചന്‍ കണ്ടു.

ചിലര്‍ എന്തെല്ലാം വൈതരണികള്‍ കടന്നാണ് ഓരോ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നതെന്നു ജോയിച്ചനോര്‍ത്തു.

“അമ്മേ പോരുന്നുണ്ടോ?”-ഓനച്ചന്‍ അടുക്കളയിലേക്കു ചെന്നു.

“ദാ വരുന്നു. മുള്ളേല്‍ നില്ക്കുന്നതുപോലെയാ അവന്‍റെ പ്രകൃതം” – മേരിക്കുഞ്ഞു പറഞ്ഞു.

അന്നക്കുട്ടി എന്തോ പൊതി കെട്ടി മേരിക്കുഞ്ഞിന്‍റെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു.

“വീട്ടില്‍ ചെല്ലുമ്പോള്‍ പിള്ളേര്‍ക്കു കൊടുത്തേരെ ചേച്ചി.”

അപ്പോഴാണു ദൂരെനിന്നു സുജിത് നടന്നുവരുന്നതു ജോയിച്ചന്‍ കണ്ടത്.

“സുജിത് വരുന്നുണ്ട്”- ആരോടെന്നില്ലാതെ ജോയിച്ചന്‍ പറഞ്ഞു.

അതുകേട്ട് അന്നക്കുട്ടി പുറത്തേയ്ക്കു വന്നു. ക്ഷീണിച്ച് അവശനായി ജയിലില്‍ നിന്നു വരുന്ന മാതിരി കോലംകെട്ടു വരുന്ന മകനെ കണ്ട് അമ്മ നെടുവീര്‍പ്പിട്ടു.

“ചാകാറായല്ലോ എന്‍റെ മാതാവേ.”

“കോച്ചിംഗ് ക്ലാസ്സ് കഴിഞ്ഞമ്മേ” – വരാന്തയിലേക്കു കയറുമ്പോള്‍ സുജിത് പറഞ്ഞു.

“നിനക്ക് ഒരു ഓട്ടോ വിളിച്ചു പോരാമായിരുന്നില്ല?”- ജോയിച്ചന്‍ ചോദിച്ചു.

‘ബസ്സിറങ്ങിയപ്പോള്‍ നടക്കാമെന്നു തോന്നി. നാടും വീടുമൊക്കെ കണ്ടിട്ട് ഒരുപാടു കാലമായെന്നൊരു തോന്നല്‍. പഠിച്ചു പഠിച്ചു വെളിവില്ലാതെയായി” – സുജിത് പറഞ്ഞു.

ജോയിച്ചന്‍ സങ്കടത്തോടെ അവനെ നോക്കിനിന്നു.
(തുടരും)

Leave a Comment

*
*