Latest News
|^| Home -> Novel -> Childrens Novel -> ചെമ്പോണി – അദ്ധ്യായം 11

ചെമ്പോണി – അദ്ധ്യായം 11

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

അശ്വിന്‍ മോഹന് ഇത്തവണ സ്ഥലം മാറ്റം കിട്ടിയത് ഇടുക്കി ജില്ലയിലെ ഇടമലക്കുടി പ്രൈമറി സ്കൂളിലേയ്ക്കായിരുന്നു. കാടിനോടു മല്ലിട്ടു ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന പാവങ്ങള്‍. പ്രകൃതിയുടെ ലോലവും സങ്കീര്‍ണ്ണവുമായ ഭാവഹാവാദികള്‍ കണ്ടു പരിചയിച്ച അവര്‍ക്കിടയില്‍ താനെത്തിപ്പെട്ടത് ഒരു നിയോഗമാണെന്ന് അശ്വിന്‍ മാഷിനു തോന്നി. പനമ്പിന്‍ തട്ടി കൊണ്ടു വേര്‍തിരിച്ച നാലു ചെറിയ ക്ലാസ്സ്മുറികള്‍.

“മാഷേ, അട്ടേടെ കടി കൊള്ളാണ്ട് നോക്കണം. ഇവിടൊക്കെ ഭയങ്കര അട്ടയാ” – നാലാം ക്ലാസ്സുകാരന്‍ ശരവണന്‍ ഓര്‍മ്മിപ്പിച്ചു.

അതിജീവനത്തിന്‍റെ സംഗീതം സ്വായത്തമാക്കിയ കാടിന്‍റെ മക്കളെ ജീവനസംഗീതം പഠിപ്പിക്കാനെത്തിയ തന്‍റെ പരിമിതിയെക്കുറിച്ചോര്‍ത്ത് അശ്വിന്‍മോഹന്‍ അസ്വസ്ഥനായി.

“ഈ വെല്ലക്കാപ്പി കുടിച്ചോണ്ട് തൊടങ്ങ് മാഷേ. അല്ലേല് ഇങ്ങള് ബെറച്ച് ചത്തുപോം.” ചിരട്ട ക്കോപ്പയില്‍ അബൂട്ടി മാഷ് പകര്‍ന്നുകൊടുത്ത ചൂടുള്ള കാപ്പി കുടിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷം.

“ഒക്കേം പാവത്തുങ്ങളാ. പത്തും ഇരുപതും കിലോമീറ്ററുകള്‍ താണ്ടിയാ ഈ കുഞ്ഞുങ്ങള് പഠിക്കാന്‍ വരണത്.

ഒരു കൊല്ലം മുമ്പ് ഞാനിവിടെ വരുമ്പം മൂന്നു കുട്ട്യോളേ ഈ സ്കൂളില് ഉണ്ടായിരുന്നുള്ളൂ. കഞ്ഞീം പുഴുക്കും തൊടങ്ങിയേന് ശേഷാ കൊറേപ്പേരെങ്കിലും വരാന്‍ തൊടങ്ങിയത്. പേമാരീടെ സമയാവുമ്പം ക്ലാസ്സുകളൊക്കെ മിക്കവാറും കാലിയാവും.” അബൂട്ടിമാഷ് പ്രധാനാദ്ധ്യാപകനായി എത്തിയ വര്‍ഷം തുടക്കത്തിലേ ചെയ്ത കാര്യം സ്കൂളിന് ഒരു ചുറ്റുവേലി നിര്‍മ്മിക്കുക എന്നതായിരുന്നു. കരിങ്കല്‍ത്തൂണുകള്‍ക്കിടയിലൂടെ മുള്ളുകമ്പികള്‍ കടത്തി ചുറ്റുവേലി നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അളഗപ്പ ചെട്ടിയാരുടെ ഉദാരമനഃസ്ഥിതിയാണ് മാഷിന്‍റെ പരിശ്രമങ്ങള്‍ക്കു വിജയം പകര്‍ന്നത്.

