ഭൂമിയുടെ ഉപ്പ് – 6

ഭൂമിയുടെ ഉപ്പ് – 6

ഏ.കെ. പുതുശ്ശേരി

കാടപ്പക്ഷിയുണ്ടാക്കി തീര്‍ത്ത കടും കലഹത്തിന്റെ കാറും കറുപ്പും കുറയാതെ നിന്നു.
തെക്കുംതലക്കാര്‍ വടക്കുംതലക്കാരുടെ സ്ഥലത്തിലൂടെയുള്ള നടപ്പാതയില്‍പോലും നടക്കാതായി. പക്ഷേ, വടക്കുംതലക്കാര്‍ക്ക്, ചില പ്രത്യേക സ്ഥലങ്ങളിലേക്ക് പോകുവാന്‍ തെക്കുംതലക്കാരുടെ പുരയിടത്തിലൂടെ കടന്നുപോകണമായിരുന്നു.
അവര്‍ മുഖവും താഴ്ത്തി അത്യാവശ്യ അവസരങ്ങളില്‍ ആ വഴിക്ക് പോകുകതന്നെ ചെയ്തു.
ഒരു കുടുംബംപോലെ സ്‌നേഹാദരങ്ങളോടെ പുലര്‍ന്നിരുന്ന കുടുംബങ്ങളില്‍ വൈരാഗ്യത്തിന്റെ അഗ്നി പടര്‍ന്നു കയറിക്കൊണ്ടിരുന്നു.
ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ വടക്കുംതലക്കാരുടെ പറമ്പിന്റെ തെക്കേ അറ്റത്ത് ശബ്ദംകോലാഹലങ്ങള്‍ കേട്ടു. പൗലോസ് മുതലാളിയുടെ ഭാര്യ അദ്ദേഹത്തെ വിളിച്ചെഴുന്നേല്പിച്ചു.
പൗലോസ് മുതലാളി കണ്ണുകള്‍ തിരുമ്മി നോക്കി. അനവധി പേര്‍ വന്നു നില്‍ക്കുന്നു. കൈകളില്‍ പണിആയുധങ്ങളുമുണ്ട് മുതലാളി തെക്കോട്ടു നടക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ വിലക്കി. പക്ഷെ, എന്താണ് നടക്കുന്നതെന്നറിയാന്‍ അദ്ദേഹത്തിന് ജിജ്ഞാസയുണ്ടായി. തന്നെയുമല്ല, തന്റെ പറമ്പിന്റെ അറ്റത്ത് ഏതെങ്കിലും വിധത്തില്‍ കിടങ്ങുകള്‍ ഉണ്ടാക്കുകയോ മറ്റോ ആണോ ഇവരുടെ ഉദ്ദേശമെന്ന സംശയവും പൗലോസ് മുതലാളിക്കു വന്നുചേര്‍ന്നു.
ഭാര്യയുടെ വിലക്കുകള്‍ വകവയ്ക്കാതെ മുതലാളി തെക്കോട്ടു നടന്നു. വടക്കുംതലക്കാര്‍ മുഴുവനും വീടിനു പുറത്തിറങ്ങി സ്തംഭിച്ചുനിന്നു.
മുതലാളി അടുത്തുചെല്ലാത്തതു കണ്ടപ്പോള്‍ തോമ്മാച്ചന്‍ തന്റെ പണിക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നത് മുതലാളി ശ്രദ്ധിച്ചു. തന്നെ കേള്‍പ്പിക്കുവാന്‍ വേണ്ടി മാത്രമാണു തോമാച്ചന്‍ അത്രയും വലിയ ശബ്ദത്തില്‍ സംസാരിക്കുന്നത് എന്ന വസ്തുത പൗലോസ് മുതലാളി മനസ്സിലാക്കാതിരുന്നില്ല.
പറമ്പുകളുടെ അതിര്‍ത്തിയില്‍ മതില്‍ കെട്ടുവാനുള്ള ശ്രമമാണ്. അതിനുവേണ്ടി 'വാനം' കോരിക്കഴിഞ്ഞു. കല്ലും ചരലും കുമ്മായവും മറ്റും മലപോലെ തെക്കുംതലക്കാരുടെ ബംഗ്ലാവിനു സമീപത്ത് കൂട്ടിയിട്ടിരിക്കുന്നു.
