ഭൂമിയുടെ ഉപ്പ് – 7

ഭൂമിയുടെ ഉപ്പ് – 7

ഏ.കെ. പുതുശ്ശേരി

പൗലോസ് മുതലാളിയെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഗ്രാമത്തില്‍ പോലീസ് സ്റ്റേഷനില്ല. ഒരു പുഴ കടന്ന് അപ്പുറത്തുള്ള പട്ടണത്തിലാണ് പോലീസ് സ്റ്റേഷന്‍.
കൈയാമം വച്ച്, വഴിയിലൂടെ നടത്തി വഞ്ചിയില്‍ കയറ്റി കൊണ്ടുപോകുവാന്‍ പാതിരാത്രിയായതുകൊണ്ട് പോലീസുകാര്‍ മെനക്കെട്ടില്ല. എന്നാലും തന്നെ അറസ്റ്റു ചെയ്തതില്‍ പൗലോസ് മുതലാളി ദുഃഖിച്ചു.
തന്റെ കുടുംബത്തില്‍ ആരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. പോലീസ് ചിലപ്പോഴൊക്കെ ഇടപെടാറുമുണ്ട്. ഇതു മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത കാര്യത്തിനു പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു.
വഞ്ചിയില്‍ കാത്തിരിക്കുമ്പോള്‍ വീടിനുള്ളില്‍നിന്നും ഉയരുന്ന കരച്ചിലിന്റെ ശബ്ദം അദ്ദേഹത്തിന്റെ കാതുകളില്‍ പതിച്ചുകൊണ്ടിരുന്നു. ജനിച്ചാല്‍ എന്തെല്ലാം അനുഭവിക്കണം. ജനിക്കാതിരിക്കുകയെന്നതാണ് ഏറ്റവും സുഖകരമായ അവസ്ഥ.
പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കാര്യങ്ങള്‍ തീരെ നിസ്സാരമല്ലെന്ന് അദ്ദേഹത്തിനു തോന്നി. ആശ്രിതരായ പലരേയും നിരത്തി നിറുത്തിയിട്ടുണ്ട്. ഓരോരുത്തരെ ചോദ്യം ചെയ്യുകയും അടിക്കുകയും ഇടിക്കുകയും ചെയ്തിട്ടുണ്ട്. ചാത്തന്‍ പുലയന്‍ കണ്ണുനീരൊഴുക്കി നില്‍ക്കുകയാണ്.
പൗലോസു മുതലാളി സ്റ്റേഷനിലേക്ക് കയറുമ്പോള്‍, വരാന്തയില്‍ ചെകുത്താന്‍ കുട്ടന്‍ എന്ന പോലീസുകാരന്‍ നിന്നിരുന്നു. ചെകുത്താന്‍കുട്ടന് വേണ്ടത്ര കൈനിറയെ വാരിക്കൊടുത്തിട്ടു ദിവസങ്ങളായില്ല. ചാത്തനേയും കൂട്ടരേയും മറ്റൊരു കേസില്‍നിന്നും രക്ഷിക്കുവാനാണ് അദ്ദേഹം ചെകുത്താനെ സ്വാധീനിച്ചത്. ആക്കാര്യംകൊണ്ടു ചെകുത്താനുമായി പരിചയവുമാണല്ലോ. ചെകുത്താനെ കണ്ടപ്പോള്‍ പൗലോസു മുതലാളി ഒന്നു ചിരിച്ചു. ആ ചിരി ചെകുത്താന് ഇഷ്ടപ്പെട്ടില്ല. അയാളുടെ മുഖത്ത് ശരിക്കും 'ലൂസിഫര്‍' നൃത്തം ചെയ്യുന്നുണ്ടായിരുന്നു.
"നീ ചിരിച്ചുകൊണ്ടാണല്ലോ രംഗപ്രവേശം. എന്നാല്‍ ഇതിരിക്കട്ടെ."
പറഞ്ഞു കഴിഞ്ഞതും അകത്തേക്ക് ഒരു തള്ളുവച്ചു കൊടുത്തതും ഒപ്പമായിരുന്നു. പൗലോസ് മുതലാളിയുടെ തലകുനിഞ്ഞുപോയി. അദ്ദേഹം തള്ളിന്റെ ഊക്കുകൊണ്ട് തെറിച്ചുപോയി വീണത് സബ് ഇന്‍സ്‌പെക്ടറുടെ മുമ്പിലായിരുന്നു. പുതുതായി സ്ഥലം മാറി വന്നയാളാണ് സബ് ഇന്‍സ്‌പെക്ടര്‍. പഴയ സബ് ഇന്‍സ്‌പെക്ടര്‍ ഒരു കാടനായിരുന്നെങ്കിലും അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടുകയില്ലായിരുന്നു. പക്ഷെ, ഇയാള്‍ എങ്ങനെയാണെന്ന് ആര്‍ക്കറിയാം.
