ചെമ്പോണി – അദ്ധ്യായം 2

ചെമ്പോണി – അദ്ധ്യായം 2

"മുത്തശ്ശീ, ആരാ അവിടെ താമസിക്കുന്നത്?"

അച്ചൂട്ടന്‍ അല്പം അകലേയ്ക്കു വിരല്‍ ചൂണ്ടി.

"പൈലീം കത്രീം. എന്താ കുട്ടാ കാര്യം"

"അത്… അത്"

"എന്താ കുട്ട്യേ. എന്തായാലും മുത്തശ്ശ്യോടു പറയൂ"

"അല്ല, ആ പെമ്പിളാമ്മ വല്യമ്മാവനേം മുത്തശ്ശീനേം തല്ലൂന്നു പറഞ്ഞു."

"എപ്പോ. കത്രി ഇവിടെ വന്നിരുന്നോ. എന്നിട്ട് ഞാന്‍ കണ്ടില്ലല്ലോ അവളെ. എന്തായാലും എല്ലാവരും ഒന്നു സൂക്ഷിക്കണതാ നല്ലത്. കത്രി തല്ലൂന്ന് പറഞ്ഞാല് തല്ലും. അത്ര ദേഷ്യക്കാരിയാ അവള്. ആട്ടെ എന്തിനാ കത്രി മുത്തശ്ശീനേം വല്യമ്മാവനേം തല്ലുന്നത്? കുട്ടനോട് വല്ലതും പറഞ്ഞോ?"

മുത്തശ്ശിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അച്ചൂട്ടന് ആകെ ഒരു വിറയല്‍. അപ്പോള്‍ മുത്തശ്ശിക്കും അവരെ ഭയമാണ്. ഇനി കാര്യം തുറന്നുപറയുകയേ നിവൃത്തിയുള്ളൂ. ഇല്ലെങ്കില്‍ ഒക്കേം കുഴപ്പത്തിലാവും.

"അതേയ് മുത്തശ്ശീ" അച്ചൂട്ടന്‍ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു തുടര്‍ന്നു: "ചെമ്പോണീക്കേറി ഞാന്‍ അങ്ങൂട് പോകുമ്പം ആ പെമ്പിളാമ്മ എന്നെ പിടിച്ചു നിറുത്തി. അങ്ങനെ പോയാല് എന്നെ മൊതല പിടിക്കൂന്ന് പറഞ്ഞു പേടിപ്പിച്ചു. അപ്പഴാ ഞാന്‍ വല്യമ്മാവന്‍റെ കാര്യം പറഞ്ഞത്. അത് കേട്ടതും അവര് വല്യമ്മാവനേം മുത്തശ്ശീനേം തല്ലൂന്ന് പറഞ്ഞു."

മുത്തശ്ശി ചിരിച്ചു. കുടുകുടെ ചിരിച്ചു. അച്ചൂട്ടന് കാര്യം പിടികിട്ടിയില്ല. എന്തായിത് കഥ? തല്ലൂന്ന് കേട്ടാല് ആരെങ്കിലും ചിരിക്ക്വോ?

"ആ പെമ്പിളാമ്മ ആരാന്ന് കുട്ടനറിയ്വോ? നിന്‍റെ ഈ മുത്തശ്ശീടെ കളിക്കൂട്ടുകാര്യാ അവള്. കുടിപ്പള്ളിക്കൂടത്തില് ഞങ്ങള് ഒന്നിച്ചാ പഠിച്ചത്. കുട്ടനെ ഇവിടെ കൊണ്ടു വന്നാക്കിയ പൈലിമാപ്പിള നിന്‍റെ മുത്തശ്ശന്‍റെ വല്യ ചങ്ങാതിയാ. സംശോണ്ടെങ്കില് മുത്തശ്ശന്‍ ഗുരുവായൂരുന്ന് വരുമ്പം ചോദിച്ചു നോക്ക്യോളൂ. ഞങ്ങളെപ്പോലെ ഞങ്ങടെ മക്കളും ചങ്ങാത്തം തുടര്‍ന്നുപോരുന്നു. പൈലീടെ മകന്‍ പട്ടാളത്തിലുള്ള കറിയാക്കുട്ടി ലീവിനുവരുമ്പോള്‍ ഒരീസം ഇവിടുന്നാ ഊണു കഴിക്കുന്നത്. എന്‍റെ ചക്കരക്കുട്ടനെ കത്രി ശകാരിച്ചത് പിണക്കം കൊണ്ടല്ല, സ്നേഹം കൊണ്ടാ. നിനക്ക് ആപത്ത് വരാതിരിക്കാനാ. മനസ്സിലായോ മരമണ്ടാ."

