സൈബർവലയും കുട്ടിയിരകളും – 11

സൈബർവലയും കുട്ടിയിരകളും – 11

മാത്യൂസ് ആര്‍പ്പൂക്കര

അന്ത്രോ വള്ളത്തില്‍നിന്നു പങ്കായമിട്ട് ആഞ്ഞുവലിച്ചു. വള്ളം കടലോളങ്ങള്‍ മുറിച്ചു മുന്നേറി. ആവേശത്തിരകളില്‍ അതു ചാഞ്ചാടി.

നവീനും ശ്യാമും വള്ളത്തില്‍ ആവേശത്തിമിര്‍പ്പില്‍ത്തന്നെ. ആവേശം മൂത്ത് കുട്ടികള്‍ തിരയിലേക്ക് എടുത്തുചാടുമോ എന്നു തോന്നിപ്പോയി.

അതുകൊണ്ടാകണം അന്ത്രോ താക്കീത് ചെയ്തു: "അരുത്… ധിക്കാരം കാണിച്ചാല്‍ കടലമ്മ കനിയില്ല! കടലമ്മ രക്ഷിക്കില്ല…"

വള്ളം തീരത്തുനിന്നും ഏറെ ദൂരം പോയിക്കഴിഞ്ഞിരുന്നു. "അന്ത്രോ അങ്കിളേ, നമ്മള് പുറങ്കടലിലെത്തിയോ…?" – നവീന്‍ ചോദിച്ചു.

"പുറങ്കടലാണിത്…" – അയാള്‍ അറിയിച്ചു.

"വള്ളം ഞാനൊന്നു തുഴയട്ടെ അങ്കിളേ…?" – നവീന്‍റെ ആവേശം തിരതല്ലി.

"നടക്കില്ല മക്കളേ…." അന്ത്രോ വീണ്ടും താക്കീത് നല്കി: "അടങ്ങിയിരിക്ക്… ഇങ്ങള് പരിചയമില്ലാത്തോരാ… കടലമ്മ ഇത്തിരി ക്ഷോഭത്തിലാ…!"

"ദേയ് മീന്‍ പറ്റങ്ങള്…." – ശ്യാം വെള്ളത്തിലേക്കു കൈ ചൂണ്ടി.

"അയലയാ…" – അന്ത്രോ വിശേഷിപ്പിച്ചു. "അയലക്കൂട്ടങ്ങള് കടലുമ്മേലാ കാണ്‍ക…"

"നമ്മുടെ ദേശീയ മത്സ്യമാ അയലാ…" – നവീന്‍ ഓര്‍ത്തു.

പെട്ടെന്നണതു സംഭവിച്ചത്. കടല്‍ത്തിരകളെ ഇളക്കിമറിച്ചൊരു വമ്പന്‍ സ്രാവ് അന്തരീക്ഷത്തിലേക്കു ഹൈജമ്പ് ചെയ്തു.

"കൊമ്പനാ… അയലക്കൂട്ടത്തെ ആക്രമിക്കാനാ…" – അന്ത്രോ പറഞ്ഞു. "വള്ളം മറിക്കാന്‍ കൊമ്പന് എമ്പിടിയാ…"

ആവേശത്തിമിര്‍പ്പിലായിരുന്ന കുട്ടികള്‍ ഭയന്നുപോയി. എന്നാലും തിരിച്ചുപോകാന്‍ അവര്‍ കൂട്ടാക്കിയില്ല. അന്ത്രോയ്ക്ക് ആശങ്ക ഒഴിഞ്ഞില്ല. അയാള്‍ വള്ളം തിരിച്ചുവിട്ടു.

വളരെ പെട്ടെന്നു തിരിച്ചുവിടാന്‍ കാരണമില്ലാതില്ല. കുട്ടികള്‍ രണ്ടുപേരും ഇടയ്ക്കിടെ വിവരക്കേടുകള്‍ പറഞ്ഞത് അയാള്‍ക്കു പിടിച്ചില്ല. മാത്രമല്ല, അവര്‍ വള്ളത്തില്‍ നിന്നു വല്ല സാഹസവും കാണിച്ചേക്കുമോ എന്നും അയാള്‍ ഭയന്നു.

