Latest News
|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 9

ആയുഷ്ക്കാലം – അദ്ധ്യായം 9

Sathyadeepam

ജോസ് ആന്‍റണി 

ഞായറാഴ്ചകളില്‍ രാവിലെ ഉദയഗിരി പള്ളിയിലേക്കു നടന്നുപോകുന്നതാണു സുജിത്തിനിഷ്ടം. രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട്. പപ്പ സ്കൂട്ടര്‍ കൊണ്ടുപൊയ്ക്കോ എന്നു പറഞ്ഞതാണ്.

പള്ളിയിലേക്കെന്നല്ല, ചെറിയ ദൂരങ്ങളിലെല്ലാം നടന്നുപോകണം. ഒരു ഗ്രാമപ്രദേശത്തുകൂടെ ഒറ്റയ്ക്കു നടന്നുപോകുമ്പോള്‍ കിട്ടുന്ന അനുഭൂതി വിശേഷങ്ങള്‍ സുജിത്തിനെന്നും ഹരമാണ്.

ആ നടപ്പിലാണ് ഓര്‍മകളുടെ പൂക്കാലമുണ്ടാകുന്നത്. ഓര്‍മകളുടെ മൊട്ടുകളെ തഴുകി വിരിയിക്കുന്ന പലതും ആ നടപ്പുവഴിയോരങ്ങളില്‍ ഉണ്ടാകും.
റോഡുകള്‍ ധാരാളം വന്നെങ്കിലും പഴയ ആ നടപ്പു വഴി വലിയ മാറ്റമില്ലാതെ ഇന്നും നിലനില്ക്കുന്നു. റബര്‍ത്തോട്ടങ്ങള്‍, നെല്‍പ്പാടങ്ങളുടെ നടവരമ്പുകള്‍, കൈത്തോടിനു കുറുകെ തടിപ്പാലങ്ങള്‍, ഇടവഴികള്‍, കുത്തുകല്ലുകള്‍. ജെയ്സിചേച്ചിക്കൊപ്പം പത്തു വര്‍ഷം ഉദയഗിരി സ്കൂളിലേക്ക്, ഈ വഴിച്ചാലുകളിലൂടെ നടന്നുപോയി.

എത്രമാത്രം നടന്നു. എന്നിട്ടും പുതുമ നഷ്ടപ്പെടാത്ത വഴി ഇതു മാത്രമാണെന്നു സുജിത്തിനു തോന്നാറുണ്ട്. അമ്മച്ചിയും മരിച്ചുപോയ വല്യപ്പച്ചനും ഇതു വഴി നടന്നിട്ടുള്ളവരാണ്. ഈ വഴിയെ നടന്നുപോകുന്നവര്‍ക്കെല്ലാം വ്യത്യസ്തമായ അനേകം ഓര്‍മകള്‍, ചിന്തകള്‍, അനുഭവങ്ങള്‍ ഒക്കെയും സമ്മാനമായി ലഭിക്കുന്നു.
റബര്‍ത്തോട്ടത്തിലൂടെ നടക്കുമ്പോള്‍ റബര്‍വെട്ടുകാരനായിരുന്ന കുഞ്ഞേട്ടനെ ഓര്‍മിക്കുന്നു. സിനിമാപാട്ടുകള്‍ പാടിക്കൊണ്ടു റബര്‍ വെട്ടുന്ന കുഞ്ഞേട്ടന്‍. പാണല്‍, പെരുകിലം തുടങ്ങിയ കുറ്റിച്ചെടികള്‍ക്കിടയില്‍ കരിയിലക്കിളികള്‍ പാറിനടക്കുന്നതു കാണുമ്പോള്‍, കൂടെ സ്കൂളില്‍ പഠിച്ചിരുന്ന ചിന്നമ്മയെ ഓര്‍മിക്കും. കരിയിലക്കിളികളെപ്പോലെ സദാ ചിലച്ചുകൊണ്ടിരുന്നു ചിന്നമ്മ. കൈത്തോടുകളിലെ ഒഴുക്കുവെള്ളത്തിന്‍റെ ഇരമ്പം, പാടത്തു പണി കഴിഞ്ഞു കൈത്തോട്ടില്‍ കുളിക്കുന്ന അയ്യപ്പനെ ഓര്‍മിപ്പിക്കും. കനല്‍ച്ചെടികളില്‍ ഇളംകാറ്റടിക്കുമ്പോള്‍ ഉണ്ടാകുന്ന ഓളങ്ങള്‍, സ്കൂള്‍ അസംബ്ലിക്കു മുന്നേ ഡ്രില്ല് മാസ്റ്റര്‍ അച്യുതന്‍ സാര്‍ കുട്ടികളെക്കൊണ്ടു നടത്തിക്കുന്ന ഡിസ്പ്ലേ ഓര്‍മപ്പെടുത്തും.

