Latest News
|^| Home -> Novel -> Childrens Novel -> സൈബർവലയും കുട്ടിയിരകളും – 10

സൈബർവലയും കുട്ടിയിരകളും – 10

Sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

നവീന്‍ കട്ടിലില്‍ പോയി കിടന്നിട്ട് കുറേ നേരമായി. ഏലീശ്വ അസ്വസ്ഥയായി. അവന്‍ ഒന്നും കഴിച്ചിട്ടില്ല. രാത്രി വൈകിയിരിക്കുന്നു. കറുത്ത രാത്രിയുടെ മുഖത്തൊരു നക്ഷത്രപ്പൊട്ടുകൂടി കാണാനില്ല.

ഏലീശ്വ മകന്‍ കിടക്കുന്ന മുറിയിലേക്കു ചെന്നു: “മോനേ, നവീന്‍…”

ചുരുണ്ടുകൂടി കിടന്ന നവീന്‍ ഒന്നു തിരിഞ്ഞു കിടന്നു; മിണ്ടാട്ടമില്ല.

“മോനേ, മമ്മ നിനക്കുവേണ്ടിയല്ലേ ജീവിക്കുന്നേ…? നിന്‍റെ ആഗ്രഹങ്ങള്‍ മമ്മ അപ്പടി സാധിച്ചുതരുന്നില്ലേ…?” – ഏലീശ്വ മകന്‍റെ പിണക്കം തീര്‍ക്കാന്‍ ശ്രമിച്ചു.

“എന്നിട്ടാണോ എന്നെ ഇമ്മാതിരി തല്ലുന്നേ…? ഒക്കെ പറച്ചിലേയുള്ളൂ…”

“പറച്ചിലല്ല” – ഏലീശ്വ ഉറപ്പിച്ചു പറഞ്ഞു. “നിന്‍റെ ആവശ്യം പറഞ്ഞോ… മമ്മ സാധിച്ചു തരും. ഷുവര്‍… പക്ഷേ, ഒരു കാര്യം നീ ആ മനുഷ്യന്‍റെ കൂടെ കൂടരുത്. ആ വെറുക്കപ്പെട്ടവനോട് മിണ്ടുകപോലുമരുത്…”

“എന്‍റെ ആഗ്രഹം പറയട്ടെ… എന്‍റെ മാത്രമല്ല ശ്യാമിന്‍റെകൂടി ആഗ്രഹമാണത്…” നവീന്‍ ശാന്തസ്വരത്തില്‍ തുടര്‍ന്നറിയിച്ചു: “എനിക്കും ശ്യാമിനുംകൂടി ഒരു വള്ളത്തില്‍ പുറംകടലില്‍ പോകണം…”

മകന്‍റെ ആഗ്രഹം കേട്ടപ്പോള്‍ ഏലീശ്വയുടെ നെറ്റി ചുളിഞ്ഞു: “ഇതെന്താഗ്രഹം…! നീ നടക്കണ കാര്യം വല്ലതും പറയ്…”

“ഇതു നടക്കണ കാര്യാ മമ്മാ… മമ്മ മനസ്സ് വച്ചാലിത് ഈസിയായിട്ടു നടക്കും…”

“അതെങ്ങനെ…?” – സംശയത്തോടെ അവള്‍ മകന്‍റെ നേര്‍ക്ക് നോക്കി.

“മമ്മേടെ അപ്പനും അമ്മയും കടപ്പുറത്തല്ലേ താമസം. അപ്പനോട് പറഞ്ഞാല്‍പ്പോരേ…? കാര്യം ഈസിയല്ലേ? പോരാഞ്ഞിട്ട്, മമ്മേടെ അപ്പന്‍ ഫിഷര്‍മാനാണല്ലോ…?”

സത്യത്തില്‍ മ കന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഏലീശ്വ ചെറുതായൊന്നു ഞെട്ടി.