അബൂട്ടി മാഷിനെക്കൂടാതെ പീറ്റര്‍ മാഷും കണ്ണന്‍ മാഷും അശ്വിന്‍മോഹന് നാടിന്‍റെ സാംസ്കാരിക പശ്ചാത്തലം വിശദീകരിച്ചുകൊടുത്തു.

ശരവണന്‍റെ ശബ്ദമാധുര്യം അശ്വിന്‍മാസ്റ്റര്‍ക്ക് വേറിട്ട അനുഭവമായിരുന്നു. സാരസ്വതപ്രതിഭയുടെ പ്രതിഫലനം അവന്‍റെ മിഴികളിലും മൊഴികളിലും പ്രകടമായിരുന്നു.

വൈകുന്നേരങ്ങളില്‍ ക്ലാസ്സുകഴിഞ്ഞ് ലോഡ്ജ് ഗേറ്റ് വരെ ശരവണനോടൊപ്പമാണ് യാത്ര. അവന് വീണ്ടും കുറെ ദൂരം യാത്ര ചെയ്യാനുണ്ട്. കാപ്പിത്തോട്ടത്തില്‍ കങ്കാണിയായ അവന്‍റെ അച്ഛന്‍ നാഗയ്യന്‍ വഴിയോരത്ത് കാത്തുനില്‍ക്കും.

ശ്വാസധാരയുടെ വിന്യാസക്രമങ്ങള്‍ ശരവണന്‍ എളുപ്പത്തില്‍ ഗ്രഹിച്ചു.

“പഠിച്ചു വല്യ ആളാവണമെന്നാ അച്ഛന്‍ പറഞ്ഞത്. എന്നെക്കൊണ്ട് അതിനു കഴിയുമോ മാഷേ.”

“എന്താ ശരവണാ കഴിയാത്തേ. ഈ ഗ്രാമത്തിനപ്പുറം വിശാലമായ ഒരു ലോകമുണ്ട്.”

“മാഷിന്‍റെ പാട്ടുകള്‍ മിക്കപ്പോഴും പഞ്ചായത്ത് ആപ്പീസിലെ റേഡിയോയില്‍ നിന്നും കേള്‍ക്കാറുണ്ട്. മാഷിന്‍റെ പാട്ട് എല്ലാവര്‍ക്കും ഇഷ്ടാ”- അവന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.

“ഒരു ദിവസം ഞാന്‍ ശരവണന്‍റെ വീട്ടിലേക്ക് വരുന്നുണ്ട്. പെ ട്ടെന്ന് അവന്‍റെ മുഖം മ്ലാനമായി.

“അത്… അതു വേണ്ട മാഷേ.”

“അതെന്താ ശരവണാ… എന്നോട് പെണക്കാണോ.”

അവന്‍ അതിനുത്തരമൊന്നും പറയാതെ ഓടിപ്പോയി.

“ഇക്കുട്ട്യോളെ കാണാതെ പോവരുത്” പഴകിപ്പോയ വാക്കുകളുടെ ഉറവിടം കണ്ടെത്തുവാന്‍ അശ്വിന്‍ മാഷ് ശ്രമിക്കുകയായിരുന്നു.

അന്നൊരു ശനിയാഴ്ചയായിരുന്നു. അവധിയായതിനാല്‍ പ്രഭാതഭക്ഷണത്തിനുശേഷം നടക്കാനിറങ്ങി. റബ്ബര്‍മരങ്ങളും കാപ്പിച്ചെടികളും അതിരിട്ട നാട്ടുവഴികള്‍. ഏലത്തിന്‍റെ സുഗന്ധമുള്ള ഇളംകാറ്റ് കുരുമുളകിന്‍റെ തളിരിലകളെ ഇക്കിളികൂട്ടി ചിരിപ്പിച്ചു. കാട്ടാറിന്‍റെ പദവിന്യാസങ്ങള്‍ അടുത്തടുത്തുവരുന്നു.

“ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” – ആ ഗാനശകലങ്ങള്‍ അശ്വിന്‍ മോഹന്‍റെ മനസ്സിനെ ആനന്ദഭരിതമാക്കി.

എത്രദൂരം അങ്ങനെ നടന്നുവെന്നറിയില്ല.

“മാഷ് ഇതെവിടേയ്ക്കാ?” തലയില്‍ നാലഞ്ച് ഈറ്റക്കൊട്ടകളുമായി ശരവണന്‍ മുന്നില്‍ നില്‍ക്കുന്നു.

“വെറുതെ. എല്ലായിടോം ഒന്നു ചുറ്റിക്കാണാമെന്നു കരുതി. അല്ലാ താനിതെവിടേയ്ക്കാ ശരവണാ ഈ നേരത്ത്.”

“ചന്തയിലേക്കാ മാഷേ. ഞാന്‍ നടക്കട്ടെ” – അവന്‍ ധൃതിയില്‍ നടന്നുപോയി.

വഴിയോരങ്ങളില്‍ ക്രമേണ കൂരകള്‍ കാണുവാന്‍ തുടങ്ങി. പനയോല മേഞ്ഞ, പനമ്പു ചുമരുകളുള്ള ചെറിയ വീടുകള്‍. തൊടികളില്‍ ആടുമാടുകള്‍ സ്വതന്ത്രമായി മേഞ്ഞു നടക്കുന്നു. പട്ടിണിയുടെ ആള്‍രൂപങ്ങള്‍ വിസ്മയം വിടര്‍ത്തിയ കണ്ണുകളോടെ അശ്വിന്‍മാഷിനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

അവിടെ കണ്ട ഒരു ചെറുപ്പക്കാരനോട് മാഷ് തെരക്കി.

“ശരവണന്‍റെ വീട്?”

അയാള്‍ കൈ ചൂണ്ടിയ ദിക്കില്‍ നില്‍ക്കുന്ന കൂരയുടെ മുറ്റത്തേയ്ക്ക് കാലുകള്‍ യാന്ത്രികമായി നീങ്ങി.

മൂന്നു ദശാബ്ദങ്ങള്‍ക്കിപ്പുറം നാണിയമ്മയുടെ വീട് പുനര്‍ജ്ജനിക്കുന്നതുപോലെ.

താടിക്കു കൈയും കൊടുത്തിരിക്കുന്ന വൃദ്ധനോട് എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പായി ഒരു വിഷാദസ്വരം കേട്ടു.

“ങ്ങ്ള് മാഷാല്ലേ. ഇതാ ശരവണന്‍റെ അപ്പന്‍. ഓള്‍ക്ക് കേള്‍ക്കാനും പറയാനും വയ്യ. ഊമയാ. കഴിഞ്ഞ ഒരാഴ്ചയായിട്ട് തീരെ സുഖല്യ. പട്ടിണി കത്തിപ്പിടിക്യാ ഇവ്ടെ.”

അടിയന്തിരമായി എന്തെങ്കി ലും ചെയ്തേ പറ്റൂ. ആരും ഇതേപ്പറ്റി പറയുകയുണ്ടായില്ല. നാട്ടില്‍ എല്ലാവരും നിറച്ചുണ്ണുന്ന തിരുവോണ ദിനങ്ങളില്‍ പോലും വറുതിയുടെ കനലുകളില്‍ പൊരിഞ്ഞമരുന്നു. അവിടെനിന്നും തിരിച്ചു നടക്കുമ്പോള്‍ അശ്വിന്‍മാഷ് ചിലതെല്ലാം മനസ്സിലുറപ്പിച്ചിരുന്നു.

(തുടരും)

Leave a Comment

*
*