മനസ്സില്‍ സൂക്ഷിച്ചിരുന്ന അപൂര്‍വം സൂക്ഷിപ്പുകളെല്ലാം ചോര്‍ത്തിക്കളഞ്ഞു. ഗണിതവും ശാസ്ത്രവും അടിച്ചുനിറയ്ക്കുന്ന എന്‍ട്രന്‍ സ് കോച്ചിംഗ് ക്ലാസ്സുകള്‍ അവസാനിച്ചപ്പോള്‍ ഈ വഴികളിലൂടെ ആകാവുന്നിടത്തോളം നടക്കണമെന്ന കൊതിയായിരുന്നു. മനസ്സില്‍നിന്നു നഷ്ടപ്പെട്ടതൊക്കെയും തിരിച്ചുപിടിക്കാനുള്ള ആവേശം.

അങ്ങനെ അലസം നടന്നു സുജിത് പള്ളിയിലെത്തി. ആ പള്ളിയോടും സുജിതിനു ഹൃദയബന്ധമുണ്ട്. ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനായി, കുട്ടിക്കാലം മുതല്‍ സുജിതിനു മാത്രമായി ഒരിടമുണ്ട് ഈ പള്ളിയില്‍. ഇടവകപള്ളിയില്‍ മാത്രമേ അങ്ങനെ സ്വന്തമായി ഒരിടം ലഭിക്കുകയുള്ളൂ.

എന്‍ട്രന്‍സ് പരീക്ഷയ്ക്ക് എളുപ്പമുണ്ടാകണം, റാങ്ക് ലിസ്റ്റില്‍ മുമ്പിലുണ്ടാവണം. അതു മാത്രമേ പ്രാര്‍ത്ഥിക്കാനുള്ളൂ. പപ്പയ്ക്കു നിരാശയുണ്ടാകരുത്. തന്നെപ്പറ്റി സങ്കടവും ഇച്ഛാഭംഗവും തോന്നരുത്.

ദിവ്യബലിക്കുശേഷം പള്ളിമുറ്റത്തെ മാവിന്‍ചുവട്ടില്‍ നില്ക്കുമ്പോള്‍, സുഹൃത്ത് സാജന്‍ വന്നു തോളില്‍ തട്ടി ചോദിച്ചു: “എടാ സുജിത്തേ, എന്നു വന്നെടാ?”
പ്ലസ് ടൂ വരെ സ്കൂളില്‍ സാജന്‍ ഒരുമിച്ചുണ്ടായിരുന്നു. സുജിത് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി വഴിപിരിഞ്ഞപ്പോള്‍ സാജന്‍ അടുത്ത കോളജില്‍ ഡിഗ്രിക്കു ചേര്‍ന്നു.
കഴിഞ്ഞ പരീക്ഷയില്‍ രക്ഷപ്പെട്ടില്ല. ഒരു വര്‍ഷം വീണ്ടും കോച്ചിംഗ് ക്ലാസ്സില്‍ പോയി. അങ്ങനെ രണ്ടു വര്‍ഷം നഷ്ടപ്പെട്ടു.

പപ്പയുടെ നിര്‍ബന്ധംകൊണ്ടാണു രണ്ടാമതും ശ്രമിക്കാമെന്നു തീരുമാനിച്ചത്. മകന്‍ ഒരു ഡോക്ടറായി കാണാനുള്ള പപ്പയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള പരിശ്രമം എന്നേ പറയാനാവൂ.

സാജന്‍റെ കൈപിടിച്ചു പള്ളിമുറ്റം കടന്നു റോഡിലെത്തിയപ്പോള്‍ അവന്‍ പറഞ്ഞു: “നമുക്കു പിള്ളേച്ചന്‍റെ ചായക്കടയില്‍ കയറി ഒരു ചായ കുടിക്കാം.”
“എനിക്കു വേണ്ട. ഞാന്‍ വീട്ടിലേക്കല്ലേ പോകുന്നത്” – സുജിത് പറഞ്ഞു.

“നീ വാടാ. ഒത്തിരി കാലംകൂടി കണ്ടതല്ലേ?”

അവര്‍ ചായക്കടയിലേക്കു കയറി. ഉദയഗിരി പള്ളിക്കവലയില്‍ എത്രയോ കാലമായി ഒരു മാറ്റവുമില്ലാതെ പിള്ളേച്ചനും പിള്ളേച്ചന്‍റെ ചായക്കടയും. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഈ ചായക്കട കാണുന്നതാണ്. കൂടെ പഠിക്കുന്ന ചില കുട്ടികള്‍ സ്കൂള്‍ വിട്ടുവരുമ്പോള്‍ അവരുടെ അപ്പച്ചന്മാര്‍ അവരെ ചായക്കടയില്‍ വിളിച്ചുകയറ്റി ചായയും പലഹാരവും വാങ്ങി കൊടുക്കും. പക്ഷേ, തനിക്കൊരിക്കലും ആ ഭാഗ്യം ഉണ്ടായിട്ടില്ല.

