ചെമ്പോണി – അദ്ധ്യായം 5

ചെമ്പോണി – അദ്ധ്യായം 5

കാവ്യദാസ് ചേര്‍ത്തല

തമിഴ്നാട്ടുകാരനായ മുരുകേശന്‍ മിക്കപ്പോഴും വൈകിയാണ് ക്ലാസ്സിലെത്തുന്നത്. കാരണം എല്ലാവര്‍ക്കുമറിയാം. അവന്‍റെ അച്ഛന്‍ അവന്‍ കുട്ടിയായിരുന്നപ്പോഴേ മരിച്ചുപോയി. മുതിര്‍ന്ന രണ്ടു സഹോദരിമാരും അമ്മയുമടങ്ങുന്ന കുടുംബത്തിന് അവന്‍ എല്ലാമെല്ലാമാണ്. അമ്മയായ സീതമ്മ അയല്‍വീടുകളില്‍ വേലയ്ക്കു പോകും. സഹോദരിമാര്‍ വീട്ടിലിരുന്ന് കയര്‍ പിരിക്കും. മൂത്തയാളായ ശിവകാമി എട്ടാംതരത്തിലാണ് പഠിക്കുന്നത്. ഡോക്ടര്‍ ആകണമെന്നാണ് അവളുടെ ആഗ്രഹം.

മുരുകേശന്‍ പഠനത്തില്‍ പിന്നിലാണ്. രണ്ടും മൂന്നും ക്ലാസ്സുകളില്‍ പലവട്ടം തോറ്റ അവനിപ്പോള്‍ സ്കൂളില്‍ വരുന്നതുതന്നെ ഇഷ്ടമില്ലാതായിരിക്കുന്നു. വീടിനടുത്തുള്ള ഇഷ്ടികച്ചൂളയില്‍ അവന്‍ പണിക്കുപോകുന്നുണ്ട്. അവിടെ നിന്നുകിട്ടുന്ന ഒരു രൂപ അമ്മയെ ഏല്‍പ്പിക്കും. സൂര്യനുദിക്കും മുമ്പേ ചൂളയിലെ ജോലി തുടങ്ങും. ഒമ്പതു മണിയാകുമ്പോള്‍ തളര്‍ന്ന് അവശനായി എത്തുന്ന മുരുകേശനെ കാത്ത് പഴങ്കഞ്ഞി ഇരിപ്പുണ്ടാകും. കുളത്തില്‍ ഒന്നു മുങ്ങി നിവര്‍ന്ന് പുറംചട്ട കീറിയ രണ്ടു നോട്ടുബുക്കുകള്‍ കറുത്ത റബ്ബര്‍നാടയില്‍ കുരുക്കി ഒരോട്ടമാണ് സ്കൂളിലേയ്ക്ക്. കഴിച്ച പഴങ്കഞ്ഞി അപ്പോഴേയ്ക്കും ദഹിച്ചിട്ടുണ്ടാകും.

മുരുകേശന്‍റെ നെറ്റിയില്‍ ഭസ്മക്കുറി കാണുമ്പോള്‍ മുത്തച്ഛന്‍റെ മുറിയിലിരിക്കുന്ന കുട്ടിപ്പട്ടരെയാണ് അച്ചൂട്ടനോര്‍മ്മ വരിക. പഴനിയില്‍ പോയി വന്നപ്പോള്‍ മുത്തച്ഛന്‍ കൊണ്ടുവന്നതാണ് ആ പട്ടരു പാവ.

മുരുകേശനു പൊക്കം കൂടുതലായതിനാല്‍ പിന്‍ബഞ്ചിലാണ് അവന്‍റെ സ്ഥാനം. തക്കംകിട്ടുമ്പോഴൊക്കെ അവന്‍ കുട്ടികളെ ഉപദ്രവിക്കും. "ഹോ, ഈ പാണ്ടിക്കാരനെക്കൊണ്ടു പൊറുതിമുട്ടി" എന്ന് ഇട്ടിയവിരാ സാര്‍ ഒച്ചയിടാറുണ്ട്.

