Latest News
|^| Home -> Novel -> ചെറുകഥ -> ക്രിസ്തുമസിന്‍റെ വെളിച്ചം

ക്രിസ്തുമസിന്‍റെ വെളിച്ചം

Sathyadeepam

കുട്ടിക്കഥ

ഫിലോമിന സ്റ്റീഫന്‍, കാരിക്കശ്ശേരി

ടെക്സ്റ്റയില്‍ ഷോപ്പില്‍ നിന്നും ഇറങ്ങുമ്പോള്‍ നേര്‍ത്ത ഇരുട്ട് വീണിരുന്നു. ഡാഡിയുടെ ഇരുകൈകളിലും തൂങ്ങി റയനും ജെയ്ക്കും കാറിനരുകിലേക്ക് നടന്നു. പുറകിലായി പുത്തന്‍ ഡ്രസ്സുകളടങ്ങിയ വലിയ കവറുകളുമായി മമ്മിയും.

എല്ലാം കണ്ട് ആസ്വദിച്ച് വളരെ ഉത്സാഹത്തിമിര്‍പ്പിലായിരുന്നു കുട്ടികള്‍. സെന്‍റ് പോള്‍സ് സ്കൂളില്‍ ഒന്നാം ക്ലാസ്സിലും എല്‍.കെ.ജി.യിലും പഠിക്കുകയാണവര്‍. ക്രിസ്തുമസ് ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഷോപ്പിംഗിലായിരുന്നു അവര്‍.

‘എവിടാ ചേട്ടാ – ദയാലിന്‍റെ വീട്…?”

തിരികെപോന്നപ്പോള്‍ കാറിലിരുന്ന് ജെയ്ക്ക് ചോദിച്ചു.

തന്‍റെ കൂട്ടുകാരനായ ദയാലിന്‍റെ വീട് കാണിച്ചുതരാമെന്ന് റയന്‍ അനിയന് വാക്ക് കൊടുത്തിരുന്നു.

റോഡിന് വലതുവശത്തായി അല്പം ഉള്ളിലേക്ക് മാറി നില്ക്കുന്ന ഒരു കൊച്ചുവീട്. ആ വീട്ടില്‍ വലിയ വെളിച്ചമുണ്ടായിരുന്നില്ല.

നിരനിരയായി നില്ക്കുന്ന മണിമന്ദിരങ്ങളുടെ ഇടയ്ക്ക് ഇരുട്ടിലാണ്ടുനില്ക്കുന്ന ആ വീട് രാത്രിയില്‍ കണ്ടുപിടിക്കാന്‍ റയന്‍ അല്പം ബുദ്ധിമുട്ടി.

‘ശ്ശെ… അവിടെന്താ ലൈറ്റില്ലേ?”

ജെയ്ക്ക് ചോദിക്കുമ്പോള്‍ റയന്‍റെ മനസ്സിലും ആ ചോദ്യം ഉണ്ടായിരുന്നു.

‘അവര്‍ക്ക് കറന്‍റ് ഉണ്ടാവില്ല’ മമ്മി മറുപടി നല്‍കി.

‘കറന്‍റ് പോയാല്‍ ഇന്‍വെര്‍ട്ടര്‍ ഉണ്ടാവില്ലേ..?’ റയന്‍ ചോദിച്ചു.

‘വീട് കണ്ടാല്‍തന്നെ അറിയില്ലേ മോനേ പാവങ്ങളാണെന്ന്. കറന്‍റ് എടുത്തിട്ടുണ്ടാവില്ല’ – ഡാഡി പറഞ്ഞു.

ശരിയായിരിക്കും. അവന്‍റച്ഛന് അസുഖമായതുകൊണ്ട് ജോലിക്കൊന്നും പോവുന്നില്ലെന്നും അമ്മയാണ് ജോലി ചെയ്ത് തന്നെയും അനിയത്തി മാലുവിനെയും സ്കൂളിലയയ്ക്കുന്നതെന്നുമൊക്കെ ദയാല്‍ പറഞ്ഞിട്ടുണ്ട്.