ചില്ലലമാരയില്‍ എണ്ണയില്‍ മൊരിഞ്ഞ പലഹാരങ്ങളെ കൊതിയോടെ നോക്കിക്കൊണ്ടാണു കടയുടെ മുമ്പിലൂടെ കടന്നുപോയിരുന്നത്. ഒരിക്കല്‍ ഓനച്ചന്‍ ചേട്ടനാണ് ഇവിടെനിന്നു ചായയും പരിപ്പുവടയും വാങ്ങിത്തന്നത്. അന്നു കഴിച്ച പരിപ്പുവടപോലെ രുചിയുള്ള പ ലഹാരം പിന്നെയൊരിക്കലും കഴിച്ചിട്ടില്ല.

“രണ്ടു ചായ”-സാജന്‍ പിള്ളേച്ചനു നേരെ പറഞ്ഞു.

സാജന്‍റെ പോക്കറ്റില്‍ എപ്പോഴും പണമുണ്ട്. അവന്‍റെ പപ്പ ഗള്‍ഫിലാണു ജോലി ചെയ്യുന്നത്. അവന്‍റെ മമ്മിയും ഗള്‍ഫില്‍ നഴ്സായിരുന്നു. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാറായപ്പോള്‍ അവര്‍ ജോലി മതിയാക്കി നാട്ടിലേക്കു പോന്നു.

“എടാ എന്നാണ് എക്സാം?”-സാജന്‍ ചോദിച്ചു.

“ഉടനെ ഉണ്ടാകും” – ചില്ലലമാരയില്‍ പരിപ്പുവടയുണ്ടോ എന്നു നോക്കിക്കൊണ്ടു സുജിത് പറഞ്ഞു.

ചായ കൊണ്ടുവന്നു വച്ചിട്ടു പിള്ളേച്ചന്‍ ചോദിച്ചു: “കടിക്കാന്‍ വല്ലതും വേണോ പിള്ളേരെ?”

“പരിപ്പുവട.”

“പരിപ്പുവട ആയില്ല.”

“എന്തോന്നു പരിപ്പുവടയാടാ. പിള്ളേച്ചന്‍റെ വെള്ളയപ്പവും കടലക്കറിയും ലോകപ്രസിദ്ധമല്ലേ? പിള്ളേച്ചാ അപ്പവും കടലക്കറിയും” – സാജന്‍ പറഞ്ഞു.
ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ സാജന്‍ പഴയ കൂട്ടുകാരുടെ വിശേഷങ്ങള്‍ പറഞ്ഞു: “നമ്മുടെ തോമാച്ചന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്നു. ജയരാജ് സേലത്താ, ബിടെക്കിന്. അവന്‍ ഭയങ്കര ടെന്‍ഷനിലാ. ആദ്യസെമസ്റ്ററിന്‍റെ കുറേ പേപ്പറുകള്‍ എഴുതിയെടുക്കാനുണ്ട്. ശ്രീനി അവന്‍റെ അച്ഛന്‍റെ കൂടെ ടൗണില്‍ കടയിലാ.”

“നീ നീതുവിനെ കാണാറുണ്ടോ?”

“ഓ… അവള്‍ കൈവിട്ടുപോയെടാ. ഡല്‍ഹിയിലാണെന്നു പറയുന്നതു കേട്ടു. അതിലൊന്നും ഒരു കാര്യവുമില്ലെടാ. സ്കൂളില്‍ പഠിക്കുമ്പോള്‍ നമുക്കു ചിലരോട് ഇഷ്ടം തോന്നും. കോളജില്‍ ചെല്ലുമ്പോള്‍ ഇഷ്ടം തോന്നുന്ന ചിലരുണ്ടാകും. അതൊക്കെ മിക്കവാറും അവിടംകൊണ്ട് അവസാനിച്ചുപോകും. അല്ലെങ്കില്‍ത്തന്നെ നമ്മുടെ ഇഷ്ടവും നമ്മുടെ ജീവിതവും തമ്മില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാകാറില്ല. നമുക്ക് ഇഷ്ടമുള്ള വിഷയം നമുക്കു പഠിക്കാന്‍ കഴിയാറില്ല. നമുക്ക് ഇഷ്ടമുള്ള ജോലി ലഭിക്കാറില്ല. ഇഷ്ടമുള്ള സ്ഥലത്ത്, നമ്മുടെ ഇഷ്ടത്തിനനുസരിച്ചു നമുക്കു ജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല, ഇഷ്ടമുളള പെണ്ണിനെ കിട്ടാറില്ല. ഇഷ്ടങ്ങളെല്ലാം ത്യജിച്ചു ബാക്കിവരുന്ന ഏര്‍പ്പാടിനെ ജീവിതമെന്നു പറയാം”- സാജന്‍ പറഞ്ഞു ചിരിച്ചു.

