സൈബർവലയും കുട്ടിയിരകളും – 12

സൈബർവലയും കുട്ടിയിരകളും – 12

മാത്യൂസ് ആര്‍പ്പൂക്കര

ശ്യാം ഫോണ്‍ വിളിച്ചു കാണാന്‍ പോകുന്ന പുതിയ ഗെയിമുകളെപ്പറ്റി പറഞ്ഞപ്പോള്‍ നവീന്‍ ആഹ്ലാദിച്ചു; കാത്തിരുന്ന ഗെയിം. ബ്ലൂവെയ്ല്‍ ചലഞ്ച്…! കണ്ടാസ്വദിക്കുകയല്ല, കണ്ടനുഭവിക്കുകയാണു വേണ്ടതെന്നു ശ്യാം പറഞ്ഞുകേട്ടപ്പോള്‍ നവീന്‍റെ ആവേശം തിരതല്ലി.

"ബലേ ഭേഷ്…!"-മുഷ്ടികള്‍ രണ്ടും ആകാശത്തേക്കെറിഞ്ഞ് അവന്‍ ഒരു നിമിഷം മേല്പോട്ട് കുതിച്ചു.

അവന്‍റെ ചേഷ്ടകള്‍ ശ്രദ്ധിച്ചു നിന്ന ഡേവീസ് ചോദിച്ചു: "എന്താ നവീന്‍..! എന്തു കേട്ടിട്ടാ നിനക്കിത്ര സന്തോഷം…?"

"സന്തോഷം മാത്രമല്ല… ആവേശമാണിപ്പോള്‍…" – നവീന്‍ പ്രസരിപ്പോടെ അറിയിച്ചു; "അതൊന്നും പപ്പ ഇപ്പളറിയണ്ടാ… വഴിയാംവണ്ണം അറിഞ്ഞോളും…"

"ക്ലാസ്സില്‍ ഇന്‍റേണല്‍ ടെസ്റ്റിനു നിനക്കാണോ ഫസ്റ്റ്…? അതാണോ ഫ്രണ്ട് വിളിച്ചുപറഞ്ഞേ…?"- ഡേവീസ് ആകാംക്ഷയോടെ തിരക്കി.

"കൊള്ളാം…! മാര്‍ക്കുപോലും…!" നവീന്‍ ഈര്‍ഷ്യയോടെ പപ്പയെ നോക്കി പറഞ്ഞു: "മാര്‍ക്ക് ആര്‍ക്ക് വേണം…? പഠിച്ചാല്‍ ആര്‍ ക്കും മാര്‍ക്കോ ഗ്രേഡോ ഒക്കെ കിട്ടും. ഇതൊന്നുമങ്ങനെ കിട്ടൂല്ല. ഓഫീസിന്‍റെ മൂലയ്ക്കു ചടഞ്ഞിരിക്കുന്ന പപ്പയ്ക്കിതൊന്നും മനസ്സിലാവില്ല…!"

പെട്ടെന്നവന്‍ ചുവടു മാറ്റി പറഞ്ഞു: "പപ്പ, എനിക്കുടനെ പോകണം. എന്നെ ഹോളിക്രോസ് ജംഗ്ഷനില്‍ കൊണ്ടാക്കണം; മമ്മ വരുംമുമ്പേ എനിക്കു വീട്ടിലെത്തണം…"

ചിറ്റമ്മ ശോശ നവീനു തണ്ണിമത്തന്‍ ജ്യൂസും ചോക്ലേറ്റ് ബിസ്ക്റ്റും കൊടുത്തു. പോകാന്‍ നേരത്ത് അവന്‍ പറഞ്ഞു: "പപ്പ എനിക്കൊരായിരം രൂപ വേണം…"

"അതെന്തിനാ?"

"പോക്കറ്റ് മണി… എന്‍റെ കയ്യിലൊന്നുമില്ല" – നവീന്‍ അറിയിച്ചു.

"നൂറോ ഇരുനൂറോ മതിയാകുമെടാ പോക്കറ്റ് മണി…" -ഡേവീസ് ചിരിച്ചു.

"അതെന്തിനൊണ്ട് പപ്പാ….?" – നവീന്‍ കൈമലര്‍ത്തി.

ഡേവീസ് 500 രൂപ കൊടുത്തു. അപ്പോഴേക്കും ചിറ്റമ്മയുടെ ഊഴവും അവനു തുണയായെത്തി.

"നവീന്‍മോനെ പോകാന്‍ വരട്ടെ… മോന്‍ നല്ലപ്പം ചോദിച്ചതല്ലേ…?" ചിറ്റമ്മ പെട്ടെന്ന് അടുക്കളയിലെ ടിന്നില്‍ നിന്നും 500 രൂപ എടുത്തുകൊടുത്തു.

"മോന്‍ സൂക്ഷിച്ചു ചെലവാക്കണം കേട്ടോ…"

ചിറ്റമ്മയുടെ നിര്‍ദ്ദേശം അനുസരിക്കും മട്ടില്‍ അവന്‍ ശിരസ്സാട്ടി.