കൂട്ടത്തില്‍ കുഞ്ഞനായതു കൊണ്ടാവാം അച്ചൂട്ടനെ മുരുകേശന്‍ ഉപദ്രവിക്കാത്തതെന്നാണ് പലരുടേയും വിചാരം. എന്നാല്‍ കാര്യം അതല്ല. ഉത്സവപ്പറമ്പില്‍ വച്ച് അച്ഛന്‍ നെയ്യപ്പം വാങ്ങിത്തന്നപ്പോള്‍ അതു കണ്ടുനില്‍ക്കുകയായിരുന്ന മുരുകേശനെ അച്ചൂട്ടന്‍ അടുത്തേയ്ക്കു വിളിച്ചു.

"ന്നാ, ഇത് വാങ്ങിക്കോ."

മടിച്ചു മടിച്ചാണ് മുരുകേശന്‍ അതു വാങ്ങിയത്. അന്നു മുതല്‍ അവന്‍ അച്ചൂട്ടനെ കാണുമ്പോള്‍ പുഞ്ചിരിക്കാറുണ്ട്.

"അയ്യോ തവള, തവള…" കുട്ടികള്‍ ബഹളം കൂട്ടി. ഒരു വലിയ തവള ക്ലാസ്സില്‍ വന്നിരിക്കുന്നു. അത്രയും വലിയ തവളയെ അച്ചൂട്ടന്‍ മുമ്പു കണ്ടിട്ടില്ല. പാടത്തും പറമ്പിലുമിരുന്ന് 'ക്രോം ക്രോം' എന്ന് ഉച്ചത്തില്‍ കരയുന്ന തവളയുടെ സ്വരം കേള്‍ക്കുമ്പോള്‍ രസം പിടിച്ചിരുന്നിട്ടുണ്ട്. എന്നാല്‍ ഉണ്ടക്കണ്ണുകളുരുട്ടി ഒരു തവള ക്ലാസ്സിലേയ്ക്കു കടന്നുവരുമെന്ന് ഒരിക്കലും പ്രതീക്ഷില്ല.

"ഞങ്ങടെ തവളേനെ കണ്ടോ സാറേ." എട്ടാം ക്ലാസ്സിലെ വല്യേട്ടന്‍മാര്‍ സാറിനോടു ചോദിച്ചു.

"ഇതെന്നാടാ വന്ന് വന്ന് തവളപിടുത്തം ക്ലാസ്സിലായോ?" ദേവസ്യാ സാറിന് ദേഷ്യം വന്നു.

"ഞങ്ങടെ ജീവശാസ്ത്ര ക്ലാസ്സീന്നു ചാടിപ്പോന്നതാ ഇവന്‍. കീറാന്‍ പിടിച്ചപ്പം ചാടിപ്പോകു വാരുന്നു." തവളയെ പിടികിട്ടിയ ആഗതരിലൊരുവന്‍ പറഞ്ഞു.

എന്തിനാ പാവം തവളയെ ഇവര്‍ കീറുന്നത്. അതു ചത്തുപോവില്ലേ. ചിലര്‍ തവളയെ തിന്നുമെന്നു കേട്ടിട്ടുണ്ട്. ഇവരും തിന്നാനാണോ തവളയെ കൊണ്ടുപോകുന്നത്. അച്ചൂട്ടന് അറപ്പു തോന്നി.

