ഭൂമിയുടെ ഉപ്പ് – 10

ഭൂമിയുടെ ഉപ്പ് – 10

ഏ.കെ. പുതുശ്ശേരി

ചാക്കോയുടെ കൂസലില്ലാത്ത നില കണ്ടപ്പോള്‍ ചെകുത്താന്‍ അല്പം പരുങ്ങി. ഏതാനും നിമിഷത്തിനുള്ളില്‍ ചെകുത്താന്‍തന്നെ നില മനസ്സിലാക്കി ഒന്നു ചിരിച്ചു.
ചാക്കോയും ചിരിച്ചു. ചാക്കോയുടെ മുഖത്ത് തീരെ ഗൗരവമില്ലെന്നു ചെകുത്താന് തോന്നുകയും ചെയ്തു.
"ഏമാനെന്താ പതിവില്ലാതെ ഇവിടെ."
ചാക്കോ അല്പം സ്‌നേഹസ്വരത്തില്‍ ചോദിച്ചപ്പോള്‍ ചെകുത്താന്റെ മനസ്സ് തണുത്തു. അല്പംമുമ്പ് ചാക്കോയോട് താന്‍ അനുവര്‍ത്തിച്ച കടുംകൈകള്‍ തന്റെ സ്മരണയില്‍ എത്തിച്ചേര്‍ന്നെങ്കിലും ചാക്കോ അതൊന്നും ചിന്തിക്കുന്നേയില്ല എന്നറിഞ്ഞപ്പോള്‍ ചെകുത്താന് ആശ്വാസമായി. അല്ലെങ്കിലും കേടികളും തെമ്മാടികളും തങ്ങളുടെ ചെയ്തികളെ അതാതു നിമിഷങ്ങളില്‍ മറക്കുകയാണല്ലോ പതിവും.
"ചെറിയ ഒരു പതിവ് ഇവിടെയുണ്ട്. ചാക്കോ കാണാറില്ല അല്ലേ."
ചെകുത്താന്റെ മൊഴി ചാക്കോയുടെ ഉള്ളില്‍ ചിരി വരുത്തി. പക്ഷേ, പഠിച്ച കള്ളനായ ചാക്കോ അതൊന്നും വെളിയില്‍ കാണിച്ചില്ല.
"ഏമാനുമായി ഒന്നു കൂടണമെന്നു കരുതുന്നത് നാളേറെയായി. ഇന്ന് അസൗകര്യമൊന്നുമില്ലല്ലൊ?"
"ഇന്നു വേണ്ട ചാക്കോ, ഇന്ന് അല്പം ഞാന്‍ കഴിച്ചതാണ്."
ഉത്സാഹം ഉള്ളിലമര്‍ത്തിയാണ് ചെകുത്താന്‍ മൊഴിഞ്ഞെതന്ന് ചാക്കോ ധരിക്കാതിരുന്നില്ല.
"നമുക്ക് വെള്ളവറുതിന്റെ കള്ളുഷാപ്പ് വരെ ഒന്നു പോകാം."
ചാക്കോ വളരെ വിനീതനായി ക്ഷണിച്ചു.
വെള്ളവറുതിന്റെ ഷാപ്പ് വളരെ പ്രസിദ്ധമാണ്. വെള്ളവറുതിന്റെ താറാവ് റോസ്റ്റിന്റെ രുചി അനിര്‍വചനീയമാണ്. ഒരിക്കല്‍ അതു കഴിച്ചവര്‍ പിന്നെ ആ സൗകര്യം ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല. താറാവ് റോസ്റ്റും കള്ളപ്പവും കൂട്ടിയുള്ള കള്ളുകുടിയെക്കുറിച്ചോര്‍ത്തപ്പോള്‍ ചെകുത്താന്റെ വായില്‍ വെള്ളം നിറഞ്ഞു. അതൊരിറക്ക് ഇറക്കിയിട്ട് ചെകുത്താന്‍ പറഞ്ഞു.
