Latest News
|^| Home -> Novel -> Childrens Novel -> ചെമ്പോണി – അദ്ധ്യായം 8

ചെമ്പോണി – അദ്ധ്യായം 8

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

എന്തിനാണു ലോകത്തില്‍ ദുഃഖദുരിതങ്ങള്‍ ഉണ്ടായത്? അതു നിവാരണം ചെയ്യാന്‍ എന്താണു മാര്‍ഗം? സിദ്ധാര്‍ത്ഥകുമാരന്‍ ചിന്തിച്ചു – വായിച്ചുകൊണ്ടിരുന്ന പുസ്തകം തീപ്പെട്ടിക്കൊള്ളികൊണ്ട് അടയാളം വച്ച് അച്ചൂട്ടന്‍ എഴുന്നേറ്റു. പത്താംതരം കഴിഞ്ഞു പാലക്കാടു സംഗീതകോളജില്‍ ചേര്‍ന്നു പഠിക്കണം എന്നു പറഞ്ഞപ്പോള്‍ വീട്ടില്‍ ആര്‍ക്കുംതന്നെ എതിര്‍പ്പുണ്ടായില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ചന്ദ്രന്‍മാഷിന്‍റെ കീഴില്‍ അവന്‍ സംഗീതം അഭ്യസിക്കുന്നു. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ യുവജനോത്സവവേദിയില്‍ ലളിതഗാന വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചെങ്കിലും സംഗീതമേഖലയില്‍ ഒരുപാടു ദൂരം താണ്ടാനുണ്ടെന്ന് ഏതോ ഉള്‍വിളി ആവര്‍ത്തിച്ചു പറയുന്നു. പാലക്കാട് കോളജില്‍ പഠിക്കുവാനുള്ള ഉപദേശം നല്കിയതും ചന്ദ്രന്‍മാഷ് തന്നെയാണ്.

“സംഗീതത്തില്‍ തനിക്കൊരു ഭാവിയുണ്ടെടോ.”

നെറ്റിയില്‍ ചന്ദനക്കുറിയും ചു ണ്ടില്‍ സദാ മന്ദഹാസവുമായി നടക്കുന്ന ശുഭ്രവസ്ത്രധാരിയായ ചന്ദ്രന്‍മാഷ്. ഏതോ ധന്യമുഹൂര്‍ത്തത്തിലാണ് അദ്ദേഹത്തിന്‍റെ ശിഷ്യനാകുവാനുള്ള ഭാഗ്യം ലഭിച്ചത്. ആ സ്വരരാഗസുധയില്‍ അലിയാത്ത സംഗീതാസ്വാദകരുണ്ടോ എന്നു സംശയം.

“അമ്മേ ഞാന്‍ വായനശാലയിലേക്കു പോകുവാ.”

അച്ചൂട്ടാ നീ തിര്യേ പോരുമ്പം സച്ചൂട്ടനു രണ്ടു നോട്ടുബുക്ക് വാങ്ങിവരണം. അവന്‍ അതിപ്പഴാ പറഞ്ഞത്.” ങ്ഹാ, പിന്നൊരു കാര്യംകൂടി. സമയം കിട്ടിയാല്‍ കീരാഞ്ചിറയിലെ നാണിയെ ഒന്നു കേറിക്കണ്ടോളൂ. അവള്‍ക്കു തീരെ വയ്യെന്നാ കേട്ടത്.

കീരാഞ്ചിറ വീട്ടിലേക്ക് അമ്മയുടെ തറവാട്ടില്‍ നിന്നും കൂറച്ചുകൂടി പോകണം. പത്താം തരം കഴിഞ്ഞപ്പോള്‍ സൈക്കിള്‍ ചവിട്ടാന്‍ അനുമതി കിട്ടിയതുകൊണ്ടു ദൂരം ഒരു പ്രശ്നമല്ല.

നാണിയമ്മയുടെ വീട്ടുവളപ്പിലെത്തിയപ്പോള്‍ കുഞ്ഞുലക്ഷ്മി കരിയിലകള്‍ അടിച്ചുകൂട്ടി തീയിടുവാനുള്ള ഒരുക്കത്തിലായിരുന്നു എട്ടാംക്ലാസ്സുവരെ അവള്‍ അച്ചൂട്ടനോടൊപ്പമാണു പഠിച്ചത്. അമ്മ കിടപ്പിലായശേഷം അവളുടെ പഠനം മുടങ്ങി. പഠനത്തില്‍ മിടുക്കിയായതുകൊണ്ടു തുടര്‍ന്നു പഠിക്കുവാനുള്ള മുഴുവന്‍ ചെലവും താന്‍ ഏറ്റുകൊള്ളാമെന്നു സരസമ്മ ടീ ച്ചര്‍ പറഞ്ഞുവെങ്കിലും സാഹചര്യങ്ങള്‍ അവളെ അതില്‍ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു.