ചോദ്യങ്ങള്‍ ചോദിക്കുക മാത്രമല്ല മറ്റൊരു കഥ കൂടി അദ്ദേഹം കെട്ടിച്ചമച്ചു. തോമാച്ചന്‍ വേട്ടയ്ക്ക് പോയതിന്റെ പിന്നാലെ പൗലോസ് മുതലാളി തന്റെ കിങ്കരന്മാരെ അയച്ചുവെന്നും അവര്‍ തോമാച്ചനെ, അയാള്‍ തോക്കുചൂണ്ടി ഉന്നം ശരിപ്പെടുത്തുന്ന അവസരത്തില്‍ മാരകായുധം കൊണ്ട് പിന്നില്‍നിന്നും തലക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് ചാര്‍ജ്ജ്.
പൗലോസ് മുതലാളി അന്തംവിട്ടുപോയി. താന്‍ സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാര്യത്തിനു തന്റെ പേരില്‍ കൊലക്കുറ്റം ചുമത്തിയിരിക്കുന്നു. താന്‍ അപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്നും തോമാച്ചനുമായി കാടപ്പക്ഷിയെ ചൊല്ലി വഴക്കുണ്ടായത് ശരിയാണെങ്കിലും ഇത്തരത്തിലൊരു ഹീന കൃത്യത്തെക്കുറിച്ച് താന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നും പൗലോസ് മുതലാളി ആണയിട്ടു പറഞ്ഞു. പക്ഷെ പ്രയോജനമെന്ത്. ചെകുത്താന്മാരുടെ ഡര്‍ബാറില്‍ പ്രാവിന്‍കുഞ്ഞിന്റെ കണ്ണുനീര്‍ വിലപ്പോകുമോ?
"കിലും."
ഇടിയുടെ ശബ്ദമാണ്. പൗലോസ് മുതലാളിയുടെ ചങ്കിനാണ് സബ് ഇന്‍സ്‌പെക്ടര്‍ ഇടിച്ചത്. മുതലാളി വാവിട്ടു നിലവിളിച്ചു.
"ഹയ്യോ എന്റെ തമ്പ്രാനെ തല്ലല്ലേ; എന്നെ കൊന്നോ."
ചാത്തന്‍ വിളിച്ചു പറഞ്ഞു. ചെകുത്താന്‍ കുട്ടന്റെ കനത്ത പാദങ്ങള്‍ ചാത്തന്റെ മുതുകത്തു പകിടകളിച്ചു.
ചാത്തനു ശ്വാസംമുട്ടുന്നതുപോലെ തോന്നി. താഴെ വീണുപോയ ചാത്തന്റെ കാലില്‍ പിടിച്ചുവലിച്ചു. ഒരു മൂലയിലേക്കു മാറ്റിയിട്ടു.
ഇത്തരത്തില്‍ ഹീനകൃത്യം ചെയ്യുന്ന പാപികളെ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ശിക്ഷിക്കുവാനാവില്ല എന്ന വിചാരത്തോടെ പൗലോസ് മുതലാളി കുനിഞ്ഞിരുന്നു. എന്തുചെയ്യാം. വരുന്നതൊക്കെ അനുഭവിക്കാതെ പറ്റുമോ.
അടിയും ഇടിയും കൊണ്ടവശരായ പൗലോസ് മുതലാളിയുടെ ആശ്രിതരെ കണ്ടപ്പോള്‍, താന്‍ അനുഭവിക്കുന്ന വേദന ഒന്നുമല്ലെന്നു മുതലാളിക്ക് തോന്നി. തനിക്കു വേണ്ടി മാത്രമല്ലെ പാവപ്പെട്ടവര്‍ ദണ്ഡനമേല്‍ക്കുന്നത്. താനാണ് തോമാച്ചനെ കൊന്നത് എന്ന് കുറ്റം സമ്മതിച്ചാല്‍ പാവങ്ങള്‍ രക്ഷപ്പെടുമല്ലോ. പക്ഷേ താന്‍ ചെയ്യാത്ത കുറ്റം എന്തിനേറ്റെടുക്കണം. സത്യം എപ്പോഴാണെങ്കിലും തെളിയും. അതുവരെ സഹിക്കുക അല്ലാതെന്തു ചെയ്യാന്‍.