ഡേവീസ് മകനെ ഹോളിക്രോസ് ജംഗ്ഷനില്‍കൊണ്ടാക്കി മടങ്ങി.

മമ്മ ഇനിയും വീട്ടിലെത്തിയിട്ടില്ല. നവീന്‍ ആന്തൂറിയം പൂച്ചട്ടിയുടെ അടിയില്‍വച്ചിരുന്ന താക്കോലെടുത്തു വാതില്‍ തുറന്നു. ബാഗ് വീടിനുള്ളില്‍വച്ചിട്ട് അവന്‍ ജംഗ്ഷനിലേക്കു പോയി; ഫാസ്റ്റ്ഫുഡ് കഴിക്കാന്‍.

ഏലീശ്വ വന്നപ്പോള്‍ മകനോടു വാത്സല്യപൂര്‍വം പറഞ്ഞു: "നവീന്‍, നാളെ രണ്ടാം ശനിയാഴ്ച പൊതു അവധിയാണല്ലോ… നമുക്കൊരു വണ്‍ഡേ ടൂര്‍ പോകാം… എവിടെ പോകണം…? ആലോചിച്ച് പറയ്…"

"ഇല്ല മമ്മ നാളെ നടക്കില്ല…"- നവീന്‍ ഉറപ്പിച്ചു പറഞ്ഞു: "നാളെ ഞാനും ശ്യാമും കുറേ ഫ്രണ്ട്സും കൂടി ഫുള്‍ഡേ പ്രോഗ്രാമിട്ടു പോയി. ഞങ്ങള് സൂ കാണാന്‍ പോവാ…"

"നീ മൃഗശാല പലതവണ കണ്ടിട്ടുള്ളതാണല്ലോ. വെറുതെ കറങ്ങി നടക്കണ്ടാ…." – ഏലീശ്വ സ്വരമുയര്‍ത്തി.

"ഞങ്ങള് ഫ്രണ്ട്സൊക്കെ കൂടി നേരത്തെ തീരുമാനിച്ചതാ മമ്മാ! ഫ്രണ്ട്സിന്‍റെ മുമ്പില്‍ എനിക്കു വിലയില്ലാതാക്കല്ലേ മമ്മാ…" നവീന്‍ പരുഷമാര്‍ന്ന സ്വരം മാറ്റി നയരൂപേണ തുടര്‍ന്നു: "മൃഗശാലേല്‍ ഈയിടെ അനക്കോണ്ട പാമ്പുള്‍പ്പെടെ പുതിയ ഇനം ജന്തുക്കളെ കൊണ്ടുവന്നിട്ടോണ്ട്… മമ്മാ പ്ലീസ്…! തടസ്സം പറയരുത്…"

ഏലീശ്വ പിന്നെ മറുത്തു പറഞ്ഞില്ല. അടുത്ത നിമിഷം അവള്‍ പറഞ്ഞു: "നീ വന്നേ നമുക്ക് ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിക്കാം. എത്ര നാളായി നമ്മള് ഒന്നിച്ചിരുന്ന് പ്രാര്‍ത്ഥിച്ചിട്ട്…? നിനക്കു ജീവിതത്തില്‍ എത്ര നല്ല ചിട്ടകളായിരുന്നു…! അതൊക്കെ എവിടെ പോയി…? നിനക്കെന്തു പറ്റി…?"

"മമ്മയ്ക്കെന്തു പറ്റി…?" എന്നു ചോദിക്കാന്‍ അവന്‍റെ നാവ് വളഞ്ഞതാണ്; പക്ഷേ ചോദിച്ചില്ല.

"വന്നേ പ്രാര്‍ത്ഥിക്കാം… നീ ആ ബൈബിളെടുത്ത് വായിച്ചേ…" ഏലീശ്വ ക്രിസ്തുരാജന്‍റെ പ്രധാന രൂപമിരിക്കുന്ന ഹാളിലേക്കു നീങ്ങി.

"മമ്മാ ഞാന്‍ തനിച്ചു പ്രാര്‍ത്ഥിച്ചോളാം…" – അവന്‍ സൗമ്യമായി തുടര്‍ന്നു: "ഞാന്‍ കിടക്കുന്നതിനു മുമ്പായി നല്ലപോലെ പ്രാര്‍ത്ഥിക്കുന്നുണ്ട് മമ്മാ…."

"നിന്‍റെയൊരു കാര്യം" – അവള്‍ക്കു ചിരി വന്നു.

ഏലീശ്വ മകനു ഭക്ഷണം വിളമ്പിവച്ചിട്ട് അവന്‍ ചെന്നില്ല.

"ഞാന്‍ പുറത്തുനിന്നു കഴിച്ചു മമ്മാ…"

അവള്‍ ശുണ്ഠിയോടെ അറിയിച്ചു: "അതിനു നിന്‍റെ പക്കല്‍ കാശില്ലായിരുന്നല്ലോ…?"

