ഭൂമിയുടെ ഉപ്പ് – 8

ഭൂമിയുടെ ഉപ്പ് – 8

ഏ.കെ. പുതുശ്ശേരി

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഒന്നുകൂടി വായിച്ചശേഷം തന്റെ കസേരയില്‍ മലര്‍ന്നു കിടന്ന് ഇന്‍സ്‌പെക്ടര്‍ ചിന്തിച്ചു. അദ്ദേഹത്തിന്റെ നിസ്സംഗഭാവം ശ്രവിച്ചപ്പോള്‍ എച്ച് സിമാരും പിസിമാരും അദ്ദേഹത്തിന്റെ ചുറ്റും വന്നു നിരന്നു.
അല്പംകഴിഞ്ഞ്, അവരുമായി രഹസ്യസംഭാഷണത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടു. അല്പനേരം നീണ്ടുനിന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ട് പി സിമാരോടൊപ്പം ഇന്‍സ്‌പെക്ടര്‍ പുറത്തേക്ക് പോയി.
രാവിലെ മുതല്‍ തങ്ങളെ ദേഹോപദ്രവങ്ങള്‍ ഏല്പിക്കുന്നില്ലല്ലൊ എന്ന കാര്യത്തില്‍ സന്തുഷ്ടരായിരുന്നു. പൗലോസ് മുതലാളി ഒഴികെയുള്ളവര്‍.
പൗലോസ് മുതലാളി അപ്പോഴും ചിന്തയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞതിനുശേഷം ഇന്‍സ്‌പെക്ടറിലും മൊത്തത്തില്‍ പോലീസ് സ്റ്റേഷനില്‍ വന്നമാറ്റം അദ്ദേഹം ശ്രദ്ധിച്ചു.
എന്തായിരിക്കും റിപ്പോര്‍ട്ട്. അതു ചോര്‍ത്തിയെടുക്കുവാനുള്ള വഴിയെന്താണ്. പൗലോസ് മുതലാളി അതേക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നു.
ഉച്ചയോടടുത്തപ്പോള്‍ ഇന്‍സ്‌െപക്ടറും പോലീസുകാരും എത്തിച്ചേര്‍ന്നു. ഇന്‍സ്‌പെക്ടര്‍ എത്തിച്ചേര്‍ന്ന ഉടനെതന്നെ പ്രതികളെ വിട്ടയയ്ക്കുവാന്‍ ആജ്ഞാപിച്ചു.
എല്ലാവരും സ്റ്റേഷനില്‍ നിന്നുമിറങ്ങി. എന്തുകൊണ്ടു തങ്ങളെ വിടുന്നു എന്നു ചോദിക്കണമെന്ന് മുതലാളിയോട് പലരും പറഞ്ഞുവെങ്കിലും ചിന്താധീനനായിരുന്ന മുതലാളി അതൊന്നും ശ്രദ്ധിച്ചില്ല.
തന്റെ അനുചരന്മാരോടൊപ്പം വടക്കുംതലയില്‍ എത്തിച്ചേര്‍ന്ന മുതലാളി ആദ്യം ചെയ്തത് ആ നാട്ടിലെ പ്രസിദ്ധനായ തിരുമ്മുവൈദ്യനെ വരുത്തുകയായിരുന്നു.
അടികൊണ്ടവശരായ മുഴുവന്‍ പേരെയും വൈദ്യന്‍ നിഷ്‌ക്കര്‍ഷയോടെ പരിശോധിച്ചു. നാടിമിടിപ്പില്‍ നിന്നും രോഗം നിര്‍ണ്ണയിക്കുവാന്‍ കഴിവുള്ള പ്രസിദ്ധനായ വൈദ്യനാണ് അദ്ദേഹം.
പുഴുക്കുചികിത്സയെന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധവും ഫലവത്തുമായ ചികിത്സ നടത്തുവാന്‍ തീരുമാനിച്ചു.