"ചാക്കോയുടെ ഇഷ്ടത്തിന് ഞാന്‍ തടസ്സം നില്‍ക്കുന്നില്ല. വെള്ളയെങ്കില്‍ വെള്ള."
ചാക്കോയും ചെകുത്താനുമായി നടന്നു. നടക്കുന്നതിനിടയില്‍ അവര്‍ പല വര്‍ത്തമാനങ്ങളും പറഞ്ഞിരുന്നു. ഇന്‍സ്‌പെക്ടറുടെ മരണം സംശയാസ്പദമാണെന്നും അന്വേഷിക്കുവാന്‍ വടക്കുനിന്ന് വളരെ പ്രസിദ്ധനായ ഒരു സിഐഡി ഉദ്യോഗസ്ഥന്‍ വരുന്നുണ്ടെന്നുമൊക്കെ ചെകുത്താന്‍ ഇതിനകം തട്ടിമൂളിച്ചു. വടക്കുംതല പൗലോസ് മുതലാളിയേയും ജോലിക്കാരേയും അനാവശ്യമായി അത്രയും ദേഹോപദ്രവമേല്പിക്കുവാന്‍ കാരണം തെക്കുംതലക്കാരുടെ അമിതമായ പണത്തിന്റെ സ്വാധീനമാണെന്നും ഇനിയും പൗലോസ് മുതലാളിയും കൂട്ടരും അകത്തുപോകുവാനിടയുണ്ടെന്നും; ചാക്കോയും നോട്ടപുള്ളിയാണെന്നും അതുകൊണ്ടു സൂക്ഷിച്ചാല്‍ ചാക്കോയ്ക്കു നല്ലതെന്നും മറ്റും ചെകു ത്താന്‍ വളരെ സ്‌നേഹപൂര്‍വ്വം, എന്നാല്‍ പോലീസുകാരന്റെ ഗമവിടാതെയും ചാക്കോയുടെ മുമ്പില്‍ അവതരിപ്പിച്ചു.
ചെകുത്താന്‍ പറയുന്നതില്‍ കുറച്ചെങ്കിലും നേരുണ്ടാകുമെന്ന കാര്യത്തില്‍ ചാക്കോയ്ക്ക് യാതൊരു സംശയവുമില്ലായിരുന്നു.
എന്നാലും ഏമാന്റെ ഇടി അല്പം കടുപ്പമാണേ… ഏമാന്റെ ഇടികൊണ്ടിട്ടുള്ളവര്‍ക്ക് ഇന്‍സ്‌പെക്ടര്‍ ഏമാന്റെ ഇടി വെറും തലോടല്‍ മാത്രമാണെന്നും ചാക്കോ അടിച്ചുവിട്ടപ്പോള്‍ ചെകുത്താന്‍ ഒന്നു കൂടെ ഞെളിഞ്ഞു. എന്നിട്ട് ഗമയില്‍ ചാക്കോയെയൊന്നു നോക്കി.
"എങ്കിലും." ചാക്കോ വളരെ ഭവ്യതയോടെ മൊഴിഞ്ഞു.
"ഈ പാവം ചാക്കോയോട് ഇത്ര കടുപ്പം വേണമായിരുന്നോ ഏമാനേ, എന്നെ ഏമാന്‍ ശരിക്കു പെരുക്കിയില്ലേ?"
"അതെങ്ങനാ ചാക്കോ?"
ചെകുത്താന്‍ തന്റെ നിലപാടു വ്യക്തമാക്കുന്ന മട്ടിലും എന്നാല്‍ താന്‍ ഒരു വലിയ ഉദ്യോഗസ്ഥന്‍ എന്ന നിലയിലും തുടര്‍ന്നു.
