Latest News
|^| Home -> Novel -> Childrens Novel -> ചെമ്പോണി – അദ്ധ്യായം 10

ചെമ്പോണി – അദ്ധ്യായം 10

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

തമിഴ്നാട്ടിലെ പ്രശസ്തമായ എവിഎം സ്റ്റുഡിയോയില്‍ വൈകീട്ട് ഏഴു മണിക്ക് അച്ചൂട്ടന്‍റെ ആദ്യഗാനത്തിന്‍റെ റിക്കാര്‍ഡിങ്ങ് ആരംഭിച്ചു. അവന്‍റെ മാതാപിതാക്കളും ഉറ്റ ചങ്ങാതിയായ അന്തോണിയും വിസിറ്റേഴ്സ് ഗ്യാലറിയില്‍ ആകാംക്ഷയോടെ കാത്തിരുന്നു. സ്റ്റുഡിയോയിലെ വിവിധ ബൂത്തുകളിലായി വിവിധ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ നിരന്നു. ഓരോരുത്തര്‍ക്കുമുള്ള നൊട്ടേഷനുകള്‍ ഒന്നുകൂടി വിശദീകരിച്ചുകൊണ്ടു വിപിന്‍ദാസ് മാഷ് നടുത്തളത്തിലേക്കു വന്നു. അവിടെ ഈശ്വരനെയും ഗുരുകാരണവന്മാരെയും മനസ്സാ സ്മരിച്ച് അച്ചൂട്ടന്‍ പാടിത്തുടങ്ങി. ആ നാദവീചികള്‍ക്ക് അവാച്യമായ ലയഭംഗി ഉണ്ടായിരുന്നു.

റെക്കാര്‍ഡിങ്ങ് കഴിഞ്ഞയുടനെ അച്ചൂട്ടനെയും കൂട്ടി വിപന്‍ദാസ് സന്ദര്‍ശക ഗ്യാലറിയിലെത്തി.

“വാട്ട് എ മാര്‍വലസ് സിംഗിങ്ങ്. ഈ അടുത്ത കാലത്തൊന്നും ഇത്ര ഹൃദ്യമായ ഒരു ശബ്ദം അതും ഈ പ്രായക്കാരുടെ ഇടയില്‍ ഞാന്‍ കേട്ടിട്ടില്ല. ഒരു പ്രൊഫഷണല്‍ ടച്ച് ഇയാളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതുപോലെ തോന്നുന്നു.”

എല്ലാവര്‍ക്കും ശ്വാസം നേരെ വീണത് അപ്പോഴാണ്.

“നീ തകര്‍ത്തല്ലോടാ ചെമ്പോണീ”- അന്തോണി അച്ചൂട്ടനെ കെട്ടിപ്പിടിച്ചു.

“ഒന്നു ചുമ്മാതിരിയെടാ. പടം പുറത്തിറങ്ങുംവരെയും അമിതാഹ്ലാദം വേണ്ടെന്നാ സീനിയര്‍ തബലിസ്റ്റ് പറഞ്ഞത്. ഷൂട്ടിംഗ് കഴിഞ്ഞ പല ചിത്രങ്ങളും ഇറങ്ങാതെ പോയിട്ടുണ്ടത്രേ.”

“നീ വറീഡാകാതെടാ. നിന്‍റെ ഗാനശകലങ്ങള്‍ ഓരോ മലയാളി മനസ്സിലും അനുരണനം ചെയ്യുന്ന കാലം അനതിവിദൂരമാണ്. “അന്തോണിയുടെ സാഹിത്യം കരകവിഞ്ഞൊഴുകി. “എന്‍റെ പൊന്നന്തോണീ, കത്തി വയ്ക്കല്ലേ; പ്ലീസ്. അല്ലാണ്ടുതന്നെ മനുഷ്യന്‍ ടെന്‍ഷനടിച്ചു നില്ക്കുവാ.”

പിറ്റേന്നു നാട്ടില്‍ മടങ്ങിയെത്തിയ അച്ചൂട്ടനെ കാത്തിരുന്നതു മുത്തശ്ശിയുടെ മരണവാര്‍ത്തയായിരുന്നു.