ഒരാള്‍ ആഴത്തിലുള്ള കുഴികള്‍ വടക്കുംതല തറവാട്ടിലെ പിന്‍ഭാഗത്ത് കുഴിക്കപ്പെട്ടു. പച്ചമരുന്നുകള്‍ കുഴികളില്‍ നിക്ഷേപിച്ചു. പുകയിട്ടു. അടികൊണ്ട് അവശരായവരെ പരിപൂര്‍ണ്ണ നഗ്നരാക്കി, കഴുത്തു മുതല്‍ പെരുവിരല്‍ വരെ ഒലിവെണ്ണ തടവി പിടിച്ചു. ഓരോരുത്തരെ ഓരോ കുഴികളിലിറക്കി നിറുത്തി. തലകള്‍ മാത്രം മുകളില്‍ വരത്തക്കവിധത്തില്‍ കുഴികളില്‍ ഇറക്കി നിറുത്തി കുഴികള്‍ മണ്ണിട്ടുമൂടി.
ഒറ്റനോട്ടത്തില്‍ ഭൂമിയുടെ മുകളില്‍ ചില തലകള്‍ മുളച്ചു നില്‍ക്കുന്നതുപോലെ മാത്രം തോന്നുമായിരുന്നു.
പൗലോസു മുതലാളിയും കുഴിയില്‍ അടയ്ക്കപ്പെട്ടു. ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഴികള്‍ തുറന്ന് ഓരോരുത്തരെയായി പുറത്തെടുത്തു. തിളപ്പിച്ചു പതമാക്കിയ വെള്ളത്തില്‍ കുളിപ്പിച്ചു ശരിയാക്കിയപ്പോള്‍ ശരീരത്തില്‍ ഒരു ഈച്ചപോലും പറന്നിരുന്നിട്ടില്ല എന്ന സുഖമായിരുന്നു എല്ലാവര്‍ക്കും.
ഇടിയുടേയും ചവിട്ടിന്റേയും അസുഖങ്ങളില്‍നിന്നും പൂര്‍ണ്ണമായും ഭേദപ്പെട്ട അവര്‍ മൂന്നുദിവസം കൂടി മുതലാളിയുടെ വീട്ടില്‍ത്തന്നെ വൈദ്യരുടെ പ്രത്യേക ശ്രദ്ധയില്‍ താമസിച്ചു. മുതലാളി തങ്ങള്‍ക്കുവേണ്ടി ചെയ്തതായ ഉപകാരം തലമുറ നിലനില്ക്കുന്നിടത്തോളം മറക്കുകയില്ലെന്നവര്‍ ആണയിട്ടു പറഞ്ഞു.
സന്തുഷ്ടചിത്തരായി അവരവരുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങുമ്പോഴും, ചെകുത്താന്‍കുട്ടന്‍ എന്ന പോലീസുകാരന്റെ ഉപ്പന്‍കണ്ണുകള്‍ അവരുടെ മനസ്സില്‍ പന്തം കൊളുത്തി നില്‍ക്കുന്നുണ്ടായിരുന്നു.
പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടറെ കണ്ടുപിടിക്കുവാനും അയാളെ സ്വാധീനിച്ചു റിപ്പോര്‍ട്ടിലെ വിശദവിവരങ്ങള്‍ ഗ്രഹിക്കുവാനും പൗലോസ് മുതലാളിക്ക് വലിയ പ്രയാസമുണ്ടായില്ല. പണമുള്ളവര്‍ നിനച്ചാല്‍ നടക്കാത്ത കാര്യമുണ്ടാവില്ലല്ലൊ?
