Latest News
|^| Home -> Novel -> Childrens Novel -> ചെമ്പോണി – അദ്ധ്യായം 13

ചെമ്പോണി – അദ്ധ്യായം 13

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

“ആരാ, ആരാത്..?”-അശ്വിന്‍ മാഷ് ഇരുട്ടിലേക്കു തുറിച്ചുനോക്കി തന്‍റെ ചോദ്യം ആവര്‍ത്തിച്ചു.

“ഞാനാ മാഷേ, സഹദേവന്‍. ഇവരൊക്കെ എന്‍റെ ചങ്ങാതിമാരാ. മാഷെന്തിനാ വെറുതെ ഈ മലമൂട്ടില്‍ കിടന്നു കഷ്ടപ്പെടുന്നത്? മാഷിന് ഒരു ജീവിതമൊക്കെ വേണ്ടേ?”

സഹദേവനെ ചുരുങ്ങിയ നാളുകള്‍ള്ളില്‍ത്തന്നെ അശ്വിന്‍മാഷിന് മനസ്സിലായിരിക്കുന്നു. മുതലാളിമാരുടെ വലംകയ്യാണ് അയാള്‍.

“എന്താ സഹദേവന്‍, എന്താ കാര്യം പറയൂ?”

‘ങ്ഹാ, വളച്ചുകെട്ടില്ലാതെ പറയാം മാഷേ. മാഷ് കഴിവതും വേഗം ഇവിടെനിന്നു തിരിച്ചുപോകണം. മാഷ് കാരണം തോട്ടത്തിലെ കങ്കാണിപ്പണിക്ക് ആളു കുറഞ്ഞതിനാല്‍ പീലിപ്പോസ് മുതലാളി ആകെ ദേഷ്യത്തിലാ.”

“ഞാനെന്തു ചെയ്തെന്നാ നിങ്ങളീ പറഞ്ഞുവരുന്നത്?”

“അയ്യോ പാവം. മാഷിനൊന്നും അറിഞ്ഞുകൂടാ അല്ലേ. കൂലിക്കാര്യത്തെക്കുറിച്ചു മാഷ് തൊഴിലാളികളോടു വല്ലതും പറഞ്ഞിരുന്നോ?”

“ചെയ്യുന്ന തൊഴിലിന് അര്‍ഹമായ വേതനം ലഭിക്കുവാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നു പറഞ്ഞത് ഒരു തെറ്റാണെന്ന് എനിക്കു തോന്നിയിട്ടില്ല.”

“തോന്നാതെ പറ്റുമോ മാഷേ, ഇല്ലേല് തടി കേടാവും.” അതു പറഞ്ഞത് ഒത്ത വണ്ണവും പൊക്കവുമുള്ള ഒരുവനായിരുന്നു.

“മനഃസാക്ഷിക്കു യോജിച്ചതേ പ്രവര്‍ത്തിക്കാവൂ” – ഓര്‍മ്മയുടെ നനുത്ത മൂടുപടത്തിനപ്പുറം മുത്തശ്ശിയുടെ വാക്കുകള്‍.

“അപ്പോ, എന്തു തീരുമാനിച്ചു. നാളെ പുലര്‍ച്ചെയ്ക്കുള്ള ബസ്സിനു മാഷ് ഇവിടം വിടുന്നു അല്ലേ?”

“ഇല്ല.” അശ്വിന്‍ മാഷിന്‍റെ ശബ്ദത്തിനു പതിവിലേറെ മുഴക്കമുണ്ടായിരുന്നു. “ജീവിതത്തിന്‍റെ അര്‍ത്ഥം എന്തെന്നു ഞാന്‍ മനസ്സിലാക്കിയത് ഇവിടെനിന്നുമാ. ഈ ഗ്രാമം സ്വയംപര്യാപ്തതയിലേക്കെത്താന്‍ ഇനി കുറച്ചുകാലമേ വേണ്ടിവരൂ. കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിടുന്ന ഇവരുടെ മനസ്സില്‍ നന്മയേയുള്ളൂ. അതു കണ്ടില്ലെന്നു നടിക്കാന്‍ വയ്യ.”

പെട്ടെന്ന്, അവരിലൊരാളുടെ കയ്യിലിരുന്ന ഇരുമ്പുവടി ഉയര്‍ന്നുതാണു. കണങ്കാലില്‍ അടിയേറ്റ് അശ്വിന്‍മാഷ് മുട്ടുകുത്തി വീണു.

“അമ്മേ…”

മുഖമടച്ചു വീണതിനാല്‍ വായില്‍ ചോരയുടെ സ്വാദ്.

“തട്ടിയേക്കാനാ മുതലാളി പറഞ്ഞത്. എന്നാലും ഞങ്ങളു വിട്ടേക്കുവാ. എവിടെയും പോയി ജീവിച്ചോ. ഇനി ഇവിടെങ്ങാനും കണ്ടാല്‍…”

അയാള്‍ ഇരുമ്പുവടി ദൂരേയ്ക്ക് ആഞ്ഞറിഞ്ഞു. ഏതോ പാറക്കൂട്ടത്തില്‍ തട്ടി അതിന്‍റെ ശബ്ദം അകന്നകന്നുപോയി. എത്ര നേരം ആ വഴിയോരത്ത് അങ്ങനെ കിടന്നുവെന്നറിയില്ല. ആരോ വന്നു കുലുക്കി വിളിച്ചപ്പോഴാണു കണ്ണു തുറന്നത്. മേലാസകലം വേദനയുടെ മുള്‍പ്പടര്‍പ്പുകള്‍; മുട്ടിനു താഴേയ്ക്കു മരവിച്ചതുപോലെ.