“കഴിഞ്ഞ ഒരു വര്‍ഷം ഒരു ഹോസ്റ്റലില്‍ താമസിച്ചാണു കോച്ചിംഗ് ക്ലാസ്സില്‍ പോയത്. മനുഷ്യനെ കമ്പ്യൂട്ടറാക്കുന്ന ഒരാളാണ് ആ സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരന്‍. ഓര്‍ക്കുമ്പോള്‍ ചിരി വരും. കാശു കൊടുത്തു നമ്മള്‍ വാങ്ങുന്ന പീഡനം! ആകെയുണ്ടായ നേട്ടമെന്നു പറഞ്ഞാല്‍, ഹോസ്റ്റലിനു പുറത്തുനിന്ന് ഇപ്പോള്‍ എന്തു കഴിച്ചാലും അപാര രുചിയാ. ഈ അപ്പവും കടലക്കറിയും എത്രയായാലും മതിയാവില്ല” – സുജിത് പറഞ്ഞു.

“ഈ അപ്പവും കടലക്കറിയും പിള്ളേച്ചന്‍റെ സ്പെഷ്യലാ. പത്തുനാല്പതു വര്‍ഷമായി ഗവേഷണം നടത്തി രുചി വര്‍ദ്ധിപ്പിച്ചെടുത്ത സാധനം. അതിനു സ്വാദ് തോന്നുന്നതു നീ ഹോസ്റ്റലില്‍ കിടന്നതുകൊണ്ടൊന്നുമല്ല” – സാജന്‍ ചിരിച്ചു.

അവര്‍ ചായക്കടയില്‍ നിന്നിറങ്ങി. ചായക്കടയോടു ചേര്‍ന്നു റോഡരുകില്‍ വച്ചിരുന്ന ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ടു സാജന്‍ പറഞ്ഞു: “കയറെടാ. എന്‍റെ വീട്ടിലൊന്നു കയറിയിട്ടുപോകാം. മമ്മി മിക്കവാറും നിന്നെപ്പറ്റി ചോദിക്കും.”

സുജിത് ബൈക്കിനു പിന്നില്‍ കയറി.

“നീ എന്നാടാ ബൈക്ക് മേടിച്ചത്?”

“കോളജില്‍ പോകണമെങ്കില്‍ അര മണിക്കൂര്‍ ബസ് യാത്രയുണ്ട്. അതു മഹാദുരിതമാ. കഴിഞ്ഞ പ്രാവശ്യം ഡാഡി അവധിക്കു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, ഒരു ബൈക്ക് വാങ്ങിത്തരണമെന്ന്. അല്ലെങ്കില്‍ കോളജില്‍ പോക്ക് അവസാനിപ്പിക്കുമെന്നൊരു ഭീഷണി. പിറ്റേന്നു ബൈക്ക് റെഡി” – സാജന്‍ പറഞ്ഞു.

“പഠനം നടക്കുന്നുണ്ടോ?” – സുജിത് ചോദിച്ചു.

“ബൈക്ക് മേടിച്ചുതരുമ്പോള്‍ ഡാഡി പറഞ്ഞു. മരുഭൂമിയില്‍ അടിമയെപ്പോലെ പണി ചെയ്തുണ്ടാക്കുന്ന കാശാ. നിങ്ങള്‍ക്കുവേണ്ടിയാ കഷ്ടപ്പെടുന്നത്. എന്നെ കഷ്ടത്തിലാക്കരുതെന്ന്. അതൊക്കെ കേട്ടാല്‍ എങ്ങനെയാടാ പഠിക്കാതിരിക്കുന്നത്?”

സാജന്‍ വീടിന്‍റെ പോര്‍ച്ചില്‍ കയറ്റി ബൈക്ക് നിര്‍ത്തി.

“കയറിവാടാ” – അവന്‍ പറഞ്ഞു.

“മമ്മീ, സുജിത് വന്നിട്ടുണ്ടേ” – സാജന്‍ വിളിച്ചുപറഞ്ഞു. അടുക്കളയില്‍ നിന്നു ലിസമ്മയാന്‍റി ഇരിപ്പുമുറിയിലേക്കു വന്നു.

“മമ്മീ, സത്കരിക്കണമെന്നു വല്ല പ്ലാനുമുണ്ടെങ്കില്‍ ചെയ്തോണം. ഡോക്ടറായി കഴിഞ്ഞാല്‍ പിന്നെ കണി കാണാന്‍ കിട്ടുകയില്ല.”