"നീലക്കടല്‍ത്തിരമാലകളില്‍ ഒന്നു നീന്തിമറിഞ്ഞാലോ ശ്യാം"- നവീന്‍റെ വാക്കുകള്‍…!

"നീലക്കടലിന്‍റെ അഗാധതയിലേക്ക് ഊളിയിടാം…" – ശ്യാമിന്‍റെ വര്‍ത്തമാനം…!

പരിചയമില്ലാത്ത പിള്ളേരാണ്. ഏതു സ്വഭാവക്കാരാണെന്ന് ആര്‍ ക്കറിയാം. അന്ത്രോച്ചേട്ടന്‍ പങ്കായം ആഞ്ഞു വലിച്ചു. ഒരു കുട്ടി മകളു ടെ മകനാണെന്ന് ഇനിയും അ യാള്‍ക്കു പിടി കിട്ടിയിട്ടില്ല. രണ്ടു വയസ്സുള്ളപ്പോള്‍ നവീനെ കണ്ടതാണല്ലോ…!

തീരമണഞ്ഞപ്പോള്‍ അയാള്‍ പരിചയപ്പെടാന്‍ നോക്കി: "മക്കടെ വീടെവിടാ…?"

രണ്ടുപേരും സ്ഥലപ്പേരു പറഞ്ഞു.

അയാള്‍ ശ്യാമിനോടു തിരക്കി: "മോന്‍റെ അപ്പന് എന്താ ജോലി?"

"ഖത്തറിലാ…"

"മോന്‍റെയോ…?" – അയാള്‍ നവീനോടു ചോദിച്ചു.

"സെക്രട്ടറിയേറ്റിലാ…"- നവീന്‍ അറിയിച്ചു.

"എന്‍റെ മോള് അവിടാ ജോലി… വല്യ ജോലീലാ…"- അന്ത്രോച്ചേട്ടന്‍ കുണ്ഠിതത്തോടെ തുടര്‍ന്നു: "ജോലി കിട്ടണവരെ ഓള്‍ക്കു ഞങ്ങളെ വേണാരുന്നു. പിന്നെ വേണ്ടെന്നായി. ഇപ്പള് ഓള്‍ക്ക് അപ്പനും അമ്മേം നാണക്കേടാ… തൊറേലെ മീന്‍മണോള്ള പീറകള്…"

നവീന്‍റെ ഉള്ളൊന്നു പിടഞ്ഞു. അന്ത്രോ അങ്കിള്‍ മമ്മയുടെ അപ്പനാണെന്ന അറിവിലേക്ക് അവനെത്തി. ആ തിരിച്ചറിവ് പരസ്പരം പങ്കുവയ്ക്കാനാവില്ല. മമ്മയ്ക്ക് ഇഷ്ടമല്ല. മമ്മയുടെ അപ്പനെ കണ്ട കാര്യംപോലും വീട്ടില്‍ പറയാനാവില്ല. ബന്ധം മുറിഞ്ഞ ജീവിതമാണു മമ്മയുടേത്.

കുട്ടികള്‍ കൂടുതല്‍ അറിയാന്‍ അന്ത്രോ അങ്കളിന്‍റെ അടുത്തു നിന്നില്ല. വേഗം യാത്രയായി. ഓട്ടോയിലായിരുന്നു മടക്കം.

യാത്രയ്ക്കിടയില്‍ നവീന്‍റെ മനസ്സില്‍ ആ രൂപം തങ്ങിനിന്നു. വല്ലാതെ തല നരച്ച മുഖത്തു കുറ്റിരോമങ്ങളുള്ള വിഷാദച്ചുളിവുകള്‍ വീണ അന്ത്രോ അങ്കിളിന്‍റെ മുഖം!

