ചെമ്പോണി – അദ്ധ്യായം 14

ചെമ്പോണി – അദ്ധ്യായം 14

കാവ്യദാസ് ചേര്‍ത്തല

രാജശേഖരന്‍ ആശാന് ഒരു മാറ്റവുമില്ല. ചുണ്ടില്‍ വയലാര്‍ കവിതകളും കരളില്‍ മനുഷ്യസ്നേഹത്തിന്‍റെ കടലും പേറുന്ന ഒരു കൊച്ചു മനുഷ്യന്‍. കരപ്പുറം ഡ്രൈവിങ്ങ് സ്കൂളിന്‍റെ അമരക്കാരന്‍. അദ്ദേഹമാണ് അശ്വിന്‍മോഹന് പ്രതികരണത്തിന്‍റെ വിഭിന്നമായ വഴിത്താരകള്‍ കാട്ടിക്കൊടുത്തത്. ആശാന്‍ പതിവുപോലെ ഡ്രൈവിങ്ങ് പരിശീലനത്തിലായിരുന്നു.

"വരൂ… വരൂ… നാട്ടില്‍ എന്നെത്തി?"

"ഇന്നലെയാ ആശാനേ."

"വിവരങ്ങളൊക്കെ അറിഞ്ഞു. ഉം… തോല്പിക്കാന്‍ പലരും ശ്രമിക്കും. ഇച്ഛാശക്തികൊണ്ട് അതിനെയൊക്കെ അതിജീവിക്കണം."

"എന്‍റെ മനസ്സ് ആരേക്കാളും നന്നായി ആശാന് അറിയാമല്ലോ."

"ഭാവി പരിപാടികള്‍. പുതിയ പ്രോജക്ട് ഉടനെയുണ്ടോ?"

"ഫിലിം ഫീല്‍ഡിലേക്ക് ഉടനെ ഇല്ല." മനസ്സു തുറന്നു കുറച്ചു പാടണമെന്നുണ്ട്. അതിനു ചലച്ചിത്രത്തിന്‍റെ പരിവേഷം ഞാന്‍ ആ ഗ്രഹിക്കുന്നില്ല."

"പിന്നെ…."

"ആരോഗ്യവകുപ്പിനു ഞാന്‍ അയച്ച ഒരു പ്രോജക്ട് അംഗീകരിച്ചുകൊണ്ടുളള എഴുത്തു വന്നിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പലരും പരീക്ഷിച്ചു വിജയിച്ചിട്ടുളള കാര്യംതന്നെയാണു മ്യൂസിക്കല്‍ തെറാപ്പി. അതായത് സംഗീതചികിത്സ രോഗബാധിതമായ കോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുവാന്‍ നാദതരംഗങ്ങള്‍ക്കു കഴിയും."

"നല്ലൊരാശയമാ. മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ മലവെള്ളപ്പാച്ചിലില്‍ ഇതു വല്ലതും നടക്കുമോ മാഷേ?"

"നടക്കും ആശാനേ നടക്കും. ആതുരസേവനം കച്ചവടമായി കരുതാത്ത കുറേ ആശുപത്രികളെങ്കിലും നമുക്കു ചുറ്റുമുണ്ട്. അവിടെ ഇതു പരീക്ഷിച്ചുനോക്കാമെന്നു കരുതുന്നു. ങ്ഹാ, അതിരിക്കട്ടെ തിരക്കിനിടയില്‍ ചോദിക്കാന്‍ വിട്ടുപായി.

"ആശാന്‍റെ ഒറ്റയാള്‍ സമരങ്ങള്‍ ഇപ്പോഴുമുണ്ടോ?"

"കണ്ണടയുംവരെ അതുണ്ടാകും."

അവിടെനിന്നു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വഴിയില്‍ പല പരിചിത മുഖങ്ങളും കണ്ടു. പള്ളിക്കവലയിലെത്തിയപ്പോള്‍ അന്തോണിയെ കണ്ടു. സ്കൂള്‍ ബസ്സില്‍ വന്നിറങ്ങിയ മകനെയും കൂട്ടി വീട്ടിലേക്കു തിരിക്കുകയാണ് അവന്‍.

"ടാ, ചെമ്പോണീ…" – ആ പഴയ വിളി. അതില്‍ സൗഹൃദം പൂത്തുലയുന്നു.

"അന്തോണീ, നീ ആകെ തടിച്ചല്ലോടാ. കഷണ്ടിയുമായി. ഇപ്പം നിന്‍റെ തല കണ്ടാല്‍ ഷേക്സ്പിയറുടെ തലപോലെയുണ്ട്. "ഈ കടുക്കാച്ചന്‍ എത്രേലാ പഠിക്കുന്നത്?"

