Latest News
|^| Home -> Novel -> ചെറുകഥ -> ക്രിസ്തുമസ് തലേന്ന്..

ക്രിസ്തുമസ് തലേന്ന്..

Sathyadeepam

ഏ.കെ. പുതുശ്ശേരി

ഇരുട്ടിന്‍റെ വിരലുകള്‍ പകലിന്‍റെ മുഖത്ത് തലോടി പ്രകൃതി മങ്ങി. അടുത്തടുത്ത വീടുകളില്‍ ആകാശവിളക്കുകള്‍ ഉയര്‍ന്നു ക്രിസ്തുമസ് തിരുനാളിന്‍റെ പുതുപിറവിക്ക് മംഗളം ചാര്‍ത്തുന്ന മനോഹരമായ നക്ഷത്രരൂപങ്ങള്‍.

ബെന്നിമോന്‍ നോക്കിനിന്നു. അവന്‍റെ വീട്ടില്‍ ആകാശവിളക്ക് കൊളുത്തുന്നില്ല. അമ്മച്ചി ഒരു മൂലയില്‍ താടിയില്‍ കൈത്തലം ചേര്‍ത്ത് കുത്തിയിരിക്കുന്നു. അപ്പച്ചനെ കാണുന്നില്ല അതിരാവിലെ എങ്ങോട്ടോ പോയതാണ്. ബീനാമോളും ബിന്ദുക്കുട്ടിയും ഉറക്കമായി. ബെന്നിമോന്‍ അമ്മച്ചിയെ കുലുക്കി ചോദിച്ചു. “നമുക്ക് ആകാശവിളക്കില്ലേ അമ്മച്ചീ?” അമ്മച്ചി നെടുവീര്‍പ്പിട്ടു. അല്പം കഴിഞ്ഞ് കരഞ്ഞു.

അടുത്തവീട്ടില്‍ അപ്പം ചുടുന്നതിന്‍റെ മധുരമായ മണം അവനില്‍ കൊതിയുണര്‍ത്തി. കഴിഞ്ഞവര്‍ഷം ക്രിസ്തുമസിന് അമ്മച്ചി ഉണ്ടാക്കിതന്ന മധുരമുളള അപ്പത്തിന്‍റെ രുചിയോര്‍ത്ത് ഉമിനീരിറക്കി. ചൂടുളള ഇറച്ചിക്കറിയില്‍ മുക്കി മുക്കി അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍ എല്ലാം മറന്നിരുന്നു. വീണ്ടും വിണ്ടും അമ്മച്ചിയോട് ചോദിച്ചു. അമ്മച്ചിക്ക് കോപം വന്നു. അതുകണ്ട് പുഞ്ചിരിച്ചുകൊണ്ട് അപ്പച്ചന്‍ പറഞ്ഞു. ‘അവന്‍ ഇഷ്ടംപോലെ കഴിക്കട്ടെ’ അടുത്തകൊല്ലം എന്തെല്ലാം സംഭവിക്കുമെന്ന് ആര്‍ക്കറിയാം. “എത്ര നല്ല അപ്പച്ചന്‍. അപ്പച്ചന്‍റെ അതിവാത്സല്യത്തില്‍ കലികയറുന്ന അമ്മച്ചി പറയും. “നിങ്ങളാണ് പിളേളരെ ചീത്തയാക്കുന്നത്.”

അപ്പച്ചന്‍ തമാശയായി പറയും ‘കുഞ്ഞുങ്ങളെ നിരാശപ്പെടുത്തരുത്. അവര്‍ അല്ലലില്ലാതെ വളരണം.’ അപ്പച്ചന്‍റെ ശാന്തസുന്ദരമായ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുവാന്‍ തോന്നും. ബെന്നിമോന്‍ അതേക്കുറിച്ചുതന്നെ ചിന്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന്‍റെ ആഹ്ലാദത്തിമിര്‍പ്പില്‍ ദിവസങ്ങള്‍ നീങ്ങിയിരുന്നു. അകലെ താമസിക്കുന്ന അങ്കിളും ആന്‍റി യും, അനില്‍മോനും കേക്കും മിഠായികളുമായി വന്നിരുന്നു.