നവീന്‍ വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ടി. ഏലീശ്വ മകനോടു കയര്‍ത്തു: "സിനിമയ്ക്കു പോയിട്ട് ഇത്രേം നേരം എവിടാരുന്നു…?"

നവീന്‍ തര്‍ക്കിക്കാന്‍ പോയില്ല. നുണകള്‍ ഏച്ചുകെട്ടി പറയാന്‍ തുനിഞ്ഞില്ല. മമ്മ ചോദിച്ചുചോദിച്ചു കഴപ്പത്തിലാക്കിയാലോ? അവന്‍ പേടിച്ച് ഉള്ള കാര്യം പറഞ്ഞു.

"മമ്മാ, ഞാനും ശ്യാമും ഇന്നു സിനിമയ്ക്കു പോയില്ല. ഞങ്ങള്‍ ബീച്ചില്‍ പോയി; ഫുഡ് കഴിച്ചുതിരിച്ചു പോന്നു…"

"നിനക്കെന്താ കടലിനോടിത്ര ഭ്രമം..?" – ഏലീശ്വ അരിശം അടക്കിക്കൊണ്ടു തിരക്കി. എന്നിട്ടു താക്കീത് ചെയ്തു: "ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. എന്‍റെ അനുവാദം കൂടാതെ ഒരു കടപ്പുറത്തും നീ പോകരുത്…"

നവീന്‍ ചിന്താഗ്രസ്തനായിരുന്നു.

പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞപ്പോള്‍ നവീന്‍ പപ്പയെ വിളിച്ചു.

"മോന്‍ വരുന്നോ…?" – ഡേവീസ് ചോദിച്ചു.

"പപ്പ ഹോളിക്രോസ് കവലേല്‍ ഉടനെ വരാമോ…? എനിക്ക് എത്രേം പെട്ടെന്നു തിരിച്ചു പോരണം" – നവീന്‍ അറിയിച്ചു.

"നവീന്‍, ഞാനീ കവലേല്‍ത്തന്നെ നില്പുണ്ട്… നീ കപ്പേളയുടെ അടുത്തേയ്ക്കു നോക്കൂ…"

"അതാ പപ്പാ…"

ഭൂഗോളത്തിന്‍റെ മാതൃകയില്‍ ശില്പഭംഗിയില്‍ പണി കഴിപ്പിച്ച കപ്പേളയ്ക്കു സമീപം പപ്പ സ്കൂട്ടറിന്‍റെ ഹാന്‍ഡിലില്‍ പിടിച്ചുനില്ക്കുന്നു…

സ്കൂട്ടറില്‍ പപ്പയുടെ പിന്നില്‍ കേറി തിരുവല്ലം വഴി പോയി. ഷാരോണ്‍ എന്ന പുതിയ വീടിന്‍റെ ഗെയ്റ്റ് തുറക്കുമ്പോള്‍ ചിറ്റമ്മ ശോശ വാതില്ക്കലേയ്ക്കു വന്നു.

"പൊന്നുമോനെ നിന്നെ കണ്ടിട്ട് എത്ര നാളായി…?" – ഇളയമ്മച്ചി കൊച്ചുമോനെ വാരിപ്പുണര്‍ന്നു.

അപ്പോഴേക്കും വളഞ്ഞ കാലന്‍ കുടുയം കുത്തിപ്പിടിച്ചു ചിറ്റപ്പനെത്തി.

"നവീന്‍ മോനെത്തിയോ…?" – ഇളയപ്പന്‍ കൊച്ചുമോന്‍റെ മനസ്സില്‍ വാത്സല്യപൂര്‍വം തഴുകി.

"എടാ ഡേവീസേ, ഒരു കാര്യമറിഞ്ഞു. ഏലീശ്വാ അരമനേല്‍ പോയിരുന്നു. സഭേടെ വിവാഹക്കോടതിയില്‍… വിവാഹമോചനവ്യവസ്ഥകളറിയാന്‍…."