* * * * *

നിന്നോട് ഇവിടെ വരരുതെന്ന് ഞാന്‍ എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. കേള്‍ക്കുകയില്ല അല്ലേ. ഇനി ഇവിടെ കണ്ടു പോയാല്‍…" ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് സാര്‍ അത്രയും ദേഷ്യപ്പെട്ട് ഇതുവരെ ആരും കണ്ടിട്ടില്ല. സ്കൂളിനു മുന്‍വശമുള്ള കടക്കാര്‍ എല്ലാവരും തന്നെ അവിടെ എത്തി. ഐസ് സ്റ്റിക്ക് വില്‍പ്പനക്കാരന്‍ അഴകപ്പനെ ശകാരിക്കുന്ന ഹെഡ്മാസ്റ്ററുടെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. കുര്യാക്കോസ് സാര്‍ പറയുന്നത് സത്യമാണ്. വൃത്തിഹീനമായ ഭക്ഷണസാധന ങ്ങള്‍ കുട്ടികളെ രോഗികളാക്കും. അഴകപ്പന്‍റെ പത്തു കൈവിരലുകളുടേയും നഖങ്ങള്‍ക്കിടയില്‍ അഴുക്കു നിറഞ്ഞിരിക്കുന്നു. നിരന്തരമായ പുകവലിമൂലം ചുണ്ടുകള്‍ കരുവാളിച്ചിരിക്കുന്നു. ചില മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവന്‍ ബീഡി കൊടുക്കാറുണ്ടത്രേ.

കച്ചവടക്കാരിലൊരാള്‍ പറഞ്ഞു: "സാറു പറഞ്ഞതു നേരാ. മേച്ചേരീലെ ലോനാപ്പീടെ മകന്‍ ഇവന്‍റെ കൈയീന്ന് വീഡി വാങ്ങി വലിക്കുന്നത് ഞാനീ രണ്ടു കണ്ണു കൊണ്ടു കണ്ടിട്ടുള്ളതാ."

"അതു ഞാനറിഞ്ഞു. ഇന്നുച്ചയ്ക്ക് ലോനാപ്പിയെ വിളിച്ചു വരുത്തി മകനു താക്കീതു നല്‍കി അയാളോടൊപ്പം പറഞ്ഞുവിട്ടു. ഒരാഴ്ച കഴിഞ്ഞിട്ട് അവനിനി സ്കൂളില്‍ വന്നാ മതി. വീട്ടിലിരിക്കട്ടെ അഹങ്കാരി. അതുകൊണ്ടാ ഇനീ കുട്ടികള് വഴിപിഴക്കാതിരിക്കാന്‍ ഇയാള് ഇവിടെ വരരുതെന്ന് ഞാന്‍ പറയുന്നത്."

"സാറു പറഞ്ഞത് കേട്ടോടാ. നിന്നെ ഇനി ഇവിടെ കണ്ടുപോയാല്‍ ഞങ്ങടെയൊക്കെ കൈയുടെ ചൂട് നീയറിയും" – ചുമട്ടുതൊഴിലാളിയായ ദാമോദരന്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് ശക്തിയായി കുടഞ്ഞു തോളിലിട്ടു. ചുറ്റും നിന്ന ഒന്നു രണ്ടു പേര്‍ മീശ പിരിച്ച് കണ്ണുരുട്ടി.

"ഞാന്‍ പൊയ്ക്കോളാമേ. ഇനി ഈ വഴിക്കു വരില്ല." അഴകപ്പന്‍ ശരിക്കും ഭയന്നിരിക്കുന്നു!

"അല്ല, ഇവിടന്നു പോയെന്നു വച്ച് നിന്നെ വെറെ ഏതെങ്കിലും പള്ളിക്കൂടത്തിന്‍റെ മുമ്പില് കണ്ടാല്, അഴകപ്പാ… എന്നെ നിനക്ക് ശരിക്കറിയാല്ലോ."

"ങ്ഹാ പോട്ടെ വക്കച്ചാ. ഇന്നത്തോടെ അവനീ തൊഴിലു നിറുത്തും. ലോഡു വരാനുള്ള സമയമായി. താനൊന്നു വന്നേ.." ചങ്ങാതിമാര്‍ വക്കച്ചനെ പിടിച്ചുകൊണ്ടുപോയി.

ഇപ്പോളവിടെ കുര്യാക്കോസ് സാറും അഴകപ്പനും മാത്രം.