“അതൊന്നും നടക്കില്ല. നീ വേറെ കാര്യം പറയ്…” – അവള്‍ ശഠിച്ചു. എന്നിട്ട് ഉറച്ച സ്വരത്തില്‍ തുടര്‍ന്നു: “നിനക്കു രണ്ടു വയസ്സുള്ളപ്പോള്‍ ആ ദാരിദ്ര്യം പിടിച്ച വീട്ടീന്നു നിന്നേം തോളിലിട്ടോണ്ട് ഇറങ്ങിപ്പോന്നതാ… എന്തൊക്കെ പുകിലാ അന്നുണ്ടായത്. അവരുടെ പേരിലുണ്ടായിരുന്ന കടപ്പുറത്തെ സ്ഥലമത്രയും അനിയന്‍ ചാര്‍ളിക്ക് എഴുതിക്കൊടുത്തു. ചാര്‍ളിക്കു ജോലിയില്ലെന്നും പറഞ്ഞ്… എന്‍റെ കൊക്കിനു ജീവനുള്ളിടത്തോളം കാലം ഞാനങ്ങോട്ടു തിരിഞ്ഞുനോക്കില്ല…”

“അപ്പനുമമ്മയുമല്ലേ മമ്മാ…?” നവീന്‍റെ ചോദ്യശരത്തിനു മുന്നില്‍ ഏലീശ്വ തെല്ലൊന്നു പരുങ്ങി. എന്നാലും അവള്‍ കാര്‍ക്കശ്യത്തോടെ പറഞ്ഞു: “അതേപ്പറ്റി നീ വറീഡാകണ്ട… അക്കാര്യങ്ങളൊക്കെ നിനക്കു ശരിക്കറിഞ്ഞുകൂടാ. അപ്പനും അമ്മയും നില്ക്കേണ്ടിടത്തു നില്ക്കണം. തോന്ന്യാസം കാണിക്കരുത്. നിന്‍റെ പപ്പേടെ കാര്യംപോലെ തന്നെ അക്കാര്യങ്ങളും നീ പാടേ മറന്നേക്കുക…”

എന്നിട്ട് വിഷയം മാറ്റാനായി അവള്‍ പറഞ്ഞു: “നാളെ രണ്ടാം ശനിയാഴ്ചയാണല്ലോ. നമുക്കു രണ്ടുപേര്‍ക്കുംകൂടി ഒരു സിനിമയ്ക്കു പോകാം. സിനിമ ഏതു വേണമെന്ന് നീ സെലക്ട് ചെയ്തോ…”

നവീന്‍ സമ്മതിച്ചു. നാളെ സിനിമയ്ക്കു പോകാം. പക്ഷേ, ഒരു കണ്ടീഷന്‍. മമ്മ കൂടെ വരേണ്ടതില്ല. നവീനും ശ്യാമുംകൂടി സിനിമയ്ക്കു പൊയ്ക്കോളാമത്രേ.

ഏലീശ്വയ്ക്ക് സമ്മതിക്കേണ്ടി വന്നു. മകനോടു തര്‍ക്കിക്കാന്‍ നി ന്നില്ല. ചെറിയ കാര്യം മതി. അവന്‍ പെട്ടെന്നു ക്ഷോഭിക്കും.

പിറ്റേന്നു സിനിമയ്ക്കു പോയ നവീനും ശ്യാമും നേരെ കടപ്പുറത്തേയ്ക്കാണു പോയത്. രണ്ടു പേര്‍ക്കും കടലില്‍ വള്ളത്തില്‍ സഞ്ചരിക്കണം. തിരകളില്‍ ഊഞ്ഞാലാടണം. വീഡിയോ ഗെയിമില്‍ കണ്ട കൗമാരക്കാരന്‍ ഷുവാന്‍റെ രസം പിടിച്ച സാഹസികതയുടെ ത്രില്ലിലാണവര്‍. എങ്ങനെയും കടലില്‍ കുറച്ചു നേരത്തേയ്ക്കെങ്കിലും മറ്റൊരു ഷുവാനായി മാറണം. കടല്‍ത്തിരമാലകള്‍ അമ്മാനമാടുന്ന കൊതുമ്പുവള്ളത്തിലിരിക്കുന്ന ഷുവാന്‍റെ ത്രസിപ്പിക്കുന്ന ത്രില്‍…!

