ചെമ്പോണി – അദ്ധ്യായം 6

ചെമ്പോണി – അദ്ധ്യായം 6

കാവ്യദാസ് ചേര്‍ത്തല

ദേശീയപാതയ്ക്കുവേണ്ടി സ്ഥലം എടുക്കാന്‍ തുടങ്ങിയിരിക്കുന്നു! പലരും ഞെട്ടലോടെയാണ് ആ വാര്‍ത്ത ഉള്‍ക്കൊണ്ടത്. കഠിനാദ്ധ്വാനത്തിലൂടെ നിര്‍മ്മിച്ച വീടുകളില്‍ നിന്നിറങ്ങിപ്പോവുക. നഷ്ടപരിഹാരം കിട്ടുമെങ്കില്‍പോലും അറ്റുപോകുന്ന അയല്‍പക്ക ബന്ധങ്ങള്‍ എങ്ങനെ വിളക്കിച്ചേര്‍ക്കും. സുകൃതക്ഷയം എന്നു തന്നെ പഴയതലമുറ കരുതി. അച്ഛച്ഛനും അക്കൂട്ടത്തിലായിരുന്നു.

അമ്മയുടെ തടവാടിന്‍റെ ഏകദേശം മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സ്ഥലം വില്‍പ്പനയ്ക്കുണ്ടെന്ന് അച്ഛന്‍റെ ചങ്ങാതിമാര്‍ പറഞ്ഞതനുസരിച്ച് ഒരവധി ദിവസം അച്ഛനും അച്ഛച്ഛനും കൂടി സ്ഥലം നേരില്‍ കാണുവാന്‍ പോയി. 'ലക്ഷണമൊത്ത പറമ്പാ' വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ അച്ഛച്ഛന്‍ അഭിപ്രായപ്പെട്ടു.

"ആ തച്ചനെ വിളിച്ചിട്ട് പുരയിടം കാണിച്ചിട്ടുപോരേ ബാക്കിയെല്ലാം. നമ്മളായിട്ട് തീരുമാനമെടുക്കണോ മാഷേ. തച്ചുശാസ്ത്രത്തെ അതിന്‍റെ വഴിക്കു വിടുന്നതല്ലേ നല്ലത്." അച്ഛമ്മ അച്ഛച്ഛനെ 'മാഷ്' എന്നാണു വിളിക്കുന്നത്. അവരിരുവരും ഒരേ സ്കൂളിലെ അദ്ധ്യാപകരായിരുന്നു. അച്ഛച്ഛന്‍ അച്ഛമ്മയെ 'ലളിതാംബികേ' എന്നാണു വിളിക്കുന്നത്. ചുരുക്കം ചിലപ്പോള്‍ 'ടീച്ചറേ'ന്നും. താമസിയാതെ അച്ഛനും ഗോവിന്ദക്കണിയാരും പോയി സ്ഥലം കണ്ട് ഉറപ്പുവരുത്തിയ ശേഷം നാലുകെട്ടിന്‍റെ പണി ആരംഭിച്ചു. പണിക്കാര്‍ക്ക് ചോറും കറികളും വെച്ചുണ്ടാക്കുവാന്‍ ഒരു പാചകക്കാരനെ ചട്ടം കെട്ടിയത് പണിക്കരമ്മാവനായിരുന്നു.

അന്ന് ഒരു ശനിയാഴ്ചയായിരുന്നു. അച്ചൂട്ടനും അച്ഛച്ഛനും അവിടെയെത്തുമ്പോള്‍ ആകപ്പാടെ ഒ രുത്സവപ്രതീതിയായിരുന്നു. പണിക്കാരെല്ലാവരും ഓടിയെത്തി. അവരില്‍ ഒട്ടുമിക്കപേരും 'മേനോന്‍ മാഷിന്‍റെ' ശിഷ്യന്മാരാണ്. അവരെ കണ്ടപ്പോള്‍ അച്ഛച്ഛനും വികാരാധീനനായിപ്പോയി.

"മാഷ് എന്നെ ഓര്‍ക്കുന്നുണ്ടോ?"
"ഓര്‍ക്കാണ്ടെങ്ങനെയാ വേലായുധാ. നീ ഒരു വഴക്കാളി അല്ലായിരുന്നോ" – അച്ഛച്ഛനോടൊപ്പം അവിടെ കൂടി നിന്നവരും ചിരിച്ചു.

വേലായുധന്‍ വിതുമ്പിക്കൊണ്ട് മുഖം മറച്ചു. അച്ചൂട്ടന്‍ മരപ്പണിക്കാരെ ശ്രദ്ധിക്കുകയായിരുന്നു. എത്ര വേഗത്തിലാണ് അവര്‍ തടിയില്‍ ഓരോന്നു കൊത്തിയുണ്ടാക്കുന്നത്. കൊട്ടുവടികൊണ്ട് ഉളിപ്പുറത്ത് ആഞ്ഞടിക്കുമ്പോള്‍ മരച്ചീളുകള്‍ ചിതറിത്തെറിക്കുന്നത് കണ്ടുനില്‍ക്കാന്‍ നല്ല രസമാണ്. തടിപ്പുറത്ത് അടയാളമിടുന്നതിനായി പെന്‍സില്‍ കൂര്‍പ്പിക്കുകയാണ് രാമനാശാരി. കൊച്ചുളികൊണ്ട് രണ്ടു കുത്തു കുത്തുമ്പോള്‍ പെന്‍സിലിന്‍റെ മുന ആണി പോലെ കൂര്‍ത്തു വരുന്നു. പെന്‍സില്‍ ചെവിക്കിടയില്‍ തിരുകി രാമനാശാരി പറഞ്ഞു.