"സാറെന്നോടു പൊറുക്കണം. പട്ടിണിയാ സാറേ വീട്ടില്, മുഴുത്ത പട്ടിണി. അച്ഛന്‍ തളര്‍വാതം പിടിച്ചു കെടക്കാന്‍ തൊടങ്ങീട്ട് ഒരു കൊല്ലമായി. എളേത്തുങ്ങള് മൂന്നാ. രണ്ടാം ക്ലാസ്സില് ഞാന്‍ പഠി പ്പു നിറുത്തി. നിവൃത്തികേടു കൊണ്ടാ ഈ പണിക്കെറങ്ങീത്… ഇനി വല്ല കൂലിപ്പണീമെടുത്ത് അഴകപ്പന്‍ കഴിഞ്ഞോളാം."

"അഴകപ്പാ, നിനക്കെത്ര വയസ്സായി?"

"പതിനെട്ട്"

"നിനക്ക് ഇനീം പഠിക്കണോന്ന് ആഗ്രഹമുണ്ടോ?"

"ഉണ്ട് സാര്‍… പക്ഷേ"

"നിന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ എനിക്കറിയാം. ഇച്ഛാശക്തിയുണ്ടെങ്കില് ഒരു പരിധിവരെ സ്വന്തം പോരായ്മകള്‍ പരിഹരിക്കാന്‍ നമുക്കു കഴിയും. ഞാന്‍ പറയുന്നത് നിനക്കു മനസ്സിലാകുന്നുണ്ടോ?"

"ഉം…" അവന്‍ തലയാട്ടി.

"ഇവിടെ അടുത്തുള്ള പാത്രനിര്‍മ്മാണക്കടേല് ഞാനൊരു ജോലി തരപ്പെടുത്തിത്തരാം. എന്നും അതിരാവിലെ നീ വീട്ടില് വരണം. നിന്നെ ഞാന്‍ പഠിപ്പിക്കാം. ഇടയ്ക്കു വച്ചു പഠനം മുടങ്ങിയവര്‍ക്ക് പത്താംക്ലാസ്സു പാസാകുവാന്‍ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പത്താം ക്ലാസ്സു പരീക്ഷ നേരിട്ടെഴുതാം. പക്ഷേ അതിന് കഠിനാദ്ധ്വാനം വേണ്ടിവരും. ഉറക്കമിളച്ച് പഠിക്കേണ്ടി വരും. എന്താ സമ്മതമാണോ?"

അവന്‍റെ കണ്ണുകളിലെ വിജ്ഞാനദാഹം കുര്യാക്കോസ് സാര്‍ തിരിച്ചറിഞ്ഞു. അദ്ധ്യാപക ജീവിതത്തിലെ ഒരു അനര്‍ഘ നിമിഷം!

"ങ്ഹാ, ഒരു കാര്യം കൂടി. നാളെ നീ വരുമ്പോള്‍ നഖമൊക്കെ വെട്ടി, കുളിച്ച് മിടുക്കനായി നല്ല ഉടുപ്പൊക്കെ ഇട്ടോണ്ടു വരണം. ഒരു നല്ല തുടക്കമായിക്കോട്ടെ."

"സാര്‍, എനിക്ക് ഈ ഒരുടുപ്പേ ഉള്ളൂ."

"എന്നാലിതിരിക്കട്ടെ" – സാര്‍ ജുബ്ബയുടെ കീശയില്‍ നിന്നും അന്‍പതു രൂപയുടെ നോട്ട് എടുത്ത് അവന്‍റെ കൈയില്‍ വച്ചുകൊടുത്തു.

അവിശ്വസനീയമായവ സംഭവിക്കുന്നു. ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം കൈവന്നിരിക്കുന്നു. നിലമുഴുന്ന ഒരു കര്‍ഷകന്‍റെ ചിത്രം ആ കറന്‍സിനോട്ടില്‍ ഉണ്ട്. ചില സംഭവങ്ങള്‍ ജീവിതത്തി ന്‍റെ ഗതി മാറ്റി മറിക്കാറുണ്ട്. അക്ഷരപ്പെരുമയുടെ ആ സരസ്വതീ ക്ഷേത്രം ഇതുപോലെ എത്രയെത്ര വഴിത്തിരിവുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടാവണം.

(തുടരും…)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org