"ഫ്രണ്ട്സ് ചെലവ് ചെയ്തതാ മമ്മാ… ശ്യാമും ജോമോനുമൊക്കെ എന്‍റെ പേര്‍ക്ക് എന്തു ചെലവിടുന്നുണ്ടെന്നറിയാമോ…? മമ്മയ്ക്ക് ഒന്നുമറിയണ്ടാ…."

"നീ എന്തിനാ അവരുടെ ചെലവ് പറ്റാന്‍ പോണത്… നിനക്കു ഞാന്‍ ആവശ്യാനുസരണം പണം തരുന്നുണ്ടല്ലോ…" – ഏലീശ്വയ്ക്ക് അരിശം വന്നു.

പിറ്റേന്നു രാവിലെ നവീനും ശ്യാമും ജോമോനും ഫോണില്‍ പറഞ്ഞിടത്തുവച്ചുതന്നെ കണ്ടുമുട്ടി. അവര്‍ കേശവദാസപുരത്തിനു വണ്ടി കയറി.

"മൃഗശാല കാണാന്‍ പോകുകയാണെന്നു മമ്മയോടു കള്ളം പറഞ്ഞാ ഞാന്‍ പോന്നത്…."- ബസ്സില്‍വച്ചു നവീന്‍ ശ്യാമിനോടു പറഞ്ഞു.

കേശവദാസപുരത്താണ് ശ്യാമിന്‍റെ അപ്പച്ചിയുടെ വീട്. അവിടെ അപ്പച്ചിയുടെ മകന്‍ ഗീതാനന്ദ് മാത്രം. കൊച്ചു കൂട്ടുകാര്‍ അവിടെ ഒരുമിച്ചുകൂടി. കുട്ടികളുടെ സംസാരത്തില്‍ ആവേശം. ഇഷ്ടവീഡിയോ ഗെയിമുകളെപ്പറ്റി, അതിലെ സാഹസികതയെപ്പറ്റി, റിസ്കുകളെപ്പറ്റി, ചലഞ്ചുകളെപ്പറ്റി.

ഡൂം (doom), ദാന്തേസ് ഇന്‍ ഫെര്‍നോ (Dant's Inferno), ഗിറ്റാര്‍ ഹീറോ (Guitar Hero), ഡെവിള്‍ മെ ക്രൈ (Devil may Cry), ലോര്‍ ഡ്സ് ഓഫ് ഷാഡോ (Lord's of Shadow), ദി ഡെവിള്‍ ഇന്‍സൈഡ് (The Devil Inside). സാത്താനും ലൂസിഫറുമാണു ചിലതില്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ഡെവിള്‍ ഇന്‍സൈഡില്‍ അതിഭീതിദമായ ദൃശ്യങ്ങളാണ്. പല വീഡിയോ ഗെയിമുകളും ചില കാര്‍ട്ടൂണുകളും നെഗറ്റീവ് ആശയങ്ങള്‍ കുട്ടികളുടെ ഉപബോധമനസ്സിലേക്ക് ഇന്‍ജക്ട് ചെയ്യുന്നുവെന്നു കുട്ടികളും അവരുടെ മാതാപിതാക്കളും മിക്കവാറും അറിയാതെ പോകുന്നു. ആദ്യം വെറും കളിയായി തുടങ്ങുന്നു; പിന്നീടതു തീക്കളിയിലേക്കു മാറുന്നു.

ആ നിമിഷം കുട്ടികളുടെ സംസാരം രസം പടിച്ചത് അതേ കളയെക്കുറിച്ചുതന്നെ!

ബ്ലൂവെയ്ല്‍ ചലഞ്ച്! കൊച്ചു കൂട്ടുകാര്‍ക്കു വീണുകട്ടിയ ഭാഗ്യനിധിപോലെ! കാത്തിരുന്നു കിട്ടിയ കളിക്കുടുക്ക!

ജോമോനും ഗീതാനന്ദും ആ കളിയെപ്പറ്റി ആമുഖമായി വിസ്തരിച്ചു. കമ്പ്യൂട്ടറിന്‍റെ സ്ക്രീനില്‍ ആകാംക്ഷയുടെ ഡിജിറ്റലുകള്‍ തിളങ്ങി.

ബ്ലൂവെയ്ല്‍ ചലഞ്ച്! ടാസ്കുകളുടെ ചലഞ്ച്! സാഹസികതകള്‍ സമ്മോഹനമാകുന്ന ചലഞ്ച്!

സ്വയം റിസ്കെടുക്കാന്‍ പ്രേരിപ്പിക്കുന്ന ചലഞ്ചുകള്‍…! സാഹസികതയൊരുക്കി വീറുളള ടാസ്കുകള്‍!

കൊച്ചു കൂട്ടുകാര്‍ ചര്‍ച്ച ചെയ്തു ടാസ്കുകള്‍ വീതംവച്ചു റിസ്കാകുന്ന ആദ്യടാസ്ക്!

കൂട്ടമരണം നടന്ന് അന്യം നിന്നു കിടക്കുന്നൊരു വീട്ടില്‍ രാത്രിയില്‍ ഒറ്റയ്ക്കു പോവുക!! അതായിരുന്നു നവീനു കിട്ടിയ ടാസ്ക്!?

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org