"തേഡിലാ അങ്കിള്‍" – ഉത്തരം പറഞ്ഞത് അന്തോണിയുടെ മകനായിരുന്നു.

"മിടുക്കന്‍; നന്നായി പഠിക്കണം" – അശ്വിന്‍മോഹന്‍ അവനെ വാത്സല്യപൂര്‍വം തലോടി.

"നീ ഇനി ഇവിടെത്തന്നെ തങ്ങാന്‍ തീരുമാനിച്ചോ?"

"അതേടാ, അപ്പനു തീരെ വയ്യ. മാത്രവുമല്ല നമ്മുടെ നാടിന്‍റെ ഒരു സുഖമുണ്ടല്ലോ. അകന്നുനില്ക്കുമ്പോഴേ ബന്ധത്തിന്‍റെ വില മനസ്സിലാകൂ."

സത്യമാണ് അവന്‍ പറയുന്നത്. കുടുംബം… കുടുംബബന്ധങ്ങള്‍ എത്രമാത്രം അകന്നിരുന്നാലും അത്രമേല്‍ അതു ദൃഢമാക്കപ്പെടുന്നു. അതിന്‍റെ പാരമ്യത്തില്‍ നാട് ഒരു ഉള്‍വിളിയാകുന്നു.

പിന്നീടു ഗേഷണത്തിന്‍റെ നാളുകളായിരുന്നു. പഠിക്കുന്തോറും വിജ്ഞാനം സങ്കീര്‍ണമാവുകയാണ്. അവിടെയൊക്കെ ബിഥോവനും റോബര്‍ട്ട് ജോണ്‍സണും ബോബ്ഡിലനുമൊക്കെ തെളിച്ചിട്ട പാതകള്‍ പലയാവര്‍ത്തി പിന്നിടേണ്ടി വന്നു.

അശ്വിന്‍ മോഹന്‍റെ മ്യൂസിക്കല്‍ തെറാപ്പിക്ക് അംഗീകാരം ലഭിച്ചു. പത്രമാധ്യമങ്ങളില്‍ അതു ചര്‍ച്ചാവിഷയമായി. കേരളത്തിലെ ആ കുഗ്രാമം ഇന്ന് അശ്വിന്‍മോഹന്‍ എന്ന വലിയ കലാകാരന്‍റെ പേരില്‍ അറിയപ്പെടുന്നു.

"ഒന്നു ചോദിച്ചോട്ടെ മാഷേ. അദ്ധ്യാപനജീവിതമാണോ അതോ കലാജീവിതമാണോ മാഷിന് ഏറ്റവും ചാരിതാര്‍ത്ഥ്യം പകര്‍ന്നിട്ടുള്ളത്?"

ചാരുകസേരയില്‍ കിടന്ന് അശ്വിന്‍മാഷ് പുഞ്ചിരിച്ചു. തന്‍റെ നെഞ്ചോടു ചേര്‍ന്നുകിടക്കുന്ന പേരക്കുട്ടിയെ ഓമനിച്ചുകൊണ്ടു പത്രപ്രവര്‍ത്തകയുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു:

"അങ്ങനെ വേര്‍തിരിച്ചു പറയാന്‍ കഴിയില്ല കുട്ട്യേ. ജീവിതത്തിന്‍റെ ഓരോ നിമിഷവും ആസ്വദിക്കുക. കര്‍മ്മോത്സുകമാകാത്ത ഒരു ദിനംപോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകരുത്. നാം അറിയാതെ ചവിട്ടിയരയ്ക്കുന്ന ഉറുമ്പുകള്‍ക്കുപോലും അദ്ധ്വാനത്തിന്‍റെ ബാലപാഠം പകര്‍ന്നു തരാന്‍ കഴിയും."

സഹപ്രവര്‍ത്തകയോടൊപ്പം അവിടെനിന്നു യാത്ര ചോദിച്ചു നടക്കുമ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പ്രശസ്തമായ ചെമ്പോണിത്തറവാടിന്‍റെ പൂമുഖത്തെ ചാരുകസേരയിലെ വെളുത്തു കൊലുന്നനെയുള്ള വൃദ്ധന്‍ തന്‍റെ പേരക്കുട്ടിയുടെ കണ്ണുകള്‍ക്കു മുന്നില്‍ ഒരു വിസ്മയലോകം തീര്‍ക്കുകയാണ്… സഹാനുഭൂതിയുടെയും സമഭാവനയുടെയും ഒരു പുതിയ ലോകം.

(അവസാനിച്ചു).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org