Latest News
|^| Home -> Novel -> Childrens Novel -> സൈബർവലയും കുട്ടിയിരകളും – 8

സൈബർവലയും കുട്ടിയിരകളും – 8

Sathyadeepam

മാത്യൂസ് ആർപ്പൂക്കര

വീണ്ടും വീണ്ടും മൊബൈൽ ഫോണിന്റെ ബെൽ നവീന്റെ ഉറക്കത്തെ ശല്യപ്പെടുത്തി. സഹികെട്ടപ്പോൾ അവൻ ഫോണെടുത്ത് അറ്റൻഡ് ചെയ്തു.

“”മോനേ, പപ്പയാ വിളിക്കുന്നത്…” – ഡേവീസിന്റെ വാത്സല്യമാർന്ന സ്വരം.

“”മമ്മിയായിട്ടും പപ്പയായിട്ടും എന്നെ ഉറങ്ങാൻകൂടി സമ്മതിക്കത്തില്ലേ…?”

നവീൻ അസഹിഷ്ണുത പ്രകടിപ്പിച്ചു തിരിഞ്ഞു കിടന്നു. മൊബൈൽ ഫോൺ സ്പീക്കറിലിട്ടുകൊണ്ടു തലയണമേൽ വച്ചു.

“”മോനേ… ഇന്നു ക്ലാസ്സ് കഴിയുമ്പോൾ പപ്പ ഹോളിക്രോസ് ജംഗ്ഷനിൽ കാത്തുനില്ക്കും. മോനേ പിക്കപ്പ് ചെയ്യാൻ…” – ഡേവീസ് തന്മയത്വത്തോടെ തുടർന്നു: “”മോനേ കാണാൻ ചിറ്റമ്മയ്ക്കും ചിറ്റപ്പനും ആഗ്രഹം…”

“”എന്നെ തല്ലു കൊള്ളിക്കാനാണോ പപ്പേടെ ആഗ്രഹം…?” – നവീൻ കൗശലത്തോടെ ചോദിച്ചു.

“”മോനേ, നവീൻ നിന്നെ ഞാൻ സ്കൂട്ടറിൽ ഹോളിക്രോസ് ജംഗ്ഷനിൽനിന്നും ചിറ്റപ്പന്റെ വീട്ടിലെത്തിക്കുന്നു. ഒരു മണിക്കൂർ അവിടെ ചെലവഴിച്ചിട്ട് നിന്നെ അതേപോലെ ഹോളിക്രോസ് ജംഗ്ഷനിൽ കൊണ്ടാക്കും… നിന്റെ മമ്മി വരുമ്പോൾ ഏഴു മണിയെങ്കിലും ആവില്ലേ…?”

നവീൻ അപ്പോഴും ഒന്നു നീട്ടി മൂളി.

ഡേവീസിനു സന്തോഷം തോന്നി. മകൻ വരാമെന്ന് സമ്മതിച്ചല്ലോ. സാധാരണ ഗതിയിൽ വിളിച്ചാൽ വരാൻ കൂട്ടാക്കില്ല; ഏലീശ്വായെ അവനു പേടിയാണ്.
ചിറ്റപ്പന്റെ വീട്ടിലെ പൂമുഖത്തു നിന്നാണു ഡേവീസ് മകനെ ഫോൺ ചെയ്തത്. അതു ശ്രദ്ധിച്ചു നിന്ന ചിറ്റമ്മ തിരക്കാതിരുന്നില്ല: “”ഡേവീസേ, മോൻ വരുമോ?”

“”വരും; വരാതിരിക്കില്ല…” – ഡേവീസ് അറിയിച്ചു.

“”പാവം കുട്ടി…!” ചിറ്റമ്മ പരിതപിച്ചു. “”പരസ്പരം പോരടിച്ചു രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടിയുടെ സ്വഭാവഗതി എന്താകും…? അവൻ അവന്റെ തോന്ന്യാസം പോലാകില്ലേ…?”

“”ചിറ്റമ്മേ, അതാണന്റെ ആശങ്ക… മോന്റെ ഭാവി മുരടിച്ചുപോകില്ലേ…?” – ഡേവീസ് പറഞ്ഞു.

“”മോനേ കണ്ടിട്ടെത്ര നാളായി…?” ചിറ്റമ്മ തുടർന്നു: “”ഇത്തവണ മോൻ വന്നില്ലെങ്കിൽ നീ ഹോളിഡേയ്ക്ക് അവനെ വീട്ടിൽ ചെന്ന് കൂട്ടിക്കൊണ്ടു വരണം… എല്ലാ ഹോളിഡേയ്ക്കും അവൻ ഇവിടെ നില്ക്കട്ടെ… സ്ഥിരമായിട്ട് അവിടെ നിന്നാൽ മതിയോ…?”