നേരം വെളുക്കുന്നതുവരെ പോലീസുകാര്‍ കൈക്കരുത്തുകാണിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാവിലെ മജിസ്‌ട്രേട്ടിന്റെ മുമ്പില്‍ ഹാജരാക്കിയതിനു ശേഷം അദ്ദേഹം അനുവദിക്കുകയാണെങ്കില്‍ ജാമ്യത്തില്‍ വിടുവാന്‍ തയ്യാറാണെന്നും പൗലോസ് മുതലാളിയേയും മറ്റും ജാമ്യത്തിലിറക്കുവാന്‍ വന്നവരോടു ഇന്‍സ്‌പെക്ടര്‍ മൊഴിഞ്ഞു.
അവര്‍ ദുഃഖനിമഗ്നരായി നിലകൊള്ളുമ്പോള്‍, പൗലോസ് മുതലാളിയുടെ മനസ്സില്‍ പലവിധ ചിന്തകള്‍ ഊളിയിട്ടു നടക്കുകയായിരുന്നു.
താനും തെക്കുംതലക്കാരുമായി ഒരു നിസ്സാര കാര്യത്തിലുണ്ടായ വഴക്കു ആളിപ്പടരുന്നതിന് അതിരില്ലാതെ വന്നിരിക്കുന്നു. വഴക്കിനുശേഷം ഒരു ദിവസമെങ്കിലും സമാധാനമായി കഴിയുവാന്‍ മുതലാളിക്കു കഴിഞ്ഞിട്ടില്ല.
രണ്ടു കുടുംബക്കാരും പരസ്പരം കാണുമ്പോള്‍, "ചെകുത്താന്‍ കുരിശു കാണുന്നതുപോലെ" ഓരോരുത്തരും മാറിപ്പോവുകയാണു പതിവ്. തോമാച്ചന്‍ വേട്ടയ്ക്കുപോകുന്ന ദിവസംപോലും അയാളുടെ യാത്ര താന്‍ ദര്‍ശിച്ചതാണ്. പക്ഷേ, ഇത്തരത്തില്‍ വന്നു ചേരുമെന്നു തനിക്കെങ്ങനെ പ്രവചിക്കാനാവും.
ഒരു കാടപ്പക്ഷി മൂലമുണ്ടായിത്തീര്‍ന്ന അകല്‍ച്ചയും സ്പര്‍ദ്ധയും ഇത്രയും ക്രൂരമാവുമെന്നു ഒരിക്കലും ചിന്തിച്ചിരുന്നതുമല്ല.
മൃതശരീരം പോസ്റ്റുമാര്‍ട്ടം നടത്തുവാന്‍ അകലെയുള്ള ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയാണ്. അതിന്റെ റിസല്‍ട്ട് വന്നു ചേരുന്നതിനു മുമ്പ് സത്യം പറയുകയാണെങ്കില്‍ ദണ്ഡനങ്ങള്‍ അവസാനിപ്പിക്കാമെന്നും കുറ്റക്കാരനൊഴികെ മറ്റുള്ളവരെ വിട്ടേക്കാമെന്നും ഇന്‍സ്‌പെക്ടര്‍ ഉരുവിട്ടു. പക്ഷേ ചെയ്യാത്ത കുറ്റം ഏല്ക്കുവാന്‍ ആരാണ് മുന്നോട്ടു വരിക. ഓരോരുത്തനും മുഖാമുഖം നോക്കി. വീണു കിടക്കുന്നവരുടെയും അനങ്ങുവാന്‍ വയ്യാത്തവരുടെയും ദീനസ്വരങ്ങള്‍ ഉയര്‍ന്നുകേട്ടിരുന്നു.
തേങ്ങിതേങ്ങി കരഞ്ഞിരുന്ന ചാത്തന്‍ പുലയന്റെ കൊച്ചുമോന്റെ മുടിക്ക് കുത്തിപ്പിടിച്ച് ചെകുത്താന്‍ കുട്ടന്‍ അലറി.
"ഇനി മോങ്ങിയാല്‍ അണ്ണാക്കില്‍ തുണി കുത്തിക്കയറ്റും." കൂടെ ഒരടിയും വച്ചു കൊടുത്തു. പാവം കൊച്ചന്‍ കമിഴ്ന്നു വീണുപോയി.
ഇതെല്ലാം കണ്ട് സങ്കടം സഹിക്കവയ്യാതെ പൊട്ടിപ്പൊട്ടി കരയുകയാണ് പൗലോസ് മുതലാളി. അദ്ദേഹത്തിന്റെ മനസ്സില്‍ അഗ്നിപര്‍വ്വം പൊട്ടി ഒഴുകുന്നു.
രാവിലെ പോസ്റ്റ്‌മോര്‍ട്ടം റിസല്‍റ്റു വന്നു. റിസല്‍റ്റു വായിച്ചു നോക്കിയ ഇന്‍സ്‌പെക്ടറുടെ മുഖത്ത് ഒരു വിളറിയ ചിരി തെളിയുന്നത് പൗലോസ് മുതലാളി ശ്രദ്ധിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org