ചെമ്പോണി – അദ്ധ്യായം 3

ചെമ്പോണി – അദ്ധ്യായം 3

കാവ്യദാസ് ചേര്‍ത്തല

"ഡാ, ചെമ്പോണി"
ഒതുക്കുകല്ലിലിരുന്ന് ചിത്രകഥ വായിക്കുകയായിരുന്ന അച്ചൂട്ടന്‍ മനസ്സില്ലാമനസ്സോടെ തലയുയര്‍ത്തിനോക്കി. അതാ നില്‍ക്കുന്നു വള്ളിനിക്കറിട്ട ഒരു ചെക്കന്‍. അല്പം കറുത്തിട്ടാണ്. എങ്കിലും ഒരു മുഖശ്രീയൊക്കെ ഉണ്ട്. അശ്വിന്‍ മോഹന്‍ എന്നാ ലക്ഷ്മിക്കുട്ടി ടീച്ചറ് ഹാജര്‍ എടുക്കുമ്പോള്‍ തന്നെ വിളിക്കുന്നത്. ഇഷ്ടമുള്ളവരെല്ലാം വിളിക്കുന്നത് അച്ചൂട്ടനെന്നും. അപ്പൂപ്പന്‍ ചിലപ്പോള്‍ കെട്ടിപ്പിടിച്ചോണ്ട് 'അച്യുതന്‍കുട്ട്യേ' എന്നു നീട്ടിവിളിക്കും. ഒരു പ്രത്യേക രസമുണ്ട് അതു കേള്‍ക്കാന്‍. എന്നാല്‍ ഇപ്പോളിതാ മുമ്പു കണ്ടിട്ടുപോലുമില്ലാത്ത ഒരു ചെക്കന്‍ തന്നെ ധൈര്യപൂര്‍വ്വം വിളിക്കുന്നു "ഡാ, ചെമ്പോണീ"ന്ന്. തൊട്ടടുത്തായി മരുന്നരയ്ക്കുന്ന ചാണക്കല്ല് കിടപ്പുണ്ട്. അതെടുത്ത് അവന്‍റെ തല നോക്കി ഒന്നു കൊടുത്താലോ എന്നുപോലും അച്ചൂട്ടന്‍ ചിന്തിച്ചു പോയി. പക്ഷേ അടുത്ത നിമിഷം തന്നെ അവന്‍ സ്വയം തിരുത്തി. പാടില്ല, അങ്ങനെ ചിന്തിച്ചതേ തെറ്റ്. ആരേം വേദനിപ്പിക്കരുതെന്നാ അമ്മ പറഞ്ഞിട്ടുള്ളത്. ദൈവശാപം കിട്ടൂത്രേ. അച്ചൂട്ടന്‍ ആ ചെക്കനെ നോക്കി പുഞ്ചിരിച്ചു. അവന്‍ തിരിച്ചും.

ചിത്രകഥാപ്പുസ്തകം അവിടെ വച്ച് അച്ചൂട്ടന്‍ അവന്‍റെ അടുത്തേയ്ക്ക് ചെന്നു.

"നീ എന്തിനാ എന്നെ ചെമ്പോണീന്ന് വിളിച്ചേ. ഞാന്‍ നിന്നെ മുമ്പു കണ്ടിട്ടില്ലല്ലോ. എന്നെ കളിയാക്കീന്ന് എന്‍റെ മുത്തശ്ശനറിഞ്ഞാലേ നിനക്കു നല്ല കോളായിരിക്കും."

"നീ കെറുവിച്ചോ. എന്നാലേ ഞാന്‍ നിന്നെ നേരത്തേ കണ്ടിട്ടൊണ്ട്. ഞാനേ പൈലിമാപ്പിളേടെ പേരക്കുട്ട്യാ, അന്തോണി. അന്നു നീ ചെമ്പോണീക്കേറി വന്ന പ്പം ഞാനവിടെ ഉണ്ടായിരുന്നു."

ഒരു പുതിയ ആത്മബന്ധം ഉടലെടുക്കുകയാണ്. ജാതിവ്യവസ്ഥയുടെ മതില്‍കെട്ടിനപ്പുറത്തേയ്ക്ക് സംക്രമിക്കേണ്ട ഒരു സംസ്കാരത്തിന്‍റെ തുടക്കം.