“കുഞ്ഞിലക്ഷമീ” – അച്ചൂട്ടന്‍ വിളിച്ചു.

“ങ്ഹാ… അച്ചൂട്ടനോ” – വിഷാദച്ഛവി കലര്‍ന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

“നാണിയമ്മയ്ക്കിപ്പോഴെങ്ങനെയാ; കൊറവുണ്ടോ?”

നിറഞ്ഞ കണ്ണുകള്‍ തുടച്ച് അവള്‍ പറഞ്ഞു, “ഏതാനും ദിവസായിട്ട് അമ്മയ്ക്ക് പ്രയാസം കൂടുതലാ. പക്ഷേ, ഇപ്പോഴും കിട്ടന്‍വൈദ്യര് പറയണത് അമ്മ എഴുന്നേറ്റു നടക്കുമെന്നു തന്നെയാ. ഈശ്വരാ ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും അമ്മ എഴുന്നേറ്റു നടന്നു കണ്ടാല്‍ മതിയായിരുന്നു.”

“ഒക്കേം നേരെയാവും കുഞ്ഞുലക്ഷ്മി വിഷമിക്കാതെ.”

കാലപ്പഴക്കത്താല്‍ ഓല ദ്രവി ച്ച് ഈര്‍ക്കിലുകള്‍ മേല്‍ക്കൂരയില്‍ നിന്നും താഴെ ചിതറികിടക്കുന്നുണ്ടായിരുന്നു. ആകെയുള്ള രണ്ടു മുറികളിലൊന്നില്‍ നാണിയമ്മ കിടക്കുന്നുണ്ടായിരുന്നു. ഒരു ജീവച്ഛവംപോലെ. മരുന്നുകളുടെയും കു ഴമ്പിന്‍റെയും രൂക്ഷഗന്ധം അവിടമാകെ തളംകെട്ടി നിന്നു.

“തമ്പ്രാന്‍കുട്ട്യല്ലേ?”

“അതേ നാണിയമ്മേ. അമ്മ തെരക്കീന്നു പറയാന്‍ പറഞ്ഞു. ഞാന്‍ പഠിക്കാന്‍ പാലക്കാടിനു പോവാ. നാണിയമ്മേടെ പ്രാര്‍ത്ഥന ഉണ്ടാവണം.”

“തമ്പ്രാന്‍കുട്ടിക്ക് നല്ലതേ വരൂ.”

കുട്ടിക്കാലത്തു തനിക്ക് അമ്പഴങ്ങയും ചാമ്പങ്ങയും ധാരാളം കൊണ്ടെതന്നിട്ടുണ്ടു നാണിയമ്മ. ഓര്‍മ വച്ച കാലം മുതല്‍ അച്ചൂട്ടന്‍ നെല്ലുകുത്തുകാരുടെയിടയില്‍ നാണിയമ്മയെ കാണാത്ത ഒരു ദിവസംപോലും ഉണ്ടായിരുന്നില്ല. ആ നാണിയമ്മ ഇന്ന്…. മദ്യപനായ ഭര്‍ത്താവിന്‍റെ ചവിട്ടേറ്റു വീണതാണ് അവര്‍. പാക്കരന്‍ പിന്നെ അവരെ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രായമായ അച്ഛനും പറക്കമുറ്റാത്ത മൂന്നു കുട്ടികള്‍ക്കും നടുവില്‍ നാണിയമ്മ നിശ്ചേഷ്ടയായി കിടന്നു, ആ കുടുംബത്തിന്‍റെ ദുരിതങ്ങളുടെ പ്രതിഫലനമെന്നോണം.

വീട്ടുമുറ്റത്തിരുന്നു രണ്ടു കുട്ടികള്‍ കൊത്തംകല്ലാടുന്നു. അതിലൊരാള്‍ക്ക് അനിയന്‍കുട്ടന്‍റെ പ്രായം വരും. പട്ടിണികൊണ്ട് വാടിയ ചേമ്പിന്‍തണ്ടുപോലെയായിരിക്കുന്നു രണ്ടുപേരും.

