Latest News
|^| Home -> Novel -> Childrens Novel -> ചെമ്പോണി – അദ്ധ്യായം 1

ചെമ്പോണി – അദ്ധ്യായം 1

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

“കൊച്ചേമാനന്‍ ഇതെവിടേയ്ക്കാ ഇത്ര രാവിലെ?” പരിചിതമല്ലാത്ത സ്വരം. അതില്‍ പരിഹാസത്തിന്‍റെ ചുവയുണ്ടോയെന്ന് ഒരു സംശയം. അച്ചൂട്ടന്‍ ആളെ ഒന്നു നിരീക്ഷിച്ചു. മേല്‍ക്കാതില്‍ ഓരോന്നിലും ഓരോ സ്വര്‍ണ്ണ വളയം. വെളുത്ത ഉടുപ്പും മുണ്ടുമാണ് വേഷം. അതിലും ചില പുതുമയുണ്ട്. ഉടുപ്പിന് കഴുത്തില്ല. മുണ്ടിനു പിന്‍വശം വിശറിപോലെ ഞൊറിഞ്ഞു വച്ചിരിക്കുന്നു. കഴുത്തില്‍ ഒരു കറുത്ത മുത്തുമാല കിടക്കുന്നു. വായില്‍ നിറഞ്ഞ മുറുക്കാന്‍നീര് അകലേയ്ക്കു നീട്ടിത്തുപ്പി അവര്‍ ചോദിച്ചു, “എന്താ ഒന്നും മിണ്ടാത്തത്?”

ഇത്തവണ ചോദ്യം അല്പം ദേഷ്യത്തിലായതുകൊണ്ടാവാം അച്ചൂട്ടന്‍ മറുപടി വൈകിച്ചില്ല.

“ഇദെന്‍റെ ചെമ്പോണിയാ, ഞാന്‍ ഒക്കേ ചുറ്റിക്കാണാന്‍ പോകുവാ. ഇദൊക്കേം ഞങ്ങളുടെ ദേശാണെന്നാ വല്യമ്മാവന്‍ പറഞ്ഞത്.”

“എന്നുവച്ച് ഈ ചെമ്പില് കേറി തൊഴഞ്ഞുപോയാ കൊച്ചേമാനനെ മൊതല പിടിക്കും. ഈ പാടത്തൊക്കെ ആനേപ്പിടിക്കണ വല്യ മൊതലയുണ്ട്? അറിയാമോ?”

ആ വക കാര്യങ്ങളൊന്നും പാവം അച്ചൂട്ടന് അറിഞ്ഞുകൂടാ. അവധിക്കാലം ചെലവിടാനായി തറവാട്ടിലെത്തിയ അവന് എങ്ങനെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അവിടത്തെ ഭൂമിശാസ്ത്രം അറിയാന്‍ കഴിയുന്നത്. തറവാട്ടുപടി മുതല്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുതുവെള്ളം കണ്ടപ്പോള്‍ ഒരു മോഹം തോന്നി. ഉരല്‍പ്പുരയുടെ ചുവരില്‍ ചാരി വെച്ചിരുന്ന അരിച്ചെമ്പ് ഉരുളി വെള്ളത്തിലിറക്കി. അടുത്തുകണ്ട ഒരു വലിയ ചട്ടുകവുമെടുത്ത് ആരും കാണാതെ തുഴഞ്ഞു പോരുകയായിരുന്നു. കഷ്ടകാലത്തിന് ഇവരുടെ പിടിയിലുമായി. ഇനി എങ്ങനെയാ ഒന്നു രക്ഷപ്പെടുക. ങ്ഹാ ഒരു വഴിയുണ്ട്. അച്ചൂട്ടന്‍റെ മനസ്സിന് ഒരു ധൈര്യം വന്നതുപോലെ.

“എന്നെ എന്തേലും ചെയ്താല് എന്‍റെ വല്യമ്മാവനോടു പറഞ്ഞു കൊടുക്കും. വല്യമ്മാവന്‍ പോലീസാ, അറിയാമോ”

“ഹ…ഹ…ഹ… പോലീസു പെമ്പിളാമ്മയ്ക്കു പുല്ലാ. കൊച്ചേമാനനെ ഇങ്ങനെ വെള്ളത്തി കളിക്കാന്‍ വിട്ടതിന് ഈ കൊലയ്ക്കാത്ത തെങ്ങേലെ ഈര്‍ക്കിലി കൊണ്ട് വല്യമ്മാവനേം മുത്തശ്ശീനേം ഒക്കെ പെമ്പിളാമ്മ തല്ലുന്നൊണ്ട്”- ചിരിയടക്കാന്‍ നന്നേ പാടു പെട്ടുകൊണ്ട് കത്രിപ്പെമ്പിള ഒരു ഈര്‍ക്കില്‍ ചീന്തിയെടുത്തു. അതുകൂടിയായപ്പോള്‍ അച്ചൂട്ടന്‍റെ നിയന്ത്രണം വിട്ടുപോയി. അവന്‍ ഏങ്ങലടിക്കാന്‍ തുടങ്ങി.