“പ്രാണന്‍ പിരിയുമ്പോഴും ഏട്ടത്തി തന്നെ തെരക്കിയിരുന്നു; സ്വച്ഛന്ദ മരണം. മനസ്സില്‍ കലര്‍പ്പില്ലാത്തോര്‍ക്കേ അങ്ങനെ ഒരന്ത്യണ്ടാവൂ” – നീലാണ്ടനമ്മാവന്‍ അച്ചൂട്ടന്‍റെ തോളില്‍ തട്ടി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. താന്‍ മനസ്സു നിറഞ്ഞു പാടുന്ന നിമിഷങ്ങളില്‍ തന്‍റെ എല്ലാമെല്ലാമായ മുത്തശ്ശി ഈ ലോകത്തോടു വിടപറയുകയായിരുന്നു. ഒരു സുഖത്തിന് ഒരു ദുഃഖം പകരം നല്കുന്ന ലോകഗതിയെപ്പറ്റി അവനപ്പോള്‍ ചിന്തിച്ചുപോയി.

ഏതാനും ആഴ്ചകള്‍ക്കുശേഷം ക്ലാസ്സ് ആരംഭിക്കുന്നു എന്ന വാര്‍ത്ത കാണിച്ചുകൊണ്ടു കോളജില്‍ നിന്ന് എഴുത്തുവന്നു. നാട്ടുകാരോടും വീട്ടുകാരോടും യാത്ര ചോദിച്ച് അച്ചൂട്ടന്‍ പാലക്കാട്ടേയ്ക്കു വണ്ടി കയറി. അപരിചിതമായ ആ ഗ്രാമം ഇനി അവന്‍റെ ആത്മാവിന്‍റെ ഭാഗമാണ്.

അച്ചൂട്ടന്‍ പാടിയ പാട്ട് സൂപ്പര്‍ ഹിറ്റായി. സിനിമയുടെ റിലീസിങ്ങ് ദിവസം പ്രിന്‍സിപ്പാള്‍ നേരിട്ടു വിളിച്ച് അനുമോദിച്ചു.

എത്രയെത്ര കാസറ്റുകള്‍! എത്രയെത്ര സിനിമകള്‍. പൂമുഖത്തെ തൂണില്‍ ചാരിയിരുന്ന് അവന്‍ ചിന്തിക്കുകയായിരുന്നു. സംഗീതാദ്ധ്യയനത്തിനും ആലാപനത്തിനും എങ്ങനെ സമയം കണ്ടെത്തുന്നുവെന്ന് അടുത്ത പരിചയക്കാര്‍ ചോദിച്ചു. ഒക്കെത്തിനും മറുപടി ഒരു പുഞ്ചിരിയിലൊതുക്കി.

“അച്ഛാ ഞാന്‍ ഒരു കാര്യംപറഞ്ഞാല്‍ എന്നോടു പിണങ്ങുമോ?”

“നീ പറ കുട്ടാ. നീയെപ്പോഴും നല്ലതല്ലേ ചിന്തിക്കാറുള്ളൂ.”

“നാണിയമ്മ ആ കിടപ്പു കെടക്കാന്‍ തൊടങ്ങീട്ട് കാലം ഏറെയായി. അവരെ ഒന്നു ചികിത്സിപ്പിച്ചാല്…”

“ഒക്കേം കുട്ടന്‍റെ ഇഷ്ടം” – അച്ഛന് എതിരഭിപ്രാ യം ഉണ്ടായിരുന്നില്ല.

നാണിയമ്മയുടെ വീട്ടുപടിക്കലെത്തിയ അച്ചൂട്ടന്‍ അത്ഭുതപ്പെട്ടുപോയി. വീടിന്‍റെ മുഖച്ഛായ മാറിയിരിക്കുന്നു. പൊളിഞ്ഞ വീടിന്‍റെ സ്ഥാനത്ത് ഓടിട്ട ഒരു നല്ല വീടു തലയുയര്‍ത്തി നില്ക്കുന്നു.

“അച്ചൂട്ടനോ. എന്താ അവിടെത്തന്നെ നിന്നത്. ഇങ്ങു കേറി വരൂ” – കുഞ്ഞിലക്ഷ്മി മുറ്റത്തേയ്ക്കിറങ്ങി വന്നു.