രാത്രി കിടക്കുമ്പോഴും ഇരുട്ടിലാണ്ടു കിടക്കുന്ന ദയാലിന്‍റെ വീടിന്‍റെ ചിത്രമായിരുന്നു റയന്‍റെ മനസ്സ് നിറയെ.

* * *

രാവിലെ ഉണര്‍ന്നെണീറ്റ ഉടന്‍ റയന്‍ ഡാഡിയുടെ അടുത്തെത്തി. ലാപ്ടോപ്പിനു മുന്നില്‍ എന്തൊക്കെയോ ചെയ്യുകയാണ് ഡാഡി.

‘ഡാഡി, ദയാലിന്‍റെ വീട്ടില്‍ കറന്‍റ് വരുത്തിക്കൊടുക്കുമോ..?’

‘എന്താ…?’ ഡാഡിക്ക് മനസ്സിലായില്ല.

‘അവനെന്നോടു പറഞ്ഞു: അവന്‍റെ കൂട്ടുകാരന്‍റെ വീട്ടില്‍ കറന്‍റ് കണക്ഷന്‍ എടുത്തു കൊടുക്കുമോ എന്നാണ് മോന്‍ ചോദിച്ചത്.’ മമ്മി വിശദമാക്കി.

‘ശ്ശൊ.. എ.സി. ഇല്ലാതെ അവരെങ്ങനെ ഉറങ്ങും.’ ജെയ്ക്കിന്‍റെ വിഷമം അതായിരുന്നു. ചെറുചിരിയോടെ ഡാഡിയും മമ്മിയും പരസ്പരം നോക്കി.

‘ഈ ക്രിസ്തുമസിന് അവന്‍റെ വീട്ടില്‍ ഒരു നക്ഷത്രം കത്തിക്കാം ഡാഡി..’

കുഞ്ഞുമനസ്സില്‍ മുള പൊട്ടിയ നന്മ കാണാതെയിരിക്കാന്‍ അവര്‍ക്കായില്ല.

റയനും ഡാഡിയും ജെയ്ക്കും കൂടി ദയാലിന്‍റെ വീട്ടില്‍ പോയി കാര്യങ്ങളൊക്കെ സംസാരിച്ചു. തന്‍റെ സ്ഥാപനത്തിലെ ഇലക്ട്രിഷ്യനെ ഇന്നുതന്നെ അയയ്ക്കാമെന്നും ഇലക്ട്രിസിറ്റിയാഫീസിലെ എഞ്ചിനീയറോട് സംസാരിച്ചിട്ടുണ്ടെന്നും ഈയാഴ്ച തന്നെ കറന്‍റ് കിട്ടുമെന്നും റയന്‍റെ ഡാഡി പറഞ്ഞു. ദയാലിന്‍റെ അച്ഛന്‍ നിറകണ്ണുകളോടെ നന്ദി പറഞ്ഞു.

പിറ്റേ ഞായറാഴ്ച –

പുത്തന്‍ നക്ഷത്രവും കേക്കും ദയാലിനും മാലുവിനുമുള്ള പുത്തന്‍ ഉടുപ്പുകളുമായി റയനും കുടുംബവും ചെന്നു. റയന്‍റെ കസിന്‍സായ മിയയും ടാനിയും അവരുടെ കൂടെ ഉണ്ടായിരുന്നു.

‘എന്‍റെ മോന്‍റെ മനസ്സിലുദിച്ച ഈ ക്രിസ്തുമസിന്‍റെ വെളിച്ചം ഇത്തവണ ഈ വീട്ടിലും തെളിയട്ടെ…’

റയന്‍റെ ഡാഡി ദയാലിന്‍റെ വീടിന്‍റെ വരാന്തയില്‍ പുത്തന്‍ നക്ഷത്രം തൂക്കി.

സീരിയല്‍ ബള്‍ബുകളും നക്ഷത്രവും കത്തിനില്ക്കുന്ന വരാന്തയിലും മുറ്റത്തും ഓടിത്തിമിര്‍ക്കുന്ന കുട്ടികളെ ദയാലിന്‍റെ അച്ഛനുമമ്മയും നിറഞ്ഞ മനസ്സോടെ നോക്കിനിന്നു.

Leave a Comment

*
*