"ചിറ്റപ്പാ, അവള്‍ പോകാവുന്നിടത്തൊക്കെ പോകട്ടെ. ഡിവോഴ്സ് അനുവദിച്ചു കിട്ടിയാല്‍ അനുഭവിക്കട്ടെ…. മൂശേട്ട സ്വഭാവം പിടിച്ച അങ്ങനെയൊരുത്തീടെ കൂടെ ജീവിക്കാന്‍ എനിക്കും താത്പര്യമില്ല. എനിക്കു സൗന്ദര്യം പോരാ… പേഴ്സണാലിറ്റി പോരാ… വിദ്യാഭ്യാസം പോരാ…. ഉദ്യോഗപവ്വറ് പോരാ. അവള്‍ സെക്ഷന്‍ ഓഫീസറാകുംമുമ്പുവരെ ഈ പ്രശ്നങ്ങളൊന്നുമില്ലാരുന്നു… പുകഞ്ഞ കൊള്ളി പുറത്ത്…!" നിസ്സംഗതയോടെ ഡേവീസ് പറഞ്ഞപ്പോള്‍ ചിറ്റമ്മ ആശങ്കയോടെ ഇടപെട്ടു.

"ആ കുഞ്ഞിന്‍റെ കേള്‍ക്കേ ഇതൊക്കെ വിസ്തരിച്ചു കേള്‍പ്പിക്കണ്ട ഡേവീസേ…"

"അവനെല്ലാ കാര്യങ്ങളും നന്നേ അറിയാം ചിറ്റമ്മേ…" – ഡേവീസ് പറഞ്ഞു.

നവീന്‍മോനു പറയാന്‍ ഒരുപിടി കാര്യങ്ങള്‍; എല്ലാം വീഡിയോ ഗെയിമുകളെപ്പറ്റി. തിരമാലകളിലൂടെ കൊതുമ്പുകളിയോടത്തിലിരുന്നു തുഴഞ്ഞു തെന്നിത്തെന്നി പോകുന്ന ഷുവാന്‍റെ കഥയും. കടപ്പുറത്തു പോയതും അന്ത്രോയുടെ വള്ളത്തില്‍ പുറംകടലില്‍ പോയ കാര്യങ്ങളും പറയണമെന്നു തോന്നിയെങ്കിലും അവന്‍ പറഞ്ഞില്ല; മമ്മയെ പേടിച്ച്.

ഇതിനിടയില്‍ ശ്യാമിന്‍റെ ഫോണ്‍ കോളെത്തി. നവീന്‍ മുറ്റത്തേയ്ക്കിറങ്ങിനിന്നു കോള്‍ അറ്റന്‍ഡ് ചെയ്തു.

"എടാ നവീന്‍, തേടിയ കനകവള്ളി കാലേല്‍ ചുറ്റി. നമ്മള്‍ കാത്തിരുന്ന വീഡിയോ ഗെയിം ബ്ലൂ വെയ്ല്‍ ചലഞ്ച് നമ്മുടെ വിരല്‍ത്തുമ്പത്തായി. നാളെ രാത്രി നമ്മള്‍ രണ്ടു പേരും കൂടി അതിന്‍റെ ഓപ്പണിങ്ങ് സെറിമണി! ബ്ലൂവെയ്ല്‍ ഗെയിം കണ്ടാസ്വദിക്കുകയല്ല, കണ്ടനുഭവിക്കുകയാണു വേണ്ടത്… അണ്ടര്‍സ്റ്റാന്‍റ്…?"

അതു കേട്ടപ്പോള്‍ ജീവിതത്തില്‍ എന്തോ മഹത്തായ ഭാഗ്യം വീണുകിട്ടിയപോലെ നവീന്‍ വായ് പൊളിച്ചു നിന്നുപോയി. സന്തോഷവും അതിശയവും കേറി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org