തന്റെ പറമ്പിന്റെ അതിര്‍ത്തിയെങ്ങാനും കൈകേറിയിട്ടുണ്ടോ എന്നാണ് പൗലോസ് മുതലാളി ഒറ്റനോട്ടത്തില്‍ ശ്രദ്ധിച്ചത്.
'ഇല്ല' അദ്ദേഹത്തിനു ബോധ്യം വന്നു. തന്റെ അതിര്‍ത്തിയായി നിലകൊള്ളുന്ന ഒരു വലിയ മാവിന്റെ തെക്കുവശത്തു കൂടെയാണ് വാനം കോരിയിരിക്കുന്നത്. പക്ഷേ, മാവിന്റെ വലിയ തടി പൂര്‍ണ്ണമായും വടക്കുംതലക്കാരുടെ പറമ്പിലാണെങ്കിലും അതിന്റെ മുഴുത്ത പല കൊമ്പുകളും തെക്കുംതലക്കാരുടെ പറമ്പിലേക്കാണു നീണ്ടു നില്‍ക്കുന്നത്. വര്‍ഷത്തില്‍ ആറേഴു മാസക്കാലത്തോളം ആ മാവില്‍ മാങ്ങയുണ്ടാവുക പതിവാണ്. ധാരാളം മാങ്ങയുണ്ടാകുന്ന പ്രകൃതമല്ല മാവിന്റേത്. മാങ്ങ എണ്ണത്തില്‍ കുറവാണെങ്കിലും രുചിയിലും വണ്ണത്തിലും ആ മാങ്ങ ഒന്നാന്തരമാണെന്നു സമ്മതിക്കാതെ തരമില്ല.
പിടിച്ചാല്‍ മുറ്റാത്ത തടി. മൂന്നാള്‍പൊക്കം കഴിഞ്ഞാണു കൊമ്പുകള്‍ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ആ മാവിന്മേല്‍ പിള്ളേരാരും ഓടിക്കയറാറില്ല.
മാവിന് തെക്കുവശത്തു കൂടെ മതില്‍കെട്ടുവാന്‍ തുനിയുമ്പോള്‍ ഏകദേശം ഒരടിയോളം അതിര്‍ത്തിയില്‍ നിന്നും തെക്കോട്ടു നീങ്ങും. കണക്കു കൂട്ടിയാല്‍ അത്രയും സ്ഥലം തെക്കുംതലക്കാര്‍ക്ക് നഷ്ടമാകുകയാണ്. പക്ഷെ, മതില്‍ കെട്ടുവാന്‍ വേറെ മാര്‍ഗ്ഗമില്ല. അല്ലെങ്കില്‍ മാവ് വെട്ടിമാറ്റണം. പൂര്‍വ്വികമായി തന്നെ മാവ് വടക്കുംതലക്കാരുടേതാണെന്ന വസ്തുത സുവിധിതമായതുകൊണ്ട് അതില്‍ കൈവച്ചാല്‍, ജനം തനിക്കെതിരായി നീങ്ങിയെങ്കിലോ എന്ന സംശയമാണ് തോമാച്ചനെ ആ നഷ്ടത്തിന് പ്രേരിപ്പിച്ചത്.
പറമ്പുകളുടെ വടക്കേ അതിര്‍ത്തികള്‍ അതാതു പറമ്പുകാരുടേതാണെന്ന അലിഖിത നിയമം ആര്‍ക്കും ലംഘിക്കുവാനാവില്ല. പക്ഷെ, വഴക്കും ബഹളവും നടക്കുന്ന അവസരമായതുകൊണ്ടു പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ് എന്നത് മുമ്പേ മനസ്സിലാക്കിയും ചിലപ്പോള്‍ ചില സംഘട്ടനങ്ങള്‍ ഉണ്ടായാല്‍ അതു ചെറുക്കുവാനുള്ള പ്രതിവിധി എന്ന നിലയിലും തോമാച്ചന്‍ സ്ഥലത്ത് രണ്ടു പോലീസുകാരെക്കൂടി പ്രത്യേകമായി വരുത്തിയിരുന്നു.
പൗലോസ് മുതലാളി അതിര്‍ത്തിയുടെ അടുത്തെത്തിയപ്പോള്‍ പോലീസുകാരില്‍ ഒരാള്‍ പറഞ്ഞു.