പോസ്റ്റുമാര്‍ട്ടം ചെയ്തപ്പോള്‍, ആയുധം കൊണ്ടോ മനുഷ്യഹസ്തം കൊണ്ടോ അല്ല തോമാച്ചന്‍ മരിച്ചതെന്നും, ഏതോ മൃഗത്തിന്റെ ശക്തിയായ അടി പിന്നില്‍നിന്നും തലയ്ക്ക് ഏറ്റതുകൊണ്ട് മാത്രമാണ് തോമാച്ചന്‍ മരിച്ചതെന്നു മനസ്സിലായെന്നും ആ വിവരം സത്യസന്ധമായി താന്‍ റിപ്പര്‍ട്ടില്‍ എഴുതിയെന്നും ഡോ. വ്യക്തമാക്കി. ആരെയും രക്ഷിക്കുവാനോ ശിക്ഷിക്കുവാനോ വേണ്ടി താന്നൊന്നും ചെയ്തിട്ടില്ലെന്നും തന്റെ പരിശോധനയില്‍ വ്യക്തമായി തെളിഞ്ഞ വസ്തുതകള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കിയെങ്കിലും പൗലോസ് മുതലാളി ഡോക്ടറെ സന്തോഷിപ്പിക്കുവാന്‍ ഒരു സമ്മാനം നല്കാതിരുന്നില്ല.
ആരെന്തു തന്നെ ചെയ്താലും എന്തെങ്കിലും കൊടുത്തിരിക്കണമെന്ന വാശിക്കാരനാണ് പരമ ലുബ്ധനാണെങ്കിലും പൗലോസ് മുതലാളി എന്ന വസ്തുത പരക്കെ അറിയാവുന്നതുമാണ്. അതേപ്പറ്റി ആരെങ്കിലും ചോദിച്ചാല്‍ മുതലാളി പറയും.
"നാളെ ആരും അവകാശം പറഞ്ഞു വരാന്‍ പാടില്ല."
ഡോക്ടറോടും അദ്ദേഹം ആ നയം തന്നെ സ്വീകരിച്ചു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയതിന്റെ പേരില്‍, ഡോക്ടര്‍ക്ക് സമ്മാനം നല്കിയതോടെ അയാളുമായുള്ള ബന്ധവും തീര്‍ന്നല്ലോ.
പോലീസ് ഇന്‍സ്‌പെക്ടറേയും ചെകുത്താന്‍ കുട്ടനേയും ഒരു പാഠം പഠിപ്പിക്കുവാന്‍ എന്താണ് വഴിയെന്ന ചിന്തയായി മുതലാളിക്ക്.
ഏതെങ്കിലും വിധത്തില്‍ അവന്മാരെ ശരിപ്പെടുത്താനുള്ള വഴികളെപ്പറ്റി ഊണിലും ഉറക്കത്തിലും ചിന്തയിലായിരുന്നു പൗലോസ് മുതലാളി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം യാദൃശ്ചികമായി വഴിയില്‍വച്ചു പൗലോസ് മുതലാളി ഇന്‍സ്‌പെക്ടറെ കണ്ടുമുട്ടി.
അല്പനേരം കുശലപ്രശ്‌നങ്ങള്‍ ചെയ്ത കൂട്ടത്തില്‍ നയജ്ഞനായ മുതലാളി, ഒരു ദിവസത്തെ ഡിന്നറിന് ഇന്‍സ്‌പെക്ടറെ ക്ഷണിക്കുവാന്‍ മറന്നില്ല.
അടുത്തവന്‍ അകലുമ്പോഴും അകന്നവന്‍ അടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണമെന്ന ചിന്തയൊന്നും ഇന്‍സ്‌പെക്ടര്‍ക്കുണ്ടായില്ല. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്നും, കൈക്കൂലി വാങ്ങി ശീലിച്ച പാരമ്പര്യമുള്ള വര്‍ഗ്ഗത്തില്‍പ്പെട്ട ആളുതന്നെയായിരുന്നു അദ്ദേഹവും. അതുകൊണ്ട്, പൗലോസ് മുതലാളി ഡിന്നറിനു ക്ഷണിച്ചപ്പോള്‍ നിരസിക്കുവാന്‍ ഇന്‍സ്‌പെക്ടര്‍ക്ക് കഴിഞ്ഞില്ല.