“എക്സാം കഴിഞ്ഞോ സുജിത്തേ?”

“ഇല്ല ആന്‍റി.”

“ഇപ്രാവശ്യം റാങ്ക് ഉറപ്പിക്കാം, അല്ലേ?”

“ഒന്നും പറയാന്‍ കഴിയില്ല. ഇതൊക്കെ ലോട്ടറി ടിക്കറ്റെടുക്കുന്ന പോലെയാ. ചിലപ്പോള്‍ സമ്മാനം കിട്ടാം. സത്യം പറഞ്ഞാല്‍ എന്‍ട്രന്‍ സ് കോച്ചിംഗ് കഴിഞ്ഞപ്പോഴേക്കും പരീക്ഷയെഴുതാനുള്ള താത്പര്യം കൂടി നഷ്ടമായി. പപ്പയ്ക്ക് ഒരാഗ്രഹമുണ്ട്. അതുകൊണ്ടാ കഷ്ടപ്പെടുന്നത്.”

“നിന്‍റെ പപ്പയും ഞാനും ഉദയഗിരി സ്കൂളില്‍ ഒരുമിച്ചു പഠിച്ചതാ. പ്രീഡിഗ്രിക്കു സെന്‍റ് തോമസ് കോളജില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ജോയിച്ചനും പഠിക്കാന്‍ മിടുക്കനായിരുന്നു. പ്രീഡിഗ്രിക്കുശേഷം ഞാന്‍ നഴ്സിഗിനു പോയി. എന്തിനാ ലിസമ്മേ നഴ്സിംഗിനു പോകുന്നത് എന്നു ജോയിച്ചന്‍ ചോദിച്ചു. ഡിഗ്രിക്കു ചേരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ നാട്ടില്‍ എന്തെങ്കിലും തൊഴിലു ലഭിക്കുമായിരുന്നു” – ലിസമ്മ പറഞ്ഞു.

“നഴ്സായതുകൊണ്ടെന്താ കുഴപ്പം? ഇവിടെ ഒരായുസ്സു മുഴുവന്‍ പണിയെടുത്താല്‍ കിട്ടാത്ത കാശ് അവിടെ ചുരുങ്ങിയ കാലംകൊണ്ട് ഉണ്ടാക്കിയില്ലേ?” – സുജിത് ചോദിച്ചു.

“സമ്പാദിച്ച കാര്യമൊന്നും പറയണ്ട” എന്നു പറഞ്ഞു ലിസമ്മ വിദ്യാഭ്യാസകാലത്തെപ്പറ്റിയുള്ള ഓര്‍മകളില്‍ മുഴുകി അല്പനേരം നിന്നു.

ജോയിച്ചനോടു രഹസ്യമായ ഒരിഷ്ടം ഹൈസ്കൂള്‍ കാലത്തു തന്നെ മനസ്സില്‍ കൊണ്ടുനടന്നവളാണു ലിസമ്മ. നഴ്സിംഗിനു പഠിക്കാന്‍ മംഗലാപുരത്തു പോയതില്‍ പിന്നെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. പഠനം കഴിഞ്ഞ ഉടനെ ഗള്‍ഫില്‍ പോകാനും ജോലി നേടാനും അവസരമുണ്ടായി.

സുജിത്തിനെപ്പോലെ തന്നെയായിരുന്നു ജോയിച്ചനും, ആര്‍ക്കും ഇഷ്ടം തോന്നുന്ന പ്രകൃതം.

ഗള്‍ഫില്‍ ജോലി കിട്ടുമ്പോഴും ജോയിച്ചന്‍ മനസ്സിലുണ്ടായിരുന്നു. ഏറെ താമസിക്കാതെ വിവാഹാലോചനകള്‍ വന്നു. വീട്ടില്‍നിന്നു സമ്മര്‍ദ്ദമുണ്ടായി. അലക്സിനു ഗള്‍ഫില്‍ ജോലിയുണ്ടായിരുന്നു. അങ്ങനെ വിവാഹവും നടന്നു.

“സുജിത്തായിരുന്നോ! സാറെന്നാ വന്നത്?”- മുറിക്കുള്ളില്‍നിന്നു പുറത്തേയ്ക്കു വന്ന മെറിന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു. സാജന്‍റെ ഇളയവളാണു മെറിന്‍.
മെറിനെ കാണണമെന്നു സുജിത്തിന് ഒരാഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണു സാജന്‍ വിളിച്ചതേ അവന്‍ കൂടെ കൂടിയത്.

“മെറിന്‍ നീ തടിച്ചിയായിട്ടുണ്ട്. ഇനി ഇറച്ചിക്കോഴിയൊന്നും തിന്നേക്കരുത്; ചാറപോലെയാകും” – സുജിത് ചിരിച്ചു.