“കുഞ്ഞിലക്ഷ്മീ, ഇതു വാങ്ങൂ” – അച്ചൂട്ടന്‍ അഞ്ചു രൂപയു ടെ നോട്ട് അവള്‍ക്കു നേരെ നീട്ടി.

“വേണ്ട അച്ചൂട്ടാ. ഞാനിപ്പോള്‍ നന്നായി കയര്‍ പിരിക്കും. കെഴക്കേതിലെ വല്യമ്മ കയര്‍ എടുക്കുന്നുണ്ട്. ഈ കഷ്ടപ്പാടൊക്കെ മാറൂന്ന് തന്നെയാ എന്‍റെ പ്രതീക്ഷ. അമ്മ എണീറ്റ് നടക്കുന്നതാ എന്‍റെ സ്വപ്നം.”

പാവം കുട്ടി! അവള്‍ ജീവിത ത്തെ എത്ര ലാഘവമായി കാണാന്‍ ശ്രമിക്കുന്നു. ജീവിതാനുഭവങ്ങള്‍ ഒരുവനെ ദൃഢചിത്തനാക്കുമെന്ന് എവിടെയോ വായിച്ചത് അച്ചൂട്ടന്‍ അപ്പോള്‍ ഓര്‍ത്തു. ഒരു കൂടപ്പിറപ്പിനോടുള്ള വാത്സല്യം അച്ചൂട്ടന്‍റെ മനസ്സില്‍ നിറഞ്ഞു തു ളുമ്പി.

വരിക്കപ്ലാവിന്‍റെ ചുക്കിച്ചുളിഞ്ഞ തായ്ത്തടിയോട് ചേര്‍ന്നിരുന്നു ശ്വാസം നീട്ടിവലിക്കുന്ന വേലുമൂത്താനെ അച്ചൂട്ടന്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. ഇടവിട്ട ശക്തമായ ഓരോ ചുമയ്ക്കും നടുവില്‍ ആ നെഞ്ചിന്‍കൂട് ഉയര്‍ന്നുതാഴുന്നു. കുട്ടിക്കാലത്ത് ആനയെ കാണിക്കുവാന്‍ കൊണ്ടുപോവുന്നതു വേലുമൂത്താനായിരുന്നു.

“അമ്മ കെടപ്പിലായതിനുശേ ഷമാ മൂത്തച്ഛന് ഇത്ര വയ്യാണ്ടായ ത്”-കുഞ്ഞിലക്ഷ്മി വിശദീകരിച്ചു.

അതെ ശരീരമെപ്പോഴും മനസ്സിന്‍റെ നിയന്ത്രണത്തിനു വിധേയം.

“വേലുമൂത്താനേ.”

വേലുമൂത്താന്‍ ഭവ്യതയോടെ ചിരിച്ചു.

“പൊടിക്കുപ്യോളം പോന്ന കു ട്ട്യാര്ന്നു. പണ്ട് ഈ കൈയോണ്ട് എത്ര ഓലപ്പീപ്യാ ഒണ്ടാക്കിത്തന്നതെന്നറിയ്വോ തമ്പ്രാന്‍കുട്ട്യേ.”

“ഞാന്‍ ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു വേലുമൂത്താനേ.”

“പാലക്കാട്ട് പഠിക്കാന്‍ പോണെന്നു കേട്ടു. തമ്പ്രാന്‍കുട്ടി പഠിത്തം കഴിഞ്ഞു വരുമ്പളേയ്ക്കും വേലുമൂത്താന്‍ല്ലേ അമ്പഴത്തിനപ്രം ചാരായിട്ടുണ്ടാവും…. അന്ന് ഈ കുട്ട്യേളെക്കണ്ടാല്‍ തിരിച്ചറിയാതെ പോവരുത്…”

വേലുമൂത്താന്‍റെ ചുമ മേഘഗര്‍ജ്ജനങ്ങളാകുന്നു. കിഴക്കേചരിവില്‍ കാലവര്‍ഷമേഘങ്ങള്‍ പെയ്തൊഴിയുവാന്‍ ഉരുണ്ടുകൂടുന്നു.

സായംസന്ധ്യ പെയ്തിറങ്ങിയ നാട്ടുവഴി പിന്നിട്ടു വായനശാലയിലെത്തിയപ്പോള്‍ ഒരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

(തുടരും)

Leave a Comment

*
*