ഈ രസകരമായ സംഭാഷണം കേട്ട് വീട്ടുവളപ്പിനുള്ളില്‍ മടലു കീറിക്കൊണ്ടിരുന്ന പൈലിമാപ്പിള അവിടേയ്ക്കു വന്നു.

“എന്‍റെ പൊന്നു കത്രീ, നീ ആ കുഞ്ഞിനെ പേടിപ്പിക്കാതെ. അതിനു വല്ല പനീം പിടിക്കും.”

“കൊച്ചുവര്‍ത്താനം പറയാതെ നിങ്ങളീ കൊച്ചിനെ തറവാട്ടില് കൊണ്ടുചെന്ന് വിട്ടിട്ടുവാ. ഒന്നും വരാതിരുന്നത് ദൈവകുരുത്തം കൊണ്ടാ.” കത്രിപ്പെമ്പിള നെറ്റിയില്‍ കുരിശുവരച്ചു.

പൈലി മാപ്പിള ചെമ്പ് സാവധാനത്തില്‍ ഉന്തിക്കൊണ്ടിരുന്നു. അച്ചൂട്ടന് നല്ല രസം തോന്നി. തെളിവെള്ളത്തിലൂടെ പായുന്ന മാനത്തുകണ്ണികളും തവളക്കുട്ടന്‍മാരും. അവധിക്കാലം തീരാതിരു ന്നെങ്കിലെന്ന് അവന്‍ ആശിച്ചു പോയി.

പൈലിമാപ്പിള എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പൈലിമാപ്പിളയുടെ കഴുത്തിലെ വലിയ വെന്തിങ്ങ അച്ചൂട്ടന്‍റെ തലയില്‍ ഇടയ്ക്കിടെ തട്ടുന്നുണ്ടായിരുന്നു. അവന്‍റെ മനസ്സില്‍ ഇപ്പോള്‍ ഒരു ലക്ഷ്യമേയുള്ളൂ. തന്നെ പേടിപ്പിച്ച ആ പെമ്പിളാമ്മയുടെ കാര്യം മുത്തശ്ശിയോടും വല്യമ്മാവനോടും പറയണം. പറ്റുമെങ്കില്‍ വല്യമ്മാവന്‍റെ കൈയിലിരിക്കുന്ന ലാത്തി കൊണ്ട് കത്രിപ്പെമ്പിളാമ്മയ്ക്ക് രണ്ടു തല്ലു കൊടുപ്പിക്കണം.
* * * * *
ചെമ്പ് തറവാട്ടു പടിക്കലെത്തി. കുട്ടി ചെമ്പില്‍ കയറി തുഴഞ്ഞുപോന്ന വിവരം ആരും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. എല്ലാവരും ഉച്ചമയക്കത്തിലാണ്. പശുക്കളെ നോക്കുന്ന നില്പുകാരന്‍ ചെക്കന്‍ മാത്രം തൊടിയില്‍ ചുറ്റി നടക്കുന്നുണ്ട്. പൈലി മാപ്പിള അച്ചൂട്ടന്‍റെ കൈയും പിടിച്ച് മുറ്റത്തേയ്ക്കു ചെന്നു.

“കുഞ്ഞ് അകത്തേയ്ക്കു പൊയ്ക്കോളൂ. ഈ ചെമ്പ് എവിടെയാ ഇരുന്നത്?”

“ദേ അവിടെ” – അവന്‍ കൈ ചൂണ്ടിയിടത്തേയ്ക്ക് അയാള്‍ ആ ചെമ്പ് കൊണ്ടുപോയി ചാരിവച്ചു.

“എന്നാല്‍ പൈലി മാപ്പിള പോയിട്ടു വരട്ടേ. കൊച്ചേമാനന്‍ പൊയ്ക്കോളൂ.”

അച്ചൂട്ടന്‍ പുഞ്ചിരിച്ചു; പൈലി മാപ്പിളയും. സൗഹൃദത്തിനു പ്രായഭേദമില്ലെന്നത് എത്ര ശരിയാണ്.

മുത്തശ്ശിയോടു പറഞ്ഞ് പൈലിമാപ്പിളയ്ക്ക് എന്തേലും കൊടുപ്പിക്കണം. അക്കൂട്ടത്തില്‍ ആ കത്രിപ്പെമ്പിളാമ്മയ്ക്ക് രണ്ടു തല്ലും. പക്ഷേ അടുത്ത നിമിഷത്തില്‍ മറ്റൊരു ചിന്ത അവനെ വേട്ടയാടി.

ചെമ്പോണിയില്‍ കയറി തുഴഞ്ഞ കാര്യമറിഞ്ഞാല്‍ മുത്തശ്ശീം വല്യമ്മാവനും അച്ചുട്ടനെ തല്ലിയാലോ?

(തുടരും)

Leave a Comment

*
*