Latest News
|^| Home -> Novel -> Childrens Novel -> ചെമ്പോണി – അദ്ധ്യായം 9

ചെമ്പോണി – അദ്ധ്യായം 9

Sathyadeepam

“അശ്വിന്‍ മോഹന്‍?”

“അതേ. ഞാന്‍ തന്നെ. ആരാ മനസ്സിലായില്ലല്ലോ?”- അച്ചൂട്ടന്‍ ആദരവോടെ ചോദിച്ചു.

“ചന്ദ്രന്‍മാഷ് പറഞ്ഞയച്ചതാ എന്നെ. നമുക്ക് എത്രയും പെട്ടെന്നു മാഷിന്‍റെ അടുത്തെത്തണം.”

കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. സൈക്കിള്‍ വായനശാലയുടെ അരികില്‍ പൂട്ടിവച്ച് അയാളോടൊപ്പം പുറപ്പെട്ടു. കാറിലായിരുന്നു യാത്ര. എന്തിനായിരിക്കും ചന്ദ്രന്‍മാഷ് അത്യാവശ്യമായി കാണണമെന്നു പറഞ്ഞത്. ഒന്നു രണ്ടാഴ്ചത്തേയ്ക്ക് എവിടെയോ പോകുന്നുവെന്നു മാഷ് സൂചിപ്പിച്ചിരുന്നു. ചന്ദ്രന്‍മാഷുമായുളള ആത്മബന്ധം തന്‍റെ പുണ്യമാണ്.

പട്ടണത്തിന്‍റെ തിരക്കുകളിലൂടെ കാര്‍ മുന്നോട്ടു കുതിച്ചു. വിശാലമായ ഒരു കെട്ടിടത്തിനു മുന്നില്‍ അവരുടെ യാത്ര അവസാനിച്ചു. അതൊരു ലോഡ്ജായിരുന്നു. പത്താം നമ്പര്‍ മുറിയുടെ വാതില്ക്കലെത്തിയപ്പോള്‍ ഇടനാഴിയിലൂടെ നടന്നുവരുന്ന ചന്ദ്രന്‍മാഷ്.

“എന്താ മാഷേ; എന്തിനാ എന്നെ അത്യാവശ്യമായി കാണണമെന്നു പറഞ്ഞത്. വീട്ടില്‍ പറയാതെയാ പോന്നത്. ഞാന്‍ വല്ലാതെ ഭയന്നുപോയി.”

“താന്‍ ഞെട്ടാനിരിക്കുന്നതേയുള്ളൂ.”

“മാഷ് ഉദ്ദേശിക്കുന്നത്?”

“വരൂ.”

മുറിയിലുള്ള മൂന്നു പേര്‍ അച്ചൂട്ടനു തികച്ചും അപരിചിതരായിരുന്നു. ഹാര്‍മ്മോണിയത്തിനു പിന്നിലിരുന്ന താടിക്കാരന്‍ ചന്ദ്രന്‍മാഷിനെ കണ്ടു ഭവ്യതയോടെ എഴുന്നേറ്റു നിന്നു.

“ഇയാളും എന്‍റെ ഒരു ശിഷ്യനാടോ. ഇപ്പോള്‍ സിനിമാരംഗത്ത് സജീവമാ. പേരു വിപിന്‍ദാസ്. അശ്വിന്‍ കേട്ടിട്ടില്ലേ?”

അച്ചൂട്ടന് താന്‍ ഏതോ സ്വപ്നലോകത്താണെന്നു തോന്നിപ്പോയി. ശ്രുതിമധുരമായ ഈണങ്ങളിലൂടെ ചലച്ചിത്ര ഗാനരംഗം പ്രഫുല്ലമാക്കിയ യുവസംഗീതസംവിധായകന്‍. എന്തിനാണു മാഷ് ഇവിടേക്കു വരുവാന്‍ തന്നോടാവശ്യപ്പെട്ടത്.

“മാഷേ, ഇതാണു വരികള്‍” – വിപിന്‍ദാസ് നല്കിയ കടലാസ് ചന്ദ്രന്‍മാഷ് അച്ചൂട്ടന്‍റെ കൈകളില്‍ വച്ചുകൊടുത്തു.

“വൈകാതെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഒരു സെമി ക്ലാസിക്കല്‍ ഗാനമുണ്ട്. അതു തന്നെക്കൊണ്ടു പാടിക്കാനാണ് ഇയാളുടെ ഉദ്ദേശ്യം.”

അച്ചൂട്ടന്‍ ഒന്നും പറഞ്ഞില്ല. അവന്‍ മാഷിന്‍റെ പാദങ്ങള്‍ തൊട്ട് നമസ്കരിച്ചു.

“നിനക്കു നല്ലതേ വരൂ കുട്ടീ, ഇതൊരു തുടക്കമാണന്നു കരുതിക്കോളൂ.”