"ഇവിടെ മതില്‍കെട്ടുവാന്‍ പോവുകയാണ് മതുലാളിയുടെ അതിര്‍ത്തിയില്‍ കൈയ്യേറ്റം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുവാന്‍ ഞങ്ങള്‍ വന്നിരിക്കുകയാണ്."
പൗലോസ് മുതലാളി തിരിച്ചു നടന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ മറ്റു പലവിധ ചിന്തകളായിരുന്നു. മതില്‍കെട്ടരുത് എന്നു പറയുവാന്‍ തനിക്കധികാരമില്ല. അതിര്‍ത്തി അവരുടേതാണ്. മതില്‍ കെട്ടിക്കഴിഞ്ഞാല്‍ അതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. പിന്നെ വടക്കോട്ടു നടന്ന് കിഴക്കോട്ടുതിരിഞ്ഞ് ഏറെ ഏറെ വഴി നടന്നെങ്കിലേ തെക്കുഭാഗത്ത് എത്തുവാന്‍ കഴിയൂ. എന്തു ചെയ്യാം അനുഭവിക്കാതെ പറ്റുമോ?
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വടക്കുംതലയില്‍ നിന്നു നോക്കിയാല്‍ തെക്കുംതല തറവാടോ തെക്കുംതലയില്‍ നിന്നു നോക്കിയാല്‍ വടക്കുംതല തറവാടോ കാണുവാന്‍ വയ്യാത്തത്ര വലിയ മതില്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു.
ഒരു ചെറിയ പക്ഷിയുടെ ഇറച്ചിക്കുവേണ്ടി നടന്ന പോരാട്ടം ഉണ്ടാക്കിത്തീര്‍ത്ത വലിയ വിടവുകളെക്കുറിച്ചു ചിന്തിച്ചു. താന്‍മൂലമാണല്ലോ രണ്ടു കുടുംബങ്ങളിലെ സൗഹൃദം തകര്‍ന്നു തരിപ്പണമായതെന്ന് ദുഃഖിച്ചും പൗലോസ് മുതലാളി നടന്നിരുന്നു. അദ്ദേഹം പതിവില്ലാതെ ക്ഷീണിക്കുകയും അവശനാകുകയും ചെയ്തു.
മനോഹരമായ ഗ്രാമത്തിന്റെ തെക്കുവശത്തുകൂടി ഒഴുകുന്ന പുഴയിലേക്കും നോക്കി പൗലോസ് മുതലാളി സായംസന്ധ്യകളില്‍ പുഴക്കരയില്‍ വന്നിരിക്കുക പതിവാണ്. അദ്ദേഹത്തിന്റെ ബംഗ്ലാവില്‍നിന്നും ഏകദേശം പത്തു നൂറു വാര മുമ്പോട്ടു നടന്നാല്‍ പുഴവക്കിലെത്തി ചേരാം. പുഴയിലൂടെ യാത്ര ചെയ്യുന്നതു സുഖകരവും ആനന്ദ നിര്‍വൃതി നല്കുന്നതുമായ ഒന്നാണ്. മിക്കവാറും തെക്കോട്ടുള്ള യാത്ര ഇപ്പോള്‍ വഞ്ചികളിലൂടെയാണു നടത്തുന്നത്. തെക്കുംതലക്കാര്‍ക്ക് വടക്കോട്ടു പേകേണ്ടതായ ആവശ്യങ്ങള്‍ വരുമ്പോള്‍ ചിലപ്പോഴൊക്കെ അവരും വഞ്ചികളില്‍ യാത്ര ചെയ്യുന്നത് കാണാറുണ്ട്.
കനത്ത മുഖവും കൈയില്‍ തോക്കുമായി പോകുന്ന തോമാച്ചനെ ചിലപ്പോള്‍ വഴിയില്‍ വച്ചു കാണാറുണ്ടെങ്കിലും പൗലോസ് മുതലാളി സംസാരിക്കാറില്ല.
സന്ധ്യാസമയങ്ങളില്‍ അന്തിക്കള്ളും കുടിച്ചു വഞ്ചിയില്‍ യാത്ര ചെയ്യുന്ന ഒരു ശീലം പൗലോസ് മുതലാളിയില്‍ വന്നുകൂടി. മാനസിക സന്തോഷത്തിന് അതൊരു ഉല്ലാസയാത്രയായിത്തീരുകയും ചെയ്തിരുന്നു.