ഇപ്പോള്‍ ശരിക്കും വെട്ടിലായത് അച്ചൂട്ടനാണ്. മുത്തശ്ശി എന്തു വിചാരിച്ചുകാണും. എന്തായാലും കത്രിപ്പെമ്പിളാമ്മയോടുള്ള പിണക്കം അവന്‍റെ മനസ്സില്‍ നിന്നും പൂര്‍ണ്ണമായും നീങ്ങിയിരിക്കുന്നു. ശരിക്കും വഴക്കു കിട്ടേണ്ടത് വല്യമ്മാവന്‍റെ മകന്‍ ഗോപിയേട്ടനാണ്. ചെമ്പോണീക്കേറി പോയാല് നല്ല രസമായിരിക്കൂന്ന് പറഞ്ഞത് ഗോപിയേട്ടനാണ്. തുലാഭാരം കഴിച്ച് ഗോപിയേട്ടനും മുത്തശ്ശനും ഇങ്ങു വരട്ടെ. കൈക്കുഞ്ഞായ സുഭദ്രക്കുട്ടിയേയുമെടുത്തു കൊണ്ട് ചെറ്യമ്മായി അവിടേയ്ക്കു വന്നു. സുഭദ്രക്കുട്ടി വല്യവാശിക്കാരിയാണ്. എപ്പോഴും കരച്ചില്‍ തന്നെ. കുട്ടികളെ അങ്ങനെ കരയിപ്പിക്കണത് നന്നല്ലെന്നാണ് മുത്തശ്ശീടെ പക്ഷം. ചെറ്യച്ഛന്‍ സ്കൂള്‍ മാഷാണ്. പരീക്ഷ പേപ്പര്‍ നോട്ടത്തിലാണത്രേ ചെറ്യച്ഛനിപ്പോള്‍. ഇനീം രണ്ടുമൂന്നു ദിവസം കഴിഞ്ഞേ മടക്കം ഉണ്ടാവുള്ളൂ.

ചെറ്യമ്മായി ഒരു ലഡു അച്ചൂട്ടനു നേര്‍ക്കു നീട്ടി. അച്ചൂട്ടന് ലഡു ഇഷ്ടമാണ്. പക്ഷേ അതിലെ കറുത്ത മുന്തിരി കാണുമ്പോള്‍ കരിവണ്ടിനെ ഓര്‍മ്മവരും. അതു കൊണ്ട് മുന്തിരി കളഞ്ഞിട്ടേ അവന്‍ ലഡു കഴിക്കാറുള്ളൂ. ഓരോരോ ശീലങ്ങള്.

* * * * *

പണിക്കരമ്മാവന്‍ രാവിലെ എത്തി. തറവാട്ടിലെല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. മുത്തശ്ശീം മുത്തശ്ശനുമൊഴികെ. ദേഹമാസകലം ഭസ്മം പൂശി വായ നിറയെ മുറുക്കാനുമായി കയറി വരുന്ന പണിക്കരമ്മാവനെ കാണുമ്പോള്‍ തറവാട്ടിലെ ആശ്രിതരും ഇളമുറക്കാരും പേടിച്ചരണ്ട പെരുച്ചാഴികളെപ്പോലെ ഓരോയിടങ്ങളിലൊളിച്ചുകളയും. അത്രയ്ക്ക് ഭയഭക്തി ബഹുമാനമാണ് എല്ലാവര്‍ക്കും. തറവാട്ടിലെ ഒരു അകന്ന ബന്ധുവാണ് നീലാണ്ടപ്പണിക്കരമ്മാവന്‍. എന്തിനും ഏതിനും മുത്തശ്ശന്‍റെ വിളിപ്പുറത്തുണ്ട് അദ്ദേഹം.

"ഏടത്ത്യമ്മേ, ഗോവിന്ദേട്ടനെപ്പത്തേയ്ക്ക് എത്തും?"

"നാളേയ്ക്കാവൂന്നാ നിരീക്കണേ. എന്താ നീലാണ്ടാ വിശേഷിച്ച്?" മുത്തശ്ശി ചാണകം മെഴുകുന്നതിനിടയില്‍ തല പൊന്തിച്ചു നോക്കി. തിണ്ണ കണ്ണാടി പോലെ മിന്നണം. അതുകൊണ്ട് തിണ്ണമെഴുകുന്ന കാര്യത്തില്‍ മുത്തശ്ശി മറ്റാരെയും ഉള്‍പ്പെടുത്താറില്ല.

"നാളികേരം ഇറക്കാനുള്ള സമയം കടന്നിരിക്കുന്നു. ഇനീം വൈകിച്ചാല് താനേ പൊഴിഞ്ഞു വീഴും. ആ കേറ്റക്കാരോട് ഇത്രത്തോളം വരാന്‍ പറയട്ടേ."

"ഇതൊക്കെ പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമുണ്ടോ നീലാണ്ടാ. നീയും ഇത്തറവാട്ടിലെയല്ലേ. ഇത്തവണ നാളികേരമിടുമ്പോള്‍ ആ തേവന്‍റെ കുടീലേയ്ക്ക് ഒരു മുപ്പതു നാളികേരം കൊടുത്തേക്കൂ. അവന് ദെണ്ണം പിടിപെട്ടു കിടപ്പല്ലേ."

"എന്നാലങ്ങനെയാവട്ടേ ഏടത്ത്യമ്മേ" – പണിക്കരമ്മാവന്‍ യാത്ര ചോദിച്ചിറങ്ങി.

മുത്തശ്ശിയുടെ മനസ്സ് ശുദ്ധമാണ്. ആരുടേം സങ്കടം മുത്തശ്ശിക്കു കണ്ടു നില്‍ക്കാനാവില്ല.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org