“ഡോക്ടറാകുന്നതിനുമുമ്പുതന്നെ ചികിത്സ തുടങ്ങിയോ?” – മെറിന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

മെറിന്‍റെ നക്ഷത്രക്കണ്ണുകള്‍ തിളങ്ങി.

“അല്ലെങ്കിലും കോഴി എത്ര കിട്ടിയാലും അവള്‍ വിടുകയില്ല” – സാജന്‍ പറഞ്ഞു.

“പ്ലസ് ടൂ കഴിഞ്ഞു മെറിന് എന്താ പരിപാടി?” – സുജിത് ചോദിച്ചു.

“എന്‍ജിനീയറിംഗിന് എന്‍ട്രന്‍സ് പരീക്ഷയെഴുതിക്കണമെന്ന് അച്ചായന്‍ പറയുന്നുണ്ട്. പെണ്ണിന് ഉത്സാഹമില്ല” – ലിസമ്മ പറഞ്ഞു.

“എന്‍ട്രന്‍സ് പരീക്ഷ അത്ര എളുപ്പമാണോ സുജിത്?”- മെറിന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

ഈ പെണ്ണിന്‍റെ ഒരു ചിരി! ചിരിക്കുമ്പോള്‍ അവളുടെ മുഖത്ത് അഴകിന്‍റെ കടലിളകുന്നു! സുജിത് മനസ്സിലുരുവിട്ടു.

“എന്‍റെ അനുഭവത്തില്‍ നിന്നു പറഞ്ഞാല്‍ ഇത്തരം ഏര്‍പ്പാടിനു പോകാതിരിക്കുന്നതാണു നല്ലത്. ഡിഗ്രിക്കു പഠിക്കുക. കിട്ടുന്ന ജോലി ചെയ്തു സമാധാനമായി ജീവിക്കുക. എന്‍ട്രന്‍സ് തുടങ്ങിയുള്ള ഏര്‍പ്പാടുകള്‍ വലിയ തട്ടിപ്പുകേസാ. രാജ്യത്തിനോ സമൂഹത്തിനോ ഉപകാരപ്പെടാത്ത ഹൈപ്രഷര്‍ ജനറേഷനെ രൂപപ്പെടുത്തുന്നതില്‍ ഇത്തരം വിദ്യാഭ്യാസരീതികള്‍ക്കു പ്രധാന പങ്കുണ്ട്. എല്ലാവരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ആയാല്‍ ഇവിടെ സ്വര്‍ഗരാജ്യമാകുമോ? എന്തും ഒരുപാടുണ്ടായാല്‍ അതിന്‍റെ വിലയിടിയും. ഇപ്പോള്‍ത്തന്നെ ഏറെ കഷ്ടപ്പെട്ടു ബിടെക് എടുത്തവര്‍ പലരും ക്ലര്‍ക്ക് ജോലി ചെയ്യുകയാ. പ്ലസ് ടൂ കഴിഞ്ഞവര്‍ക്കു ചെയ്യാവുന്ന ജോലിയാ അത്. അതുപോലെ തന്നെയാ ഡോക്ടര്‍മാര്‍ അധികമായാലും. ഈ രാജ്യത്തു മുഴുവന്‍ ആളുകളും രോഗികളായാലും ഡോക്ടര്‍മാര്‍ മിച്ചമാകും. രോഗമില്ലാത്തവരെയും അവര്‍ ചികിത്സിച്ചു രോഗികളാക്കും. ഒരു ഡോക്ടറുടെ പ്രാര്‍ത്ഥനയെന്താണ്? സമൃദ്ധമായി രോഗികളെ കിട്ടണം. താനല്ലാതെ മറ്റൊരാളും ആരോഗ്യത്തോടെ ഉണ്ടാകരുതെന്നു ഡോക്ടര്‍മാര്‍ ആഗ്രഹിക്കും. രാജ്യം മുഴുവന്‍ രോഗികളെ കൊണ്ടുനിറഞ്ഞാലേ അവരുടെ തൊഴില്‍ ഭംഗിയായി നടക്കൂ. ഒരാശുപത്രി നന്നായി നടക്കണമെന്നു നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍ ആ നാട്ടില്‍ ഒരുപാടു രോഗികളുണ്ടാകണമെന്നുകൂടി അര്‍ത്ഥമുണ്ട്. ഞാന്‍ പപ്പയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഒരുങ്ങുന്നത്. കോച്ചിംഗ് തുടങ്ങുമ്പോള്‍ മുതല്‍ നമുക്കു ടെന്‍ഷനാ” – സുജിത് പറഞ്ഞു.

“ഇതൊക്കെ മനസ്സിലുണ്ടെങ്കില്‍ എന്തിനാണു സുജിത്തേ പപ്പയുടെ നിര്‍ബന്ധത്തിനു വഴങ്ങിയത്?” – മെറിന്‍ ചോദിച്ചു.