പല വീഡിയോ ഗെയിമുകളിലും ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അറിഞ്ഞോ അറിയാതെയോ കണ്ണടയ്ക്കുന്നു. പല കമ്പ്യൂട്ടര്‍-വീഡിയോ ഗെയിമുകളോടുമുള്ള ഭ്രമം ചിലപ്പോള്‍ നമ്മുടെ കൊച്ചു കൂട്ടുകാരെ മാനസിക പ്രശ്നങ്ങളിലേക്കും അടിമത്തത്തിലേക്കും കൊണ്ടെത്തിക്കാമെന്ന വസ്തുത മിക്ക മാതാപിതാക്കളും മനസ്സിലാക്കുന്നില്ല.

എന്തായാലും ഇവിടെ അതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ കൊച്ചുനായകന്‍ നവീനും ക്ലോസ് ഫ്രണ്ട് ശ്യാമിനും അനുഭവവേദ്യമാകുന്നതും അതൊക്കെത്തന്നെ! അതേ അടിമത്തത്തിന്‍റെ വിഷമപാത…!!

നവീനും ശ്യാമും കടപ്പുറത്തുകൂടി അലഞ്ഞുനടന്നു. മുക്കുവരുടെ വീടുകള്‍ കയറിയിറങ്ങി. രണ്ടു പേരും വള്ളത്തില്‍ പുറംകടലില്‍ കൊണ്ടുപോകുന്ന സഹായം തേടി; ഫലമുണ്ടായില്ല.

കടപ്പുറത്തു കുറേയേറെ വള്ളങ്ങളിരിപ്പുണ്ട്. മുക്കുവയുവാക്കള്‍ വലക്കേടു പോക്കുന്നുണ്ട്. ആരും അവരുടെ ആവശ്യം ഗൗനിച്ചില്ല. അതിനിടയിലാണു കുട്ടികള്‍ ആ കാഴ്ച കണ്ടത്. കടലിലേയ്ക്കിറങ്ങി കിടക്കുന്ന പാറക്കെട്ടിലിരുന്നു ഒരു മുക്കുവന്‍ ചൂണ്ടയിടുന്നു. കുട്ടികള്‍ അങ്ങോട്ട് ചെന്നു.

“ഒന്നും കിട്ടിയില്ലേ അങ്കിളേ…?” – നീവീന്‍ ചോദിച്ചു.

“കിട്ടിയതു കെടക്കണ കാണാന്‍മേലേ…?” – ഒരു തൈക്കിളവന്‍ മുഖം തിരിക്കാതെ ചൂണ്ടയിലേയ്ക്കുതന്നെ നോക്കിക്കൊണ്ടു പറഞ്ഞു. പാറമേല്‍ വല്യൊരു ചൂര! ഇടയ്ക്കിടെ അതിപ്പോഴും പിടയ്ക്കുന്നുണ്ട്. കുട്ടികള്‍ നിമിഷ നേരം മീനിനെത്തന്നെ നോക്കിനിന്നു.

“ഇതു വെളളത്തിലേയ്ക്കു പിടച്ചുപോവില്ലേ…?” – ശ്യാം തിരക്കി.