"നീ വരുന്നുണ്ടോ. മാമ്പലപ്പാടത്തു പോയിനിന്നാല്‍ മഴവില്ലു കാണാം. നാണുക്കുട്ടനും വറിച്ചനുമൊക്കെ ഇപ്പം പട്ടം പറത്താന്‍ തൊടങ്ങിക്കാണും. വേഗം വാ."

അച്ചൂട്ടന്‍റെ അനുമതിക്കു കാത്തുനില്‍ക്കാതെ അവന്‍റെ കൈയും പിടിച്ചുകൊണ്ട് അന്തോണി പാടവരമ്പത്തേയ്ക്ക് ഓടി. വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകള്‍ ആ ചങ്ങാതിമാരെ വാത്സല്യപൂര്‍വ്വം തലോടി.

അച്ചൂട്ടന്‍ ആദ്യമായാണ് മഴവില്ലു കാണുന്നത്. എന്തു ഭംഗിയാ ഈ മഴവില്ലിന്. പോയ വര്‍ഷം രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ 'വാര്‍മഴവില്ലേ വന്നാലും വാനിന്‍ മടിയിലിരുന്നാലും' എന്ന വരികള്‍ അവന്‍ അറിയാതെ ഉരുവിട്ടുപോയി.

അന്തോണിയും മൂന്നാം ക്ലാസ്സിലേയ്ക്കാണ്. അന്തോണിയുടെ അപ്പന് ഒരു പലചരക്കു പീടികയുണ്ടത്രേ. ഇടയ്ക്കൊക്കെ അപ്പനെ സഹായിക്കാന്‍ അന്തോണിയും കടയിലിരിക്കും. പട്ടണത്തിലെ അവറാന്‍ സ്റ്റോഴ്സ് അറിയാത്തവര്‍ ആരും തന്നെയില്ലെന്നാണ് അവന്‍ പറയുന്നത്. ഒരു ദിവസം അവന്‍റെ കടയില്‍ പോകണം. അച്ചൂട്ടന്‍ തീര്‍ച്ചപ്പെടുത്തി.

* * * * *
പുതിയ അദ്ധ്യയന വര്‍ഷം. അച്ഛനു സ്ഥലംമാറ്റം കിട്ടിയതിനാല്‍ അച്ചൂട്ടന്‍ ഇനി പുതിയ സ്കൂളിലേയ്ക്ക്. രണ്ടാം ക്ലാസ്സിലെ ചങ്ങാതിമാരെക്കുറിച്ച് അവന്‍ ഒരു നിമിഷം ഓര്‍ത്തു. അവരും തന്നെപ്പോലെ പുതിയ സ്കൂളില്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആ കുരുന്നു മനസ്സ് വൃഥാ മോഹിച്ചു.

പള്ളിവക സ്കൂളിലേയ്ക്ക് അച്ഛന്‍റെ കൈയും പിടിച്ച് അവന്‍ നടന്നു. ആദ്യദിവസമായതിനാല്‍ ഉച്ചവരെയേ ക്ലാസ്സുള്ളൂ. നാളെ മുതല്‍ രണ്ടു നേരം ക്ലാസ്സുണ്ടെന്നാണു കേട്ടത്. അപ്പോള്‍ ഊണു കൊണ്ടു വരണം. മുന്‍പു പഠിച്ച സ്കൂളില്‍ ഒരു നേരമേ ക്ലാസ്സുണ്ടായിരുന്നുള്ളൂ. പുതിയ ക്ലാസ്സുമുറിയില്‍ കൊണ്ടിരുത്തിയ ശേഷമാണ് അച്ഛന്‍ മടങ്ങിയത്.

പുതിയ കൂട്ടുകാര്‍. പുതിയ അന്തരീക്ഷം. മേശപ്പുറത്തിരിക്കുന്ന ചൂരല്‍ കണ്ടപ്പോള്‍ അച്ചൂട്ടന് ഒരു വിറയല്‍ അനുഭവപ്പെട്ടു. പോയ വര്‍ഷം എസ്തപ്പാന്‍ മാഷിന്‍റെ ഒരു ചെറിയ ചൂരല്‍ക്കഷായം അവനു കിട്ടിയിട്ടുണ്ട്. ക്ലാസ്സില്‍ ഓടിക്കളിച്ചതിനോ മറ്റോ ആയിരുന്നു അത്. കൈ ചുവന്നു തിണര്‍ത്തു. അന്ന് ഉറക്കെ നിലവിളിച്ചപ്പോള്‍ സമാധാനിപ്പിച്ചത് ഒപ്പമിരുന്ന ഗോവിന്ദരാജനാണ്. ഉള്ളം കൈ നല്ലോണം നിവര്‍ത്തിപ്പിടിച്ച് ഓരോ അടി വാങ്ങുമ്പോഴും മുഖം വക്രിപ്പിച്ച് കൈ ട്രൗസറില്‍ ഉരസിയാല്‍ വേദന അറിയില്ലെന്നാണ് അവന്‍ പറഞ്ഞത്. ക്ലാസ്സ് ആരംഭിക്കുവാനുള്ള മണി മുഴങ്ങി. പുതിയ സ്കൂളില്‍ പത്താം തരം വരെയുണ്ട്. പ്രൈമറി ക്ലാസ്സുകള്‍ ഒരു വേറിട്ട ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