“എനിക്ക് ഇവിടെ അടുത്തുള്ള സ്കൂളില് പ്യൂണായി ജോലി കിട്ടി. തുടര്‍ന്നു പഠിക്കണമെന്നുണ്ടായിരുന്നു; ഒന്നും നടന്നില്ല.”

“നാണിയമ്മ?”

“കഴിഞ്ഞ വര്‍ഷം മരിച്ചു.”

“ആരാമ്മേ ഇത്?” ഒരു നാലു വയസ്സുകാരന്‍ കുഞ്ഞിലക്ഷ്മിയുടെ സാരിത്തുമ്പില്‍ പിടിച്ചു വലിക്കുന്നു.

“അച്ചൂട്ടന്‍ മാമനാ. അമ്മേടെ കൂട്ടുകാരന്‍” – അവള്‍ മറുപടി പറഞ്ഞു.

“ആ കുസൃതിക്കുട്ടനെ തന്‍റെ കരവലയത്തിലൊതുക്കി അച്ചൂട്ടന്‍ കുഞ്ഞിലക്ഷ്മിയോടു ചോദിച്ചു: “എവിടെയാ പുള്ളിക്കാരനു ജോലി?”

“സര്‍ക്കാര്‍ സര്‍വീസിലാ. കുടുംബത്തിന്‍റെ ദയനീയ സ്ഥിതി കണ്ടറിഞ്ഞു കല്യാണം ആലോചിക്കുകയായിരുന്നു. ഏട്ടനും സ്വന്തമെന്നു പറയാനായി ആരുമില്ല. അകത്തോട്ടു കടന്നിരിക്ക് അച്ചൂട്ടാ. ഏട്ടനിപ്പം വരും. കണ്ടിട്ടു പോകാം. തനിക്ക് ഒത്തിരി തെരക്കുള്ളതല്ലേ. ഇനി എപ്പഴാ വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ.”

കുഞ്ഞിലക്ഷ്മി! ജീവിതാനുഭവങ്ങള്‍ അവളെ വാചാലയാക്കിയിരിക്കുന്നു. അതേ, ജീവിതസമരത്തില്‍ സന്ധിയില്ലാതെ മുന്നേറുന്നവര്‍ക്കേ വിജയിക്കാന്‍ കഴിയൂ.

അച്ചൂട്ടന്‍ പണ്ടു പുളിമരം നിന്ന ദിക്കിലേക്കു നോക്കി. അവിടെ ഇ പ്പോള്‍ ഒരു തൈത്തെങ്ങു തലയുയര്‍ത്തി നില്ക്കുന്നു.

വേലുമൂത്താന്‍റെ ചുമ എവിടെനിന്നോ കടന്നുവരുന്നു.

“ഇക്കുട്ട്യോളെ കണ്ടാല്‍ തിരിച്ചറിയാതെ പോവരുത്…”

“ഇളയവരൊക്കെ?”

“ഒരാള്‍ മില്‍ട്രീല്, മറ്റൊരാള്‍ സ്റ്റേറ്റ് ബാങ്കില്.”

അധികം വൈകാതെ കുഞ്ഞിലക്ഷ്മിയുടെ ഭര്‍ത്താവെത്തി. വെളുത്തു കൊലുന്നനെയുള്ള ഒരു മുറി മീശക്കാരന്‍.

“അച്ചൂട്ടനല്ലേ; കുഞ്ഞിലക്ഷ്മി ഇയാളെപ്പറ്റി എപ്പോഴും പറയുമായിരുന്നു. പിന്നെ ഒരു സത്യം പറയാമല്ലോ അച്ചൂട്ടാ. ഞാന്‍ തന്‍റെ വലിയൊരു ആരാധകനാ” – സന്തോഷ് അച്ചൂട്ടനോട് സ്വകാര്യമെന്നോണം പറഞ്ഞു.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സിന് ഒരു സമാധാനം. മനുഷ്യര്‍ ചെയ്യുവാന്‍ മറന്നുപോകുന്ന നന്മകള്‍ കാലം അതിന്‍റെ കണക്കുപുസ്തകത്തില്‍ സൂക്ഷിക്കുന്നു. അവസരോചിതമായി ഇടപെടുന്നു. നടവഴി നീളുകയാണ്. പ്രപഞ്ചത്തിന്‍റെ അങ്ങേ തലയ്ക്കലോളം…
(തുടരും)

Leave a Comment

*
*