"സ്വന്തം അച്ഛനാണെങ്കില്‍പോലും സ്റ്റേഷനില്‍ കിട്ടിയാല്‍ ഞാനൊന്നു തൂത്തുവാരും, അതു സ്റ്റേഷന്റെ പാരമ്പര്യമാണ്. അച്ഛനും അന്യനും സ്റ്റേഷനില്‍ സമാസമം. ഇടിച്ച് രണ്ടിന്റേയും പുറം പൊളിക്കും."
"എന്നാലും ഈ ചാക്കോയോട് അല്പം മയം…"
"അങ്ങനൊന്നില്ല ചാക്കോ, ഇടിയില്‍ മയമേയില്ല."
അവര്‍ വെള്ളവറുതിന്റെ കള്ളുഷാപ്പിലേക്കു കടന്നപ്പോള്‍ പെട്ടിക്കു മുമ്പില്‍ ഇരുന്നിരുന്ന വെള്ളയെഴുന്നേറ്റ് ആചാരം ചെയ്തു. ചെകുത്താന്‍ തന്റെ പ്രൗഡിയില്‍ വെള്ളയോട് ഒന്നു ചോദിച്ചു.
"എന്താ വെള്ളേ, ബിസിനസ്സ് മുറയ്ക്ക് മുന്നേറുന്നു ണ്ടല്ലോ."
"ഉണ്ടേയ്, ഒരു കൊഴപ്പവുമില്ല." വെളളമൊഴിഞ്ഞു.
ഒരു പ്രത്യേക മുറിയില്‍ ചെകുത്താനും ചാക്കോയുമിരുന്നു. ചെകുത്താന്‍ വേണ്ടതിലേറെ അടിച്ചുവിട്ടു. താറാവ് റോസ്റ്റും കള്ളപ്പവും കള്ളും. ഹരം പിടിക്കുവാന്‍ മറ്റൊന്നും വേണ്ടല്ലോ. ചാക്കോ മിതത്തില്‍ കഴിച്ചു, ഏമാന്റെ മുന്നില്‍ അധികം കഴിക്കരുത് എന്ന മട്ടില്‍.
ഒന്നു രണ്ടു പ്രാവശ്യം വെള്ളവറുത് ചെകുത്താന്റെ മുറിയില്‍വന്ന് ആവശ്യങ്ങള്‍ അന്വേഷിച്ചു. സാധാരണ വെള്ളവറുത് ക്യാഷ്‌ബോക്‌സിന്റെ മുമ്പില്‍നിന്നും മാറുകയേ ഇല്ല.
ചെകുത്താനെ അയാള്‍ക്ക് ശരിയായി അറിയാം. അയാളോട് അടുക്കാനും അകലാനും കൊള്ളില്ലയെന്നതും വളരെ സുവിധിതമാണ്.
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു. ചെകുത്താനും ചാക്കോയും ചേര്‍ന്ന് വെളിയിലിറങ്ങി. നല്ല ഇരുട്ട് എങ്കിലും നാട്ടുവെളിച്ചം നടപ്പാതകളില്‍ വീണു കിടക്കുന്നുണ്ട്. മിന്നാമിനുങ്ങുകള്‍ കൂട്ടംകൂട്ടമായി വെളിച്ചംപരത്തി പറക്കുന്ന വഴികളിലൂടെ അവര്‍ നടന്നു. വഴിയില്‍ ആരുമില്ല. വേച്ച് വേച്ചാണ് ചെകുത്താന്‍ നടക്കുന്നത്. ചാക്കോയുടെ ഉള്ളില്‍ ഒരു പ്രത്യേകതരം വികാരം നാമ്പിട്ടുവന്നു.
ഏമാന് അക്കരയ്ക്ക് ഇന്നു പോണോ? ഇന്നെന്റെ വീട്ടില്‍ തങ്ങാം."
ചാക്കോയുടെ വായ പൊത്തിപ്പിടിച്ച് ചെകുത്താന്‍ പറഞ്ഞു. "പറ്റില്ല. വെളുപ്പിനു സ്റ്റേഷനിലെത്തേണ്ടതാണ്." അയാളുടെ വാക്കുകള്‍ കുഴഞ്ഞിരുന്നു.