“”എന്നാൽപ്പിന്നെ ഇവിടെ ഭൂകമ്പമുണ്ടാകും…”- പൂമുഖത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്ന ചിറ്റപ്പൻ സ്വതസിദ്ധമായ ചിരിയോടെ തുടർന്നു: “”ഏലീശ്വാടെ തനിനിറം ഡേവീസ് കാണും. ഇവനോട് എന്തുമാത്രം വിരോധമുണ്ടായിട്ടാ അവൾ ഡൈവോഴ്സ് നോട്ടീസ് കൊടുപ്പിച്ചേ…? അഹങ്കാരത്തിനു കയ്യും കാലുംവച്ചൊരു സത്വം…!”

“”അങ്ങനെ പറഞ്ഞാൽ പറ്റ്വോ? രണ്ടു പേർക്കുംകൂടി ജനിച്ച കുട്ടിയല്ലേ…?” – ചിറ്റമ്മയ്ക്കു ദ്വേഷ്യം വന്നു.

“”അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. അവൾ രണ്ടും കല്പിച്ചാ…”- ചിറ്റപ്പൻ തുടർന്നു: “”എടീ ശോശാമ്മേ, ഏലീശ്വാ ഇനി സഭാകോടതിയിലും വിവാഹമോചനത്തിനു കേസ് കൊടുക്കാൻ പോണെന്നു പറേന്ന കേട്ടു…”

“”അവൾ കുടുംബജീവിതത്തെപ്പറ്റി, വിവാഹജീവിതത്തെപ്പറ്റി പഠിച്ചുവച്ചിരിക്കുന്നത് എന്തുട്ടാ…?” ചിറ്റമ്മയ്ക്ക് അരിശം തീരുന്നില്ല. “”അവള് കല്യാണത്തിനു പള്ളിയിൽവച്ചു വി. ഗ്രന്ഥം തൊട്ടു സ ത്യം ചെയ്തത് എന്തുട്ടാ…?”

“”എടീ ശോശാമ്മേ, നമ്മുടെ ഡേവീസ് വെറും പാവമായിപ്പോയതാ എല്ലാത്തിനും കാരണം…” കുട്ടിയച്ചൻ തുടർന്നു പറഞ്ഞു: “”വെറും പത്താം ക്ലാസ്സുകാരൻ…! ഒാഫീസ് അസിസ്റ്റന്റിന്റെ ജോലി… ഏലീശ്വായോ…? എക്കണോമിക്സ് എം.എ., സെക്രട്ടറിയേറ്റിൽ സെക്ഷൻ ഒാഫീസർ… പൂന്തുറേലേ പാപ്പരായിപ്പോയ മീൻ തരകൻ അന്തോ പത്തു പൈസ സ്ത്രീധനം കൊടുക്കാനില്ലാഞ്ഞു ഡേവീസിനെക്കൊണ്ടു ഏലീശ്വായെ കെട്ടിച്ചുവിട്ടു. അപ്പനേം അമ്മേം കാണാൻപോലും ഇപ്പോൾ ഏലീശ്വ പൂന്തുറയ്ക്കു പോകാറേയില്ല… കടലിൽ ചൂണ്ടയിട്ടു കഴിഞ്ഞുകൂടുന്ന ആ ദരിദ്രവാസികളെ കാണാൻ അവൾക്കു നാണക്കേട്…!”

ഡേവീസ് ഒാഫീസിലേക്കു യാത്രയാവുമ്പോൾ ചിറ്റമ്മ ഒാർമ്മിപ്പിച്ചു: “”ഡേവീസേ, നവീൻ മോനെ കൂട്ടിക്കൊണ്ടു വരണം എത്ര നാളായി മോനെയൊന്നു കണ്ടിട്ട്… ഏത്തയ്ക്കാബോളി ഉണ്ടാക്കിവയ്ക്കണം; മോനതു പെരുത്തിഷ്ടാ….”

ഡേവീസ് ഉച്ചകഴിഞ്ഞു ലീവെടുത്തു. സ്കൂൾ വിടുന്ന മൂന്നരയ്ക്കു മുമ്പുതന്നെ അയാൾ സ്കൂ ട്ടറിൽ ഹോളി ക്രോസ് ജംഗ്ഷനിലെത്തി. മൂന്നരയായപ്പോൾ ഒാൾ ഏഞ്ചൽസ് ഇന്റർനാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ ഒഴുകി. ചിത്രശലഭങ്ങളുടെ ഘോഷയാത്ര പോലെ.

കുട്ടികളൊക്കെ പോയിക്കഴിഞ്ഞിട്ടും നവീൻ വന്നില്ല. അവൻ എങ്ങോട്ട് പോയി…? എതിലേ പോയി? ഫോണിൽ ബന്ധപ്പെടാൻ നോക്കി. ബെല്ലടിക്കുന്നുപോലുമില്ല; സ്വിച്ചോഫ്.!