"ഇപ്പോഴത്തെ പെന്‍സിലൊന്നും കൊള്ളില്ലന്നേയ്."

അച്ചൂട്ടന്‍ കല്‍പ്പണിക്കാരുടെ അടുത്തേയ്ക്കു ചെന്നു. അവന് സന്തോഷം അടക്കാനായില്ല. "പൈലിമാപ്പിളേ" അച്ചൂട്ടന്‍റെ വിളികേട്ട് കുമ്മായം കുഴക്കുകയായിരുന്ന പൈലിമാപ്പിള തലയുയര്‍ത്തി നോക്കി.

"കുഞ്ഞ് എപ്പോ വന്നു."

"കൊറച്ചു നേരായി."

"നന്നായി പഠിക്കണം കേട്ടോ."

"ഉം."

"പഠിച്ചു വല്യ ആളാവണം. കുഞ്ഞിന് ആരാവാനാ ആഗ്രഹം."

"എനിക്കു ഡോക്ടറായാ മതി. അതാവുമ്പം പൈലി മാപ്പിളയ്ക്ക് പനി വന്നാ എന്‍റെ അടുത്തു വന്നാല് ഞാന്‍ മരുന്നു തരാം."

"കുഞ്ഞിന്‍റെ ഈ മനസ്സ് തമ്പുരാന്‍ കാണുന്നൊണ്ട്. നല്ലതേ വരൂ" – പൈലിമാപ്പിളയുടെ കണ്ണു നിറയുന്നു.

പുതിയ പുരയിടത്തില്‍ അണ്ണാറക്കണ്ണന്മാര്‍ ഒത്തിരിയുണ്ട്. ആ കുഞ്ഞുജീവികളെ അച്ചൂട്ടന് വല്യ ഇഷ്ടമാണ്. അണ്ണാറക്കണ്ണന്‍റെ മുതുകത്ത് വരയുള്ളതിന്‍റെ കഥ അച്ഛമ്മയും മുത്തശ്ശിയും പറഞ്ഞ് അവന്‍ കേട്ടിട്ടുണ്ട്.

"ഊണ് തയ്യാറായിരിക്കുന്നൂ" – പാചകക്കാരന്‍ അറിയിച്ചു.

എല്ലാവരും ഭക്ഷണത്തിനിരുന്നു.

"പപ്പടം ഞാന്‍ വിളമ്പട്ടെ, അച്ഛച്ഛാ."

"ഓഹോ, ആയ്ക്കോട്ടെ കുട്ട്യേ. പപ്പടം പൊടിയാണ്ട് കൊടുക്കണോട്ടോ."

പണിക്കാരെല്ലാവരും ഊണു കഴിച്ച ശേഷമാണ് അച്ചൂട്ടനും അച്ഛച്ഛനും പണിക്കരമ്മാവനും ഉണ്ണാനിരുന്നത്.

"വീട്ടുകാര്‍ ഏറ്റം ഒടുവിലേ കഴിക്കാവൂ. അതാ പ്രമാണം. അതിഥി ദേവോ ഭവഃ എന്ന് കുട്ടന്‍ കേട്ടിട്ടില്ലേ."

അച്ഛച്ഛന്‍ സംസ്കൃതശ്ലോകങ്ങള്‍ ഉരുവിടുന്നത് അച്ചൂട്ടന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവന് അത് ഇഷ്ടമാണ്. അടുത്ത വര്‍ഷം മുതല്‍ അവനെ സംസ്കൃതം പഠിപ്പിക്കാമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.

ഗൃഹപ്രവേശനത്തിനു ശേഷം ആദ്യം നടന്ന ചടങ്ങ് അനിയന്‍കുട്ടന്‍റെ എഴുത്തിനിരുത്തായിരുന്നു. വിദ്യാരംഭദിനത്തില്‍ ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തില്‍ ശങ്കു ആശാന്‍ അനിയന്‍കുട്ടനെ ഹരിശ്രീ എഴുതിച്ചു. സച്ചിന്‍ മോഹനും ഇനി ശങ്കു ആശാന്‍റെ കളരിയിലാണ് പഠിക്കുവാന്‍ പോകുന്നത്. ആ നാടിന്‍റെ സാംസ്കാരിക അഭിവൃദ്ധിയുടെ പിള്ളത്തൊട്ടിലാണ് ആ കളരി മുറ്റം. അക്ഷരമെഴുതിക്കഴിഞ്ഞപ്പോള്‍ അവിടെ രസകരമായ ഒരു സംഭവം നടന്നു!

അരിക്കിണ്ണവും തലയിലെടുത്ത് അനിയന്‍കുട്ടന്‍ ഗമയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഗൗരവക്കാരനായ വല്യമ്മാവന്‍ പോലും അതുകണ്ട് ആര്‍ത്തുചിരിച്ചുപോയി. "കുട്ടിയെ തടയേണ്ട, ഇവന്‍ വലിയവനാവും. അക്ഷരത്തെ ശിരസ്സേറ്റിയ ഈ കു ട്ടി തറവാടിന്‍റെ കീര്‍ത്തി ലോകമെമ്പാടുമെത്തിക്കും."

ശങ്കു ആശാന്‍റെ അനുഗ്രഹാശിസ്സുകള്‍ സാര്‍ത്ഥകമാവട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org