വളരെ സന്തോഷത്തോടെ, മഫ്തിവേഷത്തില്‍ വടക്കുംതല തറവാട്ടിലേക്ക് ഇന്‍സ്‌പെക്ടര്‍ കടന്നുചെന്നു. പുതുതായി സ്ഥലം മാറി വന്നിട്ട് അധികം നാള്‍ ആകാത്ത ആളായതുകൊണ്ടും, തോമാച്ചന്റെ മരണത്തെ അന്വേഷിക്കുവാനല്ലാതെ മറ്റൊരാവശ്യത്തിന് ആ നാട്ടുമ്പുറത്തേക്ക് വരാത്ത ആളുമായതുകൊണ്ട് മഫ്തിവേഷത്തില്‍ വിരുന്നിനെത്തിയ ഇന്‍സ്‌പെക്ടറെ ആരും അറിഞ്ഞില്ല.
ഇന്‍സ്‌പെക്ടര്‍ക്കു വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. വിശിഷ്ട ഭോജ്യങ്ങളുമായി പൗലോസ് മുതലാളിയുടെ സാന്നിദ്ധ്യത്തില്‍ ഇന്‍സ്‌പെക്ടര്‍ ആനന്ദത്തില്‍ മുഴുകിയിരുന്നു.
നാടനും വിദേശിയുമായ പലതരം മദ്യങ്ങളും ഡിന്നറിനുണ്ടായിരുന്നു. ആ കുടുംബപുരാണങ്ങളും നാട്ടുവിശേഷങ്ങളം പറഞ്ഞു ഇന്‍സ്‌പെക്ടറും മുതലാളിയും സന്തോഷത്തോടെ ആഹാരപാനീയങ്ങളില്‍ മുഴുകി.
മദ്യം അകത്തു പ്രവര്‍ത്തിച്ചപ്പോള്‍ പൗലോസ് മുതലാളിയേയും കൂട്ടരേയും വിവരം ശരിക്കന്വേഷിക്കാതെ മര്‍ദ്ദിക്കേണ്ടതായി വന്നതിലുള്ള തന്റെ ഖേദം ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തി.
പൂര്‍വ്വവൈരാഗ്യം വച്ചുകൊണ്ട്, വേട്ടക്കുപോയ തോമാച്ചനെ പൗലോസ് മുതലാളിയും അനുചരന്മാരും പിന്നാലെ ചെന്നു കൊടുങ്കാട്ടില്‍വച്ച് അടിച്ചു കൊന്നതാണെന്ന് വിശദമായി തെക്കുംതലയിലെ ഇളംതലമുറക്കാര്‍ ഇന്‍സ്‌പെക്ടറെ ബോധ്യപ്പെടുത്തിയതുകൊണ്ടും മറ്റുമാണ് മുതലാളിയെ തെറ്റിദ്ധരിച്ചതെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കണ്ടു കഴിഞ്ഞപ്പോള്‍ താനും ചെയ്തുപോയ ഹീനകൃത്യങ്ങളെ ഓര്‍ത്തു ദുഃഖിച്ചു എന്നും മറ്റും ഇന്‍സ്‌പെക്ടര്‍ പറഞ്ഞപ്പോള്‍ മുതലാളി അതൊന്നും സാരമില്ലെന്ന മട്ടില്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയും മേലില്‍ രണ്ടു പേരും തമ്മില്‍ ആജീവനാന്തം ഒരു വൈരാഗ്യബുദ്ധിവച്ച് പുലര്‍ത്തരുത് എന്ന് സമ്മതിക്കുകയും ചെയ്തു.
അങ്ങനെ കുടിയിലും തീറ്റയിലും ഉന്മത്തനായി മരവിച്ചിരിക്കുന്ന ഇന്‍സ്‌പെക്ടര്‍ പെട്ടെന്നൊരു കാഴ്ചകണ്ട് അത്ഭുതപ്പെട്ടു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org