Latest News
|^| Home -> Novel -> Childrens Novel -> ചെമ്പോണി – അദ്ധ്യായം 12

ചെമ്പോണി – അദ്ധ്യായം 12

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

നീ സമ്പാദിച്ച പണം. നിന്‍റെ അദ്ധ്വാനത്തിന്‍റെ ഫലം. എങ്കിലും മോനേ, ഒന്നുകൂടി ചിന്തിച്ചിട്ടു പോരേ.”

അച്ഛന്‍ മുറിയില്‍ അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

“അച്ഛനെന്നോടു പിണങ്ങരുത്. അച്ഛന്‍റെ അച്ചൂട്ടന്‍ എന്നും ശരിയല്ലേ ചെയ്തിട്ടുള്ളൂ… ഇതും അങ്ങനെ കാണാന്‍ ശ്രമിക്കണം.”

“ജീവന്‍ പിടഞ്ഞു തീരുകയാ അവിടെ. കോളറയും പട്ടിണീം ഒക്കെയായിട്ട് ഒരു ഗ്രാമം തന്നെ ഇല്ലാണ്ടാവൂന്ന് തോന്നുന്നു. അതു കണ്ടിരിക്കാന്‍ വയ്യച്ഛാ. ഇനീം വൈകിയാല്…”

“നിനക്കൊരു കുടുംബം വേണ്ടേ കുട്ട്യേ. നാടു നന്നാക്കാനിറങ്ങി ഒടുവില്…”- അമ്മ സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി.

“അമ്മേടെ പ്രാര്‍ത്ഥന എപ്പോഴും എന്‍റെ കൂട്ടിനില്ലേ. പിന്നെ എന്തു പേടിക്കാനാ അമ്മേ.”

“ബുദ്ധിമോശം കാട്ടരുത് ഏട്ടാ. പ്രാക്ടിക്കലായി ചിന്തിക്കാന്‍ ശ്രമിക്കൂ.” ഡോക്ടറായ അനുജന്‍ സച്ചിന്‍ മോഹന്‍ ഓര്‍മ്മിപ്പിച്ചു.

“സച്ചൂട്ടാ, നിനക്കും ഈ ഏട്ടനെ മനസ്സിലാവുന്നില്ലേ?”

ആ ചോദ്യം അവന്‍റെ കര ളില്‍ തറച്ചെന്ന് തോന്നുന്നു. ഒരാഴ്ച കഴിഞ്ഞ് ബാംഗ്ലൂരില്‍ നിന്നും സച്ചൂട്ടന്‍റെ മറുപടി വന്നു.

“ഏട്ടന്‍ ചെയ്തതാ അതിന്‍റെ ശരി. എന്നോടു പൊറുക്കണം ഏട്ടാ. ബാംഗ്ലൂരുന്ന് ഞാന്‍ ഒരു മാസത്തേയ്ക്കു ലീവെടുക്കുവാ. ഞാനും ഇനി ഏട്ടനൊപ്പമുണ്ട്.”

പാടിക്കിട്ടിയ പണമത്രയും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. നിരാലംബമായ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്പിന് ഉപകരിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച നോട്ടുകെട്ടുകള്‍!! തന്‍റെ ശബ്ദത്തിന്‍റെ മാധുര്യം അശ്വിന്‍ മോഹന്‍ തിരിച്ചറിയുകയായിരുന്നു. നന്നേ ഇരുട്ടിയാണ് ഉടുമ്പന്‍ ചോലയിലെത്തിയത്.

“പോകുമ്പോള്‍ നമ്മളൊന്നും കൊണ്ടുപോകില്ല കുട്ടാ, സത്കര്‍മ്മങ്ങളല്ലാതെ” – മുത്തശ്ശിയുടെ മുഖം വഴിവിളക്കാകുന്നു.

എല്ലാവരും അശ്വിന്‍ മാഷിന്‍റെ പ്രവൃത്തികളെ അത്ഭുതാദരങ്ങളോടെയാണ് വീക്ഷിച്ചത്. 10 മുതല്‍ 4 വരെയുള്ള സമയം സ്കൂളില്‍ ചെലവഴിക്കുന്ന മാഷ് ശിഷ്ട സമയം ഗ്രാമനവോത്ഥാരണത്തിനായി നീക്കിവച്ചു. അദ്ധ്യാപനം മുടങ്ങരുതെന്ന് മാഷിനു നിര്‍ബന്ധമുണ്ടായിരുന്നു.

കൂപ്പ് കോണ്‍ട്രാക്ടര്‍ കുഞ്ചെറിയാ മുതലാളിയുടെ ഒരു പഴയ ഔട്ട്ഹൗസ് പ്രാഥമിക ആരോഗ്യകേന്ദ്രമായി രൂപം പ്രാപിച്ചു. ഡോ. സ ച്ചിന്‍ മോഹന്‍ മുഴുവന്‍ സമയവും അവിടെ ചെലവഴിച്ചു.