“മെറിന്‍, നമ്മള്‍ കുട്ടികളെ, മാതാപിതാക്കള്‍ ചാലുകീറി അവര്‍ക്കിഷ്ടമുള്ളിടത്തേയ്ക്ക് ഒഴുക്കിവിടുകയാണ്. എനിക്ക് എന്‍ട്രന്‍സ് കോച്ചിംഗ് നല്കുന്ന അദ്ധ്യാപകന്‍ പണക്കൊതിയനായ ഒരു മാനസികരോഗിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അയാള്‍ ഒരു മാനുഷിക പരിഗണനയും നല്കുന്നില്ല. കുട്ടികളെ വെറും യന്ത്രങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് അവിടെ നടക്കുന്നത്. ഇത്തരം അനുഭവങ്ങളില്‍ നിന്നാണു പുതിയ ചിന്തകളുണ്ടാകുന്നത്. പുറത്തു കാഴ്ചക്കാരായി നില്ക്കുന്നവര്‍ക്ക്, ഇവിടത്തെ കുട്ടികള്‍ മാതാപിതാക്കളുടെ അത്യാര്‍ത്തിക്ക് ഇരകളായിത്തീരുന്നുവെന്നു പറയുന്നതിന്‍റെ പൊരുള്‍ മനസ്സിലാവില്ല.”

“സുജിത്തേ, മാതാപിതാക്കള്‍ മക്കളുടെ നന്മയെ കരുതിയല്ലേ, അവര്‍ക്കു നല്ലൊരു ജീവിതമുണ്ടാകാന്‍വേണ്ടിയല്ലേ ഇങ്ങനെയൊക്കെ നിര്‍ബന്ധിക്കുന്നത്?” – ലിസമ്മ ചോദിച്ചു.

“എന്‍റെ ആന്‍റി, നല്ല ജീവിതം എന്നു പറഞ്ഞാല്‍ എന്താണ്? എന്‍ജിനീയറും ഡോക്ടറും ആകുന്നതാണോ? പണ്ട് ഇവിടെ ജീവിച്ചവര്‍ ആരും നല്ല ജീവിതം നയിച്ചവരല്ലേ? എന്തെല്ലാം തരത്തിലാണു നമ്മുടെ മനോഹരമായ ജീവിതം നമ്മള്‍ പാഴാക്കിക്കളയുന്നത്? സുഖമായി ജീവിക്കാന്‍, പരമപ്രധാനമായി ആഹാരവും വസ്ത്രവും ഒരു ചെറിയ വീടും വേണം. നമ്മു ടെ നാട്ടില്‍ ഏതു തൊഴില്‍ ചെയ്താലും സുഖമായി ജീവിക്കാനുള്ള പണം ലഭിക്കുമെന്നതാണു സത്യം.”

ലിസമ്മ സുജിത്തിനോടു തര്‍ക്കിച്ചില്ല. സുഖജീവിതം ലഭിക്കുമെന്നു കരുതിയാണു നഴ്സിംഗ് പഠിച്ചു ഗള്‍ഫിനു പോയത്, അവിടെ അറബികള്‍ക്കുവേണ്ടി അടിമപ്പണി ചെയ്തത്. ഒരിക്കല്‍ ഒരറബിസ്ത്രീക്ക് ഇന്‍ജെക്ഷനെടുത്തപ്പോള്‍ അവള്‍ക്കു വേദനിച്ചു എന്നു പറഞ്ഞുകൊണ്ടു കരണത്തടിച്ചു. എത്ര പേര്‍ മുഖത്തു തുപ്പിയിരിക്കുന്നു. പണം കിട്ടുന്നതിനായി എല്ലാം സഹിച്ചു. അതു സുഖജീവിതമായിരുന്നോ? അവിടെ ക ഷ്ടപ്പെട്ടു സമ്പാദിച്ചതെല്ലാം അലക്സിന്‍റെ പെങ്ങന്മാരെ വിവാഹം കഴിച്ചയയ്ക്കാനും തറവാടു വീടു പുതുക്കിപ്പണിയാനും ചെലവാക്കി. എല്ലാം കഴിഞ്ഞപ്പോള്‍ അലക്സ് ആ വീട്ടില്‍ അന്യനായി.