മുക്കുവന്‍ ഒന്നൂറി ചിരിച്ചു. പി ന്നെ തല ചെരിച്ചുകൊണ്ടു പറഞ്ഞു: “ഈ മീന്‍ പിടച്ചുപോവാനാ…? ബേഷായി. അന്ത്രോടെ സ്വഭാവം മീനിനും അറിയാം…”

കുട്ടികള്‍ക്ക് അന്ത്രോ അങ്കിളിനെ ബോധിച്ചു. വാസ്തവത്തില്‍ അന്ത്രോ നവീന്‍റെ മമ്മയുടെ അപ്പനാണെന്ന വിവരം കുട്ടികള്‍ അറിയുന്നതേയില്ല.

കുട്ടികള്‍ തങ്ങളുടെ ആഗ്രഹം തന്മയത്വത്തോടെ അന്ത്രോയെ അറിയിച്ചു.

“എനിക്കു വള്ളോം വലേം ഒന്നുമില്ല മക്കളെ…” പുകയിലക്കറയുള്ള പല്ലുകള്‍ കാണ്‍കെ ഉറക്കെ ചിരിച്ചു. എന്നിട്ടു ചോദിച്ചു:

“മക്കളുടെ പക്കല്‍ കാശൊണ്ടോ…? എന്നാല്‍ വള്ളത്തേല്‍ കേറ്റാം… വള്ളം വാടകയ്ക്കെടുക്കാം…”

“നൂറു മതിയോ…?” – ശ്യാം തി രക്കി.

“നൂറോ…?”- അന്ത്രോ അപ്പോഴും ഉറക്കെ ചിരിച്ചു.

നവീന്‍ ആലോചിച്ചു നിന്നില്ല. പെട്ടെന്നൊരു അഞ്ഞൂറിന്‍റെ നോട്ടെടുത്തു നീട്ടിക്കൊണ്ട് അപേക്ഷിച്ചു.

“ഇതേയുള്ളൂ… ഞങ്ങടെ ആഗ്രഹമല്ലേ… സാധിച്ചുതാ അങ്കിളേ…”

അടുത്ത കാലത്തെങ്ങും പേരക്കുട്ടിയെ കണ്ടിട്ടില്ലാത്തതിനാല്‍ അന്ത്രോയും നവീനെ തിരിച്ചറിഞ്ഞില്ല. അഞ്ഞൂറിന്‍റെ പുത്തന്‍ നോട്ട് കണ്ട അന്ത്രോയുടെ മനസ്സൊന്നാളി. അയാള്‍ അതു വാങ്ങിക്കൊണ്ടോടി.

“മക്കള് ഇവിടെ നില്ല്… അന്ത്രോ ഇപ്പം വരാം…”

കുട്ടികളുടെ മുന്നില്‍ അപ്പോഴും ചൂര കിടന്നു പിടഞ്ഞു. അവരുടെ ശ്രമം ഫലം കണ്ടു. മിനിട്ടുകള്‍ക്കകം അന്ത്രോ തിരികെ ഓടി വന്നു. കരയിലിരുന്ന വള്ളം മുക്കു വപിള്ളേരുടെ സഹായത്തോടെ കടലിലേയ്ക്കിറക്കി. അതിലേക്കു നവീനെയും ശ്യാമിനെയും കൈ പിടിച്ചു കയറ്റി. വള്ളം തീരം വിട്ട് ഓളങ്ങള്‍ മുറിച്ചു നീങ്ങി.

അന്ത്രോ പങ്കായമിട്ട് ആഞ്ഞുവലിച്ചു; ആവേശത്തോടെ ചെമ്മീനിലെ കറുത്തമ്മയുടെ അച്ഛനായ മുക്കുവനെപ്പോലെ. വെളുവെളേ ചിരിച്ചുകൊണ്ടു കടല്‍പ്പരപ്പിലൂടെ ആ വഞ്ചി മുന്നോട്ടു കുതിച്ചു. കടല്‍ത്തിരകളേക്കാള്‍ ആവേശത്തിലായി നവീന്‍റയും ശ്യാമിന്‍റെയും മനസ്സ്….!

(തുടരും)

Leave a Comment

*
*