"ശരി ഏമാനെ അക്കരെയെത്തിക്കാം. വഞ്ചിക്കാരന്‍ പത്രോസിനെ വിളിക്കാം."
അവര്‍ നടന്നു. വഴിയില്‍ വെള്ളവും ചെളിയുമായി കൂടിക്കുഴഞ്ഞു കിടക്കുന്ന അഗാധമായ ആഴമുള്ള ഒരു കുളമുണ്ട്. അതില്‍ വീണുപോയാല്‍ തിരിച്ചു കയറാനൊക്കുകയില്ലെന്നും വീണിട്ടുള്ളവരൊക്കെ ചത്തുപോയിട്ടുണ്ടെന്നും ആ ഗ്രാമവാസികള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ആ കുളത്തിനു മരണക്കുളമെന്നാണു പേര്.
നടന്നു കുളത്തിനടുത്തെത്തിയപ്പോള്‍ ചാക്കോ ചോദിച്ചു.
"ഏമാന് ഈ കുളമറിയുമോ?"
തലയില്‍ ലഹരി പിടിച്ചിരുന്നതുകൊണ്ട് ശരിക്കു കണ്ണുതുറക്കുവാന്‍ വയ്യാത്ത ചെകുത്താന്‍ കണ്ണുതിരുമ്മി നോക്കി, നാട്ടുവെളിച്ചം മരിച്ച മുഖംപോലെ വിളറി നില്‍ക്കുമ്പോള്‍ ശരിയായ മിഴിയുള്ളവര്‍ക്ക് തന്നെ ശരിയായി കാണാനാവില്ലാത്ത അവസരത്തില്‍ മദ്യത്തില്‍ അടഞ്ഞുപോയ മിഴി തുറക്കുവാന്‍ ശ്രമിച്ചുകൊണ്ട് ചെകുത്താന്‍ പറഞ്ഞു.
"അറിയില്ല."
"എന്നാല്‍ ഇതാണ് മരണക്കുളം."
ചാക്കോ പറഞ്ഞു.
"ങേ"
ചെകുത്താനില്‍ നിന്നും ഒരു ശബ്ദമുയര്‍ന്നു.
"ഇതില്‍ വീണവരാരും തിരിച്ചു വന്നിട്ടില്ല."
ചാക്കോ പറഞ്ഞു കഴിഞ്ഞതും ചെകുത്താനെ കുളത്തിലേക്ക് തള്ളിയതും ഒപ്പമായിരുന്നു.
"പൊത്തോ" എന്ന ശബ്ദത്തോടെ ചെകുത്താന്‍ കുളത്തില്‍ വീണു. അല്പനിമിഷങ്ങള്‍ക്കു ശേഷം ചാക്കോ തീപ്പെട്ടിക്കോലുരച്ചു നോക്കി. ചെളിയില്‍ നിന്നും ചെകുത്താന്‍ നുരച്ചു നുരച്ചു കയറിവരുന്നു. ചാക്കോ സമയം പാഴാക്കിയില്ല ശക്തിയോടെ ചെകുത്താനെ ചവുട്ടിത്തള്ളി, ചെകുത്താന്‍ വീണ്ടും ചെളിയില്‍ പതിച്ചു. പിന്നീട് അയാള്‍ കയറിവന്നില്ല. ചാക്കോ ഏകദേശം ഒരു മണിക്കൂറോളം അവിടെ നിന്നു.
ചെകുത്താന്‍ ചെളിയില്‍ പൂണ്ടുപോയി എന്നു വ്യക്തമായപ്പോള്‍ ചാക്കോ സ്ഥലം വിട്ടു.
പിന്നെ നാട്ടുകാര്‍ ചാക്കോയെ കണ്ടിട്ടേയില്ല.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org