വീണ്ടും ക്രിസ്തുമസ് വന്നിരിക്കുന്നു. ഒന്നും ചെയ്യുന്നില്ല. ആകാശവിളക്കില്ല. അപ്പം ചുടുന്നില്ല. കഞ്ഞിപോലും വയ്ക്കുന്നില്ല. വിശന്നിട്ട് കുടലു നഷ്ടപ്പെടുന്നതുപോലെ. ആന്‍റി വന്നിരുന്നെങ്കില്‍…

അപ്പച്ചന്‍റെ കമ്പനിയില്‍ സമരം വന്നുവെന്നും അതുകൊണ്ടാണ് കമ്പനി പൂട്ടിയതെന്നുമറിഞ്ഞപ്പോള്‍ ആ സമരത്തിന്‍റെ മൂക്കിന് ഒരടിവച്ചുകൊടുക്കാന്‍ ബെന്നിമോന് തോന്നി. സമരം എന്നാല്‍ ഏതോ ഒരു ദുഷ്ടനായ വ്യക്തിയാണെന്നായിരുന്നു പാവം ബെന്നിമോന്‍ കരുതിയിരുന്നത്.

തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് പണിമുടക്കിയതുകൊണ്ടാണ് സമരമുണ്ടായതെന്നും അതുകൊണ്ടാണ് കമ്പനി പൂട്ടിയതെന്നും ടീച്ചര്‍ പറഞ്ഞപ്പോഴും അതൊന്നും ബെന്നിമോന് വ്യക്തമായില്ല. എന്നാല്‍ ഒരു ദിവസം അടുത്ത വീട്ടിലെ റോയിമോന്‍റെ അപ്പച്ചനോട് തന്‍റെ അപ്പച്ചന്‍ പറയുന്നത് അവന്‍ കേട്ടു. നല്ലപോലെ നടത്തിയിരുന്ന കമ്പനിയില്‍ ജോലിചെയ്യാതെ ഉഴപ്പിനടന്ന ഒരു തൊഴിലാളിയോട് അതിന്‍റെ കാരണം ആവശ്യപ്പെട്ട സൂപ്പര്‍വൈസറെ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് കമ്പനിക്കു പുറത്തു വച്ച് ആക്രമിച്ചെന്നും, കമ്പനി അടച്ചിട്ടുവെന്നും, സമരത്തിനു നേതൃത്വം കൊടുത്തിരുന്ന നേതാവ് വിദേശപര്യടനത്തിനു ഭാര്യാസമ്മേതം പോയി എന്നുമൊക്കെ. അതുകൊണ്ടാണ് അപ്പച്ചനു ജോലി പോയതും താനും ബിന്ദുമോളും ബീനാക്കുട്ടിയുമൊക്കെ പട്ടിണി കിടക്കേണ്ടിവന്നതും എന്നവന് മനസ്സിലായി. സൂപ്പര്‍വൈസറെ ഇടിച്ച തൊഴിലാളികളെ തല്ലാനുളള കലി ബെന്നിമോനുണ്ടായി.

വിശന്നു തളര്‍ന്ന ബെന്നിമോന്‍ ഉമ്മറപ്പടിയില്‍ ചാരിയിരുന്ന് ഉറങ്ങിപ്പോയി. ആരോ തന്‍റെ തോളില്‍ തൊട്ടതായി അവന് തോന്നി. പെട്ടെന്ന് കണ്ണുതുറന്നു. ഒരു പാത്രത്തില്‍ ചൂടുളള അപ്പവുമായി തന്‍റെ മുന്നില്‍ നില്‍ക്കുന്ന അടുത്തവീട്ടിലെ ജോളിമോന്‍റെ അമ്മച്ചിയെയാണ് കണ്ടത്. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരപ്പം അവന്‍റെ കയ്യില്‍ കൊടുത്തിട്ട് അവര്‍ അകത്തേക്ക് പോയി. വിളിക്കാതെ വിരുന്നു വന്ന ക്രിസ്തുമസ്സിന്‍റെ വിഭവം നോക്കി ബെന്നിമോന്‍ നിന്നു.

Leave a Comment

*
*