കാട്ടുമൂപ്പന്‍ നഞ്ചപ്പന്‍റെ കുടിലിനു മുന്നിലെ കയറ്റുകട്ടിലില്‍ അതിരില്ലാത്ത ആകാശത്തേയ്ക്കു കണ്ണും നട്ട് അശ്വിന്‍മാഷ് കിടന്നു.

“മാഷേ, വല്ലാണ്ടു നോവണുണ്ടോ?”- ശരവണന്‍ കരച്ചിലിനിടയില്‍ ചോദിച്ചു.

“ഏയ്, എന്താ ശരവണാ ഇത്. ഒന്ന് വീണൂന്നല്ലാതെ; സാരല്യടോ. ഈശ്വരാധീനംകൊണ്ട് ഇത്രയേ വന്നുള്ളൂ.” വേദനകളെ ഉള്ളിലൊതുക്കാന്‍ എന്നേ പഠിച്ചിരിക്കുന്നു.

പെരുമീനുദിക്കുംവരെ തന്‍റെ ചുറ്റും ഉറക്കമിളച്ചു നിന്ന പാവങ്ങളെ വളരെ നിര്‍ബന്ധിച്ചാണ് അശ്വിന്‍മാഷ് മടക്കി അയച്ചത്. ആ മുഖങ്ങളിലെല്ലാം സങ്കടത്തിന്‍റെ കാര്‍മേഘങ്ങള്‍ പെയ്യുവാന്‍ വെമ്പിനില്ക്കുകയായിരുന്നു.

വയ്യാതെ കിടന്ന അവസരത്തില്‍ ഗ്രാമത്തിനപ്പുറമുള്ള വിശാലമായ ലോകത്തെക്കുറിച്ച് അശ്വിന്‍മാഷ് വാതോരാതെ സംസാരിച്ച് അതിജീവനത്തിന്‍റെ രസതന്ത്രം അങ്ങനെ നൂറുകണക്കിനു ഹൃദയങ്ങളിലേക്കു കുടിയേറി.

ഒരു മാസത്തെ പരിപൂര്‍ണ വിശ്രമത്തിനൊടുവില്‍ ക്രച്ചസിന്‍റെ സഹായത്തോടെ പതുക്കെ നടക്കാമെന്നായി.

പതിവുപോലെ തന്നെ കാണാനെത്തിയ അബൂട്ടിമാഷിന്‍റെ മുഖത്ത് ഒരു വിഷാദം നിഴലിച്ചു കണ്ട് അശ്വിന്‍മാഷ് ചോദിച്ചു: “എന്താ മാഷേ, കെട്ട്യോളുമായി പെണങ്ങ്യോ?”

അബൂട്ടിമാഷ് അതിന് ഉത്തരമൊന്നും പറഞ്ഞില്ല. പകരം ഒരു കവര്‍ എടുത്തു നീട്ടുകയായിരുന്നു.

സ്ഥലംമാറ്റ ഉത്തരവ് അശ്വിന്‍ മാഷിന്‍റെ കൈകളിലിരുന്നു വിറച്ചു.

അഭിനയിച്ചു തീരുംമുമ്പ് അരങ്ങൊഴിയാന്‍ നിര്‍ബന്ധിതനാകുന്ന നടന്‍റെ മാനസികാവസ്ഥ മറ്റാരേക്കാളും നന്നായി മാഷിന് അപ്പോള്‍ അറിയാമായിരുന്നു.

“ഇനിയെന്നാ വര്വാ മാഷേ…?” ഗ്രാമം ഒന്നടങ്കം ചോദിക്കുന്നു.

“വരും… വരാതിരിക്കാന്‍ തന്നെക്കൊണ്ടാവുമോ? അദൃശ്യമായ ഏതോ ആത്മബന്ധത്തിന്‍റെ നൂലിഴകൊണ്ടു താനിവിടെ ബന്ധിതനായിരിക്കുന്നു. ദേഹം മാത്രമാണ് ഇവിടെനിന്നു പോകുന്നത്. ദേഹി ഇവിടെ കാവലാളാകുന്നു എന്നെങ്കിലും ഒരിക്കല്‍ ഈനാടിന്‍റെ ചരിത്രം പഠനവിഷയമാകും. അന്നു നഞ്ചപ്പനും ശിവപ്പയും കാത്തുവമ്മാളുമൊക്കെ വിസ്മയത്തിന്‍റെ വലിയേറ്റം സൃഷ്ടിച്ചു പ്രത്യക്ഷപ്പെടും.

ബസ്സിലിരുന്ന് അശ്വിന്‍ മാഷ് പിന്നിലേക്കു നോക്കി. നൂറുകണക്കിനു കരങ്ങള്‍ യാത്രാമൊഴി നേരുകയാണ്. ബസ്സിന്‍റെ ജനാലച്ചില്ലിനിടയിലൂടെ കടന്നുവന്ന കുളിര്‍കാറ്റിന് മനസ്സിന്‍റെ താപം തെല്ലും കുറയ്ക്കുവാന്‍ കഴിഞ്ഞില്ല.

(തുടരും)

Leave a Comment

*
*