ചിലപ്പോഴൊക്കെ മുതലാളിയെ വഞ്ചിയിലിരുത്തി ചാത്തനാണ് വഞ്ചി തുഴയുക. പതിവ്. ചാത്തന് തിരക്കുള്ള പണികളുള്ളപ്പോള്‍ മുതലാളി തനിയെ തുഴഞ്ഞുപോകാറുമുണ്ട്.
ഒരു ദിവസം ആ നാട്ടില്‍ ഒരു വാര്‍ത്ത പരന്നു. വെടിവെക്കുവാന്‍ കാട്ടില്‍പോയ വെടിക്കാരന്‍ തോമാച്ചന്‍ തിരിച്ചുവന്നിട്ടില്ല. രാത്രി ഏറെയാകുന്നതുവരെ തെക്കുംതലക്കാര്‍ കാത്തിരുന്നു. നേരം പുലര്‍ന്നപ്പോള്‍ അന്വേഷണമായി. സംഭവങ്ങള്‍ പൗലോസ് മുതലാളിയുടെയും കാതുകളില്‍ പെട്ടു. പക്ഷെ, മുതലാളി അന്വേഷിക്കുവാന്‍ പോയില്ല. ആവശ്യമില്ലാത്തിടത്തുപോയി അപകടമുണ്ടാക്കേണ്ടതില്ല എന്ന ചിന്തയാണ് മുതലാളിയുടെ മനസ്സിലുണ്ടായത്. തന്നെയുമല്ല മുതലാളി പുറത്തിറങ്ങുന്ന കാര്യത്തില്‍ ഭാര്യ തീരെ എതിരുമായിരുന്നു.
അന്വേഷണം മുറയ്ക്കു നടന്നു. അന്വേഷണക്കാര്‍, കാട്ടിനുള്ളില്‍ തലയ്ക്കടിയേറ്റു മരിച്ചുകിടക്കുന്ന തോമാച്ചനെയാണ് കണ്ടത്. തോമാച്ചന്റെ സമീപത്ത് അയാളുടെ തോക്കും കിടന്നിരുന്നു. തോമാച്ചന്‍ കമിഴ്ന്നടിച്ചാണ് വീണുകിടക്കുന്നത്. തോക്ക് ദൂരെ തെറിച്ചു കിടക്കുന്നു. ഏതെങ്കിലും മൃഗത്തെ വെടിവെയ്ക്കുവാന്‍ ഉന്നം വെച്ചു നില്‍ക്കുന്ന അവസരത്തില്‍ തോമാച്ചനെ ശത്രുക്കളില്‍ ആരെങ്കിലും പിന്‍ഭാഗത്തു നിന്നും അടിച്ചുവീഴ്ത്തിയതായിരിക്കുമെന്ന നിഗമനത്തില്‍ അന്വേഷണക്കാര്‍ എത്തിച്ചേര്‍ന്നു. അവര്‍ പോലീസ്സില്‍ വിവരമറിയിച്ചു. പോലീസ് പാര്‍ട്ടി സ്ഥലത്തെത്തി, പരിശോധനകള്‍ നടത്തി. തോമാച്ചന്റെ ശത്രുക്കള്‍ ആരെങ്കിലും ചെയ്തതായിരിക്കുമെന്ന നിഗമനത്തില്‍ എത്തിച്ചേരുവാന്‍ പോലീസിനു വലിയ താമസമുണ്ടായില്ല. തോമാച്ചന്റേയും തെക്കുംതലക്കാരുടേയും ഏറ്റവും വലിയ ശത്രുക്കള്‍ വടക്കുംതലക്കാരാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. വടക്കുംതലക്കാരുടെ പുലയരില്‍ പലരേയും പോലീസ് ചോദ്യം ചെയ്തു. വടക്കുംതലക്കാരോടു ബന്ധപ്പെട്ട ആളുകളില്‍ പലരും പോലീസ് സ്റ്റേഷനിലായി. പാതിരാത്രിയോടെ പോലീസ് വടക്കുംതല തറവാട്ടില്‍ എത്തിച്ചേര്‍ന്നു. പൗലോസ് മുതലാളിയേയും അറസ്റ്റ് ചെയ്തു.
വടക്കുംതലക്കാരുടെ വീട്ടില്‍നിന്നും സ്ത്രീകളുടേയും കുട്ടികളുടേയും ആര്‍ത്തനാദം മുഴങ്ങികേട്ടു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org