അഞ്ചു മണി വരെ ഡേവീസ് മകനെ കാത്ത് അവിടെനിന്നു. ഒടുവിൽ നിരാശയോടെ മടങ്ങുമ്പോഴാണു ഷിജോ ബൈക്കിൽ അങ്ങോട്ടെത്തിയത്. ഡേവീസിന്റെ കൂട്ടുകാരൻ.

“”നീ എന്താ ഇവിടെ…?” – ഷിജോ ചോദിച്ചു.

“”നവീനെ പിക്കപ്പ് ചെയ്യാൻ വന്നതാ… അവനെ കണ്ടില്ല” – ഡേവീസ് നിസ്സംഗതയോടെ പറഞ്ഞു.

“”ഏലീശ്വാ ഫോണിൽ അവനെ വിലക്കിക്കാണും…” – ഷിജോ തുടർന്ന് അറിയിച്ചു: “”ഒന്നുകിൽ അവൻ വന്നിട്ടില്ല; അല്ലെങ്കിൽ അവൻ നേരത്തെ പോയിക്കാണും… നീ വാ, നമുക്കൊന്നു കറങ്ങി വരാം…”

ബൈക്കും സ്കൂട്ടറും റബറൈസ്ഡ് റോഡിലൂടെ മുന്നോട്ടു നീങ്ങി. അവർ ശംഖുമുഖം കടപ്പുറത്തെത്തി. സായാഹ്നം നിറച്ചാർത്തിടുന്ന ശംഖുമുഖം ബിച്ചിൽ കൂട്ടുകാർ സംസാരിച്ചിരുന്നു.

“”ദുർവാശി നിങ്ങടെ രണ്ടു പേരുടെയും ജീവിതം അകലങ്ങളിലാക്കി. നവീന്റെ കാര്യമോ..? നിങ്ങൾ രണ്ടുപേരും അതേപ്പറ്റി ചിന്തിക്കുന്നില്ല… കുട്ടിപ്രായമാണ്. കുട്ടിയിരകളാകാം, വഴി തെറ്റിപ്പോകാം. ഏലീശ്വാ നവീനെ വേണ്ടവിധം ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല…”

ഷിജോയുടെ അഭിപ്രായം തികച്ചും ശരിയാണെന്നു ഡേവീസിനു തോന്നി.

“”എടാ ഷിജോ, നവീൻ എന്നും രാത്രിയിൽ വിളിച്ചു വർത്തമാനം പറഞ്ഞിട്ടേ കിടന്നുറങ്ങുമായിരുന്നുള്ളൂ… അതവൾ നിർത്തിച്ചു” – ഡേവീസ് പറഞ്ഞു.

“”എടാ, ഡേവീസേ, ഇങ്ങനെ പോയാൽ നവീന്റെ സ്വഭാവത്തിനുതന്നെ മാറ്റം വരും… അവന്റെ മനസ്സ് കാടുകയറിപ്പോകും… ആ കുട്ടിക്കു സന്മനസ്സില്ലാതെ പോകും…” – ഷിജോയുടെ വാക്കുകൾ കാര്യമാത്രപ്രസക്തമായി ഡേവീസ് കരുതി.

ഷിജോയോടൊപ്പം ഡേവീസ് പോയില്ല. ചിന്താമഗ്നനായി ബീച്ചിലിരുന്നു. തിരകൾ അട്ടഹസിച്ചുകൊണ്ടു തീരത്തേയ്ക്കു പാഞ്ഞടുക്കുന്നു. തീരത്തു തലതല്ലി ചിതറിച്ചു വന്നപോലെ പിൻവാങ്ങുന്നു.

ബീച്ചിലെ ദീപപ്രഭയിൽനിന്ന് അയാൾ എഴുന്നേറ്റ് നടന്നു. ദൂരെ കോളജ് വിദ്യാർത്ഥികൾ കടലിൽ തിമിർക്കുന്നു. അതിനപ്പുറം ഒരു കുട്ടി കടൽവെള്ളത്തിലേക്കിറങ്ങിയിരിക്കുന്നു. ജീൻസും ചൈനീസ് ഡ്രാഗന്റെ ചിത്രമുള്ള ടീഷർട്ടും ധരിച്ച കൊച്ചു പയ്യൻ, ആ കുട്ടി എന്തേ ഒറ്റയ്ക്കിങ്ങനെ…?

ഞണ്ടുകളുടെ തീരത്തു നൂറായിരം വിചാരങ്ങൾ ചിറകടിച്ചാർക്കുന്നു…!

ഏതാണാ കുട്ടി…!?

മനസ്സിന്റെ താളം മുറുകി.

“”നവീനോ…!?

അല്ല, ഞാൻ വിശ്വസിക്കില്ല; ഡേവീസിന്റെ കാഴ്ച മങ്ങി.

നവീൻ തന്നെയോ…!?

ബോദ്ധ്യം വരുന്നില്ല.

അയാൾ അങ്ങോട്ട് വേഗം നടന്നു.

(തുടരും)

Leave a Comment

*
*