സംഗീതസംവിധായകന്‍ ഗാനത്തിന്‍റെ ആത്മഭാവം വിശദീകരിച്ചു. രാഗലയവിന്യാസങ്ങളില്‍ ആ കൗമാരഹൃദയം നിമഗ്നമായി. ഒഴുകിവരുന്ന പുഴപോലെ, അലസമായി വീശുന്ന ഇളം തെന്നല്‍പോലെ രൂപണസുഭഗമായിരുന്നു അച്ചൂട്ടന്‍റെ ആലാപനം. എല്ലാവര്‍ക്കും തൃപ്തിയായി.

“അടുത്ത പത്താം തീയതി റെക്കാര്‍ഡിങ്ങ്. വീട്ടിലെല്ലാവരോടും ഈ സന്തോഷവാര്‍ത്ത അറിയിച്ചോളൂ. ഇത്തവണ പുതുമുഖ ഗായകരെ ഉള്‍പ്പെടുത്താനാ വിചാരിക്കുന്നതെന്നു ഞാന്‍ പറഞ്ഞപ്പോള്‍ നമ്മുടെ ഈ ഗുരുനാഥനാ തന്‍റെ പേരു നിര്‍ദ്ദേശിച്ചത്. ചന്ദ്രന്‍മാഷ് എന്നും എല്ലാവര്‍ക്കും സമീപസ്ഥനാ” – വിപിന്‍ദാസ് പറഞ്ഞു.

വീട്ടിലെത്തുമ്പോള്‍ മണി 10 കഴിഞ്ഞിരുന്നു. ആദ്യമായാണ് പറയാതെ അത്രയും വൈകുന്നത്. അച്ഛന്‍ പൂമുഖത്തു നില്ക്കുന്നുണ്ടായിരുന്നു.

“എവിടെയായിരുന്നു ഇത്രേം സമയം?”

അച്ഛനെ അത്രയും ദേഷ്യപ്പെട്ട് അവന്‍ ആദ്യം കാണുകയാണ്.

“അത്… അച്ഛാ… ഞാന്‍…”

എല്ലാ മുറികളിലെയും ലൈറ്റുകള്‍ തെളിഞ്ഞു. അച്ഛച്ഛനും അച്ഛമ്മയും അമ്മയും അനിയന്‍കുട്ടനും അവിടേയ്ക്കെത്തി.

“അച്ഛച്ഛാ ഞാന്‍ ചന്ദ്രന്‍മാഷ് പറഞ്ഞിട്ട്” – അവന്‍ അച്ഛച്ഛനെ കെട്ടിപ്പിടിച്ചു.

ഒരു നിശ്ശബ്ദത അവിടമാകെ വ്യാപിച്ചു. അച്ചൂട്ടന് അത് അസഹ്യമായി തോന്നി.

അകത്തളത്തില്‍ എല്ലാവരുടെയും നടുവില്‍ വിചാരണയ്ക്കു വിധേയനാക്കപ്പെട്ടവനെപ്പോലെ അവന്‍ നിന്നു.

പൊടുന്നനെ അച്ഛന്‍ പൊട്ടിച്ചിരിച്ചു. എല്ലാവരും അതില്‍ പങ്കുചേര്‍ന്നു. ഇതെന്തു കഥ? അച്ചൂട്ടന്‍ അമ്പരന്നു. അപ്പോള്‍ ഒരു തളികയില്‍ ലഡുവുമായി അമ്മ അവിടേക്കു വന്നു. അച്ഛച്ഛന്‍ ഒരു ലഡുവെടുത്ത് അവന്‍റെ ചുണ്ടോടുപ്പിച്ചു.

“കുട്ടാ, ചന്ദ്രന്‍മാഷ് നിന്‍റച്ഛനോട് ഇന്നലേ വിവരം പറഞ്ഞിരുന്നു. നിനക്ക് ആ വാര്‍ത്ത ഒരു സര്‍പ്രൈസ് ആവണമെന്നു മാഷിനു നിര്‍ബന്ധമുണ്ടായിരുന്നു. അതാ ഞങ്ങള്‍ ഇക്കാര്യം മറച്ചുവച്ചത്. പിടികിട്ട്യോടാ കൊച്ചുകള്ളാ” – അച്ഛമ്മ അച്ചൂട്ടന്‍റെ മുടിയിഴകള്‍ കോതിയൊതുക്കി. അന്നു തറവാട്ടില്‍ ആരും ഉറങ്ങിയില്ല. കാരണം ഇനിയുള്ള ദിവസങ്ങള്‍ അവരോരുത്തര്‍ക്കും ഏറ്റവും പ്രിയപ്പെട്ടതാണല്ലോ. വെള്ളിത്തിരയിലെ നാദധാരയുടെ പ്രഭവസ്ഥാനം ഇനി ഈ തറവാട്ടില്‍ നിന്നുമാകുമ്പോള്‍ അവര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയും? പ്രതീക്ഷകളുടെ ആ സ്നേഹത്തുരുത്തു വിസ്മയങ്ങള്‍ക്കായി കാത്തിരിക്കുന്നു.

(തുടരും)

Leave a Comment

*
*