വിലകൂടിയ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഗ്രാമജീവിതത്തെ കരകയറ്റാന്‍ തുടങ്ങി. ശുചിത്വബോധത്തെപ്പറ്റി ജ്യേഷ്ഠാനുജന്മാര്‍ മത്സരിച്ച് ക്ലാസ്സുകളെടുത്തു. സംഹാരരുദ്രയായ കോളറയുടെ നീരാളിപ്പിടുത്തത്തില്‍നിന്നും ഗ്രാമം സാവധാനത്തില്‍ മുക്തമായി. ലോകം ആ ചുറ്റുവട്ടം മാത്രമാണെന്നു കരുതിയ പാവങ്ങള്‍ക്കു മുന്നില്‍ വിജ്ഞാനത്തിന്‍റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ ദൃശ്യമായി. പൊതുജന സാക്ഷരതയിലേക്ക് സര്‍ക്കാര്‍ ശ്രദ്ധയാകര്‍ഷിക്കുവാന്‍ മുന്‍കൈ എടുത്തത് അശ്വിന്‍മാഷ് തന്നെയായിരുന്നു.

“വ്യക്തിശുചിത്വം സാമൂഹ്യപുരോഗതിക്ക്” നാല്ക്കവലയില്‍ സ്ഥാപിക്കപ്പെട്ട ബോര്‍ഡിലെ വാചകങ്ങളുടെ അര്‍ത്ഥം ഇന്ന് ആ ഗ്രാമത്തിലെ ഓരോ കൊച്ചുകുഞ്ഞിനും അറിയാം.

“ശരവണാ. അപ്പനെങ്ങനെയുണ്ട്?”

“ഒക്കേം ഭേദായി മാഷേ. എങ്കിലും അപ്പന്‍ ഇനി പണിക്കു ചെല്ലണ്ടാന്നാ മൊതലാളി പറഞ്ഞത്.”

അതെ, ശരവണന്‍റെ അപ്പന് പഴയ ആരോഗ്യമില്ല. പ്രായവും വൈകല്യവും അയാളെ ജോലിക്കു പ്രാപ്തനല്ലാതാക്കുന്നു. നീരെടുത്തശേഷം വലിച്ചെറിയപ്പെടുന്ന കരിമ്പിന്‍ ചണ്ടികളെക്കുറിച്ച് ആരാണ് ചിന്തിക്കുന്നത്.

“ശരവണാ, തളരരുത്. അപ്പന് എന്തെങ്കിലും ചെറിയ ജോലി തരപ്പെടുത്താം. ആയാസമില്ലാത്ത ജോലി. ഞാനൊന്ന് നല്ലവണ്ണം ആലോചിക്കട്ടെ.”

ശരവണന്‍ നടന്നുനീങ്ങിയപ്പോള്‍, കൈത്തൊഴിലുകളെപ്പറ്റിയായിരുന്നു അശ്വിന്‍ മാഷിന്‍റെ ചിന്ത. അധികം വൈകാതെ ഈറ്റകൊണ്ടു ള്ള കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഒരു ഷെഡ് ഗ്രാമത്തില്‍ ഉയര്‍ന്നുവന്നു.

“ഏട്ടാ ഞാന്‍ തിരിച്ചുപോകട്ടെ. ഇവിടത്തെ സ്ഥിതി ഒരുവിധം ശാന്തമായ സ്ഥിതിക്ക്…”

അതിനെന്താ സച്ചൂട്ടാ. നീ ഇന്നുതന്നെ മടങ്ങിക്കോളൂ. എന്‍റെ കുട്ടി വല്ലാണ്ട് കഷ്ടപ്പെട്ടല്ലോ. സാരോല്യ. ഒക്കേം നല്ലതിനായിരുന്നു എന്നു കരുതാം.”

“ഏട്ടനാ എന്‍റെ കണ്ണു തുറപ്പിച്ചത്. ബാംഗ്ലൂരിലെ പഠനവും ജോലിയുംകൊണ്ട് എല്ലാം തികഞ്ഞെന്ന് കരുതിയ എനിക്ക് ഇവിടം ഒരു പഠനക്കളരി തന്നെയായിരുന്നു. ഏട്ടനാ എന്‍റെ ഗുരുനാഥന്‍.”

“നീ ഈ ഏട്ടനെ കരയിപ്പിക്കരുത്. ഒരു വിളിപ്പാടിനപ്പുറം നമ്മളെല്ലാവരും ഇല്ലേടാ.” അശ്വിന്‍മാഷ് സന്തോഷാശ്രു പൊഴിച്ചു പുഞ്ചിരിച്ചു. അന്നു വൈകീട്ട് തന്നെ ഡോ. സച്ചിന്‍മോഹന്‍ മടങ്ങി. തേയിലത്തോട്ടത്തിന്‍റെ അതിര്‍ത്തിവരെ കാടിന്‍റെ മക്കള്‍ അദ്ദേഹത്തെ അനുഗമിച്ചു. അനുജനെ യാത്രയാക്കി തിരിച്ചുപോരുംവഴി അയ്യന്‍കോവിലിനു സമീപം ചില നിഴല്‍രൂപങ്ങള്‍ അശ്വിന്‍ മാഷിനെ വലയം ചെയ്തു.
“ആരാത്…?”
അതിനുത്തരം ലഭിക്കുന്നതിനുമുമ്പ് വീശിയടിച്ച കാറ്റില്‍ അച്ചന്‍കോവിലിലെ കല്‍വിളക്കിലെ തിരിനാളങ്ങള്‍ അണഞ്ഞുപോയി.
(തുടരും)

Leave a Comment

*
*