"ഓള്‍ സ്റ്റാന്‍ഡ്അപ്, നമസ്തേ."

"നമസ്തേ, ടീച്ചര്‍" കടലിരമ്പം പോലെ ആ ശബ്ദം അലയടിച്ചു.

ഹാജര്‍ വിളിക്കുവാനുള്ള സമയമാണ്.

"നവാസ്" – "ഹാജര്‍"

"സീത" – "ഹാജര്‍"

"ഗീവര്‍ഗീസ്" – "ഹാജര്‍"

"അശ്വിന്‍" – "ഹാജര്‍"

"അവന് ചെമ്പോണീന്നും പേരുണ്ട്" – അതു കേട്ടതും ക്ലാസ്സില്‍ ചിരിയുടെ മാലപ്പടക്കത്തിന് തീ പിടിച്ചു.

ആന്‍റണി

എസ്തപ്പാന്‍ എന്ന അന്തോണി ഇവിടെയും അവനെ വിടുന്ന മട്ടില്ല.

ടീച്ചര്‍ അന്തോണിയെ അരികിലേയ്ക്കു വിളിച്ചു. അവന്‍റെ വലം കൈയില്‍ ഒരു കൊച്ചടി കൊടുത്തു. "ഇനി ഇങ്ങനെ എന്തേലും കേട്ടാല്‍ ഹെഡ്മാഷിന്‍റെ അടുത്തേയ്ക്ക് വിടും" എന്നൊരു താക്കീതും.

അന്തോണിയും തന്‍റെ ക്ലാസ്സിലാണെന്ന ചിന്തയില്‍ കൂട്ടുകാരുടെ കളിയാക്കിച്ചിരികളെ അച്ചൂട്ടന്‍ അവഗണിച്ചു. വിളിക്കട്ടെ, എല്ലാവരും വിളിക്കട്ടെ ചെമ്പോണീന്ന്. താന്‍ ചെമ്പോണിയൊന്നുമല്ലല്ലോ. മനുഷ്യക്കുട്ടിയല്ലേ. വിളിച്ചു ക്ഷീണിക്കുമ്പോള്‍ അവര്‍ നിര്‍ത്തിക്കോളും. ഒരു സങ്കടമേയുള്ളൂ. അന്തോണിയെ ടീച്ചര്‍ തല്ലേണ്ടിയിരുന്നില്ല. അവന്‍ ഇനി അച്ചൂട്ടനെ കൂട്ടുമോ.

ഇടവേള മണി മുഴങ്ങിയപ്പോള്‍ അന്തോണി അച്ചൂട്ടനരികിലെത്തി.

"നിനക്ക് കപ്പലുണ്ടാക്കാനറിയ്യോ?"

"ഊഹും…" ഇല്ലെന്ന് അവന്‍ തലയാട്ടി.

"ഞാന്‍ പഠിപ്പിക്കാം. നീ നോക്കിക്കോ"

അവന്‍ നോട്ടു പുസ്തകത്തില്‍ നിന്നും ചീന്തിയെടുത്ത താള്‍ കൊണ്ട് ഒരു കപ്പലുണ്ടാക്കി.

"ഇന്നാ ഇതു നിനക്കിരിക്കട്ടെ"

അച്ചൂട്ടന്‍ കടലാസുകപ്പല്‍ തിരിച്ചും മറിച്ചും നോക്കി. എത്ര വേഗമാണ് അന്തോണി കപ്പലുണ്ടാക്കിയത്. കേമന്‍ തന്നെ. അടികൊണ്ടതിന്‍റെ പേരില്‍ അന്തോണിക്ക് തന്നോടു പിണക്കമില്ലാത്തതിലായിരുന്നു അച്ചൂട്ടന് അത്ഭുതം.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org