അപ്പച്ചന്‍ കുടുംബസ്വത്തായി തന്ന അരയേക്കര്‍ സ്ഥലത്താണ് ഈ വീടു പണി കഴിപ്പിച്ചത്. അതിന്‍റെ കടം വീട്ടാന്‍ അലക്സ് ഇപ്പോഴും അന്യരാജ്യത്ത് ഒറ്റയ്ക്കു ജോലി ചെയ്യുകയാണ്. കുട്ടികള്‍ സ്കൂളില്‍ പോകാറായപ്പോള്‍ അലക്സ് പറഞ്ഞു: “ലിസമ്മ കുട്ടികളെ കൂട്ടി നാട്ടിലേക്കു പൊയ്ക്കൊള്ളൂ. നമ്മുടെ ജീവിതമോ പോയി, നമ്മുടെ മക്കളുടെ ജീവിതമെങ്കിലും കളയാതെ നോക്കാം.” അവിടെ കുരുന്നു പിള്ളേര്‍ പുറത്തിറങ്ങിയാല്‍ പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോകുന്ന കാട്ടറബികളുണ്ട്. പിന്നെ മരുഭൂമിയില്‍ എറിയപ്പെട്ട നിലയില്‍ അതുങ്ങളുടെ ശവശരീരമാണു കിട്ടുക. രണ്ടുപേരും ജോലിക്കു പോകുമ്പോള്‍ കുട്ടികളെ എങ്ങനെ സംരക്ഷിക്കും? ആ അരക്ഷിതാവസ്ഥകൊണ്ടാണു ജോലിയുപേക്ഷിച്ചു മക്കളെയും കൂട്ടി നാട്ടിലേക്കു പോന്നത്. ഓരോ ദിവസവും അലക്സ് അവിടെനിന്നു വിളിച്ച് ഓരോ സങ്കടങ്ങള്‍ പറയും. തനിക്കും ഇവിടെ നിന്നു സങ്കടങ്ങളെ പറയാനുള്ളൂ. സങ്കടങ്ങള്‍ ഫോണിലൂടെ പങ്കുവയ്ക്കുവാനായി ചില ജീവിതങ്ങള്‍.

“സുജിത്തേ നിനക്കു നല്ല പേരയ്ക്കാ വേണമെങ്കില്‍ വാ” – മെറിന്‍ വിളിച്ചു.

സുജിത് അവളുടെ ഒപ്പം വീടിന്‍റെ പിന്നില്‍ നില്ക്കുന്ന പേരച്ചുവട്ടിലേക്കു പോയി.

പേരയില്‍ നിറയെ പേരയ്ക്ക വിളഞ്ഞുകിടക്കുകയാണ്.

സുജിത് പേരയില്‍ കയറാന്‍ ശ്രമിച്ചു. അല്പം ഉയരത്തിലാണ് അതിന്‍റെ കവര. കവരയിലേക്കു കയറാന്‍ അവനു കഴിഞ്ഞില്ല. പ്ലസ് ടൂവിനു എ പ്ലസ് കിട്ടിയെന്നതു നേരാണ്. ആറടി ഉയരമുള്ള ഒരു പേരയുടെ കവരയില്‍ കയറാനോ ആഴമുള്ള വെള്ളത്തില്‍ പെട്ടുപോയാല്‍ നീന്തിക്കയറാനോ തനിക്കറിഞ്ഞുകൂടാ എന്നു സുജിത് നിരാശപ്പെട്ടു. അതൊക്കെ പഠിക്കേണ്ട സമയത്തു ജീവിതത്തിന് ഒരു പ്രയോജനവും ചെയ്യാത്ത കാര്യങ്ങള്‍ മനഃപാഠമാക്കുകയായിരുന്നു.

മെറിന്‍ ഒരു കമ്പെടുത്തു പേരയ്ക്കാ പറിച്ചു. അതില്‍ നല്ലതു നോക്കി അവള്‍ സുജിത്തിനു കൊടുത്തു.

“ധാരാളം വിറ്റാമിനുകളുള്ള പഴമാണ്. ഇഷ്ടംപോലെ തിന്നോളൂ. സുജിത്തിന്‍റെ വിളര്‍ച്ച മാറട്ടെ” – മെറിന്‍ തമാശ പറഞ്ഞു ചിരിച്ചു.

സുജിത് ആ ചിരിയില്‍ ലയിച്ചങ്ങനെ നിന്നു.

നീയാണു ലോകത്തിലെ ഏറ്റ വും സൗന്ദര്യമുള്ള പെണ്ണെന്നും നിന്‍റെ ചിരിയാണ് ഏറ്റവും മനോഹരമായ ചിരിയെന്നും അവളോടു തുറന്നു പറയണമെന്ന് അവന്‍ ആഗ്രഹിച്ചു.

അവന്‍റെ പപ്പ പാടിയിരുന്ന പഴയൊരു സിനിമാഗാനം അവനോര്‍ത്തു.

മെറിന്‍ കേള്‍ക്കാന്‍വേണ്ടി അവന്‍ സ്വരം താഴ്ത്തി അതൊന്നു പാടി.

“മല്ലികപ്പൂവിന്‍ മധുരഗന്ധം നിന്‍റെ മന്ദസ്മിതംപോലുമൊരു വസന്തം…”
(തുടരും)

Leave a Comment

*
*